പോട്ടോമാക്കിലെ പ്രാവ്ദ

Share the Knowledge

പോട്ടോമാക് സാധാരണ നദിയല്ല. അതിന്റെ തീരത്താണ് ലോകത്തെ ഏറ്റവും ശക്തനായ മനുഷ്യന്റെ വാസവും പ്രവര്‍ത്തനവും. വാഷിംഗ്ടണ്‍ നഗരത്തിന്റെ മധ്യത്തിലൂടെ ഒഴുകുന്ന നദി ലോകഗതിയെ മാറ്റിമറിച്ച അനേകം തീരുമാനങ്ങളുടെ ചരിത്രം കണ്ടു. ചരിത്രം തിരുത്തിയ വാര്‍ത്തകള്‍ തന്റെ ചാരേ ഉരുത്തിരിഞ്ഞപ്പോള്‍ ലോകത്തെ അതിശക്തമായ ഒരു പത്രവും അതിന്റെ കരയില്‍ പടര്‍ന്നു പന്തലിക്കുകയായിരുന്നു-വാഷിംഗ്ടണ്‍ പോസ്റ്റ്. ലോകത്ത് വായനക്കാര്‍ക്കിടയിലും ഭരണാധികാരികള്‍ക്കിടയിലും ഒരേ പോലെ സ്വാധീനം നേടിയ വേറെ അധികം പത്രമൊന്നുമില്ല. പത്രം തന്നെ വാര്‍ത്തയാകുന്നത് എപ്പോഴും സംഭവിക്കുന്നതല്ല. എന്നാല്‍, പോസ്റ്റ് അടുത്തിടെ വാര്‍ത്തയായി. എണ്‍പതു വര്‍ഷമായി വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ഭരണസാരഥ്യം വഹിച്ചിരുന്ന ഗ്രഹാം ഗ്രൂപ്പ് അത് വിറ്റു. ഇന്റര്‍നെറ്റ് ഭീമനായ ആമസോണിന്റെ ഉടമ ജെഫ്രി പി. ബെസോസ് 25 കോടി ഡോളറിന് പോസ്റ്റിനെ സ്വന്തമാക്കിയത് കഴിഞ്ഞവര്‍ഷം ഒക്‌ടോബറിലായിരുന്നു. ഇക്കഴിഞ്ഞ മാസം പോസ്റ്റിന്റെ പബ്ലിഷര്‍ കാതറിന്‍ വെയ്മൗത്ത് പോസ്റ്റിന്റെ പടിയിറങ്ങി. ഗ്രഹാം കുടുംബത്തിന്റെ അവസാന കണ്ണിയും അങ്ങനെ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന പോസ്റ്റിനോടു വിടപറഞ്ഞു. ദുര്‍ഘടമായ അവസരങ്ങളില്‍ വാഷിംഗ്ടണ്‍ പോസ്റ്റിനെ മുന്നോട്ടു നയിച്ച ഡോണാള്‍ഡ് ഗ്രഹാം അപ്പോള്‍ വിശ്രമ ജീവിതം നയിച്ച് വീട്ടിലിരിക്കുകയായിരുന്നു. ഒരു വലിയ പാരമ്പര്യത്തിന്റെ അവസാന കണ്ണിയായി ഡൊണാള്‍ഡും കാതറിനും മാറി. ആ പാരമ്പര്യത്തിന്റെ പ്രാധാന്യം നമുക്കു കാട്ടിത്തരുന്നത് ലോക പത്രചരിത്രത്തിലെ ഏറ്റവും സുവര്‍ണ്ണ നിമിഷങ്ങള്‍ കണ്ട ഒരു പത്രത്തിന്റെ കഥയാണ്.അമേരിക്കയിലെ മിസൗറിയില്‍ ഒന്നുരണ്ടു പത്രങ്ങളൊക്കെ നടത്തി പരിചയമുണ്ടായിരുന്ന സ്റ്റില്‍സണ്‍ ഹച്ചിന്‍സിന് രാജ്യതലസ്ഥാനമായ വാഷിംഗ്ടണില്‍ ഒരു പത്രം തുടങ്ങണമെന്നു തോന്നിയത് 1876-ലാണ്. വാഷിംഗ്ടണിലെത്തിയ ഹച്ചിന്‍സ് അടുത്തവര്‍ഷം തന്നെ പത്രത്തിനു തുടക്കം കുറിച്ചു. ഡിസംബര്‍ ആറിനു പത്രം പുറത്തിറങ്ങുമ്പോള്‍ ആയിരം കോപ്പിയായിരുന്നു പ്രതിദിന പ്രചാരം. ഹച്ചിന്‍സിന് പത്രത്തിന്റെ ലക്ഷ്യത്തെക്കുറിച്ചു നല്ല ബോധമുണ്ടായിരുന്നു-ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് തുണയാകുക.

ഈ സമയത്താണ് വിവാദമായ ഒരു അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസിന്റെ ഒരു പ്രത്യേക കമ്മിറ്റിയുടെ തീരുമാനപ്രകാരം റിപ്പബ്ലിക്കനായ റഥര്‍ഫോര്‍ഡ് ബി. ഹെയെസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പുറത്തായത് ഡെമോക്രാറ്റ് പാര്‍ട്ടിക്കാരനായ സാമുവല്‍ ടെയില്‍ഡന്‍. ഡെമോക്രാറ്റുകാരനായ ഹച്ചിന്‍സ് പിന്നെ അടങ്ങിയിരുന്നില്ല. റിപ്പബ്ലിക്കന്മാര്‍ക്കെതിരേ ആഞ്ഞടിക്കാന്‍ അദ്ദേഹം പോസ്റ്റിന്റെ താളുകളെ ഉപയോഗിച്ചു കൊണ്ടിരുന്നു. ഹെയെസ് പ്രസിഡന്റാണെന്ന് അംഗീകരിക്കാന്‍ ഹച്ചിന്‍സ് തയ്യാറായതേയില്ല, അദ്ദേഹത്തെ ഒരിക്കല്‍ പോലും പത്രത്തില്‍ പ്രസിഡന്റ് എന്നു വിശേഷിപ്പിച്ചതുമില്ല. തുടക്കത്തിലേയുള്ള ഉറച്ച നിലപാട് പത്രത്തെ വളരെയധികം ശ്രദ്ധേയമാക്കി. ഒറ്റവര്‍ഷം കൊണ്ട് പ്രചാരം 6000 കോപ്പിയായി.തുടങ്ങി മൂന്നാം വര്‍ഷം തന്നെ ഞായറാഴ്ചയും പ്രസിദ്ധീകരണം തുടങ്ങി. അക്കാലത്ത് വാഷിംഗ്ടണില്‍ അതൊരു വിശേഷമായിരുന്നു. അങ്ങനെ അവിടെ ഏഴുദിവസവും അച്ചടിക്കുന്ന പത്രമായി അത്. പൊതുവേ സ്വീകാര്യത വന്നതോടെ ഹച്ചിന്‍സ് പത്രത്തെ ഡെമോക്രാറ്റ് അനുഭാവി എന്ന കുരുക്കില്‍ നിന്നഴിച്ച് സ്വതന്ത്ര പത്രമെന്ന നിലയിലേക്ക് മാറ്റിയെടുത്തു. വളര്‍ച്ചയുടെ നാളുകള്‍ക്കിടയിലായിരുന്നു അക്കാലത്ത് വാഷിംഗ്ടണിലുണ്ടായിരുന്ന ദ് റിപ്പബ്ലിക്കന്‍ നാഷണല്‍ എന്ന പത്രത്തെ പോസ്റ്റ് സ്വന്തമാക്കിയത്. 137 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഒരേയൊരു തവണ സായാഹ്ന പത്രം നടത്തിയതും ഈ അവസരത്തിലായിരുന്നു. ഇങ്ങനെ വളര്‍ന്നു വരവെ പെട്ടെന്നൊരു ദിവസം ഹച്ചിന്‍സ് പോസ്റ്റിനെ വിറ്റു; അദ്ദേഹത്തിനു വേറെ ചില കാര്യങ്ങള്‍ ചെയ്യാനുണ്ടായിരുന്നു.പത്രപ്രവര്‍ത്തനത്തില്‍ മുന്‍ പരിചയമുണ്ടായിരുന്ന ഫ്രാങ്ക് ഹട്ടനും അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ അംഗമായിരുന്ന ബെറിയാ വില്‍കിന്‍സും ചേര്‍ന്ന് 1889-ല്‍ 210,000 ഡോളറിനാണ് പോസ്റ്റ് വാങ്ങിയത്. ഹട്ടനായിരുന്നു എഡിറ്റോറിയലിന്റെ ചുമതല. ഇക്കാലത്താണ് പോസ്റ്റിന്റെ പ്രശസ്തമായ കമ്പനിഗാനം ‘ദ് വാഷിംഗ്ടണ്‍ പോസ്റ്റ് മാര്‍ച്ച്’ രൂപപ്പെടുത്തുന്നത്. പത്രത്തിന്റെ ഒരു പരിപാടിയില്‍ അവതരിപ്പിക്കാന്‍ പ്രമുഖ ബാന്‍ഡ് ലീഡര്‍ ആയ ജോണ്‍ ഫിലിപ് ആയിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്.ഇവര്‍ ഏറ്റെടുത്ത് മൂന്നുവര്‍ഷം കൊണ്ട് കമ്പനി വളര്‍ന്നു. 1892 ആയപ്പോഴേക്കും ലാഭം ഒരു വര്‍ഷം ഒരു ലക്ഷം ഡോളര്‍ കവിഞ്ഞു. ഞായറാഴ്ച 20,000 കോപ്പിയും മറ്റു ദിവസങ്ങളില്‍ 16,000 കോപ്പിയുമായി പ്രചാരം.പക്ഷേ, കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കമായപ്പോഴേക്കും പോസ്റ്റിനു തുടരെ ചില തിരിച്ചടികള്‍ നേരിടേണ്ടിവന്നു. 1903-ല്‍ ഹട്ടന്‍ അപ്രതീക്ഷിതമായി മരിച്ചു, കൂട്ടാളി പോയതോടെ വില്‍കിന്‍സും രോഗബാധിതനായി വീഴാന്‍ അധികം വൈകിയില്ല. വില്‍കിന്‍സിന്റെ മകന്‍ പത്രം വിറ്റു കൈയൊഴിയാനായിരുന്നു തീരുമാനിച്ചത്.

സിന്‍സിനാറ്റി എന്‍ക്വയറര്‍ എന്ന പത്രത്തിന്റെ ഉടമയായിരുന്ന ജോണ്‍ ആര്‍. മക്‌ലീന്‍ ആയിരുന്നു പിന്നീട് അതിന്റെ ഉടമ. വില്യം റാന്‍ഡോള്‍ഫ് ഹെഴ്‌സ്റ്റില്‍ മികച്ചൊരു എഡിറ്ററെ കണ്ടെത്തിയ മക്‌ലീന്‍ പത്രത്തിന്റെ അലകും പിടിയും മാറ്റി. അത്രകാലം ദേശീയ രാഷ്ട്രീയത്തിനു പ്രാധാന്യം നല്‍കിയിരുന്ന പോസ്റ്റ് വളരെ പെട്ടെന്ന് ഫീച്ചറുകളും കോമിക് സ്ട്രിപ്പുകളും സ്‌പോര്‍ട്‌സുമൊക്കെ ശ്രദ്ധിക്കാന്‍ തുടങ്ങി. 1916-ല്‍ മക്‌ലീന്‍ മരണമടയുകയും അദ്ദേഹത്തിന്റെ മകന്‍ എഡ്വാര്‍ഡ് പത്രം ഏറ്റെടുക്കുകയും ചെയ്തത് പോസ്റ്റിനെ കൊണ്ടെത്തിച്ചത് അതിന്റെ ചരിത്രത്തിലെ ആദ്യ വിവാദത്തിലേക്കായിരുന്നു. എഡ്വാര്‍ഡിന്റെ തുടക്കം പ്രതീക്ഷ നല്‍കുന്നതായിരുന്നു. പത്രം പെട്ടെന്നു വളര്‍ന്നു. ഞായറാഴ്ചത്തെ പ്രചാരം 75,000 കോപ്പി കടന്നു. 1923-ലെത്തിയപ്പോഴേക്കും ലാഭം 376,612 ഡോളറായി വര്‍ധിച്ചു. ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള പത്രം കൈയിലുള്ളപ്പോള്‍ അധികാര കേന്ദ്രങ്ങളില്‍ പിടിമുറുക്കാന്‍ തോന്നുക സ്വാഭാവികമായിരുന്നു, അക്കാലത്തും.
അമേരിക്കയിലെ ഇന്റീരിയര്‍ സെക്രട്ടറിയായിരുന്ന ആല്‍ബര്‍ട്ട് ബി. ഫാള്‍ എഡ്വേര്‍ഡിന്റെ ഉറ്റചങ്ങാതിയായിരുന്നു. ആല്‍ബര്‍ട്ട് ആകട്ടെ തന്റെ അധികാരം വേറെ ചില വഴിക്ക് തിരിച്ചു വിടുന്നതില്‍ നിപുണനും. എണ്ണ ഖനനത്തിന് ലേലം നടത്താതെ കൈക്കൂലി വാങ്ങി സ്ഥലം വിറ്റ് ആല്‍ബര്‍ട്ട് കുടുങ്ങിയപ്പോള്‍ എഡ്വാര്‍ഡിന്റെ ദേഹത്തും ചെളിപുരണ്ടു. തുടര്‍ന്നുള്ള കോളിളക്കത്തില്‍ തന്റെ സാമ്രാജ്യം ആടി ഉലയുന്നതു തടയാന്‍ എഡ്വാര്‍ഡിനു കഴിഞ്ഞതേയില്ല. പോസ്റ്റിന്റെ സ്ഥിതി കൂപ്പുകുത്തി. പ്രചാരം അരലക്ഷത്തിനു താഴെയെത്തി. ഏതാനും വര്‍ഷം മുന്‍പുവരെ അമേരിക്കന്‍ തലസ്ഥാനത്ത് നിര്‍ണ്ണായക ശക്തിയായിരുന്ന വാഷിംഗ്ടണ്‍ പോസ്റ്റ് പാപ്പര്‍ ഹര്‍ജി നല്‍കി ഏതെങ്കിലും മുതലാളി എറ്റെടുക്കുന്നതു കാത്തിരുന്നു. ആ മുതലാളിയായിരുന്നു യൂജിന്‍ മെയര്‍. 1933 ജൂണ്‍ ഒന്നിനു നടന്ന വാശിയേറിയ ലേലത്തില്‍ മെയര്‍ പോസ്റ്റിനെ സ്വന്തമാക്കിയത് 825,000 ഡോളറിനായിരുന്നു. വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ഗ്രഹാം കുടുംബവാഴ്ചയ്ക്ക് അവിടെ തുടക്കമായി. വിജയം വരിച്ച ബാങ്കറായിരുന്ന യൂജിന്‍ മെയര്‍ക്ക് നല്ല കനമുള്ള കീശയുണ്ടായിരുന്നു.എഡിറ്റോറിയല്‍ വിഭാഗം മികവുറ്റതാക്കുക, തന്റെ ഇടപെടല്‍ ഉണ്ടാവില്ല എന്നതായിരുന്നു മെയര്‍ ആദ്യം തന്നെ തന്റെ പത്രാധിപന്മാരോടു പറഞ്ഞത്. പ്രശസ്തരായ പല പത്രപ്രവര്‍ത്തകരെയും മെയര്‍ ഇതിനകം പത്രത്തിലെത്തിച്ചിരുന്നു. അമേരിക്കയെ സംബന്ധിച്ചിടത്തോളം കടുത്ത നാളുകളായിരുന്നു അവ. സാമ്പത്തിക മാന്ദ്യത്തില്‍ നിന്നു കരകയറാന്‍ പ്രസിഡന്റ് ഫ്രാങ്ക്‌ളിന്‍ റൂസ്‌വെല്‍റ്റിന്റെ നേതൃത്വത്തില്‍ കഠിന പരിശ്രമം നടക്കുന്ന സമയം. ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരനായ പ്രസിഡന്റിന്റെ ശ്രമങ്ങള്‍ക്ക് ഉറച്ച റിപ്പബ്ലിക്കനായ മെയര്‍ ശക്തമായ പിന്തുണ നല്‍കി. വ്യാവസായിക വളര്‍ച്ചയും തൊഴിലവസര വര്‍ധനയും ലക്ഷ്യമിട്ട് റൂസ്‌വെല്‍റ്റ് വിഭാവനം ചെയ്ത നാഷണല്‍ റിക്കവറി അഡ്മിനിസ്‌ട്രേഷന് മെയറിന്റെ അതിശക്തമായ പിന്തുണയുണ്ടായിരുന്നു. അഡ്മിനിസ്‌ട്രേഷന്റെ ചിഹ്നമായ നീല കഴുകന്റെ ചിത്രം പത്രത്തിന്റെ മാസ്റ്റ്‌ഹെഡില്‍ ഉള്‍പെടുത്താന്‍ മെയര്‍ക്ക് ഒട്ടും മടി തോന്നിയില്ല. മെയര്‍ ഏറ്റെടുത്ത് ആദ്യ അഞ്ചുവര്‍ഷം നഷ്ടത്തിന്റെ നാളുകളായിരുന്നു. പ്രതിവര്‍ഷം പത്തു ലക്ഷം ഡോളറായിരുന്നു നഷ്ടം. മറ്റാരാണെങ്കിലും ഇട്ടിട്ടു പോകും. പക്ഷേ, മെയര്‍ക്ക് കൈയില്‍ പണമുണ്ടായിരുന്നു. അദ്ദേഹം പിടിച്ചു നിന്നു. 1938-ല്‍ പത്രത്തിന്റെ പ്രചാരം ഒരു ലക്ഷം കവിഞ്ഞു. പണപ്പെട്ടി നിറഞ്ഞു തുടങ്ങി. രണ്ടാം ലോക യുദ്ധം വന്നപ്പോള്‍ പോസ്റ്റിനു വായനക്കാരുടെ എണ്ണം കൂടി.

അമേരിക്കന്‍ താത്പര്യത്തിന് ഒത്തു നില്‍കുക എന്ന നിലപാടില്‍ നിന്ന് പോസ്റ്റ് ഒരിഞ്ചു പിന്നോട്ടു പോയില്ല. യുദ്ധം കഴിഞ്ഞ് തൊട്ടടുത്ത വര്‍ഷമാണ്, 1946-ല്‍, മെയര്‍ ലോക ബാങ്കിന്റെ ആദ്യ പ്രസിഡന്റായി നിയമിതനാകുന്നത്. പ്രസിഡന്റ് ഹാരി എസ്. ട്രൂമാന്‍ മെയറെ ആ കസേരയില്‍ ക്ഷണിച്ചിരുത്തുകയായിരുന്നു. മകള്‍ കാതറിനെയും മരുമകന്‍ ഫിലിപ് ഗ്രഹാമിനെയും പത്രം ഏല്‍പിച്ചിട്ടായിരുന്നു മെയര്‍ പുതിയ ദൗത്യമേറ്റെടുത്തത്.
പതിയെ പത്രത്തിന്റെ നിയന്ത്രണം ഫിലിപ്പ് ഗ്രഹാമിന്റെ കൈയിലേക്ക് എത്തിയെങ്കിലും പ്രധാന തീരുമാനങ്ങള്‍ എടുക്കാന്‍ അധികാരപ്പെടുത്തിയ അഞ്ചംഗ സമിതി എപ്പോഴും ജാഗ്രതയോടെ പത്രത്തിന്റെ പോക്ക് നിരീക്ഷിച്ചു കൊണ്ടിരുന്നു. ഏറ്റവും മുന്തിയ എഡിറ്റോറിയല്‍ നിലവാരം പുലര്‍ത്തുക എന്നതായിരുന്നു അവരുടെ ദൗത്യം. പത്രത്തിന്റെ വളര്‍ച്ചയുടെ നാളുകളായിരുന്നു പിന്നീട്. ചില റേഡിയോ സ്‌റ്റേഷനുകളും ടെലിവിഷന്‍ സ്‌റ്റേഷനുകളും ഫിലിപ്പ് പോസ്റ്റിന്റെ കീഴിലാക്കി. വാഷിംഗ്ടണില്‍ ഏറ്റവും മല്‍സരം നടത്തിയിരുന്ന വാഷിംഗ്ടണ്‍ ടൈംസ് -ഹെറാള്‍ഡ് പത്രത്തെ സ്വന്തമാക്കിയതായിരുന്നു ഏറ്റവും പ്രധാനം. അതോടെ രാജ്യ തലസ്ഥാനത്ത് അവര്‍ക്ക് വലിയ എതിരാളികളില്ലാതായി. ശ്രദ്ധേയമായിരുന്ന ന്യൂസ് മാഗസിന്‍ ന്യൂസ് വീക്കിനെ സ്വന്തമാക്കിയതായിരുന്നു ഫിലിപ്പിന്റെ വലിയ നേട്ടങ്ങളിലൊന്ന്. 1961-ലായിരുന്നു അത്. അടുത്ത വര്‍ഷം തന്നെ ഒരു വാര്‍ത്താ ഏജന്‍സിക്കും ഫിലിപ്പ് തുടക്കമിട്ടു. പക്ഷേ, കാലം പോകുന്നതിനിടെ ഫിലിപ്പിന്റെ മനോനില ആകെ താറുമാറാകുകയായിരുന്നു. കടുത്ത മാനസിക സംഘര്‍ഷത്തിന് അടിപ്പെട്ട ഫിലിപ്പ് 1963 ഓഗസ്റ്റില്‍ സ്വയം ജീവനൊടുക്കി. കാതറിന്‍ തൊട്ടടുത്ത മുറിയിലേക്കു പോയ സമയത്ത് ഫിലിപ്പ് തോക്കെടുത്ത് സ്വയം വെടിവയ്ക്കുകയായിരുന്നു.വാഷിംഗ്ടണ്‍ പോസ്റ്റിനെ പിന്നീട് ലോകത്തിന്റെ നെറുകയിലെത്തിച്ച മകന്‍ ഡൊണാള്‍ഡ് ഗ്രഹാമിന് അപ്പോള്‍ 18 വയസായിരുന്നു.ഭര്‍ത്താവ് നിറുത്തിയിടത്തു നിന്നു തുടങ്ങുക എന്നതു മാത്രമായിരുന്നു പിന്നീട് കാതറിനു ചെയ്യാനുണ്ടായിരുന്നത്. അവര്‍ കമ്പനിയുടെ പ്രസിഡന്റായി ചുമതലയേല്‍കുമ്പോള്‍ പുരുഷന്മാരുടെ ലോകത്ത് അവര്‍ക്ക് എന്തു ചെയ്യാന്‍ സാധിക്കും എന്നു കരുത്തിയവരായിരുന്നു ഏറെയും. എന്നാല്‍ പിതാവിന്റെയും ഭര്‍ത്താവിന്റെയും വഴിയില്‍ താന്‍ ഒട്ടും മോശക്കാരിയല്ലെന്ന് അവര്‍ തെളിയിച്ചു. വാഷിംഗ്ടണ്‍ പോസ്റ്റിന്റെ അഭൂതപൂര്‍വമായ വളര്‍ച്ചയായിരുന്നു പിന്നീട് കണ്ടത്. നേരാംവഴിയുള്ള പത്രപ്രവര്‍ത്തനം എന്നതു മാത്രം ലക്ഷ്യമിട്ട അവര്‍ തെളിച്ച വഴിയിലൂടെ പോസ്റ്റ് കുതിച്ചു മുന്നേറി. പാരീസില്‍ നിന്ന് ഇന്റര്‍നാഷണല്‍ ഹെറാള്‍ഡ് ട്രൈബ്യൂണിനു തുടക്കമിട്ടത് അവരായിരുന്നു. ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രൈബ്യൂണിന്റെ പാരീസ് എഡീഷന്‍ വാങ്ങുകയായിരുന്നു അവര്‍ ആദ്യം ചെയ്തത്.

പിന്നീട് ന്യൂയോര്‍ക്ക് ടൈംസുമായി ചേര്‍ന്ന് അതിനെ ഇന്റര്‍നാഷണല്‍ ഹെറാള്‍ഡ് ട്രൈബ്യൂണ്‍ എന്നാക്കി മാറ്റി.ബെഞ്ചമിന്‍ ബ്രാഡ്‌ലിയെ മാനേജിംഗ് എഡിറ്ററാക്കിയതായിരുന്നു കാതറിന്റെ മറ്റൊരു ശ്രദ്ധേയമായ നടപടി. പോസ്റ്റിന്റെ സ്വഭാവം മൊത്തത്തില്‍ മാറ്റിമറിച്ച ബെഞ്ചമിന്റെ കാലത്തായിരുന്നു പോസ്റ്റിനെ ലോകശ്രദ്ധയില്‍ എത്തിച്ച രണ്ടു പ്രധാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പെന്റഗണ്‍ പേപ്പേഴ്‌സിന്റെ പ്രസിദ്ധീകരണമായിരുന്നു ആദ്യത്തേത്. 1971 ജൂണ്‍ 13-ന് ന്യൂയോര്‍ക്ക് ടൈംസ് ആണ് ആദ്യം ഇതു പ്രസിദ്ധീകരിച്ചത്. വിയറ്റ്‌നാം യുദ്ധം സംബന്ധിച്ച് സര്‍ക്കാരിന്റെ രഹസ്യ രേഖകളായിരുന്നു അവ. എന്നാല്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണിന്റെ സര്‍ക്കാര്‍ അതു തടഞ്ഞു കൊണ്ട് കോടതി വിധി സമ്പാദിച്ചു. അധികം താമസിയാതെ തന്നെ പോസ്റ്റിനും ഇതിന്റെ രേഖകള്‍ കിട്ടി. ബെഞ്ചമിന്‍ ബ്രാഡ്‌ലിയുടെ വീട്ടില്‍ ചേര്‍ന്ന ഒരു യോഗത്തില്‍ പോസ്റ്റിന്റെ പല റിപ്പോര്‍ട്ടര്‍മാര്‍ ചേര്‍ന്ന് പെന്റഗണ്‍ പേപ്പറിന്റെ വാര്‍ത്തയുണ്ടാക്കി. ന്യൂയോര്‍ക്ക് ടൈംസിന്റെ അനുഭവം മുന്നിലുള്ളതിനാല്‍ ഇവ പ്രസിദ്ധീകരിക്കരുതെന്നായിരുന്നു കമ്പനിയുടെ അഭിഭാഷകരുടെ നിലപാട്. വാഷിംഗ്ടണ്‍ പോസ്റ്റ് ഓഹരി വില്‍പനയ്ക്ക് ഒരുങ്ങുന്ന സമയമായിരുന്നു അത്. എന്തെങ്കിലും തിരിച്ചടി ഉണ്ടായാല്‍ ഓഹരിവില്‍പനയെ ബാധിക്കുമെന്നതായിരുന്നു അവരുടെ ഭീതി. എന്നാല്‍, എന്തും വരട്ടെ വാര്‍ത്ത പ്രസിദ്ധീകരിക്കാം എന്നായിരുന്നു കാതറിന്റെ തീരുമാനം. റിപ്പോര്‍ട്ടിനെതിരേ സര്‍ക്കാര്‍ കോടതിയില്‍ പോയപ്പോള്‍ പോസ്റ്റും ന്യൂയോര്‍ക്ക് ടൈംസും കൂടി ഒരുമിച്ചാണ് അതിനെ നേരിട്ടത്. സുപ്രിം കോടതി വിധി പത്രങ്ങള്‍ക്ക് അനുകൂലമായായിരുന്നു.മാധ്യമ ലോകത്ത് പെന്റഗണ്‍ പേപ്പേഴ്‌സിന്റെ വിജയം തിളങ്ങി നില്‍കുന്നതിനിടയിലായിരുന്നു വാട്ടര്‍ഗേറ്റ് അപവാദം പുറത്തുകൊണ്ടുവന്ന് ബോബ് വുഡ്‌വാര്‍ഡും കാള്‍ ബേണ്‍സ്റ്റീനും അമേരിക്കയെ ഞെട്ടിച്ചത്. 1972-ലായിരുന്നു ഇത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഓഫീസില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ നിക്‌സണ്‍ ഭരണകൂടം നടത്തിയ ശ്രമങ്ങള്‍ ഇരുവരും ചേര്‍ന്ന് പുറത്തു കൊണ്ടുവന്നപ്പോള്‍ നിക്‌സണു രാജിവച്ച് ഒഴിയേണ്ടിവന്നു. പോസ്റ്റ് നേടിയ 64 പുലിറ്റ്‌സര്‍ സമ്മാനങ്ങളില്‍ ഏറ്റവും മികച്ചത് ഈ റിപ്പോര്‍ട്ടിംഗിനു നേടിയതായിരുന്നു. എഴുപതുകളുടെ തുടക്കത്തില്‍ തന്നെ കാതറിന്റെയും ഫിലിപ്പിന്റെയും മകന്‍ ഡൊണാള്‍ഡ് പത്രത്തില്‍ ചുമതലയേറ്റിരുന്നു. പത്രക്കുടുംബത്തിലേക്കാണ് പിറന്നു വീണതെങ്കിലും നേരേ കമ്പനിയുടെ തലപ്പത്തേക്ക് വരികയായിരുന്നില്ല ഡൊണാള്‍ഡ് ചെയ്തത്. കുറേക്കാലം വാഷിംഗ്ടണ്‍ ഡി.സി പോലീസില്‍ ജോലി ചെയ്തു. പിന്നീട് പട്ടാളസേവനത്തിനു വിയറ്റ്‌നാമില്‍ പോയി. ലോകത്തെ പഠിച്ചശേഷമായിരുന്നു അദ്ദേഹം പോസ്റ്റില്‍ എത്തിയത്. അവിടെയാകട്ടെ അപ്പോള്‍ സ്ഥിതി മോശമായി വരികയായിരുന്നു. പ്രസ് ജീവനക്കാരുടെ യൂണിയന്‍ മാനേജ്മന്റുമായി യുദ്ധം പ്രഖ്യാപിച്ച സമയം. അവര്‍ ഇടയ്ക്കിടെ സമരം നടത്തും.1973-ല്‍ വാട്ടര്‍ഗേറ്റ് പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍കെ ജീവനക്കാരുടെ സമരം പത്രത്തെ അടിമുടി ഉലച്ചു. പ്രസ് ജീവനക്കാരും റിപ്പോര്‍ട്ടര്‍മാരും മാറിമാറി സമരം ചെയ്തപ്പോള്‍ ഡോണാള്‍ഡിന്റെ ഉരുക്കു മുഷ്ടികള്‍ അതിനെ അടിച്ചമര്‍ത്തി. യൂണിയനില്‍ പെടാത്ത ജീവനക്കാരെ ഉപയോഗിച്ച് സമരം പൊളിക്കുകയായിരുന്നു ഡൊണാള്‍ഡ് ചെയ്തത്. പത്രം വീണ്ടും ട്രാക്കില്‍ കയറിയതോടെ ഒപ്പം നിന്നവരെ കൂട്ടിയിണക്കി ഡൊണാള്‍ഡ് തന്റേതായ ഒരു സംഘത്തെ വളര്‍ത്തിയെടുത്തു. പതിയെ ഉയര്‍ന്ന് ഡൊണാള്‍ഡ് ജനറല്‍ മാനേജരും പബ്ലിഷറും ആയപ്പോള്‍ അതിനൊപ്പം പത്രത്തിന്റെ പ്രചാരവും ഉയരുകയായിരുന്നു. എണ്‍പതുകളുടെ തുടക്കമായപ്പോഴേക്കും ഞായറാഴ്ചകളില്‍ ഒന്‍പതു ലക്ഷവും മറ്റു ദിവസങ്ങളില്‍ എട്ടു ലക്ഷവുമായി പ്രചാരം.
1982-ല്‍ വാഷിംഗ്ടണ്‍ ടൈംസിന്റെ തുടക്കത്തോടെയാണ് പോസ്റ്റിന്റെ ആധിപത്യത്തിനു ഭീഷണി നേരിട്ടത്. പിന്നീട് കേബിള്‍ ടെലിവിഷന്റെ പ്രചാരം വര്‍ധിച്ചപ്പോള്‍ വാര്‍ത്തകള്‍ സൗജന്യമായി ടെലിവിഷനില്‍ കാണാമെന്ന സ്ഥിതി മറ്റുപത്രങ്ങളെപ്പോലെ വാഷിംഗ്ടണ്‍ പോസ്റ്റിനും ഭീഷണിയായി തുടങ്ങിയിരുന്നു. ബെന്‍ ബ്രാഡ്ഒലി റിട്ടയര്‍ ചെയ്ത് പകരം ലിയനാര്‍ഡ് ഡൗണി എഡിറ്ററായപ്പോള്‍ ചെറിയ മുരടിപ്പ് പത്രത്തിനുണ്ടായതാണ്. എന്നാല്‍, സാഹചര്യങ്ങള്‍ അത്ര അനുകൂലമാകാതിരുന്നിട്ടും അതിനെയൊക്കെ മറികടക്കാന്‍ അന്നു പോസ്റ്റിനു കഴിഞ്ഞു.

പുതിയ പ്രസുകളും പുതിയ ഓഫീസും ഒക്കെ അവര്‍ കൂട്ടിച്ചേര്‍ത്തു. അതിനിടെ ടെലിവിഷന്‍ കേന്ദ്രങ്ങളും റേഡിയോ നിലയങ്ങളും സിന്‍ഡിക്കേറ്റ് ലേഖനങ്ങളുടെ കമ്പനിയുമൊക്കെ വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ആസ്തി വര്‍ധിപ്പിച്ചു. ഡൊണാള്‍ഡ് നേതൃത്വം നല്‍കാന്‍ തുടങ്ങിയ ശേഷമാണ് പത്രം ഇന്നത്തെ നിലയിലേക്ക് വളര്‍ന്നത്. വാഷിംഗ്ടണില്‍ രാഷ്ട്രീയം റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരു പത്രം എന്നു മാത്രമായിരുന്നു സ്ഥാപകന്‍ സ്റ്റില്‍സണ്‍ ഹച്ചിന്‍സ് കരുതിയിരുന്നതെങ്കില്‍ ഡൊണാള്‍ഡ് അതിനെ ഹച്ചിന്‍സിന്റെ ലക്ഷ്യത്തേക്കാള്‍ പതിന്മടങ്ങ് വളര്‍ത്തി. വാഷിംഗ്ടണില്‍ മാത്രം 11 ന്യൂസ് ബൂറോകളും അമേരിക്കയുടെ മറ്റു പ്രധാന നഗരങ്ങളില്‍ നാഷണല്‍ ബ്യൂറോകളും ലോകത്തെ 20 തലസ്ഥാന നഗരങ്ങളില്‍ ഇന്റര്‍നാഷണല്‍ ബ്യൂറോകളുമായി അതങ്ങനെ പടര്‍ന്നു പന്തലിച്ചു.ഒരുകാലത്ത് ഡെമോക്രാറ്റ് പാര്‍ട്ടിയെ അളവില്ലാതെ പിന്തുണച്ച വാഷിംഗ്ടണ്‍ പോസ്റ്റ് പിന്നീട് അമേരിക്കന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക നയങ്ങളെ പിന്തുണയ്ക്കുന്നതാണു കണ്ടത്. ഭരിക്കുന്നവരാരായാലും അമേരിക്കന്‍ താല്‍പര്യം സംരക്ഷിക്കുക എന്നതായി വാഷിംഗ്ടണ്‍ പോസ്റ്റിന്റെ നയം. ഇതോടൊപ്പം അമേരിക്കയില്‍ നിര്‍ണായക സ്വാധീനമുള്ള പത്രമായും അതു വളര്‍ന്നു. പോസ്റ്റ് എന്തു പറയുന്നു എന്നത് കാപിറ്റോള്‍ ഹില്ലിലും വൈറ്റ് ഹൗസിലും സാകൂതം ശ്രദ്ധിച്ചു. സര്‍ക്കാരിനു പലകാര്യങ്ങളിലും ദിശാബോധം നല്‍കുന്ന ദൗത്യം കൂടി ഏറ്റെടുത്തതോടെ സോവ്യറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ പ്രാവ്ദയുടെ പേര് പോസ്റ്റിന്റെ വിളിപ്പേരായി മാറി-പോട്ടോമാക്കിലെ പ്രാവ്ദ!ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വരവോടെയാണ് പാസ്റ്റിനു വഴിമുട്ടി തുടങ്ങിയത്. ഇന്റര്‍നെറ്റില്‍ സൗജന്യമായി വാര്‍ത്ത വായിക്കാന്‍ സാധിക്കുന്നത് പോസ്റ്റ് പോലുള്ള വന്‍ മാധ്യമങ്ങള്‍ക്ക് തിരിച്ചടിയല്ലേ എന്ന് അക്കാലത്തു തന്നെ ചോദ്യം ഉയര്‍ന്നിരുന്നു. എന്നാല്‍, ഡൊണാള്‍ഡ് ഗ്രഹാം ഇക്കാര്യത്തില്‍ ആവേശത്തിലായിരുന്നു. പോസ്റ്റിന്റെ പരിധി ലോകം മുഴുവന്‍ വ്യാപിക്കുമെന്നതായിരുന്നു ഇന്റര്‍നെറ്റ് എഡീഷന്റെ സാധ്യതയായി അദ്ദേഹം കണ്ടത്. 1996-ല്‍ പോസ്റ്റിന്റെ ഓണ്‍ലൈന്‍ എഡീഷനും തുടങ്ങി. ഓണ്‍ലൈന്‍ എഡീഷന്‍ വന്‍ ഹിറ്റായപ്പോള്‍ പ്രിന്റ് എഡീഷന്‍ താഴേക്കു പോകാന്‍ തുടങ്ങുകയായിരുന്നു.താമസിയാതെ ഞായറാഴ്ചകളില്‍ എട്ടു ലക്ഷം കോപ്പിക്കു തൊട്ടു മുകളിലും മറ്റു ദിവസങ്ങളില്‍ അഞ്ചു ലക്ഷത്തിനു താഴെയുമായി പ്രചാരം കുറഞ്ഞു. ഇന്റര്‍നെറ്റ് എഡീഷന്റെ ഉപയോഗത്തിനു പണം ഈടാക്കാനായി പോസ്റ്റിന്റെ അടുത്ത ശ്രമം. എന്നാല്‍ അത് അവര്‍ ഉദ്ദേശിച്ചയത്ര വിജയിച്ചില്ല. പിന്നാലെ പരസ്യ വരുമാനം കൂടി ഇടിയാന്‍ തുടങ്ങിയതോടെയാണ് പത്രത്തെ രക്ഷിക്കാന്‍ കനത്ത പോക്കറ്റുള്ള ആര്‍ക്കെങ്കിലുമേ സാധിക്കൂ എന്നു ഡൊണാള്‍ഡിനു മനസിലായത്. അതിനു വേണ്ടിയുള്ള അന്വേഷണം ജെഫ് ബെസോസില്‍ ചെന്നെത്തുകയായിരുന്നു. ഡൊണാള്‍ഡിന് അപരിചിതനല്ല നാല്പത്തൊന്‍പതുകാരനായ ബെസോസ്. പത്തു വര്‍ഷമായി ഇരുവരും അടുത്ത പരിചയക്കാരാണ്. 1994-ല്‍ ബെസോസ് ആമസോണ്‍ ഡോട് കോം ആരംഭിക്കുമ്പോള്‍ ഡൊണാള്‍ഡ് ഗ്രഹാം വമ്പനായിരുന്നു. എന്നാല്‍ രണ്ടു ദശകം കഴിയും മുന്‍പ് ഗ്രഹാമിന്റെ സ്വപ്ന സാമ്രാജ്യത്തെ തകര്‍ച്ചയില്‍ നിന്നു രക്ഷിക്കാന്‍ കോടിക്കണക്കിനു ഡോളര്‍ ഒറ്റയടിക്ക് നല്‍കാന്‍ സാധിക്കുന്ന രീതിയിലേക്ക് ബെസോസ് വളര്‍ന്നു. പോസ്റ്റിനെ തളര്‍ത്തിയ ഇന്റര്‍നെറ്റില്‍ നിന്ന് ശതകോടീശ്വരനായ ആളാണ് ബെസോസ് എന്നതായിരുന്നു ഈ കൈമാറലിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം.പത്രം ഏറ്റെടുത്ത ശേഷം ബെസോസ് ആദ്യം ചെയ്ത കാര്യങ്ങളിലൊന്ന് ഇന്റര്‍നെറ്റ് പേവാള്‍ എടുത്തു കളയുകയായിരുന്നു. ഒരു മാസം പത്ത് വാര്‍ത്തയോ ലേഖനമോ മാത്രം സൗജന്യമായി വായിക്കാം, കൂടുതല്‍ വായിക്കാന്‍ പണം നല്‍കണം എന്ന നിബന്ധന ബെസോസ് നീക്കി.ഗ്രഹാം കുടുംബത്തില്‍ നിന്ന് അവസാന കണ്ണിയായ കാതറിന്‍ വെയ്മൗത്ത് ഒരു വര്‍ഷത്തേക്ക് പബ്ലിഷറായി പത്രത്തില്‍ തുടരും എന്നായിരുന്നു ബെസോസുമായി ഉണ്ടാക്കിയ കരാറിലെ ധാരണ. കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയായ ഇക്കഴിഞ്ഞ ഒക്‌ടോബര്‍ ഒന്നിന് പൊളിറ്റിക്കോ ഓണ്‍ലൈന്‍ പത്രത്തിന്റെ സി.ഇ.ഒ ഫ്രെഡ് റയാന്‍ പോസ്റ്റിന്റെ പബ്ലിഷറായി.

കാതറിന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ആളു തന്നെയാണ് റയാന്‍. കാതറിന്റെ എസ്‌റ്റേറ്റില്‍ നടത്താനിരിക്കുന്ന വിരുന്നു സല്‍ക്കാരങ്ങളില്‍ പങ്കെടുക്കാന്‍ ബിസിനസ് എക്‌സിക്യൂട്ടീവുമാരില്‍ നിന്നും ലോബിയിസ്റ്റുകളില്‍ നിന്നും 250,000 ഡോളര്‍ വീതം വാങ്ങുന്നുവെന്ന് 2009-ല്‍ പൊളിറ്റിക്കോ വെളിപ്പെടുത്തിയത് വന്‍ വിവാദമായിരുന്നു. കാതറിനെ കൂടാതെ പോസ്റ്റിന്റെ പ്രധാന എഡിറ്റര്‍മാരും റിപ്പോര്‍ട്ടര്‍മാരും അതില്‍ പങ്കെടുക്കാനായിരുന്നു പരിപാടി. ബിസിനസുകാര്‍ക്ക് പത്രലേഖകരുമായി അടുത്ത ബന്ധം ഉണ്ടാക്കാന്‍ അവസരം നല്‍കുന്നതാണ് വിരുന്നുകളെന്നും അതിനു പിന്നില്‍ ദുരുദ്ദേശ്യമുണ്ടെന്നുമായിരുന്നു പൊളിറ്റിക്കോയുടെ റിപ്പോര്‍ട്ട്. വിവാദത്തെ തുടര്‍ന്ന് കാതറിന് വിരുന്ന് ഉപേക്ഷിക്കേണ്ടി വന്നു. ഇത്തരം വിരുന്നുകളെ സലോണ്‍ എന്നു വിളിക്കുന്നതിനാല്‍ സലോണ്‍ഗേറ്റ് എന്നായിരുന്നു വിവാദം അറിയപ്പെട്ടിരുന്നത്. സലോണ്‍ഗേറ്റ് കാതറിന്റെയും വാഷിംഗ്ടണ്‍ പോസ്റ്റിന്റെയും സല്‍പേരിനുണ്ടാക്കിയ കളങ്കം ചില്ലറയല്ല.നഷ്ടം പെരുകി വരുന്നതിനാല്‍ വന്‍ തോതില്‍ ജീവനക്കാരെ കുറച്ചു വരികയായിരുന്ന വാഷിംഗ്ടണ്‍ പോസ്റ്റ് അതു നിറുത്തിയെന്നു മാത്രമല്ല, ഈ വര്‍ഷം ധാരാളം പേരെ പുതുതായി നിയമിക്കുകയും ചെയ്തു. സര്‍വസമ്മതനായിരുന്നു ഡൊണാള്‍ഡ് ഗ്രഹാം. ഡൊണാള്‍ഡിനേക്കാള്‍ ഏറെ ചെറുപ്പമായ, ഏകദേശം കാതറിന്റെ പ്രായം വരുന്ന ജെഫ് ബെസോസ് പണമെറിയുന്നത് പണം വാരാന്‍ തന്നെയാണെന്ന് അറിയാമെങ്കിലും ജീവനക്കാര്‍ ആശ്വസിക്കുന്നത് ഈ നിയമന മേള കൊണ്ടു കൂടിയാണ്.ബെസോസിന് പോസ്റ്റ് കൈമാറുന്നത് ഉറപ്പിച്ചപ്പോള്‍ കാതറിന്‍ ജീവനക്കാര്‍ക്ക് എഴുതി: ”ഇനി പുതിയ നേതൃത്വത്തിന്റെ സമയമാണ്. ജെഫ് ബെസോസ് നമ്മുടെ ഉടമയായതോടെ ആശയങ്ങളും ഊര്‍ജവും പ്രദാനം ചെയ്യുന്നത് നിങ്ങള്‍ കണ്ടുതുടങ്ങി. ഇത് പോസ്റ്റിനെ സംബന്ധിച്ചിടത്തോളം ഗംഭീരനായ ഒരു അധ്യായത്തിന്റെ തുടക്കമാണ്. പണം മുടക്കാനും പരീക്ഷിക്കാനും ക്ഷമയുള്ള ഒരു ഉടമസ്ഥനുള്ളപ്പോള്‍ കഴിവേറിയ അനേകം പേരുള്ള ഈ സ്ഥാപനത്തോളം അസൂയാവഹമായ സ്ഥാനം കൈവരിച്ചിരിക്കുന്ന മറ്റൊരു മാധ്യമസ്ഥാപനമില്ല. പോസ്റ്റ് എന്നും എന്റെ ഭാഗമായിരിക്കും. എന്നും ഞാനതു വായിക്കും. വിജയാഘോഷങ്ങളുടെ ഓരത്തു നിന്ന് പ്രോല്‍സാഹിപ്പിക്കാന്‍ ഞാനെന്നുമുണ്ടായിരിക്കും.”

Author:

ഇ.പി.ഷാജുദീന്‍ 
Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ