തേര്ട്ടി മീറ്റര് ടെലസ്ക്കോപ്പ് എങ്ങോട്ടാണ് നോക്കുന്നത്?

Share the Knowledge

ലോകത്തിലെ ഏറ്റവും വലിയ ദൂരദര്ശനിയുടെ നിര്മാണത്തില് ഇന്ത്യ പങ്കാളിയാവുകയാണ്. ഹവായ് ദ്വീപിലെ മൗനകിയയില് സമുദ്രനിരപ്പില്നിന്ന് 4050 മീറ്റര് ഉയരത്തില് നിര്മിക്കുന്ന ടിഎംടി (Thirty Meter Telescope-TMT) ലോകത്തിന്നുവരെ നിര്മിച്ചിട്ടുള്ള ഏറ്റവും വലിയ ദൂരദര്ശനിയാണ്. 525 ഏക്കറില് പരന്ന് കിടക്കുന്ന ഈ ജ്യോതിശാസ്ത്ര വിസ്മയത്തിന്റെ ഡിസൈനിങ് പൂര്ത്തിയായി. 2000 ടണ് ഭാരമുള്ള ഈ ഭീമന് ദൂരദര്ശനിയുടെ നിര്മാണം 2023ല് പൂര്ത്തിയാകും. 1300 കോടി രൂപയാണ് ഇന്ത്യയുടെ വിഹിതം (10%). അള്ട്രാവയലറ്റ്, ദൃശ്യപ്രകാശം, ഇന്്രഫാറെഡ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ഥ തരംഗ ദൈര്ഘ്യമുപയോഗിച്ച് വാനനിരീക്ഷണം നടത്തുന്ന ടിഎംടി നോക്കുന്നത് പ്രപഞ്ചോല്പ്പത്തിയും കാലത്തിന്റെ തുടക്കത്തിലേക്കുമാണ്. ബഹിരാകാശ ദൂരദര്ശിനികള് നല്കുന്നതിലും മികച്ച ആകാശ ചിത്രങ്ങള് നിര്മിക്കാന് കഴിയുന്ന ടിഎംടി ഇന്ന് നിലവിലുള്ള ഏറ്റവും മികച്ച ഭൂതല ദൂരദര്ശിനിയായ കെക്ക് ടെലസ്കോപ്പിനേക്കാള് ഒമ്പത് മടങ്ങ് ശക്തമാണ്. ഹബിള് സ്പേസ് ടെലസ്കോപ്പ് നല്കുന്ന പ്രപഞ്ച ചിത്രങ്ങളുടെ 12 മടങ്ങ് വ്യക്തതയുള്ള ആകാശക്കാഴ്ചകളായിരിക്കും ടിഎംടി വരക്കുന്നത്. ജ്യോതിശാസ്ത്ര ഗവേഷണങ്ങളിലും ആസ്ട്രോഫിസിക്സിലും നിരവധി പുതിയ കണ്ടെത്തലുകള്ക്ക് ഇനി ചുക്കാന് പിടിക്കുന്നത് ടിഎംടിയായിരിക്കും.

2003ലാണ് ടിഎംടി പദ്ധതി ആരംഭിക്കുന്നത്. നിരീക്ഷണ കേന്ദ്രത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്തല്, ഡിസൈനിങ്, സാമ്പത്തിക സംഘാടനം എന്നിങ്ങനെ നിരവധി കടമ്പകള് കടന്നാണ് 2013 ഏപ്രില് മാസത്തില് ദൂരദര്ശിനിയുടെ നിര്മാണം തത്വത്തില് അംഗീകരിക്കപ്പെടുന്നത്. ടിഎംടി ഒരു പ്രതിഫലന ദൂരദര്ശിനിയാണ്. ഇതിന്റെ പ്രാഥമിക ദര്പ്പണത്തിന്റെ വ്യാസം 30 മീറ്ററാണ്. ഇത്രയും വലിയ ഒരു ദര്പ്പണം ഒരൊറ്റ ഗ്ലാസ് ബ്ലോക്കുകൊണ്ട്നിര്മിക്കാന് കഴിയില്ല.നിരവധി ചെറിയ ദര്പ്പണങ്ങള് കൃത്യമായി അടുക്കി പോളിഷ് ചെയ്താണ് ഇത് സാധ്യമാക്കുന്നത്. 492 ചെറിയ ദര്പ്പണങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. മൗനകിയയില് തന്നെയുള്ള കെക്ക് വാനനിരീക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണ് ദര്പ്പണങ്ങള് തയ്യാറാക്കി സംയോജിപ്പിക്കുന്നത്. 130 കോടി ഡോളര് ചെലവ്വരുന്ന ഈ പദ്ധതിയുടെ പ്രാരംഭ മുതല് മുടക്ക് നിര്വഹിക്കുന്നത് കാനഡയിലെ ഗോര്ഡന് ആന്റ് ബെറ്റിമോര് ഫൗണ്ടേഷനാണ്. 20 കോടി ഡോളറാണ് അവരുടെ വിഹിതം. കാലിഫോര്ണിയ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി (Caltech) പത്ത് കോടി ഡോളര് ഈ പദ്ധതിക്കായി ചെലവഴിക്കുന്നുണ്ട്. അതുകൂടാതെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്ണിയ, അസോസിയേഷന് ഓഫ് കനേഡിയന് യൂണിവേഴ്സിറ്റിസ് ഫോര് റിസര്ച്ച് ഇന് ആസ്ട്രോണമി എന്നീ സ്ഥാപനങ്ങളും ഇന്ത്യ, ജപ്പാന്,ചൈന ഗവര്മെന്റുകളും ഈ പദ്ധതിയുടെ പിന്നിലുണ്ട്.

പ്രപഞ്ച ചരിത്രത്തിലെ ഇരുണ്ട കാലഘട്ടത്തിലേക്ക് തുറന്നുപിടിച്ച കണ്ണുകളാണ് ടിഎംടി. പ്രപഞ്ചോല്പ്പത്തിയുടെ ആദ്യനിമിഷങ്ങളും കാലത്തിന്റെ തുടക്കവും ടിഎംടിയുടെ ഭീമന് കണ്ണുകള് പിടിച്ചെടുക്കും. ശൈശവ പ്രപഞ്ചത്തിലെ ആദ്യ പ്രകാശ സ്രോതസുകളുടെയും ഘനമൂലകങ്ങളുടെയും രൂപീകരണത്തെ കുറിച്ച് ഇന്നുവരെ ലഭിച്ചിട്ടുള്ള ഏറ്റവും വ്യക്തമായ ചിത്രമായിരിക്കും ടിഎംടി നല്കുന്നത്. 2018ല് വിക്ഷേപിക്കുന്ന നാസയുടെ ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പുമായി ചേര്ന്നുപ്രവര്ത്തിക്കാന് കഴിയുന്ന ടിഎംടിക്ക് കോസ്മോളജിയില് നിലനില്ക്കുന്ന നിരവധി പ്രഹേളികകള്ക്ക് ഉത്തരം നല്കാന് കഴിയും. അതുകൂടാതെ…

– ശ്യാമദ്രവ്യം(dark matter), ശ്യാമഊര്ജം(dark energy) എന്നിവയെകുറിച്ചുള്ള പഠനങ്ങളും കണികാ ഭൗതികത്തിന്റെ മാനകമാതൃക(standard model) പരീക്ഷച്ചറിയുന്നതും ടിഎംടിയുടെ പരിധിയില് വരും.

– ശൈശവ പ്രപഞ്ചത്തിന്റെ പ്രകൃതവും ആദ്യ നക്ഷത്രങ്ങളുടെയും ഗാലക്സികളുടെയും സവിശേഷതകളും കണ്ടുപിടിക്കുക

– പ്രപഞ്ചോല്പ്പത്തിക്കുശേഷം ഇന്നുവരെയുള്ള 1382 കോടി വര്ഷങ്ങളിലുണ്ടായ ഗാലക്സി രൂപീകരണം അപഗ്രഥിക്കുക

-തമോഗര്ത്തങ്ങളും നക്ഷത്ര സമൂഹങ്ങളും തമ്മിലുള്ള ബന്ധം നിര്വചിക്കുക

– 300 കോടി പ്രകാശവര്ഷങ്ങള്ക്കുള്ളിലുള്ള ഗാലക്സികളിലെ നക്ഷത്രങ്ങളെ കുറിച്ചുള്ള കൃത്യമായ വിവരശേഖരണം

-നക്ഷത്ര, ഗ്രഹ രൂപീകരണത്തിന്റെ ഭൗതികം

-അന്യഗ്രഹവേട്ടയും അവയുടെ വര്ഗീകരണവും

-കുയ്പര് ബെല്ട്ടിന്റെ രാസഘടന കണ്ടെത്തല്

-സൗരകുടുംബാംഗങ്ങളുടെ അന്തരീക്ഷ ഘടനയെകുറിച്ചുള്ള പഠനം

-ഭൗമേതര ജീവന്റെ അന്വേഷണം 

എന്നിവയെല്ലാം ടിഎംടിയുടെ നിരീക്ഷണ പരിധിയില്വരും.

തമോഗര്ത്തങ്ങളുടെ സാന്നിദ്ധ്യവും നക്ഷത്ര സമൂഹങ്ങളുടെ സെന്ട്രല് ബള്ജ് പ്രവേഗവും തമ്മിലുള്ള ബന്ധം ടിഎംടി ശാസ്ത്രജ്ഞരുടെ ഗവേഷണ വിഷയമാണ്. നക്ഷത്ര -ഗ്രഹരൂപീകരണം കൃത്യമായി കണ്ടുപിടിക്കുന്നതുകൂടാതെ എക്സോപ്ലാനറ്റുകളെ നേരിട്ടു നിരീക്ഷിക്കാന് കഴിയുന്നത് ജ്യോതിശാസ്ത്രജ്ഞരെയും എക്സോബയോളജിസ്റ്റുകളെയും ഒരു പോലെ ആവേശഭരിതരാക്കുന്നുണ്ട്. ജ്യോതിശാസ്ത്ര ഗവേഷണ മേഖലയില് ഈ ദശാബ്ദത്തിലെ ഏറ്റവും വലിയ നേട്ടമാണ് ടിഎംടിയുടെ നിര്മാണം. ബാംഗ്ലൂരുവിലെ ഇന്ത്യന് ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ആസ്ട്രോഫിസിക്സ്ും(IIA), പൂനെയിലെ ഇന്റര് യൂണിവേഴ്സിറ്റി സെന്റര്ഫോര് ആസ്ട്രോണമി ആന്റ് ആസ്ട്രോഫിസിക്സും(IUCAA) ഈ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. അതുകൂടാതെ ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലുമായി നിര്മിക്കുന്ന സ്ക്വയര് കിലോമീറ്റര് അറേ (Square Kilometer Array-SKA) എന്ന റേഡിയോ ദൂരദര്ശിനിയുടെയും സാള്ട്ടിന്റെയും (South African Large Telescope- SALT) നിര്മാണത്തിലും ഇന്ത്യ പങ്കാളിയാണ്. ടിഎംടിയിലും പങ്കാളിയാകുന്നതോടെ ജ്യോതിശാസ്ത്ര ഗവേഷണ മേഖലയില് ഇനി ഭാരതത്തിന്റെ സുവര്ണ കാലഘട്ടമാണ് വരാന് പോകുന്നത്.

By Sabu Jose

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ