കേരളത്തിലെ പാമ്പുകള്‍ - 1

Share the Knowledge

പാമ്പുകളുടെ വംശോല്പത്തി ഏകദേശം ജുറാസ്സിക് കാലഘട്ടത്തില്‍ ആണെന്നാണ്‌ പൊതുവേയുള്ള വിശ്വാസം.കടല്‍ ജീവികളായ മീസോ സോറുകള്‍ ആണ് അവയുടെ ആദിമ പിതാമഹന്മാര്‍ എന്ന് ഒരു വിഭാഗം ശാസ്ത്രകാരന്മാര്‍ പറയുന്നു.കാലുള്ള ജീവികളില്‍ നിന്ന് പരിണാമം സംഭവിച്ചു അവ വെള്ളത്തിലും കരയിലും മരത്തിനു മുകളിലും എല്ലാം താമസം തുടങ്ങി.ലോകത്തില്‍ ആകെ മൂവായിരത്തി അഞ്ഞൂറിലധികം ഇനം പാമ്പുകളുണ്ട്‌.നമ്മുടെ കേരളത്തില്‍ നൂറ്റി ഏഴു ഇനം പാമ്പുകളുണ്ടെന്നു സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ ഡോക്ടര്‍ മുഹമ്മദ്‌ ജാഫെര്‍ പാലോട്ട് പറയുന്നു.
കേരളത്തിലെ പാമ്പുകളെ വിശദമായി പരിചയപ്പെടുന്നതിനു മുന്‍പ്  നമുക്ക് പാമ്പുകളെക്കുറിച്ച് പൊതുവായി ചില കാര്യങ്ങള്‍ മനസ്സിലാക്കാം.

പാമ്പുകളെ പതിനൊന്നു കുടുംബങ്ങളായി തരം തിരിച്ചിരിക്കുന്നു

 1. റ്റിഫ്ലോപിടെ
 2. ലെപ്ടോ ടിഫ്ലോപിടെ
 3. യൂറോ പെല്‍ട്ടിടെ
 4. സീനോപെല്‍ടിടെ
 5. ബോയിടെ
 6. അക്രോ കോര്ടിടെ
 7. കൊളുബ്രിടെ
 8. ദാസിപെല്ടിടെ
 9. ഇലാപിടെ
 10. വൈപെറിടെ
 11. ഹൈട്രോഫിടെ

ഇത്രയും കുടുംബങ്ങളിലായി ഇരുനൂറ്റി എഴുപത്തെട്ട് ഇനം പാമ്പുകള്‍ ആണ് ഇന്ത്യയില്‍ ഉള്ളത്.[റോമുലസ് വിറ്റാക്കെര്‍-സ്നേക്സ് ഓഫ് ഇന്ത്യ ദി ഫീല്‍ഡ് ഗൈഡ്]

വളരെ വലിപ്പമുള്ളവ മുതല്‍ ചെറിയ നൂല് പോലുള്ളവ വരെയുണ്ട് പാമ്പുകളുടെ കൂട്ടത്തില്‍.ദിനോസോറുകളുടെ കുട്ടികളെ ആഹാരമാക്കുന്ന പാമ്പുകള്‍ പോലും  ജുറാസ്സിക് കാലഘട്ടത്തില്‍ ജീവിച്ചിരുന്നെന്നു അടുത്ത കാലത്ത് ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തുകയുണ്ടായി.  എങ്കിലും ടൈട്ടാണോബോവ എന്ന പാമ്പുകള്‍ ആയിരുന്നത്രെ ലഭ്യമായ തെളിവുകള്‍ വെച്ച് ജീവിച്ചിരുന്നതില്‍ ഏറ്റവും വലുത്. നാല്പതു മുതല്‍ അമ്പതു വരെ അടി നീളവും ഒരു മീറ്ററിലധികം വണ്ണവും ഒന്നര ടണ്ണോളം  തൂക്കവും ഉണ്ടായിരുന്ന ഈ ഭീമന്‍ പാമ്പിന്റെ ഫോസില്‍ കണ്ടുകിട്ടിയത് കൊളംബിയയിലെ സിരിജോണ്‍ കല്‍ക്കരി ഖനിയില്‍ നിന്നായിരുന്നു.ടോരോന്ടോ യൂനിവേര്സിട്ടിയിലെ പ്രോഫസ്സര്‍ ജേസന്‍ ഹെഡിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഖനിയില്‍ നിന്ന് ഇതിന്റെ ഫോസിലുകള്‍ കണ്ടെടുത്തത്.അനകൊണ്ടാകളെയും കൂടുതല്‍ കാണപ്പെടുന്നത് ഈ പ്രദേശത്തെ ചതുപ്പുകളില്‍ തന്നെയാണ്. പക്ഷെ അനാക്കൊണ്ടയെക്കള്‍ മൂന്നിരട്ടി തൂക്കവും ഇരട്ടിയോളം നീളവും ഉണ്ടായിരുന്നു ഇവയ്ക്ക്. 

ഇന്ന് ലോകത്തില്‍ ജീവിച്ചിരിക്കുന്ന പാമ്പുകളില്‍ വണ്ണവും തൂക്കവും പലപ്പോഴും കൂടുതല്‍ കാണപ്പെടുന്നത് അനാക്കൊണ്ടാകള്‍ക്കാനെങ്കിലും നീളം കൂടുതലുള്ളത് റെറ്റി കുലെട്ടെദ് പെരുംപാമ്പുകള്‍ക്കാണ്  [Python reticulatus]. പത്ത് മീറ്റര്‍ നീളമുള്ള ഒരു പെരുംപാമ്പാണ് നീളത്തിന്റെ കാര്യത്തില്‍ നിലവിലുള്ള റിക്കോര്ഡ്. എങ്കിലും സാധാരണയായി പെരുംപാമ്പുകള്‍ക്ക് ആറു മീറ്റരാന് നീളം എന്നുള്ള കാര്യം ആലോചിച്ചാല്‍ഏകദേശം അറുപതു മില്ലിയന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന  ഈ ഭീമന്റെ വലിപ്പം നമുക്ക് ഊഹിക്കാന്‍ കഴിയും.  നീളത്തിന്റെ കാര്യത്തില്‍ രേട്ടിക്കുലെട്ടദ് പെരുമ്പാമ്പും ഭാരത്തിന്‍റെ കാര്യത്തില്‍ അനാക്കൊണ്ടയും ആണ് കേമന്മാരെങ്കിലും വലിപ്പ കുറവിന്റെ കാര്യത്തില്‍ കുരുടിപ്പാമ്പുകള്‍ക്കാന് ഒന്നാം സ്ഥാനം.നമുക്കും സുപരിചിതരായ ഇവയ്ക്ക് ഏതാനും സെന്റി മീറ്ററുകള്‍ മാത്രമാണ് നീളം.  

പാമ്പുകളുടെ ശരീരം ശല്‍ക്കങ്ങള്‍ കൊണ്ട് പൊതിഞ്ഞതാണ്.കെരാറ്റിന്‍ എന്നറിയപ്പെടുന്ന ഒരിനം പ്രോട്ടീന്‍ കൊണ്ടാണ് മിനുസമുള്ള ഈ ശല്‍ക്കങ്ങള്‍ രൂപം കൊണ്ടിട്ടുള്ളത്.ഘര്‍ഷണം കുറയ്ക്കാനും ശരീരത്തില്‍ മാലിന്യങ്ങള്‍ പിടിക്കാതിരിക്കാനും ഈ ശല്‍ക്കങ്ങള്‍ പാമ്പിനെ കുറച്ചൊന്നുമല്ല സഹായിക്കുന്നത്.നമ്മുടെ മുടിയും നഖവുമെല്ലാം ഇതേ പ്രോട്ടീന്‍ കൊണ്ട് തന്നെയാണ് രൂപം കൊണ്ടിട്ടുള്ളത്.  പാമ്പിന്റെ ശല്ക്കതിനെ ‘സ്കെയില്‍'[scale] എന്നാണു ഇംഗ്ലീഷില്‍ വിളിക്കുന്നത്‌.പുറം ഭാഗത്തുള്ളവ Dorsal Scales എന്നും അടിഭാഗത്തുള്ളവ Ventral Scales അഥവാ Ventral Scutes എന്നും തലയിലുള്ള വലിയ ശല്‍ക്കങ്ങള്‍ Head Shields എന്നും അറിയപ്പെടുന്നു.ഓരോ ഇനം പാമ്പുകള്‍ക്കും ഒരു നിശ്ചിത എണ്ണം ശല്‍ക്കങ്ങള്‍ ആയിരിക്കും ജനിക്കുമ്പോള്‍ മുതല്‍  ഉണ്ടായിരിക്കുക. വളര്‍ച്ചക്കനുസരിച്ച്‌ ഈ ശല്‍ക്കങ്ങളും വലുതാവുമെന്നല്ലാതെ അവയുടെ എണ്ണത്തില്‍ വ്യത്യാസം വരാറില്ല. പാമ്പുകളുടെ ഇനം തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു ഘടകമാണ് അവയുടെ ശല്ക്കങ്ങളുടെ എണ്ണം. പ്രധാനമായി രണ്ടു തരം ശല്‍ക്കങ്ങള്‍ പാമ്പുകളില്‍ കാണപ്പെടുന്നു.ചേര, മൂര്‍ഖന്‍ തുടങ്ങിയവില്‍ കാണപ്പെടുന്നത് പോലുള്ള മിനുസമുള്ള ശല്‍ക്കങ്ങളും അണലി വര്‍ഗത്തില്‍ പെട്ട പാമ്പുകളില്‍ കാണപ്പെടുന്നതു പോലുള്ള നടുഭാഗം നീളത്തില്‍ അല്‍പ്പമൊന്നു തടിച്ചുയര്‍ന്ന പരുക്കന്‍ ശല്‍ക്കങ്ങളും.ഇവ Keeled Scales എന്നാണ് അറിയപ്പെടുന്നത്. ഉദര ശല്‍ക്കങ്ങളും പ്രധാനമായി രണ്ടു വിധത്തിലുണ്ട്.വയറിന്റെ ഒരു വശം തൊട്ടു മറു വശം വരെ വീതിയുള്ളതും അത്ര വീതി ഇല്ലാത്തതും.വീതി കുറഞ്ഞ ഉദര ശല്‍ക്കങ്ങള്‍ സാധാരണയായി വിഷമില്ലാത്ത പാമ്പുകളിലാണ് കാണാറുള്ളത്‌. ഉദര ശല്‍ക്കങ്ങള്‍ അവസാനിച്ചു വാല്‍ ശല്‍ക്കങ്ങള്‍ ആരംഭിക്കുന്നതിനു തൊട്ടു മുന്‍പുള്ള ശല്ക്കമാണ് ഗുദശല്ക്കം.[Anal Shield] ഇത് ചിലപ്പോള്‍ ഒറ്റയായിരിക്കും.ചിലപ്പോള്‍ ഇരട്ടയും.അപൂര്‍വമായി മൂന്ന് ഭാഗങ്ങളുള്ളവയും കാണാറുണ്ട്‌. ഗുദ ശല്ക്കതിന്റെ താഴെക്കുള്ളവ വാല്‍ ശല്‍ക്കങ്ങള്‍ എന്നറിയപ്പെടുന്നു.ഇത് ഒറ്റ വരിയായോ ഇരട്ട വരിയായോ കാണപ്പെടാറുണ്ട്. തലയിലെ വലിപ്പം കൂടിയ ശല്ക്കങ്ങളെ ശീല്‍ടുകള്‍ എന്ന് വിളിക്കുന്നു.ഇതിന്റെ എണ്ണവും പൊതുവേ ഓരോ പാമ്പിലും വ്യത്യസ്ഥമായിരിക്കും. ഓരോ ശീല്ടിനും ഓരോ പ്രത്യേക പേരുകളും നല്‍കപ്പെട്ടിട്ടുണ്ട്.കീഴ്താടിയുടെ അടിഭാഗത്തെ ശീല്ടുകള്‍ക്കുമുണ്ട് ഇത് പോലെ പ്രത്യേക പേരുകള്‍.

പാമ്പിന്റെ കണ്ണുകള്‍ക്ക്‌ പുറമേ സുതാര്യമായ ഒരു ആവരണമുണ്ട് ഇത് ബ്രില്‍ എന്നാണ് അറിയപ്പെടുന്നത്.കണ്ണില്‍ കരടും പൊടിയുമൊക്കെ വീഴാതിരിക്കാനുള്ള അനുകൂലനമാണിത്.മാളങ്ങളില്‍ ഇഴഞ്ഞു കയറുമ്പോഴും മറ്റും ഇതിനുള്ള സാധ്യത വളരെ കൂടുതലാണല്ലോ. കണ്ണിലെ കൃഷ്ണ മണിക്ക് പക്ഷെ പല ഇനം പാമ്പുകളിലും പല ആകൃതിയാണ്. പകല്‍ ഇര തേടുന്നവക്കു വൃത്താകൃതിയും രാത്രി ഇര തേടുന്നവക്കു ലംബാകൃതിയും. കണ്ണിനു പുറമേ ബ്രില്‍ എന്നാ ആവരണം ഉള്ളത് കൊണ്ടാവാം,പാമ്പുകള്‍ക്ക് കണ്‍ പോളകള്‍ ഇല്ല. 

AB045_Scales_on_a_snakes_head

പാമ്പുകള്‍ക്ക് ബാഹ്യ കര്‍ണ്ണങ്ങള്‍ ഇല്ല.അത് കൊണ്ട് അവയ്ക്ക് വായുവിലൂടെ വരുന്ന ശബ്ദ തരംഗങ്ങള്‍ കേള്‍ക്കാന്‍ കഴിയില്ല.പ്രതലത്തിലൂടെ വരുന്ന ശബ്ദ സ്പന്ദനങ്ങള്‍ അവ ആന്തര കര്‍ണ്ണത്തിന്റെ ഭാഗത്തുള്ള കൊലുമെല്ല ഓരിസ്‌ എന്ന കാര്ട്ടിലെജ് ഉപയോഗിച്ച് പിടിച്ചെടുക്കുകയാണ് ചെയ്യുക.കീഴ്ത്താടി എല്ലുകളും ഈ കാര്യത്തില്‍ പാമ്പുകളെ സഹായിക്കുന്നുണ്ട്.  മേല്താടിയുടെ മുന്‍ അറ്റത്ത്‌ ഇരു വശങ്ങളിലുമായി ഓരോ സുഷിരങ്ങള്‍ പോലെ കാണപ്പെടുന്നതാണ്  പാമ്പിന്റെ മൂക്ക്.പക്ഷെ മൂക്ക് കൊണ്ടല്ല,നാക്ക് കൊണ്ടാണ് പാമ്പ് പ്രധാനമായും മണം പിടിക്കുക.  അണലി വര്‍ഗത്തില്‍ പെട്ട പാമ്പുകള്‍ക്ക് ആണ് താപ സംവേദന സുഷിരങ്ങള്‍ പ്രധാനമായി കാണപ്പെടുന്നത്‌.പെരുംപാമ്പുകള്‍ക്കുമുണ്ട് ഇരയുടെ ചൂട് അറിയാനുള്ള  ഈ സംവിധാനം.കണ്ണിനും മൂക്കിനും ഇടയില്‍ കാണപ്പെടുന്ന ഈ സുഷിരങ്ങള്‍ ഉപയോഗിച്ച് പാമ്പ് കൂരിരുട്ടില്‍ പോലും ഇരയുടെ ഒരു താപ ഫോട്ടോ തലച്ചോറില്‍ തയ്യാറാക്കും.കൃത്യമായി അതിനെ പിടി കൂടുകയും ചെയ്യും.0.003 degree Celsius ചൂട് പോലും അവയ്ക്ക് ഈ സുഷിരങ്ങള്‍ ഉപയോഗിച്ച് പിടിച്ചെടുക്കാന്‍ കഴിയും. 

ഇത്രയുമല്ലാതെ പാമ്പുകളുടെ ശരീരത്തിന് പുറമേ കാണപ്പെടുന്ന അവയവം അവശിഷ്ട പാദം മാത്രമാണ്.പെരുമ്പാമ്പ്‌ പോലുള്ള പാമ്പുകളുടെ ഗുദ ശല്ക്കത്തിനു ഇരു വശത്തും ആയാണ് അവശിഷ്ട പാദങ്ങള്‍ കാണപ്പെടുന്നത്‌. കാലുള്ള ജീവികള്‍ പരിണമിച്ചാണ് പാമ്പുകള്‍ ഉണ്ടായതെന്നുള്ളതിന്റെ തെളിവായി ശാസ്ത്രജ്ഞന്മാര്‍ ഇത് കണക്കു കൂട്ടുന്നു.പിന്‍ കാലുകളുടെ അവശിഷ്ടമാണ് Anal Spur എന്ന് കൂടി അറിയപ്പെടുന്ന ഈ ഭാഗം. 

എഴുതിയത് : ഉണ്ണികൃഷ്ണന്‍ 

http://www.facebook.com/pampunni

12509333_10206397980961879_7904411516612306035_n

 

 

 

ഭാഗം ഒന്ന് 

ഭാഗം രണ്ട് 

ഭാഗം മൂന്ന് 

ഭാഗം നാല് 

ഭാഗം അഞ്ച് 

ഭാഗം  ആറു 

ഭാഗം ഏഴ് 

ഭാഗം എട്ട് 

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ