മലിനീകരണം ബഹിരാകാശത്തും

Share the Knowledge

ബഹിരാകാശ മലിനീകരണം അനുദിനം വളര്ന്നു കൊണ്ടിരിക്കുന്ന ഒരു സങ്കീര്ണ പ്രശ്നമാണ്. റോക്കറ്റ് മോട്ടോറുകളില് നിന്നുള്ള ഖരമാലിന്യങ്ങള്, കൃത്രിമ ഉപഗ്രഹങ്ങളില് നിന്ന് അടര്ന്നുവീഴുന്ന പെയിന്റ് പാളികള്, ന്യൂക്ളിയര് ഇന്ധനമുപയോഗിച്ച് പ്രവര്ത്തിക്കുന്ന കൃത്രിമ ഉപഗ്രഹങ്ങള് പുറന്തള്ളുന്ന ശീതീകാരികളുടെ (Coolant) അവശിഷ്ടങ്ങള്, കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങളും അടര്ന്നുവീഴുന്ന അവയുടെ ഭാഗങ്ങളും, ബഹിരാകാശ സഞ്ചാരികള് ഉപേക്ഷിക്കുന്ന ഉപയോഗശൂന്യമായ വസ്തുക്കള്, സ്വാഭാവികമായുണ്ടാകുന്ന ഉല്ക്കാശകലങ്ങള് എന്നിവയെല്ലാമാണ് ബഹിരാകാശ മാലിന്യങ്ങള് അഥവാ സ്പേസ് ജംഗുകള് എന്നറിയപ്പെടുന്നത്.കൃത്രിമോപഗ്രഹങ്ങളുടെ വിക്ഷേപണത്തേയും, അവയുടെ സുഗമമായ പ്രവര്ത്തനത്തെയും ഈ മാലിന്യങ്ങള് പ്രതികൂലമായി ബാധിക്കുന്നുണ്ട്. കൃത്രിമോപഗ്രഹങ്ങള് പൊതിഞ്ഞിരിക്കുന്ന സംരക്ഷണകവചം ഒരു പരിധിവരെ ഇത്തരം ബഹിരാകാശ മാലിന്യങ്ങളെ തടഞ്ഞുനിര്ത്തുന്നുണ്ടെങ്കിലും പേടകങ്ങളുടെ സോളാര് പാനലുകള്, ബഹിരാകാശ ദൂരദര്ശിനികള്, സ്റാര് ട്രാക്കറുകള് എന്നിവയ്ക്ക് സംരക്ഷണ കവചമില്ലാത്തതുകൊണ്ടുതന്നെ അവയുടെ പ്രവര്ത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിനും തകര്ത്തുകളയുന്നതിനും ബഹിരാകാശത്ത് അലഞ്ഞു നടക്കുന്ന അവശിഷ്ടങ്ങള് കാരണ മാകുന്നുണ്ട്. സോളാര് പാനലുകളില് അടിഞ്ഞുകൂടുന്ന ധൂളീപടലം ഇലക്ട്രിക്കല് ഷോര്ട്ട്-സര്ക്യൂട്ടിനും കാരണമാകും.

ബഹിരാകാശ മാലിന്യങ്ങളുടെ തോത് ദിനംപ്രതി വര്ധിച്ചുവരികയാണ്. ‘കെസ്ലര് സിന്ഡ്രോം’ എന്നാണ് ഈ പ്രതിഭാസത്തിന് പറയുന്ന പേര്. കഴിഞ്ഞ 50 വര്ഷങ്ങളുടെ കണക്കു പരിശോധിച്ചാല് ദിവസവും ഒന്നുവീതം എന്ന തോതില് ഈ മാലിന്യനിക്ഷേപം വര്ധിച്ചുവരികയാണ്. ബഹിരാകാശ മാലിന്യങ്ങളെ അവയുടെ വലിപ്പത്തിനനുസരിച്ച് വലുതും ചെറുതുമായി തരംതിരിക്കാം. 10 സെന്റീമീറ്ററില് അധികം വലിപ്പമുള്ളതും ഒരു കിലോഗ്രാം വരെ ഭാരമുള്ളവയുമാണ് ‘വലുത്’. വലിപ്പം ഒരു സെന്റീമീറ്ററിലും താഴെയുള്ളവയെ ‘ചെറുത്’ ആയും പരിഗണിക്കാം. 2009-ല് നാസ നടത്തിയ ബഹിരാകാശ സെന്സസില് 10 സെന്റീമീറ്ററിനു മുകളിലുള്ള 19,000 സ്പേസ് ജംഗുകള് കണ്ടെത്തിയിരുന്നു. ഒരു സെന്റീമീറ്റര് താഴെ വലിപ്പമുള്ളവ ദശലക്ഷക്കണക്കിനുണ്ട്. ബഹിരാകാശ മാലിന്യങ്ങളുടെ ആകെ ഭാരം ഏകദേശം 5500 ടണ് ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

ബഹിരാകാശ മാലിന്യങ്ങളുണ്ടാകുന്നത്

കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങളും അവയുടെ ഭാഗങ്ങളും, ബഹിരാകാശ യാത്രികള് ഉപേക്ഷിക്കുന്ന അനുബന്ധ ഉപകരണങ്ങളും ഉപയോഗശൂന്യമായ വസ്തുക്കളും ബാഗേജുകളും, ബൂസ്റര് റോക്കറ്റുകളുടെ അവശിഷ്ടഭാഗങ്ങള്, 1960കളിലും 70കളിലും ശീതയുദ്ധം നിലനിന്നിരുന്നപ്പോള് ഉപഗ്രഹങ്ങളെ തകര്ക്കുന്നതിനു ലക്ഷ്യംവച്ച് അമേരിക്കയും സോവിയറ്റ് യൂണിയനും വിക്ഷേപിച്ച ആന്റി-സാറ്റലൈറ്റ് മിസൈലുകളുടെ അവശിഷ്ടങ്ങള്, ഖര ഇന്ധനങ്ങളുടെ ഭാഗങ്ങള്, അണുവികിരണമുണ്ടാക്കുന്ന പദാര്ത്ഥങ്ങള് എന്നിവയെല്ലാം സ്പേസ് ജംഗുകളുടെ പട്ടികയില് പെടുത്താം.

അപകടങ്ങള്

സ്പേസ് ക്രാഫ്റ്റുകളുടെ സോളാര് പാനലുകളില് ബഹിരാകാശ മാലിന്യങ്ങള് അടിഞ്ഞുകൂടുന്നതോടെ അവ പ്രവര്ത്തനരഹിതമാവുകയും ഇലക്ട്രിക്കല് ഷോര്ട്ട് സര്ക്യൂട്ടിന് കാരണമാവുകയും ചെയ്യും. ഭാരം കൂടിയ അവശിഷ്ടങ്ങള് ബഹിരാകാശ പേടകത്തില് ഇടിച്ചാല് അത് പേടക ത്തെയൊന്നാകെ തകര്ത്തുകളയും. 1981 ജൂലൈ 24ന് ഇങ്ങനെ തകര്ന്നുപോയ കൃത്രിമ ഉപഗ്രഹമാണ് കോസ്മോസ് 1275. 1993 ഒക്ടോബര് 18ന് കോസ്മോസ് 1484 പേടകത്തിനും ഇതേ ദുരന്തമാണുണ്ടായത്. ബഹിരാകാശ മാലിന്യങ്ങള് ചിലപ്പോഴെങ്കിലും ഭൂമിയിലുമെത്താറുണ്ട്. ഇവയില് ഭൂരിഭാഗവും ഭൌമാന്തരീക്ഷത്തില്വച്ച് അന്തരീക്ഷ വായുവുമായുണ്ടാകുന്ന ഘര്ഷണത്തിന്റെ ഫലമായി എരിഞ്ഞൊടുങ്ങുകയാണ് പതിവ്. എന്നാല് വലിപ്പവും ഭാരവും കൂടിയ അവശിഷ്ടങ്ങള് കത്തിത്തീരാതെ ഭൂമിയിലെത്താറുണ്ട്. 1979ലെ സ്കൈലാബ് ദുരന്തം ഓര്മിക്കുക. 1974ല് വിക്ഷേപിക്കപ്പെട്ട ഈ അമേരിക്കന് ബഹിരാകാശ പേടകത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും 1979 ജൂലൈ 11ന് ഭൌമാന്തരീക്ഷത്തില്വച്ച് തീപിടിച്ച പേടകത്തിന്റെ കത്തിത്തീരാത്ത അവശിഷ്ടങ്ങള് ഇന്ത്യന് മഹാസമുദ്രത്തിലും പശ്ചിമ ഓസ്ട്രേലിയയിലുമാണ് പതിച്ചത്. 2001 ജനുവരി 12ന് സൌദി അറേബ്യന് മരുഭൂമിയില് പതിച്ച സ്റാര് 48 റോക്കറ്റിനും ഇതേ കഥതന്നെയാണ് പറയാനുള്ളത്. 2003ലുണ്ടായ കൊളംബിയ ദുരന്തം വിസ്മരിക്കാറായിട്ടില്ലല്ലോ ?

ബഹിരാകാശ മാലിന്യങ്ങള് കണ്ടെത്തുന്നത്

റഡാര്, ലിഡാര് സംവിധാനങ്ങളുപയോഗിച്ച് ഭൂമിയില് നിന്നുതന്നെ ഖരമാലിന്യങ്ങളെ ട്രാക്ക് ചെയ്യാന് കഴിയും. 10 സെന്റീമീറ്ററില് കുറവുള്ളവയെ കണ്ടെത്തുന്നത് പ്രയാസകരമാണ്. എങ്കിലും ഒരു സെന്റീമീറ്റര് വരെ വലിപ്പമുള്ളവയെ കണ്ടെത്താന് ഇപ്പോഴുള്ള സാങ്കേതികവിദ്യകൊണ്ട് സാധിക്കുന്നുണ്ട്. നാസയുടെ ഓര്ബിറ്റല് ഡെയ്ബ്രി ഒബ്സര്വേറ്ററിയുടെ ഭാഗമായ മൂന്നുമീറ്റര് വ്യാസമുള്ള ഒരു ലിക്വിഡ് മീറ്റര് ട്രാന്സിറ്റ് ടെലസ്ക്കോപ്പ് ഉപയോഗിച്ചാണ് സൂക്ഷ്മ ധൂളീപടലങ്ങളെ കണ്ടെത്തുന്നത്. നാസയുടെ സ്ട്രാറ്റജിക് കമാന്ഡും യൂറോപ്യന് യൂണിയന്റെ മാസ്റര് (Meteoroid and Space Debris Terrestrial Environment Reference) സര്വേയും സംയുക്തമായി സ്പേസ് ജംഗുകളുടെ ഒരു കാറ്റലോഗ് തയ്യാറാക്കിയിട്ടുണ്ട്. ഇതുപ്രകാരം ഒരു സെന്റീമീറ്ററില് കൂടുതല് വലിപ്പമുള്ള ആറു ലക്ഷത്തില്പരം ബഹിരാകാശ മാലിന്യങ്ങള് കണ്ടെത്തിയിട്ടുണ്ട്.

നിയന്ത്രണ മാര്ഗ്ഗങ്ങള്

അടര്ന്നു വീഴുന്ന ഭാഗങ്ങളുള്ള ബൂസ്റര് റോക്കറ്റുകള് പരിഷ്ക്കരിക്കുകയും അത്തരം ഭാഗങ്ങള് ഒഴിവാക്കിക്കൊണ്ടുള്ള രൂപകല്പന നിര്വഹിക്കുകയും ചെയ്യുന്നത് വലിയൊരു അളവില് ബഹിരാകാശ മാലിന്യങ്ങളെ നിയന്ത്രിക്കാന് സഹായിക്കും. ബഹിരാകാശ മാലിന്യങ്ങള് നിയന്ത്രിക്കുന്നതിന് നിലവില് ഒരു അന്താരാഷ്ട്ര ഉടമ്പടിയൊന്നുമില്ല. എന്നിരുന്നാലും 2007ല് ഐക്യരാഷ്ട്ര സംഘടന ഇതിനൊരു മാര്ഗനിര്ദ്ദേശരേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട് (United Nations Committee on the Peaceful Uses of Outer Space – COPOUS). നാസ സ്വന്തം നിലയ്ക്കുതന്നെ ബഹിരാകാശ മലിനീകരണം നിയന്ത്രി ക്കുന്നതിനുള്ള നടപടികള് സ്വീകരിക്കുന്നുണ്ട്. കൃത്രിമ ഉപഗ്രഹങ്ങളുപയോഗിച്ച് ബഹിരാകാശ മാലിന്യങ്ങള് ശേഖരിക്കുകയാണ് മറ്റൊരു പോംവഴി. ഫ്രാന്സിന്റെ സ്പോട്ട്-1 ഉപഗ്രഹത്തില് ഈ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. ഇലക്ട്രോ ഡൈനമിക് ടെതറുകള് എന്ന കയറുകള് ഘടിപ്പിച്ച ഉപഗ്രഹങ്ങള് അവയുടെ സഞ്ചാരപാതയിലുള്ള മാലിന്യങ്ങളെ ശേഖരിക്കുകയും ഒടുവില് ഭൌമാന്തരീക്ഷത്തിലേക്കയച്ച് അന്തരീക്ഷ വാതകങ്ങളുടെ ഘര്ഷണമുപയോഗിച്ച് കത്തിച്ചുകളയുന്നതാണ് ഈ രീതി. സ്വിറ്റ്സര്ലണ്ടിന്റെ ‘janitor satellite’കളിലും ഇത്തരത്തിലുള്ള സാങ്കേതകവിദ്യയാണ് ഉപയോഗിക്കുന്നത്. ‘ലേസര് ബ്രൂമുകള്’ എന്ന ഇലക്ട്രോണിക് ചൂലുപയോഗിച്ച് ബഹിരാകാശ മാലിന്യങ്ങളെ അടിച്ചുകൂട്ടി ഭൌമാന്തരീക്ഷത്തില്വച്ച് കത്തിച്ചുകളയുന്ന മറ്റൊരു രീതിയും പരീക്ഷിച്ചിട്ടുണ്ട്. ഭൂമിയില് നിന്നുകൊണ്ടുതന്നെ ഈ വിദ്യ പ്രയോഗിക്കാന് കഴിയുമെന്ന ആനുകൂല്യവും ഇതിനുണ്ട്. എയ്റോജെല് സ്പ്രേകള്, ജലബാഷ്പം പമ്പുചെയ്യല് തുടങ്ങി നിരവധി പ്രൊപോസലുകള് ബഹിരാകാശ മലിനീകരണത്തിനെതിരെ വിവിധ ബഹിരാകാശ സംഘടനകള് മുന്നോട്ടുവയ്ക്കുന്നുണ്ട്. 2012 ഫെബ്രുവരിയില് സ്വിസ് നാനോ സാറ്റലൈറ്റുകള് ബഹിരാകാശ മാലിന്യങ്ങള് ശേഖരിച്ച് കത്തിച്ചുകളയുന്നതിന്റെ ഡെമോണ്സ്ട്രേഷനും നടത്തുകയുണ്ടായി.

ബഹിരാകാശ മലിനീകരണത്തിനെതിരെ ലോക രാഷ്ട്രങ്ങളുടെ, വിശേഷിച്ചും റോക്കറ്റ് വിക്ഷേപണ ശേഷിയുള്ള പത്തു ലോകരാഷ്ട്രങ്ങളുടെയും ഇടപെടലുകള് ആവശ്യമാണ്. ഇത്തരം മാലിന്യങ്ങളുടെ ക്രമാതീതമായ വര്ധനവ് ഭാവിയിലെ ഉപഗ്രഹവിക്ഷേപണത്തെയും വാര്ത്താവിനിമയ സംവിധാന ങ്ങളെയാകെയും പ്രതികൂലമായി ബാധിക്കും. ഭൂമിയേപ്പോലെ ബഹിരാകാശവും മനുഷ്യരുടെ ഇടപെടലുകള് വഴി ഒരു മാലിന്യക്കൂമ്പാരമായിക്കൊണ്ടിരിക്കുകയാണ്. ഇതു നേരിടാന് ബുദ്ധിപരമായ ഇടപെടലുകളാണ് ആവശ്യം.

By സാബു ജോസ്

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ