കേരളത്തിലെ പാമ്പുകള്‍ - 3

Share the Knowledge

പ്രത്യുല്പ്പാദനം

മുട്ടയിടല്‍[Ovipary], പ്രസവം [Ovo vivipary] എന്നിവയാണ് പാമ്പുകളില്‍ കണ്ടു വരുന്ന പ്രധാനപ്പെട്ട പ്രത്യുല്പാദന രീതികള്‍.പ്രസവം ശരിയായ അര്‍ഥത്തില്‍ സസ്തനികളിലും മറ്റും കാണുന്ന രീതിയിലുള്ള പ്രസവമല്ല.[Vivipary]. വയറിനുള്ളില്‍ ഇരുന്നു മുട്ട വിരിഞ്ഞു കുഞ്ഞുങ്ങള്‍ പുറത്തു വരികയാണ് ചെയ്യുക.[Ovo vivipary].ഇന്ത്യയിലെ പാമ്പുകളില്‍ ഏകദേശം 25%  -അതായത് ഏതാണ്ട് 60 ഇനം പാമ്പുകള്‍ ഇത്തരത്തില്‍ പ്രസവിക്കുന്നവയാണ്.കവചവാലന്മാര്‍, മന്നൂലിപ്പാമ്പ്, പച്ചില പാമ്പ്, ചതുപ്പ് പാമ്പുകള്‍, കടല്‍ പാമ്പുകള്‍, അണലികള്‍, സുഷിര മണ്ടലികള്‍ എന്നിവ ഈ വിഭാഗത്തില്‍ പെടുന്നു.

ഇണ ചേര്‍ന്ന് 30 മുതല്‍ 50 വരെ ദിവസത്തിനുള്ളില്‍ സാധാരണയായി പെണ്‍ പാമ്പുകള്‍ മുട്ടയിടും. നാല് മുതല്‍ നാല്പതു മുട്ടകള്‍ വരെ ഒറ്റതവണ അവ ഇട്ടേക്കാം.ചിലപ്പോള്‍ പെരും പാമ്പിനെപ്പോലുള്ള വലിയ പാമ്പുകള്‍ നൂറോളം മുട്ടകള്‍ ഇടാറുണ്ട്.60 – 70 ദിവസം കൊണ്ട് മുട്ട വിരിയും.

പാമ്പുകള്‍ക്ക് മൂത്ര സഞ്ചിയില്ല.ദ്രാവക രൂപത്തില്‍ അവ മൂത്രം ഒഴിക്കാറുമില്ല.ജല നഷ്ടം ഉണ്ടാവാതിരിക്കാനുള്ള ഒരു അനുകൂലനം ആണ് ഇത്.പരല്‍ രൂപത്തിലാണ് അവ യൂറിക് ആസിഡ് വിസര്‍ജ്ജിക്കുക.ഈ വിസര്‍ജ്ജ്യത്ത്തിനു ഒരു തരം രൂക്ഷ ഗന്ധമുണ്ടാകും.കപ്പ പുഴുങ്ങുമ്പോള്‍ ഉണ്ടാകുന്നത് പോലെയോ ശീമക്കൊന്നയുടെ വാടിയ ഇലകള്‍ക്ക് ഉള്ളത് പോലെയോ പാട വള്ളി പൂത്തത് പോലെയോ ഉള്ള ഒരു മണം.ഈ മണമാണ് ഇന്നും ചില നാട്ടിന്‍ പുറങ്ങളില്‍ പാമ്പ് വാ പൊളിച്ചത് പോലെ എന്നൊക്കെ പറയപ്പെടുന്ന മണം.പാമ്പിന്റെ വായക്കു പ്രത്യേകിച്ചു മണം ഒന്നുമില്ല.പാമ്പുകളെ വളര്‍ത്തുകയും അടുത്ത് പരിചയപ്പെടുകയം ഒക്കെ ചെയ്തിട്ടുള്ളവര്‍ക്ക്അവയുടെ കാഷ്ടത്തിന്റെ  ഈ മണം പെട്ടെന്ന് തിരിച്ചറിയാം.ഒറ്റ നോട്ടത്തില്‍ ഏകദേശം കോഴിക്കാഷ്ട്ടം പോലെ തന്നെയാണ് പാമ്പിന്‍ കാഷ്ട്ടവും കാണപ്പെടുക. 

പാമ്പുകള്‍ ശീത രക്ത ജീവികളാണ്.അന്തരീക്ഷ താപനിലക്കനുസരിച്ച്ചു ശരീരതാപനില  നിയന്ത്രിക്കാന്‍ അവയ്ക്ക് കഴിയില്ല.അതുകൊണ്ട് തന്നെ ദഹനം ശരിയായി നടക്കണമെങ്കില്‍ ഒരു നിശ്ചിത ഊഷ്മാവ് അത്യാവശ്യമാണ്.അഞ്ചു ഡിഗ്രി സെന്റിഗ്രേഡില്‍ താഴ്ന്നാല്‍ ദഹനം അല്പം പോലും നടക്കില്ല. 35 ഡിഗ്രിയില്‍ കൂടിയാലും ദഹന നിരക്ക് താഴും.ഏകദേശം 24-25 ഡിഗ്രി സെന്റിഗ്രേഡ് ആണ് പാമ്പുകളുടെ ദഹനം സുഗമമായി നടക്കുന്ന ഊഷ്മാവ്.ഇങ്ങനെ നന്നായി ദഹനം നടന്നാല്‍ ഇരയുടെ മിക്കവാറും എല്ലാ ഭാഗവും ദഹിച്ച്ചു പോകും.എങ്കിലും പലപ്പോഴും ഇരയുടെ നഖം,അസ്ധിക്കഷ്ണങ്ങള്‍,രോമം തുടങ്ങിയവ പാമ്പിന്‍ കാഷ്ട്ടത്ത്തില്‍ കാണാറുണ്ട്.

പാമ്പുകളുടെ വളര്‍ച്ചക്ക് അനുസരിച്ച് അവയുടെ പുറം കുപ്പായം വളരില്ല.അതുകൊണ്ട് ഇടയ്ക്കിടെ ഈ പുറം കുപ്പായം അതിനു ഊരി മാറ്റേണ്ടി വരുന്നു.ഇതിനെ പടം പൊഴിക്കല്‍,ഉറ ഊരല്‍ [Ecdysis,Moulting,Squammation] എന്നൊക്കെ പറയാറുണ്ട്‌.വളര്‍ച്ച പെട്ടെന്നുണ്ടായാല്‍ പടം പൊഴിക്കലും പെട്ടെന്ന് ഉണ്ടാകും.വളര്‍ച്ച മെല്ലെ ആയാല്‍ പടം പൊഴിക്കലും വൈകും.ഭക്ഷണത്തിന്റെ ലഭ്യതയാണ് പടം പൊഴിക്കലിന്റെ നിരക്കിനെ നിര്‍ണ്ണയിക്കുന്ന ഒരു പ്രധാന ഘടകം എന്ന് സാരം.ജനിച്ചു വീഴുന്ന പാമ്പിന്‍ കുഞ്ഞുങ്ങള്‍ പതിനഞ്ചു ദിവസത്തില്‍ ഒരിക്കല്‍ പടം പൊഴിചേക്കാം എങ്കിലും വലുതായിക്കഴിഞ്ഞാല്‍ രണ്ടോ മൂന്നോ മാസത്തില്‍ ഒരിക്കലെ ഇത് സംഭവിക്കുകയുള്ളൂ. തല മുതലാണ്‌ പടം പൊഴിഞ്ഞു തുടങ്ങുക.പൂര്‍ണ്ണമായി ഊരിക്കഴിയുമ്പോള്‍ പടം അകം പുറം മറിഞ്ഞ അവസ്ഥയില്‍ ആയിരിക്കും ഉണ്ടാകുക.ഒപ്പം അത് തല തിരിയുകയും ചെയ്യും.അതായത് ഉറ ഊരിയ പാമ്പ് ഏതു ദിശയിലെക്കാണോ പോയത് അതിന്റെ എതിര്‍ ദിശയിലെക്കായിരിക്കും ഊരിയിട്ടിരിക്കുന്ന ഉറയുടെ തല. പടം പൊഴിയാറായ പാമ്പ് ഉഷാറൊക്കെ നഷ്ടപ്പെട്ടു ഏതെങ്കിലും മാളത്തില്‍ വിശ്രമത്തില്‍ ഏര്‍പ്പെടും.ഭക്ഷണം പോലും കഴിക്കാതെ.ആ സമയത്ത് അതിന്റെ കണ്ണ് പാല്‍ നിറമാകുകയും ചെയ്യും.

പശുക്കളും ശിശുക്കളും പാമ്പും പാട്ട് ആസ്വദിക്കുന്നു എന്നൊരു വിശ്വാസം പഴയ കാലം മുതല്‍ നില നിന്ന് പോരുന്നുണ്ട്. പാമ്പാട്ടികളുടെ മകുടിയുടെ ശബ്ദത്തിനനുസരിച്ചു പാമ്പ് തലയാട്ടുന്നത്‌ കാണുമ്പോള്‍ ഈ വിശ്വാസം കുറേക്കൂടി ബലപ്പെടുകയും ചെയ്യുന്നു.പക്ഷെ,പശുവും ശിശുവും പാട്ട് ആസ്വദിക്കുന്നതിനു ശാസ്ത്രീയ തെളിവുകളുണ്ടെങ്കിലും പാമ്പ് അങ്ങനെ ചെയ്യുന്നതിന് ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ല.200 മുതല്‍ 500 വരെ ഹെര്‍ട്സ് ആവൃത്തിയുള്ള വളരെ ചെറിയ ശബ്ദങ്ങള്‍ പാമ്പുകള്‍ക്ക് ‘തിരിച്ചറിയാന്‍ ‘ കഴിയുമെങ്കിലും സംഗീതം ആസ്വദിക്കാന്‍ കഴിയുന്നതിനു തെളിവൊന്നും ഇത് വരെ ഇല്ല.ചെറിയ ആവൃത്തിയിലുള്ള ശബ്ദങ്ങള്‍ തലയോടിന്റെ വശങ്ങള്‍,താടിയെല്ലിന്റെ പേശികള്‍, കൊലുമെല്ല ഓരിസ്‌തുടങ്ങിയ ഭാഗങ്ങള്‍ ഉപയോഗിച്ച് പിടിച്ചെടുത്തു മനസ്സിലാക്കുകയാണ് ചെയ്യുക.കേള്‍ക്കുകയല്ല.പാമ്പാട്ടിയുടെ മകുടിയുടെ ചലനങ്ങള്‍ കണ്ടിട്ടാണ് പാമ്പ് തലയാട്ടുന്നത്‌.പാട്ട് കേട്ടിട്ടല്ല.

പല രാജ്യങ്ങളിലും പാമ്പിനെ ഭക്ഷണമായി ഉപയോഗിക്കാറുണ്ട് തായിലണ്ട്,ചൈന,ഇന്ടോനെഷിയ തുടങ്ങിയ സ്ഥലങ്ങളില്‍ മാത്രമല്ല നമ്മുടെ നാട്ടിലും ചില ആദി വാസി വിഭാഗങ്ങള്‍ പാമ്പിനെ ഭക്ഷണമായി ഉപയോഗിക്കുന്നുണ്ട്.വിഷപ്പാമ്പുകള്‍ എന്നോ വിഷമില്ലാത്തവ എന്നോ വ്യത്യാസമില്ലാതെ അവര്‍ പാമ്പിനെ തിന്നും.ചേരയെ കരവാള എന്ന് അവര്‍ വിളിക്കുന്നു.അതിനെ കണ്ടാല്‍ പിടിച്ചു കണ്ണന്‍ ചിരട്ടയിലൂടെ വാല്‍ കടത്തി ഊര്ത്തി വലിച്ചു ശല്‍ക്കങ്ങള്‍ കളഞ്ഞു കഴുകി കഷ്ണങ്ങളാക്കി വേവിച്ചു കഴിക്കുന്നു.ഒരിക്കല്‍ തിരുനെല്ലി ഭാഗത്ത് വെച്ചു അവര്‍ തന്ന പൊരിച്ച പാമ്പിനെ തിന്നാന്‍ എനിക്കും കഴിഞ്ഞിട്ടുണ്ട്.പൊരിച്ച മീനിന്റെ രുചിയായിരുന്നു അന്ന് തിന്ന പൊരിച്ച നീര്‍ക്കോലിക്ക്.

പ്രാചീനമായ പല സംസ്കാരങ്ങളിലും നാഗാരാധന നില നിന്നിരുന്നു.ഗ്രീസ്,റോം തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ മാത്രമല്ല നമ്മുടെ ഇന്ത്യയിലും നാഗാരാധന വളരെ സജീവമായിരുന്നു.അവയുടെ സംരക്ഷണത്തിനു വേണ്ടി പവിത്രമായി നില നിര്‍ത്തപ്പെട്ട നാഗക്കാവുകള്‍ ഇന്നും നമ്മുടെ നാട്ടില്‍ പല സ്ഥലത്തും നില നില്‍ക്കുന്നുണ്ടല്ലോ.മണ്ണാര്‍ശാല,വെട്ടിക്കോട്,ആമേട,പാമ്പുംമെക്കാവ് എന്നിവയാണ് കേരളത്തിലെ പ്രസിദ്ധമായ നാഗക്കാവുകള്‍.  

നാം പലപ്പോഴും പാമ്പുകളെ സ്വപ്നം കാണാറുണ്ട്.ഇത് ഉപ ബോധ മനസ്സിലെ ലൈംഗികതയുടെ പ്രകടീകരണം ആണെന്ന് പല മന ശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നു.പക്ഷെ ഇത് പരിണാമത്തിന്റെ ആദ്യ നാളുകളില്‍ എപ്പോഴോ നമ്മള്‍ മരത്തിനു മുകളിലായിരുന്നു താമസം എന്നതിന്റെ അടയാളമാണെന്നു കാള്‍സാഗന്‍ അഭിപ്രായപ്പെടുന്നു.ഇതിനു കാരണമായി അദ്ദേഹം പറയുന്നത് നമ്മള്‍ കാണുന്നതില്‍ കൂടുതല്‍ സ്വപ്നങ്ങളും ഉയരത്തില്‍ നിന്നുള്ള വീഴ്ചയോ പാമ്പുകലോ ആണെന്നുള്ളതാണ്.മരത്തിനു മുകളില്‍ താമസിക്കുന്നവന്റെ നിരന്തരമായ പ്രധാന പേടി താഴോട്ടുള്ള ഒരു വീഴ്ച്ച ആയിരിക്കുമല്ലോ.അത് പോലെ ഉള്ള മറ്റൊരു  പേടിയാണ് വല്ലപ്പോഴും താഴെ ഇറങ്ങി വരുമ്പോള്‍ ഉണങ്ങിയ ഇലകള്‍ക്കിടയില്‍ മറഞ്ഞു കിടക്കുന്ന പാമ്പിന്റെ രൂപത്തിലുള്ള മരണം.ഈ രണ്ടു പേടികളും തലമുറകളായി ജീനില്‍ കലര്‍ന്ന് നമ്മളുടെ ഒപ്പം പോന്നത് കൊണ്ടാണ് അത്രേ നമ്മള്‍ ഇന്നും ഈ രണ്ടു സ്വപ്നങ്ങളും കൂടുതലായി കാണുന്നത്. 

ചികിത്സയും പാമ്പ് അടയാളവും

                               ആധുനിക ചികിത്സാ സംവിധാനത്തിലും ചികിത്സാ രംഗത്തെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്ന ഒരു അടയാളമാണ് പാമ്പ്.ഡോക്ടര്‍മാരുടെ വാഹനങ്ങളിലും അവരെ തിരിച്ചറിയാന്‍ സഹായകമായി ഈ ചിഹ്നം കാണാം.ലോകാരോഗ്യ സംഘടന,മെഡിക്കല്‍ അസോസിയേഷനുകള്‍ തുടങ്ങി പല രംഗങ്ങളിലും ഈ ചിഹ്നം ഉപയോഗത്തില്‍ ഉണ്ട്.
                                ഗ്രീസിലെ സംസ്കാരത്തില്‍ ഒരു കാലത്ത് പാമ്പിനു മാന്ത്രിക കഴിവുകള്‍ ഉള്ളതായി കരുതപ്പെട്ടിരുന്നു.ഭാവി പ്രവചിക്കുക,സ്വപ്നം വ്യാഖ്യാനിക്കുക,രോഗം സുഖപ്പെടുത്തുക എന്നീ കാര്യങ്ങളിലായിരുന്നു പാമ്പിനു ദൈവികമായ കഴിവുകള്‍ ഉണ്ടെന്നു കരുതപ്പെട്ടിരുന്നത്.ദൈവം പാമ്പിന്റെ രൂപത്തില്‍ ആണത്രേ ഭൂമിയില്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്.ദൈവത്തിന്റെ ആജ്ഞ അനുസരിച്ചു മോസ്സെസ് ഓടു കൊണ്ട് ഒരു നാഗ പ്രതിമ ഉണ്ടാക്കിയെന്നും അത് ഒരു വടിയുടെ മുകളില്‍ ഉറപ്പിച്ചു വെച്ച്ചെന്നും ബൈബിളില്‍ പറയുന്നു.പാമ്പുകടി ഏറ്റവര്‍ ഈ നാഗ പ്രതിമയിലേക്ക് വെറുതെ ഒന്ന് നോക്കിയാല്‍ പോലും വിഷ ബാധയില്‍ നിന്ന് രക്ഷപ്പെടുമായിരുന്നു അത്രേ.
                                പൌരാണിക ഗ്രീസിലെ എപ്പിഡോരാസ്[Epidaurus]എന്ന സ്ഥലത്ത് മഞ്ഞ നിറമുള്ള,വിഷമില്ലാത്ത ഒരിനം പാമ്പുകള്‍ ഇഷ്ടം പോലെ ഉണ്ടായിരുന്നു.രോഗികളുടെ അസുഖമുള്ള ഭാഗത്ത് നക്കാന്‍ പരിശീലിപ്പിക്കപ്പെട്ട പാമ്പുകള്‍ ആയിരുന്നു  ഇവ. അസ്ക്ലെപിയുസ് [Asclepius]വിഭാഗക്കാരുടെ അസ്ക്ലേപിയോന്‍[Asclepion]എന്നറിയപ്പെട്ടിരുന്ന ക്ഷേത്ര വൈദ്യശാലയില്‍ ആയിരുന്നു ഈ പാമ്പുകളെ പോറ്റിയിരുന്നത്.
                                 ഗ്രീസിലെ ദേവ വൈദ്യന്‍ ആയിരുന്നു അസ്ക്ലെപിയുസ്.ഇദ്ദേഹത്തിന്റെ പേരിലുള്ള അസ്ക്ലേപിയോന്‍ ക്ഷേത്ര വൈദ്യ ശാലയില്‍ എത്തുന്ന രോഗി രണ്ടോ മൂന്നോ ദിവസം ഉപവാസം എടുക്കേണ്ടിയിരുന്നു.ദിവ്യ തീര്ധത്ത്തില്‍ കുളിച്ചു വിശ്രമിക്കുന്ന രോഗി രാത്രിയില്‍ ദിവ്യ നാഗം മുറിയിലേക്ക് ഇഴഞ്ഞു കയറുന്ന ശബ്ദം കേള്‍ക്കും എന്നായിരുന്നു വിശ്വാസം.
                                      അസ്ക്ലെപിയുസിന്റെ മക്കളായിരുന്നു ഹൈജിയയും പനെഷ്യയും.[Hygeia and Panacea].ആരോഗ്യ ദേവത ആയിരുന്ന ഹൈജിയയും പനെഷ്യയും ആയിരുന്നു ഈ പാമ്പുകളെ തീറ്റി പോറ്റിയിരുന്നത്.അവരുടെ അച്ച്ചനായ അസ്ക്ലെപ്യുസിന്റെ സ്ഥാന ചിഹ്നമായ വടിയില്‍ ഈ പാമ്പിന്റെ ശില്‍പം കൊത്തിയിട്ടുണ്ടായിരുന്നു.ഈ സ്ഥാന ചിഹ്നമാണ് പിന്നീട് വൈദ്യ ശാസ്ത്രത്തിന്റെ അടയാളമായിത്തീര്‍ന്നത്‌.

നവോദ്ധാന കാലഘട്ടം വരെ ഇതായിരുന്നു.വൈദ്യശാസ്ത്രത്തിന്റെ പ്രതീകം.അത് കഴിഞ്ഞപ്പോള്‍ അത് ഇന്ന് കാണുന്ന രണ്ടു പാമ്പുകള്‍ ഒരു വടിയില്‍ ചുറ്റി പിണഞ്ഞു കയറുന്ന തരത്തിലുള്ള ചിഹ്നമായി മാറി.കച്ച്ച്ചവടത്തിന്റെയും നേട്ടത്ത്തിന്റെയും ലാറ്റിന്‍ ദേവനായ കടുസിയുസിന്റെ[Caduceus]സ്ഥാന ചിഹ്നമാണിത്.അന്ന് മുതല്‍ വൈദ്യശാസ്ത്രം കച്ചവടത്തിന്റെയും സ്വാര്‍ഥ നേട്ടത്തിന്റെയും ശാസ്ത്രമായി മാറിയോ എന്നുള്ളത് തമാശക്കെങ്കിലും പഠന വിധേയമാക്കാവുന്നതാണ്.  

എഴുതിയത്  : ഉണ്ണികൃഷ്ണന്‍ 

http://www.facebook.com/pampunni

ഭാഗം ഒന്ന് 

ഭാഗം രണ്ട് 

ഭാഗം മൂന്ന് 

ഭാഗം നാല് 

ഭാഗം അഞ്ച് 

ഭാഗം  ആറു 

ഭാഗം ഏഴ് 

ഭാഗം എട്ട് 

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ