മലയാളികളുടെ ചില അബദ്ധ ധാരണകൾ

Share the Knowledge

ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള അബദ്ധധാരണകള്‍ക്ക് പിന്നിലുള്ള വസ്തുതകള്‍ ശാസ്ത്രീയമായി വിശദീകരിക്കാനും തെറ്റിധാരണകള്‍ തിരുത്താനുമുള്ള ശ്രമം!

✘അപസ്മാരം വന്നാല്‍ ഇരുമ്പ് കയ്യില്‍ പിടിപ്പിക്കണം!

✔തികച്ചും അബദ്ധ ധാരണ- ഇത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ല.

✘ചിക്കന്‍പോക്സ് വന്നാല്‍ കുളിക്കാന്‍ പാടില്ല / പനി വന്നാല്‍ കുളിക്കാന്‍ പാടില്ല.

✔ഏതു അസുഖം വന്നാലും കുളിച്ചു ശുദ്ധി ആയിരിക്കണം.ഇത് കൊണ്ട് പ്രത്യേകിച്ച് അപകടം ഒന്നും ഇല്ല.

✘ചിക്കെന്‍ പോക്സ് വന്നാല്‍ / മഞ്ഞപ്പിത്തം വന്നാല്‍ ഉപ്പു കഴിക്കാന്‍ പാടില്ല! പട്ടി കടിച്ചാല്‍ നാരങ്ങ കഴിക്കാന്‍ പാടില്ല!

✔മേല്‍പ്പറഞ്ഞ ഒന്നിനും ശാസ്ത്രീയ അടിത്തറ ഇല്ല ഉപ്പും നാരങ്ങയും ഒക്കെ കഴിക്കാം.

✘മഴ നനഞ്ഞാല്‍/തോര്‍ത്താതെ ഇരുന്നാല്‍/തലമുടി നീട്ടി വളര്‍ത്തിയാല്‍ തലയില്‍ വെള്ളം കെട്ടി നിന്ന് അത് താഴോട്ടു ഇറങ്ങി അസുഖങ്ങള്‍ ഉണ്ടാക്കുന്നു.

✔സാധാരണ ത്വക്കില്‍ കൂടി പോലും ജലം ആഗിരണം ചെയ്തു ശരീരത്തിനുള്ളില്‍ എത്തി എന്തെങ്കിലും തരം ശാരീരിക വ്യതിയാനങ്ങള്‍ ഉണ്ടാക്കാറില്ല.തലയുടെ മുകളില്‍ആവട്ടെ കട്ടികൂടിയ ത്വക്ക് ആണുള്ളത് ഇതിനു തൊട്ടു അടിയില്‍ പേശികളുടെ കട്ടിയുള്ള സ്തരവും മറ്റും അതിനടിയില്‍ തലയോട്ടി എന്ന അസ്ഥിയും.തലയില്‍ വീഴുന്ന വെള്ളം താഴേക്കു ഒഴുകി പോവുകയോ,ബാഷ്പീകരിച്ചു പോവുകയോ അല്ലാതെ ഉള്ളിലേക്ക് ഇറങ്ങി യാതൊരുവിധ ശാരീരിക അസ്വാസ്ഥ്യവും ഉണ്ടാക്കുകയില്ല.

✘മഴ നനഞ്ഞാല്‍ പനി വരും?!

✔മഴയും / മഴ നനയലും പനിയും ഒക്കെയായി പരോക്ഷ ബന്ധങ്ങള്‍ മാത്രമാണ് ഉള്ളത്.

മഴക്കാലത്തും തണുപ്പ് അന്തരീക്ഷത്തിലും ഇത്തരം രോഗാണുബാധ കൂടുന്നതിന് കാരണം…

*നമ്മള്‍ കൂടുതല്‍ സമയം വീടുകളിലും കെട്ടിടങ്ങള്‍ക്കും ഉള്ളില്‍ അടച്ചിട്ട മുറികളില്‍ ആരിക്കും എന്നത് കൊണ്ടാണ്..
പെട്ടന്ന് പടരുന്ന വൈറല്‍ ഫീവര്‍ ഒക്കെ അടുത്ത/നിരന്തര സമ്പര്‍ക്കം കൊണ്ട് ഒരാളില്‍ നിന്ന് മറ്റൊരാരിലേക്ക് പകരുന്നു !

*മഴക്കാലത്ത് വായുവില്‍ കൂടി പകരുന്ന പല സാംക്രമിക രോഗങ്ങളും കൂടുതലായിരിക്കും.കാരണം തണുപ്പും ഈര്‍പ്പവും ഒക്കെ കലര്‍ന്ന കാലാവസ്ഥ രോഗാണുക്കള്‍ക്ക് കൂടുതല്‍ അനുഗുണം ആണ്.അത് കൊണ്ട് മഴക്കാലത്ത് ജലദോഷപ്പനികള്‍ ഒക്കെ സര്‍വ്വ സാധാരണവും ആയിരിക്കും മഴ നനഞ്ഞാലും ഇല്ലെങ്കിലും വരുന്നതും സാധാരണം ആണല്ലോ.

*മഴ വെറുതെ ഒന്ന് നനയുന്നതിനേക്കാള്‍ കൂടുതല്‍ അളവില്‍ നനയുകയോ നനഞ്ഞ വസ്ത്രങ്ങളുമായി കൂടുതല്‍ സമയം ഇരിക്കേണ്ടി വരുക,തണുത്ത കാറ്റ് അടിക്കുക ഇങ്ങനെ ഒക്കെ ശരീരോഷ്മാവ് വളരെ താണ് പോവുന്ന അവസ്ഥയില്‍ കൂടുതല്‍ സമയം ചിലവഴിക്കേണ്ടി വന്നാല്‍ രോഗാണുക്കള്‍ക്ക് അത് നേരിയ രീതിയില്‍ ഗുണകരമായി ഭവിച്ചേക്കാം.രോഗാണുക്കളെ പ്രതിരോധിക്കാന്‍ ഉള്ള ശരീരത്തിന്റെ ഒരു മെക്കാനിസം ആണല്ലോ താപനില.

*കുറെ നാള്‍ മഴ പെയ്യാതിരുന്നിട്ടു പെയ്യുന്ന മഴ നനയുന്നത് അത്ര നല്ലതല്ല കാരണം അപ്പോള്‍ കുറെ കാലങ്ങള്‍ ആയി അന്തരീക്ഷത്തില്‍ പോടിപടലങ്ങളിലും മറ്റും തങ്ങി നില്‍ക്കുന്ന രോഗാണുക്കളും മറ്റും ആദ്യ മഴയുടെ ഒപ്പം ഉണ്ടാവാന്‍ ഉള്ള സാധ്യത കൂടുതലാണ്.

*അല്ലാതെ പൊതുവില്‍ മഴയെ പേടിക്കേണ്ട ഇടിമിന്നലിന്റെ ഭയം ഒഴിവാക്കാവുന്ന അവസരങ്ങളില്‍ കുട്ടികള്‍ അല്പം മഴ ഒക്കെ നനഞ്ഞു വളരുന്നത്‌ രോഗപ്രതിരോധ ശക്തി ഒക്കെ പൊതുവില്‍ കൂട്ടുകയെ ഉള്ളൂ.മഴയും വെയിലും മണ്ണും ഒക്കെ ആയി സമ്പര്‍ക്കം ഉണ്ടായി വളരുന്നതാണ് ആ അര്‍ത്ഥത്തില്‍ നല്ലത് എന്ന് പൊതുവില്‍ പറയാം.

✘തൈരും മീനും പോലുള്ളവ വിരുദ്ധാഹാരമാണ് ഒരുമിച്ചു കഴിക്കാന്‍ പാടില്ല.

✔ഇത്തരം ഒരു ആശയം ആയുര്‍വേദത്തിന്റെ ഭാഗമായി പ്രചാരം നേടിയതാണ്ശാ.സ്ത്രീയമായി പ്രത്യേകിച്ച് അടിത്തറ ഒന്നും തന്നെയില്ല.ആരോഗ്യമുള്ള ഒരാളില്‍ ശരീരത്തിന്റെ ദഹന വ്യവസ്ഥ ഇതിനെ ഒക്കെ കൈകാര്യം ചെയ്തു കൊള്ളും.

✘ഗര്‍ഭിണി കുംകുമപ്പൂ കഴിച്ചാല്‍/നവജാത ശിശുവിന് സ്വര്‍ണ്ണം അരച്ച് കൊടുത്താല്‍ കുഞ്ഞിനു വെളുപ്പ്‌ നിറം ഉണ്ടാവും!

✔വെളുപ്പിലും കറുപ്പിലും അല്ല കാര്യം എന്നത് പോവട്ടെ, ഇത് പോലുള്ള അഭ്യാസങ്ങള്‍ കൊണ്ട് പ്രത്യേകിച്ച് ഗുണം ഇല്ല.

✔ഗര്‍ഭകാലത്ത് പപ്പായ കഴിക്കാന്‍ പാടില്ല.

*ഇതില്‍ അല്പം കാര്യം ഉണ്ട്.
അധികം പഴുക്കാത്ത പപ്പായയില്‍ ഉള്ള കറയില്‍ പപ്പെയിന്‍ എന്ന പദാര്‍ത്ഥം ഉള്ളതിനാല്‍ ഗര്‍ഭകാലത്ത് ഒഴിവാക്കുന്നത് ഉചിതമാവും.

✔ഗര്‍ഭിണികള്‍ കൈതച്ചക്ക കഴിക്കാന്‍ പാടില്ല!
*ഇതില്‍ അടങ്ങിയ Bromelain എന്ന enzyme അത്ര നല്ലതല്ല എന്ന ഭീതി പ്രചരിപ്പിക്കപ്പെടുന്നുണ്ട്‌ എങ്കിലും സാധാരണ അളവില്‍ ഇത് ഗര്‍ഭിണികള്‍ക്ക് അപകടം ഉണ്ടാക്കും എന്നതിന് മതിയായ തെളിവുകള്‍ ഇല്ല.

✘സിസ്സെറിയന്‍ സെക്ഷന് വേണ്ടി നട്ടെല്ലില്‍ കുത്തിവച്ചാല്‍ ജീവിതകാലം നടുവേദന മാറില്ല!

✔ തെറ്റായ പദ തര്‍ജ്ജിമ തന്നെ ആണ് ഇത്തരം അബദ്ധ ധാരണയ്ക്ക് പ്രധാന കാരണം.നട്ടെല്ലിന്റെ അസ്ഥിഭാഗങ്ങള്‍ ഈ പ്രക്രിയയില്‍ തുളയ്ക്കുന്നില്ല!
നട്ടെല്ലിന്റെ കശേരുക്കള്‍ക്ക് ഇടയില്‍ ഉള്ള സ്വാഭാവിക വിടവിലെ സ്തരങ്ങള്‍ക്ക് ഇടയിലൂടെ സൂചി കടത്തി സുഷുമ്നയുടെ ചുറ്റിനുമുള്ള ദ്രാവകത്തിലെക്കാണ് മരുന്ന് കടത്തി വിടുന്നത്!

*ദീര്‍ഘകാലം തുടരുന്ന നടുവ് വേദന ഇതുവുമായി ബന്ധപ്പെട്ടു ഉണ്ടാവാന്‍ തീരെ സാധ്യത ഇല്ല മറ്റു കാരണങ്ങളാല്‍ ഉള്ള നടുവ് വേദനയെ ഇതില്‍ ആരോപിക്കുക ആണ് പതിവ് !

*സിസേറിയന്‍ കൂടാതെ ഒട്ടനവധി ഒപ്പെറെഷനുകള്‍ സ്പൈനല്‍ ബ്ലോക്ക്‌ കൊടുത്ത് ചെയ്യാറുണ്ട്,ഉദാ:കാലുകളിലെയും ഇടുപ്പിലെയും അസ്ഥിരോഗ സംബന്ധമായ നിരവധി,ഹെര്‍ണിയ,വെരിക്കോസ് വെയിന്‍,പൈല്‍സ്,മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ ഇത്യാദി ഒക്കെ കഴിയുന്ന രോഗികളും പ്രത്യേകിച്ച് പുരുഷന്മാര്‍ ഇത്തരം ആവലാതികള്‍ പറഞ്ഞു കാണാറില്ല !

*വീട്ടു ജോലികള്‍ മാത്രം മതിയാവും ഒരു മദ്ധ്യ വയസ്കയ്ക്ക് നിരന്തര നടുവ് വേദന സമ്മാനിക്കാന്‍ എന്നതാണ് സത്യം !

✘നവജാത ശിശുവിന് തേന്‍ ,വയമ്പ് എന്നിവ കൊടുക്കുന്നത് ഉത്തമം ആണ്.

✔ശാസ്ത്രീയ അടിത്തറ ഇല്ല ,പ്രത്യേക ഗുണം ഇല്ല എന്ന് മാത്രമല്ല ചിലതൊക്കെ ദോഷകരവും ആണ്.

*ശിശു രോഗ വിദഗ്ധരുടെ സംഘടനയും മറ്റും ആവര്‍ത്തിച്ചു പറയുന്നത് ആറു മാസത്തേക്ക് കുഞ്ഞിനു മുലപ്പാല്‍ മാത്രം കൊടുക്കുകഎന്നതാണ്.(Exclusive Breast feeding അതായത് വേറെ പച്ച വെള്ളം പോലും നിഷിദ്ധം)

*മറ്റു പദാര്‍ഥങ്ങള്‍ കൊടുക്കുന്ന കൂടെ രോഗാണുക്കള്‍ ഉള്ളില്‍ ചെല്ലാനും വയറിളക്ക രോഗങ്ങള്‍,ദഹനക്കേട്,വായിലെ പൂപ്പല്‍ ബാധ തുടങ്ങി പലവിധ രോഗങ്ങള്‍ ഉണ്ടാവാന്‍ സാധ്യത കൂടുന്നു.

*തേന്‍ കുഞ്ഞുങ്ങളില്‍ ബോട്ടുലിസം എന്ന മാരക രോഗം പോലും ഉണ്ടാക്കിയേക്കാം!!!

✘പ്രസവശേഷം വെള്ളം കൂടുതല്‍ കുടിച്ചാല്‍ വയറു ചാടും?!

✔നിരപരാധിയായ പച്ച വെള്ളത്തിനു പോലും ചിലരുടെ ഭാവനാ വിലാസം മൂലം പ്രതിയാവേണ്ടി വന്നല്ലോ!

✘പ്രസവ ശേഷം ഉള്ള ശുശ്രൂഷ ആയി പ്രത്യേകം ഭക്ഷണ ക്രമങ്ങളും മരുന്നുകളും കഴിക്കണം!

✔നോര്‍മല്‍ പ്രസവത്തിനു ശേഷം ശാരീരിക ആരോഗ്യം വീണ്ടു എടുക്കാന്‍ 6 ആഴ്ച മതിയാവും.
അമിത വിശ്രമം ദുര്മ്മേദസ്സിനു ആണ് കൂടുതല്‍ കാരണം ആവുന്നത്.അമ്മ ഉള്ളിലേക്ക് കഴിക്കുന്ന പലതും മുലപ്പാലിലൂടെ കുഞ്ഞിനു കിട്ടാം എന്നുള്ളത് കൊണ്ട് എന്താണ് ഘടകങ്ങള്‍ എന്നറിയാത്ത പദാര്‍ഥങ്ങള്‍ ആരെങ്കിലും നിര്‍ബന്ധിക്കുന്നത്‌ കൊണ്ട് മാത്രം കഴിക്കുന്നത്‌ അബദ്ധമാണ് എന്നോര്‍ക്കുക.

✘നവജാത ശിശുക്കളെ നന്നായി തേച്ചു കുളിപ്പിച്ചില്ല എങ്കില്‍ ശരീരഭാഗങ്ങള്‍ക്ക് ആകൃതിയും വടിവും ഉണ്ടാവില്ല!

✔സാധാരണ തിരുമ്മല്‍ കൊണ്ട് ദോഷം ഉണ്ടാവില്ല എങ്കിലും മേല്‍പ്പറഞ്ഞ രീതിയില്‍ ഉള്ള പ്രത്യേക ഗുണങ്ങള്‍ ഇല്ല!”തേച്ചു മിനുക്കി” എടുത്തില്ലെങ്കിലും അസുഖം ഇല്ലാത്ത കുട്ടികള്‍ നോര്‍മല്‍ ആയി തന്നെ വളര്‍ച്ച പ്രാപിക്കും.

✘കുഞ്ഞുങ്ങള്‍ക്ക്‌ കണ്ണെഴുതിയാല്‍ പുരികം വളരും!

✔ഇത് തമ്മില്‍ ബന്ധം ഇല്ല.കണ്ണിനുള്ളില്‍ കണ്മഷി എഴുതുന്നതില്‍ ഉള്ള അപകടം കണ്മഷിയില്‍ ലെഡ് അടങ്ങിയെക്കാം,ഈ വിഷാംശം ചെറിയ രീതിയില്‍ ആണെങ്കിലും ഉള്ളില്‍ എത്താന്‍ സാധ്യത ഉണ്ട്.

✘ഉളുക്ക് പറ്റിയാല്‍ ഇരട്ടകളെ കൊണ്ട് തിരുമ്മിക്കുക!

✔ഇരട്ടകള്‍ ആയാലും ഒറ്റയ്ക്ക് ജനിച്ചവര്‍ ആയാലും തിരുമ്മിന്റെ ഗുണം അത് ചെയ്യുന്നത് പോലെ ഇരിക്കും ഇരട്ടകള്‍ക്ക് യാതൊരു പ്രത്യേകതയും ഇല്ല.

✘ടി.ടി ഇന്‍ജെക്ഷന്‍ മുറിവ് പഴുക്കാതെ ഇരിക്കാന്‍ (സെപ്ടിക് ആവാതെ ഇരിക്കാന്‍ എന്ന് ഗ്രാമ്യ ഭാഷ) ഉള്ളതാണ്.

✔ടി.ടി അഥവാ ടെറ്റനസ് ടോക്സോയിട് ടെറ്റനസ് രോഗ ബാധ മാത്രം തടയാന്‍ ഉദ്ദേശിച്ചുള്ള കുത്തിവെപ്പ് ആണ്.ടെറ്റനസ് ശരീരത്തെ മുഴുവന്‍ ബാധിക്കുന്ന ഒരു മാരക രോഗമാണ്.മുറിവ് പഴുക്കുന്നതിനു മറ്റനേകം രോഗാണുക്കള്‍ കാരണമാവാം അതിനെ ടി.ടി കൊണ്ട് മാത്രം തടയാനാവില്ല.

✘ടെറ്റനസ് വരാതെ ഇരിക്കാന്‍ ആറു മാസം കൂടുമ്പോ ടി.ടി ഇന്‍ജെക്ഷന്‍ എടുക്കണം.

✔പ്രാഥമിക ഷെഡ്യൂള്‍ ആയി ടെറ്റനസ് പ്രതിരോധ കുത്തി വെപ്പുകള്‍ എടുത്തിട്ടുള്ള ഒരാള്‍ക്ക്‌ അഞ്ചു വര്ഷം കൂടുമ്പോള്‍ ബൂസ്റെര്‍ ഡോസുകള്‍ മതിയാവും സാധാരണ മുറിവുകള്‍ മൂലമുള്ള ടെറ്റനസ് രോഗ സാധ്യത അത് തടയും.

✘മുടി മുറിച്ചാല്‍ പെട്ടന്ന് വളരും/ഷേവ് ചെയ്‌താല്‍ വരുന്ന രോമങ്ങള്‍ കൂടുതല്‍ ശക്തിയില്‍ കട്ടിയുള്ളതായി വളരും!

✔ഇതും തെറ്റിധാരണയാണ് വളര്‍ന്നു വരുമ്പോള്‍ അഗ്രങ്ങള്‍ കൂടുതല്‍ ഷാര്‍പ്പ് ആയതു കൊണ്ട് തോന്നുന്ന ഒന്ന് അത്രേ ഉള്ളൂ.
✘ഇന്ഹെലര്‍ മരുന്നുകള്‍ തുടങ്ങിയാല്‍ നിര്‍ത്താന്‍ കഴിയില്ല,ഇത്തരം മരുന്നുകള്‍ക്ക് അഡിക്ഷന്‍ ഉണ്ട്!

✔തികച്ചും അവാസ്തവം
ഇന്ഹെലര്‍ വഴി ഉള്ള മരുന്ന് പ്രയോഗം കൂടുതല്‍ ഫലവത്തും രോഗികള്‍ക്ക് പല വിധത്തിലും ഗുണകരം!

ഉള്ളിലേക്ക് കഴിക്കുന്ന മരുന്നുകളെക്കാള്‍ പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞതും അഡിക്ഷന്‍ ഒന്നും ഉണ്ടാക്കാത്തതും ആണ്.
ഇതിനെക്കുറിച്ച്‌ വിശദമായി വായിക്കാന്‍ ലിങ്ക് തുറക്കുക :
https://www.facebook.com/photo.php?fbid=888589461161565&set=a.101028006584385.2396.100000315576508&type=3&theater
✘കണ്ണ് ദീനം/ചെങ്കണ്ണ് ഉള്ളവരുടെ കണ്ണില്‍ നോക്കിയാല്‍ നമ്മള്‍ക്കും രോഗം വരും!

✔താരതമ്യേന വളരെ വേഗതയില്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് ഈ രോഗം പകരാം എന്നാല്‍ അസുഖം ഉള്ള ഒരാളുടെ കണ്ണില്‍ നോക്കുന്നത് കൊണ്ട് പകരില്ല.

ഈ രോഗം സാധാരണ ഗതിയില്‍ വൈറസ് ഉണ്ടാക്കുന്ന രോഗമാണ്.(ബാക്ടീരിയയും മറ്റു ചില അലെര്‍ജി ഉണ്ടാക്കുന്ന പദാര്‍ഥങ്ങളും ഒക്കെ ഇതിനു കാരണമാവാം) രോഗം ഉള്ള ഒരാളുടെ കണ്ണില്‍ നിന്ന് വരുന്ന സ്രവങ്ങളില്‍ ആണ് രോഗാണുക്കള്‍ കാണപ്പെടുക.ഇത് മറ്റൊരാളുടെ കണ്ണില്‍ എത്തപ്പെടുന്നത് സാധാരണഗതിയില്‍ ഈ രോഗാണുക്കള്‍കലര്‍ന്ന സ്രവം നമ്മുടെ കയ്യില്‍ പറ്റുകയും ആ കൈ കൊണ്ട് നാം കണ്ണ് തുടയ്ക്കുകയും മറ്റും ചെയ്യുമ്പോള്‍ ആണ്.

രോഗം ഉള്ള ആള് ഇടയ്ക്കിടെ സ്വന്തം കൈകള്‍ സോപ്പിട്ടു കഴുകി വൃത്തിയാക്കുക,രോഗിയുമായി ഇടപെടേണ്ടി വന്നാല്‍ നാം കൈകള്‍ സോപ്പിട്ടു കഴുകുക തുടങ്ങിയവയാണ് രോഗപ്പകര്‍ച്ച തടയാന്‍ ചെയ്യാവുന്ന കരുതല്‍ നടപടികള്‍.പലപ്പോഴും രോഗി ഉപയോഗിച്ച വസ്ത്രങ്ങള്‍,രോഗിയുടെ കരസ്പര്‍ശം ഏറ്റ വസ്തുക്കള്‍ ഉദാ:ഡോര്‍ ഹാന്‍ഡില്‍ ഒക്കെ ആണ് രോഗാണു വാഹകര്‍.

✘രക്താതിസമ്മര്‍ദ്ദത്തിന്റെ മരുന്നുകള്‍ തുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ കഴിയില്ല ജീവിതകാലം മുഴുവന്‍ തുടരണം.അത് കൊണ്ട് കഴിക്കാന്‍ തുടങ്ങുന്നത് നീട്ടിക്കൊണ്ടു പോവണം.

✔എന്താണ് വസ്തുതകള്‍,
രക്താതിസമ്മര്‍ദ്ദം ഒരു ജീവിതശൈലീ രോഗമാണ്,പല രോഗങ്ങളെപ്പോലെ ഒരു കോഴ്സ് മരുന്ന് കഴിച്ചു പരിശ്ചേദം മാറ്റാന്‍ കഴിയില്ല എന്നത് സത്യമാണ്.

*മരുന്ന് കഴിച്ചാല്‍ ഉണ്ടായേക്കാവുന്ന പാര്‍ശ്വഫല സാധ്യത തുലോം വിരളവും അഥവാ ഉണ്ടായാല്‍ തന്നെ അതില്‍ പലതും തന്നെ രോഗിക്ക് സ്ഥായിയായ കേടുപാടുകള്‍ ഉണ്ടാക്കാത്ത തരത്തില്‍ പരിഹരിക്കാവുന്നതും ആണ് എന്നാല്‍ ചികിത്സ ഇല്ലാതെ ഉയര്‍ന്ന ബി.പി യുമായി തുടര്‍ന്നാല്‍ ഹൃദ്രോഗവും വൃക്ക രോഗവും പക്ഷാഘാതവും ഉള്‍പ്പെടെ ഉള്ള മാരകമായ പല രോഗങ്ങളും വിളിച്ചു വരുത്തുക ആയിരിക്കും.ഏതാണ് അഭികാമ്യം എന്നത് ചിന്ത്യം.

*ജീവിത ശൈലീ രോഗങ്ങളുടെ ചികിത്സാവിധിയില്‍ ഒന്ന് ജീവിതശൈലീ ക്രമീകരണം ആണ് ഉദാ:വ്യായാമം,ഭക്ഷണ ക്രമീകരണം അതിലൂടെ ശരീരഭാരം ക്രമീകരിക്കുക,ഭക്ഷണത്തിലെ ഉപ്പു കുറയ്ക്കല്‍,ലഹരി പദാര്‍ത്ഥങ്ങളുടെ വര്ജ്ജനം ഇത്യാദി.

*എന്നാല്‍ ചിലരില്‍ ഇത് കൊണ്ട് മാത്രം രോഗം നിയന്ത്രണത്തില്‍ ആവണം എന്നില്ല ചിലര്‍ക്കാവട്ടെ ഇത്തരം ക്രമീകരണങ്ങള്‍ നിഷ്കര്‍ഷയോടെ നടപ്പാക്കാന്‍ ആവുകയും ഇല്ല.ഇത്തരം സന്ദര്‍ഭങ്ങളില്‍ രോഗ നിയന്ത്രണം സാധ്യമാക്കിയെ കഴിയൂ എന്നതിനാല്‍ മരുന്നിന്റെ സഹായം വേണ്ടി വരും.

✘മരുന്ന് കഴിച്ചാല്‍ അഡിക്ഷന്‍ ആവില്ലേ പിന്നെ നിര്‍ത്താന്‍ പറ്റാതെ വരില്ലേ?എന്നും കഴിക്കേണ്ടി വരില്ലേ? എന്താണ് വസ്തുത?

✔ബി പി യുടെ മരുന്നുകള്‍ക്ക് അഡിക്ഷന്‍ ലഹരി വസ്തുവിനോടും മറ്റും ഉണ്ടാവുന്ന പോലുള്ള ആസക്തിയോ ശാരീരികമായ ആശ്രയത്വമോ ഇല്ല.

*ബി.പി നിയന്ത്രിച്ചു നിര്‍ത്തപ്പെടാന്‍ കഴിയാത്ത രോഗികളെ സംബന്ധിച്ചിടത്തോളം ദീര്‍ഘകാലം മരുന്നുകള്‍ വേണ്ടി വരുന്നു എന്നത് സത്യമാണ്.
ഡോക്ടറുടെ നിര്‍ദ്ദേശം ഇല്ലാതെ മരുന്നുകള്‍ നിര്‍ത്തിയാല്‍ ബി.പി വീണ്ടും ഉയര്‍ന്നു വരുകയും അത് മൂലം രോഗാവസ്ഥകള്‍ വിളിച്ചു വരുത്തും എന്നത് മാത്രമാണ് പരിണിതഫലം.

*കര്‍ശനമായ ജീവിത ശൈലീ നിയന്ത്രണം നടപ്പാക്കുന്ന പലരിലും മരുന്നിന്റെ അളവ് കുറയ്ക്കാനോ മരുന്ന് നിര്‍ത്താന്‍ പോലുമോ സാധിക്കാറുണ്ട് എന്നാല്‍

*മരുന്ന് കഴിക്കാന്‍ തുടങ്ങുന്നത് വൈകിച്ചത് കൊണ്ട് ഗുണം അല്ല മറിച്ചു ദോഷങ്ങള്‍ ഉണ്ടാവാന്‍ സാധ്യതകള്‍ ഏറെ ആണ്.

*അപൂര്‍വമായ പാര്‍ശ്വഫലം പേടിച്ചു മരുന്ന് തുടങ്ങാന്‍ താമസിച്ചാല്‍ അതിനേക്കാള്‍ വലിയ റിസ്ക്‌ ആണ് നിങ്ങള്‍ എടുക്കുന്നത്.കാരണം ഉയര്‍ന്ന ബി പി ഉള്ളവരില്‍ പോലും വളരെ ചെറിയ ഒരു ശതമാനം ആള്‍ക്കാരിലെ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയുള്ളൂ അപകടകരമായ രീതിയില്‍ ദീര്‍ഘകാലം പലരും രോഗവുമായി തുടരുമ്പോള്‍ രക്തക്കുഴലുകള്‍ക്ക് ഒക്കെ മാറ്റങ്ങള്‍ വരുന്നു പെട്ടന്ന് പൊട്ടി പോകാവുന്ന അവസ്ഥയിലേക്ക് രക്തക്കുഴലുകള്‍ എത്തുന്നു.

*മരുന്ന് ആ അവസ്ഥയില്‍ കഴിച്ചു തുടങ്ങിയാലും പിന്നീടുള്ള മാറ്റങ്ങള്‍ കുറയ്ക്കാം എന്നല്ലാതെ നാള്‍ അത് വരെ ഉണ്ടാക്കിയ മോശമായ ശാരീരിക വ്യതിയാനങ്ങള്‍ക്കും കേടു പാടുകള്‍ക്കും മരുന്ന് പരിഹാരം ഉണ്ടാക്കില്ല.അത് കൊണ്ട് തന്നെ നേരത്തെ കണ്ടു പിടിക്കുകയും ചികിത്സ എടുക്കുകയും ആണ് ഇത്തരം രോഗങ്ങള്‍ മൂലമുള്ള കെടുതികള്‍ തടയാന്‍ ഉചിതം.മരുന്ന് കഴിക്കാന്‍ മടിക്കുന്ന ഒരാള്‍ ഉറപ്പാക്കാന്‍ ശ്രമിക്കുന്നത് പക്ഷാഘാതം,കിഡ്നി തകരാര്,അന്ധത,ഹൃദ്രോഗങ്ങള്‍ എന്നിവ വരാന്‍ ഉള്ള സാധ്യതയാണ്.സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട.

രക്താതിസമ്മര്‍ദ്ദത്തെക്കുറിച്ച് വിശദ വായനയ്ക്ക് ലിങ്ക് തുറക്കുക :https://goo.gl/RP7Jea

✘പ്രമേഹത്തിന്റെ മരുന്ന്/ഇന്‍സുലിന്‍ തുടങ്ങിയാല്‍ ജീവിതകാലം മുഴുവന്‍ തുടരണം നിര്‍ത്താന്‍ കഴിയില്ല.

✔പ്രമേഹത്തിന്റെ ചികിത്സാകാര്യത്തിലും രക്താതിസമ്മര്‍ദത്തിന്റെ കാര്യത്തില്‍ പറഞ്ഞതെല്ലാം പൊതുവില്‍ ബാധകം ആണ്.”നിശബ്ദ കൊലയാളി” ആയിട്ടാണ് ഇത്തരം രോഗങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്നത്.

മരുന്ന് കഴിക്കാന്‍ താമസിച്ചാല്‍ ആണ് ശരീരത്തിന് കേടുപാടുകള്‍ ഉണ്ടാവുക.

പ്രമേഹത്തിനും താരതമ്യേന സുരക്ഷിതമായ പലവിധ മരുന്നുകള്‍ ഉണ്ട് ഇവ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം കഴിക്കുകയും കൂടെ ജീവിത ശൈലീ ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്.

രണ്ടു ലഡ്ഡു തിന്നിട്ടു ഇന്‍സുലിന്‍ ഡോസ് കൂട്ടി എടുക്കുന്നത് പോലുള്ള സ്വയം ചികിത്സാ രീതികള്‍ ആണ് അപകടകരം

✘പ്രമേഹത്തിന്റെ മരുന്ന് കഴിച്ചാല്‍ കിഡ്നി തകരാറില്‍ ആവും.

✔പ്രമേഹത്തിന്റെ മരുന്നുകള്‍ കൊണ്ടല്ല സാധാരണഗതിയില്‍ പ്രമേഹരോഗികളില്‍ വൃക്ക തകരാറുകള്‍ ഉണ്ടാവുന്നത്.പ്രമേഹം കൊണ്ട് നേരിട്ട് ഉണ്ടാവുന്ന Diabetic Nephropathy എന്ന രോഗമാണ് അത്.

നിയന്ത്രിതമല്ലത്ത ഷുഗര്‍ നിലവാരം ദീര്‍ഘകാലം കൊണ്ട് നടക്കുന്നവരിലാണ് കാലക്രമേണ വൃക്ക രോഗങ്ങള്‍ ഒക്കെ ഉണ്ടാവാന്‍ സാധ്യത.
രക്തത്തിലെ അമിത “ഷുഗര്‍” കിഡ്നിയുടെ ഫില്‍റ്റെര്‍ ചെയ്യാന്‍ ഉള്ള സംവിധാനങ്ങളെ തകരാറിലാക്കുന്നു കാലക്രെമേണ ഇത് കിഡ്നിയുടെ മൊത്തം പ്രവര്‍ത്തനത്തെയും സാരമായി ബാധിക്കുകയും കിഡ്നി ഫെയിലിയര്‍ തന്നെ ഉണ്ടാക്കുകയും ചെയ്യും.

എന്നാല്‍ വൃക്കരോഗം ഉണ്ടായാല്‍ രോഗി കഴിക്കുന്ന പല മരുന്നുകളും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ക്രമീകരിക്കേണ്ടി വരും.

By Dr. Deepu Sadasivan

Image

ഒരു അഭിപ്രായം പറയൂ