റെഡ് ബെല്ലിയെ വളര്‍ത്താം

Share the Knowledge

ഭക്ഷണാവശ്യത്തിനു സ്വന്തമായി കൃഷി ചെയ്തുണ്ടാക്കുന്നത് കഴിക്കാന്‍ ഒരു പ്രത്യേക രുചിയാണ്. അത് ഒരിക്കലും മാര്‍ക്കറ്റില്‍നിന്നു വാങ്ങുന്ന ഭക്ഷ്യവസ്തുക്കളില്‍നിന്നു കിട്ടാറില്ല. ഒരുപക്ഷേ ഈ രുചിക്ക് മാധുര്യം പകരുന്നത് നമ്മുടെതന്നെ നെറ്റിയിലെ വിയര്‍പ്പിന്റെ ഫലമായതിനാലാണ്. പച്ചക്കറികളുടെ കാര്യംപോലെതന്നെയാണ് മത്സ്യം വളര്‍ത്തലിന്റെ കാര്യവും. പരിമിതമായ സ്ഥലത്ത് കുറച്ചു മീനുകളെ മാത്രമേ വളര്‍ത്താന്‍ കഴിയൂ എങ്കിലും അത് മനസിന് കുളിര്‍മ നല്കുന്ന ഒന്നാണ്.

വളര്‍ത്തു മത്സ്യങ്ങള്‍ക്ക് കടല്‍മത്സ്യങ്ങളുടെ രുചിയില്ലെന്ന് പലരും പറയാറുണ്ട്. ഓരോ സാഹചര്യത്തില്‍ ജീവിക്കുന്ന മത്സ്യങ്ങള്‍ക്ക് അവയുടെ സാമൂഹിക ചുറ്റുപാട് അനുസരിച്ച് രുചിയും വ്യത്യാസപ്പെട്ടിരിക്കും. ശുദ്ധജലമത്സ്യങ്ങളുടെ രുചിയുടെ കാര്യത്തില്‍ കുളത്തിന്റെ അവസ്ഥ ഒരു പ്രധാന ഘടകംതന്നെയാണ്. വലിയ ജലാശയങ്ങളെ അപേക്ഷിച്ച് നമ്മുടെ വീട്ടിലെ കുളങ്ങളില്‍ ചെളിയുടെ അംശം വളരെ കൂടുതലായിരിക്കും. മത്സ്യവസര്‍ജങ്ങള്‍ അടിത്തട്ടില്‍ അടിയുന്നതാണ് ഇതിനു കാരണം. ഇത് ഒഴിവാക്കാന്‍ കുളത്തിലെ വെള്ളം അടിക്കടി മാറിയാല്‍ അത് മത്സ്യങ്ങളുടെ വളര്‍ച്ചയെയാണ് ബാധിക്കുക. വെള്ളം മാറേണ്ട സാഹചര്യം വരുകയാണെങ്കില്‍ ചുരുങ്ങിയത് മൂന്നു മാസമെങ്കിലും ഇടവേള നല്കി മാത്രമേ മാറാവു. അല്ലെങ്കില്‍ അതനുസരിച്ച് ക്രമപ്പെടുത്തണം. വെള്ളം മാറി പുതിയ വെള്ളം ഒഴിക്കുമ്പോള്‍ പുതിയ അന്തരീക്ഷമാണ് മീനുകള്‍ക്ക് ഉണ്ടാവുക. ഇതുമായി പൊരുത്തപ്പെടാന്‍ അവ സമയമെടുക്കും. അതാണ് വളര്‍ച്ചയെ ബാധിക്കുമെന്ന് പറഞ്ഞത്.

നിരവധി മത്സ്യപ്രേമികളുടെ താത്പര്യം മാനിച്ച് ഈ ലക്കത്തില്‍ റെഡ് ബെല്ലി അഥവാ നട്ടറിന്റെ പരിചരണമാണ് പ്രതിപാദിക്കുന്നത്. പിരാന വര്‍ഗത്തില്‍പ്പെട്ട നട്ടര്‍ കേരളത്തില്‍ പച്ചപിടിച്ചുതുടങ്ങിയിട്ട് അധികനാളുകള്‍ ആയിട്ടില്ല. കേരളത്തില്‍ വളര്‍ന്നുവരുന്നവയില്‍ ഏറിയപങ്കും അയല്‍സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന കുഞ്ഞുങ്ങളാണ്. അക്വേറിയം മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ ഒന്നര ഇഞ്ച് വലുപ്പമുള്ള കുഞ്ഞിന് ശരാശരി 10 രൂപയ്ക്കാണ് ലഭിക്കുക. ചില്ലറ വ്യാപര കടകളിലാകുമ്പോള്‍ ഇത് 20 രൂപയോളം വരും.

കാര്യമായ പരിചരണം ഇല്ലാതെതന്നെ നല്ലരീതിയില്‍ ഇവയെ വളര്‍ത്താം. ഒരു വര്‍ഷംകൊണ്ട് ശരാശരി ഒന്നര കിലോയോളം തൂക്കം വയ്ക്കും. മത്സ്യങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുക അവ വസിക്കുന്ന കുളങ്ങളുടെ വലുപ്പമനുസരിച്ചായിരിക്കും എന്ന് പ്രത്യേകം ഓര്‍ക്കുക. ചെറിയ കുളങ്ങളില്‍ വളര്‍ത്താന്‍ ശ്രമിച്ച് വലുപ്പം കിട്ടിയില്ല എന്നു പറഞ്ഞിട്ട് കാര്യമില്ല എന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു. ഇക്കാര്യങ്ങള്‍ മുന്‍ ലേഖനങ്ങളില്‍ സൂചിപ്പിച്ചിട്ടുള്ളതാണ്.

നട്ടറിന്റെ തീറ്റക്രമം
പിരാനകളേപ്പോലെ മൂര്‍ച്ചയേറിയ പല്ലുകളുണ്ടെങ്കിലും പൊതുവേ ശാന്ത സ്വഭാവക്കാരാണ്. എന്നാല്‍ തരം കിട്ടിയാല്‍ മറ്റു മീനുകളെ ആക്രമിക്കുകയും ചെയ്യും. മിശ്രഭുക്കാണ്. ആയതിനാല്‍ ഏതു തരത്തിലുള്ള ഭക്ഷണവും നല്കാം. ചിക്കന്‍ വേസ്റ്റ് വേവിച്ച് നല്കുന്നത് വളര്‍ച്ച കൂട്ടും. അടുക്കള മാലിന്യങ്ങള്‍, ചേമ്പ്, ചേന തുടങ്ങിയവയുടെ ഇലകള്‍, സിഒ3 പോലുള്ള തീറ്റപ്പുല്ല് എന്നിവയും നല്കാം. ഓരോന്നും കൊടുക്കുമ്പോള്‍ അല്പാല്പമായി നല്കി ശീലിപ്പിച്ചശേഷമേ അധികമായി നല്കാവൂ. ഒരിക്കലും കുളത്തില്‍ ബാക്കി കിടക്കുന്ന രീതിയില്‍ തീറ്റ നല്കരുത്.

ചറു പ്രായത്തില്‍ മുട്ടയോ കോഴിയുടെ കരളോ പുഴുങ്ങി പൊടിച്ചു നല്കാം. വളരുന്നതനുസരിച്ച് തീറ്റയുടെ രീതി മാറ്റണം. ദിവസത്തില്‍ ഏതെങ്കിലും ഒരു സമയത്ത് കൃത്യമായി തീറ്റ നല്കുക. ഇത് അവയുടെ തീറ്റപരിവര്‍ത്തനശേഷി വര്‍ധിപ്പിക്കും.

കുളം
കുളത്തിന്റെ ആഴം നാല് അടിയില്‍ കൂടുതല്‍ വേണ്ട. ഒരു സെന്റ് വലുപ്പമുള്ള കുളത്തില്‍ പരമാവധി 100 മീനുകളെ വരെ ഇടാം. സൂര്യപ്രകാശമേല്ക്കുന്ന കുളമാണെങ്കില്‍ നന്ന്. ആല്‍ഗകള്‍ നിറഞ്ഞ് പച്ച നിറത്തിലുള്ള ജലാശയങ്ങളാണ് മത്സ്യവളര്‍ച്ച ത്വരിതപ്പെടുത്തുക. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മീനുകളെ നിക്ഷേപിക്കുന്നതിനു മുമ്പ് പച്ചച്ചാണം കുളത്തില്‍ ലയിപ്പിക്കുന്നത് ആല്‍ഗകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും.

വളര്‍ത്തു മത്സ്യങ്ങള്‍ കറി വയ്ക്കുമ്പോള്‍ അവയുടെ ചെതുമ്പലിനൊപ്പമുള്ള ശരീരത്തിലെ തൊലികൂടി പൊളിച്ചുകളയുക. ഇത് രുചി വര്‍ധിപ്പിക്കും.

തയാറാക്കിയത് – ഐബിന്‍ കാണ്ടാവനം

ഒറിജിനല്‍ പോസ്റ്റ്‌ : http://kandavanamibin.blogspot.in/2016/02/red-belly-fish-farming-and-caring.html

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ