വെള്ളനാതുരുത്തിലെ അതിഥികൾ

index (6)

ഇടവപ്പാതിയും തുലാവർഷവും ന്യൂനമർദ്ദവുമൊക്കെയായി വളരെ ശക്തമായ ഒരു മഴക്കാലമാണ്‌ കടന്നുപോകുന്നത്‌. മഴക്കാലത്തിന്റെ ഇടവേളകളിൽ മഴമാറി തെളിയുന്ന ദിവസങ്ങളും ഇളം വെയിലുമൊക്കെ വീണ്ടുമൊരു ദേശാടനക്കാലം അണയുന്നു എന്ന വരവറിയിച്ചുകൊണ്ട്‌ കേരളത്തിലേക്ക്‌ ദേശാടനപ്പറവകൾ വിരുന്നിനെത്തി തുടങ്ങിയിരിക്കുന്നു. പക്ഷിനിരീക്ഷകരേയും പ്രകൃതിനിരീക്ഷകരേയും ആഹ്ലാദഭരിതരാക്കിക്കൊണ്ട്‌ തണ്ണീർത്തടങ്ങളിലേക്ക്‌ ദേശാടകരായ നീർപ്പറവകളും വനാന്തരങ്ങളിലേക്ക്‌ ദേശാടകരായ കാട്ടുപക്ഷികളും എത്തിത്തുടങ്ങിയിരിക്കുന്നു. മഴമാറി തെളിഞ്ഞ ഒരു ദിനത്തിൽ തെക്കൻ കേരളത്തിലെ ചില തണ്ണീർത്തടങ്ങളിൽ പ്രത്യേകിച്ച്‌ കടലോരത്തും അഴിമുഖത്തും ദേശാടകരായ നീർപ്പക്ഷികളെ തേടി യാത്ര തിരിച്ചു. കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളിയിലെ വെള്ളനാത്തുരുത്തിലേയ്ക്കായിരുന്നു ആദ്യമെത്തിയത്‌. കരുനാഗപ്പള്ളി ടൗണിൽ നിന്നും ഏഴ്‌ കിലോമീറ്റർ സഞ്ചരിച്ചാൽ വെള്ളനാത്തുരുത്തിലെത്തും. ഒരുവശത്ത്‌ കടലും ബീച്ചും മറുവശത്ത്‌ കരിമണൽത്തീരവും കായലും തുരുത്തുമൊക്കെയായി സവിശേഷമായ ഒരു ആവാസവ്യവസ്ഥയാണ്‌ വെള്ളനാത്തുരുത്തിലേത്‌.

തിരമാലകൾ ആർത്തലയ്ക്കുന്ന കടൽത്തീരത്തുകൂടി പക്ഷിനിരീക്ഷണം നടത്തി മുന്നോട്ടു നടന്നു. തിരമാലകൾ തീരത്തെ തഴുകി കടന്നുപോകുമ്പോൾ നനഞ്ഞ മണ്ണിൽ മെല്ലെ മെല്ലെ ഓടി നടന്ന്‌ ഇര തേടുന്ന കുരുവിയോളം വലിപ്പമുള്ള തവിട്ടും വെളുപ്പും നിറമുള്ള പക്ഷികളെയാണ്‌ കണ്ണിൽപ്പെട്ടത്‌. യൂറോപ്പിൽ നിന്നും പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും കേരളത്തിൽ ദേശാടനത്തിനെത്തുന്ന ചെറുമണൽ കോഴികളായിരുന്നു ആ പക്ഷികൾ വീണ്ടും മുന്നോട്ടു നടന്നപ്പോൾ നല്ല ചുവന്ന കാലുകൾ ഉള്ള തവിട്ടും വെള്ളയും നിറത്തോടുകൂടിയ ഒരു പക്ഷി തീരത്ത്‌ ഇര തേടി നടക്കുന്നുണ്ടായിരുന്നു. യൂറോപ്പ്‌, വടക്കേ ഏഷ്യ, പടിഞ്ഞാറൻ ചൈന എന്നിവിടങ്ങളിൽ നിന്നും വിരുന്നിനെത്തുന്ന ചോരക്കാലി ആയിരുന്നു അവ. ഇവയുടെ നല്ല ചുവന്ന കാലുകളാണ്‌ ഇവയെ ആകർഷകമാക്കുന്നത്‌. ചോരക്കാലിയോടൊപ്പം അവയുടെ അടുത്ത ബന്ധുവായ പച്ചക്കാലിയും ഇര തേടുന്നുണ്ടായിരുന്നു. ഇവയുടെ കാലുകൾക്ക്‌ മഞ്ഞകലർന്ന പച്ച നിറമാണ്‌. നീർക്കാടകളിൽ ഏറ്റവും വലിപ്പമുള്ള പക്ഷിയാണ്‌ പച്ചക്കാലി.

കടലിന്‌ സമാന്തരമായി കടൽ കാക്കകളുടേയും ആളകളുടെയും ചെറുസംഘങ്ങൾ പറന്നു നടന്നു. ചെറിയ കടൽകാക്ക, ഹുഗ്ലീൻ കടൽകാക്ക എന്നിവയായിരുന്നു ആ സംഘത്തിലുണ്ടായിരുന്നത്‌. ചെറിയ കടൽ ആളകളായിരുന്നു റോന്തുചുറ്റിയിരുന്നത്‌. വെയിൽ മൂത്തതോടെ തിരമാലകളോടൊപ്പം മെല്ലെ നടന്ന്‌ ഇര തേടുന്ന കടൽ മണ്ണാത്തികളുടെ വരവായി. കേരളത്തിൽ വളരെ അപൂർവമായി ദേശാടനത്തിനെത്തുന്ന ദേശാടകനാണ്‌ കടൽ മണ്ണാത്തി. യൂറോപ്പിൽ നിന്നാണ്‌ ഇവയുടെ വരവ്‌. തിളങ്ങുന്ന കറുപ്പും വെളുപ്പും നിറമുള്ള ഇവയ്ക്ക്‌ നീണ്ടകാലും ചുവപ്പു നിറത്തിലുള്ള കൊക്കുമാണുള്ളത്‌. കാണുവാനഴകുള്ള ഒരു തീരപക്ഷിയാണ്‌ കടൽ മണ്ണാത്തി. ചെറിയ ചിപ്പികൾ തോടുപൊളിച്ചാണ്‌ ഇവ ആഹാരമാക്കുന്നത്‌. തെക്കൻ കേരളത്തിൽ അത്യപൂർവമായിട്ട്‌ വിരുന്നുവരുന്ന കടൽ മണ്ണാത്തിയെ ഈ ദേശാടന കാലത്തിന്റെ തുടക്കത്തിൽ തന്നെ കണ്ടെത്തിയത്‌ ഒരു നല്ല ദേശാടനകാലം എന്നു കരുതാം.

വെള്ളനാത്തുരുത്തിലെ ദേശാടകരെ നിരീക്ഷിച്ച ശേഷം അവിടെനിന്നും 17 കിലോ മീറ്റർ അകലെയുള്ള അഴീക്കൽ ബീച്ചിലേക്ക്‌ യാത്രയായി. കടലിലേക്ക്‌ നടപ്പാതയായി കല്ലുകൾ പാകിയ അഴിക്കൽ ബീച്ച്‌ അവധി ദിനമായതിനാൽ സഞ്ചാരികളാൽ നിറഞ്ഞിരുന്നു. ഈ തിരക്കിലും ബീച്ചിൽ കടൽത്തീരത്ത്‌ തിരമാലകളോടൊപ്പം ഊർജസ്വലരായി ഓടി നടന്ന്‌ നനഞ്ഞ മണ്ണിൽ ചുണ്ടു താഴ്ത്തി ഇരതേടുന്ന നീർക്കാടയുടെ വലിപ്പമുള്ള ഒരുസംഘം ചെറുപക്ഷികളെ കണ്ടെത്തി. തിരക്കാടയായിരുന്നു അവ. തിരക്കാടയുടെ ഇരതേടൽ പക്ഷി നിരീക്ഷകരല്ലാത്തവരും നോക്കി നിന്നുപോകും. തീരത്ത്‌ ചെറുസംഘമായി നിൽക്കുന്ന ഇവ തിരമാലകൾ തീരത്തണയുമ്പോൾ ഭയചകിതരായി ഓടിയകലുന്നതുപോലെ തീരത്തേയ്ക്ക്‌ ഓടുകയും തിരമാല പിൻവലിക്കുമ്പോൾ കടലിലേക്ക്‌ മുന്നോട്ടോടി നനഞ്ഞ മണ്ണിൽ തുരുതുരെ ചുണ്ടുതാഴ്ത്തി ഇരതേടുകയും ചെയ്യുന്നു. തിരമാലകൾ എത്തുമ്പോൾ പുറം തിരിഞ്ഞ്‌ ഓട്ടവും തുടരും. കടൽത്തീരത്തുകൂടി തിരക്കാടകളുടെ ഓട്ടവും തീറ്റ തേടലും കണ്ടുനടക്കുമ്പോൾ കുറച്ചു വലിയ പക്ഷി തീരത്ത്‌ നീണ്ട കൊക്ക്‌ നീട്ടി ഇരതേടുന്നത്‌ കണ്ടു. ഇരുണ്ട തവിട്ടും വെളുപ്പും കുറികളും വരകളും സാമാന്യം വലിപ്പമുള്ള തെറ്റിക്കൊക്കൻ ആയിരുന്നു ആ പക്ഷി. താഴോട്ടു വളഞ്ഞ നീണ്ടകൊക്കാണ്‌ തെറ്റിക്കൊക്കന്റെ പ്രത്യേകത. തെറ്റിക്കൊക്കൻ വടക്കൻ യൂറോപ്പിൽ നിന്നും പടിഞ്ഞാറൻ സൈബീരിയായിൽ നിന്നുമാണ്‌ ദേശാടനക്കാലം ചിലവിടുവാൻ കേരളത്തിലെത്തുന്നത്‌.

വെള്ളനാത്തുരുത്തിലേയും അഴീക്കൽ ബീച്ചിലേയും ദേശാടനപ്പറവകളുടെ സാന്നിധ്യം സന്തോഷമുണ്ടാക്കി. നീർക്കാട, ചതുപ്പൻ, പുള്ളികാടക്കൊക്ക്‌, കരിമ്പൻ കാടക്കൊക്ക്‌, മംഗോളിയൻ മണൽക്കോഴി, വലിയമണൽക്കോഴി എന്നിവയേയും ഈ യാത്രയിൽ കണ്ടെത്തി. കരുനാഗപ്പള്ളിയിലെ വെള്ളനാത്തുരുത്തിൽ ദേശാടനക്കാലം ചിലവിടാനെത്തിയ കടൽമണ്ണാത്തിക്ക്‌ അവിടെ തുടരുവാൻ കഴിയാത്ത വണ്ണം തീരത്തുകൂടി, റോഡുണ്ടായിട്ടും ചീറിപായുന്ന ബൈക്ക്‌ സവാരിക്കാർ ഭീഷണി ഉയർത്തുന്നു. തിരമാലകൾക്കൊപ്പം വന്നടിയുന്ന ചിപ്പിയും മറ്റു കടൽജീവികളെയും ഭക്ഷണമാക്കുന്ന ഇവയ്ക്ക്‌ തീരത്തുകൂടി തീരസവാരി നടത്തുന്ന ബൈക്ക്‌ യാത്രികർ കടുത്ത വെല്ലുവിളിയാണ്‌ ഉയർത്തുന്നത്‌.
കേരളക്കരയിൽ വിരുന്നിനെത്തിയ ഈ ദേശാടനപ്പറവകൾക്ക്‌ മറ്റിടങ്ങളിലും ഇത്തരത്തിൽ അവയുടെ സ്വൈരസഞ്ചാരത്തിന്‌ തടസമുണ്ടാകാറുണ്ട്‌. പ്രകൃതിസ്നേഹവും പക്ഷിസ്നേഹവും സമജീവി സ്നേഹവും വളരുകയും അവബോധമുണ്ടാകുകയും ചെയ്താൽ മാത്രമേ ഈ വിരുന്നുകാർ നമ്മുടെ നാട്ടിൽ ഇനിയും അഭയം തേടി എത്തുകയുള്ളു എന്നുമാത്രം ഇവിടെ ഓർമപ്പെടുത്തുവാൻ ആഗ്രഹിക്കുന്നു.

By സി സുശാന്ത്‌

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ