ചാരന്മാരുടെ ചക്രവർത്തി

Share the Knowledge

SIDNEY GEORGE REILLY ( THE ACE OF SPIES )

ലോകചരിത്രത്തിലെ ചാരന്മാരുടെ കഥ എടുത്താൽ അത് പലരുടെയും വീരചരിത്രമാണ്. ബൈബിളിൽ ഒരു ചരവനിതയുടെ കാര്യം പറയുന്നുണ്ട്.     മോസസ് കാനാൻ ദേശത്തേക്ക് അയച്ച ചാരന്മാരിൽ പ്രമുഖനായിരുന്നു ജോഷ്വ. ജോഷ്വ 2 ചാരന്മാരെ ജെറീക്കോയുടെ വിവരം അറിയാൻ വിട്ടു. അവർ ജെറീക്കോയിൽ ഒരു വ്യഭിചാരിണിയായ റഹാബിനെ കണ്ടു ( നമ്മുടെ മാതാഹാരിയുടെ കാര്യം ഓർക്കുക). 

അതുപോലെ ജെറീക്കോയുടെ   രാജാവ് പറഞ്ഞു “കുറച്ച് ഇസ്രേലി ചാരന്മാർ നമ്മുടെ രാജ്യത്തിലേക്ക് കടന്നിട്ടുണ്ട്”. രാജാവ് റഹാബിനു  ഒരു സന്ദേശം അയച്ചു ” നിന്റെ വീട്ടിൽ പ്രവേശിക്കുന്ന ചാരന്മാരെ എന്റെയടുത്ത് എത്തിക്കുക”. 

പക്ഷെ, റഹാബ്  അവരെ വീടിന്റെ മേൽക്കൂരയിൽ ഒളിപ്പിച്ച് രക്ഷപെടുത്തി. 

“അവർ എന്റെയടുത്ത് വന്നിരുന്നു. വൈകുന്നേരം നഗരവാതിൽ അടക്കാൻ നേരം അവർ പോയി. ഏത് വഴിക്ക് ആണ് പോയതെന്ന് എനിക്ക് അറിയില്ല. ഉടനെ പുറപ്പെടുക. നിങ്ങൾക്ക് അവരെ പിടിക്കാൻ കഴിഞ്ഞേക്കാം!”. ആദ്യകാല ചാരകഥയിലെ ഒന്നാണ് ഇത്.

 

ആധുനിക കാലഘട്ടത്തിലേക്ക് കടന്നാൽ കേംബ്രിഡ്ജ് 4   ( കിം ഫിൽബി, ഡൊനാൾഡ് ഡുവാർറ്റ് മക്ലീൻ, ഗി ബർഗെസ്, ആന്റണി ബ്ലന്റ്), മാതാഹരി, പൊപോവ്, ആറ്റം ബോംബ്‌ സ്പൈസ് (Julius and Ethel Rosenberg ), ക്ലോസ് ഫക്സ്, അങ്ങനെ പലരും .

പക്ഷെ എന്നെ ഏറ്റവും ആകർഷിച്ച ചാരനാരെന്നു ചോദിച്ചാൽ ഞാൻ പറയുന്ന പേര് ഇവരുടെ ആരുടേയും ആയിരിക്കില്ല!. ആ ചാരന്റെ പേരാണ് സിഡ്നി റെയിലി. ചാരന്മാരുടെ രാജാവ് അല്ലെങ്കിൽ ചക്രവർത്തിയെന്നു പറയാൻ യോഗ്യൻ. മരണത്തിനു പുല്ലുവില കൽപ്പിച്ച  അതിസാഹസികനായ ഒരു ചാരൻ എന്ന് പറയാം. ശരിക്ക് അറിയപ്പെടുന്നത് Ace of Spies  എന്ന്. ലോകപ്രശസ്ത ചാരനായ ജയിംസ് ബോണ്ട്‌ ഡബിൾ ഓ സെവൻ എന്ന കഥാപാത്രത്തെ ചാരനായ ഇയാൻ ഫ്ലെമിംഗ് സൃഷ്ടിച്ചത് പോലും സിഡ്നിയിൽ നിന്നാണ്!. 

 

സിഡ്നിയുടെ ജനനത്തെ കുറിച്ച് പല കഥകളും കേൾക്കുന്നുണ്ട്. Segodnya, എന്ന ഉക്രെനിയൻ പത്രത്തിന്റെ വിവരണങ്ങളിൽ നിന്ന് സിഡ്നി 1874 നു സിഗ്മണ്ട് മർക്കൊവിച്ച് റോസൻബ്ലം എന്ന പേരിൽ മാർച്ച് 24 നു    ഒടെസയിൽ ജനിച്ചു. ഒരു ഷിപ്പിങ്ങ് എജെന്റും സ്റ്റോക്ക്‌ ബ്രോക്കറുമായ മാർക്ക് ആയിരുന്നു പിതാവ്.

എന്നാൽ ആണ്ട്രു കുക്ക് എഴുതിയ ‘Ace of Spies: The True Story of Sidney Reilly’    പുസ്തകത്തിലെ വിവരങ്ങൾ അനുസരിച്ച്  Dr Mikhail Abramovich Rosenblum ന്റെയും  Polina  യുടെയും പുത്രനായി 1873 മാർച്ച് 24 നു സലോമോൻ റോസൻബ്ലം എന്ന പേരിൽ സിഡ്നി ജനിച്ചു. എന്നാൽ സിഡ്നി അറിയപ്പെട്ടിരുന്നത് ഗ്രിഗറി റോസൻബ്ലം എന്നയാളുടെ മകനായിട്ടാണ്. 1890-1893 കാലയളവിൽ വിയന്നയിൽ താമസിച്ച് സിഡ്നി രസതന്ത്ര പഠനം തുടങ്ങി. 1892 ൽ Imperial Russian Secret Police’ സിഡ്നിയെ തടവിലാക്കി.‘Friends of Enlightenment’  എന്ന വിപ്ലവ പാർട്ടിയുടെ കൊറിയർ ആയി ജോലി ചെയ്തതായിരുന്നു കാരണം. പിന്നീട് സിഡ്നി മോചിതനായി. കൃത്രിമ മാർഗത്തി ലൂടെ തന്റെ മരണം സൃഷ്ടിച്ച് സിഡ്നി ഒഡേസയിൽ നിന്ന് ഒരു ബ്രിട്ടീഷ് കപ്പലിൽ രക്ഷപെട്ട് ബ്രസീലിലെത്തി. അവിടെ സിഡ്നി പെട്രോ എന്ന പേര് സ്വീകരിച്ചു. ബ്രിട്ടീഷ് ഓഫീസറുമാരുമായി ചങ്ങാത്തത്തിലായി. അവിടെ വച്ച് പ്രാദേശിക വാസികളുടെ ആക്രമത്തിൽ നിന്ന് മേജർ ഫോതെർഗില്ലിന്റെ ജീവിതം സിഡ്നി രക്ഷിച്ചു. ഒരു ബ്രിട്ടീഷ് പാസ്പോർട്ടും 1500 പൌണ്ടും പ്രതിഫലമായി സിഡ്നിക്ക് ലഭിച്ചു. 

 

ആണ്ട്രു കുക്കിന്റെ ബുക്കിൽ ഇക്കാര്യങ്ങളിൽ ചില വൈരുധ്യങ്ങൾ കാണാം. അതിൽ 1895 ഡിസംബറിൽ  ഫ്രാൻസ് വഴി സിഡ്നി ലണ്ടനിൽ എത്തിയെന്നാണ് കുക്ക് പറയുന്നത്. ലണ്ടനിൽ Ozone Preparations Company’  എന്ന പേരില് ഒരു സ്ഥാപനം സിഡ്നി തുടങ്ങി. അതോടൊപ്പം വില്ല്യം  മേൽവില്ലെയുടെ Emigré intelligence network ൽ  ഒരു ഇൻഫൊർമർ ആയി പ്രതിഫലം പറ്റി ജോലി തുടങ്ങി. മെൽ വില്ലെ സ്കോട്ട് ലാൻഡ്‌ യാർഡിന്റെ സ്പെഷൽ ബ്രാഞ്ചിന്റെ സൂപ്രണ്ട് ആയിരുന്നു. 

 

1898 ൽ സിഡ്നി കിഡ്നി സംബന്ധമായ അസുഖം കൊണ്ട് വിഷമിക്കുന്ന റെവറന്റ് ഹ്യൂ തോമസുമായി പരിചയത്തിലായി. സിഡ്നി യുടെ ചികിത്സയിൽ ഹ്യൂ തോമസ്‌ അതിശയപ്പെട്ടിരുന്നു. തോമസിന്റെ ഭാര്യയായ മാർഗരറ്റുമായി സിഡ്നി അടുപ്പത്തിലായി!. 1898 മാർച്ച് 12 നു തോമസ്‌ ഒരു ഹോട്ടലിൽ ദുരൂഹമായ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. ആ മരണം സ്ഥിരീകരിച്ചത് സംശയിക്കപ്പെടുന്ന ഒരു ഡോക്ടർ T. W. Andrew  ആണ്. അയാളെ കുറിച്ച് പിന്നീടൊരു വിവരവുമില്ലായിരുന്നു. അയാൾക്ക് ഒരു പരിതി വരെ സിഡ്നി യുമായി നല്ല സാമ്യമുണ്ടായിരുന്നു!. പുതിയ വിൽപ്പത്രത്തിൽ മാർഗരറ്റ് ആയിരുന്നു എക്സിക്യൂട്ടർ!. 1898 ആഗസ്റ്റ്‌ 22 നു മാർഗരറ്റിനെ സിഡ്നി വിവാഹം ചെയ്തു. പണക്കാരനാവണമെന്ന  സിഡ്നി യുടെ മോഹം പൂവണിഞ്ഞു!. 

 

1899 ൽ സിഡ്നി ജോർജ് റെയിലി എന്ന പേര് സ്വീകരിച്ചു. കൃത്രിമ ബ്രിട്ടീഷ് പാസ്പോർട്ടുമായി ഭാര്യ മാർഗരറ്റിനൊപ്പം സിഡ്നി ജൂൺ മാസം ത്സാറിസ്റ്റ് റഷ്യയിലൂടെ യാത്ര തുടങ്ങി. സെന്റ്‌.പീറ്റേഴ്സ് ബർഗ്ഗിൽ ഭാര്യയെ നിർത്തി സിഡ്നി കൊക്കാസസ് എന്ന പ്രദേശത്തേക്ക് യാത്ര തിരിച്ചു. എണ്ണ നിക്ഷേപങ്ങൾ കണ്ടെത്തുകയായിരുന്നു സിഡ്നി യുടെ ലക്ഷ്യം. ബ്രിട്ടീഷ് ഗവണ്മെന്റിനു ഈ വിവരങ്ങൾ കൈമാറി സിഡ്നി പ്രതിഫലം പറ്റി. കുറച്ചു കാലം ഈജിപ്റ്റിലെ പോർട്ട്‌ സെയിദിൽ താമസത്തിനു ശേഷം 1901 ൽ ഫാർ ഈസ്റ്റിനു യാത്ര തിരിച്ചു. പിന്നീട് മഞ്ചൂരിയയിലെ പോർട്ട്‌ ആർത റിലേക്ക് സിഡ്നി നീങ്ങി ( Russo-Japanese War നു മുമ്പ്-The Russo-Japanese War was fought between the Russian Empire and the Empire of Japan over rival imperial ambitions in Manchuria and Korea  )  പോർട്ട്‌ ആർതർ ജപ്പാന്റെ ആക്രമണ ഭീതി നേരിടുന്ന സമയമായിരുന്നു അത്. സിഡ്നി ഒരു ഡബിൾ എജെന്റായി ജപ്പാനും ബ്രിട്ടനും വേണ്ടി ജോലി തുടങ്ങി!. അവിടെ യുദ്ധ സാഹചര്യങ്ങൾക്ക് അനുസൃതമായി മോയിസി അകിനോവിച്ച് ജിൻസ്ബെർഗ് എന്ന പങ്കാളിയോടൊപ്പം സാധനങ്ങൾ വാങ്ങിയും വിറ്റും പണ മുണ്ടാക്കിക്കൊണ്ടിരുന്നു !.

 

1904 ൽ സിഡ്നി യും ഹോ ലിയാങ്ങ് ഷങ്ങ് എന്ന ചൈനീസ് എഞ്ചിനീയറും കൂടി പോർട്ട്‌ ആർതറിന്റെ ഡിഫൻസ് പ്ലാൻ ചോർത്തി ജപ്പാൻ നേവിക്ക് കൈമാറി!. ഫെബ്രുവരി 8/9 നോ രാത്രിയിൽ ജപ്പാൻ ആക്രമണം അഴിച്ചുവിട്ടെങ്കിലും റഷ്യ അതിൽ വിജയം കണ്ടു. സിഡ്നി പിന്നീട് ഇമ്പീരിയൽ ജപ്പാനിലേക്ക് തന്റെ ചാര പ്രവർത്തനത്തിന്റെ പ്രതിഫലം പറ്റാൻ നീങ്ങി. 1904 ജൂണിൽ ഫ്രാൻസിൽ പാരീസിൽ വച്ച് സിഡ്നി വീണ്ടും മെൽവില്ലെയെ കണ്ടുമുട്ടി. 1905 ൽ സിഡ്നി വീണ്ടും റഷ്യയിലേക്ക് നീങ്ങി. 

 

1909 ഒക്ടോബറിൽ British ‘Secret Service Bureau’ ടെ ഒരു എജെന്റായി സിഡ്നിയെ പ്രതിഷ്ടിച്ചു. 1909 ൽ Karl Hahn എന്ന പേരിൽ ജർമ്മനിയുടെ ആയുധ പദ്ധതികൾ മോഷ്ടിച്ച് 4 കഷണങ്ങളായി മുറിച്ച് ബ്രിട്ടീഷ് ഇന്റെലിജെന്സിനു സിഡ്നി അയച്ചുകൊടുത്തു!. 1917 ൽ സിഡ്നി ‘Royal Flying Corps’  ൽ ജോലിക്ക് പ്രവേശിച്ചു. 

 

1918 ൽ വ്ലാദിമർ ലെനിനെ കൊല്ലാൻ ബ്രിട്ടീഷ് ഇന്റെലിജെൻസ്‌ ഒരു പദ്ധതിയിട്ടു. ബോൾഷെവിക് കക്ഷിയെ പുറത്താക്കുകയായിരുന്നു അവരുടെ ലക്‌ഷ്യം. സിഡ്നിയെ ട്രെയിൻ ചെയ്തു മോസ്കൊയ്ക്ക് വിട്ടു!. ആന്റി ബോൾഷെവിക് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് ഒരു പദ്ധതി പ്രാവർത്തികമാക്കാൻ സിഡ്നി ശ്രമിച്ചെങ്കിലും അത് പാളിപ്പോയി. 1919 ജനുവരി 22 നു സേവനങ്ങൾക്കുള്ള ബഹുമതിയായി ‘Military Cross’ സിഡ്നിക്ക് ലഭിച്ചു. 

 

ആന്റി കമ്മ്യൂണിസ്റ്റ് ഒർഗനൈസേഷനായ ട്രസ്റ്റ്‌ എന്ന സംഘടനയിലുള്ളവരെ കാണാനായി 1925 സെപ്ടംബരിൽ OGPU ചാരന്മാർ സിഡ്നിയെ വശീകരിച്ച് ബോൾഷെവിക് റഷ്യയിൽ എത്തിച്ചു. ഓപ്പറേഷൻ ട്രസ്റ്റ്‌ എന്നായിരുന്നു അതിന്റെ കോഡ് നെയിം. റഷ്യൻ അതിർത്തിയിൽ മോസ്ക്കോയിൽ നിന്നുള്ള ട്രസ്റ്റിന്റെ സീനിയർ മെമ്പർമാർ എന്ന രീതിയിൽ OGPU അണ്ടർ കവർ എജെന്റുമാർ സിഡ്നിയെ പരിചയപ്പെട്ടു!. അണ്ടർ കവർ എജെന്റുമാരിൽ ഒരാളായ അലക്സാണ്ടാർ യകുഷെവ് ആ കൂടിക്കാഴ്ചയെ പിന്നീട് വിശേഷിപ്പിച്ചത് ഇങ്ങനെയാണ്

 

 “The first impression of [Sidney Reilly] is unpleasant. His dark eyes expressed something biting and cruel; his lower lip drooped deeply and was too slick—the neat black hair, the demonstratively elegant suit. […] Everything in his manner expressed something haughtily indifferent to his surroundings “.

 

ഫിന്നിഷ് അതിർത്തി കടന്ന സിഡ്നിയെ അറസ്റ്റ് ചെയ്ത് കുപ്രസിദ്ധമായ ലുബ്യാങ്ക തടവറയിലെത്തിച്ചു. റോമൻ പിലർ എന്ന ഉധ്യോഗസ്ഥന്റെ മുന്നിൽ സിഡ്നി യെ ഹാജരാക്കി. സിഡ്നി യുടെ സുഹൃത്തായ ആന്റി കമ്മ്യൂനിസ്റ്റായ ബോറിസ് സാവിന്കൊവിനെ വധശിക്ഷക്ക് വിധിച്ചതും ഇയാൾ തന്നെയാണ്. 1918 ലെ ബോൾഷെവിക് ഗവണ്മെന്റിനു എതിരായുള്ള  കൗണ്ടർ റെവലൂഷണറി പ്ലോട്ടിൽ പങ്കെടുത്തതിന്റെ കുറ്റം ആരോപിച്ച് സിഡ്നി യെ വധശിക്ഷക്ക് റോമൻ വിധിച്ചു. ചോദ്യം ചെയ്യലിനിടയിൽ ഫിന്നിഷ് അതിർത്തി കടക്കാൻ ശ്രമിച്ച സിഡ്നി യെ വെടിവച്ചു കൊന്നുവെന്നു പൊതുജനങ്ങളെ അറിയിച്ചു. 

 

എന്നാൽ ചരിത്രകാരന്മാർ പറയുന്നത് OGPU  കസ്റ്റഡിയിൽ ക്രൂരമായ ഭേദ്യം ചെയ്യലിന് സിഡ്നി വിധേയനായി എന്ന് പറയുന്നു. അതിനെ കുറിച്ച് ചെറിയ കടലാസുകളിലും സിഗരറ്റ് കൂടുകളിലുമായി ഒരു ഡയറിക്കുറിപ്പ്‌  സിഡ്നി തയ്യാരാക്കിയിരുന്നുവെന്നും തടവറയിലെ ഭിത്തിയിലെ പ്ലാസ്ടർ വർക്കിൽ ഒളിപ്പിച്ചിരുന്നുവെന്നും പറയപ്പെടുന്നു!.  OGPU ചാരന്മാരുടെ വിശധമായ ചോദ്യം ചെയ്യലിനെ കുറിച്ചുള്ള ആ റിപ്പോർട്ട് രക്ഷപെടുകയാണെങ്കിൽ ബ്രിട്ടീഷ് ചാരസംഘടനയുടെ ശ്രദ്ധ പിടിച്ചു പറ്റുമെന്ന് സിഡ്നി കരുതിയിരുന്നു!. എന്നാൽ സിഡ്നിയുടെ മരണശേഷം സോവിയറ്റ് ഗാർഡുകൾ ആ ഡയറി കണ്ടെത്തിയെന്നും OGPU എജെന്റുമാർ അത് കാമറയിൽ പകർത്തിയെന്നും പറയുന്നു.

 

2000 ൽ പുറത്തുവിട്ട ബ്രിട്ടീഷ് ഇന്റെലിജെൻസ്‌ ഡോകുമെന്റ്സ് പ്രകാരം മോസ്കോക്ക് സമീപമുള്ള ഒരു വനപ്രദേശത്ത് 1925 നവംബർ 5, ബുധനാഴ്ച സിഡ്നിയെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പറയുന്നു. ദൃക്സാക്ഷിയായ ബോറിസ് ഗുട്സിന്റെ  അഭിപ്രായത്തിൽ OGPU  ഓഫീസറായ ഗ്രിഗറി ഫെടുലീവിന്റെ നേതൃത്വത്തിൽ ജോർജ് സിരോഷ്കിൻ എന്നയാളാണ് സിഡ്നിയുടെ മാറിലേക്ക് വെടി ഉതിർത്തത്. സ്റ്റാലിന്റെ നേരിട്ടുള്ള ഉത്തരവായിരുന്നു അതെന്നും ഗുഡ്സ് പറഞ്ഞു. പിന്നീട് പല ഊഹാപോഹങ്ങളും കേട്ടു. സിഡ്നി രക്ഷപെട്ടുവെന്നും, കൂറുമാറി സോവിയറ്റ് ഇന്റെലിജെൻസിന്റെ ഉപദേശകനായി എന്നുമായിരുന്നു!.

വേഷം മാറലിൽ അതി വിദഗ്ദ്ധനായിരുന്നു സിഡ്നി. സിഡ്നിയുടെ സാഹസിക കൃത്യങ്ങളിൽ കുറച്ച് മാത്രമാണ് എഴുതിയിട്ടുള്ളൂ. 

സിഡ്നിയുടെ ജീവിതം അന്നും ഇന്നും ഒരു ദുരൂഹതയായി അവശേഷിക്കുന്നു.

By James  Xaviour  

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ