വംശനാശം നേരിടുന്ന കടൽജീവികളും ആവാസവ്യവസ്ഥയും

Share the Knowledge
index

കടലിലെ ജീവികളെക്കുറിച്ചും സസ്യങ്ങളുൾപ്പെടെയുള്ള കടലിലെ ജൈവ ലോകത്തെക്കുറിച്ചുള്ള സെൻസസ്‌ ഒരു പക്ഷേ ചരിത്രത്തിൽ ആദ്യമാകും പഠിക്കാൻ രണ്ടായിരത്തിൽ തുടക്കമിട്ടത്‌. 80 രാജ്യങ്ങളിലായി 2700 ശാസ്ത്രജ്ഞന്മാരാണ്‌ പങ്കെടുത്തത്‌. 538 സമുദ്രപര്യവേഷണങ്ങൾ വേണ്ടിവന്നു. 2600 പഠന റിപ്പോർട്ടുകൾ ശാസ്ത്രസംഘങ്ങൾ തയാറാക്കി. ഈ സെൻസസിന്റെ പ്രത്യേകത കൺമറയത്തും കാണാമറയത്തുമുള്ള ഓരോ സമുദ്രജീവി വർഗ്ഗത്തിനും ഒരു ജനിതക സൂചകം ഏർപ്പെടുത്തകയെന്നതാണ്‌. ഓരോ ജീവിയുടെയും ജനിതക സവിശേഷതകൾ വ്യക്തമായി ക്രോഡീകരിക്കപ്പെടുന്നു. സാങ്കേതികസൗകര്യമായ ഇത്‌ ജനിതക ബാർ കോഡിങ്ങ്‌ എന്നാണ്‌ അറിയപ്പെടുന്നത്‌. ചിത്രങ്ങൾ സഹിതം ഓരോ ജീവികളെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്നതാണ്‌ ഇത്‌. കൂടുതൽ വിവരങ്ങൾക്ക്‌ അനുബന്ധ വെബ്സൈറ്റുകളിലേക്ക്‌ കടക്കാനുള്ള സൗകര്യവുമുണ്ട്‌. സെൻസസ്‌ ഓഫ്‌ മറൈൻ ലൈഫ്‌ എന്ന പേരിൽ നടപ്പിലാക്കിയ കണക്കെടുപ്പ്‌ കടൽപക്ഷികളെ നേരിട്ട്‌ നിരീക്ഷിക്കുന്നതിലൂടെയും അവലോകനത്തിലൂടെയുമാണ്‌ അന്തിമ വിശകലനത്തിലെത്തുക. മാത്രമല്ല സമുദ്രജീവന്റെ ഇത്‌ വരെയുള്ള പരിണാമവും അതിജീവനവും പഠന വിധേയവുമാക്കുന്നുണ്ട്‌. 

കടൽ സെൻസസ്‌ റിപ്പോർട്ട്‌ ഞെട്ടിക്കുന്ന വിവരങ്ങളാണ്‌ പുറത്ത്‌ കൊണ്ട്‌ വന്നിരിക്കുന്നത്‌. കരയിലെ പ്പോലെ ത്തന്നെ കടലിലും ജീവജാലങ്ങൾ സുരക്ഷിതമല്ല. അവ വൻതോതിൽ വംശനാശം നേരിട്ട്‌ കൊണ്ടിരിക്കുകയാണ്‌. വിവിധ കടൽ സസ്യങ്ങളുടെയും നിലനിൽപ്പ്‌ അപകടത്തിലാണ്‌. ഒരു തരത്തിൽ പറഞ്ഞാൽ കരയിലെക്കാൾ അപകടകരമാണ്‌ കടലിലെ ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും സ്ഥിതി. കരയിലെപ്പോലെ വംശനാശം നേരിടുന്ന സസ്യ-ജീവികളെ പ്രതിപാദിപ്പിക്കുന്ന റെഡ്‌ ഡാറ്റാ ബുക്കൊന്നും കടൽജീവികളെക്കുറിച്ചില്ല. കടൽ ജീവികളുടെ ആദ്യസമഗ്ര സർവേയിൽ കണക്കുകളിലെത്തിയത്‌ 2,30,000 കടൽ ജീവിവംശങ്ങളാണ്‌. ഇതിൽ 5600 എണ്ണം ശാസ്ത്രലോകത്തിന്‌ ഇന്നേവരെ പരിചിതമല്ലാത്തവയാണ്‌. 43,750 ജീവികൾ കടുത്ത വംശനാശ ഭീഷണിയിലെന്നാണ്‌ സർവേ റിപ്പോർട്ട്‌ പറയുന്നത്‌.
സമുദ്രജീവി വംശങ്ങളിൽ അഞ്ചിലൊന്ന്‌ ഞണ്ടുകളും കൊഞ്ചുകളുമാണ്‌. തൊട്ടടുത്ത്‌ കണവയാണ്‌. കടൽ ഒച്ചുകൾ, നീരാളികൾ എന്നിവ അടുത്തതായി ഉണ്ട്‌. സ്രാവുകൾ അടക്കമുള്ള മൽസ്യവിഭാഗം ജൈവവൈവിധ്യത്തിന്റെ 12 ശതമാനമേ വരൂ. സൂഷ്മജീവികളായ ആൽഗകൾ, പ്രോട്ടോസോവ എന്നിവ ആകെ കടൽസസ്യങ്ങളിൽ 10 ശതമാനവും പവിഴപ്പുറ്റുകൾ അഞ്ച്‌ ശതമാനവും വരും. നക്ഷത്രമൽസ്യം, കടൽച്ചേന തുടങ്ങിയവ മൂന്ന്‌ ശതമാനവും വരും.

ജെല്ലി മത്സ്യങ്ങൾ അഞ്ച്‌ ശതമാനം തിമിംഗലങ്ങൾ, കടൽ സിംഹങ്ങൾ, കടൽപ്പക്ഷികൾ, കടലാമകൾ എന്നീ ജീവജാലങ്ങൾ 2 ശതമാനം വരും. കടലിലെ ജീവജാലങ്ങളെക്കുറിച്ചുള്ള സർവേകളിൽ വെളിപ്പെട്ട മറ്റൊരു വസ്തുത കടൽ വൻ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കത്തക്ക രീതിയിലുള്ള മാലിന്യക്കൂമ്പാരമായിക്കൊണ്ടിരിക്കുന്നുവെന്നാണ്‌. അത്ഭുതപ്പെടുത്തുന്നത്‌ കടലിൽ ഒഴുകി നടന്നിരുന്ന ടൺക്കണക്കിന്‌ പ്ലാസ്റ്റിക്കിന്റെ 99 ശതമാനവും ഇപ്പോൾ കാണുന്നില്ല എന്നതാണ്‌. മത്സ്യങ്ങൾ ഉൾപ്പെടെയുള്ള കടൽജീവികൾ ഇവ ഭക്ഷിച്ചിരിക്കാമെന്നാണ്‌ ശാസ്ത്രസംഘം എത്തിയിരിക്കുന്ന നിഗമനം. പ്ലാസ്റ്റിക്കുകൾ മത്സ്യങ്ങളുടെ ഉള്ളിൽ എത്തിയിട്ടുണ്ടെങ്കിൽ മത്സ്യം ഉൾപ്പെടുന്ന ലോകഭക്ഷ്യ ശൃംഖലയിലെ അംഗമായ മനുഷ്യനും ജീവന്‌ ഭീഷണിയാണ്‌.

വർഷം തോറും ലോകത്ത്‌ 30 കോടി ടൺ പ്ലാസ്റ്റിക്‌ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്‌. ഉപയോഗിച്ച്‌ കഴിഞ്ഞ പ്ലാസ്റ്റിക്‌ മാലിന്യം വലിച്ചെറിയുന്നത്‌ തോടുകളിലൂടെയും നദികളിലൂടെയും ഒഴുകി കടലിലെത്തുന്നു. സമുദ്രങ്ങളുടെ പല ഭാഗത്തും ഈ വേസ്റ്റ്‌ പ്ലാസ്റ്റിക്‌ പാറകൾ തന്നെ രൂപപ്പെട്ടിട്ടുണ്ട്‌. കടലിൽ സെൻസസ്‌ നടത്തിയ ഗവേഷകർ എല്ലാ സമുദ്രങ്ങളിലും പ്ലാസ്റ്റിക്കിനായി വലവീശി ലക്ഷക്കണക്കിന്‌ ടൺപ്ലാസ്റ്റിക്‌ കിട്ടുമെന്നായിരുന്നു പ്രതീക്ഷ. നാല്‌ കപ്പലുകളിലായിപ്പോയ ശാസ്ത്രസംഘം മാസങ്ങൾകൊണ്ട്‌ ശേഖരിച്ചത്‌ 40,000 ടൺ പ്ലാസ്റ്റിക്കായിരുന്നു. കടലിലെത്തുന്ന പ്ലാസ്റ്റിക്കുകൾ സൂക്ഷമകിരണത്തിന്റെയും തിരമാലകളുടെയും ഫലമായി വളരെ ചെറുകഷ്ണങ്ങളായി മാറുന്നു. ഇത്തരം കഷ്ണങ്ങൾ കണ്ടാൽ മൽസ്യങ്ങൾ ഉൾപ്പെടെയുള്ള കടൽജീവികൾക്ക്‌ തങ്ങളുടെ ഭക്ഷണമായി തോന്നുമത്രെ. ഓരോ വർഷവും എത്രത്തോളം പ്ലാസ്റ്റിക്‌ കടലിലെത്താറുണ്ടെന്നതിന്‌ കണക്കൊന്നുമില്ലെങ്കിലും കഴിഞ്ഞ അര നൂറ്റാണ്ട്‌ കാലമായി കടലിലേക്ക്‌ പ്ലാസ്റ്റിക്‌ ഒഴുകിക്കൊണ്ടിരിക്കുന്നു. ഇത്‌ കടൽജീവികളുടെ വംശനാശത്തിന്‌ പ്രധാന കാരണമാണ്‌.
കരയിലെ ജീവജാലങ്ങളുടെ നിലനിൽപ്പ്‌ കടലിലെ ആവാസവ്യവസ്ഥയുടെ നിലനിൽപ്പുമായി ബന്ധപ്പെട്ടാണിരിക്കുന്നത്‌. മനുഷ്യനുൾപ്പെടെയുള്ള കരയിലെ എല്ലാ ജീവജാലങ്ങളുടെയും ജീവൻ കടലിന്റെ ദാനമാണ്‌. കരയിലെ സുഖകരമായ കാലാവസ്ഥയും ശുദ്ധജല സ്ത്രോതസ്സും കടലിന്റെ കനിവാണ്‌. നമുക്ക്‌ കിട്ടിക്കൊണ്ടിരിക്കുന്ന മഴയിൽ വന്ന്‌ കൊണ്ടിരിക്കുന്ന കുറവ്‌ കടൽ വ്യതിയാനങ്ങളിലെ അമ്പരപ്പിക്കുന്ന മാറ്റം കാരണമാണ്‌ സംഭവിക്കുന്നത്‌. ആഗോളതാപനത്തിന്‌ കാരണമായ കാർബൺ ഡൈ ഓക്സൈഡിന്റെ 50 ശതമാനത്തിലേറെ വലിച്ചെടുത്ത്‌ ഓക്സിജനാക്കി ജീവജാലങ്ങൾക്ക്‌ നൽകുന്നത്‌ കടലിലെ ആൽഗകൾ അടക്കമുള്ള സസ്യങ്ങളാണ്‌. ഓക്സിജൻ, കാർബൺഡൈഓക്സൈഡ്‌ സംതുലനാവസ്ഥ നിലനിർത്തുന്നതിൽ കടൽവഹിക്കുന്ന പങ്ക്‌ അത്ഭുതകരമാണ്‌.

കടലിലെ സസ്യ-ജീവ ആവാസവ്യവസ്ഥ നിലനിന്നാലെ കരയിലെ ജീവിതം സുരക്ഷിതമാകൂ എന്ന്‌ തിരിച്ചറിയേണ്ടിയിരിക്കുന്നു. കടൽ ജീവികളുടെയും സസ്യങ്ങളുടെയും നാശം സമുദ്രങ്ങളുടെ സ്വാഭാവിക നിലനിൽപ്പിനെയും ഒഴുക്കിനെയും ഇല്ലാതാക്കും. ഇത്‌ കരയെ ദോഷകരമായി ബാധിക്കും. കരയിലെ മനുഷ്യന്റെ ഇടപെടലുകളാണ്‌ കടലിന്റെ പാരിസ്ഥിതിക സംതുലനാവസ്ഥയെ തകിടം മറിക്കുന്നതും അവിടെ മാലിന്യക്കൂമ്പാരമാക്കുന്നതും.

By : വലിയശാല രാജു

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ