ഇടുക്കി- കഞ്ഞിക്കുഴി ചരിത്രം

Share the Knowledge

പുറംലോകം ഈ പ്രദേശത്തെക്കുറിച്ചറിഞ്ഞു തുടങ്ങിയത് ചുരുളി-കീരിത്തോടിന്റെ ചരിത്രത്തിലൂടെയാണ്. ഇടുക്കി-കഞ്ഞിക്കുഴി പഞ്ചായത്തിന്റെ ചരിത്രത്തിലെ തിളങ്ങുന്ന അദ്ധ്യായമാണ് ചുരുളി-കീരിത്തോടു സംഭവം. മലയോര കര്‍ഷകന്‍ തന്റെ വിയര്‍പ്പു വീണു കുതിര്‍ന്ന മണ്ണ് സ്വന്തം കാല്‍ക്കീഴില്‍ നിന്നു വഴുതിപ്പോവാതിരിക്കാന്‍ ജീവന്‍ പോലും ബലിയര്‍പ്പിച്ചു നടത്തിയ ധീരമായ ചെറുത്തു നില്‍പ്പിന്റെ കഥയാണ് ചുരുളി-കീരിത്തോടിനു പറയാനുള്ളത്. 1958-ല്‍ ചെങ്കുളം-പള്ളം 110 കെ.വി ലൈനിന്റെ പണികളുമായി ബന്ധപ്പെട്ട് കീരിത്തോട് ചുരുളി മേഖലകളിലെത്തിയ ജനങ്ങള്‍ ഇവിടേക്കുള്ള വ്യാപകമായ കുടിയേറ്റത്തിനു വഴിതെളിച്ചു. തുടര്‍ന്ന് ഈ പ്രദേശങ്ങളില്‍ താമസിച്ച് കൃഷി ആരംഭിച്ച ജനങ്ങളെ 1961-ല്‍ കുടിയിറക്കിയെങ്കിലും ഇത് കത്തിപ്പാറ, തള്ളക്കാനം, ആല്‍പ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ കൂടി ജനവാസം വ്യാപകമാക്കുവാന്‍ സഹായിക്കുകയാണുണ്ടായത്. തുടര്‍ന്ന് 1964 ഫെബ്രുവരി 26-ാം തിയതി ഈ പ്രദേശങ്ങളില്‍ ഔദ്യേഗികമായി  കുടിയിറക്കമാരംഭിച്ചു. കത്തിപ്പാറത്തടം, കീരിത്തോട്, പഴയരിക്കണ്ടം എന്നിവിടങ്ങളില്‍ പോലീസ് ക്യാമ്പുകള്‍ തുടങ്ങുകയും ഇവ കേന്ദ്രീകരിച്ച് കുടയിറക്കാരംഭിക്കുകയാണുണ്ടായത്. ഇതിനോടനുബന്ധിച്ചുണ്ടായ പ്രക്ഷോഭമാണ് ചുരുളി-കീരിത്തോടു സംഭവം. കര്‍ഷകരെ ഇറക്കിവിട്ട ഭൂമിയില്‍ തന്നെ പുനരധിവസിപ്പിക്കാനുള്ള സമരനേതാക്കളുടെയും ജനങ്ങളുടെയും ആഗ്രഹം സഫലീകരിക്കുവാന്‍ പിന്നെയും വര്‍ഷങ്ങള്‍ വേണ്ടി വന്നു. 1967-ല്‍ അധികാരത്തില്‍ വന്ന മന്ത്രിസഭയാണ് ആ കൃത്യം നിര്‍വഹിച്ചത്. വിവിധ സമുദായങ്ങളില്‍പ്പെട്ട അഞ്ചു കുടുംബങ്ങളെ കുടിയിരുത്തികൊണ്ട് ആ ജോലി ആരംഭിച്ചു.

ആ സ്ഥലമാണ് ഇന്നത്തെ അഞ്ചുകുടി. രണ്ടാം ലോക മഹായുദ്ധത്തെത്തുടര്‍ന്നുണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കുവാന്‍ ‘ഗ്രോ മോര്‍ ഫുഡ്‘ പദ്ധതി പ്രകാരം സി.പി.രാമസ്വാമി അയ്യരുടെ കാലത്ത് ഇന്നത്തെ പഞ്ചായത്തുപ്രദേശത്തുള്‍പ്പെടുന്ന മക്കുവള്ളി, മനയത്തടം, കൈതപ്പാറ എന്നിവിടങ്ങളില്‍ താമസമുറപ്പിച്ച് കൃഷി ആരംഭിച്ചവരാണ് പഞ്ചായത്തിലെ ആദ്യത്തെ അധികൃത താമസക്കാര്‍. തൊടുപുഴയില്‍ നിന്നും ഉടുമ്പന്നൂര്‍ വഴിയായിരുന്നു ജനങ്ങള്‍ ഇവിടേക്ക് എത്തിച്ചേര്‍ന്നിരുന്നത്. വനത്തിനു നടുവില്‍ കാടു വെട്ടിത്തെളിച്ച് കൃഷി ആരംഭിച്ച ഇവര്‍ ഇന്നും ഒറ്റപ്പെട്ട ജീവിതം നയിച്ചു വരുന്നു. ഇതിനും വളരെ മുമ്പ് രാജഭരണ കാലം മുതല്‍ തന്നെ പഞ്ചായത്തിനോടു ചേര്‍ന്നു കിടക്കുന്ന പട്ടയക്കുടിയിലും മറ്റും ആദിവാസി വിഭാഗത്തില്‍പട്ടവര്‍ താമസിച്ചു വന്നിരുന്നു. ചുരുളി-കീരിത്തോട്  കുടിയേറ്റത്തിനു വളരെ മുമ്പ് മുതല്‍ പഴയരിക്കണ്ടത്ത് ജനവാസം ആരംഭിച്ചിരുന്നു. ആദിവാസികള്‍ക്ക് പതിച്ചുകൊടുത്തിരുന്ന പ്രദേശത്തോടു ചേര്‍ന്ന് ഇതര വിഭാഗക്കാരും താമസമാരംഭിച്ചു. ചുരുളി-കീരിത്തോടിനോടൊപ്പം ഇവിടേയും കുടിയിറക്കു നടന്നിരുന്നു. ഇതിനുമൊക്കെ ശേഷമാണ് ഇന്നത്തെ പഞ്ചായത്താസ്ഥാനം സ്ഥിതി ചെയ്യുന്ന കഞ്ഞിക്കുഴി പ്രദേശത്ത് ജനവാസം ആരംഭിച്ചത്. കഞ്ഞിക്കുഴിയുടെ സമീപത്ത് ഇടുക്കി പദ്ധതിക്കു വേണ്ടി അയ്യപ്പന്‍ കോവില്‍, ഇരട്ടയാര്‍, വൈരമണി, വേങ്ങാനം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കുടിയിറക്കിയവരെ പട്ടയത്തോടുകൂടി ഭൂമി പതിച്ചുനല്‍കി കുടിയിരുത്തിയതോടു കൂടി സമീപസ്ഥലങ്ങളിലെ കുടിയേറ്റം പൂര്‍ണ്ണമാവുകയും ജനജീവിതം സജീവമാക്കുകയുമാണുണ്ടായത്. ആദ്യമായി കഞ്ഞിക്കുഴിയിലുണ്ടായ സ്ഥാപനം ടാഗോര്‍ എല്‍.പി സ്കൂള്‍ എന്ന സ്വകാര്യ സ്കൂള്‍ ആണ്. തുടര്‍ന്ന് ലൈബ്രറി, മറ്റു സ്കൂളുകള്‍,  പഞ്ചായത്ത് സഹകരണ സംഘം, പോസ്റ്റോഫീസ്, പോലീസ് സ്റ്റേഷന്‍, സര്‍ക്കാര്‍  ഡിസ്പെന്‍സറി, കൃഷിഭവന്‍, ആയുര്‍വേദ ഹോമിയോ ഡിസ്പെന്‍സറികള്‍, വില്ലേജാഫീസ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഉണ്ടായി. മലയോര മേഖലയില്‍ ഇത്രയും ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇത്രയേറെ നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞ പ്രദേശങ്ങള്‍ വിരളമാണ്. ആദ്യകാലത്ത് കുടിയേറിയ ജനങ്ങളുടെ കൂട്ടായ്മയും കക്ഷി രാഷ്ട്രീയ ജാതി മത പരിഗണനകള്‍ക്കതീതമായി  നേതൃത്വം വഹിച്ച വ്യക്തികളുടെ  ത്യാഗ മനോഭാവവും നാടിന്റെ വളര്‍ച്ചയ്ക്കു വഴി തെളിച്ചു.

http://lsgkerala.in/idukkikanjikuzhypanchayat/history/

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ