മാര്‍ക്കോ പോളോ

റോമാ സാമ്രാജ്യത്തിലുടനീളം സിൽക്ക് ലഭ്യമായിരുന്നുവെങ്കിലും ചൈനയിൽ നിന്നുള്ള ഈ ആഡംബരവസ്തുവിന്റെ ഉറവിടത്തെ കുറിച്ചോ, അത് യൂറോപ്പിലെത്തുന്ന വഴികളെ കുറിച്ചോ പടിഞ്ഞാറുകാർക്ക് വ്യക്തമായ ധാരണയില്ലായിരുന്നു. ഏഴാം നൂറ്റാണ്ടിൽ ഇസ്ലാമിന്റെ ഉദയത്തോടെ പടിഞ്ഞാറിനും കിഴക്കിനും ഇടയിലായി ഒരു ഇരുമ്പ് മറ രൂപപ്പെട്ടു. ഇത് കരമാർഗം യൂറോപ്പിന് ചൈനയും ഇന്ത്യയുമായുള്ള നേരിട്ടുള്ള വ്യാപാരത്തിന് തടയിട്ടു. യൂറോപ്പിൽ നിന്നും ആഫ്രിക്ക ചുറ്റി ഇന്ത്യയിലേക്കും ചൈനയിലേക്കും ഉള്ള കടൽമാർഗം അന്ന് കണ്ടുപിടിച്ചിരുന്നുമില്ല. ചൈനയിൽ ഉത്പാദിപ്പിക്കപ്പെടുന്ന സിൽക്ക് യൂറോപ്പിനും ചൈനക്കുമിടയിൽ പതിനായിരം കിലോമീറ്ററോളം നീണ്ടുകിടക്കുന്ന വാണിജ്യപാത ആയ സിൽക്ക് റോഡ് വഴി സാര്ത്ഥവാഹകസംഘങ്ങൾ മെഡിറ്ററേനിയൻ തീരത്തെ തുറമുഖങ്ങളിൽ എത്തിക്കും. ചൈനയിലെ സിയാൻ (Xian or Changan) എന്ന സ്ഥലത്ത് നിന്നും തുടങ്ങുന്ന സിൽക്ക് റോഡ് തക്ലാമാക്കൻ മരുഭൂമിയെ ബൈപാസ് ചെയ്തുകൊണ്ട് മദ്ധ്യേഷ്യയിലെ കാഷ്ഗർ, സമർഖന്ദ്, ബുഖാറ, മെർവ് എന്നീ നഗരങ്ങൾ കടന്ന് ഇറാൻ , ഇറാക്കിലൂടെ നീണ്ട് ഒടുവിൽ സിറിയൻ മരുഭൂമിയിലെ വടക്കുള്ള മരുപ്പച്ച ആയ പാൽമൈറയിൽ (Palmyra) എത്തുന്നു. ഇടനിലക്കാരായ അറബികൾ അവിടെ നിന്നും ചരക്കുകൾ മെഡിറ്റെറെനിയൻ തുറമുഖങ്ങൾ ആയ ആലപ്പോവിലും അക്കൊയിലും (acre) എത്തിക്കുന്നു. അവിടെനിന്നും ഇറ്റലിയിലെ തുറമുഖനഗരങ്ങളായ വെനീസ്, പിസ, ജെനോവ എന്നിവിടങ്ങളിലെ വ്യാപാരികൾ ചരക്കുകൾ കടൽമാർഗം റോമിലേക്കും ഗ്രീസിലേക്കും കൊണ്ടുപോയി. ചൈനയിൽ നിന്നും കടൽമാർഗം എത്തുന്ന ചരക്കുകൾ മിഡിൽ ഈസ്റ്റിലെ ഓർമുസ് തുറമുഖത്തെത്തിച്ച് അവിടെ നിന്നും കരമാർഗം ഇറാക്ക് സിറിയ വഴി ആലപ്പോയിൽ എത്തിച്ചു. ഇന്നത്തെ യെമനിലെ ഏഡൻ തുറമുഖത്തെത്തുന്ന ചരക്കുകൾ ചെങ്കടൽ വഴി ഈജിപ്റ്റിലെ അലക്സാണ്ട്രിയയിലും അവിടെനിന്നും യൂറോപ്പിലും എത്തിച്ചു. ഇതിലെല്ലാം തന്നെ അറബികൾ ആയിരുന്നു ഇടനിലക്കാർ. യൂറോപ്പ്യൻ കച്ചവടക്കാർക്ക് തങ്ങളുടെ വ്യാപാരസാമ്രാജ്യത്തിന്റെ കിഴക്കേ അറ്റം എന്നത് ലെവന്റിലെ (Levant – ഇന്നത്തെ ഇസ്രയേൽ, ലെബനോൻ, സിറിയ എന്നിവ ഉൾപ്പെടുന്ന ഭൂപ്രദേശം) മെഡിറ്റെറെനിയൻ തുറമുഖങ്ങൾ ആയിരുന്നു.

എന്നാൽ പതിമൂന്നാം നൂറ്റാണ്ടിന്റെ പകുതി മുതൽ ഏകദേശം നൂറ് വർഷങ്ങളോളം ഈ ഇരുമ്പ് മറ നീക്കപ്പെടുകയും യൂറോപ്പുകാർക്ക് ചൈനയും ഇന്ത്യയുമായി നേരിട്ട് വ്യാപാരം നടത്താൻ കഴിയുകയും ചെയ്തു. ഇതിനു കാരണമായത് പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ചെങ്കിസ് ഖാന്റെ നേതൃത്വത്തിൽ മംഗോളിയൻ ഗോത്രങ്ങൾ ഒരു ഏകീകൃത ശക്തിയായി മാറിയതാണ്. ചൈന കീഴടക്കിയ മംഗോളുകൾ ക്രമേണ തങ്ങളുടെ സാമ്രാജ്യം പടിഞ്ഞാറ് യൂറോപ്പിലേക്കും, മദ്ധ്യേഷ്യ മുഴുവനും ഇന്നത്തെ മിഡിൽ ഈസ്റ്റും കീഴടക്കി മെഡിറ്റെറെനിയൻ തീരത്തേക്കും വ്യാപിപ്പിച്ചു. പടിഞ്ഞാറൻ റഷ്യ കടന്നു അവർ പോളണ്ടും ഹംഗറിയും ആക്രമിച്ചു. മംഗോളുകളിലെ ഒരു ഗോത്രമായിരുന്നു ടാട്ടറുകൾ (Tatar). ടാട്ടാർ എന്ന പേരിനു ഗ്രീക്കിൽ നരകത്തിനുള്ള പേരായ ടാർട്ടാർ (tartar) എന്നതിനോടുള്ള സാമ്യം കാരണം അതിക്രൂരമായ ആക്രമണം അഴിച്ചുവിട്ട് ജീവിതം നരകതുല്യമാക്കിയ മംഗോളുകളെ യൂറോപ്പുകാർ ടാർട്ടാരുകൾ എന്ന് വിളിച്ചു. ചെങ്കിസ് ഖാന്റെ ചെറുമകനായ കുബ്ലാ ഖാന്റെ കാലമായപ്പോഴേക്കും മംഗോളുകൾ അവരുടെ സുവർണകാലഘട്ടത്തിൽ എത്തിയിരുന്നു. റോമാസാമ്രാജ്യത്തെക്കാളും വിശാലമായ ഈ സാമ്രാജ്യത്തിന്റെ കിഴക്ക് ഭാഗം ചക്രവർത്തിയായ കുബ്ലാ ഖാൻ നേരിട്ട് ഭരിച്ചു. ബാക്കിയുള്ള സാമ്രാജ്യത്തെ മൂന്നായി തിരിച്ച് അവയെ ചെങ്കിസ് ഖാന്റെ വംശപരമ്പരയിൽ ഉള്ള ചെറിയ “ഖാൻ” മാർ ഭരിച്ചു. ഇന്നത്തെ യൂറോപ്പ്യൻ റഷ്യ (പടിഞ്ഞാറൻ ടാർട്ടാർ, western tartar) , ഇറാൻ മുതൽ മെഡിറ്റെറെനിയൻ വരെയുള്ള ലെവന്റ്റ് ടാർട്ടാർ (Levant tartar), മദ്ധ്യേഷ്യ (തുർക്കിസ്ഥാൻ) എന്നിവയായിരുന്നു മറ്റു മൂന്നു ഭാഗങ്ങൾ. വ്യാപാരത്തിൽ തൽപരനായിരുന്ന കുബ്ലാ ഖാൻ സിൽക്ക് റോഡിലെ സാര്ത്ഥവാഹകസംഘങ്ങൾക്ക് കവർച്ചക്കാരിൽ നിന്നും സംരക്ഷണം നൽകുകയും ഒപ്പം നികുതികൾ കുറച്ചു അവർക്ക് പ്രോത്സാഹനം നൽകുകയും ചെയ്തു.

AD 1260-ൽ വെനീസിലെ രണ്ട് വ്യാപാരികളായ നിക്കോളോ പോളോയും സഹോദരൻ മാഫിയോ പോളോയും കൊൻസ്റ്റാന്ടിനോപ്പ്ൾ വഴി കരിങ്കടൽ (Black sea) കടന്നു ക്രൈമിയയിലെ (ഇന്നത്തെ റഷ്യയുടെ ഭാഗം) സുടാക് (Sudak) എന്ന തുറമുഖത്തെത്തി. അവിടെനിന്ന് വ്യാപാരസാധനങ്ങളുമായി പടിഞ്ഞാറൻ മംഗോളുകളുടെ കേന്ദ്രമായ കാസ്പിയൻ തുറമുഖം വോൾഗയിലെത്തി. ബർക ഖാൻ ആയിരുന്നു പടിഞ്ഞാറൻ ടാർട്ടാരുകളുടെ രാജാവ്. നല്ലൊരു വ്യാപാരത്തിന് ശേഷം പോളോ സഹോദരർ തിരികെ വെനീസിലേക്ക് പോകാൻ ഒരുങ്ങി. പക്ഷെ അപ്പോഴേക്കും ബർക ഖാനും ലെവന്റ്റ് ടാർട്ടാരുകളുടെ രാജാവായ ഹുലാഗു ഖാനും തമ്മിൽ യുദ്ധം ആരംഭിച്ചു. പോളോ സഹോദരർ കിഴക്കോട്ടു സഞ്ചരിച്ച് തുർക്കിസ്ഥാനിലെ ബുഖാറയിൽ അഭയം തേടി. ആദ്യമായിട്ടായിരുന്നു ബുഖാറയിൽ യൂറോപ്പുകാർ എത്തുന്നത്. ലെവന്റിൽ നിന്നും കുബ്ലാ ഖാന്റെ അടുത്തേക്ക് പോവുകയായിരുന്ന ഒരു നയതന്ത്രസംഘം പോളോ സഹോദരരെ കാണുകയും അവരോടു തങ്ങളോടൊപ്പം ചൈനയിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു. യൂറോപ്പുകാരെ ഒരിക്കലും കണ്ടിട്ടില്ലാത്ത കുബ്ലാഖാന് പോളോ സഹോദരരെ കാണുന്നത് സന്തോഷകരമായിരിക്കും എന്ന് അവർക്കറിയാമായിരുന്നു. നീണ്ട ഒരു വർഷത്തെ യാത്രക്ക് ശേഷം അവർ അന്ന് കാത്തേ (Cathay) എന്നറിയപ്പെട്ടിരുന്ന ചൈനയിലെത്തി.

മദ്ധ്യേഷ്യയിലെയും മംഗോളിയയിലെയും പുൽമേടുകളിൽ അലഞ്ഞുതിരിഞ്ഞ് കന്നുകാലികളെയും മേച്ചു നോമാഡിക് ജീവിതം നയിച്ചിരുന്നവരായിരുന്നു മംഗോളുകൾ. പക്ഷെ കുബ്ലാഖാനെ ചൈനീസ് സംസ്കാരവും ബുദ്ധമതവും സ്വാധീനിച്ചിരുന്നു. താൻ വന്ന വഴി മറക്കാതിരിക്കാൻ അദ്ദേഹം പീക്കിങ്ങിലെ കൊട്ടാരത്തിലെ ഉദ്യാനത്തിൽ തന്റെ ജന്മദേശമായ സ്റ്റെപ് എന്ന വിശാലമായ പുൽമേടുകളിൽ നിന്നും കൊണ്ടുവന്ന പുല്ല് നട്ടുപിടിപ്പിച്ചിരുന്നു. അദ്ദേഹം പോളോ സഹോദരരെ സ്നേഹത്തോടെ സ്വീകരിക്കുകയും യൂറോപ്പിലെ വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്തു. സയൻസിലും ക്രിസ്തുമതത്തിലും അറിവുള്ള ആളുകളെ ചൈനയിലേക്ക് അയക്കാൻ പോപ്പിനോട് പറയാനായി തിരികെ വെനീസിലേക്ക് പോയ പോളോ സഹോദരരോട് കുബ്ലാഖാൻ ആവശ്യപ്പെട്ടു. 1269-ൽ അവർ തിരികെ വെനീസിലെത്തിയപ്പോഴേക്കും പതിനഞ്ചു വയസ്സുള്ള മാർക്കോ പോളോ എന്ന മകനെ അവശേഷിപ്പിച്ചിട്ട് നിക്കൊളോയുടെ ഭാര്യ മരണമടഞ്ഞിരുന്നു.

1271-ൽ പോളോ സഹോദരന്മാർ കുബ്ലാഖാന്റെ കൊട്ടാരത്തിലേക്ക് തങ്ങളുടെ രണ്ടാമത്തെ യാത്ര ആരംഭിച്ചു. അവരോടൊപ്പം 17 വയസ്സായ മാർക്കോ പോളോയും കൂടാതെ പോപ്പിന്റെ പ്രതിനിധികളായി രണ്ട് ഡൊമിനിക്കൻ സന്യാസിമാരും ഉണ്ടായിരുന്നു. എന്നാൽ ലെവന്റിൽ വെച്ചുതന്നെ യാത്രയുടെ ബുദ്ധിമുട്ടുകൾ മൂലം സന്യാസിമാർ പിന്മാറി . തുടർന്ന് നിക്കൊലോയും മാഫിയോയും മാർക്കൊയും ഓർമുസിലേക്ക് യാത്ര തിരിച്ചു. അവിടെ നിന്നും കടൽമാർഗം ചൈനയിലേക്ക് പോകാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും പിന്നീട് യാത്രാപദ്ധതി മാറ്റി കാൽനടയായി സിൽക്ക് റോഡ് വഴി ചൈനയിലേക്ക് പോകാൻ തീരുമാനിച്ചു. ഇറാനിലെ കെർമൻ മരുഭൂമി കടന്ന് അവർ അഫ്ഗാനിസ്ഥാനിലെ പർവതപ്രദേശമായ ബയ്ഡാക്ഷാനിലെത്തി (Badakhshan). ഇവിടെ വെച്ച് മാർക്കോ രോഗബാധിതനായത് മൂലം അസുഖം ഭേദമായത് വരെ അവർ അവിടെ തങ്ങി. ഒരു വർഷം കഴിഞ്ഞാണ് അവർ വീണ്ടും യാത്ര തുടരുന്നത്. ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്ന പാമീർ പീഠഭൂമി കടന്നു അവർ കാഷ്ഗറിലെത്തി. തുടർന്ന് തക്ലാമാക്കാൻ മരുഭൂമിയും ഗോബി മരുഭൂമിയും അവർ കടന്നു. മഴയും മഞ്ഞും നിറഞ്ഞൊഴുകുന്ന നദികളും അവരുടെ യാത്രയെ പലപ്പോഴും തടസ്സപ്പെടുത്തി. ഒടുവിൽ നീണ്ട മൂന്നര വർഷങ്ങൾ കൊണ്ട് അവർ കുബ്ലാഖാന്റെ കൊട്ടാരത്തിലെത്തി. പോളോ സഹോദരരെ വീണ്ടും കണ്ട കുബ്ലാഖാൻ വളരെയധികം സന്തോഷവാനായി. മാർക്കോ പോളോയെ ആദ്യദർശനത്തിൽ തന്നെ ഇഷ്ടപ്പെട്ട ചക്രവർത്തി പിന്നീട് അദ്ദേഹത്തെ പല പ്രധാനപ്പെട്ട ചുമതലകളും ഏൽപ്പിച്ചു. കുബ്ലാഖാന്റെ വിശ്വസ്തനായി മാറിയ മാർക്കോ പല നയതന്ത്രദൌത്യങ്ങളിലും അദ്ദേഹത്തെ പ്രതിനിധീകരിക്കുകയും ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും സഞ്ചരിക്കുകയും ചെയ്തു. നീണ്ട പതിനേഴു വർഷങ്ങൾ കുബ്ലാഖാന്റെ വിശ്വസ്തരായി കഴിഞ്ഞുകൂടിയ അവരെ തിരികെ വെനീസിലേക്ക് വിടുന്നതിനോട് ചക്രവർത്തിക്ക് അത്ര താൽപര്യം ഉണ്ടായിരുന്നില്ല.

എന്നാൽ ഈ സമയത്ത് പോളോമാർക്ക് തിരികെ യൂറോപ്പിലേക്ക് പോകാൻ ഒരു അവസരം ഉണ്ടായി. പേർഷ്യയിലെ മംഗോൾ രാജാവിന് വധുവായി ചൈനയിൽ നിന്നും ഒരു ടാർട്ടാർ രാജകുമാരിയെ കുബ്ലാഖാൻ സേവകരോടൊപ്പം അയച്ചു. പേർഷ്യൻ രാജാവിന്റെ സേവകർ രാജകുമാരിയെ സിൽക്ക് റോഡ് വഴി പേർഷ്യയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും മദ്ധ്യേഷ്യയിൽ ചില മംഗോൾ ഗോത്രങ്ങളുടെ ഇടയിൽ നടന്ന യുദ്ധം മൂലം അവർക്ക് ആ വഴി പോകുന്നതിനു കഴിഞ്ഞില്ല. തുടർന്ന് അവർ രാജകുമാരിയെയും കൊണ്ട് കുബ്ലാഖാന്റെ കൊട്ടാരത്തിൽ തിരികെ വരുകയും കടൽമാർഗം പേർഷ്യയിലേക്ക് പോകുന്നതിനെ പറ്റി ചിന്തിക്കുകയും ചെയ്തു. ഈ സമയത്താണ് മാർക്കോ പോളോ ഇന്ത്യയിലേക്കുള്ള നീണ്ട യാത്ര കഴിഞ്ഞു തിരികെയെത്തിയത്. വെനീസുകാരുടെ സമുദ്രസഞ്ചാരത്തിലുള്ള പ്രാവീണ്യം അറിയാമായിരുന്ന പേർഷ്യൻ സംഘം പോളോകളെ തങ്ങളുടെ കൂട്ടത്തിൽ വിട്ടുതരാൻ കുബ്ലാഖാനോട് അഭ്യർഥിച്ചു. മനസ്സില്ലാമനസ്സോടെ ചക്രവർത്തി ഈ ആവശ്യം അംഗീകരിക്കുകയും പോളോകളെ ടാർട്ടാർ രാജകുമാരിയുടെ സംരക്ഷണചുമതല ഏൽപ്പിക്കുകയും ചെയ്തു. അങ്ങനെ പതിനാലു കപ്പലുകളിലായി അറുനൂറോളം സഹായികളുമായി പോളോകൾ രാജകുമാരിയുമായി പേർഷ്യയിലേക്ക് യാത്ര തിരിച്ചു. ചൈന കടൽ വഴി സുമാത്രയും ജാവയും കടന്നു അവർ ഇന്ത്യൻ സമുദ്രത്തിൽ എത്തി. ആന്ഡമാൻ നിക്കോബാർ ദ്വീപുകളും ശ്രീലങ്കയും മലബാറും കടന്നു അറബിക്കടലിലൂടെ അവർ ഹൊർമുസിലെത്തി. അറുനൂറു പേരുമായി തുടങ്ങിയ ഈ ദുഷ്കരയാത്ര അവസാനിച്ചപ്പോൾ വെറും 18 പേർ മാത്രമേ അവശേഷിച്ചുള്ളൂ. രാജകുമാരിയെ ടാർട്ടാർ രാജാവിന് കൈമാറിയ ശേഷം അവർ വടക്കൻ പേർഷ്യയിലെ തബ് രിസ് വഴി കരിങ്കടലിന്റെ തെക്കൻ തീരത്തുള്ള ട്രെബിസോണ്ടിലെത്തി. അവിടെ നിന്നും കടൽമാർഗം കോൺസ്റ്റാന്റിനോപ്പ്ൾ വഴി വെനീസിലും എത്തി. നീണ്ട 24 വർഷങ്ങളുടെ യാത്രക്ക് ശേഷം 1295-ൽ തിരികെയെത്തിയ പോളോകളെ ആദ്യം സ്വന്തം കുടുംബക്കാർ പോലും തിരിച്ചറിഞ്ഞില്ല.

1298-ൽ മെഡിറ്റെറെനിയൻ കടലിലെ വ്യാപാരത്തിന്റെ ആധിപത്യത്തിനായി വെനീസും ജെനോവയും തമ്മിൽ യുദ്ധം നടന്നു. ഇതിൽ ജെനൊവ വിജയിക്കുകയും എഴായിരത്തോളം വെനീസുകാരെ തടവുകാരായി പിടിക്കുകയും ചെയ്തു. ഇതിൽ മാർക്കോ പോളോയും ഉണ്ടായിരുന്നു. ജയിലിൽ വെച്ച് മറ്റൊരു തടവുകാരനായ റുസ്ടിക്കെല്ലോ (Rustichello) എന്ന എഴുത്തുകാരനുമായി മാർക്കോ പരിചയത്തിലായി. റുസ്ടിക്കെല്ലോ ആണ് മാർക്കോ പോളോയുടെ വിവരണങ്ങളെ ഒരു പുസ്തക രൂപത്തിൽ എഴുതിയത്. A Description of the World എന്ന പേരിൽ ഫ്രെഞ്ചിൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം ചൂടപ്പം പോലെയാണ് വിറ്റഴിക്കപ്പെട്ടത്. ഒരു പൈങ്കിളി എഴുത്തുകാരനായിരുന്ന റുസ്ടിക്കെല്ലോ മാർക്കോ പോളോയുടെ സഞ്ചാരാനുഭവങ്ങളിൽ തന്റെ ഭാവന യഥേഷ്ടം ഉപയോഗിച്ചു എന്ന് ചരിത്രകാരന്മാർ കരുതുന്നു. അതിനാൽ തന്നെ ഈ പുസ്തകത്തിലെ എല്ലാം പൂർണമായും വിശ്വസിക്കേണ്ടതില്ല എന്നും അവർ കരുതുന്നു. മാർക്കോ പോളോക്ക് മുൻപും ചില യൂറോപ്പുകാരെങ്കിലും ചൈനയിലെത്തിയെങ്കിലും അവർ തങ്ങളുടെ യാത്രാനുഭവങ്ങൾ ഒരു പുസ്തകരൂപത്തിലാക്കിയിരുന്നില്ല. യൂറോപ്പുകാർക്ക് വിശാലമായ ഒരു ലോകത്തെ സ്വപ്നം കാണാൻ മാർക്കോ പോളോ തന്റെ പുസ്തകത്തിലൂടെ അവസരം ഒരുക്കുകയായിരുന്നു.

by Roy Jacob

Image

ഒരു അഭിപ്രായം പറയൂ