രാജാക്കൻമാരുടെ താഴ് വര (Valley of the Kings)

Share the Knowledge

പുരാതന ഈജിപ്റ്റിലെ ഫറവോമാരുടെ കല്ലറകൾ ആയിരുന്നു പിരമിഡുകൾ. മരണാന്തര ജീവിതം പുരാതന ഈജിപ്റ്റുകാർക്ക് സ്വർഗീയമായ മറ്റൊരു പ്രപഞ്ചത്തിൽ ആയിരുന്നില്ല. മരിച്ചു കഴിഞ്ഞാൽ തങ്ങൾ ഇപ്പോൾ ജീവിക്കുന്നത് പോലുള്ള ഒരു ജീവിതം നിത്യമായ ഒരു ഈജിപ്തിൽ തുടരുമെന്ന് അവർ വിശ്വസിച്ചിരുന്നു. അതിനാൽ മരിച്ചു പോയവർക്ക് മരണാനന്തര ജീവിതത്തിൽ ഉപയോഗിക്കാനായി അവർ നിത്യജീവിതത്തിൽ ഉപയോഗിച്ചിരുന്ന സാധനങ്ങളായ വസ്ത്രങ്ങൾ, ഭക്ഷണം, ആഭരണങ്ങൾ, ആയുധങ്ങൾ തുടങ്ങിയവ എല്ലാം തന്നെ കല്ലറകളിൽ മൃതശരീരത്തോടൊപ്പം നിക്ഷേപിച്ചു. രാജാക്കന്മാരായ ഫറവോമാരുടെ കല്ലറകൾ ആയ പിരമിഡുകളിൽ അവർ ജീവിത കാലത്ത് ഉപയോഗിച്ചിരുന്ന സ്വർണാഭരണങ്ങളുടെയും മറ്റും ഒരു വൻശേഖരം തന്നെ ഉണ്ടായിരുന്നു.

ഈ സ്വർണാഭരണങ്ങൾ മോഷ്ടാക്കളെ പിരമിഡുകളിലേക്ക് ആകർഷിച്ചു. മരുഭൂമിയിൽ ഒറ്റപ്പെട്ടു നിൽക്കുന്ന പിരമിഡുകളിൽ നിന്നും അവർ സ്വർണാഭരണങ്ങളും മറ്റു വിലപിടിച്ച വസ്തുക്കളും കവർന്നു. ഇത് തങ്ങളുടെ മരണാനന്തരമുള്ള സുഖജീവിതത്തെ ബാധിക്കുമെന്ന് മനസ്സിലാക്കിയ ഫറവോമാർ തങ്ങളുടെ മൃതശരീരങ്ങളെ ആർക്കും എളുപ്പം കണ്ടുപിടിക്കാൻ പറ്റാത്ത രീതിയിൽ രഹസ്യമായി മണ്ണിനടിയിൽ കല്ലറകൾ ഉണ്ടാക്കി സൂക്ഷിക്കാൻ തീരുമാനിച്ചു. 18-ആം രാജവംശം മുതലുള്ള ഫറവോമാരാണ് ഈ പുതിയ തീരുമാനം എടുത്തത്. അതിനായി മധ്യ ഈജിപ്തിൽ ലക്സർ (Luxor) എന്ന സ്ഥലത്ത് നൈൽ നദിയുടെ പടിഞ്ഞാറായി കുന്നുകൾ നിറഞ്ഞ പ്രദേശം അവർ തിരഞ്ഞെടുത്തു. അവിടത്തെ കുന്നുകളുടെ ചെരിവിൽ അവർ ഭൂമിക്കടിയിലായി നിരവധി കല്ലറകൾ ഉണ്ടാക്കി. നിരവധി ഫറവോമാർ ഇവിടെ അടക്കപ്പെട്ടു. ഫറവോമാരുടെ ഈ വിശാലമായ ശ്മശാനപ്രദേശത്തെയാണ് രാജാക്കന്മാരുടെ താഴ്വര (Valley of the Kings) എന്ന് വിളിക്കുന്നത്.

കുന്നു തുരന്ന് ഭൂമിക്കടിയിലായി ഈ കല്ലറകൾ പണിയുന്നവർക്ക് വേണ്ടി ഇതിനടുത്തായി ദയർ എൽ മെദീന എന്നൊരു ഗ്രാമവും ഉണ്ടാക്കി. വൻ നിധി ശേഖരം അടങ്ങിയ കല്ലറകൾ എവിടെ സ്ഥിതി ചെയ്യുന്നു എന്ന രഹസ്യം അതുണ്ടാക്കുന്നവർക്ക് അറിയാമായിരിക്കുമല്ലോ. അപ്പോൾ ഈ ജോലിക്കാർ പുറം ലോകവുമായി ബന്ധപ്പെട്ടു ആ വിവരം ചോർത്താതിരിക്കാൻ ആയിരുന്നു ഇങ്ങനെ ഒരു പ്രത്യേക ഗ്രാമം ഉണ്ടാക്കി അവരെ ഒറ്റപ്പെടുത്തിയത്. പക്ഷെ അവരുടെ ജീവിത സൌകര്യങ്ങൾ മികച്ചതായിരുന്നു എന്ന് പുരാവസ്തു ഗവേഷകർ പറയുന്നു. കല്ലറ പണിയാൻ ധാരാളം അടിമകളെയും ഉപയോഗിച്ചതായി കരുതപ്പെടുന്നു. പല കല്ലറകൾക്കും ഉള്ളിലോട്ടായി 100 അടിയോളം വരെ നീളം ഉണ്ട്. പ്രവേശന കവാടം കടന്നാൽ മൃതശരീരം സൂക്ഷിച്ചിരിക്കുന്ന അറയിലേക്ക് ഒരു നീണ്ട ഇടനാഴിയും കൂടാതെ സാധനസാമഗ്രികൾ സൂക്ഷിക്കാൻ വേറെ മുറികളും എന്ന രീതിയിലായിരുന്നു ഈ കല്ലറകളുടെ രൂപകല്പന. ഉള്ളിലേക്ക് കുഴിച്ചു പോവുന്തോറും പൊടിയും ചൂടും ഒപ്പം സുഗമമായ വായുസഞ്ചാരത്തിന്റെ അഭാവവും കാരണം ജോലിക്കാരുടെ അവസ്ഥ ദയനീയമായിരുന്നു. കല്ലറ പണി തീരാൻ വർഷങ്ങൾ എടുക്കും എന്നതിനാൽ ഒരു ഫറവോ അധികാരത്തിൽ കയറിയാൽ ഉടൻ തന്നെ അയാളുടെ കല്ലറ പണിയും തുടങ്ങുമായിരുന്നു. കല്ലറകൾക്ക് ഉൾവശം പ്ലാസ്റ്റർ ചെയ്തു കഴിഞ്ഞ ശേഷം അവിടെ ഫറവോമാരുടെ ജീവിതവുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങൾ വരക്കുകയും ഹൈറോഗ്ളിഫിക്സിൽ എഴുതുകയും ചെയ്യും. ഇവ പുരാതന ഈജിപ്തിനെകുറിച്ചുള്ള പഠനത്തിനു ശാസ്ത്രജ്ഞരെ വളരെയധികം സഹായിച്ചിട്ടുണ്ട്. ഫറവോയെ കല്ലറയിൽ അടക്കിക്കഴിഞ്ഞാൽ പ്രവേശന കവാടം ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ മിച്ചം വന്ന മണ്ണ് കൊണ്ട് മൂടുമായിരുന്നു.

മോഷ്ടാക്കളെ പേടിച്ചു പിരമിഡ് ഉപേക്ഷിച്ചു ലക്സറിൽ ഭൂമിക്കടിയിൽ കല്ലറ ഉണ്ടാക്കി തങ്ങളുടെ മൃതശരീരത്തെയും സ്വർണാഭരണങ്ങളെയും മറ്റും സൂക്ഷിച്ച ഫറവോമാരെ അവിടെയും മോഷ്ടാക്കൾ വിട്ടില്ല. കല്ലറകൾ നിർമിച്ചവരുടെ തന്നെ സഹായത്തോടെ മോഷ്ടാക്കൾ അവിടെ നിന്നും നിധി കടത്തി. അറുപതിൽ പരം ഫറവോമാരെ അടക്കിയ ഇവിടെ നിന്നും മോഷ്ടാക്കളുടെ കണ്ണിൽ പെടാത്ത ഒരു കല്ലറ മാത്രമേ പുരാവസ്തു ഗവേഷകർക്ക് കണ്ടെടുക്കാൻ കഴിഞ്ഞുള്ളു. മരിക്കുമ്പോൾ 18 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന “പയ്യൻ” ഫറവോ ആയ ടൂട്ടാൻഖാമന്റെ (Tutankhamun) ശവകുടീരം ആയിരുന്നു ഇത്. ആഭരണങ്ങൾ, വസ്ത്രങ്ങൾ, രഥം, ആയുധങ്ങൾ, ഫർണിച്ചറുകൾ, ജോലിക്കാരുടെ പ്രതിമകൾ തുടങ്ങി 5300-ൽ പരം വസ്തുക്കളാണ് ഈ കല്ലറയിൽ നിന്നും പുരാവസ്തു ഗവേഷകർക്ക് ലഭിച്ചത്. അപ്രശസ്തൻ ആയ ഒരു ഫറവോയുടെ കല്ലറയിൽ ഇത്രയും നിധിയുണ്ടായിരുന്നുവെങ്കിൽ മറ്റു ഫറവോമാരുടെ കല്ലറകളിൽ നിന്നും മോഷ്ടാക്കൾ എന്ത് മാത്രം നിധി കടത്തിക്കാണും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

Valley-of-the-Kings

BY  Roy Jacob

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ