കാട്ടുരാച്ചുക്ക് - Forest Nightjar - Caprimulgus indicus

Share the Knowledge

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന രാക്കിളിക്കൂട്ടത്തിലെ പ്രമുഖ പക്ഷിയാണ് കാട്ടു രാച്ചുക്ക്. പകൽ സമയത്ത് ഉറങ്ങുകയും രാത്രികാലത്ത് സജീവമാകുകയും ചെയ്യുന്ന പക്ഷി വർഗ്ഗമാണിവ. കുറ്റിക്കാടുകളിലും മരങ്ങൾ നിറഞ്ഞ വലിയകാടുകളുടെ അരികുകളിലും വരണ്ട പ്രദേശത്ത് താമസമാക്കി സന്ധ്യ മുതൽ പുലരുംവരെ ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കുന്ന പക്ഷികളാണിവ. രാത്രികാലങ്ങളിൽ ഈ പക്ഷികൾ ആടിന്റെ പാൽ കുടിക്കുമായിരുന്നുവെന്ന് വിശ്വസിച്ചിരുന്നതിൽ നിന്നാണ് ലാറ്റിനിൽ കാപ്രിമുൽഗസ് എന്ന പേര് ലഭിച്ചത്.

നീളം കൂടിയ ചിറകുകളും കുറിയ കാലുകളും ചെറിയ ചുണ്ടുകളുമാണിവയുടെ സവിശേഷത. 21.5 മുതൽ 24 സെന്റി മീറ്റർ വരെയാണ് ഇവയുടെ വലിപ്പം. ആൺ പക്ഷികൾക്ക് 65 മുതൽ 110 ഗ്രാം വരെയും പെൺ പക്ഷികൾക്ക് 60 മുതൽ 98 ഗ്രാം വരെയും തൂക്കമുണ്ടാകും. ചാരനിറത്തോടൊപ്പം തവിട്ട് കലർന്ന ശരീരത്തിലും തലയിലും കറുപ്പു കലർന്ന തവിട്ടു നിറത്തിലെ വരകൾ നിറഞ്ഞു കാണാം. വാൽച്ചിറകുകൾ ചാരനിറത്തോടു കൂടിയതും കറുത്ത വരകൾ നിറഞ്ഞതുമാണ്. ആൺ പക്ഷികളിൽ കഴുത്ത് ഭാഗത്തായി ഇട മുറിഞ്ഞ രീതിയിൽ ഒരു വെള്ളപ്പാടുണ്ടാകും. പെൺ പക്ഷികളിൽ ചെമ്പൻ നിറവും വരകൾ നിറഞ്ഞതുമായ മേൽമീശ കാണാം.

ശാരീരികമായ സവിശേഷതകൾ കാരണം നിലത്തോ മരത്തിൽ കമ്പുകൾ വളരുന്ന അതേ ദിശയിലോ പറ്റിച്ചേർന്ന നിലയിൽ ചുറ്റുപാടുകൾക്ക് ചേർന്ന രീതിയിലാണ് താവളമടിക്കുക. ഇക്കാരണം കൊണ്ടു തന്നെ ഇവയെ കണ്ടെത്താൻ വിഷമമാണ്.

ഫെബ്രുവരി ഒടുക്കം മുതൽ ആഗസ്റ്റ് വരെയുള്ള കാലത്താണ് തെക്കേ ഇന്ത്യയിൽ ഇവ പ്രജനനത്തിനായി തിരഞ്ഞെടുക്കുക. പുള്ളിപ്പാടുകൾ നിറഞ്ഞ ഒന്നോ രണ്ടോ മുട്ടകളാണ് ഒരു പ്രജനനകാലത്ത് ഇടുക. ആൺ പെൺ പക്ഷികൾ മാറി മാറി അടയിരിക്കൽ കാലം പൂർത്തിയാക്കുന്നു. പാറയിലോ പാറക്കെട്ടുകൾക്കടുത്ത് മണ്ണിലോ ആണ് ഇവ മുട്ടയിടുക. പതിനാറു മുതൽ പതിനേഴ് ദിവസം വരെയാണ് അടയിരിക്കൽ കാലം. കുഞ്ഞുങ്ങൾ മങ്ങിയ നിറമുള്ളവയും ചുറ്റുപാടുകൾക്കനുസരിച്ച നിറമുള്ളവയുമാണ്. പകൽ സമയം അമ്മപ്പക്ഷിയുടെ ചിറകിനടിയിൽ ഒതുങ്ങുന്ന കുഞ്ഞുങ്ങൾ സന്ധ്യയായിത്തുങ്ങുമ്പോൾ സജീവമായി ഇരതേടിത്തുടങ്ങും. അപകടം ശ്രദ്ധയിൽപ്പെട്ടാൽ മുട്ടയോ കുഞ്ഞിനെയോ കൊത്തിയെടുത്ത് പറന്ന് മറ്റൊരിടത്ത് എത്തിക്കുന്ന സ്വഭാവ സവിശേഷതയും ഇവയ്ക്കുണ്ട്. മൂന്നു നാലു തവണ വരെ ഇങ്ങനെ സ്ഥാനം മാറാറുണ്ടെന്ന് പഠനങ്ങൾ പറയുന്നു.

സന്ധ്യകാലത്ത് തുടങ്ങി പ്രഭാതം വരെ ഇരതേടുന്ന ഇവയുടെ പ്രധാന ആഹാരം പറന്നു നടക്കുന്ന പ്രാണികളും പുൽച്ചാടികളും തുമ്പികളും വണ്ടുകളും ചിത്രശലഭങ്ങളും ചീവീടും പുഴുക്കളും ഒക്കെയാണ്.

ചിത്രത്തിൽ ചിന്നാറിൽ നിന്നൊപ്പിയ കാട്ടുരാച്ചുക്ക്…

By Prasanth Kumar S R

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ