പനാമാ കനാല്‍, ഒരെഞ്ചിനീയറിംഗ് അത്ഭുതം

Share the Knowledge

എണ്‍പതിനായിരം ടണ്‍ ഭാരമുള്ളൊരു കപ്പലിനെ എണ്‍പത്തഞ്ചടി ഉയര്‍ത്തുക! ആലോചിയ്ക്കാന്‍ പോലും പറ്റാത്തൊരു കാര്യമാണത്. ക്രെയിനുകളാണ് ഭാരമുയര്‍ത്താറ്. ഏറ്റവുമധികം ഭാരമുയര്‍ത്തുന്ന ക്രെയിനുകള്‍ കപ്പല്‍ നിര്‍മ്മാണശാലകളിലാണ് ഉണ്ടാകാറ്. അവിടങ്ങളില്‍ 1000 ടണ്‍ മുതല്‍ 2000 ടണ്‍ വരെ ഭാരോദ്വഹനശേഷിയുള്ള ക്രെയിനുകള്‍ സാധാരണയാണ്. ഇക്കൂട്ടരേക്കാളൊക്കെ ശക്തനായ മറ്റൊരു ക്രെയിനുണ്ട്. തായ്‌സുന്‍ എന്ന പേരുമുള്ള ഈ അതിശക്തന്‍ ചൈനയിലാണുള്ളത്. ഷണ്ടോംഗ് പ്രവിശ്യയിലെ യന്റായ് റാഫിള്‍സ് കപ്പല്‍നിര്‍മ്മാണശാലയിലുള്ള ഈ ക്രെയിന്‍ 20133 ടണ്‍ ഭാരമുള്ള ഒരു കപ്പല്‍ഭാഗം ഉയര്‍ത്തി ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിച്ചു. അതിന്നിടെ ഇരുപതുലക്ഷം മണിക്കൂര്‍ ലാഭിച്ച് കപ്പല്‍നിര്‍മ്മാണം ത്വരിതപ്പെടുത്തുകയും ചെയ്തു. തായ്‌സുന്‍ ക്രെയിനിനു പോലും അസാദ്ധ്യമാണ്, 80000 ടണ്‍ ഭാരമുള്ള ഒരു കപ്പലിനെ ഉയര്‍ത്തുകയെന്നത്. ഈ സാഹസം പതിവായി, എന്നുവച്ചാല്‍ ദിവസേന പല തവണ, നടക്കുന്നൊരു സ്ഥലം ഭൂമിയിലുണ്ട്; പനാമാ കനാലാണ് ആ സ്ഥലം. കപ്പലുകളെ ഉയര്‍ത്തുന്ന ഈ ഭാരിച്ച പണി ഒരു ക്രെയിന്‍ പോലും ഉപയോഗിയ്ക്കാതെ, താരതമ്യേന അനായാസമായാണ് അവിടെ നിര്‍വ്വഹിയ്ക്കപ്പെടുന്നതും.

സൂയസ് കനാല്‍

പനാമാ കനാലെന്നു കേള്‍ക്കുമ്പോള്‍ സൂയസ് കനാലിനെയാണ് പെട്ടെന്നോര്‍മ്മിച്ചു പോകുന്നത്. ഈ രണ്ടു കനാലുകളില്‍ ജ്യേഷ്ഠന്‍ സൂയസ് കനാലാണ്, നാല്‍പ്പത്തഞ്ചു വര്‍ഷത്തെ പ്രായക്കൂടുതല്‍ അതിനുണ്ട്. ചെങ്കടലിനെ മദ്ധ്യതരണ്യാഴിയുമായി ബന്ധിപ്പിയ്ക്കുന്ന, മനുഷ്യനിര്‍മ്മിതമായ സൂയസ് കനാലിന് 193 കിലോമീറ്റര്‍ നീളമുണ്ട്. ഏകദേശം എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ദൂരം. സൌദി അറേബ്യയുടെ ചെങ്കടല്‍ തീരത്തെ ജെദ്ദയില്‍ നിന്ന് ആഫ്രിക്ക ചുറ്റിവളഞ്ഞ്, മദ്ധ്യതരണ്യാഴിയില്‍, ഗ്രീസിലുള്ള പിറേയസ് തുറമുഖത്തേയ്ക്കുള്ള ദൂരത്തില്‍ 18311 കിലോമീറ്റര്‍ കുറവു വരുത്തുന്നുണ്ട്, സൂയസ് കനാല്‍.

http://youtu.be/OQQ3EuGL3QI

ദൂരലാഭം

പനാമാ കനാലിന്റെ കാര്യമെടുക്കാം. നീളത്തിന്റെ കാര്യത്തില്‍ സൂയസ് കനാലിന്റെ പകുതി പോലുമില്ല, പനാമാ കനാല്‍: വെറും 77 കിലോമീറ്റര്‍ നീളം മാത്രം. പനാമാ കനാല്‍ അറ്റ്‌ലാന്റിക് മഹാസമുദ്രത്തെ ശാന്തസമുദ്രവുമായി ബന്ധിപ്പിയ്ക്കുന്നു. അമേരിക്കയുടെ കിഴക്കന്‍ തീരത്താണ് അറ്റ്‌ലാന്റിക് മഹാസമുദ്രം. ആ തീരത്താണ് ന്യൂയോര്‍ക്കുള്ളത്. അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്ത് പസിഫിക് മഹാസമുദ്രം. ആ തീരത്തുള്ള ഒരു നഗരമാണ് സാന്‍ഫ്രാന്‍സിസ്‌കോ. ഈ രണ്ടു നഗരങ്ങളെ ഉദാഹരണമായി പറഞ്ഞെന്നേയുള്ളു. കിഴക്കന്‍ തീരത്തുള്ള ന്യൂയോര്‍ക്കില്‍ നിന്ന് പടിഞ്ഞാറന്‍ തീരത്തുള്ള സാന്‍ഫ്രാന്‍സിസ്‌കോയിലേയ്ക്ക് കടല്‍ മാര്‍ഗ്ഗം, തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്തുള്ള കേപ്പ് ഹോണ്‍ ചുറ്റിവളഞ്ഞ്, 24589 കിലോമീറ്ററാണുള്ളത്. അപകടം പിടിച്ച റൂട്ടുമാണത്. ഒരല്പം കൂടി സുരക്ഷിതമായ റൂട്ട് ചിലി എന്ന രാജ്യത്തിനകത്തുള്ള ‘മഗല്ലന്റെ കടലിടുക്കി’ലൂടെ ഉള്ളതാണ്; ദൂരത്തിന് നേരിയ കുറവുമുണ്ട്. 24293 കിലോമീറ്റര്‍. എന്നാല്‍ പനാമാ കനാല്‍ വഴി കേവലം 9736 കിലോമീറ്റര്‍ മാത്രമാണുള്ളത്. അതായത്, ന്യൂയോര്‍ക്കിനും സാന്‍ഫ്രാന്‍സിസ്‌കോയ്ക്കുമിടയില്‍ മുന്‍പറഞ്ഞ രണ്ടു റൂട്ടുകളേയുംകാള്‍ പതിന്നാലായിരത്തിലേറെ കിലോമീറ്റര്‍ കുറവ്. പതിനായിരക്കണക്കിനു കിലോമീറ്റര്‍ ദൂരം കുറവു വരുത്തുക വഴി സൂയസ് കനാലും പനാമാ കനാലും വാണിജ്യലോകത്ത് വിപ്ലവകരമായ മാറ്റങ്ങളാണു വരുത്തിയത്.

index (3)

വ്യത്യസ്ത സാങ്കേതികവിദ്യ

index (4)

സൂയസ് കനാലിന്റെ നീളക്കൂടുതല്‍ കൊണ്ട് സൂയസ് കനാലിന് പനാമാ കനാലിനേക്കാള്‍ മഹത്വമേറും എന്നൊരു തോന്നലുണ്ടായേയ്ക്കാം. പക്ഷേ, ഇവിടെയാണ് കപ്പലുകളെ സമുദ്രനിരപ്പില്‍ നിന്ന് എണ്‍പത്തഞ്ചടി ഉയര്‍ത്തുന്ന പനാമാ കനാലിന്റെ സാങ്കേതികമേന്മ രംഗത്തു വരുന്നത്. ലോകത്തെ ഏഴ് എഞ്ചിനീയറിംഗ് അത്ഭുതങ്ങളില്‍ ഒന്നായാണ് പനാമാ കനാല്‍ കണക്കാക്കപ്പെടുന്നത്. കപ്പലുകളെ എണ്‍പത്തഞ്ചടി ഉയര്‍ത്തുന്ന സാങ്കേതികവിദ്യയാണ് പനാമാ കനാലിനെ അത്ഭുതകരമാക്കിത്തീര്‍ക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് കപ്പലുകളെ എണ്‍പത്തഞ്ചടി ഉയര്‍ത്തുന്നത് എന്തിനെന്നും എങ്ങനെയെന്നും ചുരുക്കിപ്പറയാം. അറ്റ്‌ലാന്റ്ക്, പസിഫിക് എന്നീ രണ്ടു സമുദ്രങ്ങളിലെ ജലനിരപ്പുകള്‍ തമ്മില്‍ വേലിയേറ്റം, വേലിയിറക്കം, എന്നിവ മൂലം അപ്പപ്പോഴുണ്ടാകുന്ന വ്യത്യാസമല്ലാതെ, മറ്റൊരു വ്യത്യാസവുമില്ല. പസിഫിക് സമുദ്രത്തില്‍ വേലിയേറ്റവും വേലിയിറക്കവും കൊണ്ടുണ്ടാകുന്ന വ്യതിയാനങ്ങള്‍ അറ്റ്‌ലാന്റിക്കിലേതിനേക്കാള്‍ അല്പം കൂടുതലാണെങ്കിലും രണ്ടു സമുദ്രങ്ങളിലേയും ജലനിരപ്പുകള്‍ പ്രായേണ ഒന്നു തന്നെയെന്നര്‍ത്ഥം. അറബിക്കടലിലേയും മദ്ധ്യധരണ്യാഴിയിലേയും അവയെ ബന്ധിപ്പിയ്ക്കുന്ന സൂയസ് കനാലിലേയും ജലനിരപ്പുകളെല്ലാം ഒന്നു തന്നെ.
Image[/su_heading]

ഒരു അഭിപ്രായം പറയൂ