ഏറ്റവും ‘ഒറിജിനാലിറ്റി’യുള്ള പ്രേതഫോട്ടോ

Share the Knowledge

ലോകത്തെ ഏറ്റവും ‘ഒറിജിനാലിറ്റി’യുള്ള പ്രേതഫോട്ടോയേതാണെന്നു ചോദിച്ചാൽ പ്രേതാന്വേഷികളും ഫൊട്ടോഗ്രാഫി സ്പെഷലിസ്റ്റുകളും വരെ ചൂണ്ടിക്കാണിക്കുന്ന ഒരു ചിത്രമുണ്ട്. 1966ൽ ഇംഗ്ലണ്ടിലെ ഗ്രീൻവിച്ചിലുള്ള നാഷനൽ മാരിടൈം മ്യൂസിയത്തിൽ വച്ചെടുത്ത ‘പടികൾ കയറുന്ന പ്രേത’ത്തിന്റെ ചിത്രം. കഴിഞ്ഞ 50 വർഷമായി, ഇന്നേവരെ ആ ഫോട്ടോക്കു പിന്നിലെ രഹസ്യം ആർക്കും കണ്ടെത്താനായിട്ടില്ല. ഇതിനോടകം ഫോട്ടോയിലും അതിന്റെ നെഗറ്റീവിലും നടത്തിയ പരീക്ഷണങ്ങൾക്കും കയ്യുംകണക്കുമില്ല. ഇപ്പോഴും മനുഷ്യമനസ്സിലേക്ക് ഭീതിയുടെ പടവുകൾ ചവിട്ടി ആ അജ്ഞാത പ്രേതം യാത്ര തുടരുകയാണ്.

400 വർഷം മുൻപ് നിർമിച്ച പാലസ് ഓഫ് ഗ്രീൻവിച്ച് ആണ് പിന്നീട് നാഷനൽ മാരിടൈം മ്യൂസിയം ആയത്. പാലസ് ഓഫ് ഗ്രീൻവിച്ചിൽ 1616ലാണ് ക്വീൻസ് ഹൗസ് പ്രത്യേകമായി പണിയുന്നത്. നിർമാണം ആരംഭിച്ച രാജ്ഞി അസുഖബാധിതയായി മരണപ്പെട്ടതിനാൽ 10 വർഷത്തോളം ഒരു പണിയും നടത്താതെ നിർത്തുകയായിരുന്നു. പിന്നീട് പുനഃരാരംഭിച്ച് 1635ൽ ടുലിപ് പടിക്കെട്ടുകളോടെ നിർമാണം പൂർത്തിയാക്കി. ‘ടുലിപ് പടികൾ’ ലോകപ്രശസ്തമാണ്. അതിന്റെ മാസ്മരിക ഭംഗിക്കു പിന്നിലെ രഹസ്യം ഇപ്പോഴും ഏറെക്കുറെ അജ്ഞാതവുമാണ്, അത്രമാത്രം തന്ത്രപരമായാണ് നിർമാണം. ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ ഒട്ടേറെ നിർണായക മുഹൂർത്തങ്ങൾക്കു സാക്ഷിയായിട്ടുണ്ട് ക്വീൻസ് ഹൗസ്. പല കൊട്ടാരവാർത്തകളും പുറംലോകത്തിന് അന്യവുമായിരുന്നു.
കൊട്ടാരത്തെപ്പറ്റിയും ടുലിപ് പടിക്കെട്ടുകളെ പറ്റിയും അതിനാൽത്തന്നെ കഥകളുമേറെ ജനിച്ചു. 1966 ജൂൺ 19ന് കാനഡയിൽ നിന്ന് വെക്കേഷൻ ആഘോഷിക്കാനായി ക്വീൻസ് ഹൗസിലെത്തിയ റവ.റാൾഫ് ഹാർഡിയെന്ന വ്യക്തിയുടെ ക്യാമറയിലാണ് ‘പ്രേതം’ പതിഞ്ഞത്. ഭാര്യയ്ക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ വരവ്. പക്ഷേ ക്ഷണിക്കപ്പെട്ട അതിഥികൾക്കല്ലാതെ അക്കാലത്ത് ടുലിപ് പടികയറി മുകളിലേക്കു പോകാൻ അനുവാദമുണ്ടായിരുന്നില്ല. ‘പ്രവേശനം ഇല്ല’ എന്ന് പടിയുടെ ചുവടെ തന്നെ എഴുതിയിട്ടുമുണ്ടായിരുന്നു. അതിനാൽ താഴെ നിന്ന് പടിയുടെയും സമീപത്തെ ബൾബിന്റെയും ചിത്രമെടുക്കാനായിരുന്നു ഹാർഡിയുടെ ശ്രമം. അന്നേരം പരിസരത്ത് ഹാർഡിയും ഭാര്യയും മാത്രമേ ഉണ്ടായിരുന്നുള്ളൂ–സമയം വൈകിട്ട് 5.15നും 5.30നും ഇടയ്ക്ക്. പാലസെല്ലാം നടന്നുകണ്ട് തിരികെ കാനഡയിലെത്തി നെഗറ്റീവ് ഡെവലപ് ചെയ്തപ്പോഴാണ് ഹാർഡി ഞെട്ടിത്തരിച്ചു പോയത്.
താനെടുത്ത ‘ടുലിപ് ഫോട്ടോ’യിൽ മൂടിപ്പുതച്ച വസ്ത്രം ധരിച്ച രൂപത്തിൽ ഒരാൾ ഇരുകൈകളും പടിക്കെട്ടിൽ പിടിച്ച് മുകളിലേക്കു കയറാൻ ശ്രമിക്കുന്നു.

പിറകിൽ നിന്ന് വെളിച്ചമുള്ളതിനാൽ ആ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ പ്രേതരൂപത്തിന്റെ മുഖം അവ്യക്തമായിരുന്നു. ഒട്ടും വൈകാതെ തന്നെ ഹാർഡി ഫോട്ടോ ഇംഗ്ലണ്ടിലെ ഗോസ്റ്റ് ക്ലബിനു പരിശോധനയ്ക്കു കൈമാറി. അവരുടെ നിർദേശ പ്രകാരം ഫോട്ടോ കൊഡാക്ക് ഫിലിം കമ്പനിക്കും നൽകി. കൊഡാക്കിന്റെ Zeiss Ikon Contina ക്യാമറ ഉപയോഗിച്ചായിരുന്നു ഫോട്ടോയെടുത്തത്. Kodachrome 35 എംഎം ഫിലിമിൽ ഫോട്ടോയെടുക്കുമ്പോൾ പരിസരത്തെ ലൈറ്റല്ലാതെ ഫ്ലാഷും ഉപയോഗിച്ചിരുന്നില്ല. ഫോട്ടോ പരിശോധിച്ച കൊഡാക്ക് അധികൃതരും പറഞ്ഞു–യാതൊരു വിധ കൃത്രിമപ്പണികളും ഫോട്ടോയിലോ നെഗറ്റീവിലോ നടത്തിയിട്ടില്ല. പ്രേതമായാലും മനുഷ്യനായാലും എന്തോ ഒന്ന് അന്നേരം ക്യാമറയ്ക്കു മുന്നിലുണ്ടായിരുന്നത് ഉറപ്പാണെന്നും കൊഡാക്ക് വ്യക്തമാക്കി. ഫിലിം കളറിലാക്കിയും പരിശോധന നടത്തി നോക്കി.
പക്ഷേ ഫോട്ടോയുടെ കാര്യത്തിൽ ഹാർഡിയെ അവിശ്വസിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു കൊട്ടാരം ജീവനക്കാരുൾപ്പെടെ പറഞ്ഞത്. കാരണം ടുലിപ് പടിക്കെട്ടുകൾ പണ്ടുമുതൽക്കേ കുപ്രസിദ്ധമാണ്. അവ്യക്തരൂപങ്ങളെ ഈ പടികളിൽ പലരും മുൻപുതന്നെ കണ്ടിട്ടുണ്ട്. അജ്ഞാതമായ ശബ്ദങ്ങളും കേൾക്കാറുണ്ട്. ചിലപ്പോൾ കുട്ടികൾ ഒരുമിച്ച് ‘കൊയർ’ ഗാനം പാടുന്നതും കേട്ടിട്ടുണ്ടത്രേ. പടിക്കെട്ടിലൂടെ നടക്കുമ്പോൾ ദേഹത്ത് ആരോ തോണ്ടുന്നതുപോലുള്ള അനുഭവവും പലർക്കുമുണ്ടായിട്ടുണ്ട്. പല സ്ത്രീകളും മറ്റൊരനുഭവവും പങ്കുവച്ചിട്ടുണ്ട്–പടിക്കെട്ടിനു താഴെ നരച്ച വസ്ത്രം ധരിച്ച ഒരു സ്ത്രീ ചോരപ്പാടുകൾ തുടച്ചുമാറ്റുന്ന കാഴ്ച കണ്ടിട്ടുണ്ടെന്നതാണത്. 300 വർഷം മുൻപ് 50 അടി മുകളിൽ നിന്ന് അതേ സ്ഥാനത്ത് കൊട്ടാരത്തിലെ ഒരു പരിചാരിക വീണു മരിച്ചിട്ടുമുണ്ടത്രേ!
ഹാർഡിയെടുത്ത മറ്റു ഫോട്ടോകളാകട്ടെ സാധാരണ പോലെ കൊട്ടാരത്തിന്റെ വിവിധ ഭാഗങ്ങളുടെ ഭംഗി ഒപ്പിയെടുത്തതായിരുന്നു. ടുലിപ് പടികളിലെ പ്രേതചിത്രത്തിന് തൊട്ടുമുൻപും ശേഷവുമെടുത്ത മറ്റ് കൊട്ടാരഭാഗങ്ങളുടെ ചിത്രങ്ങളിലുമില്ല ഒരു കുഴപ്പവും. ഹാർഡി തന്റെ ക്യാമറയുമായി 1967ലും ടുലിപ് പടികളിലെ അതേ ‘പ്രേത’ സ്ഥലത്തെത്തിയിരുന്നു.

മ്യൂസിയം ഫൊട്ടോഗ്രാഫറുടെ സഹായത്തോടെ പഴയ അതേ പൊസിഷനിൽ നിന്ന് ചിത്രമെടുത്തെങ്കിലും ഇത്തവണ യാതൊന്നും ക്യാമറയിൽ പതിഞ്ഞില്ല. അടുത്തിടെ കൊട്ടാരത്തിൽ മറ്റൊരു സംഭവവും നടന്നു–അവിടത്തെ ഒരു വാതിൽ തനിയെ അടയുന്നത് കണ്ട് ചെന്നുനോക്കിയതാണ് ആർട് ഗാലറി അസിസ്റ്റന്റുമാരിലൊരാൾ. പെട്ടെന്നാണു കണ്ടത്– രാജാക്കന്മാരുടെ കാലത്തെ വസ്ത്രം ധരിച്ച ഒരു സ്ത്രീ പടിക്കെട്ടുകളിലൂടെ ഒഴുകിയെന്ന പോലെ മുകളിലേക്കു കയറിപ്പോകുന്നു…!!! ആ കാഴ്ചക്കു മുന്നിൽ താനും സഹപ്രവർത്തകരും തണുത്തുറഞ്ഞുപോയെന്നാണ് ജീവനക്കാരൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത്.

From http://www.manoramaonline.com

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ