അപ്പോളോ 11 (Apollo 11) - മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയ കഥ

Share the Knowledge

“ഒരു മനുഷ്യന് ഒരു ചെറിയ ചുവടുവയ്പ്, മാനവരാശിക്കോ ഒരു വൻ കുതിച്ചുചാട്ടം” (That’s one small step for a man; one giant leap for mankind) – ചന്ദ്രനിൽ ആദ്യമായി ഇറങ്ങിയ മനുഷ്യനായ നീൽ ആംസ്ട്രോങ് തന്റെ കാൽപ്പാടുകൾ ചന്ദ്രനിൽ പതിച്ചപ്പോൾ ലോകത്തോട് പറഞ്ഞതാണിത്. മനുഷ്യന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളിൽ ഒന്നായിരുന്നു 1969 ജൂലൈ 20-ന് അമേരിക്കൻ ബഹിരാകാശ സഞ്ചാരികൾ ആയ നീൽ ആംസ്ട്രോങ്, എഡ്വിൻ ആൾഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവർ ചന്ദ്രനിലെത്തിയത്. നാസയുടെ (NASA) അപ്പോളോ 11 ആണ് മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ ഇറക്കിയ ഈ ചരിത്രദൗത്യം നിറവേറ്റിയത്. ഏകദേശം ഒരു ദശാബ്ദം മുൻപ് നാസ തുടങ്ങിയ കഠിനപ്രയത്നത്തിന്റെ പരിസമാപ്തി ആയിരുന്നു ഇത്. ശീതയുദ്ധകാലത്ത് ബഹിരാകാശത്തിലെ മേൽക്കൊയ്മക്കായി അമേരിക്കയും റഷ്യയും മത്സരം തന്നെയായിരുന്നു. 1957-ൽ സ്പുട്നിക് 1 എന്ന പേരിൽ ഒരു ആർട്ടിഫിഷ്യൽ സാറ്റലൈറ്റ് ആദ്യമായി ബഹിരാകാശത്തിൽ എത്തിച്ചും തുടർന്ന് 1961-ൽ യൂറി ഗഗാറിനിലൂടെ മനുഷ്യനെ ആദ്യമായി ബഹിരാകാശത്ത് എത്തിച്ചു കൊണ്ടും റഷ്യ വൻ മുന്നേറ്റം തന്നെ നടത്തി. ആദ്യം പുറകിലായ അമേരിക്ക പിന്നീട് അപ്പോളോ ചാന്ദ്രദൗത്യങ്ങളിലൂടെ ഒപ്പത്തിനൊപ്പം എത്തുകയും പിന്നീട് മനുഷ്യനെ ചന്ദ്രനിലിറക്കുക വഴി മുന്നേ പോവുകയും ചെയ്തു.

Lunar Orbit Rendezvous (LOR)
————————————————–

Lunar Orbit Rendezvous (LOR) എന്നതായിരുന്നു നാസയുടെ പ്രവർത്തന പദ്ധതി. ഇത് പ്രകാരം പ്രധാന റോക്കറ്റ് അപ്പോളോ ബഹിരാകാശ പേടകത്തെ ചന്ദ്രനടുത്തു എത്തിക്കും. തുടർന്ന് ബഹിരാകാശ പേടകത്തിന് അകത്തുള്ള ഒരു റോക്കറ്റ് എഞ്ചിൻ അതിനെ ചന്ദ്രന്റെ ഓർബിറ്റിൽ എത്തിക്കും. ഈ പേടകം ചന്ദ്രനെ ഓർബിറ്റ് ചെയ്യും. ഇതിനകത്ത് കരുതിയിരിക്കുന്ന മറ്റൊരു ചെറിയ പേടകം ബഹിരാകാശ സഞ്ചാരികളെ കൊണ്ട് ചന്ദ്രനിൽ ഇറങ്ങുകയും, തുടർന്ന് അത് അവരെയും കൊണ്ട് തിരിച്ചു ചന്ദ്രനെ ഓർബിറ്റ് ചെയ്തു കൊണ്ടിരിക്കുന്ന പ്രധാന പേടകത്തിൽ എത്തുകയും ചെയ്യും. ബഹിരാകാശ പേടകത്തിന് അകത്തുള്ള റോക്കറ്റ് എഞ്ചിൻ വീണ്ടും സ്റ്റാർട്ട് ചെയ്തു ചന്ദ്രന്റെ ഗുരുത്വാകർഷണ ബലത്തെ അതിജീവിച്ചു ഭൂമിയിലേക്ക് തിരിച്ചു പോരുകയും ചെയ്യും. അങ്ങനെ ഈ പദ്ധതി പ്രകാരം മൈക്കൽ കോളിൻസ് കൊളംബിയ (Columbia) എന്ന നിയന്ത്രണ പേടകത്തിൽ ചന്ദ്രനെ പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്നപ്പോൾ നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൾഡ്രിനും ഈഗിൾ (Eagle) എന്ന ഒരു ചെറിയ ചാന്ദ്രപേടകത്തിൽ ചന്ദ്രനിൽ ഇറങ്ങുകയും ചെയ്തു.

സാറ്റേൺ V റോക്കറ്റ് (Saturn V)
————————————————–

അപ്പോളോ ബഹിരാകാശ വാഹനത്തെ ചന്ദ്രനിൽ എത്തിക്കാൻ ഉപയോഗിച്ചത് സാറ്റേൺ V എന്ന റോക്കറ്റ് ആണ്. ലോകത്ത് ഇന്ന് വരെയും നിർമിച്ചിട്ടുള്ള റോക്കറ്റുകളിൽ ഏറ്റവും ശക്തിയേറിയ ഒന്നായിരുന്നു ഇത്. ഏകദേശം 350 അടിയോളം ഉയരം ഉണ്ടായിരുന്ന ഈ റോക്കറ്റിന് 1,13,000 Kg ഭാരം ഭൂമിയുടെ ഓർബിറ്റിൽ എത്തിക്കാനുള്ള കഴിവ് ഉണ്ടായിരുന്നു. നാസി റോക്കറ്റ് ശാസ്ത്രജ്ഞനും പിന്നീട് അമേരിക്കയിലേക്ക് രക്ഷപ്പെടുകയും ചെയ്ത വെർനെർ വോൺ ബ്രോണിന്റെ (Wernher von Braun) നേതൃത്വത്തിൽ അമേരിക്കൻ മിലിട്ടറി ആവശ്യങ്ങള്ക്കായി ആർമി ബാലിസ്റ്റിക് മിസൈൽ ഏജൻസി (ABMA) വികസിപ്പിച്ചെടുത്ത റോക്കറ്റിനെ നാസ നവീകരിച്ചത് ആയിരുന്നു സാറ്റേൺ V. റഷ്യയുടെ N 1 എന്ന റോക്കറ്റിന് സാറ്റേണിനെക്കാളും ശക്തിയുണ്ടായിരുന്നുവെങ്കിലും ഈ റോക്കറ്റ് ഉപയോഗിച്ച് റഷ്യ രഹസ്യമായി നടത്തിയ പരീക്ഷണങ്ങളിലെല്ലാം ഇത് തകർന്നു വീഴുകയായിരുന്നു.

സാറ്റേൺ V റോക്കറ്റിന് മൂന്നു ഘട്ടങ്ങൾ ഉണ്ടായിരുന്നു. ബോയിംഗ് കമ്പനി നിർമിച്ച ഏറ്റവും താഴെയുള്ള ഒന്നാം ഘട്ടത്തിന് (S -IC) അഞ്ച് F 1 എൻജിനുകൾ ആയിരുന്നു ഉണ്ടായിരുന്നത്. ഇതിന്റെ ഉയരം 42 മീറ്ററും ഡയമീറ്റർ 10 മീറ്ററും ആയിരുന്നു. മണ്ണെണ്ണയും (kerosene) ദ്രവഓക്സിജനും (Liquid oxygen) ആയിരുന്നു ഇന്ധനം. ഒന്നാം ഘട്ടം പ്രവർത്തിക്കുന്ന 160 സെക്കൻഡിൽ അഞ്ച് F 1 എൻജിനുകൾ 4.6 മില്ല്യൻ പൌണ്ട് മണ്ണെണ്ണ എരിച്ച് 7.5 മില്ല്യൻ പൌണ്ട് ത്രസ്റ്റ് (thrust) നൽകും. നോർത്ത് അമേരിക്കൻ റോക്ക് വെൽ (North American Rockwell) കമ്പനി നിർമിച്ച രണ്ടാം ഘട്ടത്തിന് (S II) അഞ്ച് J 2 എൻജിനുകൾ ആയിരുന്നു ഉണ്ടായിരുന്നത്. ലിക്വിഡ് ഹൈഡ്രജനും ലിക്വിഡ് ഓക്സിജനും ആയിരുന്നു ഇന്ധനം. രണ്ടാം ഘട്ടം പ്രവർത്തിക്കുന്ന ആറര മിനിറ്റിൽ അഞ്ച് J 2 എൻജിനുകൾ ഒരു മില്ല്യൻ പൌണ്ട് ലിക്വിഡ് ഹൈഡ്രജൻ എരിച്ച് ഏകദേശം ഒരു മില്ല്യൻ പൌണ്ട് ത്രസ്റ്റ് നൽകും. മൂന്നാം ഘട്ടത്തിന് (S -IV B) ഒരൊറ്റ J 2 എൻജിൻ മാത്രമാണ് ഉണ്ടായിരുന്നത്.

അപ്പോളോ 11 ബഹിരാകാശ പേടകം (Apollo spacecraft)
———————————————————————————-

സാറ്റേൺ റോക്കറ്റിന് മുകളിലായിരുന്നു അപ്പോളോ ബഹിരാകാശ പേടകം സ്ഥിതി ചെയ്തത്. അപ്പോളോ ബഹിരാകാശ പേടകത്തിന് രണ്ടു ഭാഗങ്ങൾ ആണ് ഉണ്ടായിരുന്നത്. കൊളംബിയ (Columbia) എന്ന നിയന്ത്രണ പേടകവും (കമാൻഡ് -സർവീസ് മോഡ്യൂൾ, command -service module, CSM) ഈഗിൾ എന്ന ലൂണാർ മോഡ്യൂളും (ചന്ദ്ര പേടകം). ഇതിൽ ഏറ്റവും മുകളിലായി കോണാകൃതിയിൽ ഉള്ള കമാൻഡ് മോഡ്യൂളിൽ ആയിരുന്നു ബഹിരാകാശ യാത്രികർ സഞ്ചരിച്ചത്. ഇതിനു 11.5 അടി പൊക്കവും 13 അടി വീതിയും (base) ഉണ്ടായിരുന്നു. ഇതിനു തൊട്ടു താഴെയായി സിലിണ്ട്രിക്കൽ ആകൃതിയിൽ സർവീസ് മോഡ്യൂളും. സർവീസ് മോഡ്യൂളിനകത്തായി വെള്ളം, ഓക്സിജൻ, വാർത്താവിനിമയ ഉപകരണങ്ങൾ , കറന്റ് ഉത്പാദിപ്പിക്കാനുള്ള സെല്ലുകൾ, ബഹിരാകാശ പേടകത്തിന്റെ എന്ജിനുള്ള ഇന്ധനം എന്നിവയെല്ലാം സൂക്ഷിച്ചു. സർവീസ് മോഡ്യൂളിന് തൊട്ടു താഴെയായി, മൂന്നാം ഘട്ട എഞ്ചിനും ഇടയിലായി ആയി ആയിരുന്നു ചന്ദ്രനിൽ ഇറങ്ങാനുള്ള വാഹനമായ ലൂണാർ മോഡ്യൂൾ സൂക്ഷിച്ചിരുന്നത്. കമാൻഡ് മോഡ്യൂളിനും മുകളിലായി ലോഞ്ച് എസ്കേപ് സിസ്റ്റം (launch escape system) എന്നൊരു റോക്കറ്റ് ഉണ്ടായിരുന്നു. സാറ്റേൺ റോക്കറ്റ് വിക്ഷേപണ സമയത്ത് പൊട്ടിത്തെറിയോ അങ്ങനെ മറ്റു എന്തെങ്കിലും അപകടമോ ഉണ്ടാവുകയാണെങ്കിൽ ലോഞ്ച് എസ്കേപ് സിസ്റ്റം പ്രവർത്തനക്ഷമം ആവുകയും ഇത് യാത്രികർ ഇരിക്കുന്ന കമാൻഡ് മോട്യൂളിനെ പെട്ടെന്ന് തന്നെ ദൂരേക്ക് മാറ്റി അവരുടെ ജീവൻ രക്ഷിക്കുകയും ചെയ്യുമായിരുന്നു.

വിക്ഷേപണം
————————-

1969 ജൂലൈ 16-ന് ഫ്ലോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററിൽ നിന്നുമാണ് അപ്പോളോ 11 വിക്ഷേപിക്കപ്പെട്ടത്. സാറ്റേൺ V – അപ്പോളോ 11-ന് 36 നിലകളുള്ള ഒരു കെട്ടിടത്തിന്റെ ഉയരമുണ്ടായിരുന്നു. ഒന്നാം ഘട്ടത്തിലെ (S -IC) അഞ്ച് F 1 എൻജിനുകൾ ഏകദേശം രണ്ടര മിനിട്ട് എരിഞ്ഞപ്പോൾ അപ്പോളോ ബഹിരാകാശപേടകം 9900 km/h വേഗതയിൽ 67 km ഉയരത്തിലെത്തി. തുടർന്ന് ഒന്നാം ഘട്ടത്തെ അത്ലാന്റിക്കിൽ ഉപേക്ഷിച്ചു. ഉടനെ തന്നെ റോക്കറ്റിന്റെ രണ്ടാം ഘട്ടം (S II) പ്രവർത്തിപ്പിച്ചു. ഇത് ആറര മിനിട്ട് എരിഞ്ഞ് അപ്പോളോയെ 24000 km/h വേഗതയിൽ 182 km ഉയരത്തിൽ എത്തിച്ചു. തുടർന്ന് ഉപയോഗിച്ച് കഴിഞ്ഞ രണ്ടാം ഘട്ടത്തെയും അത്ലാന്റിക്കിൽ കളഞ്ഞു. 190 km ഉയരത്തിൽ അപ്പോളോയെ ഭൂമിയെ ഒരു ഉപഗ്രഹം പോലെ ചുറ്റാൻ വേണ്ട 28000 km/h എന്ന വേഗതയിൽ എത്തിക്കാൻ മൂന്നാം ഘട്ടത്തിലെ റീസ്റ്റാർട്ട് ചെയ്യാൻ കഴിയുന്ന എഞ്ചിൻ 146 സെക്കന്റ് എരിച്ചു. അങ്ങനെ 12 മിനിറ്റിൽ അപ്പോളോ ഭൂമിയെ ഓർബിറ്റ് ചെയ്തു തുടങ്ങി. അപോളോ ഭൂമിയെ ഒന്നര ഓർബിറ്റ് ചെയ്യത്തക്ക രീതിയിൽ ആണ് നാസ പ്ലാൻ ചെയ്തത്. ഈ ഒന്നര ഓർബിറ്റ് സമയം കൊണ്ട് ഉപകരണങ്ങൾ എല്ലാം തന്നെ ശരിയായി പ്രവർത്തിക്കുന്നൊ എന്ന് പരിശോധിച്ചു. റോക്കറ്റ് വിക്ഷേപിക്കുന്നതിൽ എന്തെങ്കിലും കാലതാമസം വന്നാൽ ഓർബിറ്റ് ചെയ്യുന്ന സമയം കുറക്കാനും തീരുമാനിച്ചിരുന്നു. എല്ലാം നല്ല രീതിയിൽ ആണ് എന്ന് കണ്ടപ്പോൾ മൂന്നാം ഘട്ട എഞ്ചിൻ 6 മിനിട്ട് നേരം വീണ്ടും എരിച്ചു. ഇത് അപ്പോളോയെ ഭൂമിയുടെ ഗുരുത്വാകർഷണബലത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ട വേഗതയായ (escape velocity) 40000 km/h എന്നതിൽ എത്തിച്ചു. ഇതിനെ ട്രാൻസ് ലൂണാർ ഇൻജെക്ഷൻ (Trans-lunar injection) എന്ന് പറയുന്നു. അങ്ങനെ അപ്പോളോ നാല് ലക്ഷം കിലോമീറ്റർ അകലെയുള്ള ചന്ദ്രനെ ലക്ഷ്യമാക്കി യാത്ര തുടർന്നു.

ചന്ദ്രനിൽ
——————–

ചന്ദ്രനിൽ എത്തുന്നതിനു മുൻപ് മുൻപായി ലൂണാർ മോഡ്യൂളിനെ അതിന്റെ അറയിൽ നിന്നും പുറത്തെടുത്തു. ഇതിനായി ആദ്യം കമാൻഡ്- സർവീസ് മോഡ്യൂൾ (CSM) ബഹിരാകാശ പേടകത്തിന്റെ പിന്നിലത്തെ ഭാഗവുമായി വേർപെട്ടു കുറച്ചു മുന്നിൽ ആയി നിന്നു. തുടർന്ന് ലൂണാർ മോഡ്യൂൾ ഇരിക്കുന്ന അറയുടെ വശങ്ങൾ തുറന്നു. അപ്പോഴേക്കും കമാൻഡ്- സർവീസ് മോഡ്യൂൾ 180 ഡിഗ്രി തിരിഞ്ഞു അതിന്റെ മുൻഭാഗം പുറകിലെക്കാക്കി ലൂണാർ മോഡ്യൂളുമായി ഘടിപ്പിച്ചു. എന്നിട്ട് ലൂണാർ മോഡ്യൂളിനെ പുറത്തേക്ക് വലിച്ചെടുത്തു. തുടർന്ന് മൂന്നാം ഘട്ടം എന്ജിനെയും (S -IV B) ഉപേക്ഷിച്ചു. ലൂണാർ മോഡ്യൂളിനെയും കമാൻഡ് മോഡ്യൂളിനെയും ചെറിയ ഒരു ടണൽ വഴി ബന്ധിപ്പിച്ചിരുന്നു.

ചന്ദ്രനോട് അടുക്കുന്തോറും അതിന്റെ ഗുരുത്വാകർഷണം മൂലം അപ്പോളോയുടെ വേഗത കൂടി വന്നു. വേഗത കുറയ്ക്കാനായി സഞ്ചാരികൾ ബഹിരാകാശ പേടകത്തെ തിരിച്ചു സർവീസ് മോഡ്യൂലിന്റെ പിന്നിലുള്ള ശക്തമായ എൻജിനെ മുന്നോട്ടു ലക്ഷ്യം വെച്ചു. ന്യൂട്ടന്റെ മൂന്നാം ചലനനിയമപ്രകാരം റോക്കറ്റിന്റെ പിൻഭാഗത്തുകൂടെ ബഹിർഗമിക്കുന്ന വാതകങ്ങളുടെ ശക്തിക്കു തുല്യമായ ശക്തിയോടെ റോക്കറ്റ് മുൻപോട്ടു നീങ്ങും. അപ്പോൾ ഇവിടെ എൻജിൻ മുന്നോട്ടു ലക്ഷ്യം വെക്കുമ്പോൾ അപ്പോളോ പുറകോട്ടു തള്ളപ്പെടുകയും തന്മൂലം വേഗത കുറയുകയും ചെയ്തു. ജൂലൈ 19-ന് അപ്പോളോ ചന്ദ്രനിൽ നിന്നും 100-120 km ഉയരത്തിലായി 5900 km/h വേഗതയിൽ ചന്ദ്രനെ ഭ്രമണം ചെയ്തു തുടങ്ങി.

ചന്ദ്രപേടകത്തെ കമാൻഡ് മോഡ്യൂളുമായി ഡോക്ക് ചെയ്തിടത്തെ ചെറിയ ടണൽ വഴി നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൾഡ്രിനും ചന്ദ്ര പേടകത്തിൽ (ലൂണാർ മോഡ്യൂൾ) കടന്നു. മൈക്കൽ കോളിൻസ് കമാൻഡ്-സർവീസ് മോഡ്യൂളിനെ നിയന്ത്രിച്ചു കൊണ്ട് ചന്ദ്രനെ ചുറ്റിക്കൊണ്ടിരുന്നു. ഒരു ചിലന്തിയുടെ ആകൃതിയിലുള്ള ലൂണാർ മോഡ്യൂളിന് രണ്ടു ഭാഗങ്ങൾ ആണുണ്ടായിരുന്നത്. താഴെയായുള്ള അവരോഹണ ഭാഗത്തിന് (descent stage) ചന്ദ്രനിൽ ലാൻഡ് ചെയ്യുന്നതിനായി ഷോക്ക് അബ്സോർബറുകൾ ഘടിപ്പിച്ച നാല് കാലുകൾ ഉണ്ടായിരുന്നു. ഒപ്പം ഇതിനെ ഹോവർ ചെയ്തു നിർത്താനായി ഒരു എൻജിനും. മുകളിലുള്ള ആരോഹണ ഭാഗത്തിനു (Ascent stage) തിരിച്ചു നിയന്ത്രണ പേടകത്തിലേക്ക് പറക്കാനായി വേറൊരു എൻജിനും ഉണ്ടായിരുന്നു. ലൂണാർ മോഡ്യൂളിനെ സഞ്ചാരികളുടെ നിയന്ത്രണം ഇല്ലാതെ തന്നെ ഓട്ടോമാറ്റിക് ആയി ചന്ദ്രനിൽ ഇറക്കാനായിരുന്നു നാസ പ്ലാൻ ചെയ്തിരുന്നത്. പക്ഷെ ലൂണാർ മോഡ്യൂളിനെ നിയന്ത്രണ പേടകത്തിൽ നിന്നും വേർപെടുത്തിയപ്പോൾ ഉണ്ടായ ത്രസ്റ്റ് കണക്കു കൂട്ടിയതിൽ നാസക്കു പിഴച്ചത് കാരണം ഉദ്ദേശിച്ച സ്ഥലത്ത് നിന്നും നാല് മൈൽ മാറിയാണ് പേടകം ഇറങ്ങിയത്. പാറക്കല്ലുകൾ നിറഞ്ഞ അപകടകരമായ സ്ഥലത്തെക്കാണ് ഓട്ടോമാറ്റിക് സംവിധാനം നയിക്കുന്നത് എന്ന് കണ്ടപ്പോൾ ആംസ്ട്രോങ്ങ് മാനുവൽ കണ്ട്രോൾ (manual control) ഉപയോഗിച്ച് സുരക്ഷിതമായ ഒരു സ്ഥലത്ത് ഇറങ്ങുകയായിരുന്നു. 12 മിനിട്ട് അവരോഹണ എൻജിനെ എരിച്ചു ജൂലൈ 20-ന് (universal time) പ്രശാന്ത ഘട്ടം എന്നർഥമുള്ള ട്രാങ്ക്വിലിറ്റി ബേസ് (Tranquility Base) എന്ന് അവർ പേരിട്ട ആ സ്ഥലത്ത് ഇറങ്ങുമ്പോൾ വെറും 20 സെക്കന്ടിനുള്ള ഇന്ധനം മാത്രമേ അവശേഷിക്കുന്നുണ്ടായിരുന്നുള്ളൂ.

ആദ്യം നീൽ ആംസ്ട്രോങ്ങും തുടർന്ന് എഡ്വിൻ ആൾഡ്രിനും ചന്ദ്രനിൽ ഇറങ്ങി. പാറക്കല്ലുകളും മറ്റും ചന്ദ്രനിൽ നിന്നും ശേഖരിക്കുകയും ശാസ്ത്രീയ പഠനങ്ങൾക്ക് ആവശ്യമായ ചില ഉപകരണങ്ങൾ അവർ ചന്ദ്രനിൽ സ്ഥാപിക്കുകയും ചെയ്തു. ഇരുപത്തി ഒന്നര മണിക്കൂർ ആണ് അവർ ചന്ദ്രനിൽ ചിലവഴിച്ചത്. അതിൽ രണ്ടര മണിക്കൂർ മാത്രമായിരുന്നു ലൂണാർ മോഡ്യൂളിന് പുറത്തു ചന്ദ്രന്റെ ഉപരിതലത്തിൽ ചിലവഴിച്ചത്. തുടർന്ന് അവർ ലൂണാർ മോഡ്യൂളിലെ ആരോഹണ ഭാഗത്തിൽ തിരികെ പ്രവേശിക്കുകയും അവരോഹണ ഭാഗം ലോഞ്ച് പാഡായി ഉപയോഗിച്ച് കൊണ്ട് പരന്നുയരുകയും ചെയ്തു. അവരോഹണഭാഗത്തെ ചന്ദ്രനിൽ ഉപേക്ഷിച്ചു. നിയന്ത്രണ പേടകം അതിന്റെ 27- ആമത്തെ ചന്ദ്രപ്രദക്ഷിണത്തിൽ ലൂണാർ മോഡ്യൂലുമായി ഡോക്ക് ചെയ്തു. തുടർന്ന് ആംസ്ട്രോങ്ങും ആൾഡ്രിനും നിയന്ത്രണ പേടകത്തിൽ കടക്കുകയും, ആരോഹണ ഭാഗത്തെയും ചന്ദ്രനിൽ ഉപേക്ഷിക്കുകയും ചെയ്തു.

തിരികെ ഭൂമിയിലേക്ക്
—————————————–

തുടർന്ന് നിയന്ത്രണ പേടകത്തിലെ എൻജിൻ എരിച്ച് ചന്ദ്രന്റെ ഗുരുത്വാകർഷണബലത്തെ ഭേദിച്ച് അവർ ഭൂമിയിലേക്ക് തിരിച്ചു. ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നതിന് മുൻപ് സർവീസ് മോഡ്യൂളും ഉപേക്ഷിച്ചു. ഭൂമിയിൽ തിരികെ ഇറങ്ങിയത് കമാൻഡ് മോഡ്യൂൾ മാത്രമായിരുന്നു. 38000 km/h വേഗതയിലാണ് ഇത് ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ചത്. അപ്പോൾ ഉണ്ടാവുന്ന ഏകദേശം 3000 ഡിഗ്രി ഫാരൻഹീറ്റ് വരുന്ന ചൂടിനെ നേരിടാൻ തക്കവണ്ണം ഇൻസുലേറ്റ് ചെയ്തതായിരുന്നു കമാൻഡ് മോഡ്യൂൾ. ഭൂമിയിൽ പ്രവേശിക്കുന്നത് 5.5-7.5 ഡിഗ്രി ആംഗിളിൽ വേണമായിരുന്നു. അതിലും ചെറിയ ആംഗിളിൽ പ്രവേശിച്ചാൽ ചിലപ്പോൾ കമാൻഡ് മോഡ്യൂൾ അന്തരീക്ഷത്തിന്റെ മുകളിലെ കട്ടി കുറഞ്ഞ പാളികളിൽ നിരങ്ങി നീങ്ങി വേഗത കുറയാതെ വീണ്ടും സ്പേസിലേക്ക് ഒരു തിരിച്ചു വരവ് ഇല്ലാതെ പോകാൻ സാധ്യത ഉണ്ടായിരുന്നു. കൂടിയ ആംഗിളിൽ പ്രവേശിച്ചാൽ അന്തരീക്ഷ വായുവുമായി ഘർഷണം വർധിച്ചു അമിത ചൂടുണ്ടായി പേടകം തന്നെ കത്തിപ്പോവുമായിരുന്നു.

ഭൂമിയിൽ നിന്നും 25000 അടി ഉയരത്തിൽ എത്തിയപ്പോൾ ആദ്യ സെറ്റ് പാരച്ച്യൂട്ടുകൾ വിടർത്തി. ഇത് കമാൻഡ് മോഡ്യൂളിന്റെ വേഗത 125 miles/h ആയി കുറച്ചു. 10000 അടി എത്തിയപ്പോൾ അടുത്ത സെറ്റ് പാരച്ച്യൂട്ടുകളും വിടർത്തിയത് വേഗത 20 miles/h ആയി കുറച്ചു. അങ്ങനെ കമാൻഡ് മോഡ്യൂൾ ജൂലൈ 24-ന് പസിഫിക് സമുദ്രത്തിൽ പതിച്ചു. സഞ്ചാരികളെ ഹെലികോപ്ടറിൽ (യു എസ് എസ് ഹൊർനെറ്റ് (USS Hornet) എന്ന കപ്പലിലേക്ക് മാറ്റി. ചന്ദ്രനിൽ നിന്നും എന്തെങ്കിലും മാരക രോഗാണുക്കൾ ഭൂമിയിൽ എത്തുമോ എന്ന ഭയത്താൽ ബഹിരാകാശ യാത്രികരെ ഐസൊലേറ്റ് ചെയ്തു. ഒരു മാസം കഴിഞ്ഞു മാത്രമേ ഇവരെ പുറം ലോകം കാണാൻ അനുവദിച്ചുള്ളൂ.

1962LMmosaique

By Roy Jacob

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ