എഡ്വേർഡ് ജെന്നറും (Edward Jenner) വാക്സിനേഷന്റെ തുടക്കവും

Share the Knowledge

സഖാവ് വി. എസ് . അച്ചുതാനന്ദൻ തന്റെ കുഞ്ഞുന്നാളിൽ മാതാവ് വസൂരി വന്നു മരണമടഞ്ഞതിനെ പറ്റി പറഞ്ഞത് വായിച്ച് കണ്ണ് നിറയാത്തവർ ആരും തന്നെ ഉണ്ടെന്നു തോന്നുന്നില്ല. നമ്മിൽ പലരും കേട്ടിട്ട് പോലും ഇല്ലാത്ത വസൂരി (Smallpox) വർഷങ്ങൾക്കു മുൻപ് ലോകത്തെ മൊത്തവും പേടിപ്പിച്ചിരുന്ന ഒരു മാരക രോഗം ആയിരുന്നു. വേരിയോള (Variola) എന്ന വൈറസ് ഉണ്ടാക്കുന്ന ഈ അസുഖത്തിനു ചികിത്സ ഇല്ലായിരുന്നു. മറ്റുള്ളവരിലേക്ക് ഈ അസുഖം പകരാതിരിക്കാനായി വസൂരി രോഗികളെ ഒറ്റപ്പെടുത്തി മാറ്റി പാർപ്പിച്ചു. അസുഖം പകരുമോ എന്ന പേടിയാൽ പരിചരിക്കാൻ ആർക്കും തന്നെ ധൈര്യം ഇല്ലായിരുന്നു. ഈ അസുഖം വന്നവരിൽ മൂന്നിൽ ഒരാൾ മരിച്ചു എന്നാണു കണക്കുകൾ പറയുന്നത്. മരിക്കാതെ രക്ഷപ്പെട്ടാലും ശരീരത്തെ വിരൂപമാക്കുന്ന വസൂരിക്കലകൾ അവശേഷിക്കും. ചിലർക്ക് കാഴ്ചയും കേൾവിയും നഷ്ടപ്പെട്ടു. മറ്റു ചിലരുടെ മുഖം തിരിച്ചറിയാൻ കഴിയാത്ത വിധം വിരൂപമായി. എന്നാൽ ഒരിക്കൽ വസൂരി വന്ന് രക്ഷപ്പെട്ടവര്ക്ക് പിന്നീട് ആ അസുഖം വരില്ലായിരുന്നു. അതിനാൽ തന്നെ തീവ്രത കുറഞ്ഞ വസൂരി (Variola minor) വരുന്നത് നല്ലത് ആയി ആളുകൾ കരുതി. തീവ്രത കുറഞ്ഞ വസൂരി വന്നു ഭേദമായവർക്ക് പിന്നീട് തീവ്രത കൂടിയ വസൂരിയുടെ (Variloa major) ആക്രമണം പേടിക്കേണ്ടതില്ലായിരുന്നു.

ഇംഗ്ലണ്ടിൽ ബെർക്ലി (Berkeley) എന്ന ചെറുഗ്രാമത്തിൽ ഒരു പുരോഹിതന്റെ മകനായി 1749-ൽ എഡ്വേർഡ് ജെന്നർ ജനിച്ചു. തന്റെ അഞ്ചാമത്തെ വയസ്സിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ജെന്നറെ ജ്യേഷ്ഠസഹോദരനാണ് പിന്നീട് വളർത്തിയത്. ലണ്ടനിലെ മെഡിക്കൽ സ്കൂളിൽ മികച്ച രീതിയിൽ പഠനം പൂർത്തിയാക്കിയ ജെന്നർ ഇംഗ്ലണ്ടിലെ അന്നത്തെ ഏറ്റവും വലിയ ശാസ്ത്രസംഘടയായ റോയൽ സൊസൈറ്റിയിൽ അംഗമായിരുന്നു. ക്യാപ്റ്റൻ ജെയിംസ് കുക്ക് എന്ന പ്രശസ്ത പര്യവേക്ഷകൻ ജെന്നറെ തന്റെ പര്യവേക്ഷകസംഘത്തിൽ ഡോക്ടർ/ ശാസ്ത്രജ്ഞൻ ആയി വരുവാൻ നിർബന്ധിച്ചു. പക്ഷെ അദ്ദേഹം ബെർക്ലി എന്ന താൻ ജനിച്ചു വളർന്ന ഗ്രാമത്തിൽ ഭിഷഗ്വരനായി സേവനം അനുഷ്ടിക്കാനാണ് ഇഷ്ടപ്പെട്ടത്.

ആ ഗ്രാമത്തിലെ ഒരു പാൽക്കാരി ഒരിക്കൽ ജെന്നറിനോട് ഗോവസൂരി (Cowpox) വരുന്നവർക്ക് പിന്നീട് വസൂരി വരില്ല എന്ന് പറഞ്ഞു. ഗോവസൂരി എന്നത് കന്നുകാലികളിൽ കണ്ടുവരുന്ന മനുഷ്യനിലെ വസൂരി പോലെയുള്ള ഒരു രോഗമായിരുന്നു. ഇത് പാല് കറക്കുന്നവർ തുടങ്ങി പശുക്കളോട് ബന്ധപ്പെട്ടു ജീവിക്കുന്നവരിലേക്ക് പടരും. പക്ഷെ മനുഷ്യനിൽ വരുന്ന വസൂരിയുടെ ഗുരുതര സ്വഭാവം ഇതിനില്ലായിരുന്നു. ഈ പാൽക്കാരിയുടെ വാദം ശരിയാണോ എന്ന് പരിശോധിക്കാൻ ജെന്നർ തീരുമാനിച്ചു. ഗോവസൂരി വന്നവർക്ക് പിന്നീട് വസൂരി വരുന്നില്ലായെന്നും, ഇങ്ങനെയുള്ളവർ അസുഖം പകരുമോ എന്ന പേടി കൂടാതെ വസൂരി വന്നവരെ പരിചരിക്കുന്നതായും ജെന്നെർ കണ്ടെത്തി.

തുടർന്ന് 1796-ൽ ജെന്നർ നടത്തിയ പരീക്ഷണം വൈദ്യശാസ്ത്ര രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട പത്തു കണ്ടുപിടിത്തങ്ങളിൽ ഒന്നായ വാക്സിനേഷനിലേക്ക് വഴി തെളിച്ചു. ആ കാലത്ത് കുട്ടികളിൽ ചെറു പ്രായത്തിൽ തന്നെ വീര്യം കുറഞ്ഞ വസൂരി വരുത്തുകയും അങ്ങനെ ഭാവിയിൽ വിനാശകരമായ വസൂരി വരുന്നതിൽ നിന്നും തടയുകയും ചെയ്യുമായിരുന്നു. അങ്ങനെ വസൂരിക്കുള്ള പ്രതിരോധം എടുക്കാൻ കഴിയാത്ത ഒരു കുട്ടിയേയും കൊണ്ട് മാതാവ് ജെന്നറിന്റെ അടുത്തു വന്നു. ഭാവിയിൽ വസൂരി വരുന്നതിൽ നിന്നും തടയുന്നതിന് ആവശ്യമായ ചികിത്സ നൽകണം എന്നതായിരുന്നു ആവശ്യം. ജെന്നർ ഈ കുട്ടിയുടെ ദേഹത്തിൽ ഒരു മുറിവുണ്ടാക്കി അതിലേക്കു ഗോവസൂരി വന്ന ഒരാളുടെ പോളയിൽ നിന്നും എടുത്ത ദ്രാവകം പതിപ്പിച്ചു. ആദ്യം പനിയും തലവേദനയും ഉണ്ടായെങ്കിലും ഉടൻ തന്നെ സുഖമായി. തുടർന്ന് ജെന്നർ അപകടകരമായ ഒരു പരീക്ഷണം നടത്തി. രണ്ടു മാസം കഴിഞ്ഞു ഈ കുട്ടിയുടെ ദേഹത്ത് വീണ്ടും മുറിവുണ്ടാക്കി അതിലേക്കു വസൂരി ബാധിച്ച ഒരാളുടെ പോളയിൽ നിന്നും എടുത്ത ദ്രാവകം പതിപ്പിച്ചു. ഈ കുട്ടി വസൂരി വന്നു മരിച്ചിരുന്നു എങ്കിൽ ജെന്നറെ ആളുകൾ കൊലപാതകി ആയി കാണുമായിരുന്നു. പക്ഷെ കുട്ടിക്ക് അസുഖം വരില്ല എന്ന് ജെന്നറിനു ഉറപ്പായിരുന്നു. ജെന്നർ വിചാരിച്ചത് പോലെ തന്നെ സംഭവിച്ചു. കുട്ടിക്ക് ഒരസുഖവും വന്നില്ല. ഈ വാര്ത്ത പെട്ടെന്ന് പടർന്നു. വസൂരിക്കുള്ള അൽഭുതമരുന്നു കിട്ടാനായി നിരവധി ഗ്രാമവാസികൾ ജെന്നറെ തേടിയെത്തി. അവർക്കെല്ലാം തന്നെ അദ്ദേഹം വാക്സിനേഷൻ എന്ന് പേരിട്ട ഈ ചികിത്സ നൽകി. (Vacca എന്നത് പശുവിന്റെ ലാറ്റിൻ നാമം ആയിരുന്നു).

പക്ഷെ ലണ്ടനിലെ ഡോക്ടർമാർ ജെന്നറിന്റെ ഈ കണ്ടുപിടിത്തത്തെ അംഗീകരിക്കാൻ തയ്യാറായില്ല. വസൂരിക്ക് ഒരിക്കലും മരുന്ന് കണ്ടു പിടിക്കാൻ സാധിക്കില്ല എന്ന് വിശ്വസിച്ചിരുന്ന അവർക്ക് ഗ്രാമത്തിൽ നിന്നും വന്ന ജെന്നറിന്റെ കയ്യിൽ പ്രതിവിധി ഉണ്ടെന്നുള്ളത് ചിന്തിക്കുന്നതിലും അപ്പുറമായിരുന്നു. ജെന്നർ തന്റെ കണ്ടുപിടിത്തം പ്രസിദ്ധീകരണത്തിനായി റോയൽ സൊസൈറ്റിക്ക് അയച്ചു കൊടുത്തുവെങ്കിലും അവർ അത് നിരാകരിച്ചു. ജെന്നർ ആളുകളെ പശുവിനു തുല്യം ആക്കുകയാണ് എന്ന് പറഞ്ഞു പത്രങ്ങൾ കാർട്ടൂണുകൾ വരച്ചു കളിയാക്കി. നിരാശനാകാതെ ജെന്നർ തന്റെ കണ്ടുപിടിത്തം ഒരു ചെറിയ പുസ്തകം ആയി പ്രസിദ്ധീകരിച്ചു. അന്തിമവിജയം ജെന്നറിനു തന്നെയായിരുന്നു. വസൂരി വരാതിരിക്കാൻ എന്തിനും തയ്യാറായിരുന്ന ലണ്ടൻ നിവാസികൾ ജെന്നറിന്റെ വാക്സിനേഷന് വിധേയരായി. അതിന്റെ ഗുണഫലങ്ങൾ കണ്ടതോടെ ബ്രിട്ടീഷ് രാജകുടുംബം വാക്സിൻ എടുത്തു. നെപ്പോളിയൻ തന്റെ സൈന്യത്തിലെ എല്ലാവര്ക്കും വാക്സിനേഷൻ നിരബന്ധം ആക്കി. അമേരിക്കയിൽ പ്രസിഡന്റ് തോമസ് ജെഫെർസനും കുടുംബവും വാക്സിൻ എടുത്തു. അങ്ങനെ വസൂരിക്കെതിരെയുള്ള വാക്സിനേഷൻ ലോകം മൊത്തവും അംഗീകരിച്ചു.

1980-ൽ വസൂരി ഭൂമുഖത്ത് നിന്നും തുടച്ചുനീക്കപ്പെട്ടതായി WHO പ്രഖ്യാപിച്ചു. വസൂരിക്കെതിരെ എഡ്വേർഡ് ജെന്നർ തുടങ്ങിയ വാക്സിനേഷൻ ഇന്ന് മറ്റു പല മാരക രോഗങ്ങളെയും ഫലപ്രദമായി പ്രതിരോധിക്കാൻ നമ്മെ സഹായിക്കുന്നു. ജെന്നറിനു വാക്സിൻ എങ്ങനെയാണ് നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നത് എന്ന് അറിയില്ലായിരുന്നു. പക്ഷെ ആധുനിക വൈദ്യശാസ്ത്രം ഇന്ന് നമുക്കതിന് വിശദീകരണം തരുന്നു. വാക്സിൻ എന്നത് കൊല്ലപ്പെട്ട അല്ലെങ്കിൽ രോഗം ഉണ്ടാക്കാനുള്ള ശക്തിയില്ലാത്ത രോഗാണുക്കൾ ആണ്. ഈ അണുക്കളെ നമ്മുടെ ശരീരത്തിൽ കുത്തിവെക്കുമ്പോൾ നമ്മുടെ രക്തത്തിലെ ലിംഫോസൈറ്റുകൾ (T and B Lymphocytes) എന്ന വെളുത്ത രക്താണുക്കൾ ഇവയെ കൊല്ലുന്നു. ഒപ്പം തന്നെ ഈ രോഗാണുക്കളുടെ വിവരങ്ങൾ അടങ്ങിയ ഒരു റെക്കോഡും അവ സൂക്ഷിക്കുന്നു (T and B memory cells). പിന്നീടൊരിക്കൽ ഇതേ രോഗാണുക്കൾ നമ്മെ ആക്രമിക്കുമ്പോൾ തങ്ങളുടെ മെമ്മറിയിൽ ഇവയെ കുറിച്ചുള്ള വിവരം ഉള്ളതിനാൽ പെട്ടെന്ന് തന്നെ ലിംഫോസൈറ്റുകൾ ഇവയെ കൊല്ലാനുള്ള രാസവസ്തുക്കൾ (antibody) ഉൽപാദിപ്പിക്കുന്നു. ചുരുക്കത്തിൽ ശരീരത്തിൽ കടക്കുന്ന രോഗാണുക്കൾക്ക് അസുഖം ഉണ്ടാക്കാൻ കഴിയുന്നതിനു മുൻപ് തന്നെ അവയെ നശിപ്പിക്കാൻ വാക്സിനുകൾ നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥയെ സഹായിക്കുന്നു.

By Roy Jacob

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ