പറയോന്ത് - Southern Flying Lizard - Draco dussumieri

Share the Knowledge

ഉരഗ വർഗ്ഗത്തിൽ പെടുന്ന പല്ലി കുടുംബത്തിലെ ഒരു ജീവിയാണ്‌ ഓന്ത്. അത് നിൽക്കുന്ന പ്രതലത്തിന്റെ നിറത്തിനനുസരിച്ച് നിറം മാറുവാനുള്ള കഴിവ് ഈ ജീവികൾക്കുണ്ട്. രണ്ട് വിരലുകൾ മുന്നിലേയ്ക്കും രണ്ടെണ്ണം പിന്നിലേയ്ക്കും തിരിഞ്ഞിരിക്കുക. ഇവയുടെ കണ്ണുകൾ ഒരുമിച്ചല്ലാതെ പ്രത്യേകമായി ചലിപ്പിക്കാവുന്നതാണ്. ദൃശ്യമാകുന്ന വസ്തുക്കളുടെ അകലം മനസ്സിലാക്കാനുള്ള കഴിവും കണ്ണുകൾക്കുണ്ട്. നാക്കുകൾ നീളമുള്ളതും വേഗത്തിൽ പുറത്തേക്കു നീട്ടി ഇരയെപ്പിടിക്കാൻ സാധിക്കുന്നതുമാണ്. പലയിനം ഓന്തുകൾക്കും ചുറ്റിപ്പിടിക്കാൻ സാധിക്കുന്ന വാലുണ്ട്. സാധാരണഗതിയിൽ ആടിയാടിയാണ് നടത്തം. ശിരസ്സിൽ കൊമ്പോ വരമ്പുകളോ പോലുള്ള ഭാഗങ്ങളുണ്ടാകും. മരം കയറുന്നതിനും കാഴ്ച്ചയെ ആശ്രയിച്ച് ഇരപിടിക്കുന്നതിനും പരിണാമത്തിലൂടെ കഴിവുകൾ നേടിയ ജീവിവർഗ്ഗമാണ് ഓന്തുകൾ. ഓന്തുകളുടെ 160 സ്പീഷീസുകൾ ആഫ്രിക്ക, മഡഗാസ്കർ, സ്പെയിൻ, പോർച്ചുഗൽ, ഏഷ്യയുടെ തെക്കൻ ഭാഗങ്ങൾ, ശ്രീ ലങ്ക എന്നിവിടങ്ങളിൽ കാണപ്പെടുന്നു. ഹവായി, കാലിഫോർണിയ, ഫ്ലോറിഡ എന്നിവിടങ്ങൾ ഇവയുടെ സ്വാഭാവിക വാസസ്ഥലങ്ങളല്ലെങ്കിലും അവിടെയും ഓന്തുകൾ എത്തിപ്പെട്ടിട്ടുണ്ട്. മഴക്കാടുകൾ മുതൽ മരുഭൂമി വരെയുള്ള പ്രദേശങ്ങളിൽ ഓന്തുകളെ കാണാറുണ്ട്. ഇവയെ വളർത്തുമൃഗങ്ങൾ എന്ന നിലയിൽ വീടുകളിൽ സൂക്ഷിക്കാറുമുണ്ട്.

നാവ് മുന്നിലേക്ക് തെറിപ്പിച്ചാണ് ഓന്തുകൾ ഇരപിടിക്കുന്നത്. വാല് ഒഴിവാക്കിയാലുള്ള ശരീരത്തിന്റെ നീളത്തിന്റെ ഒന്നര മുതൽ രണ്ടിരട്ടിവരെ നീളമുണ്ടാകും ഓന്തിന്റെ നാവിന്. ചെറിയ ഇനം ഓന്തുകൾക്കും വലിയ ഇനം ഓന്തുകളിലെ ചെറിയവയ്ക്കും താരതമ്യേന നീളം കൂടുതലുള്ള നാവാണുള്ളത്. ശരീരത്തിന്റെ നീളം അളവുകോലായെടുത്താൽ ചെറിയ ഓന്തുകൾക്ക് ശരീരത്തിന്റെ രണ്ടിരട്ടിയിലധികം ദൂരത്തുള്ള ഇരകളെയും പിടിക്കാൻ സാധിക്കുമത്രേ.

നാവുനീട്ടാനുള്ള സംവിധാനത്തിന്റെ ഭാഗങ്ങൾ മാറ്റം വന്ന ഹയോയ്ഡ് അസ്ഥിയും, നാവിലെ പേശികളും, കൊളാജൻ എന്ന ഘടകവുമാണ്. ഹയോയ്ഡ് അസ്ഥിയിൽ എന്റോഗ്ലോസൽ പ്രോസസ്സ് എന്ന കുഴലിന്റെ ആകൃതിയുള്ള ഒരു പേശിയുണ്ട്. ഈ പേശി സങ്കോചിക്കുന്നതിലൂടെയാണ് നാവുനീട്ടാനുള്ള ബലം ലഭിക്കുന്നത്. നേരിട്ടുള്ള പ്രവൃത്തിയും കൊളാജൻ തന്തുക്കളിൽ ഇലാസ്തിക ബലം നൽകിയുമാണ് ഈ പേശി പ്രവർത്തിക്കുന്നത്. നാവിനെ പിന്നിലേയ്ക്കു വലിക്കുന്ന പേശിയായ ഹയോഗ്ലോസസ് ഹയോയ്ഡ് അസ്ഥിയെയും ആക്സിലറേറ്റർ പേശിയെയും തമ്മിൽ ബന്ധിപ്പിക്കുന്നു. ഇരയെ ഓന്തിന്റെ വായിലെത്തിക്കുന്നത് ഈ പേശിയുടെ സങ്കോചമാണ്.

ഇലാസ്റ്റിക് സംവിധാനത്തിന്റെ ഒരു അനന്തര ഫലം അന്തരീക്ഷ താപനില ഇതിനെ ബാധിക്കുന്നില്ല എന്നതാണ്. മുന്നോട്ടു നീട്ടിയ നാവ് പിന്നിലേക്ക് വലിക്കുന്നത് അന്തരീക്ഷ താപനിലയുമായി ബന്ധമുള്ളതും പേശീ പ്രവർത്തനത്താൽ നടക്കുന്നതുമാണ്. ശരീര താപനില നിയന്ത്രിക്കാൻ സാധിക്കാത്ത മറ്റ് ഉരഗങ്ങൾ അന്തരീക്ഷ താപനില കുറയുന്നതിനനുസരിച്ച് മന്ദഗതിയിലാവുമ്പോൾ ഓന്തുകൾക്ക് നാവുനീട്ടൽ പഴയതു പോലെ തന്നെ തുടരാനാവും. നാവിന്റെ പശയും വലിച്ചെടുക്കാനുള്ള സംവിധാനവും കാരണം ഇര നാവിനോട് ഒട്ടുന്നതു കാരണം നാവ് പിന്നിലേക്ക് വലിക്കുന്നത് തണുപ്പു കാലത്ത് സാവധാനത്തിലായാലും ഓന്തുകളുടെ ഇര പിടിത്തത്തെ അത് ബാധിക്കാറില്ല. വെയിൽ കാഞ്ഞ് ശരീര താപനില ഉയർത്താതെ തന്നെ ഇര പിടിത്തം തുടങ്ങാൻ ഈ പ്രത്യേകത ഓന്തുകളെ സഹായിക്കുന്നു.

മിക്ക ഓന്തുകളും മുട്ടയിടുന്നവയാണ്. ചിലവയുടെ മുട്ടകൾ ശരീരത്തിനുള്ളിൽ വച്ച് വിരിയുന്നവയാണ്. ലൈംഗിക ബന്ധത്തിനുശേഷം 3 മുതൽ 6 ആഴ്ച്ചകൾക്കു ശേഷമാണ് ഓവിപാരസ് ഇനത്തിൽ പെടുന്ന ഓന്തുകൾ മുട്ടയിടുന്നത്. പെൺ ഓന്ത് നിലത്തിറങ്ങി മണ്ണിൽ ഒരു കുഴിയുണ്ടാക്കി അതിൽ മുട്ടകളിടും. ചെറിയ ഇനം ഓന്തുകൾ 2 മുതൽ 4 വരെ മുട്ടകളേ ഇടാറുള്ളൂ. വലിയ ഓന്തുകൾ 80 മുതൽ 100 വരെ മുട്ടകളിടാറുണ്ട്. നാലു മുതൽ പന്ത്രണ്ട് മാസങ്ങൾ വരെയെടുത്താണ് മുട്ടകൾ വിരിയുന്നത്. ഒവോവിവിപാരസ് സ്പീഷീസായ ജാക്ക്സൺസ് കമീലിയൺ 5 മുതൽ 7 മാസത്തിനു ശേഷം മുട്ട വിരിയാറാകുമ്പോൾ കുഞ്ഞുങ്ങളെ പ്രസവിക്കുകയാണ് ചെയ്യുന്നത്. ജനിക്കുമ്പോൾ സുതാര്യവും പശിമയുള്ളതുമായ യോക്ക് സഞ്ചിക്കുള്ളിലായിരിക്കും കുട്ടികൾ. അമ്മയോന്ത് ഓരോ മുട്ടയെയും ഒരു ശിഖരത്തിൽ ഒട്ടിച്ചുവയ്ക്കും. യോക് സഞ്ചി പൊട്ടുമ്പോൾ കുഞ്ഞുങ്ങൾ ഇരതേടി യാത്രയാവും. ഒരു തവണ 30 ജീവനുള്ള കുട്ടികൾ വരെ ഇത്തരത്തിൽ പ്രസവിക്കപ്പെടും.

ചില ഓന്തുകൾക്ക് നിറം മാറാനുള്ള കഴിവുണ്ട്. വിവിധ തരം ഓന്തുകൾക്ക് വിവിധ നിറങ്ങൾ സ്വീകരിക്കാനുള്ള കഴിവുണ്ട്. പിങ്ക്, നീല, ചുവപ്പ്, പച്ച, കറുപ്പ്, ബ്രൗൺ, ഇളം നീല, മഞ്ഞ, പർപ്പിൾ, ടർക്കോയ്സ് തുടങ്ങിയ നിറങ്ങൾ സ്വീകരിക്കാൻ ഓന്തുകൾക്ക് സാധിക്കും. നിറം മാറ്റത്തിന് പരിസ്ഥിതിയുമായി ഇണങ്ങിച്ചേരുക, മറ്റുള്ള ഓന്തുകളുമായി സംവദിക്കുക, താപനിലയുടെ വ്യത്യാസങ്ങൾക്കനുസരിച്ച് മാറുക എന്നിങ്ങനെ പല ഉദ്ദേശങ്ങളുണ്ട്. ഇരപിടിക്കാൻ വരുന്ന ജീവിയുടെ കാഴ്ചശക്തിക്കനുസരിച്ച് നിറം മാറ്റാൻ ചിലയിനം ഓന്തുകൾക്ക് കഴിവുണ്ട്.

ക്രോമോഫോറുകൾ എന്നയിനം പ്രത്യേക സെല്ലുകൾ ഓന്തുകളുടെ ത്വക്കിലുണ്ട്. ഈ കോശങ്ങൾക്കുള്ളിൽ പിഗ്മെന്റുകൾ ഉണ്ട്. തൊലിയുടെ പുറം പാളി സുതാര്യമാണ് അതിനു കീഴിലുള്ള മൂന്ന് പാളികളിൽ പുറം പാളിയിൽ മഞ്ഞയും ചുവപ്പും പിഗ്മെന്റുകളുള്ള കോശങ്ങളാണുള്ളത്. മദ്ധ്യത്തിലെ പാളിയിൽ നീലനിറമോ വെള്ളനിറമോ ആയി തോന്നിക്കുന്ന പിഗ്മെന്റുള്ള കോശങ്ങളാണുള്ളത്. ഏറ്റവും ഉള്ളിലുള്ള പാളിയിൽ കറുത്ത പിഗ്മെന്റാണുള്ളത്. ഈ പാളിയിലെ കോശങ്ങൾ എന്തുമാത്രം പ്രകാശം പ്രതിഫലിപ്പിക്കപ്പെടുന്നു എന്നതിനെ നിയന്ത്രിക്കുന്നു. പിഗ്മെന്റ് തരികളുടെ വിതരണമാണ് ഓരോ നിറത്തിന്റെയും അളവ് നിയന്ത്രിക്കുന്നത്. പിഗ്മെന്റ് തുല്യമായി വിതരണം ചെയ്തിരിക്കുന്ന സമയത്ത് കോശം ഏറ്റവും കടുത്ത നിറത്തിൽ കാണപ്പെടും. പിഗ്മെന്റ് കോശത്തിന്റെ മദ്ധ്യത്തായിരിക്കുമ്പോൾ കോശം സുതാര്യമായിരിക്കും. മസ്തിഷ്കത്തിൽ നിന്നുള്ള സന്ദേശത്തിനനുസരിച്ചാണ് ക്രോമോഫോറുകൾ നിറം മാറുന്നത്.

പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന ഒരിനമാണ് പറയോന്ത്. സാലിയ വിഭാഗത്തിൽ പെടുന്ന രണ്ടിനം ഓന്തുകൾ പശ്ചിമഘട്ടത്തിന്റെ ഉയരം കൂടിയ ഭാഗത്തു മാത്രം കാണുന്നു. 19 ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തെക്കേ ഏഷ്യയിൽ നിന്നും ജീവികളൂടെ ശേഖരത്തിനായെത്തിയ വിഖ്യാത ജന്തുജീവിഗവേഷകൻ ജീൻ ജാക്വസ് ഡസ്യൂമിയോടുള്ള ബഹുമാനാർത്ഥം പറയോന്തിന്റെ സ്പീഷീസ് ഡസ്യൂമിരി എന്നാണ് നൽകിയിട്ടുള്ളത്. ഇതിന്റെ പിൻകാലുകൾ മുൻകാലിന്റെ ചുവടറ്റം വരെ നീട്ടാവുന്നതാണ്. മുഖത്തിന്റെ ഉന്തിയ ഭാഗത്തോട്ട് തുറക്കുന്ന നാസാദ്വാരങ്ങളും നഗ്നമായ (കൺപോളകൾ ഇല്ലാത്ത) കണ്ണുകളും ഇവയ്ക് ഉണ്ടാകും. മറിയുന്ന ശൽക്കങ്ങളുള്ളതാണ് ശരീരം. കഴുത്തിലെ നേരിയതും നീളമുള്ളതും പാടലവുമായ സഞ്ചിയ്ക്ക് മഞ്ഞകലർന്ന ഇളം പച്ച നിറമായിരിക്കും. മുൻ-പിൻ കാലുകൾക്കിടയിലായി ശരീരത്തോട് ചേർന്നു നിൽക്കുന്ന വിടർത്താവുന്ന പാടലമായ ചിറകിന് ഇളം മഞ്ഞ കലർന്ന തവിട്ടു നിറമായിരിക്കും. ഇതിൽ കടുത്ത വയലറ്റ് നിറത്തിലുള്ള പാടുകളും വരകളും കാണാം. ആറു ഞരമ്പുകൾ അടങ്ങിയതാണ് ഇതിന്റെ ചിറകുപാളി. ശരീരത്തിന് 95 മില്ലിമീറ്റർ വരെ നീളവും വാലിന് 135 മില്ലിമീറ്റർ വരെ നീളവുമുണ്ടാകും.

ചിത്രത്തിൽ ചിന്നാറിൽ നിന്നൊപ്പിയ പറയോന്ത്…

BY Prasanth Kumar S R

Image

ഒരു അഭിപ്രായം പറയൂ