കമ്പ്യൂട്ടറുകള്‍ ചെറുതായതിന്‍റെ പുറകിലെ ബുദ്ധികേന്ദ്രം

Share the Knowledge

ആദ്യകാലത്തെ ഒരു കമ്പ്യൂട്ടര്‍ വയ്ക്കാനുള്ള സ്ഥലമുണ്ടെങ്കില്‍ ഇന്ന് ഒരു ഓഫീസ്‌ തുടങ്ങാം. അത്രയ്ക്കും ഭീമാകാരന്മാരായിരുന്നു പണ്ടത്തെ കമ്പ്യൂട്ടറുകള്‍. ഒരുപക്ഷെ കമ്പ്യൂട്ടര്‍ എന്ന് കേള്‍ക്കുമ്പോള്‍ ഇന്നത്തെ തലമുറയ്ക്ക് സങ്കല്‍പിക്കാന്‍ കഴിയുന്നതിലേറെ വലുപ്പം! കമ്പ്യൂട്ടറിന്‍റെ പരിണാമം തുടങ്ങുന്നത് ട്രാന്‍സിസ്റ്ററിന്‍റെ കണ്ടുപിടുത്തത്തോടെയാണ്. കമ്പ്യൂട്ടറിന്‍റെ മാത്രമല്ല, ലോകത്തിലെ ഒട്ടുമിക്ക ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ചരിത്രം അത് തിരുത്തിക്കുറിച്ചു. ആദ്യകാല കമ്പ്യൂട്ടറുകള്‍ നിര്‍മ്മിച്ചിരുന്നത് വാക്വം ട്യൂബുകള്‍ ഉപയോഗിച്ചായിരുന്നു. ഇന്നത്തെ ട്രാന്‍സിസ്റ്ററുകളുടെ മുത്തച്ഛനായിരുന്നു അത്. കമ്പ്യൂട്ടറുകള്‍ക്ക് കെട്ടിടങ്ങളുടെ വലുപ്പം ഉണ്ടായിരുന്ന കാലത്ത് നിന്നും കൈവെള്ളയില്‍ വെക്കാന്‍ കഴിയുന്ന വിധത്തിലേക്ക് കമ്പ്യൂട്ടറുകളെ ചെറുതാക്കിയതിന്‍റെ ക്രെഡിറ്റില്‍ വലിയൊരു ഭാഗം തീര്‍ച്ചയായും ട്രാന്‍സിസ്റ്ററുകള്‍ക്കവകാശപ്പെട്ടതാണ്.

വലുപ്പം തീരെ കുറവ്, പ്രവര്‍ത്തിക്കാനാവശ്യമായ ഊര്‍ജ്ജവും കുറവ്‌. ഈ പ്രത്യേകതകളാണ് വാക്വം ട്യൂബിന് പകരം നില്‍ക്കുന്ന ട്രാന്‍സിസ്റ്ററുകളെ ലോകമെങ്ങും ഇഷ്ടതാരമാക്കിയത്. ട്രാന്‍സിസ്റ്ററുകള്‍ക്ക് പകരം ഇന്‍റഗ്രേറ്റഡ് സര്‍ക്യൂട്ട് എന്ന ഐ.സി. എത്തിയതോടെ കമ്പ്യൂട്ടറുകളുടെ വലുപ്പം വീണ്ടും കുറഞ്ഞു. പിന്നീട് ഓരോ സാങ്കേതിക വിദ്യ മാറിമാറി വരുമ്പോഴും കമ്പ്യൂട്ടറുകളുടെ വലുപ്പം കുറഞ്ഞുകൊണ്ടേയിരുന്നു.

അമേരിക്കന്‍ ടെലഫോണ്‍ ആന്‍ഡ്‌ ടെലെഗ്രാഫ് (AT&T) എന്ന പ്രമുഖ ടെലികോം കമ്പനിയുടെ ഗവേഷണ വിഭാഗമാണ് അലക്സാണ്ടര്‍ ഗ്രഹാം ബെല്ലിന്‍റെ പേരിലുള്ള ബെല്‍ ലാബോറട്ടറീസ്. ലാബോറട്ടറിയുടെ മാതൃസ്ഥാപനമായ എ.ടി.&ടി കമ്പനിക്ക്‌ രാജ്യാന്തര ഫോണ്‍ സര്‍വ്വീസ്‌ തുടങ്ങാനുള്ള പരിപാടിയാണ് ട്രാന്‍സിസ്റ്ററിന്‍റെ പിറവിക്ക് കാരണമായത്‌. രാജ്യാന്തര സര്‍വ്വീസിന്‍റെ വ്യക്തത വര്‍ദ്ധിപ്പിക്കുന്നതിനായി കമ്പി വഴിയെത്തുന്ന സന്ദേശങ്ങളെ ഇടയ്ക്കിടെ വാക്വം ട്യൂബ് ട്രയോഡുകള്‍ വെച്ച് ശക്തിപ്പെടുത്തേണ്ടിയിരുന്നു. എന്നാല്‍, വാക്വം ട്യൂബിന്‍റെ പോരായ്മ മനസ്സിലാക്കിയ ബെല്‍ ലാബോറട്ടറി ഗവേഷണ വിഭാഗം മേധാവി മെര്‍വിന്‍ കെല്ലി ഇതിന് പകരം വയ്ക്കാവുന്ന ഉപകരണങ്ങള്‍ കണ്ടെത്താന്‍ തന്‍റെ സഹപ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ചു.

വില്ല്യം ബ്രാഡ്‌ഫാഡ്‌ ഷോക്ലി (William Bradford Shockley) എന്ന ഗവേഷകനാണ് പുതിയ ഉപകരണം വികസിപ്പിക്കാനുള്ള ചുമതല ലഭിച്ചത്. സഹപ്രവര്‍ത്തകരായ വാള്‍ട്ടര്‍ ഹൌസര്‍ ബ്രറ്റനും (Walter Houser Brattain) മിനിസോട്ട സര്‍വ്വകലാശാലയില്‍ ഗവേഷകനായിരുന്ന ജോണ്‍ ബര്‍ഡീനുമാണ് (John Bardeen) അദ്ദേഹത്തിന് സഹായത്തിനുണ്ടായിരുന്നത്. അങ്ങനെ 1947 ഡിസംബറില്‍ ആദ്യത്തെ ട്രാന്‍സിസ്റ്റര്‍ ജന്മമെടുത്തു.

1939-ല്‍ ന്യൂജഴ്സിയിലെ ബെല്‍ ലാബ്സില്‍ വില്യം ഷോക്ലിയും വാള്‍ട്ടര്‍ ബ്രെറ്റനും ചേര്‍ന്ന്‍ കോപ്പര്‍ ഓക്സൈഡ് ഉപയോഗിച്ച് ഒരു സെമി കണ്ടക്ടര്‍ ആംപ്ലിഫയര്‍ നിര്‍മ്മിക്കാനുള്ള ശ്രമം നടത്തി നോക്കി. പക്ഷേ അത് വിജയിച്ചില്ല. രണ്ടാം ലോക മഹായുദ്ധമായത്തോടെ പരീക്ഷണങ്ങള്‍ തല്‍ക്കാലം നിര്‍ത്തി വെയ്ക്കേണ്ടി വന്നു. ആ സമയത്ത് അമേരിക്കന്‍ നാവികസേനയുടെ അന്തര്‍വാഹിനി പ്രതിരോധ സേനയില്‍ ഷോക്ലി ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. യുദ്ധത്തിന് ശേഷം ബെല്‍ ലബോറട്ടറിയില്‍ ട്രാന്‍സിസ്റ്റര്‍ ഗവേഷണത്തിന്‍റെ തലവനായി ഷോക്ലി തിരിച്ചെത്തി. 1947-ല്‍ ബ്രെറ്റനും ജോണ്‍ ബെര്‍ഡീനും ചേര്‍ന്ന് ഒരു പോയിന്‍റ് കോണ്‍ടാക്റ്റ്‌ ട്രാന്‍സിസ്റ്റര്‍ നിര്‍മ്മിച്ചു. അപ്പോഴൊക്കെ ടീം ലീഡറായിരുന്ന ഷോക്ലി പരീക്ഷണങ്ങള്‍ക്കായി അവിടെ ഉണ്ടായിരുന്നില്ല. അതിനാല്‍ ട്രാന്‍സിസ്റ്റര്‍ വികസിപ്പിച്ചതിന്‍റെ ക്രെഡിറ്റ്‌ ഇരുവരും ഷോക്ലിക്കു നല്‍കാനും തയ്യാറായില്ല. ഇത് മൂവര്‍ സംഘത്തിനിടയില്‍ ഭിന്നതയുണ്ടാക്കി.

തങ്ങളുടെ കണ്ടുപിടുത്തത്തിന് പേറ്റന്‍റ് സംഘടിപ്പിക്കുന്നതിനായി 1948 ജൂണ്‍ 17-ന് ബെര്‍ഡീനും ബ്രെറ്റനും ചേര്‍ന്ന്‍ അപേക്ഷ നല്‍കി. 1950-ഒക്ടോബര്‍ 3-ന് അത് അനുവദിച്ചു കിട്ടുകയും ചെയ്തു. അതിനിടെ ട്രാന്‍സിസ്റ്റര്‍ കണ്ടുപിടുത്തത്തിന്‍റെ അവകാശം സ്വന്തമാക്കാന്‍ ഷോക്ളി നടത്തിയ നീക്കങ്ങള്‍ മറ്റു രണ്ടുപേരെയും ചൊടിപ്പിച്ചു. അതേസമയം, 1948 ജൂണ്‍ 26-ന് തന്നെ ഷോക്ലിയും ട്രാന്‍സിസ്റ്റര്‍ കണ്ടുപിടുത്തത്തിന് പേറ്റന്‍റ് ലഭിക്കാനായി അപേക്ഷ നല്‍കി. (1951-സെപ്തം. 25ന് അദ്ദേഹത്തിന് പേറ്റന്‍റ് ലഭിക്കുകയും ചെയ്തു). തുടര്‍ന്ന് ഷോക്ലിക്ക് വാശിയായി, മൂവരും ചേര്‍ന്ന്‍ കണ്ടെത്തിയതിനേക്കാള്‍ മികച്ച ട്രാന്‍സിസ്റ്റര്‍ ഒറ്റയ്ക്ക് കണ്ടെത്തണം എന്ന ലക്ഷ്യത്തോടെ അദ്ദേഹം ഗവേഷണം തുടര്‍ന്നു. ബ്രറ്റനും ബര്‍ഡീനും രൂപകല്പന ചെയ്ത പോയിന്‍റ് കോണ്‍ടാക്ട് ട്രാന്‍സിസ്റ്ററുകള്‍ നിര്‍മ്മിക്കാന്‍ ബുദ്ധിമുട്ടുള്ളതായിരുന്നു. മാത്രമല്ല, അതിന്‍റെ വിശ്വാസ്യതയും കുറവായിരുന്നു. ഗവേഷണസംഘത്തലവനായിരുന്ന ഷോക്ലി മനസ്സില്‍ കണ്ടിരുന്നത് അങ്ങനെയുള്ള ഒന്നായിരുന്നില്ല. ഒടുവില്‍ തന്‍റെ ആഗ്രഹത്തിനനുസരിച്ചുള്ള ഒരുല്പന്നം അദ്ദേഹം നിര്‍മ്മിക്കുക തന്നെ ചെയ്തു. 1948-ല്‍ ഷോക്ലി വികസിപ്പിച്ചെടുത്ത ജംഗ്ഷന്‍ ട്രാന്‍സിസ്റ്റര്‍ ആയിരുന്നു പ്രായോഗികാവശ്യങ്ങള്‍ക്ക് ഏറെ അനുയോജ്യമായിരുന്നത്.

സംഘാംഗങ്ങള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലാത്തതിനെ തുടര്‍ന്ന് 1956-ല്‍ ഷോക്ലി, ബെല്‍ ലാബോറട്ടറി ഉപേക്ഷിച്ച് പോയി. ആ വര്‍ഷം തന്നെ മൂവര്‍ സംഘത്തിന് ട്രാന്‍സിസ്റ്റര്‍ കണ്ടുപിടിച്ചതിന് നോബല്‍ സമ്മാനം ലഭിക്കുകയും ചെയ്തു. നോബല്‍സമ്മാനം ലഭിച്ചെങ്കിലും ഷോക്ലി അടങ്ങിയിരിക്കാന്‍ തയ്യാറായില്ല. 1956-ല്‍ സാന്‍ഫ്രാന്‍സിസ്കോയില്‍ ‘ഷോക്ലി സെമി കണ്ടക്ടര്‍ ലാബോറട്ടറി’ എന്ന പേരില്‍ സ്വന്തം സ്ഥാപനം തുടങ്ങി. ഇവിടെ വെച്ച് ജര്‍മെനിയത്തിന് പകരം സിലിക്കന്‍ പരലുകള്‍ ഉപയോഗിച്ച് ട്രാന്‍സിസ്റ്റര്‍ നിര്‍മ്മിക്കാനുള്ള ഗവേഷണവും ആരംഭിച്ചു. ഇതിനായി ഒരു സംഘം ശാസ്ത്രജ്ഞരെ തിരഞ്ഞെടുക്കുകയും ചെയ്തു. പക്ഷേ, ഇവിടെയും ഷോക്ലി മറ്റുള്ളവരുമായി ഇടഞ്ഞു. അതോടെ ഒപ്പമുണ്ടായിരുന്ന പല ശാസ്ത്രജ്ഞന്മാരും ഷോക്ലിയുടെ സ്ഥാപനത്തില്‍ നിന്നു രാജി വെച്ച് പോകുകയും ചെയ്തു. സ്റ്റാന്‍ഫോര്‍ഡ്, പ്രിന്‍സ്ടണ്‍ എന്നീ സര്‍വ്വകലാശാലകളില്‍ പ്രോഫസ്സറായും ജോലി ചെയ്തിട്ടുള്ള ഷോക്ലിക്ക് പ്രധാനപ്പെട്ട ഒട്ടനവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1989-ഓഗസ്റ്റില്‍ അദ്ദേഹം അന്തരിച്ചു.

വാല്‍ക്കഷ്ണം: ഷോക്ലിയുടെ സ്ഥാപനത്തില്‍ നിന്നും രാജി വെച്ച റോബര്‍ട്ട് നോര്‍ട്ടന്‍ നോയ്സും ഗോള്‍ഡന്‍ മൂറും ചേര്‍ന്ന് സ്ഥാപിച്ചതാണ് ഇന്ന് ചിപ്പ്‌ നിര്‍മ്മാണ രംഗത്ത്‌ മുന്നണിയില്‍ നില്‍ക്കുന്ന ഇന്‍റല്‍ കോര്‍പറേഷന്‍ (Intel Corporation). ഇവരുടെ കമ്പനി ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടാന്‍ തുടങ്ങിയപ്പോഴും ഷോക്ലിയുടെ സ്ഥാപനത്തിന് വാണിജ്യാടിസ്ഥാനത്തില്‍ ഒരു ഉല്‍പ്പന്നം പോലും പുറത്തിറക്കാനായിരുന്നില്ല!!

By അനില്‍ കുമാര്‍ വി അയ്യപ്പന്‍

ചരിത്രവീഥികൾ – HiStory ArCHives

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ