ചാമ്പൽ മലയണ്ണാൻ - Grizzled Giant Squirrel- Ratufa macroura

Share the Knowledge

കേരളത്തിലെ ചിന്നാർ വന്യജീവി സങ്കേതത്തിലും തമിഴ്‌നാട്ടിലെ ശ്രീവില്ലി പുത്തൂർ വനപ്രദേശങ്ങളിലും മാത്രം കാണുന്ന തദ്ദേശീയ അണ്ണാൻ വർഗ്ഗത്തിലെ ജീവിയാണ് ചാമ്പൽ മലയണ്ണാൻ. വൻ‌വൃക്ഷങ്ങളിലാണ് ഇവയെ സാധാരണ കണ്ടുവരുന്നത്. കേരളത്തിൽ കണ്ടു വരുന്ന വലിയ മലയണ്ണാനോളം വലിപ്പം ഇവയ്ക്ക് കാണാറില്ല. 25 മുതൽ 45 സെന്റിമീറ്റർ ഉടൽ നീളവും 25 മുതൽ 50 സെന്റിമീറ്റർ വരെ നീളമുള്ള വാലും ഇവക്കുണ്ടാകും.

അത്യന്തം ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന ഇവ ഐ.യു.സി.എൻ ചുവന്ന പട്ടികയിലും ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിലെ രണ്ടാം പട്ടികയിലും സ്ഥാനം പിടിച്ചിട്ടുണ്ട്. ഇന്ത്യയിൽ മുന്നൂറിൽ താഴെ എണ്ണം ചാമ്പൽ മലയണ്ണാൻ മാത്രമേ ജീവിച്ചിരിപ്പുള്ളൂ എന്നാണ് കണക്കാക്കപ്പെടുന്നത്. ശ്രീലങ്കയിലും ഇരുനൂറിൽ താഴെ എണ്ണം മാത്രമുള്ള ചാമ്പൽ മലയണ്ണാന്റെ മറ്റൊരു ഉപ വിഭാഗത്തെ കണ്ടു വരുന്നു. ചാമ്പൽ മലയണ്ണാന്റെ സംരക്ഷണാർത്ഥം സ്ഥാപിക്കപ്പെട്ടിട്ടുള്ള തമിഴ് നാട്ടിലെ ശ്രീവില്ലിപുത്തൂറിൽ ചെമ്പകത്തോപ്പ് ചാമ്പൽ മലയണ്ണാൻ സംരക്ഷണ കേന്ദ്രത്തിൽ ഇവയ്ക്കായി 480 ചതുരശ്ര കിലോമീറ്റർ അനുകൂല ആവാസ വ്യവസ്ഥ ഒരുക്കിയിരിക്കുന്നു.

ചാമ്പൽ മലയണ്ണാന്റെ പുറംഭാഗം ചെമ്പൻ നിറമായിരിക്കും, തലയുടെ മുകളിൽ കറുത്ത നിറം തൊപ്പി പോലുണ്ടാവും. നീണ്ട വാലിലെ രോമങ്ങൾക്ക് വെള്ളയും ചെമ്പൻ നിറവുമാണ്. അടിഭാഗം ചെളി പിടിച്ച വെള്ള നിറം പോലെ അനുഭവപ്പെടും. വൃക്ഷങ്ങൾ കൂടുതലുള്ളയിടങ്ങളിലാണ് സാധാരണ കാണുന്നത്. പകൽ സമയങ്ങളിൽ വാൽ തൂക്കിയിട്ട് മരച്ചില്ലകളിൽ കിടന്നുറങ്ങുന്നതായി കാണാറുണ്ട്. പൊതുവേ മന്ദമായ ചലനങ്ങളും, നിശബ്ദമായ സ്വഭാവ രീതിയും ചാമ്പൽ മലയണ്ണാനിഷ്ടപ്പെടുന്നുവെങ്കിലും അപകട സൂചനയുള്ളപ്പോൾ ചില്ലറ ശബ്ദങ്ങൾ മുഴക്കുന്ന ഈ ജീവികൾ ആ സന്ദർഭങ്ങളിൽ ദ്രുത ഗതിക്കാരുമാണ്.

പ്രത്യുത്പാദന കാലത്ത് ഇവയുടെ രോമക്കുപ്പായം പ്രത്യേക തിളക്കം നേടുന്നു. അടിഭാഗം സ്വർണ്ണനിറം ചാലിച്ചു ചേർത്തതു പോലെയിരിക്കും. ഇക്കാലങ്ങളിൽ ഇവയെ കണ്ടെത്താൻ ബുദ്ധിമുട്ടാണ്. ഇലകളാൽ മൂടപ്പെട്ട ശിഖരങ്ങളിൽ ഇലകളും നാരുകളുമൊക്കെ കൊണ്ടുണ്ടാക്കുന്ന കൂടുകളിലാവും കുഞ്ഞുങ്ങളെ പ്രസവിച്ചു പോറ്റുക. കുട്ടികൾ വലുതായാൽ വീണ്ടും സ്വതന്ത്ര ജീവിതം ആരംഭിക്കുന്നു.

ചാമ്പൽ മലയണ്ണാൻ സാധാരണയായി സസ്യഭുക്കാണെങ്കിലും ചിലപ്പോൾ ചെറു പ്രാണികളേയും പക്ഷിമുട്ടകളും ഒക്കെ ആഹാരമാക്കാറുണ്ട്. കായ്കൾ, പഴങ്ങൾ, പൂമ്പൊടി, തേൻ മുതലായവയാണ് ഇഷ്ട ഭക്ഷണം.

<

p style=”text-align: left”>Prasanth Kumar SR

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ