ദൈവം കൈയൊപ്പിട്ട ജീവിതം

Share the Knowledge

മഞ്ഞുകാലം കുടഞ്ഞുകളഞ്ഞ് വസന്തം ചിറകടിച്ചുയർന്ന 1980ആഗസ്ത് 17 ന്റെ സായാഹ്നം. സ്വതേ ചുവന്ന നിറമുള്ള അയേഴ്‌സ് പാറ അസ്തമയ സൂര്യന്റെ കടുംനിറത്താൽ ഒന്നുകൂടി ചുവന്നു. അവർ അഞ്ചുപേർ – മൈക്കിൾ ചേംബർലെയ്ൻ, ലിൻഡി ചേംബർലെയ്ൻ, ഏയ്ഡൻ, റീഗൻ പിന്നെ 67 ദിവസം മാത്രംപ്രായമുളള കുഞ്ഞ് അസ്സാരിയായും. ദൈവാനുഗ്രഹം ഉള്ളവൾ എന്നാണ് ആ പേരിന്റെ അർത്ഥം. അവരുടെ മഞ്ഞക്കാറിൽ ആ വാരാന്ത്യം ആഘോഷിക്കാൻ അയേഴ്‌സ് പാറയ്ക്കു സമീപമെത്തി. താഴ്‌വാരത്ത് ടെന്റ് ഉണ്ടാകാനുളള ഒരുക്കത്തിലായിരുന്നു അവർ. ചുറുചുറുക്കോടെ എയ്ഡൻ അച്ഛനെ സഹായിക്കാൻ കൂടെയുണ്ട്. കാറ്റിനെ വരുതിയിലാക്കി അവർ ഒരു വിധം ടെന്റ് ഉറപ്പിച്ചു. ഉറങ്ങിപ്പോയ അസ്സാരിയയെ ടെന്റിനുള്ളിൽ കിടത്തി, പുറത്തു തീ കൂട്ടി ടിൻ ഫുഡ് ചൂടാക്കാനുള്ള ശ്രമത്തിലായിരുന്നു ലിൻഡി. അപ്പോഴെയ്ക്കും റീഗൻ ഉറങ്ങിത്തുടങ്ങി. മൈക്കിൾ അടുത്തുളള മറ്റൊരു ടെന്റിലെ സുഹൃത്തുമായി കുശലാന്വേഷണത്തിലും.
സമയം എട്ടുമണിയായിട്ടുണ്ടാകും. പെട്ടെന്നായിരുന്നു ലിൻഡിയുടെ കരച്ചിലുയർന്നത്. എന്റെ കുഞ്ഞിനെ കാട്ടുനായ കൊണ്ടുപോയേ….. ആ നിലവിളി അയേഴ്‌സ് പാറയിൽ തട്ടി താഴ്വാരയിലെങ്ങും പ്രതിധ്വനിച്ചു. മങ്ങിയ വെളിച്ചത്തിൽ ഒരു കാട്ടുനായ തന്റെ പൊന്നോമനയെ വലിച്ചിഴച്ചു കൊണ്ടു പോകുന്നത് അവൾ കണ്ടു. ഓടിയെത്തിയ മൈക്കിൾ ലിൻഡി ചൂണ്ടിക്കാണിച്ച വഴിയിലൂടെ അല്പദൂരം ഓടി. സമീപത്തെ ടെന്റുകളിൽ നിന്ന് എല്ലാവരും ഓടിയെത്തി. അരമണിക്കൂറിനുള്ളിൽ പൊലീസും വന്നു. അവർ എല്ലായിടവും അരിച്ചുപെറുക്കി. നിരാശയായിരുന്നു ഫലം.

ചേംബർ ലെയ്ൻ കുടുംബത്തിന്റെ ജീവിതം മാറ്റിയെഴുതപ്പെട്ട രാത്രിയായിരുന്നു അത്. പിന്നീട് ലിൻഡി അനുഭവിച്ച പീഡാനുഭവങ്ങൾ ചിത്രീകരിക്കാൻ ലോകത്തിലെ ഒരു തൂലികയ്ക്കും ശക്തി പോരാ. ചരിത്രത്തിൽ ഇതുപോലെ മാധ്യമ വിചാരണയ്ക്കും അവഹേളനത്തിനും പാത്രമായ ഒരമ്മ ഉണ്ടാവില്ല. സ്വന്തം മകളെ കൊന്നതിന് ജീവപര്യന്തം ശിക്ഷ! ശിക്ഷിക്കപ്പെടുമ്പോൾ പൂർണ ഗർഭിണിയായിരുന്നു ലിൻഡി. ജയിലിൽ വച്ച് രണ്ടാമത്തെ പെൺകുഞ്ഞിന് ജന്മം നൽകിയെങ്കിലും മുലപ്പാൽ പോലും കൊടുക്കാൻ അനുവദിക്കാത്ത നിയമം കുഞ്ഞിനെ അമ്മയിൽ നിന്ന് പറിച്ചെടുത്തു. ദൈവത്തിന് സഹിച്ചിട്ടുണ്ടാവില്ല. ലിൻഡി കുറ്റവാളിയാണെന്ന് സ്ഥാപിക്കപ്പെട്ട എല്ലാ ശാസ്ത്രീയ തെളിവുകൾക്കും മീതേ ദൈവം കയ്യൊപ്പ് ചാർത്തിയ ഒരു തെളിവ് പകൽ പോലെ തെളിഞ്ഞു വന്നു. അപ്പോഴേയ്ക്കും ലിൻഡി മൂന്നുവർഷത്തിലധികം ശിക്ഷ അനുഭവിച്ചിരുന്നു. അന്ന് ആസ്ട്രേലിയ തേങ്ങി. പ്രിയപ്പെട്ട ലിൻഡി മാപ്പ്, മാപ്പ്, മാപ്പ്…

കാണാതായ രാത്രിയിൽ അസ്സാരിയ ധരിച്ചിരുന്നത് സ്യൂട്ടും അതിനു മുകളിൽ ജാക്കറ്റും ആയിരുന്നു. ദാരുണമായ ഈ സംഭവത്തിനുശേഷം ഒരാഴ്ച കഴിഞ്ഞ് ആലീസ് ഗുഡ്‌വിൻ എന്ന പക്ഷി നിരീക്ഷകന് അസ്സാരിയായുടെ രക്തംപുരണ്ട സ്യൂട്ട് അയേഴ്‌സ് പാറയ്ക്കു സമീപത്ത് വച്ച് കിട്ടി. മാധ്യമങ്ങൾ കഥകൾ മെനഞ്ഞെടുക്കുകയായിരുന്നു. സെവന്ത് ഡേ വിശ്വാസികളായ മൈക്കിളും ലിൻഡിയും അസ്സാരിയായെ ബലികൊടുക്കുകയായിരുന്നുവെന്നാണ് അതിലൊരുകഥ.. ഇത്തരം ബലികർമ്മങ്ങൾ ഈ വിശ്വാസികളുടെ മതാചാരപ്രകാരം സാധാരണമാണു പോലും! ചിലർ ഒരു പടി കൂടി കടന്നു. അസ്സാരിയ എന്ന പേരിനർത്ഥം വന്യതയിൽ ബലികഴിക്കപ്പെടുന്നവൾ എന്നതാണെന്നു പോലും എഴുതി. ദിവസവും പുതിയ കഥകൾ പുറത്തുവന്നു. ഭീഷണിപ്പെടുത്തിക്കൊണ്ടുളള അജ്ഞാത ഫോൺ സന്ദേശങ്ങൾ ലഭിച്ചു കൊണ്ടിരുന്നു. മാധ്യമ പ്രവർത്തകർ അവരുടെ വീടിനുമുമ്പിൽ തമ്പടിച്ചു. ആസ്ട്രേലിയ മുഴുവനും അസ്സാരിയയുടെ കഥ ആളിപ്പടർന്നു. ആലീസ് സ്‌പ്രിങ്ങിലെ കോടതി കേസ് പരിഗണിച്ചു. ആസ്ട്രേലിയയുടെ ചരിത്രത്തിൽ ആദ്യമായി കോടതി നടപടികൾ ലൈവായി ടെലിക്കാസ്റ്റ് ചെയ്യപ്പെട്ടു. നീണ്ട വിചാരണയ്‌ക്കൊടുവിൽ തിങ്ങിക്കൂടിയ ജനക്കൂട്ടത്തിനു നടുവിൽ ആസ്ട്രേലിയ മുഴുവൻ കാതോർത്തു നില്‌ക്കെ ജഡ്ജി ബാരിറ്റ് ലിൻഡി കുറ്റക്കാരിയല്ലെന്നും അസ്സാരിയയുടെ മരണം കാട്ടുനായയുടെ ആക്രമണം മൂലമെന്നും വിധി പറഞ്ഞു. പക്ഷേ അങ്ങനെ തോറ്റുകൊടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല. അവർ കൂടുതൽ ഫോറൻസിക് തെളിവുകൾ ശേഖരിച്ചു. അസ്സാരിയായുടെ കീറത്തുണിയിൽ അൾട്രാവയലറ്റ് പരീക്ഷണങ്ങൾ നടത്തി. സ്യൂട്ടിന്റെ കഴുത്തു ഭാഗത്തു കണ്ട നേർത്ത കീറൽ ചെന്നായുടെ കോമ്പല്ലുകൾ മൂലം ഉണ്ടായതല്ലെന്നും കത്രിക ഉപയോഗിച്ചപ്പോൾ ഉണ്ടായതാണെന്നും തുണിയിൽ കാട്ടു നായയുടെ സലൈവ ( ഉമിനീർ) പുരണ്ടിട്ടില്ലെന്നും, ശാസ്ത്രീയമായി ഫോറൻസിക് വിദഗ്ധർ കണ്ടെത്തി (സംഭവത്തിനുശേഷം കനത്ത മഴ പെയ്തത് വിസ്മരിക്കപ്പെട്ടു). കാറിന്റെ മുൻസീറ്റിൽ കണ്ടെത്തിയ രക്തക്കറകളും കത്രികയും മറ്റു തെളിവുകളും ലിൻഡിക്ക് എതിരായി. ലിൻഡി പറഞ്ഞ ജാക്കറ്റിന്റെ കാര്യം ആരും മുഖവിലയ്‌ക്കെടുത്തില്ല. അങ്ങനെ ഒരു ജാക്കറ്റുണ്ടായിരുന്നെങ്കിൽ അതെവിടെ? ഡാർവിനിലെ കോടതിയിൽ വീണ്ടും കുറ്റപത്രം സമർപ്പിക്കപ്പെട്ടു.
അന്വേഷണ ഉദ്യോഗസ്ഥർ മെനഞ്ഞ കഥയിങ്ങനെ – ലിൻഡി അസ്സാരിയയെ കൊലപ്പെടുത്തുകയായിരുന്നു. കാറിന്റെ മുൻ സീറ്റിലിരുന്ന് കത്രിക ഉപയോഗിച്ച് കഴുത്തിൽ മുറിവുണ്ടാക്കി. എന്നിട്ട് മൃതദേഹം വലിയ കാമറാ ബാഗിൽ ഒളിപ്പിച്ചു വച്ചു.

അയേഴ്‌സ് പാറയിലെ ക്യാമ്പിലെത്തിയ ശേഷം കാട്ടുനായ കുട്ടിയെ കൊണ്ടുപോയെന്ന് അലമുറയിട്ടു. എല്ലാവരും അന്വേഷിക്കുമ്പോൾ ഏതോ സ്ഥലത്ത് കുഞ്ഞിന്റെ മൃതദേഹം കുഴിച്ചു മൂടി. അവിശ്വസനീയമായ യാതൊന്നും ആ രാത്രിയിൽ നടന്നതായി തോന്നുന്നില്ലെന്നും ഒരു കുഞ്ഞിന്റെ കരച്ചിൽ കേൾക്കുകയുണ്ടായി എന്നും മറ്റുമുളള സാക്ഷിമൊഴികൾ അവഗണിച്ചു കൊണ്ട് ഡാർവിനിലെ കോടതിയിൽ 1982 ജൂൺ 29ന് മജിസ്‌ട്രേറ്റു വിധി പ്രസ്താവിച്ചു. ലിൻഡിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു കൊണ്ടായിരുന്നു വിധി. മൈക്കിളിനെയും കോടതി ശിക്ഷിച്ചെങ്കിലും ആ ശിക്ഷാവിധി നടപ്പാക്കിയില്ല. ഏതാനും ആഴ്ചകൾക്കുളളിൽ ജയിലിൽ ലിൻഡി ഒരു പെൺകുഞ്ഞിനെ കൂടി പ്രസവിച്ചു. കലിയ എന്ന് അവൾക്ക് പേര് നൽകി. ജാമ്യം ലഭിക്കാനായി ഹൈക്കോടതിയിൽ കൊടുത്ത അപ്പീലുകൾ എല്ലാം നിരസിക്കപ്പെട്ടു.

ഒടുവിൽ ദൈവം ഇടപെടുന്നു
കുറച്ചു വർഷങ്ങൾക്കുശേഷം ഇംഗ്ലീഷ് വിനോദ സഞ്ചാരിയായ ഡേവിഡ് ബ്രൈറ്റ് അയേഴ്‌സ് പാറയിൽ നിന്ന് വീണു മരിച്ചു. ധാരാളം കാട്ടു നായ്ക്കളുള്ള പ്രദേശത്തു നിന്ന് മൃതദേഹം വീണ്ടെടുക്കാമെന്ന പ്രതീക്ഷ പൊലീസിനുണ്ടായിരുന്നില്ല. എങ്കിലും അവർ തിരച്ചിൽ തുടർന്നു. നായയുടെ മടയിൽ നിന്ന് ചെമ്മണ്ണിൽ പുതഞ്ഞു കിടന്നിരുന്ന വസ്ത്രത്തിന്റെ ചെറിയൊരു ഭാഗം അവർക്കു കിട്ടി. ഒരു കുഞ്ഞ് ജാക്കറ്റിന്റെ തുണ്ട്! അസ്സാരിയ കൊല്ലപ്പെട്ട രാത്രിയിൽ ധരിച്ചിരുന്ന അതേ ജാക്കറ്റിന്റെ ഭാഗം. ലിൻഡിയുടെ ജീവിതത്തോളം വിലയുളള ആ പഴന്തുണി കണ്ട് ആസ്ട്രേലിയ ഞെട്ടിത്തരിച്ചു. വടക്കൻ പ്രവിശ്യയിലെ പ്രധാനമന്ത്രി ലിൻഡിയെ ഉടൻ വിട്ടയയ്ക്കാൻ ഉത്തരവിട്ടു. അങ്ങനെ മൂന്നരവർഷങ്ങൾക്കുശേഷം ലിൻഡി പുറത്തിറങ്ങി. കേസ് തുടർന്നു.1988 ൽ കോടതി അവരെ കുറ്റവിമുക്തയാക്കി. 1.3 ലക്ഷം ഡോളർ നഷ്ടപരിഹാരം കൊടുക്കുവാനും കോടതി ഉത്തരവിട്ടു. ഏറ്റവും ഒടുവിൽ 2012 ജൂൺ 12 ന് കേസിനാസ്പദമായ സംഭവം നടന്ന് 32 വർഷങ്ങൾക്കുശേഷം, കോടതി നടപടികൾ അവസാനിപ്പിച്ചു കൊണ്ട് ജൂറി എലിസബത്ത് മോറിസ് വിധി പറഞ്ഞു, അസ്സാരിയായുടെ മരണം കാട്ടുനായയുടെ ആക്രമണം മൂലമായിരുന്നു. ഈ സംഭവം അനേകം പുസ്തകങ്ങൾക്കും ചലച്ചിത്രങ്ങൾക്കും ഡോക്യുമെന്ററികൾക്കും ടെലിവിഷൻ ഷോകൾക്കും ആൽബങ്ങൾക്കും പ്രേരണയായി. ജോൺ ബ്രൈസൺ ‘ഈവിൾ എയ്ഞ്ചൽ” എന്ന പേരിൽ ഒരു പുസ്തകം പുറത്തിറക്കി, പുസ്തകത്തെ ആധാരമാക്കി ഇതേ പേരിൽ സിനിമയും ഉണ്ടായി. ആസ്‌ട്രേലിയയ്ക്കും ന്യൂസിലാന്റിനും പുറത്ത് ചിത്രത്തിന്റെ പേര് Cry in the dark എന്നായിരുന്നു. സംഭവബഹുലവും വിധി വൈപരീത്യം നിറഞ്ഞതുമായ ലിൻഡി ചേംബർ ലെയ്‌ന്റെ ജീവിതകഥ പറയുന്ന ഈ സിനിമ നിരവധി അന്താരാഷ്ട്ര ബഹുമതികൾ വാരിക്കൂട്ടി.

സമാനതകളില്ലാത്ത ദുരന്തമായിരുന്നു ലിൻഡി ചേംബർ ലെയ്‌ന്റേത്.അവർക്ക് ഏൽക്കേണ്ടി വന്ന മാനസികാഘാതം അത്ര വലുതായിരുന്നു. മാധ്യമവിചാരണകൾ കോടതി വിധിയെപ്പോലും സ്വാധീനിക്കുന്നതിന്റെ തെളിവായിരുന്നു ഈ സംഭവം. ആയിരക്കണക്കിനു കാർട്ടൂണുകളാണ് ലിൻഡിയെ വിമർശിച്ചുകൊണ്ട് പത്രങ്ങളിൽ പ്രസിദ്ധീകരിച്ചത്. ഫോറൻസിക് ഫലങ്ങളുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെട്ടു. ആയിരം അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന വിശ്വാസത്തിന്റെ അടിസ്ഥാനപ്രമാണവും ഇതു തന്നെയാവാം.

മധു  തൃപ്പെരുന്തറ

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ