ചെറെന്കോവ് ടെലസ്കോപ്പ് അറേയും ക്വാണ്ടം ഗ്രാവിറ്റിയും

Share the Knowledge

കോസ്മിക് കിരണങ്ങളുടെ പ്രഭവകേന്ദ്രങ്ങളെക്കുറിച്ച് പഠിക്കുന്നത് പ്രപഞ്ചപഠനത്തില് അനിവാര്യമാണ്. പക്ഷേ, ഇതത്ര എളുപ്പമല്ല. വിദ്യുത്കാന്തിക സ്പെക്ട്രത്തിലെ ഏറ്റവും ആവൃത്തി കൂടിയ ഗാമാ രശ്മികള് ഉപയോഗിച്ചു മാത്രമേ ഈ പഠനം നടത്താന് കഴിയൂ. നിലവിലുള്ള സങ്കേതങ്ങള് ഈ മേഖലയില് വളരെ പിന്നിലുമാണ്. ഇപ്പോഴിതാ ഭൗമദൂരദര്ശിനികളുടെ സഹായത്തോടെ ഗാമാകിരണങ്ങള് ഉപയോഗിച്ച് പ്രപഞ്ചരഹസ്യങ്ങള് തിരയുന്ന പദ്ധതി യാഥാര്ഥ്യമാവുകയാണ്. ബ്രസീലിലെ റിയോ-ഡി ജനിറോയില് വച്ചു നടന്ന ഗാമാ-റേ ജ്യോതിശാസ്ത്രജ്ഞരുടെ അന്തര്ദേശീയ സമ്മേളനത്തില് വച്ചാണ് ഏറ്റവും നവീനമായ ഗാമാ-റേ ഭൂതല ദൂരദര്ശിനി പദ്ധതി അംഗീകരിക്കപ്പെടുന്നത്.

ചെറെന്കോവ് ടെലസ്കോപ്പ് അറേ (CTA) എന്ന ദൂരദര്ശിനികളുടെ സംഘാതം തമോഗര്ത്തങ്ങളുടെയും സൂപ്പര്നോവകളുടെയും ജി.ആര്.ബികളുടെയും സ്ഥാനം ഇനി കൃത്യമായി അടയാളപ്പെടുത്തും. രണ്ടു സുപ്രധാന കണ്ടുപിടിത്തങ്ങളാണ് സി.ടി.എ. നടത്തുന്നത്. ഒന്നാമത്തേത് ഉന്നത ഊര്ജനിലയില് പ്രവഹിച്ചുകൊണ്ടിരിക്കുന്ന കോസ്മിക് കിരണങ്ങളുടെ സ്രോതസ്സുകള് കണ്ടെത്തുകയാണ്. രണ്ടാമത്തേതാകട്ടെ, ശ്യാമദ്രവ്യത്തിന്റെ സവിശേഷതകള് കണ്ടെത്തുകയും. അതിനു പുറമെ ക്വാണ്ടം ഗ്രാവിറ്റി സിദ്ധാന്തങ്ങള് പരീക്ഷിച്ചറിയാനും ഈ ദൂരദര്ശിനിക്കൂട്ടത്തിന് കഴിയും.

എന്തുകൊണ്ട് ഗാമാ കിരണങ്ങള്?

സൂപ്പര്നോവാ സ്ഫോടനങ്ങളിലും ബ്ലേയ്സറുകളിലുമെല്ലാം സൃഷ്ടിക്കപ്പെടുന്ന ഉയര്ന്ന ഊര്ജമുള്ള കോസ്മിക് കിരണങ്ങള് (പ്രോട്ടോണുകളും സ്വതന്ത്രമാക്കപ്പെട്ട അണുകേന്ദ്രങ്ങളുമാണ് പൊതുവെ കോസ്മിക് കിരണങ്ങളിലടങ്ങിയിരിക്കുന്നത്) അവയുടെ യാത്രയ്ക്കിടയില് നക്ഷത്രാന്തര കാന്തിക ക്ഷേത്രത്തിന്റെ സ്വാധീനത്താല് അവയുടെ നേര്രേഖാ സഞ്ചാരപാതയില്നിന്ന് വ്യതിചലിക്കുകയും അതുകൊണ്ടുതന്നെ അവയുടെ ഉറവിടങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുകയും ചെയ്യും. എന്നാല്, ആവൃത്തി കൂടിയ ഗാമാകിരണങ്ങള്ക്ക് അവയുടെ നേര്രേഖാ സഞ്ചാരത്തിലുള്ള ആശുപത്രി നിസ്സാരമായതുകൊണ്ട് ഗാമാകിരണങ്ങള് ഉപയോഗിച്ചുള്ള നിരീക്ഷണം കോസ്മിക് കിരണങ്ങളുടെ സ്രോതസ്സുകളെക്കുറിച്ചുള്ള വ്യക്തമായ ചിത്രം നല്കും. ശ്യാമദ്രവ്യത്തെക്കുറിച്ചുള്ള പഠനത്തിലും ഗാമാരശ്മികള്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. പ്രപഞ്ചദ്രവ്യത്തിന്റെ 80 ശതമാനത്തിലധികവും നിര്മിക്കപ്പെട്ടിട്ടുള്ളത് ദുരൂഹപ്രതിഭാസമായ ശ്യാമദ്രവ്യ കണികകള്കൊണ്ടാണ്. ഈ കണങ്ങളുടെ പരസ്പരമുള്ള പ്രതിപ്രവര്ത്തനങ്ങളുടെ ഫലമായി സൃഷ്ടിക്കപ്പെടുന്ന ഫോട്ടോണുകള് സി.ടി.എയ്ക്ക് സംവേദന ക്ഷമമാണ്. സേണിലെ ലാര്ജ് ഹാഡ്രോണ് കൊളൈഡര് പോലുള്ള കണികാത്വരത്രങ്ങളില് ഉയര്ന്ന ഊര്ജനില കൃത്രിമമായി സൃഷ്ടിച്ച് ശ്യാമദ്രവ്യ കണികകളെ കണ്ടെത്തുന്നതിലും ആയാസരഹിതവും ചെലവുകുറഞ്ഞ രീതിയുമാണിത്. ആധുനിക പ്രപഞ്ചവിജ്ഞാന ശാഖയിലെ ഏറ്റവും പ്രബല സിദ്ധാന്തമായ ക്വാണ്ടം ഗ്രാവിറ്റി പരീക്ഷിച്ചറിയുന്നതിനും സി.ടി.എയ്ക്ക് കഴിയുമെന്നത് എടുത്തുപറയേണ്ട കാര്യമാണ്. പ്രകാശ കണികകളുടെ ഊര്ജനിലയ്ക്കനുസരിച്ച് പ്രകാശ പ്രവേഗത്തില് ഏറ്റക്കുറച്ചിലുകള് ഉണ്ടാകാമെന്ന് ചില ക്വാണ്ടം ഗ്രാവിറ്റി പ്രമാണങ്ങള് പ്രവചിക്കുന്നുണ്ട്. ഇതു പരീക്ഷിച്ചു ബോധ്യപ്പെട്ടാല് കോസ്മോളജിയില് വലിയൊരു വിപ്ലവം തന്നെയായിരിക്കുമത്.

ഉത്തരാര്ധഗോളത്തിലും ദക്ഷിണാര്ധ ഗോളത്തിലുമുള്ള രണ്ട് സൈറ്റുകളിലാണ് സി.ടി.എ. നിര്മിക്കുന്നത്. മൂന്ന് വ്യത്യസ്ത വലിപ്പത്തിലുള്ള ദൂരദര്ശിനികളുടെ സംഘാതമാണ് സി.ടി.എ. ഇതില് നാല് 23 മീറ്റര് ടെലസ്കോപ്പും അതിനു ചുറ്റിലുമായി ഡസന് കണക്കിന് 12 മീറ്റര്, 2-4 മീറ്റര് ദൂരദര്ശിനികളുമാണുള്ളത്. അര്ജന്റീനയും നബീബിയയുമാണ് ഇപ്പോള് പരിഗണനയിലുള്ള സി.ടി.എ. സൈറ്റുകള്. ഒരേസമയം ആയിരത്തില്പ്പരം ഗാമാ-റേ സ്രോതസ്സുകള് കണ്ടെത്താന് സി.ടി.എയ്ക്കു കഴിയും. നൂറ് ജിഗാ ഇലക്ട്രോണ് വോള്ട്ടിനും(100 GeV) ഒരുലക്ഷം ജിഗാ ഇലക്ട്രോണ് വോള്ട്ടിനും (1,00,000 GeV) ഇടയിലാണ് ഈ ദൂരദര്ശിനികളുടെ പ്രവര്ത്തനക്ഷമത. ലോകത്തിന്നുവരെ ഇത്രയും ഉയര്ന്ന ഊര്ജനിലയിലുള്ള വികിരണങ്ങള് ഉപയോഗിച്ചുകൊണ്ടുള്ള വാനനിരീക്ഷണം നടന്നിട്ടില്ല. അടുത്തവര്ഷം നിര്മാണം തുടങ്ങുന്ന ഈ പദ്ധതിയുടെ ചെലവ് 20 കോടി യൂറോ ആകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ജര്മനി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

By Sabu Jose

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ