റോസ്മലയിലേക്ക് ഒരു വിനോദയാത്ര

Share the Knowledge

കാട്ടാനയും കാട്ടുപോത്തും വിഹരിക്കുന്ന പാതയിലൂടെ ബസില്‍ ഒരു വനയാത്ര. അതും കൊല്ലം ജില്ലയില്‍ മനോഹാരിതയുടെ ഉദാത്തയിടമായി പ്രകൃതി കനിഞ്ഞു നല്‍കിയ റോമലയിലേക്ക്. റോസ്മല ജംഗിള്‍ ബസ് സഫാരിയുമായി തെന്മല ശെന്തുരുണി ഇക്കോ ടൂറിസം അധികൃതര്‍ എത്തുമ്പോള്‍ വിനോദസഞ്ചാരത്തിന്റെ മറ്റൊരു സാഹസിക അധ്യായത്തിനുകൂടി തുടക്കമാകും.

കൊല്ലം ജില്ലയിലെ തെന്മലയില്‍ കാനന നടുവില്‍ ഒറ്റപ്പെട്ടു കിടക്കുന്ന ഏറ്റവും മനോഹരമായ വിനോദസഞ്ചാര കേന്ദ്രത്തിലേക്കു ബസ് സവാരി ആരംഭിക്കുന്നതോടെ സാധാരണക്കാരനും കാഴ്ചകള്‍ ആസ്വദിക്കാമെന്നുള്ള സൗകര്യമാണ് നിലവില്‍ വരുന്നത്. കാട്ടാനയും കാട്ടുപോത്തും വിഹരിക്കുന്ന കാനന പാതയിലൂടെയുള്ള വനയാത്രയില്‍ ചെങ്കുറിഞ്ഞി മരത്തെ കാണാനുള്ള സൗകര്യവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.

 

രാവിലെ ഒന്‍പതു മണിക്കാണ് സവാരി ആരംഭിക്കുക. സഞ്ചാരികളെയും വഹിച്ചുകൊണ്ട് റോസ്മലയിലെത്തുന്ന ബസ് ഉച്ചകഴിഞ്ഞുവരെ അവിടെ തുടരും. ഈ സമയം സഞ്ചാരികള്‍ക്ക് ഗ്രാമത്തിന്റെ സൗന്ദര്യം മതിയാവോളം ആസ്വദിക്കാം, വനം വകുപ്പിന്റെ വാച്ച് ടവറില്‍ കയറിനിന്നാല്‍ പരപ്പാര്‍ അണക്കെട്ടിന്റെ മനോഹാരിതയും അടുത്തറിയാം. മാത്രമല്ല റോസ്മലയുടെ തനതു രുചികളടങ്ങിയ ഉച്ചഭക്ഷണവും ഈപദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

 

തിരിച്ചുള്ള യാത്രയില്‍ കാട്ടരുവിയില്‍ കുളിക്കാനും പാലരുവി ജലപാതത്തിലെത്തി അവിടുത്തെ കാഴ്ചകള്‍ കാണാനും വെള്ളച്ചാട്ടത്തിലെ കുളി അനുഭവിക്കാനും സഞ്ചാരികള്‍ക്ക് അവസരമുണ്ട്. വൈകുന്നേരം അഞ്ചിനു തെന്മലയില്‍ തിരിച്ചെത്തുന്ന റോസ്മല ജംഗിള്‍ ബസ് സഫാരിയുടെ നിരക്ക് മുതിര്‍ന്നവര്‍ക്ക് 800 രൂപയും (വിദേശികള്‍ക്ക് 1,000), 12 വയസുവരെയുള്ള കുട്ടികള്‍ക്ക് 500 രൂപയുമാണ്. അഞ്ച് വയസുവരെയുള്ള കുട്ടികള്‍ക്ക് യാത്ര സൗജന്യമാണ്.

 

ഉച്ചഭക്ഷണവും ലഘുഭക്ഷണവും ഉള്‍പ്പെടെയാണു നിരക്ക്. വനത്തിന്റെ തനിമ നിലനിര്‍ത്തിക്കൊണ്ടു കൂടുതല്‍ വിനോദസഞ്ചാര പദ്ധതികള്‍ ഒരുക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നു ശെന്തുരുണി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ. ഷാനവാസ് അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 85476 02931

Image

ഒരു അഭിപ്രായം പറയൂ