ഓര്ക്കസ്ട്രേറ്റഡ് ഒബ്ജക്ടീവ് റിഡക്ഷന് (Orch-OR)

Share the Knowledge

ആത്മാവിന്റെ ക്വാണ്ടം ക്ഷേത്രം

തത്വചിന്തകരുടെയും പുരോഹിതന്മാരുടെയും കുത്തകയായിരുന്ന ആത്മാവും (soul) ബോധവും (consciousness) ഇനി ഭൌതികശാസ്ത്രത്തിന്റെ സമവാക്യങ്ങള് അനുസരിക്കും! മസ്തിഷ്കത്തിലെ നൂറു ട്രില്യണ് നാഡീകോശങ്ങളുടെ (neurons) പ്രതിപ്രവര്ത്തനത്തിന്റെ ഉപോല്പ്പന്നമാണ് ബോധം അല്ലെങ്കില് ആത്മാവ് എന്ന് ഇനി സാമാന്യമായി പറയേണ്ട ആവശ്യമില്ല. അതിനുമപ്പുറമാണത്. ഇതിന് കൃത്യമായ ഒരു ഇരിപ്പിടവുമുണ്ട്. ജന്തുമസ്തിഷ്കത്തിലെ ന്യൂറോണുകളിലുള്ള മൈക്രോട്യൂബ്യൂളുകളിലാണ് (microtubules) ബോധം നിലനില്ക്കുന്നത്. അല്ലെങ്കില് ആത്മാവിന്റെ ഇരിപ്പിടമാണ് മൈക്രോട്യൂബ്യൂളുകള് എന്നു പറയാം. ഇതു പ്രഖ്യാപിച്ചിരിക്കുന്നത് ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രതിഭാശാലിയായ സൈദ്ധാന്തിക ഭൌതികശാസ്ത്രജ്ഞന് സര്. റോജര് പെന്റോസാണ്. കൂടെ ബുദ്ധിരാക്ഷസനായ മനശാസ്ത്രജ്ഞന് ഡോ. സ്റ്റുവര്ട്ട് ഹാമെറോഫുമുണ്ട്. ഓര്ക്കസ്ട്രേറ്റഡ് ഒബ്ജക്ടീവ് റിഡക്ഷന് (Orch-OR) എന്ന സങ്കേതമുപയോഗിച്ചാണ് അവര് ഈ കണ്ടെത്തല് നടത്തിയിരിക്കുന്നത്. ബോധത്തിന്റെ ക്വാണ്ടം സിദ്ധാന്തമെന്ന് (Quantum Theory of Consciousness) വിളിക്കുന്ന നിരവധി പരികല്പനകളില് ഏറ്റവും പ്രബലമായ സമീപനമാണ് പെന്റോസും ഹാമെറോഫും ചേര്ന്ന മുന്നോട്ടുവച്ചിട്ടുള്ള ഈ പുതിയ പരികല്പന. അതുകൂടാതെ ക്വാണ്ടം ഭൌതികത്തിന്റെ അനന്തസാധ്യതകള് തുറന്നുതരുന്നതുമാണ് ഈ പുതിയ കണ്ടുപിടിത്തം.

മരണത്തിന്റെ തൊട്ടടുത്ത അവസ്ഥയില് (near- death experience)ജീവകോശങ്ങള്ക്ക് അവയുടെ ക്വാണ്ടം തലം നഷ്ടമാകും. ന്യൂറോണുകളിലുള്ള മൈക്രോട്യൂബ്യൂളുകളും ഇതില്നിന്നു ഭിന്നമല്ല. എന്നാല്, മൈക്രോട്യൂബ്യൂളുകളില് ശേഖരിക്കപ്പെട്ടിരിക്കുന്ന വിവരങ്ങള് (informations) ഒരിക്കലും നശിക്കുന്നില്ലെന്നാണ് ശാസ്ത്രജ്ഞര് കണ്ടെത്തിയിരിക്കുന്നത്. ഒരു വ്യക്തിയുടെ മരണത്തിനു ശേഷവും ക്വാണ്ടീകരിക്കപ്പെട്ട ഈ വിവരങ്ങള്ക്ക് (quantum informations) നിലനില്ക്കാന് കഴിയും. ഈ വിവരങ്ങള് നിര്മിക്കപ്പെട്ടിട്ടുള്ളത് മസ്തിഷ്കത്തിനുള്ളില് വച്ചല്ല. പ്രാപഞ്ചിക തിരശ്ശീലയില് വച്ചു നിര്മിക്കപ്പെട്ടിരിക്കുന്ന ഈ വിവരങ്ങള് പ്രപഞ്ചത്തിന്റെ വിശാലതകളിലേക്ക് ചിതറിക്കപ്പെടുകയാണ്. ഒരു സാമാന്യ വായനക്കാരന്റെ ഭാഷയില് ഈ ‘ക്വാണ്ടം ഇന്ഫര്മേഷന്’ ആത്മാവായി കണക്കാക്കാവുന്നതാണ്. പ്രപഞ്ചത്തില് ഉദ്ഭവിച്ച് പ്രപഞ്ചത്തിലേക്കു തന്നെ മടങ്ങിപ്പോകുന്നുവെന്നു പറയാം. എക്കാലവും നിലനില്ക്കുന്ന ബോധം പ്രപഞ്ചത്തിന്റെ അടിസ്ഥാനഘടകമാണെന്നും മരണത്തോടെ ശരീരത്തില്നിന്നു മോചിതമാകുന്ന ആത്മാവ് പ്രപഞ്ചത്തിലേക്കു തന്നെ മടങ്ങുന്നുവെന്നുമുള്ള ദര്ശനങ്ങളോട് ചേര്ന്നുനില്ക്കുന്നുണ്ട് ക്വാണ്ടം ഭൌതികജ്ഞരുടെ ഈ കണ്ടെത്തല്.

1980 കളില് തന്നെ ഓക്സ്ഫോര്ഡ് സര്വകലാശാലയിലെ ഗണിതശാസ്ത്രജ്ഞനായ സര്. റോജര് പെന്റോസ് മനസ്സിന്റെ സൂക്ഷ്മതലങ്ങള് അന്വേഷിച്ചുതുടങ്ങിയിരുന്നു. 1989ല് ഓക്സ്ഫോര്ഡ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ച ‘ദ് എംപറേര്സ് ന്യൂ മൈന്ഡ്’, 1994ല് ഓക്സ്ഫോര്ഡും പിന്നീട് 2005ല് വിന്റേജും പ്രസിദ്ധീകരിച്ച ‘ഷാഡോസ് ഓഫ് ദ മൈന്ഡ്’ എന്നീ ബെസ്റ് സെല്ലര് പുസ്തകങ്ങളില് ആത്മാവിന്റെ ക്വാണ്ടം തലങ്ങളേപ്പറ്റിയുള്ള പെന്റോസിന്റെ പഠനങ്ങളാണുള്ളത്. അരിസോണ സര്വകലാശാലയിലെ കോണ്ഷ്യസ്നെസ് സ്റ്റഡീസിന്റെ മേധാവിയും സൈക്കോളജി പ്രൊഫസറുമായ ഡോ. സ്റ്റുവര്ട്ട് ഹാമെറോഫ് ഈ കാലയളവില് ഇതേ വിഷയത്തെക്കുറിച്ചു തന്നെ പഠനം നടത്തിവരികയായിരുന്നു. അടുത്ത കാലത്താണ് ഈ രണ്ടു പ്രതിഭകളും ഒരുമിച്ചത്. മസ്തിഷ്ക കോശങ്ങളിലെ മൈക്രോട്യൂബ്യൂളുകളില് സൃഷ്ടിക്കപ്പെടുന്ന ക്വാണ്ടം ഗ്രാവിറ്റി പ്രഭാവങ്ങളാണ് ബോധം അല്ലെങ്കില് ആത്മാവ് എന്നു പറയുന്നത് എന്നാണ് ഇവര് അവകാശപ്പെടുന്നത്. ഡേവിഡ് ബോം, മാക്സ് ടെഗ്മാര്ക്ക് എന്നീ ഭൌതികശാസ്ത്രജ്ഞരും ഈ മേഖലയില് ഗവേഷണം നടത്തുന്നവരാണ്. എന്നാല്, പെന്റോസ്- ഹാമെറോഫ് സമീപനമാണ് ഇതില് ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്.

ക്വാണ്ടം മനസ്സ്

ഒരേസമയം ഒരു ക്വാണ്ടം പാര്ട്ടിക്കിളിന് രണ്ടു വ്യത്യസ്ത തലത്തില് നിലനില്ക്കാന് കഴിയും. സൂപ്പര് പൊസിഷന് എന്നാണ് ഈ അവസ്ഥയ്ക്കു പറയുന്ന പേര്. പ്രകാശം ഒരേസമയം കണികയും തരംഗവുമാണ്(wave-particle duality). നിരീക്ഷകന്റെ സാന്നിധ്യമാണ് ഇതിന് മാറ്റമുണ്ടാക്കുന്നത് (collapse of wave function). ക്വാണ്ടം കണികകള് കെണിയിലകപ്പെട്ടുപോകുന്ന (quantum trap) മറ്റൊരു തലവുമുണ്ട്. മനസ്സിന്റെ ക്വാണ്ടം തലം വിശദീകരിക്കാന് ഈ രണ്ടു സങ്കേതങ്ങളാണ് ക്വാണ്ടം ഭൌതികജ്ഞര് സ്വീകരിക്കുന്നത്. ക്ളാസിക്കല് ഭൌതികത്തിന്റെ സമവാക്യങ്ങള് കൊണ്ടു വിശദീകരിക്കാന് കഴിയുന്ന കാര്യമല്ലിത്. ആത്മാവും ബോധവുമെല്ലാം ചില പരമ്പരാഗത മത-ദൈവ സങ്കപ്പവുമായി ബന്ധപ്പെട്ടുകിടക്കുന്ന മിത്തുകളാണെന്നും അവ ഭൌതികശാസ്ത്രത്തിന്റെ വിഷയമല്ലെന്നും കരുതുന്ന സാമാന്യമസ്തിഷ്കത്തിന്റെ കേവല യുക്തിചിന്തയ്ക്കപ്പുറമാണത്.

ഇനി ക്വാണ്ടം പരീക്ഷണം നടത്തിയ മൈക്രോ ട്യൂബ്യൂളുകളെന്താണെന്നു നോക്കാം. ജീവശാസ്ത്രത്തിലും ന്യൂറോളജിയിലും ജന്തുമസ്തിഷ്ക്ക കോശങ്ങളിലെ അടിസ്ഥാനഘടകമായ മൈക്രോട്യൂബ്യൂളുകളേക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. മനുഷ്യമസ്തിഷ്ക്കത്തില് 100 ട്രില്യണിലധികം ന്യൂറോണ് ബന്ധനങ്ങളുണ്ട്. സിനാപ്സ് എന്നറിയപ്പെടുന്ന ഈ ബന്ധനങ്ങളിലൂടെ സന്ദേശങ്ങള് വിതരണം ചെയ്യുന്നതും മസ്തിഷ്ക്ക കോശങ്ങളുടെ വളര്ച്ചയും വികാസവും നിയന്ത്രിക്കുന്നതും മൈക്രോട്യൂബ്യൂളുകളാണ്. ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയില് (Bose-Einstein Condensate) ഇലക്ട്രോണുകള് മൈക്രോട്യൂബ്യൂളുകളില് കെണിയില്പ്പെടുത്തപ്പെട്ടിരിക്കുകയാണ് (Quantum Entanglement). മൈക്രോട്യൂബ്യൂളുകളെ ക്വാണ്ടീകരിക്കുന്നതിലൂടെയാണ് പെന്റോസും ഹാമെറോഫും മനസ്സിന്റെ ക്വാണ്ടം തലത്തേപ്പറ്റിയുള്ള പുതിയ നിഗമനത്തിലെത്തിയിരിക്കുന്നത്.

ഇതിനകം മരിച്ചുകഴിഞ്ഞിരിക്കുന്ന തത്വശാസ്ത്രത്തിന്റെ (Philosophy) ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാവുകയാണ് സര്. റോജര് പെന്റോസിന്റെയും സംഘത്തിന്റെയും പുതിയ കണ്ടുപിടുത്തം. ആത്മാവും മനസ്സും ബോധവുമെല്ലാം വിവരിക്കുന്നതിന് ഇനി മതശാസനകളും ദൈവസങ്കല്പ്പവുമൊന്നും ആവശ്യമുണ്ടാകില്ല. അവയെല്ലാം ഇനി ഭൌതികശാസ്ത്രത്തിന്റെ സിദ്ധാന്തങ്ങള്ക്കു കീഴിലാകും.
സാബു ജോസ്

Image

ഒരു അഭിപ്രായം പറയൂ