തെന്മല

Share the Knowledge

പ്രകൃതിയിലെ ഓരോകാഴ്ചയും ദൈവത്തെ വായിക്കാനുള്ള പുസ്തകങ്ങളാണ്. മനുഷ്യനും പ്രകൃതിയും ഇഴചേര്‍ന്നു നില്‍ക്കുന്ന ഈ അദ്വൈതഭാവത്തെ നമ്മള്‍ തിരിച്ചറിയുന്നില്ല. ഈശ്വരന്‍ പ്രകൃതിതന്നെയെന്ന് ഭാരതത്തിലെ ഏറ്റവും വലിയ മിസ്റ്റിക് കവി രവീന്ദ്രനാഥ ടാഗോര്‍ പാടുന്നു. ദുഷ്യന്തന്റെ കൊട്ടാരത്തിലേക്ക് ശകുന്തള യാത്രയായപ്പോള്‍ പ്രകൃതിയാകെ കണ്ണീര്‍ പൊഴിക്കുന്നതായി കാളിദാസന്‍ എഴുതുന്നു. ‘മനുഷ്യാ, നീ പ്രകൃതിയിലേക്ക് മടങ്ങൂ..എന്ന് റൂസ്സോ ഉറക്കെ വിളിച്ചു പറഞ്ഞു. വ്യാവസായിക വിപ്‌ളവാനന്തരലോകചരിത്രം മനുഷ്യന്റെ ക്രൂരമായ പ്രകൃത്യാധിനിവേശത്തിന്റെ ചരിത്രംകൂടിയാണ്. പുഴകള്‍, നീര്‍ത്തടങ്ങള്‍ നമുക്ക് അന്യമായി. കുടിവെള്ളം കിട്ടാക്കനിയാകുന്ന അവസ്ഥയിലേക്ക് പോകുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം കുടിവെള്ളത്തിനുവേണ്ടിയാകും എന്ന് വന്ദനശിവ പറയുന്നു. പ്രകൃതീചൂഷണത്തിന്റെ കെടുതികള്‍ ഒട്ടേറെ നമ്മള്‍ അനുഭവിച്ചുകഴിഞ്ഞു. ലോകം അത് തിരിച്ചറിഞ്ഞുകഴിഞ്ഞു. ഈ തിരിച്ചറിവില്‍ നിന്ന് ഇന്ന് തിരിച്ചു വരവിന്റെ പാതയിലാണ്. ഇന്ന് അമേരിക്കയുള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പുസ്തകം കര്‍ഷകരുടെ ബൈബിളായ മസനോബു ഫുക്കുവോക്കയുടെ ‘ഒറ്റവൈക്കോല്‍ വിപ്‌ളവ’മാണ്. കൃഷിയുടെ മഹത്വത്തെ ലോകം തിരിച്ചറിഞ്ഞുതുടങ്ങി പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത തിറിച്ചറിഞ്ഞുതുടങ്ങി. നമ്മുടെ കുട്ടികളും പ്രകൃതീപാഠങ്ങള്‍ പഠിക്കുന്നു. പ്രകൃതിയിലേക്ക് മടങ്ങുന്നു. കണ്ടും കേട്ടും അനുഭവിച്ചും അവര്‍ പ്രകൃതിയെ അറിയുന്നു. അവര്‍ വിത്തെറിയുന്നു. കൊയ്യുന്നു. പുഴയുടെ മനസ്സറിയുന്നു. ഫോക്‌ലോറിനെ വീണ്ടെടുക്കുന്നു. ‘കാടെവിടെ മക്കളേ’ എന്ന് ഇനി ഒരു കവിയും വിലപിക്കാതിരിക്കട്ടെ എന്ന് സൗമ്യമായി ചിന്തിക്കുന്നു.
പ്രകൃതിയുടെ ശ്യാമയാം നിശബ്ദസംഗീതമാണ് കാട്. പ്രകൃതിയുടെ ഏറ്റവും വലിയ ജൈവസംതുലിതാവസ്ഥയാണ് വനം. വലിയ മരങ്ങള്‍ ഭൂമിയുടെ സംരക്ഷകരായി തലയെടുപ്പോടെ നില്‍ക്കുന്നു. നമ്മുടെ പശ്ചിമഘട്ടം ജൈവവൈവിധ്യങ്ങളുടെ കലവറയാണ്. അറിയുംതോറും അത് അത്ഭുതങ്ങളുടെ ഓരോ നിലവറ തുറന്നിടുന്നു. അറിയാന്‍ ഇനിയും ബാക്കിയാണ്. പ്രാചീന ശിലായുഗ സംസ്‌ക്കാരങ്ങളില്‍പ്പെടുന്ന ഒന്നാണ് ശെന്തുരുണി. 4420 വര്‍ഷത്തെ പഴക്കമുള്ള സംസ്‌ക്കാരമാണിവിടെയുള്ളതെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അഗസ്ത്യമലയില്‍ 172 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന ചെന്തുരുണി അറിവിന്റെയും അത്ഭുതത്തിന്റെയും കലവറയാണ്. ഭൂമിയുടെ പ്രത്യേക ആവാസ വ്യവസ്ഥയില്‍ മാത്രം കാണപ്പെടുന്ന ചെന്തുരുണി മരം ധാരാളം കാണപ്പെടുന്നതുകൊണ്ടാണ് ഈ പ്രദേശം ശെന്തുരുണി എന്ന പേരില്‍ അറിയപ്പെടുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് ഈ മരം ഒത്തിരി കൊള്ളയടിക്കപ്പെട്ടിരുന്നു.
‘ഓരോ വിദേശമമരും
വണിഗീശരെത്രപേരോ
കടന്നിവിടെയുള്ള
ധനം കവര്‍ന്നും
ആരോമലാമതിനു
താഴ്ചയശ്ശേഷമില്ല
സൂരഗ്രരശ്മികള്‍
ആഴിയോടെന്തെടുക്കും’
എന്ന് മഹാകവി ഉള്ളുര്‍ സഹ്യപര്‍വ്വതത്തിലെ വനസമ്പത്തിനെപ്പറ്റി പറഞ്ഞപോലെ, വനസമ്പത്തിന് ഒരു കുറവും സംഭവിച്ചില്ല. ശെന്തുരുണിമരം പിന്നെയും പൂത്തു.
ഇക്കോളജിസ്റ്റുകളുടെയും നാച്ചുറലിസ്റ്റുകളുടെയും പറുദീസയാണ് ശെന്തുരുണി. അപൂര്‍വ സ്പീഷീസിലുള്ള വൃക്ഷങ്ങള്‍, 129 ല്‍പ്പരം ഔഷധഗുണമുള്ള സസ്യങ്ങള്‍, 267 ല്‍പ്പരം പക്ഷികളും അത്രത്തോളം തന്നെ ചിത്രശലഭങ്ങളും, 1256 ല്‍പ്പരം വ്യത്യസ്ത സ്പീഷീസിലുള്ള വൃക്ഷങ്ങള്‍, 34 ഇനം കുരങ്ങുകള്‍ (കുട്ടിത്തേവാങ്ക് ഉള്‍പ്പെടെ), കടുവകള്‍, കാട്ടുനായ്ക്കള്‍, ഉരഗങ്ങള്‍, ഗവേഷകര്‍ക്ക് ഇനിയും ഒട്ടേറെ സാധ്യതകള്‍ അവശേഷിപ്പിച്ചുകൊണ്ട് ഉള്ളില്‍ നിഗൂഢമായ ചിരിയോടെ ശെന്തുരുണിയെന്ന സുന്ദരി…
അതിമനോഹരവും അത്ഭുതപ്പെടുത്തുന്നതുമായ വന്യജീവി സങ്കേതമാണ് ശെന്തുരുണി. മലനിരകളുടെ മടക്കുകളിലും നിബിഡ വനങ്ങളുടെ സുരക്ഷിതത്വത്തിലും സസ്യജന്തുജാലങ്ങള്‍ കാണപ്പെടുന്ന ഈ ഭൂപ്രദേശം ജൈവവൈവിധ്യത്തിന് ഉത്തമഉദാഹരണമാണ്. 1984ലാണ് ശെന്തുണി വന്യജീവി സങ്കേതമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇവിടെയുള്ള ഒട്ടേറെ പ്രദേശങ്ങള്‍ ടൂറിസത്തിനും ഗവേഷണത്തിനും വലിയ സാദ്ധ്യതയാണ് തുറന്നിടുന്നത്.

തെന്മല

തേന്മല ലോപിച്ചാണ് തെന്മലയായത്. വലിയ വൃക്ഷങ്ങളിലും പാറക്കെട്ടുകളിലും തേനീച്ചകള്‍ പാര്‍ത്തിരുന്ന സ്ഥലമാണ് തെന്മല എന്നും പറയപ്പെടുന്നു. പ്രാചീന ശീലായുഗമനുഷ്യര്‍ താമസിച്ചിരുന്നതിന്റെ ശേഷിപ്പുകള്‍ ഇവിടെ നിന്ന് കണ്ടുകിട്ടിയിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച കൊല്ലം-ചെങ്കോട്ട പാതയിലെ തെന്മല റയില്‍വേസ്റ്റേഷനും തെന്മല തടി ഡിപ്പോയും ഇവിടെ അടുത്താണ്. ഇന്ന് അന്തര്‍സംസ്ഥാന ചരക്ക് വാഹനങ്ങളുടെ വിശ്രമകേന്ദ്രമായി തെന്മല മാറിയിരിക്കുന്നു.

റോസ്മല

ആര്യങ്കാവില്‍ നിന്ന് പന്ത്രണ്ട് കിലോമീറ്റര്‍ അകലെയുള്ള പ്രദേശം. കുടിയേറ്റമേഖലയാണ് ഇവിടം. ഇത്തരത്തില്‍ മുന്നൂറോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഒരു റോസാപുഷ്പം പോലെ ഈ പ്രദേശം കാണപ്പെടുന്നതുകൊണ്ടാണ് റോസ്മലയെന്ന പേര് ലഭിച്ചത്. ബ്രിട്ടീഷുകാരുടെ കാലഘട്ടത്തില്‍ കാട് വെട്ടിത്തെളിച്ച് തെയിലയും കുരുമുളകും ഏലവും റബ്ബറും കൃഷിചെയ്തു. കുളത്തൂപ്പുഴയില്‍ നിന്ന് കല്ലടയാറിന് കുറുകേ കടന്നാണ് ബ്രിട്ടീഷുകാര്‍ റോസ്മലയിലെത്തിയിരുന്നത്. സ്വാതന്ത്ര്യാനന്തരം തെന്മല ഡാമിന്റെ നിര്‍മ്മാണത്തിനുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് പട്ടയം നല്‍കി ഇവിടെ താമസിപ്പിച്ചു. അരുവികള്‍ക്ക് കുറുകേ സഞ്ചരിച്ച് നിബിഡവനങ്ങളിലൂടെ ഒരു ജീപ്പ് പാതയുണ്ട്. ഇതുവഴിയുള്ള സാഹസിക യാത്ര മനസ്സിന് ആനന്ദം നല്‍കുന്നതാണ്. ഇവിടെ വിളക്കുമരം എന്ന സ്ഥലത്ത് ചന്ദനത്തിരി കത്തിച്ചുവച്ച് യാത്രികര്‍ മലദൈവങ്ങളെ നമിച്ചിട്ടാണ് വനത്തിലേക്ക് പോകുന്നത്. പ്രകൃതിയോടുള്ള ആരാധനയായി ഇതിനെ വിശേഷിപ്പിക്കാം. ശാന്തമായ ഒരിടമാണ് റോസ്മല. നല്ല തണുത്തകാറ്റും നിശബ്ദതയും സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.

ഉമയാര്‍

തെന്മല ഡാമില്‍ നിന്ന് ഇരുപത്തിയഞ്ച് കിലോമീറ്റര്‍ റിസര്‍വോയറിലൂടെ ബോട്ടില്‍ സഞ്ചരിച്ചാല്‍ എത്താവുന്ന മനോഹരമായ സ്ഥലം. കല്ലടയാറിന്റെ പോഷകനദികളായ ഉമയാറിന്റെയും ശെന്തുരുണിയുടെയും സംഗമസ്ഥാനമാണിത്. വേനല്‍ക്കാലത്ത് റിസര്‍വോയറില്‍ വെള്ളം വറ്റുമ്പോള്‍ ഇവിടെ മണല്‍ത്തിട്ടകള്‍ തെളിയും. ഉള്‍വനങ്ങളില്‍ നിന്നും വന്യമൃഗങ്ങള്‍ വെള്ളം കുടിക്കാന്‍ എത്താറുണ്ട്. ശെന്തുരുണി വന്യജീവി സങ്കേതത്തിലെ വന്യമൃഗങ്ങളെ തുറന്ന മേഖലയില്‍ കാണാന്‍ കഴിയുന്നത് ഇവിടെയാണ്.

ദര്‍ഭക്കുളം

റോസ്മലയില്‍ നിന്നും കാട്ടിലൂടെ നാല് കിലോമീറ്റര്‍ കുന്നും കൈത്തോടും കടന്ന് ചെന്നാല്‍ എത്തുന്ന സ്ഥലം. തമിഴ്‌നാടിന്റെ അതിര്‍ത്തിപ്രദേശമാണിവിടം. ദര്‍ഭപ്പുല്ലുകള്‍ അതിര്‍വരമ്പുകള്‍ തീര്‍ക്കുന്ന 550 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഒരു കുളമുണ്ടിവിടെ. ആനയും കാട്ടുപോത്തും കടുവയും കലമാനും വെള്ളം കുടിക്കാനും നീരാട്ടിനും വേണ്ടിയെത്തുന്ന സ്ഥലമാണിവിടം. ചെറിയൊരമ്പലവും ഇവിടെയുണ്ട്. ഇവിടെ വന്ന് പൊങ്കാലയര്‍പ്പിച്ച് പോകുന്നവരുണ്ട്. ഈ കുളത്തിനുള്ളില്‍ അഞ്ച് തലയുള്ള ഒരുവലിയ കരിനാഗം ജീവിച്ചിരുന്നു എന്നൊരൈതീഹ്യം കൂടിയുണ്ട്. അതിനാല്‍ ഈ കുളത്തിലിറങ്ങി ആരും കുളിക്കാറില്ല.

കട്ടിളപ്പാറ

വലിയൊരു പാറയില്‍ മൂന്ന് കട്ടിളകളുടെ രൂപങ്ങള്‍ കൊത്തിവച്ചിരിക്കുന്ന പ്രദേശമാണ് കട്ടിളപ്പാറ. ശിലായുഗകാലഘട്ടത്തില്‍ മനുഷ്യര്‍ പാറയില്‍ വീടോ അമ്പലമോ നിര്‍മ്മിക്കാന്‍ ശ്രമിച്ചതിന്റെ അവശേഷിപ്പാണിത്. കട്ടിള കൊത്തിവച്ചിരിക്കുന്നതിനാല്‍ കട്ടിളപ്പാറ എന്ന് പേര് വീണു. ഇവിടെ ഒരാല്‍മരവും അതിനോട് ചേര്‍ന്ന ആരാധനാമൂര്‍ത്തിയും ക്രിസ്തീയ കുരിശും മുസ്ലിംപള്ളിയുടെ ചന്ദനത്തിരി കത്തിക്കുന്ന സ്ഥലവും ഉണ്ട്. എല്ലാമതസ്ഥരും ഇവിടെ ചന്ദനത്തിരി കത്തിച്ചുവയ്ക്കാറുണ്ട്. കട്ടിളപ്പാറയില്‍ നിന്ന് കല്ലാറിലേക്ക് ജീപ്പിലൂടെ സഞ്ചരിക്കാം. കുറച്ച് കുടിയേറ്റക്കാര്‍ ഇവിടെ താമസിക്കുന്നുണ്ട്. ചതുപ്പ് പ്രദേശമായ കട്ടിളപ്പാറയില്‍ ആടുമാടുകളെ വളര്‍ത്തിയും ഫലവൃക്ഷങ്ങളും തെങ്ങും റബ്ബറും കൃഷി ചെയ്തും ഇവര്‍ ജീവിക്കുന്നു. ഈ മേഖലയിലാണ് അപൂര്‍വ്വമായ ജാതി ചതുപ്പ് സ്ഥിതിചെയ്യുന്നത്.

image

പാണ്ടിമൊട്ട

നിത്യഹരിതവനങ്ങളും ഈറ്റക്കാടുകളും ചോലവനങ്ങളും ഉള്ള വനപ്രദേശം. ശെന്തുരുണി മരങ്ങള്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന മനോഹരമായ കാഴ്ച കാണാം. വിസ്തൃതമായ ഈറ്റക്കാടുകള്‍ ഈ മേഖലയിലുണ്ട്. പണ്ട് പുനലൂര്‍ പേപ്പര്‍ മില്ലിലേക്ക് ഈറ്റ എത്തിച്ചിരുന്നത് ഇവിടെ നിന്നാണ്. മടത്തറ, കുളത്തൂപ്പുഴ, കട്ടിളപ്പാറ എന്നീ മേഖലയിലുള്ളവരുടെ ജീവിതോപാധിയായിരുന്നു ഈറ്റവെട്ടല്‍. 1992ല്‍ ഉരുള്‍ പൊട്ടലുണ്ടായപ്പോള്‍ വനപാത ഇടിഞ്ഞ് ഈ സ്ഥലത്തേക്കുള്ള വാഹനസഞ്ചാരം നിലച്ചു.

ആല്‍വാംകുറിച്ചി

ശെന്തുരുണി വന്യജീവി സങ്കേതത്തിലെ ഏറ്റവും ഉയര്‍ന്ന മല. 1550 മീറ്റര്‍ ഉയരം. ഇവിടെ എത്തുക ദുഷ്‌ക്കരമാണ്. ആനത്താരിയിലൂടെയും ചോലക്കാടുകളിലൂടെയും ഈറ്റക്കൂട്ടങ്ങളിലൂടെയും കടന്നുവേണം ഇവിടെ എത്താന്‍. വേനല്‍ക്കാലമൊഴികെ മറ്റെല്ലാ സമയങ്ങളിലും മഞ്ഞ് മൂടിക്കിടക്കുന്ന പ്രദേശം.
ചെറുകുന്നില്‍ വനംവകുപ്പ് ഒരു ടവര്‍ സ്റ്റേഷന്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇവിടെ നിന്ന് നോക്കിയാല്‍ ശെന്തുരുണി വനസങ്കേതത്തിന്റെ എല്ലാ മേഖലകളും കാണാന്‍ കഴിയും. തെന്മല ഡാം, കട്ടിളപ്പാറ, കല്ലാര്‍, തെങ്ങിന്‍തോപ്പ്, ഉമയാര്‍, പാണ്ടിമൊട്ട, ആഴ്‌വാംകുറിച്ചി, സൂചിമലക്കുന്ന് എന്നിവയെല്ലാം കാഴ്ചയ്ക്ക് ഇമ്പം നല്‍കുന്നു.

റോക്ക്‌വുഡ്

കുളത്തൂപ്പുഴയില്‍ നിന്ന് ശാസ്താക്ഷേത്രത്തിനരികിലൂടെയുള്ള വഴിയില്‍ 15 കിലോമീറ്റര്‍ ദൂരം പോയാല്‍ റോക്ക്‌വുഡ് എസ്റ്റേറ്റിലെത്താം. ബ്രിട്ടീഷുകാരുടെ തെയിലത്തോട്ടമായിരുന്നു ഇവിടം. അവര്‍ നിര്‍മ്മിച്ച ഒരു പഴയ പള്ളി ഇവിടെയുണ്ട്. ഇപ്പോഴത് പുതുക്കിപ്പണിതിട്ടുണ്ട്. തൊട്ടടുത്ത സെമിത്തേരിയില്‍ ഒരു മദാമ്മയെ അടക്കം ചെയ്ത കല്ലറയും കാണാം. മഞ്ഞില്ലാത്ത സമയങ്ങളില്‍ സൂര്യനുദിച്ചുവരുന്ന കാഴ്ച വിസ്മരിക്കാന്‍ കഴിയില്ല.
ശെന്തുരുണി വിളിക്കുന്നു, കാട് കാണാന്‍, കാടിനെ അറിയാന്‍, കാടിന്റെ സംഗീതം കേള്‍ക്കാന്‍. വനത്തിന്റെ വന്യത നിങ്ങള്‍ക്ക് വേണ്ടുവോളം ആസ്വദിക്കാം. പക്ഷേ ഒന്നുണ്ട്. ജൈവവൈവിധ്യത്തിന് അല്‍പം പോലും പോറല്‍ വീഴ്ത്തരുത്. ആ ഉറപ്പുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ലോകത്തിലെ ജൈവവൈവിധ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ശെന്തുരുണി കണ്ട്, അറിഞ്ഞ്, സ്വാംശീകരിച്ച് മടങ്ങാം. വനംവകുപ്പ് ഇതിന് അവസരമൊരുക്കുന്നു. 2014ല്‍ സര്‍ക്കാര്‍ ശെന്തുരുണിയില്‍ ആരംഭിച്ച ഇക്കോടൂറിസം പദ്ധതിയില്‍ നിങ്ങള്‍ക്കും പങ്കാളിയാകാം. വരൂ… കാട്ടില്‍ പോയി നമുക്ക് രാപാര്‍ക്കാം.

(കടപ്പാട്: പ്രമുഖ നാച്വറലിസ്റ്റ് ചരണ്‍, അദ്ദേഹത്തിന്റെ പുസ്തകം ‘ശെന്തുരുണിയിലേക്ക് സ്വാഗതം’)

കുളത്തൂപ്പുഴ

കൊല്ലം ജില്ലയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള രണ്ടു പഞ്ചായത്തുകളില്‍ ഒന്നാണ് കുളത്തൂപ്പുഴ.ഈ പഞ്ചായത്തിന്റെ കിഴക്ക് തമിഴ്നാട് സംസ്ഥാനവും, തെക്ക് തിരുവനന്തപുരം ജില്ലയും, പടിഞ്ഞാറ് അലയമണ്‍, ഏരൂര്‍ പഞ്ചായത്തുകളും വടക്ക് തെന്മല, ആര്യന്‍കാവ് എന്നീ പഞ്ചായത്തുകളും സ്ഥിതി ചെയ്യുന്നു. കാനനചാരുത പകരുന്ന നിത്യഹരിത വനങ്ങളും കുന്നുകളും താഴ്വരകളും തടാകങ്ങളും കൊണ്ട് മനോഹരമായ ഭൂപ്രദേശമാണ് കുളത്തൂപ്പുഴ. കല്ലട, കഴുതുരുട്ടി, ശെന്തുരുണി തുടങ്ങിയ ആറുകളും കുന്നിമാന്‍ തോടുകളും ദ്വീപുകളും ഉപദ്വീപുകളും കൊണ്ട് മനോഹരമായ മീന്‍മുട്ടി, സഹ്യാദ്രിയുടെ മടിത്തട്ടില്‍ കഴിയുന്ന ശംഖിലി വനങ്ങള്‍, കട്ടിളപ്പാറ, പള്ളംവെട്ടി, മാമൂട്, പള്ളിവാസല്‍, ഹനുമാന്‍കുന്ന് കൂടാതെ റോസാപ്പൂവിന്റെ ഇതളുകള്‍ പോലെ മനോഹരമായ റോസുമലയിലെ മലമടക്കുകളും ശെന്തുരുണി വന്യമ്യഗസംരക്ഷണ കേന്ദ്രവും ചേര്‍ന്ന ഒട്ടനേകം സവിശേഷതകളുള്ള പ്രദേശമാണ് കുളത്തൂപ്പുഴ. ശെന്തുരുണി എന്ന പേര് കിട്ടുവാനുള്ള കാരണം ശെങ്കുറിഞ്ഞി എന്ന വൃക്ഷങ്ങള്‍ ഇടതൂര്‍ന്ന് വളരുന്ന പ്രദേശമായതിനാലാണ്. പകല്‍ സമയങ്ങളില്‍ പോലും സൂര്യകിരണങ്ങള്‍ മണ്ണില്‍ പതിക്കാത്ത ഇടതൂര്‍ന്ന വനപ്രദേശങ്ങള്‍, അത്യപൂര്‍വ്വമായ ചീവിട് പക്ഷികളുടെ സാന്നിദ്ധ്യവും കര്‍ണ്ണമധുര ശബ്ദങ്ങളും അമൂല്യമായ നീലക്കൊടുവേലി തുടങ്ങി ഔഷധ സസ്യങ്ങള്‍, ഈറക്കാടുകള്‍, മ്ളാവ്, പുള്ളിമാന്‍, ആന, കൂരങ്ങന്‍, കാട്ടുപന്നി, കാട്ടുപോത്ത്, മുള്ളന്‍പന്നി, കടുവ, കരടി, കലമാന്‍ തുടങ്ങിയ വന്യമൃഗങ്ങള്‍, മയില്‍, വേഴാമ്പല്‍, വെള്ളരിപ്രാവ് തുടങ്ങിയ അപൂര്‍വ്വപക്ഷികള്‍, ക്ഷേത്രക്കടവിലെ തിരുമക്കള്‍ (മത്സ്യം) എന്നിവയും ഈ പ്രദേശത്തിന്റെ പ്രത്യേകതകളാണ്. കുളത്തൂപ്പുഴ ആറിന്റെയും കല്ലടയാറിന്റേയും പുഷ്ടിപ്രദേശങ്ങളില്‍ ഏറിയ പങ്കും ഉള്‍പ്പെടുന്ന കുളത്തൂപ്പുഴ പഞ്ചായത്ത് കേരളത്തിലെ മലനാട് ഉള്‍പ്പടുന്ന മേഖലയിലാണ്. കേരളത്തില്‍ വിസ്തീര്‍ണ്ണം കൊണ്ട് 8-ാം സ്ഥാനത്തും കൊല്ലം ജില്ലയില്‍ ഒന്നാം സ്ഥാനത്തും നില്‍ക്കുന്ന പഞ്ചായത്താണ് കുളത്തൂപ്പുഴ. ആദ്യകാലത്ത് കുളത്തൂപ്പുഴ പഞ്ചായത്ത് ഏരൂര്‍ പഞ്ചായത്തില്‍ ചേര്‍ന്നു കിടക്കുകയായിരുന്നു. ആസ്ഥാനം കുളത്തൂപ്പുഴയായിരുന്നു. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പഞ്ചായത്താണ് കുളത്തൂപ്പുഴ. കിഴക്കതിര് സഹ്യനെ തലോടിയും സഹ്യസാനുക്കളില്‍ ഉള്‍പ്പെട്ട ശംഖിലിവനത്തില്‍ നിന്നുത്ഭവിക്കുന്ന കല്ലടയാറിനെ തഴുകിയും കിടക്കുന്ന ഈ പഞ്ചായത്തില്‍ തമിഴ് ആദിവാസി തുടങ്ങീ എല്ലാ ജനവിഭാഗങ്ങളും ഒത്തൊരുമിച്ച് തോളോട് തോളുരുമ്മി താമസിക്കുന്നു. കുളന്തയായ കുഞ്ഞയ്യപ്പനെ കണ്ടെടുത്ത പുഴ എന്ന അര്‍ത്ഥത്തില്‍ കുളന്തപ്പുഴ എന്ന പേര്‍ ഈ പ്രദേശത്തിന് ഉണ്ടായി. അതിന് രൂപഭേദം വന്ന് കുളത്തൂപ്പുഴയായിത്തീര്‍ന്നു. പുരാതനകാലം മുതല്‍ പ്രശ്സതമായ കുളത്തൂപ്പുഴ ശ്രീധര്‍മ്മശാസ്താ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് കുളത്തൂപ്പുഴ എന്ന പേര്‍ പറയുന്നത്.

സ്ഥലനാമ ചരിത്രം
‘കുളന്തപ്പുഴ’ എന്ന പേരില്‍ നിന്നുമാണ് കുളത്തൂപ്പുഴയുണ്ടായത്. കുളന്ത എന്നാല്‍ കുഞ്ഞ്. കുളന്തയായ കുഞ്ഞയ്യപ്പനെ കണ്ടെടുത്ത പുഴ എന്ന അര്‍ത്ഥത്തില്‍ കുളന്തപ്പുഴ എന്ന പേര്‍ ഉണ്ടായി. അതിന് രൂപഭേദം വന്ന് കുളത്തൂപ്പുഴയായിത്തീര്‍ന്നു. പുരാതനകാലം മുതല്‍ പ്രശ്സതമായ കുളത്തൂപ്പുഴ ശ്രീധര്‍മ്മശാസ്താ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് കുളത്തൂപ്പുഴ എന്ന പേര്‍ പറയുന്നത്. പണ്ട് താഴെമണ്‍ തന്ത്രിയും പരികര്‍മ്മിയും തമിഴ്നാട്ടില്‍ നിന്ന് മലവഴി കുളത്തൂപ്പുഴയില്‍ എത്തി കല്ലടയാറിന്റെ തീരത്ത് വിശ്രമിക്കുകയും ഭക്ഷണം പാചകം ചെയ്യുന്നതിനായി അടുത്തുണ്ടായിരുന്ന ഒരു വീട്ടിലേക്ക് പരികര്‍മ്മിയെ അയച്ച് എന്തെങ്കിലും കിട്ടുമോ എന്നന്വേഷിക്കുകയും ചെയ്തു. അന്നത്തെ ഗൃഹനാഥന്‍ പാത്രങ്ങളും, പച്ചരി, നാളീകേരം എന്നിവയും ഇന്നത്തെ ക്ഷേത്രക്കടവില്‍ എത്തിച്ചു. അദ്ദേഹം ആറ്റില്‍ നിന്നും 3 കല്ലുകള്‍ മുങ്ങിയെടുത്ത് കരയ്ക്കു നിന്നിരുന്ന ഒരു മാവിന്റെ തണലില്‍ അടുപ്പുണ്ടാക്കി. പാത്രം അടുപ്പില്‍ വച്ച് പരിശോധിക്കുമ്പോള്‍ ഒരു കല്ലിന് ഉയരക്കൂടുതല്‍ ഉള്ളതായി കണ്ടു. ആ കല്ല് വീണ്ടും കുഴിച്ച് താഴ്ത്തിയിട്ടു. പാത്രം വച്ചു നോക്കിയപ്പോള്‍ പഴയതുപോലെ ഉയരം കൂടിയതായി വീണ്ടും കണ്ടു. പലതവണ വച്ചിട്ടും ഫലം അതുതന്നെ. അദ്ദേഹം ഉയരം കൂടിയ കല്ലില്‍ മറ്റൊരു കല്ലു കൊണ്ട് ഇടിച്ചു. അപ്പോള്‍ ഉയരം കൂടിയ കല്ല് കഷണങ്ങളാവുകയും രക്തപ്രവാഹമുണ്ടാകുകയും ഇടിച്ച ആള്‍ ബോധരഹിതനാകുകയും ചെയ്തു. ഇദ്ദേഹത്തെ തലയിടിച്ച കുറുപ്പ് എന്നാണ് പില്‍ക്കാലത്ത് അറിയപ്പെട്ടത്. പരികര്‍മ്മി കുളിച്ചു കൊണ്ടു നിന്ന തന്ത്രിയെ വിവരം അറിയിക്കുകയും തന്ത്രി ആറ്റില്‍ നിന്ന് വെള്ളവുമായി വന്ന് മന്ത്രോച്ഛാരണങ്ങളോടു കൂടി ശിലാകഷണങ്ങള്‍ ശുദ്ധി ചെയ്ത് ചേര്‍ത്ത് വച്ച് പഴയ ശിലയുടെ രൂപമാക്കി. ചൂരല്‍ കീറി കെട്ടി താല്ക്കാലികമായി ഒരു കൂരയുണ്ടാക്കി അവിടെ സ്ഥാപിക്കുകയും ചെയ്തു. വെള്ളം മുഖത്ത് തളിച്ച് ബോധം വീണുകിട്ടിയ ഗൃഹനാഥനെ വിളക്ക് കത്തിക്കുന്നതിന് ചുമതലപ്പെടുത്തി. തന്ത്രി മേല്‍ കണ്ട കാര്യങ്ങള്‍ ഇളയിടത്ത് രാജാവിനെ അറിയിക്കുകയും ക്ഷേത്രവും പ്രതിഷ്ഠയും രാജകുടുംബത്തില്‍ നിന്നും നടത്തുകയും ചെയ്തു. 9 (ഒന്‍പത്) കഷണങ്ങളായ ആ ശില തന്നെയാണ് ഇപ്പോഴും കുളത്തൂപ്പുഴ ക്ഷേത്രത്തിലെ വിഗ്രഹം. കുളത്തൂപ്പുഴയിലെ ആദിമനിവാസികള്‍ ആദിവാസികളായിരുന്നു. ഠൌണ്‍ ഭാഗത്ത് സ്ക്കൂളും സത്രവും എല്ലാം ഉണ്ടായിരുന്നു. ഈ പ്രദേശം സൂര്യോട്ടുകാണിക്കുടി എന്നാണ് അറിയപ്പെട്ടിരുന്നത്. ഈറ ഇലയും പുല്ലും കൊണ്ട് മേഞ്ഞ മനോഹരമായ കുടിലുകളിലായിരുന്നു ഇവരുടെ താമസം. രാജഭരണകാലത്ത് ശ്രീമൂലം തിരുനാള്‍ സുഖവാസത്തിനായി കുറ്റാലത്ത് എത്തി. വനത്തിലൂടെയുള്ള നടപ്പാതയിലൂടെയായിരുന്നു യാത്ര. യാത്രാമദ്ധ്യേ കുളത്തൂപ്പുഴ സത്രത്തില്‍ വിശ്രമിക്കുകയും ചെയ്തിരുന്നു. രാമയ്യന്‍ ദളവായുടെ കാലത്ത് നെടുമങ്ങാട്-ചെങ്കോട്ട റോഡ് തെളിക്കുവാന്‍ തുടങ്ങിയതോടെ മാറ്റത്തിനു തുടക്കമായി. ബസ്സ് സര്‍വ്വീസ് വരികയും ഠൌണ്‍ പ്രദേശത്ത് തളിത്തരി വംശജര്‍ വന്ന് കാട് വെട്ടിതെളിച്ച് താമസിക്കുകയും ചെയ്തതോടെ ആദിവാസികള്‍ പിന്‍വാങ്ങുകയും ചെയ്തു. അതോടെ ഈ പ്രദേശത്തിന് തളിക്കരിക്കം എന്ന പേര് ലഭിച്ചു. ഗണപതി ക്ഷേത്രം മുതല്‍ പടിഞ്ഞാറു ഭാഗത്തു കാണുന്ന പ്രദേശത്തിന് കാസിംപിള്ളകരിക്കം എന്ന പേരുണ്ട്. കാരണം കാസിംപിള്ള എന്ന ആള്‍ വെട്ടിതെളിച്ച് കൃഷി ചെയ്തിരുന്ന സ്ഥലമായിരുന്നു അത്. കൂടാതെ കുമരംകരിക്കം, അയ്യപ്പന്‍പിള്ള കോങ്കല്‍, ആറ്റിനു കിഴക്കേക്കര എന്നീ ഭാഗങ്ങളും ഇന്നത്തെ കുളത്തൂപ്പുഴയുടെ ഭാഗങ്ങളാണ്. കുളത്തൂപ്പുഴ പഴയ കാലത്ത് തേയില തോട്ടങ്ങളുടെ നാടായിരുന്നു. കല്ലാര്‍, 8 ഏക്കര്‍,റോക്ക് വുഡ്,ശെന്തുറുണി എന്നിവിടങ്ങളില്‍ തേയില എസ്റ്റേറ്റുകളുണ്ടായിരുന്നു. ഗവണ്‍മെന്റില്‍ നിന്നും 100 കൊല്ലത്തേക്ക് പാട്ടം വ്യവസ്ഥയില്‍ സ്ഥലമെടുത്ത് തോട്ടമാക്കിയതാണ്. എച്ച്.ഒ.മര്‍ഫി, ലെസിലി എന്നീ സായ്പന്‍മാരായിരുന്നു ഉടമകള്‍. ഇപ്പോഴത്തെ കെ. ഐ.പി ഡാം ഏരിയാകളില്‍ കരിമ്പിന്‍ തോട്ടവുമുണ്ടായിരുന്നു. തൊഴില്‍ സമരങ്ങളെ തുടര്‍ന്ന് തോട്ടങ്ങള്‍ അന്യാധീനപ്പെട്ടു. ശാസ്താക്ഷേത്രത്തിന്റെ കിഴക്കുവശത്തു കൂടി 6-ാം നമ്പര്‍, മാമൂട്, റോസുമല, ദര്‍ഭക്കുളം വഴി കണ്ണമ്പള്ളിമേട്, ചെങ്കോട്ട് എന്നിവിടങ്ങളിലേക്ക് വനത്തില്‍ കൂടി ഒറ്റയടിപാത ഉള്ളതായി കാണാം. പഴയകാല കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാര്‍ പലരും ഒളിവില്‍ കുളത്തൂപ്പുഴയില്‍ കഴിഞ്ഞിട്ടുണ്ട്. തോപ്പില്‍ ഭാസി, കടയ്ക്കല്‍ ഫ്രാങ്കോ, എം.എന്‍. ഗോവിന്ദന്‍ നായര്‍ തുടങ്ങിയവര്‍ താമസിച്ചതായി രേഖകളുണ്ട്. കൂടാതെ ബുദ്ധ വിഗ്രഹങ്ങളുടെ അവശിഷ്ടങ്ങള്‍ കല്ലുപച്ച, കടമാന്‍കോട്, മൊട്ടലൂംമൂട് എന്നിവിടങ്ങളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇപ്പോള്‍ വില്ലുമല ട്രൈബല്‍സ്ക്കൂള്‍ നില്‍ക്കുന്ന ഭാഗത്ത് ഭൂമിക്കടിയില്‍ നിന്നും വര്‍ഷങ്ങള്‍ പഴക്കമുള്ള മണ്‍പാത്രങ്ങളും തറയോടുകളും കണ്ടെടുത്തിട്ടുണ്ട്. ഇതു സംബന്ധിച്ചു പുരാവസ്തു വകുപ്പ് പഠനം നടത്തി വരുന്നു. 50 വര്‍ഷങ്ങള്‍ക്കു മുമ്പ് കുളത്തൂപ്പുഴയില്‍ ആന പിടുത്തം ഉണ്ടായിരുന്നു. മണ്ണില്‍ കുഴിയുണ്ടാക്കി കുഴിയില്‍ വീഴുന്ന ആനകളെ പിടിച്ച് തടി കൊണ്ട് ആനക്കൂടുണ്ടാക്കി മെരുക്കിയിരുന്നു. ഇതുകാണാനും ആകര്‍ഷകമായിരുന്നു. പില്‍ക്കാലത്ത് ആന പിടുത്തം നിര്‍ത്തി. അതിനുസമീപത്തുള്ള ക്ഷേത്രവും പാലവും ഇപ്പോഴും ആനക്കൂട് ക്ഷേത്രം, ആനക്കൂട് പാലം എന്നാണ് അറിയപ്പെടുന്നത്. കുളത്തൂപ്പുഴയില്‍ 200 വര്‍ഷത്തെ പഴക്കമുള്ള പള്ളി ചന്ദനക്കാവിലുണ്ട്. ചന്ദനമരങ്ങളുടെ കൂട്ടമായിരുന്ന ഈ പ്രദേശത്ത് മുസ്ളീം സാത്വികന്‍മാര്‍ വന്ന് താമസിക്കുകയും പില്‍ക്കാലത്ത് പ്രാര്‍ത്ഥനാ കേന്ദ്രമായി മാറുകയും ചെയ്തു. ജാതിമതഭേദമന്യേ ചന്ദനക്കാവു പള്ളിയില്‍ ധാരാളം പേര്‍ എത്തിക്കൊണ്ടിരിക്കുന്നു. കോഴിയെ നേര്‍ച്ച നടത്തുന്നതും പ്രധാനമാണ്. വഴിയോരത്ത് വാഹനങ്ങള്‍ നിര്‍ത്തി നേര്‍ച്ച അര്‍പ്പിച്ചു തിരി കത്തിക്കുന്ന പതിവുമുണ്ട്. 10 ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ കുളത്തൂപ്പുഴയില്‍ ഉണ്ട്. മതസൌഹാര്‍ദ്ദത്തിനും സമാധാന അന്തരീക്ഷത്തിനും പേരുകേട്ട സ്ഥലമാണ് കുളത്തൂപ്പുഴ. ഇവിടെ ഹിന്ദു-മുസ്ളീം-ക്രിസ്ത്യന്‍ സമുദായങ്ങള്‍ പരസ്പര സഹകരണത്തോടെയും ഏകോദര സഹോദരങ്ങളെപ്പോലെയും കഴിഞ്ഞു വരുന്നു.

സാമൂഹിക ചരിത്രം
ചരിത്രപരമായി വളരെയേറെ പ്രത്യേകതകള്‍ ഉണ്ടെങ്കിലും കുളത്തൂപ്പുഴ ഗ്രാമത്തെ ഉണര്‍ത്തിയതും സാക്ഷരതാ പ്രസ്ഥാനത്തിന്റെ അലയൊലികളായിരുന്നു. കേരളം ഇന്‍ഡ്യക്കും ലോകത്തിനും മാതൃക കാട്ടിയ സാക്ഷരത ഒന്നും, രണ്ടും ഘട്ടങ്ങള്‍ ഇവിടെ സജീവമായിരുന്നു. ആദിവാസി സാക്ഷരതാ സംസ്ഥാനതല പ്രഖ്യാപനത്തിനും കുളത്തൂപ്പുഴ ആതിഥ്യം വഹിച്ചു. സാക്ഷരതാ പരിപാടിയുടെ വിജയഗാഥയെക്കുറിച്ച് പഠനം നടത്തുവാന്‍ 8 വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള 33 അംഗ ഉന്നതതല വിദ്യാഭ്യാസ സംഘവും കുളത്തൂപ്പുഴയില്‍ എത്തിയിരുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച റബ്ബര്‍ തോട്ടവും, ലാഭത്തിന്റെ കഥകള്‍ മാത്രം പറയുവാനുമുള്ള റീഹാബിലിറ്റേഷന്‍ പ്ളാന്റേഷന്‍ ശ്രീലങ്കക്കാരായ തമിഴ് വംശജരുടെ പുനരധിവാസത്തിനായി ആരംഭിച്ചതാണെങ്കിലും കുളത്തൂപ്പുഴയുടെ സാമൂഹ്യ ജീവിതത്തിന്റെയും ഉയര്‍ച്ചയുടെയും ഭാഗമായി മാറി. ഇന്ത്യയില്‍ ആദ്യമായി എണ്ണപ്പന കൃഷിയും എണ്ണയാട്ടും തുടങ്ങിയ ഓയില്‍ഫാം ഇന്ത്യ ലിമിറ്റഡിന്റെ തോട്ടങ്ങള്‍ കുളത്തൂപ്പുഴ പഞ്ചായത്തിലെ കണ്ടന്‍ചിറ, മറവന്‍ചിറ എന്നിവിടങ്ങളില്‍ വ്യാപിച്ചു കിടക്കുന്നു. കന്നുകാലി സെമണ്‍ ഉല്പാദിപ്പിക്കുന്ന ഏക സ്ഥാപനം കേരളത്തില്‍ കുളത്തൂപ്പുഴ കെ.എല്‍.ഡി ബോര്‍ഡ് യൂണിറ്റാണ്. നൈട്രജന്‍ പ്ളാന്റ്, മാതൃകാ കൃഷിതോട്ടം, സങ്കര ഇനം കാളകളുടെ വിന്യാസം ഇവകൊണ്ട് കെ.എല്‍.ഡി ബോര്‍ഡ് കുളത്തൂപ്പുഴയില്‍ പ്രത്യേകതയര്‍ഹിക്കുന്നു. അത്യപൂര്‍വ്വമായ അമൂല്യമരുന്നുകളുടെ കലവറയായ മെഡിസിന്‍ പ്ളാന്റേഷന്‍ കുളത്തൂപ്പുഴയുടെ ഹൃദയാന്തര്‍ഭാഗത്താണ്. 300 ഓളം പുഷ്പ്പിക്കുന്ന സസ്യങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. ജില്ലയിലെ ആദിവാസികളില്‍ ഭൂരിഭാഗത്തിന്റെയും വാസസ്ഥാനവും കുളത്തൂപ്പുഴയാണ്. കാര്‍ഷിക പഞ്ചായത്തായ കുളത്തൂപ്പുഴയില്‍ നെല്ല്, തെങ്ങ്, കവുങ്ങ്, വാഴ, തേയില, എണ്ണപ്പന, ഓറഞ്ച് എന്നീ കൃഷികളും സമ്മിശ്ര കാലാവസ്ഥ കൊണ്ട് അനുഗ്രഹീതമായതുകൊണ്ട് വിവിധ കാലാവസ്ഥകളില്‍ വിളയുന്ന കുരുമുളകുമുണ്ട്. നെല്‍കൃഷി തകര്‍ച്ചയിലാണ്. ഈ പഞ്ചായത്തിലേക്ക് ആവശ്യമായ നെല്ലിന്റെ 75% ഉല്പാദിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇന്നുള്ളത്. എന്നാല്‍ റബ്ബര്‍ കൃഷി വ്യാപിച്ചിട്ടുണ്ട്. വ്യാവസായിക മേഖലയിലും തളര്‍ച്ച ഉണ്ടായിട്ടുണ്ട്. കുളത്തൂപ്പുഴയുടെ സാമൂഹ്യ സാമ്പത്തിക നില ഉയര്‍ത്തുന്നതില്‍ സ്വാധീനം ചെലുത്തിയിരുന്ന പുനലൂര്‍ പേപ്പര്‍മില്‍ പൂട്ടിയതോടെ തളര്‍ച്ചയുണ്ടായി. ഈറ വെട്ടുന്നതിനും കയറ്റുന്നതിനും തൊഴിലാളികള്‍ക്ക് ജോലി കിട്ടിയിരുന്നതിലുപരി അനവധി കുടുംബങ്ങളുടെ ജീവിത നിലവാരത്തെ ബാധിക്കുകയും ചെയ്തു. കുളത്തൂപ്പുഴ പഞ്ചായത്ത് സമിതി അംഗമായിരുന്ന സാം ഉമ്മന്‍ പുനലൂര്‍ എം.എല്‍.എ ആയി 1982-84 കാലയളവില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ അകാലനിര്യാണം പഞ്ചായത്തിന് തീരാനഷ്ടമായി മാറി. ജില്ലയില്‍ വിസ്തൃതിയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഈ പഞ്ചായത്തിന്റെ ഭൂപ്രകൃതി പ്രത്യേകതകള്‍ നിറഞ്ഞതാണ്. മലകളും കുന്നുകളും താഴ്വരകളും കാട്ടാറുകളും നിബിഡവനങ്ങളും ഇവിടുത്തെ പ്രത്യേകതകളാണ്. ഈ പഞ്ചായത്തിന്റെ ഒരു ഭാഗമായ റോസുമല എന്ന പ്രദേശം കാനനമദ്ധ്യത്തിലാണ്. അവിടെ പോകണമെങ്കില്‍ തെന്‍മല, ആര്യന്‍കാവ് എന്നീ പഞ്ചായത്തുകളില്‍ കൂടി 19 കിലോ മീറ്റര്‍ സഞ്ചരിച്ചതിനുശേഷം ഉള്‍വനങ്ങളിലൂടെ 12 കിലോമീറ്റര്‍ കൂടി 4 വീല്‍ ജീപ്പില്‍ സഞ്ചരിക്കണം. എല്ലാ വിഭാഗം ജനങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. ഭൂമിയുടെ ഉടമസ്ഥാവകാശത്തില്‍ ഇവിടെ മാറ്റം വന്നിട്ടുണ്ട്. ജന്മിമാര്‍ ഇന്നില്ലാത്ത അവസ്ഥയാണ്. വന്‍കിട തോട്ടം ഉടമകളുടെ സ്ഥാനത്ത് 2 ഏക്കര്‍ മുതല്‍ 4 ഏക്കര്‍ വരെയുള്ള കര്‍ഷകര്‍ക്കാണ് ഇന്ന് സ്ഥാനം. കര്‍ഷകത്തൊഴിലാളികള്‍ക്കും ചെറുകിടകര്‍ഷകര്‍ക്കുമെല്ലാം കൃഷി ചെയ്യുവാനും താമസിക്കുവാനും ഭൂമി ലഭിച്ചിട്ടുണ്ട്. ബഹുജന പ്രസ്ഥാനങ്ങളുടെ സജീവമായ പ്രവര്‍ത്തനങ്ങള്‍ മൂലം വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിലും നല്ല മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജനങ്ങളുടെ ജീവിത നിലവാരത്തിലും വമ്പിച്ച മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.

സാംസ്കാരിക ചരിത്രം
കേരളം ഇന്ത്യക്ക് മാതൃക കാട്ടിയ ആദിവാസി സാക്ഷരതാ സംസ്ഥാനതല പ്രഖ്യാപനത്തിന്റെ ആതിഥ്യവും ഭാരത സര്‍ക്കാരിന്റെ ദേശീയോദ്ഗ്രഥന ക്യാമ്പ് രണ്ടു തവണ മാതൃകാപരമായി നടത്തിയ അംഗീകാരവും പഞ്ചായത്തിനുണ്ട്. ഹൃദയം കവരുന്ന കാനന ഭംഗി, ഏതു കാലാവസ്ഥയിലും കുളിര് കോരുന്ന കുളിര്‍മ്മ, പുളകോദ്ഗമകാരികളായ കല്ലോലിനികള്‍, നയനാനന്ദകരമായ വെള്ളച്ചാട്ടങ്ങള്‍ എന്നിങ്ങനെ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ചാരുതകള്‍കൊണ്ട് കുളത്തൂപ്പുഴയ്ക്ക് വിനോദസഞ്ചാര വികസന രംഗത്ത് അനന്തസാദ്ധ്യതകളാണുള്ളത്. കുന്നുകളും താഴ്വരകളും തടാകങ്ങളും കാട്ടാറുകളും പാറക്കൂട്ടങ്ങളും കൊണ്ട് സുന്ദരമായ ഈ ഭൂപ്രദേശത്തുനിന്ന് ജീവജാലങ്ങളുടെ മന്ത്രമധുരമായ ശബ്ദം ഇമ്പം പകരുന്ന ഗാനമാധുരി സദാ നിര്‍ഗളിക്കുന്ന അനുഭൂതിയാണ് നല്‍കുക. സഹ്യാദ്രിയുടെ മടിത്തട്ടില്‍ കാണുന്ന ശംഖിലി വനം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. പകല്‍ പോലും സൂര്യരശ്മി മണ്ണില്‍ പതിക്കാത്ത നിത്യഹരിത വനപ്രദേശമാണിത്. കഴുതുരുട്ടിയാറും കുളത്തൂപ്പുഴയാറും ശെന്തുരിണിയാറും ചേര്‍ന്നൊഴുകുന്ന കല്ലടയാറിന്റെ സംഗമസ്ഥലമായ പരപ്പാറിലെ അണക്കെട്ടും അതിനെചുറ്റിയുള്ള നിത്യഹരിത വനങ്ങളും, നീലക്കൊടുവേലിയും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന കാഴ്ചകളാണ്. പണ്ടുമുതലേ പ്രസിദ്ധമായ മീന്‍മുട്ടി നൂറുകണക്കിന് സഞ്ചാരികളെ ആകര്‍ഷിച്ചിരുന്നതാണ്. കല്ലട അണക്കെട്ടു വന്നതോടെ ഇത് ഇന്ന് വലിയ തടാകമായി മാറിക്കഴിഞ്ഞിരിക്കുന്നു. ദ്വീപുകളും ഉപദ്വീപുകളും കൊണ്ടു മനോഹരമായ ഒരു പ്രദേശമാണ് ഈ തടാകത്തിലെ മീന്‍മുട്ടി. കല്ലട ജലസേചന പദ്ധതിയുടെ കാച്ചുമെന്റ് പ്രദേശത്തെ ചുറ്റിപ്പറ്റി കിടക്കുന്ന റോസുമലയും കട്ടിളപ്പാറയും ഹനുമാന്‍ കുന്നും എല്ലാം പ്രകൃതി സുന്ദരങ്ങളാണ്. ആദിവാസികളുടെ നിഷ്കളങ്കമായ ജീവിതരീതികളും അവരുടെ തനതായ നാടോടി കലകളും കരകൌശല വസ്തുക്കളും പാട്ടും കൂത്തൂം എല്ലാം പ്രത്യേക പഠനം അര്‍ഹിക്കുന്നവയാണ്. അനേകായിരം വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ജനവാസകേന്ദ്രങ്ങളായിരുന്നു ഈ പ്രദേശത്തെ മലമടക്കുകളെന്നതിന് സാക്ഷ്യം വഹിക്കുന്ന പല കാഴ്ചകളും ഉണ്ട്. പ്രകൃതിദത്തമായ ഭക്ഷണക്രമവും പരിസ്ഥിതിക്കനുസരണമായ ജീവിത രീതികളും ആദിവാസികളെ വേര്‍തിരിക്കുന്നു. സാംസ്ക്കാരികമായ ഔന്നിത്യം അവരില്‍ കാണുവാന്‍ കഴിയും. അവരുടെ കലാരൂപങ്ങള്‍ ഈടുറ്റതാണ്. കുളത്തൂപ്പുഴ പഞ്ചായത്തിലെ ആദിമനിവാസികള്‍ ആദിവാസികളായിരുന്നു. അവര്‍ ഠൌണിനോട് ചേര്‍ന്നായിരുന്നു താമസം. കാലാന്തരങ്ങളില്‍ ഉള്‍വനങ്ങളിലേക്ക് പിന്‍വാങ്ങി. പരമ്പരാഗത ആദിവാസി വിഭാഗമായ കാണിക്കാര്‍ സമുദായമാണ് ഇവിടെ താമസം.

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ