ഒരു സ്വകാര്യ വനം

Share the Knowledge

അറുപത്തഞ്ച് വർഷങ്ങൾക്ക് മുൻപ് കോട്ടയത്തിന്റെ ഒരു കുഗ്രാമത്തിൽ നിന്ന് അലിഗട്ട് സർവ്വകലാശാലയിൽ എത്തി, സാമ്പത്തീകശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി ആ ചെറുപ്പക്കാരൻ പടിയിറങ്ങുമ്പോൾ അദ്ദേഹത്തെ കാത്തിരുന്നത് ബാങ്കിങ് മേഖലയിലെ വലിയ ഔന്നിത്യങ്ങളും പ്രിയപ്പെട്ടവരുടെ അതിലേറെ വലിയ കണക്കുകൂട്ടലുകളുമായിരുന്നു. എന്നാൽ ആ കണക്കുകൂട്ടലുകളെയെല്ലാം തെറ്റിച്ച് അയ്യാൾ തീരുമാനിച്ചു, ‘ഞാൻ തിരിച്ചുമടങ്ങുന്നു എന്റെ മലയോരഗ്രാമത്തിലേക്ക്.’ അവിടെ വലിയ കർഷകനായിരുന്ന അപ്പൻറെ എട്ട് ഏക്കർ കൃഷിയിടമായിരുന്നു ദേവസ്സിയുടെ സ്വപ്നങ്ങളുടെ പരീക്ഷണശാല. ‘ഇനിയിവിടെ റബ്ബർ വേണ്ട, മരങ്ങൾ വളരട്ടെ, ഔഷധങ്ങൾ വളരട്ടെ, പുല്ലും പൂച്ചെടികളും, കുരുവികളും ചെങ്ങാലികളും, കൂടെ കുറെ വിളകളും വളരട്ടെ…’ അങ്ങനെ ജീവന്റെ പച്ച സകല നാടുകളിലും നിന്ന് മലയിഞ്ചിപ്പാറ വനയിടത്തിലെത്തി വേരുപിടിക്കാൻ തുടങ്ങി. ലിച്ചി, രുദ്രാക്ഷം, സ്റ്റാർ ആപ്പിൾ, മന്ദാരം, റെയിൻ ട്രീ, മരവുരി മരം, ദന്തപ്പാല, ഈന്ത്, അമ്പഴം…..എല്ലാം ഒരു കൊച്ചു വനമായി വളരുകയായിരുന്നു. ആ ആരണ്യകത്തിന്റെ നടുവിൽ കിളിക്കുടുപോലെ പോലെ സ്വന്തം ഭാവനയിൽ വിരിഞ്ഞ ഒരു വീടും, ഏറുമാടവും. നാടൻ പശുവും പട്ടിയും പക്ഷികളും കൂട്ടിന്. വനയിടത്തിലെ ആദ്യ പാരിജാതക്കുട്ടി പൂത്തപ്പോള്‍ മക്കളില്ലാത്ത ദേവസ്സി പേരപ്പനും പ്രിയ പക്തിനിയും സുഹൃത്തുക്കള്‍ ഒരു തിരട്ടുകല്യാണക്കുറി തയ്യാറാക്കി അയച്ചു, “ഞങ്ങളുടെ പാരിജാതം പൂത്തു. നിങ്ങള്‍ക്ക് താത്പര്യമെങ്കില്‍ വന്നു കാണാം.” ഈ സ്വര്‍ഗ്ഗത്തില്‍ ഇപ്പോള്‍ 87 കാരന്‍ ദേവസ്സിപേരപ്പന്‍ തനിച്ചാണ് (പേരമ്മ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഈ സ്വർഗ്ഗത്തോട് വിട പറഞ്ഞ് മറ്റൊരു സ്വർഗ്ഗം തേടി പോയി). വനയിടത്തിന്റെ ആത്മാവിലേക്ക് അലിഞ്ഞുചേരാൻ ദേവസ്സിപേരപ്പൻ എപ്പോഴും ഒരുങ്ങിയിരിപ്പാണ്. ആ ദിവസം ജീവന്റെ പുസ്തകത്തിൽ ഇയ്യാളുടെ പേര് ഹരിത ലിപികളിൽ എഴുതി ചേർക്കപ്പെടും.
റൂട്ട്: കോട്ടയം – പാലാ – ഈരാറ്റുപേട്ട – പൂഞ്ഞാര്‍- പതാംമ്പുഴ – മലയിഞ്ചിപ്പാറ.
അഡ്രസ്‌: ദേവസ്യ, പൂണ്ടിക്കുളം, മലയിഞ്ചിപ്പാറ. അങ്ങോട്ട്‌ യാത്രയോ, അവിടെ ക്യാമ്പോ (അതിനുള്ള സൗകര്യം ഉണ്ട്) താത്പര്യപ്പെടുന്നവർ പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളുമുള്ള പേരപ്പനെ നേരിൽ വിളിച്ച് ബുദ്ധിമുട്ടിക്കാതിരിക്കാൻ പ്രകൃതി സ്നേഹിയും മനുഷ്യസ്നേഹിയും സാമൂഹ്യപ്രവർത്തകനുമായ അദ്ദേഹത്തിൻറെ മരുമകൻ (+ caretaker) എബി പൂണ്ടിക്കുളത്തിന്റെ നമ്പർ ചേർക്കുന്നു: 9400213141. Eby Emmanuel

എഴുതിയത്  : Jijo Kurian

Image

ഒരു അഭിപ്രായം പറയൂ