കേരളത്തിലെ പാമ്പുകള്‍ - 5

Share the Knowledge

പ്രതിവിഷം [Anti-Snake Venom]

വളരെ നേര്‍പ്പിച്ച വിഷം കുതിരകളില്‍ കുത്തി വെച്ച് ക്രമേണ വിഷത്തിന്റെ അളവ് കൂട്ടി,കുതിരകള്‍ക്ക് പ്രതിരോധ ശേഷി ഉണ്ടാക്കുന്നു.അവസാനം ഒട്ടും നേര്‍പ്പിക്കാത്ത വിഷം കുത്തി വെച്ചാലും അതിനെ പ്രതിരോധിക്കാന്‍ മാത്രം ശക്തി നേടും കുതിര.അപ്പോള്‍ അവയുടെ കുറച്ചു രക്തം കുത്തിയെടുത്തു അതിന്റെ ദ്രാവകാംശം [Serum]തണുപ്പിച്ചു ഉണക്കുന്നു.ഇത് 10ml ന്‍റെ കുപ്പികളില്‍ ആക്കി വിപണിയില്‍ എത്തിക്കുന്നു.ഇതാണ് പ്രതിവിഷം അഥവാ ആന്റിവെനിന്‍.ആദ്യമൊക്കെ ഓരോ പാമ്പിനും പ്രത്യേകം പ്രത്യേകം പ്രതിവിഷം [Monovalent] ആയിരുന്നു എങ്കിലും ഇന്ന് എല്ലാ പാമ്പുകളുടെയും വിഷത്തിനു എതിരെ ഫലപ്രദമായ പ്രതിവിഷമാണ് [Poly valent] വിപണിയില്‍ എത്തുന്നത്‌.അതുകൊണ്ട് ഇപ്പോള്‍ പഴയ കാലത്തേതു പോലെ കടിച്ച പാമ്പിനെയും കൊണ്ട് ആസ്പത്രിയില്‍ എത്തേണ്ട കാര്യമില്ല.

അപൂര്‍വ്വം ചിലര്‍ക്ക് കുതിരയുടെ രക്തത്തോട് അലര്‍ജി [Horse Serum Allergy] കാണാറുണ്ട്.ഇത്തരം അലറ്ജിയുണ്ടായാല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലക്കുകയും പെട്ടെന്ന് മരണം സംഭവിക്കുകയും ചെയ്തേക്കാം.ഇവിടെയാണ്‌ ബില്‍ ഹാസ്റ്റിനെ പോലുള്ള വ്യക്തികളുടെ പ്രസക്തി.അമേരിക്കയിലെ മിയാമി പാമ്പ് ഗവേഷണ കേന്ദ്രത്തിലായിരുന്നു ബില്‍ ഹാസ്റ്റ് പ്രവര്‍ത്തിച്ചു കൊണ്ടിരുന്നത്.അദ്ദേഹം നേര്‍പ്പിച്ച പാമ്പ് വിഷം സ്വന്തം രക്തത്തിലേക്ക് കുത്തി വെക്കുകയും അങ്ങനെ സ്വയം പ്രതിരോധ ശേഷി നേടിയെടുക്കുകയും ചെയ്തു.എന്നിട്ട് വിഷബാധ ഏറ്റവര്‍ക്ക് രക്തം ദാനം ചെയ്ത് അവരുടെ ജീവന്‍ രക്ഷപ്പെടുത്തി.

1904 ഇല്‍ ആണ് ആദ്യമായി പ്രതിവിഷം കണ്ടു പിടിച്ചത്.ജലാംശം നീക്കിയ പ്രതിവിഷം സാധാരണ അന്തരീക്ഷ താപനിലയില്‍ അഞ്ചു വര്ഷം വരെ കേടാകാതെ ഇരിക്കും.മുംബൈ ഹാഫ്കിന്‍സ് ഇന്‍സ്ടിട്യൂട്ട് ,ഹിമാചല്‍ പ്രദേശിലെ കസൌളിയില്‍ ഉള്ള സെന്‍ട്രല്‍ വെനം റിസര്‍ച് ഇന്‍സ്ടിട്യൂട്ട് എന്നിവിടങ്ങളിലാണ് ഇന്ത്യയില്‍ ആദ്യ കാലം മുതല്‍ പ്രതിവിഷം നിര്‍മ്മിച്ചിരുന്നത്..അന്ഗീകൃത മെഡിക്കല്‍ ഡോക്റ്ററുടെ കുറിപ്പോടെ വലിയ ഫാര്‍മസികളില്‍ നിന്ന് ഇത് വാങ്ങി സൂക്ഷിക്കാം.

മറ്റു ചികിത്സകള്‍

പ്രാചീന മന്ത്രവാദ ചികിത്സ.
പഴയ കാലത്ത് മന്ത്രവാദ ക്രിയകള്‍ക്കു നമ്മുടെ നാട്ടിലെ പാമ്പ് വിഷ ചികിത്സയില്‍ ഒരു പ്രധാന സ്ഥാനം ഉണ്ടായിരുന്നു.കടിച്ച പാമ്പിനെ വരുത്തി വിഷം ഇറക്കലായിരുന്നു ഇതിന്റെ ഏറ്റവും ആകര്‍ഷകമായ ഭാഗം.കോടിക്കരുത്ത്,കീരിക്കരുത്ത്,ഉറുമ്പിന്‍ കരുത്ത്,പക്ഷിക്കരുത്ത് തുടങ്ങിയ ദ്രാവിഡ മന്ത്ര പ്രയോഗ രീതികളും ബ്രാഹ്മണരുടെ ആര്യ രീതികളും നില നിന്നിരുന്നതായി കഥകളുണ്ട്.ഇത് കൂടാതെയായിരുന്നു നൂറു കണക്കിന് വിഷഹര മന്ത്രങ്ങളും ഗാരുട മന്ത്രങ്ങളും.

ആയുര്‍വേദ ചികിത്സ.
പ്രയോഗ സമുച്ചയം,വിഷ ചികിത്സാ നൂല്‍,ഭൈഷജ്യ രത്നാകരം തുടങ്ങിയ പ്രാചീന ആയുര്‍വേദ കൃതികളില്‍ വിഷ ചികിത്സാ ക്രമങ്ങളെ കുറിച്ച് വിശദമായ പരാമര്‍ശങ്ങള്‍ ഉണ്ട്.ഗരളഹരം,അണലി വേഗം,തുടങ്ങിയ ഔഷധ സസ്യങ്ങള്‍ ഇതിന്റെ ഒരു പ്രധാന ഭാഗം ആയിരുന്നു.പിന്നീട് “അഗദതന്ത്രം”എന്ന പേരില്‍ ഒരു പ്രത്യേക വിഷ ചികിത്സാ വിഭാഗം തന്നെ ആയുര്‍ വേദത്തില്‍ രൂപപ്പെടുകയുണ്ടായി.

ഹോമിയോ ചികിത്സ 

സ്വര്‍ണ്ണ ലവണം അടിസ്ഥാന ഘടകമായ Lexin ,തിരിയാക് [Tiriyaq]എന്നിവയായിരുന്നു ആദ്യ കാലത്ത് പാമ്പ് വിഷ ബാധയില്‍ നമ്മുടെ നാട്ടില്‍ ഉപയോഗിച്ച് കൊണ്ടിരുന്ന ഹോമിയോ ഔഷധങ്ങള്‍.ഫാദര്‍ മുല്ലെര്‍സ് ക്ലിനിക് ആയിരുന്നു ഇതിന്റെ വിതരണക്കാര്‍.ഏകദേശം അര നൂറ്റാണ്ട് കാലത്തോളം ഈ മരുന്ന് ഇവിടെ പ്രചാരത്തില്‍ ഉണ്ടായിരുന്നു.

വിഷക്കല്ല് ചികിത്സ

ചില പ്രത്യേക മരുന്നുകള്‍ കൊണ്ട് ഉണ്ടാക്കിയ കല്ല്‌ പോലെ കാഴ്ചയില്‍ തോന്നിക്കുന്ന ഒരു ഉരുളയാണ്‌ വിഷക്കല്ല് എന്ന് അറിയപ്പെടുന്നത്.ഇത് കടി വായില്‍ വെച്ചാല്‍ വിഷം അത് വലിച്ചെടുത്തു കൊളളും അത്രേ.തനിയെ അടര്‍ന്നു താഴെ വീഴുമ്പോള്‍ പാലില്‍ കഴുകി വീണ്ടും വെക്കണം.ചിലപ്പോള്‍ ഒന്നിലേറെ കല്ലുകള്‍ ഉപയോഗിക്കേണ്ടി വന്നേക്കാം.അവസാനം വിഷാംശം മുഴുവന്‍ വലിച്ചെടുത്തു കഴിയുമ്പോള്‍ കല്ല്‌ മുറിവില്‍ പിടിക്കാതിരിക്കും.അപ്പോള്‍ കടിയേറ്റ ആള്‍ അപകട ഘട്ടം തരണം ചെയ്യുന്നു.

കോഴി ചികിത് സ

കോഴിയുടെ ഗുദഭാഗത്ത് മുറിവ് ഉണ്ടാക്കിയ ശേഷം ആ ഭാഗം പാമ്പ് കടിച്ച സ്ഥലത്ത് ചേര്‍ത്ത് വെക്കുന്നു.അത് വിഷം വലിച്ചെടുക്കുകയും കോഴി ചാകുകയും ചെയ്യുന്നു.ഇങ്ങനെ കോഴി ചാവാതെ ആകുന്നതു വരെ തുടരുന്നു.ഇതിന്റെ ഫലമായി കടിയേറ്റ ആള്‍ രക്ഷപ്പെടുന്നു.

ഇത് കൂടാതെ പല സ്ഥലത്തും പല രീതിയിലുള്ള പ്രാദേശിക ചികിത്സകള്‍ നിലവിലുണ്ട്.ഇന്നും വിഷ ഹാരികളായ വിഷ വൈദ്യന്മാര്‍ ഇല്ലാത്ത നാട്ടിന്‍ പുറങ്ങള്‍ ചുരുക്കം ആയിരിക്കുമല്ലോ.അതാതു കാലത്ത് നിരീക്ഷനങ്ങ്ളിലൂടെയും ചിന്തകളിലൂടെയും വളര്‍ന്നു വന്ന ചികിത്സാ പദ്ധതികള്‍ ആണ് ഇവയില്‍ പലതും.അതിന്റെ തുടര്‍ച്ചയായി വികസിച്ചു വന്നത് തന്നെയാണ് ആധുനിക ചികിത്സാ പദ്ധതിയും.വിഷം ശരീരത്തിലെ രക്ത പര്യയന വ്യവസ്ഥയില്‍ എത്തിയാല്‍ പക്ഷെ ഏറ്റവും ഫലപ്രദമായ ചികിത്സ പ്രതിവിഷ ചികിത്സ തന്നെയാണ്.മറ്റു ചികിത്സാ പദ്ധതികള്‍ ഒരു പക്ഷെ വിഷമില്ലാത്തതോ നേരിയ വിഷമുള്ളതോ ആയ പാമ്പുകളുടെ കടിയില്‍ ഫലപ്രദമായെക്കാമെന്നു മാത്രം.അല്ലെങ്കില്‍ തന്നെ പഴയ കാലത്ത് പരീക്ഷണ നിരീക്ഷണങ്ങളിലൂടെ വികസിച്ചു വന്ന വിഷ ചികിത്സാ രീതികളെ അന്ന് സ്വീകരിച്ചിരുന്നത് പോലെ ഇന്നത്തെ ഏറ്റവും വികാസം പ്രാപിച്ച ചികിത്സാ പദ്ധതിയെ ജീവ രക്ഷക്ക് വേണ്ടി നാം സ്വീകരിച്ചേ മതിയാകൂ.ഗ്രീസിലെ അസ്ക്ലെപിയുസിന്റെ അമ്പലങ്ങളില്‍ പഴയ മഞ്ഞ പാമ്പുകളെ തേടി ചികിത്സക്ക് പോകാന്‍ ഈ കാലത്തും വാശി പിടിക്കുന്നത്‌ ബാലിശം അല്ലാതെ മറ്റെന്താണ്..?

പ്രഥമ ശുശ്രൂഷ

പാമ്പ് വിഷ ബാധയേറ്റ ആളിനെ എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള പ്രതിവിഷ ചികിത്സാ സൌകര്യമുള്ള ആസ്പത്രിയില്‍ എത്തിക്കുകയാണ് ആദ്യം  ചെയ്യേണ്ടത്.പക്ഷെ അത്തരം ഒരു ആസ്പത്രി അടുത്തെങ്ങും ഇല്ലെങ്കില്‍ നാം തന്നെ ചില പ്രഥമ ശുശ്രൂഷകള്‍ നല്‍കേണ്ടതുണ്ട്

ഒട്ടും പരിഭ്രമിക്കരുത്‌.കടിയേറ്റ ആളിന് ധൈര്യം പകരുന്ന രീതിയില്‍ സംസാരിക്കുക.

റ്റൂര്‍നിക്കെ കെട്ടുക. കടിയേറ്റ സ്ഥാനത്തിനു മുകളില്‍ ഒരു അസ്ഥി മാത്രം ഉള്ള ഭാഗത്ത്‌ തുണി കൊണ്ടോ ചരട് കൊണ്ടോ അധികം മുറുകാതെ കെട്ടുന്നതിനാണ് റ്റൂര്‍നിക്കെ എന്ന് പറയുന്നത്.രക്തയോട്ടം നിലച്ചു പോകാത്ത വിധത്തില്‍ ആവണം കെട്ടുന്നത്.അതായത് വേണമെങ്കില്‍ ഒരു വിരല്‍ നമുക്ക് അതിനടിയിലൂടെ തിരുകി കയറ്റാന്‍ സാധിക്കണം.കേട്ട് വല്ലാതെ മുറുകിയാല്‍ അതിനു താഴേക്കുള്ള രക്തപ്രവാഹം നിലച്ചു ആ അവയവം ചത്ത്‌ പോകും.പിന്നെ അത് മുറിച്ചു മാറ്റുകയല്ലാതെ വേറെ വഴികളില്ല.

കടിയേറ്റ ആളിന് ആത്മ വിശ്വാസം നല്‍കാനായി അപകടമില്ലാത്ത പ്ലാസിബോ മരുന്നുകളോ കുത്തി വെപ്പോ നല്‍കാവുന്നതാണ്

നടക്കാനോ ഓടാനോ കടിയേറ്റ ഭാഗം ഇളകാനോ അനുവദിക്കാതെ എത്രയും പെട്ടെന്ന് ആസ്പത്രിയില്‍ ആക്കുക.

ശര്‍ദ്ദിച്ചാല്‍ ,കടിയേറ്റ ആളിനെ ഒരു വശത്തേക്ക് ചെരിച്ചു കിടത്തുക.

കടിയേറ്റ ഭാഗം ശ്രദ്ധിച്ചു നോക്കിയാല്‍ പലപ്പോഴും കടിച്ചത് വിഷ പാമ്പാണോ എന്നാ കാര്യം നമുക്ക് മനസ്സിലാക്കാന്‍ കഴിയും.പക്ഷെ എല്ലായ്പോഴും ഇത് കൃത്യമായി കൊള്ളണം എന്നില്ല. കടിയേറ്റ ഭാഗം കീറി രക്തം പുറത്തു കളയാന്‍ ശ്രമിക്കരുത്.അണലി വര്‍ഗത്തില്‍ പെട്ട പാമ്പുകളുടെ കടിയില്‍ ഇത് കൂടുതല്‍ കുഴപ്പം ഉണ്ടാക്കാം.മാത്രമല്ല മുറിവില്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യതയും കൂടും.വായ കൊണ്ട് രക്തം വലിച്ചെടുത്തു തുപ്പിക്കളയാന്‍ ശ്രമിക്കുന്നതും അത്ര നല്ലതല്ല.വായിലോ വയറ്റിലോ മുറിവുണ്ടെങ്കില്‍ ഇത് അപകടങ്ങള്‍ ഉണ്ടാക്കിയേക്കാം. 

എഴുതിയത്  : ഉണ്ണികൃഷ്ണന്‍ 

http://www.facebook.com/pampunni

ഭാഗം ഒന്ന് 

ഭാഗം രണ്ട് 

ഭാഗം മൂന്ന് 

ഭാഗം നാല് 

ഭാഗം അഞ്ച് 

ഭാഗം  ആറു 

ഭാഗം ഏഴ് 

ഭാഗം എട്ട് 

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ