ഇടുക്കി അണക്കെട്ടിന്റെ അനുബന്ധ ചരിത്രം

Share the Knowledge

ഷ്യയിലെ മഹാത്ഭുതമെന്ന് വിഷേഷിപ്പിച്ചിരിക്കുന്നതും കേരളത്തിലെ വെളിച്ച വിപ്ലവത്തിന് നാന്ദികുറിച്ചതുമായ ഇടുക്കി ജലവൈദ്യുത പദ്ധതി അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നാടിന് സമര്‍പ്പിച്ചിട്ട് ഇന്ന് 40 വര്‍ഷം തികയുകയാണ്. 1900ല്‍ മൂന്നാറില്‍ തേയിലത്തോട്ടവ്യവസായവുമായി ബന്ധപ്പെട്ട് വേരുറപ്പിച്ച ബ്രിട്ടീഷുകാരാണ് വെള്ളത്തില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കാനാകുമെന്ന സാങ്കേതിക വിദ്യ ആദ്യമായി പരിചയപ്പെടുത്തി വിസ്മയം പകര്‍ന്നത്.
പിന്നീട് 1933ല്‍ മൂന്നാര്‍ സന്ദര്‍ശിച്ച തിരുവിതാംകൂര്‍ ദിവാന്‍ സര്‍.സി.പി. രാമസ്വാമി അയ്യരാണ് പൊതുമേഖലയില്‍ ജലശക്തി ഉപയോഗപ്പെടുത്തി വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ തീരുമാനമെടുത്തത്. അങ്ങിനെയാണ് ആദ്യജലവൈദ്യുത പദ്ധതിയായ 37.5 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസല്‍ 1940ല്‍ കമ്മീഷന്‍ ചെയ്യുന്നത്.
1935 മാര്‍ച്ച് ഒന്നിന് ചിത്തിര തിരുനാള്‍ മഹാരാജാവ് തറക്കല്ലിട്ട പള്ളിവാസല്‍ പദ്ധതി 1940 മാര്‍ച്ച് 19ന് നാടിന് സമര്‍പ്പിച്ചതും ദിവാന്‍ സര്‍ സി.പി.യായിരുന്നു.
ഇതോടെ ഉത്തരമദ്ധ്യതിരുവിതാംകൂറിന്റെ ഏറിയ ഭാഗവും വൈദ്യുത വിതരണ ശൃംഗലയുടെ ഭാഗമായി. പിന്നീട് വൈദ്യുതി ഉത്പാദനത്തിനുശേഷം പള്ളിവാസലില്‍ നിന്നും പുറത്തേക്കൊഴുകുന്ന ജലം ചെങ്കുളത്ത് അണക്കെട്ട് നിര്‍മിച്ച് 48 മെഗാവാട്ട് ഉല്‍പാദിപ്പിക്കുന്ന പദ്ധതിയും 1955ല്‍ പ്രവര്‍ത്തനസജ്ജമായി.
ഊര്‍ജ്ജദായിനിയായ പെരിയാറില്‍ പിന്നീട് ഒട്ടേറെ അണക്കെട്ടുകളും വൈദ്യുതി ഉല്‍പാദന നിലയങ്ങളുമൊക്കെ ഉണ്ടായെങ്കിലും ഇടുക്കി പദ്ധതി പൂര്‍ത്തീകരണത്തോടെയാണ് കേരളത്തിന് കാര്‍ഷിക വ്യവസായിക മേഖലയില്‍ കുതിച്ചുചാട്ടത്തിന് കളമൊരുങ്ങിയത്. 780 മെഗാവാട്ട് വൈദ്യുതി ഉല്‍പാദനശേഷിയുള്ള ഇടുക്കി പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് അരനൂറ്റാണ്ടിലേറെക്കാലത്തെ ചരിത്രമുണ്ട്. പള്ളിവാസല്‍ പദ്ധതിക്ക് മുമ്പ് തന്നെ ഇടുക്കി പദ്ധതിയുടെ സാധ്യത പഠനങ്ങളും നിര്‍ദ്ദേശങ്ങളുമൊക്കെ 1919ല്‍ ഇറ്റലിക്കാരനായ ഒരു എഞ്ചിനീയര്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചുവെങ്കിലും തുടര്‍ നടപടിയുണ്ടായില്ല.
പിന്നീട് 1922ല്‍ മലങ്കര സൂപ്രണ്ടായിരുന്ന ഡബ്ല്യു.ജെ.ജോണ്‍ കൊടുംവനമായിരുന്ന ഇടുക്കിയില്‍ നായാട്ടിനെത്തുകയും കുരുവെള്ളയാന്‍ കൊലുമ്പനെന്ന ആദിവാസി മൂപ്പനെ വഴികാട്ടിയായി കൂടെക്കൂട്ടുകയും ചെയ്തു.
കൊലുമ്പനാണ് രണ്ടു വന്‍ പാറക്കെട്ടുകള്‍ക്കിടയിലൂടെ പെരിയാര്‍ കുതിച്ചുപായുന്ന കാഴ്ച ജോണിന് കാട്ടിക്കൊടുത്തത്. 1932ല്‍ ജോണ്‍ ഇവിടെ ഒരു വന്‍ അണക്കെട്ട് നിര്‍മിക്കാനാകുമെന്ന സാധ്യത ചൂണ്ടിക്കാട്ടിയെങ്കിലും തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഈ നിര്‍ദ്ദേശത്തിനും കൃത്യമായ പരിഗണന നല്‍കിയില്ല. ഒടുവില്‍ സ്വാതന്ത്ര്യാനന്തരം കേരള സംസ്ഥാനവും ജനാധിപത്യ സര്‍ക്കാരും നിലവില്‍ വന്നതോടെയാണ് പദ്ധതിക്ക് പുനര്‍ ജന്മമുണ്ടായത്.
പിന്നീട് നടത്തിയ പഠനറിപ്പോര്‍ട്ടുകളെയും അംഗീകാരത്തേയും തുടര്‍ന്ന് 1963ല്‍ പ്ലാനിംഗ് ബോര്‍ഡിന്റെ അനുമതിയും 66ല്‍ കാനാഡയുടെ സഹായവാഗ്ദാനവും ലഭിച്ചു. അങ്ങിനെയാണ് ഇന്നും വിസ്മയം പ്രദാനം ചെയ്യുന്ന 839 മീറ്റര്‍ ഉയരമുള്ള കൂറ്റന്‍ പാറക്കെട്ടുകളായ കുറവന്‍ മലയേയും 925 മീറ്റര്‍ ഉയരമുള്ള കുറത്തിമലയേയും ദൃഡമായി ബന്ധിപ്പിച്ച് നിര്‍മിച്ച ഈ അണക്കെട്ട് ഭീമന്റെ നിര്‍മാണോദ്ഘാടനം ആദ്യ ബക്കറ്റ് കോണ്‍ക്രീറ്റിട്ട് 1969 ഏപ്രില്‍ 30ന് അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ്. നടത്തിയത്.
ഏഴ് വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കിയ ഇടുക്കി പദ്ധതി 1976 ഫെബ്രുവരി 12ന് നാടിന് സമര്‍പ്പിച്ചത് പ്രധാനമന്ത്രിയായിരുന്ന അന്ദിരാഗാന്ധിയായിരുന്നു.
60 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പദ്ധതിയുടെ ജലം തടഞ്ഞുനിര്‍ത്തുന്നതിന് ഇടുക്കി അണക്കെട്ടിനോട് ചേര്‍ന്നുള്ള ചെറുതോണിയിലും 32 കിലോമീറ്റര്‍ അകലെയുള്ള കുളമാവിലും രണ്ട് അണക്കെട്ടകള്‍ കൂടിയുണ്ട്. പദ്ധതിയുടെ ഭാഗമായിട്ടുള്ള മൂലമറ്റത്തെ ഭൂഗര്‍ഭ വൈദ്യുതി നിലയം ഇന്ത്യയിലെ ഏറ്റവും വലിയയതും ആദ്യത്തേതുമാണെന്ന ഖ്യാതിയും ഇപ്പോഴും നിലനിര്‍ത്തുണ്ട്.

The Press Club Kattappana

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ