ബുദ്ധമതം -ഒരു ആമുഖം

Share the Knowledge

ഇന്നത്തെ നേപ്പാളിൽ ശാക്യവംശത്തിലെ രാജാവായ ശുദ്ധോദനന്റെ മകനായാണ് പിന്നീട് ശ്രീ ബുദ്ധൻ എന്നറിയപ്പെട്ട സിദ്ധാർത്ഥൻ (BC 566-486 or 410?) ജനിച്ചത്. അദ്ദേഹത്തിൻറെ ജീവിതത്തെപ്പറ്റിയുള്ള വിവരങ്ങൾ പ്രധാനമായും നമുക്ക് ലഭിക്കുന്നത് ബുദ്ധന്റെ മരണത്തിനു അഞ്ഞൂറ് വർഷങ്ങൾക്കുശേഷം AD ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട അശ്വഘോഷന്റെ ‘ബുദ്ധചരിതം’ എന്ന പുസ്തകത്തിൽ നിന്നുമാണ്. ശുദ്ധോദനന്റെ ഭാര്യയായ മായ രാജ്ഞി ഒരു വെളുത്ത ആനക്കുട്ടി തന്റെ ഗർഭാശയത്തിൽ പ്രവേശിക്കുന്നതായി വിചിത്രമായ ഒരു സ്വപ്നം കണ്ടു. തുടർന്ന് അവർ ഗർഭിണിയായി. പ്രസവമടുക്കാറായപ്പോൾ അവർ തലസ്ഥാനമായ കപിലവസ്തുവിൽ നിന്നും സ്വന്തം കുടുംബത്തിലേക്ക് പോയി. വഴിക്ക് വെച്ച് ലുംപിനി എന്ന സ്ഥലത്തെ ഒരു പൂന്തോട്ടത്തിൽ വെച്ച് അവർ സിദ്ധാർഥനു ജന്മം നല്കി. ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ മായ രാജ്ഞി മരണമടഞ്ഞു. തുടർന്ന് സിദ്ധാർഥനെ വളർത്തിയത് മായ രാജ്ഞിയുടെ സഹോദരിയും പിന്നീട് ശുദ്ധോദനന്റെ ഭാര്യയാവുകയും ചെയ്ത പജാപതി ആണ്. ഒരിക്കൽ കൊട്ടാരത്തിൽ വന്ന ഒരു സന്യാസി സിദ്ധാർത്ഥനെ കണ്ടപ്പോൾ അവൻ ഒന്നുകിൽ ഒരു വലിയ ചക്രവർത്തിയാകും അല്ലെങ്കിൽ ഒരു മഹാനായ സന്യാസിവര്യൻ ആവും എന്ന് പ്രവചിച്ചു. മകൻ സന്യാസജീവിതത്തിലേക്ക് പോവാതിരിക്കാനായി ശുദ്ധോദനൻ സിദ്ധാർത്ഥനെ കൊട്ടാരത്തിന്റെ നാല് ചുവരുകൾക്കുള്ളിൽ പുറം ലോകത്തെ ദുഃഖം കാണാൻ അവസരം നൽകാതെ സുഖലോലുപതകൾ മാത്രം അനുഭവിക്കാൻ അവസരം നൽകി വളർത്തി. സിദ്ധാർഥൻ പുറത്തിറങ്ങുമ്പോൾ തെരുവിൽനിന്നും കഷ്ടതകൾ അനുഭവിക്കുന്നവരെ ഒക്കെ മാറ്റി പകരം അവിടെയെല്ലാം സന്തോഷത്തിന്റെ കാഴ്ചകൾ കൊണ്ട് നിറച്ച് ശുദ്ധോദന രാജാവ് നാടകം കളിച്ചു.

സിദ്ധാർത്ഥൻ തന്റെ പതിനാറാമത്തെ വയസ്സിൽ യശോധരയെ വിവാഹം ചെയ്തു. അതിൽ അവർക്ക് രാഹുലൻ എന്ന മകൻ പിറന്നു. അങ്ങനെ സന്തോഷജീവിതം നയിച്ച സിദ്ധാർഥൻ പക്ഷെ യാദൃശ്ചികം ആയി ജീവിതത്തിലെ ദുഖങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഒരിക്കൽ യാത്രയിൽ ഒരു വൃദ്ധനെയും ഒരു രോഗിയും ഒരു മൃതശരീരത്തെയും കണ്ട സിദ്ധാർത്ഥൻ താനും ഒരിക്കൽ രോഗിയും വൃദ്ധനുമാകും എന്നും മരണം സ്വീകരിക്കേണ്ടിവരും എന്നും തന്റെ മരണം തന്റെ വേണ്ടപ്പെട്ടവർക്ക് ദുഃഖം നല്കുമെന്നും മനസ്സിലാക്കി. ദുഖങ്ങൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്താനായി തന്റെ ഇരുപത്തിയൊൻപതാമത്തെ വയസ്സിൽ ഭാര്യയേയും മകനെയും ഉപേക്ഷിച്ചു അദ്ദേഹം കൊട്ടാരം വിട്ടിറങ്ങി. തുടർന്ന് സന്യാസജീവിതം നയിച്ച അദ്ദേഹം ഭക്ഷണം ഏകദേശം ഉപേക്ഷിച്ചു ശരീരത്തെ പീഡിപ്പിച്ചു തുടങ്ങി. പക്ഷെ ഇങ്ങനെ ഭക്ഷണം കഴിക്കാതെ സന്യസിച്ചാൽ താൻ മരിച്ചുപോവുമെന്നല്ലാതെ ദുഖങ്ങൾക്ക് പരിഹാരം ഉണ്ടാവില്ല എന്ന് മനസ്സിലായ അദ്ദേഹം വീണ്ടും ഭക്ഷണം കഴിച്ചു തുടങ്ങി. കൊട്ടാരത്തിലെ സുഖലോലുപതയ്ക്കും സന്യാസത്തിലെ ഭക്ഷണം ഏകദേശം ഉപേക്ഷിക്കുക എന്നതിനും ഇടയിൽ സുഖത്തിന്റെയും കഷ്ടതയുടെയും അങ്ങേയറ്റത്ത് പോവാതെ രണ്ടിനും ഇടയിലായുള്ള ഒരു പാതയാണ് അദ്ദേഹം സ്വീകരിച്ചത്. തന്റെ മുപ്പത്തിഅഞ്ചാമത്തെ വയസ്സിൽ ഗയയിലെ ബോധിവൃക്ഷത്തിന് ചുവട്ടിൽ ധ്യാനനിരതനായിരുന്ന സിദ്ധാർത്ഥനു ജ്ഞാനോദയം ലഭിച്ചു. തന്റെ മുന്ജന്മങ്ങൾ അദ്ദേഹം പൂർണമായും കണ്ടു. ഒപ്പം ലോകത്തിലെ എല്ലാ ജീവജാലങ്ങളും തങ്ങളുടെ പാപപുണ്യ പ്രവൃത്തികളുടെ ഫലം മൂലം മരണവും പുനർജന്മവും അനുഭവിക്കുന്നതും അദ്ദേഹം അറിഞ്ഞു. ആഗ്രഹങ്ങളെയും അറിവില്ലായ്മയെയും അകറ്റാനുള്ള ആത്മീയജ്ഞാനം ലഭിച്ച അദ്ദേഹം അതോടെ വീണ്ടും പുതിയ ഒരു ജന്മം സ്വീകരിക്കുന്നതിൽ നിന്നും ഒഴിവായി (നിർവാണം, nirvana). തുടർന്ന് അദ്ദേഹം ബുദ്ധൻ എന്നറിയപ്പെട്ടു. തുടർന്ന് അദ്ദേഹം വളരെയധികം സഞ്ചരിക്കുകയും തന്റെ അറിവ് മറ്റുള്ളവരിലേക്ക് പകർന്നുകൊടുക്കുകയും ചെയ്തു. വളരെയധികം ശിഷ്യരെ ഉണ്ടാക്കിയ അദ്ദേഹം തന്റെ എൺപത്താമത്തെ വയസ്സിൽ ഭക്ഷ്യവിഷബാധമൂലം മരണമടഞ്ഞു. ഒരാൾ ഭിക്ഷയായി നല്കിയ പന്നിയിറച്ചിയിൽ നിന്നുമുള്ള ഭക്ഷ്യവിഷബാധയായിരുന്നു മരണകാരണം എന്ന് പൊതുവെ കരുതപ്പെടുന്നു. അല്ല സ്വാഭാവികമരണം ആയിരുന്നുവെന്നു പറയുന്നവരും ഉണ്ട്.

കർമവും പുനർജന്മവും (Karma and reincarnation)


ബുദ്ധമതക്കാർ കർമത്തിലും പുനർജന്മത്തിലും വിശ്വസിക്കുന്നു. കർമം എന്നാൽ നമ്മുടെ പ്രവൃത്തികളാണ്. നാം ചെയ്യുന്ന നല്ല കർമങ്ങൾക്ക് നമുക്ക് പോയിന്റ് കൂടുകയും മോശം കർമങ്ങൾക്ക് പോയിന്റ് കുറയുകയും ചെയ്യുന്നു. ഒടുവിൽ ഏതാണോ മികച്ചു നിൽക്കുന്നത് അതനുസരിച്ച് നമ്മൾ അടുത്ത ജന്മത്തിൽ നല്ല ജീവിതത്തിലേക്ക് അല്ലെങ്കിൽ മോശം ജീവിതത്തിലേക്ക് പോവുന്നു. നമ്മൾ മനുഷ്യരായിരിക്കുന്നത് നാം മുന്ജന്മങ്ങളിൽ ചെയ്ത നല്ല കർമങ്ങളുടെ ഫലമായാണ്. നമ്മൾ ജനനം, കഷ്ടത, മരണം, പുനർജ്ജന്മം ഇങ്ങനെ അവസാനമില്ലാതെ ചാക്രികമായ അവസ്ഥയിലൂടെ കടന്നുപോവുന്നു. പുനർജന്മത്തിനു അവസാനം കുറിച്ചുകൊണ്ട് കഷ്ടതകൾ എന്നേക്കുമായി അവസാനിപ്പിച്ചു നിർവാണം അഥവാ ജ്ഞാനോദയം നേടുകയാണ് ബുദ്ധമതത്തിന്റെ പരമമായ ലക്ഷ്യം.

പുനർജ്ജന്മം


മനുഷ്യൻ, മൃഗം, പ്രേതം (ghost), നരകം, ദൈവം (സ്വർഗം, gods in heaven), ടൈറ്റൻ (Titan, അതിമാനുഷൻ) എന്നീ ആറ് അവസ്ഥകളിലേക്കാണ് നമുക്ക് പുനർജ്ജന്മം സാദ്ധ്യമായിട്ടുള്ളത്. മനുഷ്യൻ, ദൈവം, ടൈറ്റൻ എന്നിവയായി പുനർജനിക്കുന്നത് നല്ലതായും മറ്റുള്ളവ മോശമായും കരുതപ്പെടുന്നു. സ്വർഗത്തെ 26 ലെവലുകൾ ആയി വീണ്ടും തരം തിരിച്ചിരിക്കുന്നു. അപ്പോൾ ആകെ 31 അവസ്ഥകളിലേക്ക് നമുക്ക് പുനർജ്ജന്മം സാദ്ധ്യമാണ്. ഈ 31 അവസ്ഥകളെ നമ്മൾ 31 നിലകളുള്ള ഒരു കെട്ടിടമായി ചിന്തിക്കുകയാണെങ്കിൽ താഴത്തെ നില എന്നത് നരകമാണ്. ചൂട് കൊണ്ട് പീഡിപ്പിക്കുന്ന നരകവും തണുപ്പ് കൊണ്ട് പീഡിപ്പിക്കുന്ന നരകവും ഉണ്ട്. എന്നാൽ നരകവാസം നിത്യമല്ല. നമ്മുടെ മോശം കർമം ഓടിക്കഴിയുമ്പോൾ അതിൽനിന്നും മോചിതനായി വീണ്ടും മറ്റേതെങ്കിലും അവസ്ഥയിലേക്ക് പുനർജനിക്കുന്നു. അടുത്ത നില മൃഗങ്ങളുടെത് ആണ്. അതിനും മുകളിൽ പ്രേതങ്ങളുടെ വാസസ്ഥലമാണ്. ഭൂമിയിൽ തങ്ങൾ ഇഷ്ടപ്പെട്ടതിനോടുള്ള ബന്ധനം വിടാൻ കഴിയാത്തത് കാരണം മനുഷ്യലോകത്തിന്റെ അതിരുകളിൽ ഇവർ കറങ്ങിനടക്കുന്നു. കെട്ടിടത്തിന്റെ നാലാം ലവലിൽ ടൈറ്റൻ അഥവാ അതിമാനുഷർ ആണ്. യുദ്ധത്തിലും മറ്റും ഏർപ്പെട്ടു തൃപ്തി ലഭിക്കാത്ത അതിമാനുഷരാണിവർ.

അഞ്ചാം ലെവലിൽ മനുഷ്യർ വരുന്നു. നമുക്ക് ബുദ്ധിപരമായി ചിന്തിച്ചു നല്ല പ്രവൃത്തികൾ ചെയ്യാനുള്ള കഴിവുള്ളതുകൊണ്ട് ജനിക്കുന്നത് നല്ലതായി കരുതപ്പെടുന്നു. 6 തൊട്ട് 31 വരെയുള്ള ലെവലുകൾ ദേവന്മാരുടെ വാസസ്ഥലമാണ്. ഇവർ മുന്ജന്മങ്ങളിൽ നല്ല പ്രവൃത്തികൾ ചെയ്തത് മൂലം ദേവന്മാരായി സ്ഥാനക്കയറ്റം കിട്ടിയവരാണ്. മനുഷ്യനോടു ചേർന്നുള്ള ലെവലുകളിലെ ദേവന്മാരിൽ ഇന്ദ്രനും ബ്രഹ്മാവും ഒക്കെ പെടും. ഇവർ മനുഷ്യരായി വീണ്ടും പുനർജനിക്കാം. മൈത്രേയബുദ്ധനായി വീണ്ടും മനുഷ്യകുലത്തിലേക്ക് തന്റെ അവസാനത്തെ ജന്മം പുനർജനിക്കുകയും പിന്നീട് നിർവാണം പ്രാപിക്കുകയും ചെയ്യുന്ന ദേവൻ ഇവിടെ ഉണ്ട്. കൂടുതൽ മുകളിലത്തെ ലെവലുകളിലേക്ക് പോകുന്തോറും ഇനിയൊരു പുനർജ്ജന്മം കൂടിയില്ലാതെ നിർവാണത്തിലെക്കു പ്രവേശിക്കാൻ തയ്യാറായി നില്ക്കുന്ന ദേവന്മാരുടെ വാസസ്ഥലങ്ങൾ ആണ്. 26-ആം ലെവലിന് മുകളിൽ ദേവന്മാർ രൂപമില്ലാത്ത അവസ്ഥയിലെത്തി വെറും മാനസിക ഊർജം ആയി സ്ഥിതി ചെയ്യുന്നു.

നാല് മഹാസത്യങ്ങൾ (4 noble truths, ആര്യസത്യങ്ങൾ )- ബുദ്ധമതത്തിന്റെ അടിസ്ഥാനം


ബുദ്ധമതത്തിന്റെ അടിസ്ഥാനമെന്നത് നാല് സത്യങ്ങളാണ്. (1) ജീവിതത്തിന്റെ ആകെത്തുക എന്ന് പറയുന്നത് കഷ്ടതകൾ അഥവാ ദുഃഖം മാത്രമാണ്. ജനനം , രോഗങ്ങൾ, വാർദ്ധക്യം, മരണം, സ്നേഹിക്കുന്നവരുടെ വേർപാട് എന്നിങ്ങനെ നമ്മുടെ ജീവിതം ദുഃഖങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. സന്തോഷം എന്നത് വെറും താൽകാലികം മാത്രമാണ്. (2) ദുഖത്തിന്റെ കാരണം ആശയും ഇഷ്ടപ്പെടുന്നതിനോടുള്ള അടുപ്പവും ആണ്. സമ്പത്തിനോടുള്ള ആശ അത് കിട്ടാതാവുമ്പോൾ നമ്മെ ദുഖിപ്പിക്കുന്നു. സ്നേഹിക്കുന്നവരോടുള്ള അടുപ്പം അവരെ നഷ്ടപ്പെടുമ്പോൾ നമ്മെ ദുഖിപ്പിക്കുന്നു. (3) ദുഖത്തെ കീഴ്പ്പെടുത്താൻ വഴിയുണ്ട്. (4) എട്ടു മാർഗങ്ങൾ (അഷ്ടമാർഗങ്ങൾ) പിന്തുടർന്നാൽ നമുക്ക് ദുഖത്തെ കീഴ്പ്പെടുത്തി പുനർജ്ജന്മം അവസാനിപ്പിച്ചു ബുദ്ധമതത്തിന്റെ പരമമായ ലക്ഷ്യമായ നിർവാണം പ്രാപിക്കാം.

അഷ്ടമാർഗങ്ങൾ (Eightfold path)


(1) ശരിയായ കാഴ്ചപ്പാട് (2) ശരിയായ ഉദ്ദേശ്യം (3) ശരിയായ സംസാരം- സത്യം പറയുക. വിവേകത്തോടെ സംസാരിക്കുക (4) ശരിയായ പ്രവൃത്തി – കൊല്ലരുത്, മോഷ്ടിക്കരുത്, ജീവിതപങ്കാളിയോടുള്ള വിശ്വസ്തത, മദ്യവും മറ്റു ലഹരിവസ്തുക്കളും വർജിക്കുക (5) ശരിയായ ഉപജീവനമാര്ഗ്ഗം- നമ്മുടെ ദൈനംദിന ജീവിതത്തിനുള്ള ആവശ്യങ്ങൾ നേടാൻ ശ്രമിക്കുമ്പോൾ ആ മാർഗം ഒരു രീതിയിലും മറ്റൊന്നിനും ദോഷം വരുന്നതാവരുത്. (6) ശരിയായ പരിശ്രമം- ചിന്തകൾക്ക് കടിഞ്ഞാണിടാനുള്ള കഴിവും പോസിറ്റീവ് ആയ ചിന്താഗതിയും വളർത്തിയെടുക്കുക (7) ശരിയായ ശ്രദ്ധ- സ്ഥായിയായ ആത്മാവബോധം വളർത്തിയെടുക്കുക (8) ശരിയായ ഏകാഗ്രത – ധ്യാനത്തിലൂടെയും മറ്റും ശാന്തമായ ഒരു മനസ്സ് നേടിയെടുക്കുക.

നിർവാണം (Enlightenment)


നിർവാണം രണ്ടുതരം ഉണ്ട്. ഒന്ന് ജീവിച്ചിരിക്കുമ്പോൾ സംഭവിക്കുന്നത്. ബുദ്ധനു തന്റെ 35-ആം വയസ്സിൽ നിർവാണം ലഭിച്ചു. 80-ആം വയസ്സിൽ അദ്ദേഹം നിര്യാതനായപ്പോൾ അത് പിന്നീടൊരു പുനർജ്ജന്മം ഇല്ലാത്ത നിർവാണമായി. നിർവാണം എന്നത് ഞാൻ, എന്റേത് എന്ന ചിന്തയില്ലാത്ത അവസ്ഥയാണ്. പുനർജന്മത്തിലേക്ക് നയിക്കുന്ന ദുരാഗ്രഹം (greed), വിദ്വേഷം (hatred), വ്യാമോഹം (delusion) എന്നിവ കെടുത്തപ്പെടുന്നു. നിർവാണം പ്രാപിച്ച ഒരാൾ മരിച്ചുകഴിഞ്ഞാൽ അയാളുടെ അവസ്ഥ എന്താണ്? ക്രിസ്തുമത വിശ്വാസപ്രകാരം ഒരാൾ യേശുവിൽ വിശ്വസിക്കുന്നു എങ്കിൽ അയാൾ മരണാനന്തരം സ്വർഗത്തിൽ പ്രവേശിക്കും. ഹിന്ദുമതപ്രകാരം അയാളുടെ ആത്മാവ് പരബ്രഹ്മത്തിൽ ലയിക്കും. എന്നാൽ ബുദ്ധമതം ആത്മാവുണ്ടെന്ന് പഠിപ്പിക്കുന്നില്ല. നിർവാണം പ്രാപിച്ച ആൾ മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും എന്ന ചോദ്യത്തിന് ബുദ്ധൻ മറുപടി പറഞ്ഞിരുന്നില്ല.

ബുദ്ധമതം- വിഭാഗങ്ങൾ


തേരവാട (ഹീനയാന ബുദ്ധിസം) , മഹായാന ബുദ്ധിസം, തന്ത്രയാന (വജ്രയാന) ബുദ്ധിസം എന്നീ മൂന്നു പ്രധാന വിഭാഗങ്ങളാണ് ബുദ്ധമതത്തിലുള്ളത്. ഇതിൽ ഏറ്റവും പഴക്കമുള്ളത് തേരവാട ആണ്. ശ്രീലങ്ക, ബർമ, തായ് ലാൻഡ്, കംബോഡിയ, ലാവോസ് എന്നിവിടങ്ങളിലാണ് തേരവാട ബുദ്ധിസത്തിന്റെ അനുയായികൾ പ്രധാനമായുമുള്ളത്. സ്വപ്രയത്നത്തിലൂടെ പുനർജന്മത്തിൽ നിന്നും മുക്തി നേടി നിർവാണത്തിലെത്തുക എന്നതാണ് ഇവരുടെ ലക്ഷ്യം. മഹായാന ബുദ്ധിസം കാണപ്പെടുന്നത് വടക്കേ ഇന്ത്യ, ചൈന, ജപ്പാൻ, വിയറ്റ്നാം എന്നിവിടങ്ങളിലാണ്. തന്ത്രയാന ബുദ്ധിസത്തിന്റെ അനുയായികൾ ഉള്ളത് നേപ്പാൾ, ടിബറ്റ്, മംഗോളിയ എന്നിവിടങ്ങളിലും. രണ്ടുകൂട്ടരും സ്വയം നിർവാണത്തിൽ എത്താൻ ശ്രമിക്കുന്നതോടൊപ്പം മറ്റുള്ളവരെയും അതിലേക്കു നയിക്കാൻ സഹായിക്കുന്നു. തന്ത്രയാന ബുദ്ധിസത്തിൽ മഹായാനത്തിൽ നിന്നും വ്യത്യസ്തമായി നിർവാണത്തിലേക്ക് പെട്ടെന്ന് എത്തുവാനായി മന്ത്രങ്ങളും ചടങ്ങുകളും നടത്തുന്നു. ഹിന്ദുമതത്തോട് കൂടുതൽ അടുപ്പമുള്ള തന്ത്രയാന ബുദ്ധിസം ഗുരുക്കന്മാര്ക്കും യോഗക്കും പ്രാധാന്യം നൽകുന്നു.

മതഗ്രന്ഥങ്ങൾ


ബുദ്ധമതത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്നത് ത്രിപിടക (Tripitaka, three baskets) ആണ്. ബുദ്ധൻ സംസാരിച്ചത് വായ്മൊഴിയായി തലമുറകൾ കൈമാറുകയും ഒടുവിൽ BC ഒന്നാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ശ്രീലങ്കയിൽ വെച്ച് പാലി ഭാഷയിൽ എഴുതിവെക്കുകയുമായിരുന്നു. ത്രിപിടകയിൽ ആദ്യത്തേത് സുത്ത പിടക (Sutta pitaka) ആണ്.ഇത് ബുദ്ധന്റെ പ്രഭാഷണങ്ങളാണ്. ഇതിനെ 5 നികായ (nikaya) ആയി തിരിച്ചിരിക്കുന്നു. രണ്ടാമത്തെ വിനയ (vinaya) പിടക ഭിക്ഷുക്കൾക്കുളള നിയമങ്ങളാണ്. മൂന്നാമത്തെ അഭിധമ്മ (Abhidhamma) പിടക പിന്നീട് എഴുതിയതും പണ്ഡിതോചിതമായ രചനകളുമാണ്. ബുദ്ധമതവിഭാഗങ്ങളിൽ ഏറ്റവും പഴക്കമുള്ള തേരവാട ബുദ്ധിസത്തിന്റെ പ്രമാണഗ്രന്ഥങ്ങളാണിവ. മഹായാന ബുദ്ധിസത്തെപ്പോലെയുള്ള മറ്റു വിഭാഗങ്ങൾക്ക് ഇതിൽ നിന്നും കുറച്ചൊക്കെ വ്യത്യസ്തമായ തങ്ങളുടെതായ പുസ്തകങ്ങൾ ഉണ്ട് (ഉദാഹരണം – Lotus sutra).

മഹായാന ബുദ്ധിസവും ക്രിസ്തുമതവും


മഹായാനം എന്നാൽ great vehicle എന്നർത്ഥം. അതായത് ലോകത്തിനു മൊത്തവും നിർവാണത്തിലേക്കുള്ള വഴിയായി മഹായാനബുദ്ധിസത്തെ അനുയായികൾ കാണുന്നു. യേശുക്രിസ്തുവിന്റെ ജീവിതകാലഘട്ടത്തോടൊപ്പം വികസിച്ച മഹായാന ബുദ്ധിസത്തിന് ക്രിസ്തുമതവുമായി ചില സാമ്യതകൾ ഉണ്ടെന്നുള്ളത് രസകരമാണ്. ഹീനയാനബുദ്ധമതപ്രകാരം ഒരാൾ ജീവിതത്തിലെ കഷ്ടതകളിൽ നിന്നുമെല്ലാം രക്ഷപ്പെട്ടു നിർവാണത്തിൽ എത്തുന്നത് അയാളുടെ മാത്രം പ്രവൃത്തികൾ കൊണ്ടാണ്. എന്നാൽ ക്രിസ്തുമതപ്രകാരം ഒരാൾ രക്ഷിക്കപ്പെടുന്നത് യേശുക്രിസ്തുവിന്റെ കുരിശുമരണം കൊണ്ടാണ്. രക്ഷകൻ എന്ന ക്രിസ്തുമതത്തിലെ ആശയം മഹായാനബുദ്ധിസത്തിന്റെയും ഒരു പ്രധാന ഭാഗമാണ്. യേശു തന്റെ മരണം കൊണ്ട് ഒരാളെ രക്ഷിക്കുന്നു എങ്കിൽ മഹായനബുദ്ധിസത്തിൽ ആർക്കും തന്റെ സഹായവും ഉപദേശങ്ങളും പ്രവൃത്തികളും കൊണ്ട് മറ്റൊരാളെ നേർവഴിയിൽ നടത്തി നിർവാണത്തിലേക്ക് നയിക്കാൻ കഴിയും. ഈ വഴികാട്ടിയെ ബോധിസത്വൻ എന്ന് വിളിക്കുന്നു. യേശുവിന്റെ പഠിപ്പിക്കലുകളിൽ സ്നേഹമാണ് പ്രധാനമെങ്കിൽ ബോധിസത്വന് മറ്റൊരുത്തന്റെ ജീവിതദുഖങ്ങളിൽ തോന്നുന്ന കരുണയാണ് സഹായം നൽകാനുള്ള ചാലകശക്തിയാവുന്നത്.

ക്രിസ്തുമതവുമായി മഹായാനബുദ്ധിസത്തിനുള്ള മറ്റൊരു സാമ്യം കാണുന്നത് ത്രിത്വ വിശ്വാസത്തിലാണ്. ഏകദൈവം പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നീ മൂന്ന് വ്യക്തിത്വങ്ങളായി ഒരേസമയം സ്ഥിതിചെയ്യുന്നു എന്ന് ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു. ബുദ്ധന്റെ ജീവിതകാലത്ത് ആളുകൾ അദ്ദേഹത്തെ ഒരു ഗുരു ആയി ആണ് കണ്ടത്. എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം വർഷങ്ങൾ കഴിഞ്ഞപ്പോൾ ആളുകൾ അദ്ദേഹത്തിൽ ഒരു ദൈവികഭാവം കണ്ടുതുടങ്ങി. മനുഷ്യനെ ദുഃഖങ്ങൾ അനുഭവിച്ചു കഴിയാൻ വിട്ടിട്ട് ബുദ്ധൻ ഭൂമിയിൽ നിന്നും പോയി എന്നത് ചിലർക്കെങ്കിലും അംഗീകരിക്കാൻ കഴിയുന്നതല്ലായിരുന്നു. ഭൂമിയിൽ ആയിരുന്നപ്പോൾ ആളുകളെ സഹായിച്ചതുപോലെ ഇപ്പോഴും മറ്റെവിടെയോ നിന്ന് ബുദ്ധൻ എല്ലാവരെയും സഹായിക്കുന്നു എന്ന് അവർ വിശ്വസിച്ചു. തുടർന്ന് അവർ പുതിയ ഒരു “ബുദ്ധോളജി” വികസിപ്പിച്ചെടുത്തു. ഇതുപ്രകാരം ബുദ്ധൻ ഒരേസമയം മൂന്ന് ശരീരങ്ങളിൽ സ്ഥിതിചെയ്യുന്നു (ത്രികായ, Trikaya). ഭൂമിയിലായിരുന്നപ്പോളുള്ള ശരീരത്തെ നിർമാണകായ (nirmanakaya) എന്ന് പറയുന്നു. സംഭോഗകായ എന്നത് മനുഷ്യന്റെ ലോകത്തോട് ചേർന്നുള്ള ഒരു സ്വർഗത്തിൽ മനുഷ്യന്റെ കാര്യങ്ങൾ ശ്രദ്ധിച്ചു കഴിയുന്ന ബുദ്ധനാണ്. ധർമകായ എന്നത് ബുദ്ധന്മാർ തുടങ്ങുകയും മരണത്തിനുശേഷം ലയിച്ചുചേരുകയും ചെയ്യുന്ന മനുഷ്യന് വെളിപ്പെടാത്തതും ചിന്തക്ക് അപ്പുറവുമായ അവസ്ഥയാണ്. കൂടാതെ യേശു രണ്ടാമതും വരും എന്ന ക്രിസ്തീയവിശ്വാസത്തോട് സാമ്യമുള്ളതാണ് മൈത്രേയബുദ്ധനെപ്പറ്റിയുള്ള മഹായാനബുദ്ധിസത്തിലെ വിശ്വാസം. ഇത് പ്രകാരം നമ്മുടെ ഇപ്പോഴുള്ള ലോകത്തിന്റെ അവസാനത്തിൽ മൈത്രേയൻ നിർവാണം പ്രാപിക്കുകയും ഈ മൈത്രേയബുദ്ധൻ നിരവധിപേരെ രക്ഷയിലേക്കു അഥവാ നിർവാണത്തിലെക്കു നയിക്കുമെന്നും അവർ വിശ്വസിക്കുന്നു.

ബുദ്ധമതക്കാർ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ?


ഉണ്ടെന്നും ഇല്ലെന്നും പറയാം. ക്രിസ്തുമതവും ഇസ്ലാം മതവും പ്രപഞ്ചത്തെ സൃഷ്ടിച്ചു പരിപാലിക്കുന്ന ഒരു ദൈവത്തിൽ വിശ്വസിക്കുന്നു. എന്നാൽ പ്രപഞ്ചത്തെ സൃഷ്ടിച്ചു പരിപാലിക്കുന്ന അങ്ങനെയൊരു ദൈവത്തിൽ ബുദ്ധമതക്കാർ വിശ്വസിക്കുന്നില്ല. ബുദ്ധമതത്തിൽ ദൈവങ്ങൾ ഉണ്ട്. അവർ മനുഷ്യനേക്കാളും ഉയർന്ന തലത്തിലും ആണ്. പക്ഷെ അവർക്കും കർമവും പുനർജ്ജന്മം ബാധകമാണ്. അവർ മനുഷ്യരായി പുനർജ്ജന്മം എടുത്തേക്കാം. ചിലപ്പോൾ ദൈവം ആയിരിക്കുന്ന അവസ്ഥയിൽ തന്നെ അവർ നിർവാണം പ്രാപിക്കാം. അങ്ങനെ സംഭവിച്ചാൽ പിന്നെ എന്ത് എന്ന് അറിയില്ല. ദേവന്മാരുടെയും പരമമായ ലക്ഷ്യം എന്നത് പുനർജ്ജന്മം അവസാനിപ്പിച്ചു നിർവാണം പ്രാപിക്കുക എന്നതുതന്നെയാണ്.

By Roy Jacob 

Image

ഒരു അഭിപ്രായം പറയൂ