വെള്ളിക്കോൽ

Share the Knowledge

വെള്ളിക്കോൽ എന്ന പേര് കേട്ടാൽ വെള്ളികൊണ്ടുള്ള കോലാണെന്നു തോന്നും. പക്ഷെ പേരിൽ മാത്രമേ വെള്ളി ഉള്ളൂ. ഇതിൽ വെള്ളിയുടെ അംശം പോലുമില്ല. ഏതാണ്ട് 1960 കാലം വരെയും ഭാരം അളക്കാൻ ഉപയോഗിച്ചിരുന്ന ഒരു അളവുപകരണമാണ് വെള്ളിക്കോൽ. കിഴങ്ങ്, ചേന, ചേമ്പ്,മഞ്ഞൾ, പഴങ്ങൾ തുടങ്ങിയ കാർഷികോത്പന്നങ്ങളും മത്സ്യം, മാംസം തുടങ്ങിയവയും പിത്തള പാത്രങ്ങൾ, തുടങ്ങി എല്ലാം തൂക്കിവിറ്റിരുന്നത് ഇതുപയോഗിച്ചാണ്. അങ്ങാടിമരുന്നും മറ്റും തൂക്കാനും ഇതുപയോഗപ്പെട്ടിരുന്നു. പ്രത്യേകിച്ച് ഇന്നത്തെ പോലെ കടകൾ ഇല്ലാതിരുന്ന പഴയ കാലങ്ങളിൽ കച്ചവടക്കാരൻ വീടുകളിൽ വന്നാണ് വാണിഭം ചെയ്തിരുന്നത്. തൂക്കാനുള്ള അളവ് ഉപകരണമായ വെള്ളിക്കോലും കൈവശം ഉണ്ടാകും. കൊണ്ട് നടക്കാൻ വളരെ സൌകര്യപ്രദമായ ഉപകരണമാണിത്.
രണ്ടര അടീ നീളമുള്ള ദണ്ഡ് ചെത്തിമിനുക്കി ഒരറ്റത്തു കനം കൂടി മറ്റേ അറ്റത്തേക്ക് കനം കുറഞ്ഞും ഉഴിഞ്ഞെടുക്കുന്നു. കോലിന്റെ വണ്ണമുള്ള ഭാഗത്ത്‌ ഘനമുള്ള ഏതെങ്കിലും ലോഹംകൊണ്ടു് പൊതിയുമായിരുന്നു. ചെമ്പ്, ഇരുമ്പ് അങ്ങനെയുള്ള ലോഹങ്ങളാണ് കൂടുതലും ഉപയോഗിച്ചിരുന്നത്. മികച്ച വെള്ളിക്കോലുകളിൽ, കൂടുതൽ സ്ഥിരവും ദീർഘകാലത്തേക്കു് കൃത്യതയും ലഭിക്കാൻ ആദ്യകാലങ്ങളിൽ വെള്ളി കൊണ്ടാണ് പൊതിഞ്ഞിരുന്നത് എന്ന് കരുതുന്നു. അതുകൊണ്ടാകാം വെള്ളിക്കോൽ എന്ന പേര് വന്നത്. വെള്ളിക്കുപകരം ഇരുമ്പോ ചെമ്പോ ഉപയോഗിക്കുന്ന കോലുകൾക്കുപോലും വെള്ളിക്കോൽ എന്ന പേർ പ്രചാരത്തിലായതു് അങ്ങനെയാണു്.
ഒരു ഒന്നാംവർഗ്ഗ ഉത്തോലകമാണു് വെള്ളിക്കോൽ. ബലം X അതു പ്രയോഗിക്കപ്പെടുന്ന അകലം,; = ഭാരം X അത് പ്രയോഗിക്കപ്പെടുന്ന അകലം ഈ സമവാക്യ പ്രകാരം സമതുലനം ചെയ്യാൻ ഇതിൽ ഏതെങ്കിലും ഒന്നിലേക്കുള്ള അകലം മറ്റേതിനെ അപേക്ഷിച്ച് ക്രമീകരിച്ചാൽ മതി എന്നതാണു് വെള്ളിക്കോലിന്റെ അടിസ്ഥാനപ്രവർത്തനതത്വം
വെള്ളിക്കോലിൽ കുറെ ചെറിയ വരകളും വലിയവരകളും കാണാം. ആ വരകളിലാണ് ബാലൻസിംഗിനായി ചരട് പിടിക്കുന്നത്. ഒരു വശത്തുള്ള കൊളുത്തിൽ ഭാരം തൂക്കുവാനുള്ള വസ്തുക്കൾ വച്ചിട്ടു വെള്ളിക്കോൽ തിരശ്ചീനമായി നിൽക്കുവാൻ ചരട് ഇടത്തോട്ടോവലത്തോട്ടോ നീക്കുന്നു. വെള്ളിക്കോൽ തിരശ്ചീലമായി നിൽക്കുന്ന സമയത്തെ ചരടിന്റെ സ്ഥാനം നോക്കിയാണ് തൂക്കം പറയുന്നത്. റാത്തൽ, തുലാം തുടങ്ങിയ അളവുകളിലാണ് അന്ന് തൂക്കം കണക്കാക്കിയിരുന്നത്. ഒരോ ദണ്ഡിനും പരമാവധി തൂക്കാവുന്നത് ദണ്ഡ് നിർമ്മിക്കുമ്പോൾ തന്നെ നിർണ്ണയിച്ചിരിക്കും. ബാലൻസിംഗിനായി പിടിക്കുന്ന ചരട് തൂക്കുന്ന വസ്തുവിന്റെ ഏറ്റവുമടുത്ത് പിടിക്കുമ്പോൾ ലഭിക്കുന്നതാണ് പരമാവധി തൂക്കം.
തത്വത്തിൽ കൃത്യമായിരുന്നെങ്കിലും ഇതു ഒരിക്കലും കൃത്യത പാലിച്ചിരുന്നില്ല. പലപ്പോഴും ഇതു ഏകപക്ഷീയമായ അളവു ഉപകരണമായിരുന്നു. മെട്രിക് സമ്പ്രദായവും അളവ് ഉപകരണങ്ങളുടെ എകീകരണങ്ങളും എല്ലാം കാരണം വെള്ളിക്കൊലിന്റെ പ്രസക്തി ഇല്ലാതായി. ഇതു ഇന്ന് മിക്കവാറും അറിയപ്പെടാത്ത ഒരു ചരിത്രമായി മാറി.

Pscvinjanalokam

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ