കരമനയാര്‍

Share the Knowledge

കെട്ടിനിര്‍ത്തപ്പെട്ട് ഒഴുക്കു കുറഞ്ഞ ഒരു നദിയാണ് നമ്മുടെയൊക്കെ മനസ്സില്‍ കരമനയാര്‍. എന്നാല്‍ അനുഭവങ്ങളിലൂടെയും അറിവിന്റെ അനന്തമായ ചെമ്മണ്‍ പാതകളിലൂടെയും സഞ്ചരിച്ചപ്പോള്‍ ഞങ്ങള്‍ കേട്ടത് ദയനീയതയുടെ ഒരു നേര്‍ത്ത നിലവിളിയാണ്. അതെ സര്‍വ്വനാശത്തിന്റെ ചവറുകൂനയായ കരമന നദി അതുമാത്രമാണിന്ന്. പക്ഷെ, മാലിന്യത്തിന്റേയും, സര്‍വ്വനാശത്തിന്റേയും ലോകത്തിനുമപ്പുറം ഒരു കരമന നദിയുണ്ടായിരുന്നു. നിര്‍മ്മലതയും, ഐശ്വര്യവും, പവിത്രതയും തുളുമ്പുന്ന കരമനയാര്‍. ആ താളം നിലയ്‍ക്കാത്തതും ഒഴുക്കു നിലയക്കാത്തതുമായ കരമനയാര്‍ ഇന്ന് ചുരുങ്ങി കാനനങ്ങളില്‍ മാത്രം പവിത്രതയുളള നദിയായി മാറിയിരിക്കുന്നു. ആ പവിത്രതയുളള നദി നഗരങ്ങളിലേക്ക് ഒഴുകി എത്തുമ്പോള്‍ അതിന്റെ നിര്‍മ്മലത നഷ്‍ടപ്പെടുത്തുന്നു. ഇന്ന് കരമനയാര്‍ മാലിന്യത്താല്‍ മാറ്റപ്പെട്ടിരിക്കുന്നു. തിരുവനന്തപുരം നഗരത്തിന്റെ ജീവദായകമാണ് കരമനയാര്‍. ആ അടിവേരായ കരമനയാറിനെ നഗരവാസികള്‍ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് ഈ കാലഘട്ടത്തില്‍ സര്‍വ്വനാശത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന കരമനയാറിന് ചരിത്രപരമായും, സാമൂഹികപരമായും , രാഷ്‍ട്രീയപരമായും , സാംസ്‍കാരികപരമായും , മതപരമായും, സംഗീതപരമായും ഒട്ടേറെ ബന്ധമുണ്ട്.

വനമേഖലകളില്‍ ജൈവവൈവിധ്യങ്ങളാല്‍ സമ്പന്നമാണ് കരമനയാര്‍. ജൈവസമൃദ്ധിയുടെ പ്രഭാവമാണ് കരമനയാറിന്റെ തീരങ്ങളില്‍ കാണാന്‍ സാധിക്കുക. കേരളത്തിലെ മലനിരകളില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന അഗസ്‍ത്യാര്‍കൂടം മലനിരകളിലെ ചെമ്പുഞ്ചി മൊട്ടക്കുന്നില്‍ നിന്നാണ് ഈ നദി ഉത്ഭവിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 1605 അടി ഉയരത്തില്‍ നിന്നും ഉത്ഭവിക്കുന്ന ഈ ആറ് ഉത്ഭവസ്ഥാനത്ത് നിന്നും കുറച്ചുനേരം തെക്കോട്ടൊഴുകി തിരിഞ്ഞ് വീണ്ടും പടിഞ്ഞോറോട്ടൊഴുകി 68 കി. മി സഞ്ചരിച്ച് തിരുവല്ലത്തിനു സമീപം വച്ച് അറബിക്കടലില്‍ ചേരുന്നു. അട്ടയാര്‍, തോടയാര്‍, കിളളിയാര്‍, വൈയപ്പടിയാര്‍ എന്നിവയാണ് പ്രധാനപ്പെട്ട പോഷകനദികള്‍. കരമനയാറിന്റെ തീരം സസ്യലതാദികളാല്‍ സമ്പന്നമാണ്. അഗസ്‍ത്യര്‍കൂട താഴ്വരകളില്‍ കരമനയാറിന്റെ തീരത്ത് ഇരുപത്തിയൊന്നോളം പ്രത്യേക ഇനത്തില്‍പ്പെട്ട ഔഷധസസ്യങ്ങളുണ്ട്( endamic species).

1853ല്‍ സ്വാതിതിരുന്നാളിന്റെ ഭൂസര്‍വ്വേ ഉദ്യോഗസ്ഥരാണ് ഇതിന് കരമനയാര്‍ എന്നു പേരിട്ടത്. എന്നാല്‍ തിരുവനന്തപുരം ജില്ലയിലെ കോട്ടൂര്‍ വനാന്തരങ്ങളിലെ ഗിരിവര്‍ഗ്ഗ സമുദായമായ കാണിക്കാര്‍ ഈ നദിയെ വിളിക്കുന്നത് മയിലാറ് എന്നാണ്. മൈല എന്ന കാട്ടു വൃക്ഷം ഇതിന്റെ കരകളില്‍ ധാരാളം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഈ പേരു വന്നതെന്ന് ഒരു അഭിപ്രായമുണ്ട്. എന്നാല്‍ മയീം എന്ന വാക്ക് കറുപ്പ് എന്ന അര്‍ത്ഥത്തില്‍ തമിഴ് പ്രാകൃതത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. പെരുമഴയില്‍ ഈ ആറിലെ വെളളം ഇരുണ്ടതുമാകാം അങ്ങനെയുമാകാം ഈ പേരു ലഭിച്ചത്. അഗസ്‍ത്യാര്‍കൂടം മുതല്‍ വിഴിഞ്ഞം വരെയുളള ഭാഗങ്ങള്‍ വര്‍ണ്ണനയ്‍ക്കു വിധേയമാകുന്ന പ്രാചീന ജൈനകൃതിയായ ‘കുവലയമാലയില്‍’ ‘മകരാകരയാറ്’ എന്നാണ് പറഞ്ഞു കാണുന്നത്.

കരമനയാര്‍ തീരം ധാതുക്കളാല്‍ നിറഞ്ഞതാണ്. 19 ആം നൂറ്റാണ്ടിന്റെ മധ്യത്തോടു തന്നെ കാര്‍ബണിന്റെ അപരരൂപമായ ഗ്രാഫൈറ്റ് ഇവിടെ കണ്ടെത്തിയിരുന്നു. കരമനയാറിന്റെ കരഭാഗം ഗ്രാഫൈറ്റ് ഉള്‍ക്കൊള്ളുന്നതിനാല്‍ അവിടെ നിന്ന് ഗ്രാഫൈറ്റ് ഖനനം ചെയ്തെടുത്തിരുന്നു. ഇനി ഈ പ്രദേശത്ത്  കാണുന്നത് രത്നങ്ങളാണ്. ഭാരതീയ സങ്കല്‍പ്പത്തിലുളള നവരത്നങ്ങളില്‍ മുത്തും പവിഴവം ഒഴികെ ഉളള ഏഴു രത്നവും വിളയുന്നത് മണ്ണിലാണ്. ഇതില്‍ നാലെണ്ണം കരമന നദീതിരത്ത് കാണുന്നു. പുഷ്യരാഗം, മരതകം, വൈഢൂര്യം , ഇന്ദ്രനീലം. ഇതില്‍ ഇന്ദ്രനീലം നിലവാരം കുറഞ്ഞതാണ്. കറുപ്പു കൂടി ചേര്‍ന്ന് കരിനീലയായതിനാല്‍ വിലയും കുറവാണ്. പുഷ്യരാഗവും നിലവാരമില്ലാത്തതാണ്. ഖനനം ചെയ്യുന്നതിന് വേണ്ടി വലിയൊരു വ്യവസായ കൂട്ടായ്‍മ തന്നെ ഇവിടെ നിലനിന്നിരുന്നു. അശാസ്‍ത്രീയമായ ഖനനത്തെ സംബന്ധിച്ച് തൊണ്ണൂറുകളുടെ തുടക്കത്തോടു കൂടി ഈ വ്യവസായം അന്യം നിന്നുപോയി.

കരമനയാറിന്റെ തീരം ഫലഭൂയിഷ്ഠവും ഉറപ്പേറിയതുമായ മണ്ണിനാല്‍ സമൃദ്ധമാണ്. അതുകൊണ്ടുതന്നെ കരമനയാറിന് നവീനശിലായുഗവുമായി വളരെയധികം ബന്ധമുണ്ട്. ക്രിസ്‍തുവിന് മുമ്പ് 3500 വരെ നിലനിന്നിരുന്ന കാലഘട്ടത്തെ നവീന ശിലായുഗം എന്നു വിളിച്ചു വരുന്നു. ആധുനിക മനുഷ്യന്റെ രൂപഭാവങ്ങളുടേയും പുതിയ ഭാവനയുടേയും സംസ്‍‌കാരത്തിന്റെയും ആദിരൂപം തുടങ്ങുന്നത് ഈ കാലഘട്ടത്തിലാണെന്ന് പറയാം. ലോകമെങ്ങും വ്യാപിച്ചിരുന്ന നവീന ശിലായുഗത്തിലെ മനുഷ്യന്റെ കാലടിപ്പാടുകള്‍ പുരാവസ്‍തു ശാസ്‍ത്രജ്ഞന്മാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മണ്‍പാത്ര നിര്‍മ്മാണ വിദ്യയുടെ കണ്ടെത്തലാണ് ഈ കാലഘട്ടത്തിനു ഏറ്റവും പ്രധാനമായി കാണുന്ന കണ്ടുപിടിത്തം. കരമനയാറിന്റെ തീരത്ത് ഈ കാലഘട്ടങ്ങളില്‍ വ്യാപകമായ രീതിയില്‍ തന്നെ മണ്‍പാത്ര നിര്‍മ്മാണം ഉണ്ടായിരുന്നു. മണ്‍പാത്രനിര്‍മ്മാണം വ്യാപകമായതോടെ ഇതൊരു വ്യവസായമായി. ലോകമെങ്ങും ഈ കാലഘട്ടത്തെ മണ്‍പാത്രയുഗം എന്നും വിളിക്കാറുണ്ട്. കരമനയാറിന്റെ തീരങ്ങളില്‍ താമസിച്ചിരുന്ന ജനങ്ങള്‍ ഈ വ്യവസായത്തെ ആശ്രയിച്ചാണ് ഈ കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്നത്.

ജൈന – ബുദ്ധ മതങ്ങളുടെ ജന്മഭൂമിയായ ഭാരതത്തില്‍ ബുദ്ധരുടേയും ജൈനരുടേയും എണ്ണം മൊത്തത്തില്‍ ജനസംഖ്യയുടെ ഒരു ശതമാനമായിരിക്കേ, ഇങ്ങ് തെക്കേയറ്റത്ത് കേരളത്തില്‍ ഇവരുടെ എണ്ണം പരിമിതമായിരിക്കെ, നദീപ്രദേശത്തും നദിയുമായി ബന്ധപ്പെട്ട നഗരങ്ങളിലും ഇക്കൂട്ടര്‍ മരുന്നിനു പോലുമില്ലാതിരിക്കെ ഇവിടെ ജൈന-ബുദ്ധ മതങ്ങള്‍ക്ക് ഒരു പ്രഭാവകാലം ഉണ്ടായിരുന്നു എന്ന പ്രസ്‍‌താവം തന്ന അവിശ്വസനീയമായി തോന്നാം. എന്നാല്‍ ചില ചരിത്രപരമായ തെളിവുകള്‍ ആരാധനാലയങ്ങള്‍, സ്ഥലനാമവിശേഷണങ്ങള്‍, ചില വാമൊഴി വഴക്കങ്ങള്‍, എന്നിവയെല്ലാം ശക്തവും, വ്യക്തവുമായ ഒരു ജൈന-ബുദ്ധ പ്രഭാവകാലത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കാലത്തിന്റെ കുത്തൊഴുക്കില്‍ ഇവയില്‍ പലതും മണ്‍മറഞ്ഞു പോയെങ്കിലും പ്രകൃതി അവശേഷിപ്പിച്ച തെളിവ് വച്ച് കൊണ്ട് ആ കാലഘട്ടത്തെ തെളിച്ചെടുത്തില്ലെങ്കില്‍ നമ്മുടെ ദേശചരിത്രം പൂര്‍ത്തിയാവുകയുമില്ല. സംഘകാലത്തിനു ശേഷം ഒരു മൂന്നു നൂറ്റാണ്ടു കാലം പ്രൗഢമായും തുടര്‍ന്ന് പത്താം നൂറ്റാണ്ടു വരെ ക്ഷയിച്ചും അതിനു ശേഷം നശിച്ച് നാമാവശേഷവുമായും തുടരുന്നതായി കാണാം. ആര്യന്‍, അയ്യന്‍, പുത്തന്‍, പുത്തരച്ചന്‍, ശാസ്താവ്, ചാത്താവ്, ചാത്തന്‍, മാടന്‍, പോത്തന്‍, ശ്രമണന്‍, പമണന്‍, ക്ഷപണകന്‍, പൂതന്‍ എന്നിങ്ങനെ പല പല പേരുകളിലും ബുദ്ധരേയും ജൈനരേയും സാഹിത്യകൃതികളിലും രേഖകളിലും പ്രതിപാദിച്ചു കാണുന്നു.

ഒരു ജനപദത്തിന്റെ ഭൗതിക സാംസ്‍കാരിക വളര്‍ച്ചയുടെ കണ്ണാടിയാണ് അങ്ങാടികള്‍ എന്നു പറയാറുണ്ട്. ഒരു പ്രദേശത്തെ ഉത്പാദനങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍, നാട്ടുവഴികള്‍, ഭാഷാപരിണാമങ്ങള്‍, ഭൂപ്രകൃതി തുടങ്ങിയവ ആ ദേശത്തെ കൊടുക്കല്‍ വാങ്ങലുകളെ കാര്യമായി സ്വാധീനിക്കാറുണ്ട്. കേരള സാംസ്‍കാരിക ചരിത്രത്തിനു തന്നെ വിലപ്പെട്ട സംഭാവനകള്‍ ഇത്തരം കൊളളക്കൊടുക്കലുകള്‍ കൊണ്ടുണ്ടായിട്ടുണ്ട്. ഒരു പൊതുസമൂഹത്തിന്റെ ഭാഷാരൂപം പോലും പ്രകടമാകുന്നത് അങ്ങാടികളിലാണെന്നാണ് ഗവേഷകമതം. മാനവസംസ്കാരം അതിന്‍റെ കളിത്തൊട്ടിലില്‍ ആയിരിക്കുമ്പോള്‍ തന്നെ കേരളത്തില്‍ കച്ചവടത്തിന്‍റെ ആദ്യകിരണങ്ങള്‍ നാമ്പിച്ചു തുടങ്ങിയിരുന്നു. കരമനയാറിന്റെ നദീതടങ്ങളില്‍  നദീതടസംസ്‍കാരങ്ങള്‍ രൂപപ്പെട്ടിരുന്നു. അതിന്‍റെ ഫലമായി വിവിധ തരത്തിലുളള കച്ചവടങ്ങള്‍ നദിയുടെ പ്രാന്തപ്രദേശങ്ങളില്‍ തുടര്‍ന്നു പോയിരുന്നു. ഉദാഹരണം : മീന്‍ചന്ത , കന്നുകാലിച്ചന്ത , കിഴങ്ങു വര്‍ഗ്ഗങ്ങളുടെ ചന്ത അങ്ങനെ പലതരം കച്ചവടങ്ങള്‍. പക്ഷെ കരമനയാറിന്റെ തീരങ്ങളില്‍ ധാതുക്കളുടെ അമിതമായ ലഭ്യത ഉണ്ടെന്നു അറിഞ്ഞപ്പോള്‍ ജന്മിമാര്‍ ഖനനം തുടങ്ങുകയും അന്നത്തെ കച്ചവട സംസ്‍കാരം നശിച്ച് മണ്ണിനോട് ചേരുകയും ചെയ്‍തു.

നവീന ശിലായുഗത്തിന്റെ അത്ഭുതമായ കണ്ടുപിടുത്തമായിരുന്നു കൃഷി. തേച്ചു മിനുക്കിയ കന്‍മഴുകളും, കുഴിപ്പാരകളും കേരളത്തിലെ പല സ്ഥലങ്ങളില്‍ നിന്നും കണ്ടെത്തിയിരുന്നു. ഈ പ്രദേശങ്ങളില്‍ കൃഷി നടത്തി എന്നുളളതിനു സ്ഥലനാമങ്ങള്‍ അല്ലാതെ മറ്റു തെളിവില്ല. കാപ്പിവിള, കരിമ്പുവിളാകം, എളളുവിള, തെങ്ങുവിള, ചേമ്പുംകുഴി, പേനവിള, തിനവിള, ചാമവിള, കമുകറ തുടങ്ങിയ സ്ഥലപ്പേരുകളും വീട്ടുപേരുകളും വിളപ്പേരുകളും ഇവിടെ നിലനിന്നിരുന്ന കാര്‍ഷികവൃത്തിയുടേയും അനുബന്ധ വ്യവസായങ്ങളുടേയും ഒരു ചിത്രം നമുക്ക് തരുന്നുണ്ട്. വയലുകളെ പൊതുവേ അറകളെന്നും, കാണിക്കാര്‍ കൃഷിയിടങ്ങളെ കാല എന്നും വിളിച്ചിരുന്നുഉയര്‍ന്ന പ്രദേശങ്ങളില്‍ കരനെല്ലും നീര്‍വാര്‍ച്ച പ്രദേശങ്ങളില്‍ സാധാരണ നെല്ലും കൃഷി ചെയ്‍തിരുന്നു. പ്രധാനമായും നദീതടങ്ങളില്‍ കരിമ്പിന്‍ കൃഷി വ്യാപകമായിരുന്നു.

കലാപരമായും കരമനയാറിന് വളരെയധികം ബന്ധമുണ്ട്. ഒരു ജനപഥത്തിന്റെ സാംസ്‍കരിക വളര്‍ച്ചയുടെ ഉരകല്ലാണല്ലോ കലകള്‍. മനുഷ്യന് അവന്റെ നിത്യജീവിതത്തിലെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് രക്ഷനേടാന്‍ സമൂഹം അനുവദിച്ചു കൊടുത്തിട്ടുളളവയാണ് കളികളും കലകളും. ഒരു സമൂഹം ജീവിക്കുന്ന ചുറ്റുപാട്, ഭൂപ്രകൃതി, കാലാവസ്ഥ, , തൊഴില്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, വിശ്വാസങ്ങള്‍ തുടങ്ങിയവയുടെ സ്വാധീനങ്ങള്‍ കലകളില്‍ വ്യക്തമായി കാണാം. ഇങ്ങനെയുള്ള കലകളിലും കളികളിലും പെട്ട ജലകേളികള്‍, കരടിപ്പാട്ട്, രാപ്പാട്ട, കാക്കാരുകളി( കാക്കാരിശ്ശി നാടകം), ഓണപ്പാട്ട്, തിരുവാതിരക്കളി, പുരാണപാരായണം, കളരി ,നന്തുണിപ്പാട്ട്, വില്ലടിച്ചാന്‍ പാട്ട്, കമ്പടിക്കളി, സര്‍പ്പപ്പാട്ട്, കഥകളി, പറയര്‍കൂത്ത് തുടങ്ങിയവ കരമനയാറുമായി ബന്ധപ്പെട്ടിരിക്കുന്നു.

കലാപരമായും സാമൂഹികപരമായും ചരിത്രപരമായും സാംസ്‍കാരികപരമായും ഒട്ടനവധി മേഖലകളുമായി ബന്ധപ്പെടുന്ന അടിവേരായ കരമനയാറിനെയാണ് ഇന്നത്തെ ജനത നശിപ്പിക്കുന്നത്. തനിക്ക് കരമനയാറിനാല്‍ അതിന്‍റെ ജലത്താല്‍ ഉളള ഉപയോഗം ബോധമനസ്സില്‍ ഉണ്ടായിരുന്നിട്ടും അതിനെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഇപ്പോഴത്തെ ജനത. മാലിന്യത്തിന്റെ ഒരു കേറാമല എന്നു വേണമെങ്കില്‍ കരമനയാറിനെ വിശേഷിപ്പിക്കാം. നദീ തീരങ്ങളില്‍ നിന്ന് ഔഷധസസ്യങ്ങളെ നശിപ്പിച്ച് വൃക്ഷങ്ങള്‍ വെച്ചു പിടിപ്പിക്കുന്ന ജനതയാണ് വളര്‍ന്നുവരുന്നത്. അവനവന്‍ തന്നെ സ്വയം വിന വരുത്തുകയാണ്. കരമനയാറിന്റെ ദൗര്‍ലഭ്യം മൂലം തലസ്ഥാന നഗരി മരുഭൂമിയായിക്കൊണ്ടിരിക്കുകയാണ്. ഇലയില്ലാത്ത  വൃക്ഷം പോലെയാണ് ഇന്നത്തെ തിരുവനന്തപുരം . ജനങ്ങള്‍ മുന്നിട്ടിറങ്ങണം, യുവാക്കള്‍ മുന്നിട്ടിറങ്ങണം ,ഉയര്‍ന്ന പദവിയിലിരിക്കുന്നവര്‍ മുന്നിട്ടിറങ്ങണം എന്നാല്‍ മാത്രമേ കരമനയാറിന് ഇനി പുതുജീവന്‍ നുകരാന്‍ കഴിയൂ. –

http://www.asianetnews.tv

വിഷ്‍ണു ആര്‍

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ