ക്ണാപ്പൻ !!

Share the Knowledge

ക്ണാപ്പും ,ക്ണാപ്പനും….

     "നീയൊരു ക്ണാപ്പനായിപ്പോയല്ലോടാ .... അവനൊരു ക്ണാപ്പനാ, അവനെ അക്കാര്യം ഏൽപ്പിക്കാതിരിക്കുന്നതാകും ഭേദം ". ജീവിതത്തിൽ ഒരിക്കലെങ്കിലും നിങ്ങളോടോ ,മറ്റാരൊടെങ്കിലുമോ ഇങ്ങനെ പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടാകും .( സ്ത്രീകൾ സദയം ക്ഷമിക്കുക ,"ക്ണാപ്പീ " എന്നൊരു പദ പ്രയോഗം ഉള്ളതായി അറിവില്ല).
       കഴിവില്ലാത്തവൻ ,കാര്യക്ഷമതയോടെ ഒരു കാര്യം ചെയ്യാൻ പറ്റാത്തവൻ എന്നീ അർത്ഥങ്ങളിലാണ് ഈ നാടൻ പദപ്രയോഗം ഉപയോഗിച്ചു വരുന്നത്. എന്നാൽ ഇതിൻ്റെ ഉത്ഭവത്തിനു കാരണഭൂതനായ യഥാർത്ഥ ക്ണാപ്പ് (നാപ്പ്)ഒരു സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനായ ബ്രിട്ടീഷുകാരനായിരുന്നു.

Sir Arthur Rowland Knapp 1870 – 1954) 1891 ൽ സിവിൽ സർവീസിൽ മദ്രാസ് ജില്ലയുടെ അസിസ്റ്റൻറ് കളക്ടറായി പ്രവർത്തനമാരംഭിച്ച് പിന്നീട് മദ്രാസ് ഗവർണറിൻ്റെ എക്‌സിക്യുട്ടീവ് കൗൺസിലിലെ റവന്യൂ മെമ്പറായിരുന്ന വ്യക്തിയാണ്. ഇദ്ദേഹം നടപ്പിലാക്കുന്ന (തുഗ്ലക് പരിഷ്കാര)പദ്ധതികളൊന്നും വിജയത്തിൽ കലാശിച്ചിരുന്നില്ലാത്തതിനാൽ മദ്രാസ് പ്രവിശ്യയിലെ ജനങ്ങൾ ” ക്ണാപ്പൻ ” എന്ന ആക്ഷേപ പദപ്രയോഗം ഉപയോഗിച്ചു (“Doing things like Knapp Sayipp” )തുടങ്ങിയെന്നു വിശ്വസിക്കപ്പെടുന്നു. ജനങ്ങൾ ആക്ഷേപകരമായി തുടങ്ങിയ പദമായതിനാൽ ഇത് ഔദ്യോഗിക രേഖകളിൽ കാണപ്പെടാൻ ഉള്ള സാദ്ധ്യതയില്ലാത്തതിനാൽ ഇതിൻ്റെ ആധികാരികത സംശയാസ്പദമാണ്. [ സമീപ കാലം വരെ Knappൻ്റെ വീക്കിപീഡിയ പേജിൽ ഈ വിവരണമുണ്ടായിരുന്നെങ്കിലും ഇപ്പോൾ എഡിറ്റ് ചെയ്ത് നീക്കം ചെയ്തിരിക്കുകയാണ്].എമണ്ടൻ എന്ന പദപ്രയോഗം SMS Emden എന്ന ജർമ്മൻ പടക്കപ്പലിൽ നിന്ന് എന്നപ്പോലെ ഈ പദത്തിൻ്റെ ഉത്ഭവവും ഇങ്ങനെ തന്നെയായിരിക്കാം എന്നു വിശ്വസിക്കാനേ തരമുള്ളൂ.

വാൽക്കഷണം: സവാള ,അലമാര ,മേശ , ,കക്കൂസ് , മേസ്തിരി, ഇസ്തിരി ,തപാൽ ,ചാക്ക് തുടങ്ങിയ വാക്കുകളൊക്കെയും പോർച്ചുഗീസ് ,ഡച്ച് ഭാഷയിൽ നിന്നും മലയാള ഭാഷയിൽ എത്തിപ്പെട്ട loan words ആണ്.

Image

ഒരു അഭിപ്രായം പറയൂ