ബാൾക്കാനെസേഷൻ: വംശീയ വെറിയുടെ ഭീകരമുഖം

Share the Knowledge

പേരില്ലാത്തവൾ: യുദ്ധങ്ങളുടെ മറ്റൊരു ഭീകരമുഖം
ഏതൊരു യുദ്ധത്തിലും ഏറ്റവും കൂടുതൽ ക്രൂരതയും ,വേദനകളും ,വിവരാണാതീതമായ അപമാനങ്ങളും സഹിക്കേണ്ടി വരുന്നത് സ്ത്രീകൾക്കും ,കുട്ടികൾക്കുമാണെന്നത് നിസ്തർക്കമായ വസ്തുതയാണ്. വംശീയതയുടെ പേരിൽ ഒരു ജനത മുഴുവൻ തമ്മിലടിച്ച, നൂറ്റാണ്ടുകൾ നീണ്ട യുദ്ധപരമ്പരകൾ “ബാൾക്കെനെെസേഷൻ ” എന്ന ഓമനപ്പേരിട്ട് ചരിത്ര പുസ്തകത്തിൽ ആരുമറിയാത്ത കോണുകളിൽ നാം ഒതുക്കി വച്ചിരിക്കുന്നു .
ഇതിൻ്റെ ഭാഗമായി നടന്ന യുദ്ധപരമ്പരകളെപ്പറ്റി ലഘുവായി വിവരിക്കുക സാദ്ധ്യമല്ല. 1992 നും 1995 നും ഇടയിൽ നടന്ന ബോസ്നിയൻ യുദ്ധത്തിൽ സ്ത്രീകളനുഭവിച്ച വിവരാണാതീതമായ ക്രൂരതകൾ അനുഭവസ്ഥരായ സ്ത്രീകളുടെ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിൽ ക്രൊയേഷ്യൻ എഴുത്തുകാരിSlavenka Drakulic ഒരു നോവലായി പുറത്തിറക്കിയതാണ് “S – As if I am not there”.ഈ നോവൽ അടിസ്ഥാനമാക്കി 2011 ൽ പുറത്തിറങ്ങിയ ഐറിഷ് ചിത്രം As if I am not there മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കർ നോമിനേഷൻ നേടുകയുണ്ടായി .
ഫിക്ഷൻ നോവലായാണവതരിപ്പിച്ചിരിക്കുന്നതെങ്കിലും യുദ്ധത്തിൽ സ്ത്രീകൾ നേരിട്ട ഭീതിദമായ ക്രൂരതകളുടെ നേർസാക്ഷ്യമാണീ നോവൽ.ബോസ്നിയൻ യുദ്ധത്തിൽ മാത്രമല്ല ഏതൊരു യുദ്ധത്തിലും സ്ത്രീകൾ നേരിടേണ്ടി വരുന്ന ദുരിതങ്ങൾ സാമാന്യവൽക്കരിച്ചിരിക്കുന്ന ഈ നോവൽ കണ്ണീരോടെയാണ് പലരും വായിച്ചവസാനിപ്പിക്കുക.

ഇതിവൃത്തം:
യുദ്ധസമയത്ത് ഒരു സ്ക്കൂൾ അദ്ധ്യാപികയായി വിദൂര ഗ്രാമത്തിൽ എത്തിച്ചേരുന്ന ,ഇരുപതുകളിൽ വയസെത്തി നിൽക്കുന്ന സമീറ, താൻ വന്നതിനു ശേഷം 24 മണിക്കൂറുകൾക്കകം പട്ടാളക്കാരാൽ ചുറ്റപ്പെടുന്നു.(ഇവർ സെർബിയൻ പട്ടാളക്കാരാണെന്ന് പ്രത്യേക പരാമർശം നൽകാത്തത് യുദ്ധത്തിൻ്റെ സാമാന്യവൽക്കരണത്തിനും ,എതിരാളിയുടെ വംശീയതയോ ,ദേശീയതയോ ക്രൂരതകൾക്ക് വിലങ്ങുതടിയാകുന്നില്ല എന്നു സൂചിപ്പിക്കാനുമായിരിക്കണം ).
പുരുഷൻമാരെയെല്ലാം വെടിവച്ചു കൊലപ്പെടുത്തിയ ശേഷം പ്രായമായ സ്ത്രീകളെയും ,യുവതികളെയും പട്ടാളക്കാർ വേർതിരിക്കുന്നു. തങ്ങളുടെ ജീവിത കാല സമ്പാദ്യങ്ങളും ,വീടുമുപേക്ഷിച്ച്‌ പട്ടാള വണ്ടിയിൽ പുറപ്പെടാൻ നിർബന്ധിതരാകുന്ന ഇവർ ക്യാംപിലെത്തിയ ശേഷം ക്രൂരമായ മർദ്ദനങ്ങൾക്കും ,അപമാനങ്ങൾക്കും ശേഷം തുടരെ തുടരെ ബലാത്സംഗത്തിനു വിധേയമാകുന്നു.
അതിജീവനത്തിനായി എതിരാളികളുമായി ശാരീരികമായി സഹകരിക്കുന്നവർ ,ചെറുത്തു നിൽക്കുന്ന യുവതികളുടെ ശവശരീരങ്ങൾ കുമിഞ്ഞു കൂടുന്നത് നോക്കി നിൽക്കേണ്ടി വരുന്നു. വംശശുദ്ധീകരണവും, ,എതിരാളികളുടെ മനോധൈര്യം ചോർത്തുന്നതും(war rapes as a weapon to destroy enemy mentally) ലക്ഷ്യമാക്കി ചെയ്യുന്ന യുദ്ധകാലത്തെ ഇത്തരം ബലാത്സംഗങ്ങൾ സ്ത്രീകളിൽ വരുത്തി വയ്ക്കുന്ന മാനസിക സംഘർഷങ്ങളും, അപകർഷതാബോധവും, പട്ടാളക്കാരനാൽ ഗർഭിണിയാക്കപ്പെട്ട് പ്രസവിച്ച തൻ്റെ നവജാത ശിശുവിനെ കഴുത്തുഞെരിച്ചു കൊല്ലാൻ ശ്രമിക്കുന്ന യുവതിയിൽ നിന്നും നമുക്ക് നേരിട്ട് മനസ്സിലാക്കാനാവും. സ്വന്തം ഭാര്യയുടെയും ,കുടുംബത്തിൻ്റെ യും ഫോട്ടോ തൻ്റെ ഓഫീസ് ടേബിളിൽ കാത്തു സൂക്ഷിക്കുന്ന, ബലാത്സംഗത്തിന് നേതൃത്വം നൽകുന്ന പട്ടാള ഓഫീസർ മനുഷ്യെൻ്റ വികൃതമായ മനസ്സാക്ഷിയുടെ ആൾരൂപമായി നിലകൊള്ളുന്നു. യുദ്ധമുഖത്തിൽ പെട്ടു പോകുന്ന സ്ത്രീകൾക്ക് ,വ്യക്തമായ Identity പോലും നഷ്‌s മാകുന്നുവെന്ന യാഥാർത്ഥ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് പേരു പോലും നൽകാതെ S എന്ന സൂചനയിൽ സ്ത്രീകളെ ഈ നോവലിൽ പരാമർശിക്കുന്നത് .തങ്ങൾ മനുഷ്യരാണെന്ന പരിഗണനപോലും ഇവർക്ക് ലഭിക്കുന്നില്ല എന്നതിനാലാകാം നോവലിന് അർത്ഥഗർഭമായ പേര് – As if I am not there – നൽകിയത് .

സിനിമയായി പുറത്തിറങ്ങിയപ്പോൾ പല രംഗങ്ങളും ,മനുഷ്യന് കണ്ടിരിക്കാനാവാത്ത വിധം ക്രൂരമാണെന്ന് നിരൂപണം ചെയ്യപ്പെട്ട ഈ പ്രമേയം ഇത്തരം ക്രൂരതകൾ നേരിട്ടനുഭവിച്ച സ്ത്രീകളുടെ വേദനകളിൽ പങ്കുചേരുവാനും ,ഇത് പോലൊന്ന് ഇനി വരാതിരിക്കേണ്ടതിൻ്റെ ആവശ്യകതയും നമ്മെ ഓർമ്മിപ്പിക്കുന്നു .

ചിത്രം:( യൂഗോസ്ലാവിയയുടെ ശിഥിലീകരണം വ്യക്തമാക്കുന്ന ഭൂപടങ്ങൾ)

Image

ഒരു അഭിപ്രായം പറയൂ