റോക്കറ്റ് സയൻസ് - ചോദ്യങ്ങളും ഉത്തരങ്ങളും

Share the Knowledge

റോക്കറ്റ് വിക്ഷേപണം എല്ലാവർക്കും താത്പര്യമുള്ള വിഷയമാണ്. എന്നാൽപലർക്കും അതിനെ പറ്റി ഒരു പാട് സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. സാധാരണയായി കണ്ടുവരാറുള്ള ചില സംശയങ്ങൾ ചോദ്യോത്തര രൂപത്തിൽ പരിശോധിക്കുകയാണ് ഇവിടെ. 

 1. കൌണ്ട് ഡൌണിന്റെ പ്രാധാന്യമെന്ത്? ഇത് സാധാരണ ക്ലോക്ക് സമയത്തില്‍ പറഞ്ഞാല്‍ പോരേ?

റോക്കറ്റ്‌ വിക്ഷേപണം പോലെയുള്ള സുപ്രധാന ഓപ്പറേഷനുകളില്‍ സമയത്തിനുള്ള പ്രാധാന്യം അറിയാമല്ലോ? സെക്കന്റുകള്‍ മാത്രമല്ല, മില്ലി സെക്കന്റുകള്‍ പോലും പല അവസരങ്ങളിലും സുപ്രധാനമാണ്‌. റോക്കറ്റിന്റെ നിയന്ത്രണസംവിധാനത്തിനുവേണ്ടിയുള്ള കമ്പ്യൂട്ടറുകളും ഗ്രൗണ്ട്‌ കണ്‍ട്രോള്‍ കമ്പ്യൂട്ടറുകളും എല്ലാം ഒരേ ക്ലോക്ക്‌ സ്പീഡില്‍, ഒരേ ക്ലോക്ക്‌ കൗണ്ടില്‍ പ്രവര്‍ത്തിക്കേണ്ടത്‌ വളരെ വളരെ അവശ്യമാണ്, എല്ലാം കിറുകൃത്യമായി നടക്കുവാന്‍. ചന്ദ്രയാന്‍ പോലുള്ള പദ്ധതികളില്‍ സമയത്തിന്റെ പ്രാധാന്യം റോക്കറ്റ് വിക്ഷേപണത്തോടെ അവസാനിക്കുന്നില്ല. അവയില്‍ മറ്റൊട്ടനവധി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായിത്തന്നെ നടത്തേണ്ടതുണ്ട്, വാഹനം അതിന്റെ ആത്യന്തികലക്ഷ്യമായ ചന്ദ്രനു ചുറ്റുമുള്ള സ്ഥിരഭ്രമണപഥത്തില്‍ എത്തിക്കുവാന്‍.

എന്നിരുന്നാലും നാം ഇപ്പോള്‍ പറഞ്ഞ സമയത്തിന്‌ , ദൈനംദിന ക്ലോക്ക്‌ സമയങ്ങളായി “രാവിലെ അഞ്ചുമണി, വൈകിട്ട് ആറരമണി“ തുടങ്ങിയ മണിക്കണക്കുമായി പ്രത്യേകിച്ച്‌ ബന്ധമൊന്നും ഇല്ല, ഉണ്ടാവേണ്ട ആവശ്യവുമില്ല. കാരണം ഭൂമിയ്ക്കു വെളിയില്‍, മണിക്കൂറില്‍ പതിനായിരക്കണക്കിനു കിലോമീറ്റര്‍ സ്പീഡില്‍ സഞ്ചരിക്കുന്ന ഒരു ബഹിരാകാശവാഹനത്തെ സംബന്ധിച്ചിടത്തോളം, അതു വിക്ഷേപിച്ച സ്ഥലത്ത്‌ ഇപ്പോള്‍ എത്രമണിയായി എന്നതില്‍ ഒരു പ്രാധാന്യവും ഇല്ല. 24 മണിക്കൂറിനുള്ളില്‍ അനവധി സൂര്യോദയങ്ങളും സൂര്യാസ്തമയങ്ങളും ഭൂമിയെ ചുറ്റിസഞ്ചരിക്കുന്ന ഒരു ബഹിരാകാശപേടകം കാണുന്നുമുണ്ട്! ഒരു സ്പേസ്‌ മിഷനെ സംബന്ധിച്ചിടത്തോളം അതിന്റെ ഒരു സ്റ്റാര്‍ട്ടിംഗ്‌ പോയിന്റില്‍ നിന്ന് ഇപ്പോള്‍ എത്രസെക്കന്റ്‌, അല്ലെങ്കില്‍ എത്രമിനിറ്റ്‌, അതുമല്ലെങ്കില്‍ 78:24:32:004 (78 മണീക്കൂര്‍, 24 മിനുട്ട്, 32 സെക്കന്റ്, 4 മില്ലിസെക്കന്റ്), എന്നൊക്കെയാണ്‌ കണക്കാക്കുന്നത്‌. അതിനനുസരിച്ചാണ്‌ ഓണ്‍ബോര്‍ഡ്‌ കമ്പ്യൂട്ടറുകളും ഗ്രൗണ്ട്‌ കമ്പ്യൂട്ടറുകളുമൊക്കെ പ്രവര്‍ത്തിക്കുന്നത്‌, അവയ്ക്കനുസരിച്ചാണ്‍ ഒരു പദ്ധതിയിലെ ഓരോ ചുവടും മുമ്പോട്ട് പോകുന്നത്.

ഇങ്ങനെ ഒരു മിഷന്റെ (പദ്ധതി) സ്റ്റാര്‍ട്ടിംഗ്‌ പോയിന്റിനെ T എന്നാണ്‌ പറയുന്നത്‌. T സെക്കന്റിലാണ്‌ റോക്കറ്റ്‌ ഉയരുന്നത് (ലിഫ്റ്റ്‌ ഓഫ്‌) ചെയ്യുന്നത്‌. T സെക്കന്റിനു പിന്നിലേക്കുള്ള സമയത്തെ T minus എന്നും T യ്ക്കു ശേഷമുള്ള സമയത്തെ T Plus എന്നുമാണ്‌ വിളിക്കുന്നത്‌. അതായത്, ഗണിതശാസ്ത്രത്തില്‍ നാം പറയാറുള്ള സംഖ്യാരേഖയിലെ പൂജ്യം എന്ന സ്ഥാനമാണ് ടി.സെക്കന്റിന് ഉള്ളത്. T യില്‍ നിന്നും ഇത്രമണിക്കൂര്‍ മുമ്പ്‌ തന്നെ അവസാനവട്ട പരിശോധനകള്‍ ആരംഭിക്കുന്നു. സോഫ്റ്റ്‌വെയര്‍, കമ്പ്യൂട്ടറുകള്‍, അവയുടെ ബാക്കപ്പ്‌ സിസ്റ്റങ്ങള്‍, നാവിഗേഷന്‍ സിസ്റ്റം ഇങ്ങനെ വിവിധഭാഗങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം, റോക്കറ്റിന്റെ വിവിധഘട്ടങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നു. ലോഞ്ച്‌ പാഡില്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുന്നു. ഇങ്ങനെ “T മൈനസ് ഇത്ര മണിക്കൂര്‍“ മുതല്‍ ഒരു ഷെഡ്യൂള്‍ അനുസരിച്ച്‌ അവസാനഘട്ട ജോലികള്‍ ആരംഭിക്കുന്നു. ഇതാണ്‌ കൗണ്ട്‌ ഡൗണ്‍ സീക്വന്‍സ് എന്നറിയപ്പെടുന്നത്.

T minus ഇത്രമണിക്കൂര്‍ എന്ന കണക്കിലായിരിക്കും ആരംഭത്തില്‍ കൗണ്ട്‌ ഡൗണ്‍ ചെയ്യുന്നത്‌, T യോടടുക്കും‌തോറും അത് മിനിറ്റ്, സെക്കന്റ് ഇങ്ങനെ മാറുന്നു. ഇതിനിടയില്‍ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന T- hold കളും ഉണ്ടാവും. അതായത്‌ ഈ ഹോള്‍ഡിംഗ്‌ ഭാഗങ്ങളില്‍ കൗണ്ട്‌ ഡൗണ്‍ ക്ലോക്ക്‌ താല്‍ക്കാലികമായി നിര്‍ത്തുന്നു. ഒടുവില്‍ T സെക്കന്റിലേക്ക് ഈ കൗണ്ട്‌ ഡൗണ്‍ അടുക്കുന്നു. ആധുനിക റോക്കറ്റ് വിക്ഷേപണങ്ങളിലെല്ലാം, സാധാരണയായി കൌണ്ട്ഡൌണിന്റെ ഏറ്റവും അവസാന നിമിഷങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ നിയന്ത്രണത്തിലായിരിക്കും. അവസാന പത്തു സെക്കന്റുകളാണ്‌ ഉറക്കെ എണ്ണുന്നത്‌ നാം കേള്‍ക്കുന്നത്‌.

ഓരോ തരം റോക്കറ്റുകള്‍ക്ക് അനുസരിച്ച്, T-4 സെക്കന്റിനോടടുപ്പിച്ചാണ്‌ റോക്കറ്റ് എഞ്ചിനുകള്‍ സ്റ്റാര്‍ട്ടാവുന്നത്‌. T-2, T-1, T, T+1, T+2 എന്നിങ്ങനെ ക്ലോക്ക്‌ മുമ്പോട്ട്‌ പോകുന്നു. മുന്‍പു പറഞ്ഞതുപോലെ കൃത്യമായും Tസെക്കന്റില്‍ റോക്കറ്റ്‌ മുകളിലേക്ക്‌ ഉയരും. വീണ്ടും ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ഓരോ പ്രവര്‍ത്തനങ്ങളും T കൗണ്ടിനനുസരിച്‌ മുമ്പോട്ട്‌ പോകും.

 1. റോക്കറ്റ് എഞ്ചിന്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണ്? വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ജെറ്റ് എഞ്ചിനില്‍നിന്ന് ഇവയ്ക്കുള്ള വ്യത്യാസമെന്ത്?

ന്യൂട്ടന്റെ മൂന്നാം ചലനനിയമ പ്രകാരം പ്രവര്‍ത്തിക്കുന്ന ജെറ്റ് എഞ്ചിനുകളാണിവ. അതായത്, ഏതുതരം ശാക്തികപ്രവര്‍ത്തനങ്ങള്‍ക്കും, അതിനു തുല്യവും വിപരീതദിശയിലുള്ളതുമായ ഒരു പ്രതിപ്രവര്‍ത്തനം ഉണ്ടാവും. റോക്കറ്റ് എഞ്ചിനുകളില്‍ ഒരു ഇന്ധനത്തിന്റെ ജ്വലനം മൂലം ഉണ്ടാകുന്ന വാതകപിണ്ഡത്തെ ഒരു നോസില്‍ വഴി പുറത്തേക്ക് അതിശക്തമായി പായിക്കുമ്പോള്‍ അതിന്റെ വിപരീത ദിശയിലേക്ക് അതേ ശക്തിയിലുള്ള ഒരു തള്ളല്‍ ഉണ്ടാകുന്നു. ഇതാണ് റോക്കറ്റ് എഞ്ചിനെ മുമ്പോട്ട് തള്ളിവിടുന്നത്. ഊതിവീര്‍പ്പിച്ച ഒരു ബലൂണിന്റെ വായില്‍ നിന്ന് പിടിവിട്ടാല്‍ ബലൂണ്‍ മുമ്പോട്ട് പോകുന്നതുപോലെ. ജെറ്റ് വിമാനങ്ങളിലെ എഞ്ചിനുമായി ഇവയ്ക്കുള്ള പ്രധാനവ്യത്യാസം, ജെറ്റ് വിമാന എഞ്ചിനുകളില്‍ കത്തലിന്‍ ആവശ്യമായ ഓക്സിജന്‍ അന്തരീക്ഷവായുവില്‍ നിന്ന് എടുക്കുന്നു എന്നതാണ്. എന്നാല്‍ റോക്കറ്റ് എഞ്ചിനുകളില്‍ ഓക്സിജനും ഇന്ധനവും, റോക്കറ്റ് ഫ്യുവലിന്റെ ഭാഗമാണ്. അതിനാലാണ്‍ അവയെ അന്തരീക്ഷമില്ലാത്ത സ്ഥലത്തും ഉപയോഗിക്കുവാനാവുന്നത്.

 1. റോക്കറ്റിന്റെ ത്രസ്റ്റ് എന്നാലെന്താണ്? ഇതിന്റെ പ്രാധാന്യം എന്ത്?

ഒരു ചേംബറിനുള്ളില്‍ ഒരു ഇന്ധനം കത്തുമ്പോഴുണ്ടാകുന്ന വാതകങ്ങളെ ഒരു നോസില്‍ വഴി പുറത്തേക്ക് തള്ളുന്നു എന്നും ഇങ്ങനെ പുറപ്പെടുവിക്കുന്ന വാതകങ്ങളുടെ അളവും, അവ പുറത്തേക്ക് പോകുന്ന വേഗതയുമാണ് റോക്കറ്റിനെ എതിര്‍ദിശയിലേക്ക് പായുവാന്‍ പ്രാപ്തമാക്കുന്നത് എന്നും പറഞ്ഞുവല്ലോ? ഒരു റോക്കറ്റ് എഞ്ചിനില്‍നിന്ന് പുറത്തേക്ക് പ്രവഹിക്കുന്ന വാതകങ്ങള്‍ റോക്കറ്റിനു എതിര്‍ദിശയില്‍ നല്‍കുന്ന തള്ളലിനെയാണ് ത്രസ്റ്റ് എന്നു പറയുന്നത്. ഒരു റോക്കറ്റിനെ മുകളിലേക്ക് ഉയര്‍ത്തുവാനായി റോക്കറ്റിന്റെ ഭാരത്തേക്കാള്‍ കൂടിയ അളവിലായിരിക്കണം എപ്പോഴും ത്രസ്റ്റ് (അതായത് ത്രസ്റ്റും ഭാരവും തമ്മിലുള്ള അനുപാതം എപ്പോഴും ഒന്നില്‍ കൂടുതലായിരിക്കണം). ഇതാണ് അതിന്റെ പ്രാധാന്യം. ഒരു സെക്കന്റില്‍ 4000 മുതല്‍ 5000 വരെ മീറ്റര്‍ വരെ വേഗതയില്‍ (ശബ്ദതരംഗവേഗതയുടെ പത്തിരട്ടിയിലുമധികം!) പുറത്തേക്ക് വാതകങ്ങളെ തള്ളിവിടുന്ന റോക്കറ്റ് എഞ്ചിനുകള്‍ സാധാരണമാണ്‍. ഒരു വെടിയുണ്ടയുടെ സ്പീഡ് സെക്കന്റില്‍ രണ്ടായിരം മീറ്റര്‍ വരെമാത്രം എന്നോര്‍ക്കുക! അതുപോലെ റോക്കറ്റ് എഞ്ചിന്‍ സ്റ്റാര്‍ട്ടായി T സെക്കന്റിനു മുമ്പായി എഞ്ചിന്‍ അതിന്റെ ഫുള്‍ത്രസ്റ്റില്‍ എത്തുക എന്നത് എല്ലാ റോക്കറ്റ് വിക്ഷേപണങ്ങളുടെയും അത്യന്താപേക്ഷിതമായ ഘടകമാണ്.

 1. റോക്കറ്റുകള്‍ കുത്തനെ മുകളിലേക്കാണോ വിക്ഷേപണത്തിനു ശേഷം സഞ്ചരിക്കുന്നത്?

അല്ല, റോക്കറ്റുകള്‍ വിക്ഷേപണത്തിന്റെ ആദ്യഘട്ടത്തില്‍ അല്പദൂരം മാത്രമേ കുത്തനെ ഉയരുന്നുള്ളൂ. അതിനുശേഷം അതൊരു ചരിഞ്ഞപാതയിലൂടെയാണ് മുകളിലേക്ക് പോകുന്നത്. വിക്ഷേപണഗോപുരം കടന്നുകഴിഞ്ഞാൽ ഉടൻ തന്നെ റോക്കറ്റ് ഒരു ചെരിഞ്ഞപാതയിലേക്ക് മാറുന്നു. ഇതുപോലെ തന്നെയാണ് പി.എസ്.എൽ.വിയും പോകുന്നത്. ഇതിനു പലകാരണങ്ങളുണ്ട്. ഒന്നാമത്, നേരെമുകളിലേക്ക് ഉയരുക എന്നത് ഗുരുത്വാകർഷണബലത്തിന് എതിരേയാണ്. ഇതിനു കൂടുതൽ ത്രസ്റ്റ് പ്രയോഗിക്കേണ്ടത് ആവശ്യമാണ്. ആദ്യ കമന്റിൽ കൊടുത്തിരിക്കുന്ന ചിത്രം നോക്കൂ. ചെരിഞ്ഞപാതയാകുമ്പോൾ ഈ അധികത്രസ്റ്റുകൂടി മുമ്പോട്ടുള്ള പ്രയാണത്തിന് ഉപയോഗിക്കുവാൻ കഴിയുന്നു. കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ മുകളിലേക്ക് ഒരു റോക്കറ്റ് ഉയരുന്ന പാത, അതുവഹിക്കുന്ന ഉപഗ്രഹത്തിനുവേണ്ടി ഉദ്ദേശിച്ചിട്ടുള്ള ഭ്രമണപഥവുമായി സന്ധിക്കുന്ന മറ്റൊരു ദീര്‍ഘവൃത്തത്തിന്റെ ഭാഗമാണ്. ഇതില്‍ ചുവന്ന നിറത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നതാണ് റോക്കറ്റ് വഹിക്കുന്ന ഉപഗ്രഹത്തിന്റെ ഭ്രമണപഥം. നീല വര റോക്കറ്റിന്റെ പാതയെ സൂചിപ്പിക്കുന്നു.

 1. റോക്കറ്റ് വിക്ഷേപണങ്ങള്‍ ഏതുദിശയിലേക്കും ചെയ്യാമോ? ഇല്ലെങ്കില്‍ ഇതിനു പ്രത്യേകിച്ച് കാരണം എന്തെങ്കിലുമുണ്ടോ?

അതിവേഗത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ഒരു കാറിൽനിന്നും ഒരു വസ്തു പുറത്തേക്ക് എറീഞ്ഞാല്‍ അത് പോകുന്ന പാത എങ്ങനെയായിരിക്കുമെന്ന് അറിയാമല്ലോ? കാറുപോകുന്ന അതേ ദിശയില്‍ മുമ്പോട്ട് വളഞ്ഞഒരു പാതയിലാവും അത് പുറത്തേക്ക് പോകുന്നത്. നമ്മുടെ ഭൂമി പടിഞ്ഞാറുനിന്നും കിഴക്കോട്ട് മണിക്കൂറിൽ 1667 കിലോമീറ്റർ വേഗതയില്‍ തിരിഞ്ഞുകൊണ്ടിരിക്കുകയാണ് (സ്വയംഭ്രമണം) എന്നറിയാമല്ലോ? അതുകൊണ്ട് ഒരു റോക്കറ്റ് പോലെ ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും പുറത്തേക്ക് “എറിയപ്പെട്ട” ഒരു വസ്തുവിനും ഭൂമിയുടെ ഭ്രമണഫലമായുണ്ടാകുന്ന ഈ അധികവേഗത ഒരു ബോണസായി ലഭിക്കുന്നു. ഇനി ചോദ്യത്തിലേക്ക്; റോക്കറ്റ് വിക്ഷേപണം ഏതുദിശയിലേക്കും ചെയ്യാം. പക്ഷേ ഊര്‍ജ്ജ ഉപയോഗം ഏറ്റവും ഫലപ്രദമായി എടുക്കുവാനാകുന്നത് കിഴക്കോട്ടുള്ള വിക്ഷേപണങ്ങള്‍ക്കാണെന്നുമാത്രം.

ഭൂമദ്ധ്യരേഖയിൽ നിന്നാണ് വിക്ഷേപണമെങ്കിൽ ഇതിന്റെ പ്രയോജനം മുഴുവനായി ലഭിക്കും; ധൃവപ്രദേശങ്ങളിലേക്ക് അടുക്കുംതോറും ഈ ബോണസ് വേഗത കുറഞ്ഞുകുറഞ്ഞുവരും. നമ്മുടെ ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കുന്ന ഒരു റോക്കറ്റിന് ചൈനയുടെയോ റഷ്യയുടേയോ ഒരു വിക്ഷേപണസ്ഥലത്തുനിന്ന് വിക്ഷേപിക്കുന്ന റോക്കറ്റുകളേക്കാൾ, ഭൂമിയുടെ ഭ്രമണവേഗതയാല്‍, അതിന്റെ പ്രവേഗത്തിനു ലഭിക്കുന്ന ഈ അധികബോണസ് കൂടുതലായി ലഭിക്കുന്നുമുണ്ട്. (എന്തുകൊണ്ട് എന്നു വായനക്കാര്‍തന്നെ ചിന്തിച്ചുനോക്കൂ).

 1. തുമ്പയിലെ റോക്കറ്റ് വിക്ഷേപണകേന്ദ്രം ഒഴിവാക്കി ശ്രീഹരിക്കോട്ട റോക്കറ്റ് വിക്ഷേപണത്തിനായി തെരഞ്ഞെടുക്കുവാൻ ഭൂമിശാസ്ത്രപരമായി എന്തെങ്കിലും പ്രത്യേകതകൾ ഉണ്ടോ??

ഉണ്ട്. ഒരു കാരണം റോക്കറ്റ് വിക്ഷേപണം എപ്പോഴും കിഴക്കു ദിക്കിലേക്കായിരിക്കും എന്നു പറഞ്ഞല്ലോ. അങ്ങനെ ചെയ്യുമ്പോൾ, വിക്ഷേപണകേന്ദ്രത്തിൽ നിന്നും കിഴക്കുഭാഗത്തേക്ക് മനുഷ്യവാസം അധികമില്ലാത്ത സ്ഥലങ്ങളാണ് സുരക്ഷാപരമായ കാ‍രണങ്ങളാൽ തെരഞ്ഞെടുക്കാറ്. ശ്രീഹരിക്കോട്ടയിൽനിന്ന് കിഴക്കുഭാഗത്തേക്ക് കടൽ ആയതിനാൽ ഈ പ്രത്യേകതയുണ്ട്. തുമ്പയിൽ ഇതില്ല.

 1. ഖര‌ഇന്ധന റോക്കറ്റ് എന്നാലെന്താണ്?

ഒരു ഖര‌ഇന്ധന (solid fule rocket) റോക്കറ്റിനുള്ളിലെ ഇന്ധനം പേരുസൂചിപ്പിക്കുന്നതുപോലെ ഖരാവസ്ഥയിലായിരിക്കും. നീണ്ട ഒരു ചേംബര്‍. അതിനുള്ളില്‍ അതിവേഗം കത്തി വാതകങ്ങളുണ്ടാക്കുന്ന ഒരു വസ്തു നിറച്ചിരിക്കുന്നു. അമ്മോണിയം പെര്‍ക്ലോറേറ്റ് കോമ്പസിറ്റ് പ്രൊപ്പലന്റ് ആണ്‍ സാധാരണയായി ഉപയോഗിക്കുന്നത്. ഗ്രെയിന്‍ എന്നാണ്‍ ഇതിനെ വിളിക്കുന്നത്. ഗ്രെയിനിനു നടുവിലായി ഒരു സുഷിരവും ഉണ്ട്. ഈ സുഷിരം സാധാരണയായി സ്റ്റാര്‍ ആകൃതിയാലിരിക്കും. ഈ പ്രത്യേകതമൂലം ഇന്ധനം ഒരേരീതിയില്‍ അടിമുതല്‍ മുകള്‍ വരെ ഒരേരീതിയില്‍ തീപിടിപ്പിക്കുവാനും കത്തിത്തീരുവാനും സഹായിക്കുന്നു. പരമ്പരാഗത സോളിഡ് റോക്കറ്റ് എഞ്ചിനുകള്‍ ഒരിക്കല്‍ കത്തുവാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ ഇടയ്ക്കുവച്ച് നിര്‍ത്തുവാനോ വീണ്ടും സ്റ്റാര്‍ട്ട് ചെയ്യുവാനോ കഴിയില്ല. ചില ആധുനികമായവയില്‍ ഈ സംവിധാനവും ഉണ്ട്.

ലളിതമായി പറഞ്ഞുവെങ്കിലും ആധുനിക സോളിഡ് റോക്കറ്റുകള്‍ ഒട്ടനവധി പ്രത്യേകതകള്‍ ഉള്ളവയാണ്. ആധുനിക ഡിസൈനുകളില്‍, ഒരു റോക്കറ്റിന്റെ ആദ്യസ്റ്റേജായി സോളിഡ് ഫ്യുവല്‍ എഞ്ചിനുകളാണ്‍ ഉപയോഗിക്കുന്നത്. അതുപോലെ ബൂസ്റ്റര്‍ റോക്കറ്റുകളും ഖര‌ഇന്ധനം തന്നെ. റോക്കറ്റിന്റെ ഗതി നിയന്ത്രിക്കാവുന്ന തരം നോസിലുകള്‍, മറ്റ് ഏവിയോണിക്സ് ഉപകരണങ്ങള്‍, എരിഞ്ഞുതീരുന്ന ബൂസ്റ്റര്‍ റോക്കറ്റിനെ വേണമെങ്കില്‍ വീണ്ടെടുക്കാവുന്ന പാരച്ച്യൂട്ട് മെക്കാനിസങ്ങള്‍ തുടങ്ങിയവയൊക്കെ ചില ആധുനിക ഡിസൈനുകളില്‍ ഉണ്ട്.
കൂടുതല്‍ വായിക്കുവാന്‍ താല്പര്യമുള്ളവര്‍ നോക്കുക :http://en.wikipedia.org/wiki/Solid_rocket

 1. ദ്രവ ഇന്ധന റോക്കറ്റ് എഞ്ചിനെപ്പറ്റി അല്പം വിശദീകരിക്കാമോ?

പേരുസൂചിപ്പിക്കുന്നതുപോലെ ദ്രവരൂപത്തിലുള്ള ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നവയാണ് ദ്രവ‌ഇന്ധനറോക്കറ്റ് (liquid fuel rocket). ഖര ഇന്ധന റോക്കറ്റിനെ അപേക്ഷിച്ച് ഡിസൈനില്‍ വളരെയധികം സങ്കീര്‍ണ്ണത (കോമ്പ്ലക്സിറ്റി) ഉള്ളവയാണ് ദ്രവ‌ഇന്ധന റോക്കറ്റുകള്‍. ഇവിടെ ഇന്ധനമായി ഉപയോഗിക്കുന്ന ദ്രവരൂപത്തിലുള്ള വസ്തുക്കളെ വെവ്വേറെ ടാങ്കുകളില്‍ സംഭരിച്ചശേഷം ആവശ്യമുള്ളപ്പോള്‍ തീപിടിപ്പിക്കുന്ന അറയിലേക്ക് കൊണ്ടുവന്ന് കത്തിക്കുകയാണ് ചെയ്യുന്നത്. പറയുമ്പോള്‍ ലളിതമെന്നു തോന്നാമെങ്കിലും ഒട്ടനവധി സാങ്കേതികകാര്യങ്ങളും ഡിസൈന്‍ ടെക്നോളജിയും ഇതിന് ആവശ്യമുണ്ട്. ദ്രാവകരൂപത്തിലുള്ള ഇന്ധനത്തെ ജ്വലന‌അറയിലേക്കെത്തിക്കുവാന്‍ ഉയര്‍ന്നശേഷിയുള്ളപമ്പുകള്‍, മില്ലിസെക്കന്റിനുള്ളില്‍ ഈ ഇന്ധനത്തെ കത്തിക്കുവാനുള്ള സംവിധാനം, അത്യന്തം തണുപ്പിച്ചു സൂക്ഷിക്കുന്ന വാതകങ്ങള്‍ സൂക്ഷിക്കുന്ന ടാങ്കുകളുടെ ഇന്‍സുലേഷന്‍ തുടങ്ങീ നൂറായിരം കാര്യങ്ങള്‍ ഈ എഞ്ചിനുകള്‍ക്ക് പിന്നിലുണ്ട്. ഇന്ത്യയ്ക്ക് ദ്രവ റോക്കറ്റ് എഞ്ചിന്‍ ടെക്നോളജി നല്‍കുന്നതില്‍നിന്ന് അമേരിക്ക ഒരിക്കല്‍ പിന്മാറുകയും, ചില വിലക്കുകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തത് ഇവിടെ ഓര്‍ക്കുമല്ലോ. ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വികാസ് ലിക്യുഡ് റോക്കറ്റ് എഞ്ചിനാണ് ഇപ്പോള്‍ പി.എസ്.എല്‍.വിയില്‍ ഉപയോഗിക്കുന്നത്.
കൂടുതല്‍ വായിക്കുവാന്‍ താല്പര്യമുള്ളവര്‍ നോക്കുക :http://en.wikipedia.org/wiki/Liquid_rocket

 1. ഖര‌ഇന്ധന റോക്കറ്റും ദ്രവ‌ഇന്ധനറോക്കറ്റും തമ്മിലുള്ള പ്രധാന വ്യതാസങ്ങള്‍ എന്തൊക്കെയാണ്?

സോളിഡ് റോക്കറ്റ് എഞ്ചുനുകള്‍ താരതമ്യേന വിശ്വസനീയമാണ്. നിര്‍മ്മിക്കുവാന്‍ അത്യന്തം വിഷമകരമായ ഡിസൈനുകള്‍ ഒന്നുമില്ല. ലിക്യുഡ് എഞ്ചിനുകളോളം ശേഷി ഇവയ്ക്കില്ലെങ്കിലും, നിര്‍മ്മാണചെലവുമായി താരതമ്യെപ്പെടുത്തുമ്പോള്‍ കൂടുതല്‍ ഫലപ്രാപ്തി തരുന്നതാണ്. ഒരിക്കല്‍ കത്താന്‍ തുടങ്ങിക്കഴിഞ്ഞാല്‍ (സാധാരണഗതിയില്‍) കത്തിത്തീരുന്നതുവരെയും പ്രവര്‍ത്തിക്കുന്നു. ഗ്രെയിനുകളില്‍ ഉണ്ടാകുന്ന വിള്ളലുകള്‍, അതിനുള്ളില്‍ അകപ്പെട്ടുപോകുന്ന വായുകുമിളകള്‍ തുടങ്ങീയവ റോക്കറ്റിന്റെ പരാജയത്തിലേക്ക് നയിച്ചേക്കാം. സോളിഡ് ഫ്യുവല്‍ എഞ്ചിനുകളില്‍, ഇന്ധനം സൂക്ഷിക്കുന്ന അറയില്‍ തന്നെയാണ്‍ ജ്വലനവും നടക്കുക. മിക്കവാറൂം എല്ലാ വിക്ഷേപണങ്ങളിലും ഏറ്റവും അവസാനത്തെ സ്റ്റേജിന്‍ സോളിഡ് എഞ്ചിനുകളാണ്‍ ഉപയോഗിക്കുന്നത്. പി.എസ്.എല്‍.വിയില്‍ ഒന്നും, മൂന്നും ഘട്ടങ്ങളും, ആദ്യഘട്ടത്തോട് ബന്ധിപ്പിച്ചിരിക്കുന്ന ബൂസ്റ്റര്‍ റോക്കറ്റുകളും ഖര‌ഇന്ധന റോക്കറ്റുകളാണ്. ഈ റോക്കറ്റുകളില്‍ ഇന്ധനം നിറച്ചു കഴിഞ്ഞാല്‍ അനേകനാള്‍ സൂക്ഷിച്ചു വയ്ക്കാനാവും എന്ന പ്രത്യേകതയും ഉണ്ട്.

ദ്രവ‌ഇന്ധനറോക്കറ്റുകള്‍ ഇഷ്ടാനുസരണം പ്രവര്‍ത്തിപ്പിക്കുവാനും നിര്‍ത്തുവാനും വീണ്ടും സ്റ്റാര്‍ട്ട് ചെയ്യുവാനും സാധിക്കും. ഈ എഞ്ചിനുകളില്‍ ഇന്ധനവും ഓക്സീകാരകവും പ്രത്യേക അറകളിലാണ് സൂക്ഷിക്കുന്നത്. വളരെ ഉയര്‍ന്ന മര്‍ദ്ദത്തില്‍ ഈ ദ്രാവകങ്ങളെ ജ്വലന അറയിലേക്ക് പമ്പ് ചെയ്യേണ്ടതുണ്ട്. സംഭരണ അറകള്‍, ജ്വലന അറയുമായി പൈപ്പുകള്‍ വഴി ബന്ധിപ്പിച്ചിരിക്കുകയാണ്. ഇവയുടെ ഇഗ്നിഷനും വളരെ പ്രത്യേകതയുള്ളതാണ്. പമ്പിംഗ് തുടങ്ങി മില്ലിസെക്കന്റുകള്‍ക്കുള്ളില്‍ തീപിടിപ്പിച്ചില്ലെങ്കില്‍ റോക്കറ്റിന്റെ പരാജയമാവും ഫലം. പ്രത്യേകതരം ഇന്‍സുലേഷന്‍, ഇവയുടെ അനുബന്ധ ഉപകരണങ്ങളുടെ ഭാരം തുടങ്ങിയവ റോക്കറ്റിന്റെ ആകെ ഭാരത്തെ ബാധിക്കും. കൌണ്ട് ഡൌണിന്റെ ഭാഗമായാണ് ഈ റോക്കറ്റ് എഞ്ചിനുകളില്‍ ഇന്ധനം നിറയ്ക്കുന്നത്.

സോളിഡ് റോക്കറ്റുകളേക്കാള്‍ പ്രവര്‍ത്തനമികവ് ദ്രവ‌ഇന്ധന റോക്കറ്റുകള്‍ക്കുണ്ട്. സാധാരണയായി അന്തരീക്ഷത്തില്‍ കുറേ ഉയര്‍ന്നതിനുശേഷമുള്ള സ്റ്റേജുകളിലാണ് ഇവ ഉപയോഗിക്കുന്നത്. പി.എസ്.എല്‍.വി യില്‍ രണ്ടാംഘട്ടവും, ചന്ദ്രയാനിലെ അപോജീറോക്കറ്റുകളും മറ്റും ലിക്യുഡ് റോക്കറ്റുകളാണ്‍. ലിക്യുഡ് റോക്കറ്റ് എഞ്ചിന്‍ ടെക്നോളജി അത്ര എളുപ്പം വികസിപ്പിച്ചെടുക്കാവുന്ന ഒന്നല്ല.

 1. ബഹുഘട്ട (മൾട്ടി-സ്റ്റേജ്) റോക്കറ്റ് എന്നാലെന്താണ്? ഇവ ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണം എന്താണ്?

ഒരു റോക്കറ്റിന്റെ സുപ്രധാനലക്ഷ്യം എന്നത് ഒരു ഉപഗ്രഹത്തെ ഒരു നിശ്ചിതവേഗതയില്‍ അതിനു നിശ്ചയിക്കുന്ന ഭ്രമണപഥത്തില്‍ എത്തിക്കുക എന്നതാണല്ലോ. ഇതിനു വേണ്ട ത്രസ്റ്റ് പ്രദാനം ചെയ്യുന്നത് റോക്കറ്റിന്റെ എഞ്ചിനുകളും. ഉപഗ്രഹത്തിന്റെ ഭാരം ഏതാനും ആയിരം കിലോഗ്രാം മാത്രമാണെങ്കിലും, ഇത്രയും ഉയരത്തില്‍, നിശ്ചിതവേഗതയില്‍ അതിനെ എത്തിക്കുവാനായി റോക്കറ്റിനും അതിലെ ഇന്ധനങ്ങള്‍ക്കും എല്ലാം കൂടി ഇതിന്റെ എത്രയോ ഇരട്ടി ഭാരമുണ്ട്. ഈ ഭാരം മുഴുവനും ഉയര്‍ത്തുവാന്‍ ശേഷിയുള്ളതാവണം റോക്കറ്റിന്റെ എഞ്ചിന്‍ കൊടുക്കുന്ന ത്രസ്റ്റ്. റോക്കറ്റിന് ഏറ്റവും കൂടുതല്‍ ത്രസ്റ്റ് വേണ്ടത് അത് ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് ഉയരാന്‍ തുടങ്ങുമ്പോഴാണ്. ഉദാഹരണത്തിന് പി.എസ്.എല്‍.വിയുടെ ഭാരം 240 ടണ്‍ ആണ്. ഒരു സ്പേസ് ഷട്ടിലിന്‍ വിക്ഷേപണ സമയത്ത് 2100 ടണ്ണോളം ഭാരമുണ്ട്! ഒരുപ്രത്യേക ഉയരം വരെ ഉയര്‍ന്നുകഴിഞ്ഞാല്‍, അത്രയും ഇന്ധനത്തിന്റെ ഭാരം കുറയും. അതോടോപ്പം അത്രയും ഇന്ധനം വഹിച്ചിരുന്ന അറയും ഉപേക്ഷിക്കുവാന്‍ കഴിഞ്ഞാലോ? വീണ്ടും ഭാരം കുറയ്ക്കാം. അപ്പോള്‍ അതുകഴിഞ്ഞ് പ്രവര്‍ത്തിക്കുവാന്‍ തുടങ്ങുന്ന റോക്കറ്റ് എഞ്ചിന് അത്രയും ജോലി കുറയും. ഇതാണ് ബഹുഘട്ട റോക്കറ്റുകള്‍ ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണം. ബഹുഘട്ട റോക്കറ്റുകള്‍ യഥാര്‍ത്ഥത്തില്‍ ഒന്നിനുമേലേ ഒന്നായി അടുക്കിവച്ച പലറോക്കറ്റുകള്‍ തന്നെയാണ്.

 1. ഒരു റോക്കറ്റിനെ വിക്ഷേപണഗോപുരവുമായി ബന്ധിപ്പിച്ചു നിര്‍ത്തുന്നതെങ്ങനെയാണ്? വിക്ഷേപണ സമയത്ത് ആ “കെട്ട്” വേര്‍പെടുത്തുന്നതെങ്ങനെ?

എക്സ്പ്ലോസീവ് ബോള്‍ട്ടുകള്‍ എന്നറിയപ്പെടുന്ന പ്രത്യേകതരം ബോള്‍ട്ടുകള്‍ ഉപയോഗിച്ചാണ് റോക്കറ്റിനെ വിക്ഷേപണഗോപുരവുമായി ബന്ധിപ്പിക്കുന്നത്. അതായത് ഇവയ്ക്കുള്ളില്‍ ഒരു പ്രത്യേകതരം സ്ഫോടകവസ്തുക്കള്‍ നിറച്ചിരിക്കും. ആവശ്യമുള്ളപ്പോള്‍ റിമോട്ട് നിയന്ത്രണത്തിലൂടെ (കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ച്) ഇവ പൊട്ടിക്കുകയും ടവറുമായുള്ള ബന്ധം വേര്‍പെടുത്തുകയും ചെയ്യുന്നു.

 1. ബഹുഘട്ടറോക്കറ്റുകളിലെ പ്രവര്‍ത്തിച്ചു തീര്‍ന്ന ഒരു ഘട്ടത്തെ എങ്ങനെയാണ് ബാക്കിയുള്ളവയില്‍ നിന്ന് വേര്‍പെടുത്തുന്നത്?

മുകളില്‍ പറഞ്ഞ തരം എക്സ്‌പ്ലോസീവ് ബോള്‍ട്ടുകളാണ് ഇവിടെയും ഉപയോഗിക്കുന്നത്.

 1. വിജയകരമായ ഒരു റോക്കറ്റ് വിക്ഷേപണത്തിനുശേഷം ഒരു ഉപഗ്രഹത്തിനു ലഭിക്കുന്ന ഭ്രമണപഥം എങ്ങനെയാണ് നിശ്ചയിക്കപ്പെടുക? അത് സ്വയം സംഭവിക്കുന്നതോ, കൃത്യമായി വിക്ഷേപണത്തിനു മുമ്പ് തന്നെ നിര്‍ണ്ണയിക്കാവുന്നതോ?

ഒരു ഉപഗ്രഹത്തിന്റെ ഭ്രമണപഥം എങ്ങനെയോ ഉണ്ടാകുന്ന ഒന്നല്ല. കൃത്യമായി കണക്കുകൂട്ടി നിര്‍മ്മിച്ചെടുക്കുന്നതുതന്നെയാണ്. Kepler’s laws of planetary motion, Newton’s laws of motion തുടങ്ങിയവയ്ക്കനുസൃതമായാണ് ഇവ നിര്‍വ്വചിക്കപ്പെട്ടിരിക്കുന്നത്.

 1. റോക്കറ്റുകളുടെ ആദ്യഘട്ടങ്ങളെല്ലാം തന്നെ തിരികെ ഭൌമാന്തരീക്ഷത്തിലേക്ക് പ്രവേശിച്ച് കത്തിയെരിഞ്ഞു പോകുന്നു എന്നു പറഞ്ഞല്ലോ. അവസാന ഘട്ടത്തിന് എന്തുസംഭവിക്കുന്നു? അവയും ഉപഗ്രഹത്തോടൊപ്പം അതേ ഭ്രമണപഥങ്ങളില്‍ സഞ്ചരിക്കുകയാണോ?

റോക്കറ്റിന്റെ അവസാനഘട്ടമാണ് ഉപഗ്രഹത്തിന് അല്ലെങ്കില്‍ ബഹിരാകാശവാഹനത്തിന് അതിന്റെ ഭ്രമണപഥത്തില്‍ ആവശ്യമായ വേഗതനല്‍കുന്നത്. സാധാരണയായി ഈ ഘട്ടം ഭൌമോപരിതലത്തിനു സമാന്തരമായ ഒരു ദിശയില്‍, നിര്‍ണ്ണയിച്ചിരിക്കുന്ന പ്രവേഗത്തില്‍ സഞ്ചരിക്കുകയും അതിന്റെ അവസാനം അതില്‍ ഉറപ്പിച്ചിരിക്കുന്ന പേലോഡ് (വാഹനത്തെ) മുമ്പോട്ട് തള്ളിക്കൊണ്ട് പ്രവര്‍ത്തനം അവസാനിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇപ്രകാരം പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന അന്ത്യഘട്ട റോക്കറ്റ് ഭൂമിയിലേക്ക് പതിക്കുന്നില്ല. പകരം അതേ ഓര്‍ബിറ്റില്‍ അനേകകാലം സഞ്ചരിക്കുകയാണ്‍ ചെയ്യുന്നത്. സ്പേസ് വെയ്സ്റ്റുകളുടെ കൂട്ടത്തില്‍ ഇവയും പെടും.

 1. സ്പേസ് വെയ്സ്റ്റ് എന്നാലെന്താണ്‍?

മുകളിലെ ഉദാഹരണത്തില്‍ പറഞ്ഞതുപോലെ ഉപേക്ഷിക്കപ്പെടുന്ന റോക്കറ്റ് ഭാഗങ്ങള്‍, കാലാവധികഴിഞ്ഞ ഉപഗ്രഹങ്ങള്‍, ഇന്റര്‍ നാഷനല്‍ സ്പേസ് സ്റ്റേഷനില്‍ നിന്ന് പുറത്തേക്ക് ഇജക്റ്റ്ചെയ്യുന്ന വെയ്സ്റ്റ് , തുടങ്ങി ബഹിരാകാശത്ത് ഭൂമിക്കു ചുറ്റുമായി കാണപ്പെടുന്ന മനുഷ്യ നിര്‍മ്മിതമായ മായ വസ്തുക്കളെയാണ്‍ സ്പേസ് വെയ്സ്റ്റ് അഥവാ സ്പെയ്സ് ജങ്ക് എന്നുവിളിക്കുന്നത്. മില്ലീമീറ്ററ് വലുപ്പമുള്ള വസ്തുക്കള്‍ മുതല്‍ ഉപേക്ഷിക്കപ്പെട്ട് റോക്കറ്റ് ഭാഗങ്ങള്‍ വരെ അതിലുള്‍പ്പെടും. ഉപേക്ഷിക്കപ്പെടുന്ന അവസാന ഘട്ടറോക്കറ്റ് ഭാഗങ്ങള്‍ക്കുള്ളിക് ദ്രവ ഇന്ധനങ്ങളുണ്ടെങ്കില്‍, അവയില്‍ എന്തെങ്കിലും ഒരു ചെറിയ വസ്തുവന്നിടിച്ചാല്‍ പോലും ഈ ടാങ്കുകള്‍ പൊട്ടിത്തെറിക്കുകയും, മറ്റനവധി ചെറിയ തുണ്ടുകള്‍ ഉണ്ടാവുകയും ചെയ്യും. ഇതുകൂടാതെ ഈ അടുത്തയിടെയായി ചൈന നടത്തിയ ഒരു ആന്റി സാറ്റലൈറ്റ് മിസൈല്‍ പരീക്ഷണഫലമായും 35000 നുമുകളില്‍ കഷണങ്ങള്‍ സ്പേസ് വേയ്സ്റ്റ് ഉണ്ടായതായി വിക്കിപീഡിയയില്‍ കാണുന്നു. തിര്‍ച്ചയായും ഈ സ്പേസ് ജങ്ക് വര്‍ദ്ധിച്ചുവരുന്നത് ഒരു നല്ല കാര്യമല്ല.

 1. ബഹിരാകാശത്ത് ഒരു വസ്തുവിന് നിശ്ചലമായി നില്‍ക്കുവാന്‍ സാധ്യമാ‍ണോ?

ഈ ചോദ്യത്തില്‍ ബഹിരാകാശം എന്നുദ്ദേശിക്കുന്നത് സ്പേസ് ആണ്. സ്പേസില്‍ ഒരുവസ്തുക്കളും അനങ്ങാതെനില്‍ക്കുന്നില്ല. എല്ലാം മറ്റൊരു കേന്ദ്രത്തിനുചുറ്റുമായി ഗുരുത്വാകര്‍ഷണബലങ്ങളുടെയും ഗതികോര്‍ജങ്ങളുടെയും ബാലന്‍സുകളില്‍ ചലിച്ചുകൊണ്ടേയിരിക്കുകയാണ്. ചന്ദ്രനും, കൃത്രിമോപഗ്രഹങ്ങളും ഭൂമിക്കു ചുറ്റും, ഭൂമിയും മറ്റ് ഗ്രഹങ്ങളും സൂര്യനുചുറ്റും, സൂര്യന്‍ നമ്മുടെ ഗാലക്സിയുടെ കേന്ദ്രത്തിനു ചുറ്റും, അങ്ങനെ അങ്ങനെ ചലനം ചലനം സര്‍വ്വത്ര! തത്വത്തില്‍ സ്പേസിലെ എല്ലാ ചലനപഥങ്ങളും ഒരു വൃത്തം, ദീര്‍ഘവൃത്തം, പരാബോള എന്നിവയുടെ ഭാഗമായിരിക്കും.

 1. ഭൂമിയില്‍ നിന്നും ചന്ദ്രനിലേക്ക് കൊണ്ടുപോകുന്ന ഒരു വസ്തുവിന് അവിടെയെത്തുമ്പോള്‍ ഭാരം കുറയുന്നതായി വായിച്ചു. എന്തുകൊണ്ടാണിത്?

നാം ഒരു ത്രാസില്‍ കയറിനില്‍ക്കുമ്പോള്‍ എന്താണ്‍ സംഭവിക്കുന്നതെന്നു നോക്കാം. നമ്മുടെ ശരീരത്തെ ഭൂമി അതിന്റെ കേന്ദ്രത്തിലേക്ക് പിടിച്ചുവലിക്കുന്നു. പക്ഷേ ത്രാസിന്റെ പ്രതലവും, അതിരിക്കുന്ന തറയും ഈ വലിവിന് എതിര്‍ദിശയില്‍ അതേ അളവിലുള്ള ഒരു പ്രതിബലം പ്രയോഗിക്കുന്നു. അതിനാല്‍ നാം ഭൂകേന്ദ്രത്തിലേക്ക് പതിക്കുന്നില്ല. (ഭൂമി വല്ല കുഴമ്പുപരുവത്തിലുമായിരുന്നെങ്കില്‍ കാണാമായിരുന്നു! ബ്ലും!) ഈ ബലത്തെ നാം നില്‍ക്കുന്നത്രാസിലെ സ്പ്രിംഗ് “അനുഭവിച്ചറിയുകയും” അത് കിലോഗ്രാം അളവില്‍ രേഖപ്പെടുത്തി കാണിക്കുകയും ചെയ്യുന്നു – അതാണ് നമ്മുടെ ഭാരം.

ചന്ദ്രന് ഭൂമിയുടെ നാലിലൊന്നു വലിപ്പമേയുള്ളൂ. അതുലടങ്ങിയിരിക്കുന്ന പദാര്‍ഥങ്ങള്‍ക്കും ഭൂമിയുടേതുമായി വ്യത്യാസമുണ്ട്. അതിനാല്‍ ചന്ദ്രന്റെ ഗുരുത്വാകര്‍ഷണബലം ഭൂമിയുടേതിന്റെ ആറിലൊന്നുമാത്രം. അതായത് ഒരു വസ്തുവിനെ ഭൂമി തന്നിലേക്ക് വലിക്കുന്ന വലിവിന്റെ ആറിലൊന്നു ശക്തിയിലാണ് ചന്ദ്രന്‍ വലിക്കുന്നത്. സ്വാഭാവികമായും ഭൂമിയില്‍ 60 കിലോഗ്രാം ഭാരം കാണിക്കുന്ന ഒരു ചാക്ക് മണല്‍ ചന്ദ്രനില്‍ കൊണ്ടുപോയി തൂക്കിനോക്കിയാല്‍ അതിന്റെ ആറിലൊന്നായ 10 കിലോയേ ത്രാസ് കാണിക്കുകയുള്ളൂ. എന്നാല്‍ മണലിന്റെ അളവില്‍ കുറവൊന്നും സംഭവിച്ചതുമില്ല!

 1. അന്തരീക്ഷത്തിലെ ഡ്രാഗ് (Drag) എന്നാലെന്താണ്? അത് ഒരു റോക്കറ്റിനേയും ഭ്രമണപഥത്തിലായിരിക്കുന്ന ഒരു ഉപഗ്രഹത്തേയും എങ്ങനെയാണ് ബാധിക്കുക.

രണ്ടുപ്രതലങ്ങള്‍ തമ്മിലുള്ള ഉരസല്‍മൂലം ഉണ്ടാകുന്ന ഒന്നാണല്ലോ ഘര്‍ഷണം അഥവാ Friction. ദ്രവമാധ്യമങ്ങളില്‍ ഉണ്ടാകുന്ന ഘര്‍ഷണത്തെയാണ് ഡ്രാഗ് എന്ന് വിളിക്കുന്നത്. സാങ്കേതികമായി ഒരു വാതകമീഡിയവും (ഉദാഹരണം വായു മണ്ഡലം) ഒരു ദ്രവമാധ്യമമാണ്. അതിനാല്‍ അതില്‍ കൂടി കടന്നുപോകുന്ന ഒരു വസ്തുവില്‍ വായുമണ്ഡലം ഘര്‍ഷണം ചെലുത്തും. നമുക്ക് പരിചയമുള്ള ചെറിയ വേഗങ്ങളില്‍ ഇത് അത്ര വലുതായി അനുഭവപ്പെടില്ല. എങ്കിലും 80 – 100 കിലോമീറ്റര്‍ / മണിക്കൂര്‍ എന്ന സ്പീഡിനു മുകളില്‍ ബൈക്കിലോ കാറുകളിലോ സഞ്ചരിച്ചിട്ടുള്ളവര്‍ക്ക് വായുവിന്റെ ഈ പ്രതിരോധം അനുഭവത്തില്‍ നിന്നറിയാമായിരിക്കുമല്ലോ? അപ്പോള്‍ മണിക്കൂറില്‍ അനേകായിരം കിലോമീറ്റര്‍ വേഗതിയില്‍ പോകുന്ന സൂപ്പര്‍സോണിക് വിമാനങ്ങള്‍, റോക്കറ്റുകള്‍ മുതലായവയില്‍ വായുമണ്ഡലം ചെലുത്തുന്ന ഘര്‍ഷണമോ? ഇത് നമുക്ക് ഭാവനയില്‍ കാണാവുന്നതിലും എത്രയോ അധികമാണ്. ഉദാഹരണത്തിന് ശബ്ധാതിവേഗത്തില്‍ സഞ്ചരിക്കാന്‍ വേണ്ടി ഡിസൈന്‍ ചെയ്തിട്ടില്ലാത്ത ഒരു വിമാനം ശബ്ദാതിവേഗത്തില്‍ വായുവിലൂടെ പായിക്കുന്നു എന്നുകരുതുക (അതു സാധമല്ല എങ്കിലും!). ആ വാഹനത്തെ ഉടച്ചു കഷണങ്ങളാക്കികളയുവാന്‍ വായു പ്രയോഗിക്കുന്ന ഈ മര്‍ദ്ദത്തിനു സാധിക്കും. അതുപോലെ അന്തരീക്ഷത്തിന്റെ ഉയര്‍ന്ന തലങ്ങളില്‍നിന്ന് ഭൌമാന്തരീക്ഷത്തിലേക്ക് കടക്കുന്ന ഉല്‍ക്കകള്‍ മുതലായവ അന്തരീക്ഷത്തില്‍ വച്ചുതന്നെ കത്തിച്ചാരമായി പോകുന്നതും ഈ ഘര്‍ഷണം മൂലമാണ്.

വായു മണ്ഡലം ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് മുകളിലേക്ക് പോകുംതോറൂം നേര്‍ത്തുനേര്‍ത്തുവരും. നൂറുകിലോമീറ്ററിനു മുകളിലേക്ക് ഇത് വളരെ നേരിയതായാണ് ഉള്ളത്. എങ്കിലും ഉപഗ്രഹങ്ങള്‍ സഞ്ചരിക്കുന്ന ഉയര്‍ന്ന വേഗതയില്‍ , അതിന്റെ വേഗത കുറയ്ക്കുമാറുള്ള ഒരു ഡ്രാഗ് ചെലുത്തുവാന്‍ ഈ നേരിയ വായുമണ്ഡലത്തിനുപോലും സാധിക്കും. അതിനാലാണ് ഏറ്റവും താണു ഭൂമിയെ പ്രദക്ഷിണംവയ്ക്കുന്ന ഉപഗ്രഹങ്ങള്‍ക്ക് പോലും 200 കിലോമീറ്ററിനു മുകളിലേക്കാണ് സാധാരണ ഓര്‍ബിറ്റുകള്‍ നിശ്ചയിക്കുക.

 1. ബഹിരാകാശത്ത് ആകാശത്തിനു കറുപ്പുനിറമാണെന്ന് പറയുന്നല്ലോ. എന്താണ് കാരണം?

ഭൂമിയുടെ ഉപരിതലത്തില്‍ നിന്നുകൊണ്ട് നോക്കുമ്പോള്‍ ഒരു വലിയ താഴികക്കുടം കമിഴ്ത്തിയതുപോളെ നമ്മുടെ തലയ്ക്കുമുകളില്‍ കാണുന്ന നീലാകാശം എന്നത് നമ്മുടെ കണ്ണുകള്‍ നമുക്ക് ഉണ്ടാക്കുന്ന ഒരു പ്രതീതി മാത്രമാണ്. ഒരു മായക്കാഴ്ച! ഭൌമാന്തരീക്ഷത്തില്‍കൂടി കടന്നുവരുന്ന സൂര്യപ്രകാശത്തിനു സംഭവിക്കുന്ന വിഭ്രംശനങ്ങള്‍മൂലം അതിലെ നിലവര്‍ണ്ണം കൂടുതലായി നമ്മുടെ കണ്ണുകളില്‍ എത്തുന്നതിനാലാണിത് സംഭവിക്കുന്നത്. ഇതേ പ്രതിഭാസമാണ് സമുദ്രജലത്തിന്റെ നീലവര്‍ണ്ണത്തിനു പിന്നിലുമുള്ളത്. ഭൌമാന്തരീക്ഷം വിട്ട് മുകളിലേക്ക് പോയാല്‍ പിന്നെ ആകാശവുമില്ല, വായുമണ്ഡലവുമില്ല. സ്പേസ് മാത്രം. സ്പേസ് എന്നാല്‍ സ്ഥലം. നമ്മുടെ പ്രപഞ്ചം മുഴുവന്‍ ഈ സ്പേസിന്റെ ഭാഗമാണ്. ശൂന്യതയും അതിനിടയില്‍ കുറേ ദ്രവ്യങ്ങളും ചേര്‍ന്ന ഒരു സ്ഥലം. ഈ ദ്രവ്യങ്ങളെ നാം ഗ്രഹങ്ങളെന്നും നക്ഷത്രങ്ങളെന്നും ജ്യോതിര്‍ ഗോളങ്ങളെന്നും വിളിക്കുന്നു. ശൂന്യതയെ ശൂന്യാകാശമെന്നും. അതിനു നിറമോ മണമോ ആകൃതിയോ അതിരുകളോ ഇല്ല. സ്പേസ് എന്നാല്‍ സ്പേസ് മാത്രം. .

 1. മനുഷ്യരാശിയുടെ ചരിത്രത്തില്‍ അനേകം കണ്ടുപിടിത്തങ്ങളും, പ്രോജക്റ്റുകളും ഉണ്ടായിട്ടുണ്ട്. അവയെ അപേക്ഷിച്ച് സ്പേസിലേക്കുള്ള യാത്രകളുടെ പ്രത്യേകതകളെന്തൊക്കെ? ഒരു രാജ്യത്തിന് അഭിമാനിക്കാന്‍ തക്ക എന്തുകാര്യമാണ് ഇതിലുള്ളത്?

ഏതുകാലഘട്ടത്തിലെ മനുഷ്യരാശിയുടെ ചരിത്രം പരിശോധിച്ചാലും അനേകം കണ്ടുപിടിത്തങ്ങളും മനുഷ്യനിര്‍മ്മിതമായ വന്‍ പ്രോജക്റ്റുകളും നമുക്ക് കാണാം. നാം ഇന്നുകാണുന്നരീതിയിലുള്ള ശാസ്ത്രീയമായ അനേകം പുരോഗതികള്‍ക്ക് ഇടയായത് പത്തൊന്‍പത് ഇരുപത് നൂറ്റാണ്ടുകളിലായിരുന്നു എന്നുമാത്രം. പക്ഷേ അവയൊക്കെയും നാം വസിക്കുന്ന ഭൂമി എന്ന ഗ്രഹത്തിനുള്ളില്‍ അതിന്റെ ആകര്‍ഷണബലത്തിലും, നാം ജീവിക്കുന്ന ചുറ്റുപാടിലും, അന്തരീക്ഷത്തിലും വച്ച് നടത്തിയിട്ടുള്ള കാര്യങ്ങളാണ്.എന്നാല്‍ ഒരു സ്പേസ് മിഷന്‍ എന്നു പറയുന്നത് ഇങ്ങനെയൊരു സാഹചര്യത്തില്‍ ഉള്ളതല്ല. പ്രത്യേകിച്ചും ഭൂമിവിട്ട് മറ്റൊരു ജ്യോതിര്‍ ഗോളത്തിലേക് സഞ്ചരിക്കുക എന്നൊക്കെ വരുമ്പോള്‍ അതിന്റെ സങ്കീര്‍ണ്ണത നമുക്ക് സങ്കല്‍പ്പിക്കാനാവുന്നതിലും അപ്പുറം അനേകം വെല്ലുവിളികള്‍ നമ്മുടെ മുമ്പില്‍ ഉയര്‍ത്തുന്നു.

ഏതൊരു പദ്ധതി എടുത്തുനോക്കിയാലും അത് പൂര്‍ത്തിയാക്കുന്നതിന് അനേകം കടമ്പകള്‍ അല്ലെങ്കില്‍ വെല്ലുവിളികള്‍ ഏറ്റെടുക്കേണ്ടതുണ്ട് എന്നുകാണാം. പക്ഷേ ഇക്കാര്യത്തിലുള്ള വെല്ലുവിളികള്‍ അതിലൊക്കെ അധികമാണ്. ഇത്തരം പരീക്ഷണങ്ങളില്‍ ബാധകമായ ശക്തികള്‍, ആകര്‍ഷണബലങ്ങള്‍,നമ്മുടെ അന്തരീക്ഷം എന്ന സംരക്ഷണകവചത്തിന്റെ അഭാവം തുടങ്ങി ചലഞ്ചുകള്‍ ഒട്ടേറെ. വേഗത, കിറുകൃത്യത, നിശ്ചയദാര്‍ഢ്യം, സാങ്കേതികജ്ഞാനത്തിന്റെ തികവ്, അതു പൂര്‍ത്തീകരിക്കാനാവശ്യമായ വൈജ്ഞാനികവും, ശാരീരികവുമായ മനുഷ്യപ്രയത്നം എന്നിവയൊക്കെ ഒത്തുചേര്‍ന്നാല്‍ മാത്രമേ ഒരു ബഹിരാകാശപദ്ധതി വിജയകരമായി പൂര്‍ത്തീകരിക്കാനാവൂ. വെല്ലുവിളികളെ ബുദ്ധിയുപയോഗിച്ചു നേരിടുക. അതുതന്നെയാണ് അതിന്റെ പിന്നിലെ അഭിമാനവും.

കടപ്പാട് – അപ്പു: ഷിബു ജേക്കബ്

 

Image

ഒരു അഭിപ്രായം പറയൂ