കേരളത്തിലെ പാമ്പുകള്‍ - 2

Share the Knowledge

പാമ്പ്-ആന്തര ഘടന

പാമ്പുകള്‍ക്ക് ഒരു കുഴല്‍ പോലെ നീണ്ട ശരീരമായതു കൊണ്ട് അതിന്റെ ആന്തരാവയവങ്ങളും ഒരു കുഴല്‍ ശരീരത്തിനു അനുയോജ്യമായ ആകൃതിയിലാണ് ഉള്ളത്. ഒന്നിനോടൊന്നു ചേര്‍ത്ത് വെച്ചത് പോലുള്ള നാനൂറിലേറെ കശേരുക്കളും അവയുടെ ഇരുവശങ്ങളിലെക്കുമുള്ള വാരിയെല്ലുകളും ആണ് ഒറ്റനോട്ടത്തില്‍ പാമ്പിന്റെ അസ്ഥികൂടത്തില്‍ കാണാന്‍ കഴിയുക.   പാമ്പിന്റെ താടിയെല്ലുകളുടെ പിന്‍ഭാഗം ഇലാസ്തികതയുള്ള ലിഗമെന്റുകള്‍ കൊണ്ട് മാത്രം ബന്ധിപ്പിച്ചിരിക്കുന്നത് കൊണ്ട് പാമ്പിനു വായ വളരെ വലിപ്പത്തില്‍ തുറക്കാനും വായയെക്കാള്‍ വലിപ്പമുള്ള ഇരകളെ പോലും നിഷ്പ്രയാസം വിഴുങ്ങാനും കഴിയും .  പാമ്പിന്റെ ആന്തരാവയവങ്ങളുടെ ചിത്രം താഴെ കൊടുത്തിരിക്കുന്നു. ഇടതു ശ്വാസകോശം വളരെ ചുരുങ്ങി ചെറുതായി പോയിരിക്കുന്നു എന്നാ കാര്യം ശ്രദ്ധിക്കുക.വലതു ശ്വാസകോശത്തിന് ശരീരത്തിന്റെ മൂന്നിലൊന്നു നീളമുണ്ട് താനും.  ഇര വിഴുങ്ങുമ്പോള്‍ പലപ്പോഴും പാമ്പുകള്‍ക്ക് ശ്വാസ തടസ്സം നേരിടാറുണ്ട്.ഇത് മറികടക്കാനുള്ള ഒരു സംവിധാനമാണ് Glottis breathing.വായയുടെ ഉള്ളില്‍ നാവിനടിയിലായിക്കാണുന്ന ശാസ നാളിയുടെ മുന്നറ്റം ആണ് ഗ്ലോട്ടിസ് എന്നറിയപ്പെടുന്നത്.വായക്കുള്ളില്‍ ഇരയുള്ളപ്പോള്‍ പാമ്പിന്റെ ശ്വാസോച്ച്വാസം ഇതിലൂടെ ആകും. 

ഇങ്ങനെ വായക്കുള്ളില്‍ എത്തുന്ന ഇരയെ ദഹിപ്പിക്കാന്‍ അവിടെ വെച്ചു തന്നെ ഉമിനീരിന്റെ പ്രവര്‍ത്തനം തുടങ്ങും.വീര്യം കൂടിയ ഉമിനീരുള്ളവയെ നമ്മള്‍ വിഷപ്പാമ്പുകള്‍ എന്നും വീര്യം കുറഞ്ഞ ഉമിനീരുള്ളവയെ വിഷമില്ലാത്തവ എന്നും വിളിക്കുന്നു.അതായത് വിഷമില്ലാത്ത പാമ്പുകള്‍ ഇല്ല.വിഷ വീര്യത്തിന്റെ കാര്യത്തിലേ അവ തമ്മില്‍ വ്യത്യാസം ഉള്ളു. ഈ വിഷം അഥവാ വീര്യമുള്ള ഉമിനീര്‍ പല്ലുകളിലേക്ക് എത്തുന്ന രീതിക്കനുസരിച്ച് പാമ്പുകളെ വിഷപ്പല്ല് ഇല്ലാത്തവ,[Aglypha],പിന്നില്‍ വിഷപ്പല്ല് ഉള്ളവ [Opisthoglypha],മുന്നില്‍ വിഷപ്പല്ല് ഉള്ളവ [Proteroglypha],വളരെ വികാസമുള്ള മടക്കി വെക്കാവുന്ന വിഷപ്പല്ലുള്ളവ [Solenoglypha]എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്.പഴയ കാലത്ത് ആയുര്‍വേദവും ഇങ്ങനെ നാല് തരം വിഷ പല്ലുകളെ കുറിച്ച് പറഞ്ഞിരുന്നു.കടിയേല്‍ക്കുന്ന ആളില്‍ ഉണ്ടാകുന്ന പ്രതികരണങ്ങളെ അടിസ്ഥാനമാക്കി മകരി മരാളി, കാളരാത്രി, യമദൂതി എന്നിങ്ങനെയായിരുന്നു ആ തരം തിരിവ്.  പാമ്പിന്റെ വായയോടു ബന്ധപ്പെട്ടു കാണുന്ന മറ്റൊരു അവയവമാണ് ജേക്കബ്സന്‍സ് അവയവം [Jacobsons organ]. ഇടയ്ക്കിടെ പുറത്തേക്ക് നീട്ടുന്ന നാവില്‍ പറ്റിപ്പിടിക്കുന്ന ഗന്ധ തന്മാത്രകളെ പാമ്പ് തിരിച്ചറിയുന്നത്‌ ഈ അവയവത്തിന്റെ സഹായത്തോടെയാണ്. 

ഇനിയുള്ളത് പാമ്പ് ആണോ പെണ്ണോ എന്നറിയുന്ന കാര്യമാണ്.ഗുദശല്ക്കത്ത്തിന്റെ അടിയില്‍ ഗുദ ദ്വാരത്തില്‍ വാലിന്റെ ദിശയില്‍ ചെറിയ ഒരു അന്വേഷണ ദണ്ട് കടത്തി നോക്കിയാണ് സാധാരണയായി പാമ്പുകളുടെ ഇനം തിരിച്ചറിയുന്നത്‌.ആണ്‍ പാമ്പാണ് എങ്കില്‍ ദണ്ട് ഏകദേശം എട്ടാമത്തെ വാല്‍ ശല്ക്കം വരെയോ അതില്‍ കൂടുതലോ ഇറങ്ങി ചെല്ലും.പെണ്‍പാമ്പിന്റെ ഒന്നാമത്തെയോ രണ്ടാമത്തെയോ വാല്‍ ശല്ക്കം വരെ മാത്രമേ ദണ്ട് ഇറങ്ങി ചെല്ലുകയുള്ളു. ഗുദ ശല്ക്കത്തിന്റെ ഇരു വശത്തും കൈ വിരല്‍ ഉപയോഗിച്ചു അമര്‍ത്തിയാല്‍ ആണ്‍ പാമ്പാണ് എങ്കില്‍ അതിന്റെ ഇരട്ട ലിംഗം പുറമേക്ക് തള്ളി വരും.ഇങ്ങനെയും ആണ്‍ പാമ്പുകളെ തിരിച്ചറിയാം.ഈ ഇരട്ട ലിംഗം അകം പുറം മറിഞ്ഞു ഉള്ളിലേക്ക് കയറി ഇരിക്കുന്നത് കൊണ്ടാണ് അന്വേഷണ ദണ്ട് ആണ്‍ പാമ്പില്‍ അത്ര അധികം താഴേക്കു ഇറങ്ങിപ്പോകുന്നത് . 

പാമ്പുകളുടെ ചലന രീതി

ബയോ മെക്കാനിക്സില്‍ വിദഗ്ധനായ പ്രൊഫെസര്‍ കാള്‍ ഗാന്‍സ് പറയുന്നത് പാമ്പുകള്‍ക്ക് നാല് തരം ചലന രീതികള്‍ ഉണ്ടെന്നാണ്.
1. സര്‍പ്പിള ചലനം[Serpentine or Undulating Motion]                                 പാമ്പുകളില്‍ സാധാരണ കണ്ടു വരുന്ന ചലന രീതിയാണിത്. ‘S’ ആകൃതിയില്‍ പാമ്പ് ശരീരം വശങ്ങളിലേക്ക് വളക്കുകയും പ്രതലത്തില്‍ പിന്നിലേക്ക്‌ ബലം പ്രയോഗിച്ചു കൊണ്ട് മുന്നിലേക്ക്‌ നീങ്ങുകയും ചെയ്യും.
ഉദാ; ചേര
 2. കണ്സെര്ട്ടിന ചലന രീതി [Concertina Motion]                                  മരം കയറി പാമ്പുകളിലാണ് ഇത്തരം ചലന രീതി കാണുന്നത്.ഇതില്‍ പാമ്പ് ശരീരത്തിന്റെ മുന്‍ ഭാഗം മുന്‍പില്‍ ഒരു സ്ഥലത്ത് ഉറപ്പിക്കുകയും ബാക്കി ഭാഗം അങ്ങോട്ട്‌ വളച്ചു വലിച്ചു വെക്കുകയും ചെയ്യും
ഉദാ; വില്ലൂന്നി
3. നേര്‍ രേഖാ ചലനം.[Rectilinear Motion]                                   തടിച്ച ശരീരമുള്ള പാമ്പുകളിലാണ് ഇത്തരം ചലന രീതി പൊതുവേ കാണപ്പെടുന്നത്.ശരീരം വശങ്ങളിലേക്ക് വളക്കാതെ ഏകദേശം ഒരു നേര്‍ രേഖയില്‍ ചില പുഴുക്കളും മറ്റും മുന്നോട്ടു അരിച്ചു നടക്കുന്നത് പോലെയുള്ള ചലന രീതിയാണിത്.ഇതില്‍ വാരിയെല്ലുകള്‍ കാലു പോലെ  ഉപയോഗിച്ചു പാമ്പ് മുന്നോട്ടു നടന്നു നീങ്ങുന്നത്‌ പോലെ തോന്നും.
ഉദാ;പെരുമ്പാമ്പ്‌.
4. വശങ്ങളിലെക്കുള്ള ചലനം.[Side Winding]                                      മരുഭൂമിയിലെ പാമ്പുകളില്‍ കാണപ്പെടുന്ന ചലന രീതിയാണിത്.ഇതില്‍ പാമ്പുകളുടെ ചലനം പൂര്‍ണ്ണമായും വശങ്ങളിലേക്ക് ആണ്.
ഉദാ; മരുഭൂമിയിലെ പാമ്പുകള്‍

ഭക്ഷണം
                        പാമ്പുകളില്‍ സസ്യാഹാരികള്‍ ഇല്ല.എല്ലാ പാമ്പുകളും ജീവനുള്ള മാംസാഹാരമാണ് കഴിക്കുന്നത്‌.എന്നാലും ഗതികെട്ടാല്‍ അവ ചത്തതോ ചീഞ്ഞത് പോലുമോ തിന്നേക്കാം.കടിച്ചു ചവച്ചു തിന്നാനോ വലിച്ചു കുടിക്കാനോ പറ്റുന്ന രീതിയിലല്ല അവയുടെ വായയുടെ ഘടന.അത് കൊണ്ട് തന്നെ അവ മുട്ട കൊത്തിക്കുടിക്കുമെന്നുള്ളത് തെറ്റായ ധാരണയാണ്.സത്യത്തില്‍ അവ മുട്ട വിഴുങ്ങുകയാണ് ചെയ്യുക.ഇങ്ങനെ വിഴുങ്ങുന്ന മുട്ടയുടെ തോട് അവ പുറത്തേക്ക് തുപ്പിക്കളയുകയും ചെയ്യും. ഇരയുടെ തല മുതലാണ്‌ പാമ്പ് വിഴുങ്ങുക.നഖം തുടങ്ങിയ കൂര്‍ത്ത ഭാഗങ്ങള്‍ തട്ടി അന്ന നാളം മുറിയാതിരിക്കാനും ഇര തിരിഞ്ഞു കടിക്കാതിരിക്കാനുമൊക്കെ വേണ്ടിയാണ് അവ ഇങ്ങനെ ചെയ്യുന്നത്. ഒരിക്കല്‍ വയറു നിറഞ്ഞാല്‍ പിന്നെ കഴിച്ച ഭക്ഷണം ദഹിച്ചുകഴിഞ്ഞു മാത്രമേ അവ ഭക്ഷണം കഴിക്കൂ.ഇതിനു ചിലപ്പോള്‍ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം.
                                   വിഷപ്പാമ്പുകള്‍ ഇരയെ വിഷം കുത്തിവെച്ചു കൊന്നു വിഴുങ്ങുന്നു.വിഷമില്ലാത്ത പാമ്പുകള്‍ പലപ്പോഴും ഇരയെ ചുറ്റി വരിഞ്ഞു ശ്വാസം മുട്ടിച്ചു കൊന്നു തിന്നുന്നു.എങ്കിലും ചിലപ്പോള്‍ പാമ്പുകള്‍ ഇരയെ ജീവനോടെയും അകത്ത്താക്കാറുണ്ട്.സാധാരണ ഇരകള്‍ പല്ലി,ഓന്ത്,തവള,പക്ഷി തുടങ്ങിയവ ആണെങ്കിലും രാജ വെമ്പാല,വെള്ളിക്കെട്ടന്‍,പവിഴപ്പാമ്പ് തുടങ്ങിയവ പാമ്പുകളെതന്നെ ആഹാരമാക്കാറുണ്ട്.

ഇണ ചേരല്‍

ഒരു പക്ഷെ ഏറ്റവും കൂടുതല്‍ തെറ്റിദ്ധാരണ ഉണ്ടാക്കപ്പെട്ടിട്ടുള്ള ഒരു കാര്യമാണ് പാമ്പുകളുടെ ഇണ ചേരല്‍.ഒരു വര്‍ഗത്തില്‍ പെട്ട പാമ്പുകള്‍ തമ്മിലെ ഇണ ചേരൂ.പഴയ കാലത്ത് ആയുര്‍വേദവും പറഞ്ഞിരുന്നു.മൂര്‍ഖ വര്‍ഗത്തില്‍ പെട്ടവയും രാജില വര്‍ഗത്തില്‍ പെട്ടവയും ഇണ ചേര്‍ന്ന് വേന്തിരന്‍ എന്ന പുതിയൊരു വര്‍ഗം ഉണ്ടാകുമെന്ന്.പക്ഷെ യഥാര്‍ഥത്തില്‍ അങ്ങനെ ഒരിക്കലും സംഭവിക്കാറില്ല.മൂര്‍ഖന്‍ ആണും ചേര അതിന്റെ പെണ്ണും ആണെന്നൊക്കെ പല സ്ഥലത്തും ഉള്ള വിശ്വാസം അടിസ്ഥാന രഹിതവും അബദ്ധവും ആണ്.മൂര്‍ഖന്‍ മൂര്ഖനോടെ ഇണ ചേരൂ.ചേര ചെരയോടും.
                         നാം പലപ്പോഴും പാമ്പുകളുടെ ഇണ ചേരല്‍ എന്ന് പറയാറുള്ളത് അവ തമ്മിലുള്ള പ്രവിശ്യാ യുധ്ധത്തെ ആണ്.ഇണ ചേരല്‍ സമയത്ത് അവ തമ്മില്‍ പിണഞ്ഞു തല ഉയര്‍ത്തി ബല പരീക്ഷണം നടത്താറില്ല.വളരെ ശാന്തരായി ഒരിടത്ത് കിടന്നാണ് അവര്‍ ആ കര്‍മ്മം നിര്‍വഹിക്കുക.പലപ്പോഴും ചുറ്റി പിണയാതെ ചേര്‍ന്ന് കിടന്നു വാല്‍ ഭാഗം മാത്രം അവര്‍ ഒന്നോ രണ്ടോ വട്ടം തമ്മില്‍ ചുറ്റി ചേര്‍ത്ത് വെച്ചു ഗുദ ദ്വാരങ്ങള്‍ ചേര്‍ത്ത് വെക്കും.ആണ്‍ പാമ്പ് പെണ്‍ പാമ്പിന്റെ ശരീരത്തിനു മുകളില്‍ തലയോ ശരീരമോ ഉരസി അവളെ ലൈംഗികമായി ഉണര്ത്തിയെടുക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നെക്കാം എന്ന് മാത്രം.

ഇണ ചേരല്‍ കാലത്ത് പെണ്‍ പാമ്പുകളുടെ ഗന്ധ ഗ്രന്ഥി [Musk Gland] ഉല്‍പ്പാദിപ്പിക്കുന്ന ഫിറോമോനിന്റെ മണം വളരെ ദൂരെ പോലും എത്തുകയും ആണ്‍ പാമ്പുകളുടെ വോമെറോ നേസല്‍ അവയവത്തിലെ സ്തരം ഈ മണം തട്ടുമ്പോള്‍ ഉത്തെജിതമാകുകയും അങ്ങനെ ആണ്പാമ്പുകള്‍ പെണ്പാമ്പുകള്‍ ഉള്ള സ്ഥലം തിരിച്ചറിഞ്ഞു അങ്ങോട്ട്‌ എത്തുകയും ചെയ്യും.

                      ഒരു പാമ്പിനു താമസിക്കാന്‍ ഒരു പ്രത്യേക പ്രവിശ്യ ഉണ്ടായിരിക്കും.അവിടുത്തെ ഏകാധിപതി ആയിരിക്കും അവന്‍.അവന്റെ സാമ്രാജ്യത്തിലേക്ക് മറ്റൊരു ആണ്‍ പാമ്പ് കടന്നു വന്നാല്‍ അവര്‍ തമ്മില്‍ വഴക്കുണ്ടാകും.ഒരു പക്ഷെ നമ്മളെ സംബന്ധിച്ചിടത്തോളം മാതൃകാപരം എന്നൊക്കെ വേണമെങ്കില്‍ പറയാവുന്ന തരം വഴക്ക്.രണ്ടാളും ചുറ്റിപ്പിണഞ്ഞു തല നിലത്തു നിന്ന് ആവുന്നത്ര ഉയര്‍ത്തി പിടിക്കും.എന്നിട്ട് എതിരാളിയുടെ തല നിലത്തു മുട്ടിക്കാന്‍ പരസ്പരം തള്ളും.ആരുടെ തല ആദ്യം നിലത്തു മുട്ടുന്നോ അയാള്‍ പരാജയം സമ്മതിക്കും.എന്നിട്ട് പുതിയൊരു താമസ സ്ഥലം തേടി പോകും.പല ജീവികളിലും കാണുന്ന ഈ പ്രവിശ്യാ യുധ്ധത്തെയാണ് നാം പലപ്പോഴും പാമ്പിന്റെ ഇണ ചേരല്‍ എന്ന് തെറ്റിദ്ധരിക്കുന്നത്.അത് കണ്ടാല്‍ കാണുന്നവന്റെ കണ്ണ് പൊട്ടുമെന്നും മൈലുകളോളം പിന്തുടര്‍ന്നെത്തി പാമ്പുകള്‍ അത് കണ്ട ആളിനെ കടിച്ചു കൊല്ലുമെന്നും ഒരു മൂഡവിശ്വാസവും നിലനിന്നിരുന്നു പണ്ട്.

തുടരും 

എഴുതിയത്  : ഉണ്ണികൃഷ്ണന്‍ 

http://www.facebook.com/pampunni

ഭാഗം ഒന്ന് 

ഭാഗം രണ്ട് 

ഭാഗം മൂന്ന് 

ഭാഗം നാല് 

ഭാഗം അഞ്ച് 

ഭാഗം  ആറു 

ഭാഗം ഏഴ് 

ഭാഗം എട്ട് 

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ