തുമ്പിയാന അഥവാ കല്ലാന

Share the Knowledge

ഒരു തുമ്പിയുടെ വേഗത്തില്‍ കീഴ്ക്കാംതൂക്കായ മലനിരകള്‍ ഓടിക്കയറുന്ന ആന. മനുഷ്യനോളം പൊക്കമില്ലാത്ത, ആദിവാസികള്‍ കുള്ളനാനയെന്ന് വിളിക്കുന്ന കല്ലാന. അഗസ്ത്യമലനിരകളിലെ അത്യപൂര്‍വയിനം ആനകളാണ് ആദിവാസികള്‍ തുമ്പിയാന എന്നു വിളിക്കുന്ന കല്ലാന. വലിപ്പക്കുറവും അമിതവേഗതയില്‍ ഓടാനുള്ള കഴിവുമാണ് ഈ ആനകള്‍ക്ക് തുമ്പിയാന എന്ന് പേരു വരാന്‍ കാരണം. ഉള്‍വനത്തിലെ ആദിവാസികളായ കാണിക്കാരാണ് ഇതിന് മുമ്പും തുമ്പിയാനയെ കണ്ടിട്ടുള്ളത്. വന്യജീവി വകുപ്പിന്റെ കണക്കനുസരിച്ച് പൂര്‍ണ വളര്‍ച്ചയെത്തിയ ആനകള്‍ക്ക് 2.13 മുതല്‍ 2.44 മീറ്റര്‍ (7.1 അടിമുതല്‍ 8.1 അടി വരെ) പൊക്കം ഉണ്ട്. എന്നാല്‍ തുമ്പിയാനകള്‍ക്ക് നാലര അടിയില്‍ താഴെ മാത്രമേ പൊക്കം വരൂ. തറയില്‍ തട്ടി നില്‍ക്കുന്ന വാല്, വാലില്‍ നിറഞ്ഞുനില്‍ക്കുന്ന രോമങ്ങള്‍, തൊലിപ്പുറത്തെ അസാധാരണമായ ചുളിവുകള്‍, മുതുകെല്ലിന്റെ സവിശേഷത എന്നിവയൊക്കെയാണ് ഇതിനെ സാധാരണ ആനകളില്‍ നിന്നും വേറിട്ടതാക്കുന്നത്. പൊതുവേ ആക്രമണകാരിയാണ്. അഗസ്ത്യമലയിലെ കീഴ്ക്കാംതൂക്കായ പാറയില്‍ ഇരുമ്പ് വടത്തില്‍ തൂങ്ങിയാണ് തീര്‍ത്ഥാടകര്‍ അഗസ്ത്യമലയിലെത്തി ദര്‍ശനം നേടുന്നത്. ഏറെ ദുരിതപൂര്‍ണമായ ഈ യാത്രയില്‍ ഭക്തര്‍ക്ക് എന്നും അത്ഭുതം ഈ പാറയുടെ മുകളില്‍ അനായാസം കയറുന്ന കല്ലാനകള്‍ തന്നെയാണ്.

കഴിഞ്ഞ പത്തുവര്‍ഷമായി കല്ലാനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടങ്ങിയിട്ട്.കേരളത്തിലെ പശ്ചിമഘട്ടത്തിലെ അഗസ്ത്യവനത്തില്‍ കല്ലാനകള്‍ കൂട്ടത്തോടെ മേയുന്നുണ്ടോ എന്നുള്ള സത്യം ഇന്നും വളരെ അകലെയാണ്. കല്ലാന അഥവാ തുമ്പിയാനകള്‍ യാഥാര്‍ത്ഥ്യമാണെന്ന് കാടിന്‍റെ മക്കളായ ആദിവാസികള്‍ പറയാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി.നാലര അടി പൊക്കം,നിലത്ത് ഇഴയുന്ന വാല്,വാലില്‍ നിറഞ്ഞു നില്‍ക്കുന്ന രോമങ്ങള്‍, തൊലിപ്പുറത്തെ അസാധാരണ ചുളിവുകള്‍, മുതുകെല്ലിന്‍റെ സവിശേഷത എന്നിവയൊക്കെ കല്ലാനയെ സാധാരണ ആനകളില്‍ നിന്നും വ്യത്യസ്ഥമാക്കുന്നു. മനുഷ്യരെ കണ്ടാല്‍ ഇവ കല്ല്‌ പോലെ നില്‍ക്കുമത്രേ ,അങ്ങനെ നില്‍ക്കുമ്പോള്‍ കല്ലാണെന്ന് തെട്ടുദ്ധരിക്കും അതുകൊണ്ടാണ് ഈ ആനക്ക് കല്ലാന എന്ന പേരുണ്ടായത്.തുമ്പിയാനയെ കണ്ടെത്തിയതായ വാര്‍ത്തകള്‍ വന്നപ്പോള്‍ ഇവയെപ്പറ്റി അന്വേഷണം നടത്താന്‍,സര്‍ക്കാര്‍ വിദഗ്ധ സംഘത്തെ നിയോഗിച്ചെങ്കിലും ദൌത്യം പരാജയമായിരുന്നു. 2005ല്‍ പ്രശസ്ത ഫോട്ടോഗ്രാഫര്‍ സാലി പാലോടും സഹായി മല്ലന്‍കാണിയും ചേര്‍ന്ന് കല്ലാനയെ വീഡിയോയില്‍ പകര്‍ത്തി.പക്ഷെ ശാസ്ത്രവും ,സര്‍ക്കാരും ഈ തെളിവ് അംഗീകരിക്കാന്‍ തയാറായില്ല.ആ വീഡിയോയില്‍ കണ്ടത് സാധാരണ ആനയാണ് എന്നായിരുന്നു പലരുടെയും കണ്ടെത്തല്‍. ശാസ്ത്രസാങ്കേതികവിദ്യകള്‍ ഇത്രയേറെ വളര്‍ന്ന ഒരു കാലഘട്ടത്തില്‍ കല്ലാനയെ കൃത്യമായി നിര്‍വചിക്കാന്‍ കഴിയാത്തത് അങ്ങേയറ്റത്തെ കഴിവുകെടായിത്തന്നെ കാണണം.

കടപ്പാട് : http://tourpalode.blogspot.com, Dinesh Mi

കല്ലാന വീണ്ടും; ഇത്തവണ വീഡിയോ ചിത്രം

ഔദ്യാഗിക കേന്ദ്രങ്ങളുടെ തമസ്കരണശ്രമങ്ങളെ വെല്ലുവിളിച്ച് സഹ്യാദ്രി വനമേഖലയില്‍ ‘കല്ലാന’കളുടെ സൈ്വരവിഹാരം. ലോകത്ത് തന്നെ അത്യപൂര്‍വമായൊരു ജീവിവര്‍ഗത്തിന്‍െറ കേരളത്തിലെ സാന്നിധ്യത്തെ ജന്തുശാസ്ത്രജ്ഞരുള്‍പ്പെടെ സംശയദൃഷ്ടിയില്‍ നിര്‍ത്തുമ്പോള്‍, 12 വര്‍ഷത്തിനിടയില്‍ മൂന്നാംതവണയും കാമറയിലാക്കി കുള്ളനാന വര്‍ഗത്തിന്‍െറ സാന്നിധ്യത്തെ ആവര്‍ത്തിച്ചുറപ്പിക്കുകയാണ് പ്രശസ്ത നേച്വര്‍ ഫോട്ടോഗ്രാഫര്‍ സാലി പാലോട്.
ഇത്തവണ ശരിക്കും ‘ജീവനു’ള്ള ചിത്രങ്ങളാണ് സാലിക്ക് ലഭിച്ചത്. കൊമ്പന്‍ കുള്ളനാനയുടെ വീഡിയോ ദൃശ്യങ്ങള്‍  പേപ്പാറ വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള സംരക്ഷിതവനമായ പരുത്തിപ്പള്ളി റേഞ്ചിലെ മണിതൂക്കി മേഖലയില്‍നിന്നാണ് സാലിക്ക് പകര്‍ത്താനായത്. ആഫ്രിക്കയുടെ മധ്യ പടിഞ്ഞാറന്‍ മേഖലയിലെ കോംഗോ മഴക്കാടുകളിലും ബോര്‍ണിയോ പ്രദേശത്തും മാത്രം അവശേഷിക്കുന്ന പിഗ്മി എലിഫന്‍റുകളുടെ സമാന വര്‍ഗമാണെന്ന് കരുതുന്ന, പശ്ചിമഘട്ട വനമേഖലയിലെ കുള്ളാനകളെ കുറിച്ചുള്ള ആദിവാസി അറിവുകളെ ശരിവെച്ചുകൊണ്ട് ആദ്യമായി 2005 ജനുവരി 12നാണ് സാലി പാലോട് ‘കല്ലാന’യുടെ ചിത്രമെടുക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ പേപ്പാറ വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള കേരള വനവികസന കോര്‍പറേഷന്‍െറ അടിപ്പറമ്പ് മേഖലയില്‍നിന്നായിരുന്നു അത്. ‘തുമ്പിയാന’യെന്നും ‘കല്ലാന’യെന്നും ആദിവാസികള്‍ വിളിക്കുന്ന ഇവ സഹ്യമലനിരകളിലെ പാറയിടുക്കുകള്‍ക്കിടയിലൂടെയും പുല്‍മേടുകളിലൂടെയും പാഞ്ഞുനടക്കുന്ന അസാധാരണയിനം ആനകള്‍ തന്നെയാണെന്ന കാര്യത്തില്‍ പ്രദേശവാസികള്‍ക്ക് സംശയമുണ്ടായിരുന്നില്ല.
‘കല്ലാന’ വെറുമൊരു ആദിവാസി വാമൊഴിക്കഥയല്ലെന്നും സാധാരണ ആനകളില്‍നിന്ന് വ്യത്യസ്തമായ കുള്ളനാന വര്‍ഗമാണെന്നുമുള്ള നിലയില്‍ ചര്‍ച്ച സജീവമായത് സാലിയുടെ ചിത്രങ്ങള്‍ പുറം ലോകം കണ്ടതോടെയാണ്. ഓടിനടക്കുന്നതും ചത്തുപുഴുവരിച്ചുകിടക്കുന്നതുമായ രണ്ട് പിടിയാനകളുടെ സാലി പകര്‍ത്തിയ ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെ പുറംലോകത്തെത്തിയപ്പോള്‍ മുതല്‍ വിവാദങ്ങളും തുടങ്ങി. ഏഷ്യയിലെ ഏറ്റവും പ്രചാരമുള്ള വനം-വന്യജീവി മാഗസിനായ ‘സാങ്ച്വറി ഏഷ്യ’ സാലിയുടെ കണ്ടെത്തലിനെ വിശേഷിപ്പിച്ചത് ‘വിശ്വസിക്കാന്‍ വിസമ്മതിച്ചേക്കാവുന്ന ലോകത്തിന് മുന്നില്‍ സമര്‍പ്പിക്കപ്പെടുന്ന വിസ്മയാവഹമായ ഒരു കണ്ടെത്തല്‍’ എന്നായിരുന്നു. അതുതന്നെ സംഭവിക്കുകയുംചെയ്തു.
ആനക്കുട്ടിയൊ സാധാരണ ആനവര്‍ഗത്തില്‍പെട്ട ഒരു കുള്ളനാനയോ ആയിരിക്കാമെന്ന് പറഞ്ഞ് വനംവകുപ്പും ശാസ്ത്രലോകവും തള്ളി. അഞ്ചു വര്‍ഷത്തിനുശേഷം, 2010 മാര്‍ച്ച് 17ന് പേപ്പാറ വന്യജീവി സങ്കേതത്തിലെ മാറകപ്പാറ എന്ന ഭാഗത്ത്, ജലാശയത്തില്‍ വെള്ളംകുടിക്കാനെത്തിയ കൊമ്പന്‍ കുള്ളനെ പകര്‍ത്തി ഔദ്യാഗികവാദത്തെ സാലി വീണ്ടും ചോദ്യംചെയ്തു. സാലി കാണുന്ന ആറാമത്തെ കുള്ളനാനയായിരുന്നു അത്. നിശ്ചല ചിത്രങ്ങളായിരുന്നു അതുവരെയെങ്കില്‍ ഇപ്പോള്‍ ആനയുടെ സൈ്വരവിഹാരം തന്നെ ചിത്രീകരിച്ച വീഡിയോ ആണ് തെളിവ്.
പരുത്തിപ്പള്ളി റേഞ്ചോഫിസറുടെ നിര്‍ദേശപ്രകാരമായിരുന്നു ചിത്രീകരണം. ആദിവാസി വര്‍ഗമായ ‘കാണി’ക്കാരാണ് ഒരു മാസമായി ഈ മേഖലയില്‍ കല്ലാനകള്‍ വിഹരിക്കുന്ന വിവരം വനപാലകരെ അറിയിച്ചത്. കല്ലാനയെ കണ്ടെത്തുന്നതില്‍ സാലിയുടെ സഹായിയായ ആദിവാസി മല്ലന്‍ കാണിയും പെരിങ്ങമ്മല ഇക്ബാല്‍ കോളജിലെ ബോട്ടണി അധ്യാപകനും പെരിങ്ങമ്മല ഗ്രാമ പഞ്ചായത്ത് ബയോഡൈവേഴ്സിറ്റി കമ്മിറ്റി കോഓഡിനേറ്ററുമായ ഡോ. ഖമറുദ്ദീനും സാലിയും കൂടി വനപാലക ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം മണിതൂക്കി വനമേഖലയില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ നടത്തിയ തെരച്ചിലിനിടെയാണ് ഇടതിങ്ങിയ കാട്ടിനുള്ളില്‍ ആനയെ കണ്ടത്. ഒരു മണിക്കൂറിലേറെ സാവകാശം കിട്ടി വീഡിയോ ചിത്രീകരണത്തിന്. ആനയുടെ എല്ലാ വിശദാംശങ്ങളും പകര്‍ത്താനായി. ഒരു ഡി.എന്‍.എ പരിശോധനയിലൂടെ സംശയദുരീകരണം വരുത്താവുന്നതേയുള്ളൂവെന്നും ആനയുടെ ചാണകം മതി ‘സാമ്പിളി’നെന്നും ഡോ. ഖമറുദ്ദീന്‍ പറഞ്ഞു. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്താണ് കല്ലാനകളെ ആദിവാസികള്‍ സാധാരണ കാണാറുള്ളതെന്നും യാദൃശ്ചികമാണെങ്കിലും മൂന്നുതവണയും ഏതാണ്ട് ഇതേ സമയത്താണ് ഇവയെ കാമറയില്‍ പകര്‍ത്താന്‍ കഴിഞ്ഞതെന്നും സാലി പറയുന്നു. വിതുരയില്‍നിന്ന് 15ഓളം കിലോമീറ്ററകലെയാണ് പരുത്തിപ്പള്ളി റേഞ്ച് വനം.

http://www.madhyamam.com

ഏഷ്യയിലെ ഏറ്റവും പ്രചാരമുള്ള വനം-വന്യജീവി മാഗസിനായ ‘സാങ്ച്വറി ഏഷ്യ’ സംഭവത്തെ കവര്‍ സ്റ്റോറിയാക്കി അവതരിപ്പിച്ചത് ‘വിശ്വസിക്കാന്‍ വിസമ്മതിച്ചേക്കാവുന്ന ലോകത്തിന് മുന്നില്‍ സമര്‍പ്പിക്കപ്പെടുന്ന വിസ്മയാവഹമായ ഒരു കണ്ടെത്തല്‍’ എന്ന വിശേഷണത്തോടെയാണ്. മാധ്യമ വാര്‍ത്തകളുണ്ടാക്കിയ സമ്മര്‍ദ്ദംമൂലമാകണം ഒടുവില്‍ വനംവകുപ്പ് പേരിനൊരു അന്വേഷണത്തിന് തയ്യാറായി. പേപ്പാറ വന്യജീവിസങ്കേതത്തിലും പേപ്പാറയോടു ചേര്‍ന്നുള്ള നെയ്യാര്‍, അഗസ്ത്യവനം മേഖലകളിലും പരിശോധന നടത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നെയ്യാര്‍ വൈല്‍ഡ്ലൈഫ് അസിസ്റ്റന്റ വാര്‍ഡന്റെ നേതൃത്വത്തില്‍ ഒരു അന്വേഷണസംഘം നിയോഗിക്കപ്പെട്ടു. എങ്ങുമെത്താതെ ആ ദൌത്യം ഒടുങ്ങുകയായിരുന്നിട്ടും തുടരന്വേഷണത്തിനൊ പഠനത്തിനൊ പുതിയ ശ്രമങ്ങളൊന്നുമുണ്ടായില്ല. തിരുവനന്തപുരംജില്ലയുടെ തെക്ക് കിഴക്കുഭാഗത്തായി 53 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ പരന്നുകിടക്കുന്ന പേപ്പാറ വന്യജീവിസങ്കേതവും തൊട്ടുചേര്‍ന്നുള്ള അഗസ്ത്യാര്‍കൂടം ജൈവോദ്യോനവും അത്യപൂര്‍വ ജീവിവര്‍ഗങ്ങളുടെയും സസ്യങ്ങളുടെയും സമ്പുഷ്ടജൈവമേഖലയാണ്. സൂക്ഷ്മപ്രാണികളടക്കം നിരവധി അപൂര്‍വവര്‍ഗങ്ങളുടെ സാന്നിദ്ധ്യം ഇവിടെയുണ്ട്. അങ്ങിനെയൊരിടത്ത് പിഗ്മി എലിഫന്റുകളുടെ സാധ്യതയെ എന്തിന് സംശയിക്കണം എന്ന ചോദ്യം അതുകൊണ്ടു തന്നെ പ്രസക്തവുമാണ്. അഗസ്ത്യാര്‍കൂടം, അതിരുമല, പൊടിയം, ചാത്തന്‍കോട് ഭാഗങ്ങളിലെ കാണിക്കാരും വനപാലകരും കല്ലാനയുടെ സാന്നിദ്ധ്യത്തെ സാക്ഷ്യപ്പെടുത്തുന്നു. കല്ലാനയുടെ കൂട്ടങ്ങളെ തന്നെ കണ്ടിട്ടുള്ളവരാണ് ഇവരൊക്കെയും. സഹ്യവനമേഖലകളിലുള്ള ആദിവാസിവിഭാഗങ്ങള്‍ രണ്ടുതരം ആനവര്‍ഗങ്ങളുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്നു.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലുള്ള ആദിവാസിവിഭാഗമാണ് കാണിക്കാര്‍. പശ്ചിമഘട്ട വനാന്തരങ്ങളാണ് ഇവരുടെ ആവാസ മേഖല. പേപ്പാറ വന്യജീവിസങ്കേതത്തിനുള്ളിലാവട്ടെ 13 ആദിവാസി സെറ്റില്‍മെന്റ് കോളനികളിലായാണ് ഇവര്‍ താമസിക്കുന്നത്. സാലി പാലോടിന്റെ വനം-വന്യജീവി ഛായാഗ്രഹണ സപര്യയില്‍ 23വര്‍ഷമായി സഹചാരിയും സഹായിയുമായ മല്ലന്‍കാണി ഈ വിഭാഗക്കാരനാണ്. വിതുരക്ക് സമീപം ചാത്തന്‍കോട് കോളനിയാണ് മല്ലന്‍കാണിയുടെ സ്വദേശം. വനത്തെയും വന്യജീവികളെയും കുറിച്ചുള്ള അറിവുകളില്‍ പ്രകൃതിനിരീക്ഷകര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും വിജ്ഞാനകോശമാണ് മല്ലന്‍കാണിയും അച്ഛന്‍ ഭഗവാന്‍കാണിയും. ആദിവാസി അറിവുകള്‍ തലമുറകളായി പകര്‍ന്നുകിട്ടിയത് അന്വേഷകര്‍ക്ക് പകര്‍ന്നുനല്‍കാന്‍ മടികാണിക്കാറില്ലാത്ത ഇവരില്‍ ഭഗവാന്‍കാണി ഒരു വര്‍ഷം മുമ്പ് ഒരു മലവെള്ള പാച്ചിലില്‍പെട്ട് മരിച്ചുപോയി.

തങ്ങളുടെ ആവാസകേന്ദ്രമായ വനത്തെകുറിച്ച് ആദിവാസികളില്‍ രൂഢമൂലമായ വിശ്വാസങ്ങളേറെയാണെന്ന് മല്ലന്‍കാണി പറയുന്നു. ഈ വിശ്വാസങ്ങളില്‍ പലതും യുക്തിഭദ്രമാണെന്ന് പലപ്പോഴും അനുഭവങ്ങളില്‍നിന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് സാലി. ആവാസമേഖലയുടെ പ്രതികൂലാവസ്ഥകളോടുപോലും ഇണങ്ങി രമ്യമായി ജീവിക്കാന്‍ ഇവരെ സഹായിക്കുന്നത് ഇത്തരം വിശ്വാസങ്ങളാണ്. അത്തരത്തില്‍ ചിലതാണ് ആനകളെകുറിച്ചുള്ളതും. രണ്ടുതരം ആനകളുണ്ടെന്നാണ് മുതുമുത്തപ്പന്മാര്‍മുതലുള്ള തങ്ങളുടെ വിശ്വാസമെന്ന് മല്ലന്‍കാണി പറയുന്നു.

സാധാരണ വര്‍ഗത്തില്‍ പെട്ട ആനകള്‍ക്കില്ലാത്ത പ്രത്യേകതയാണ് കുത്തനെയുള്ള പാറക്കുട്ടങ്ങളിലൂടെയും മറ്റും അതിവേഗത്തില്‍ സഞ്ചരിക്കാനുള്ള കഴിവ്. സാദാവര്‍ഗത്തില്‍പെട്ട ഒരു കുട്ടിയാനയുടെ വലിപ്പമാണ് കുള്ളനാനകള്‍ക്കെങ്കിലും പ്രകടമായ വ്യത്യാസങ്ങള്‍ ഏറെയാണ്. നല്ല പ്രായമെത്തിയ ഒരാനക്ക് പരമാവധി അഞ്ചടിയോളം ഉയരമുണ്ടാകും. സാധാരണ ആനകളുടെ ശരാശരി ഉയരം 7.1 മുതല്‍ 8.1 വരെയാണെന്നിരിക്കെ ഇതുതന്നെ പ്രകടമായ വലിയ വ്യത്യാസമാണ്. ഒടുവില്‍ കണ്ട, പ്രായം ചെന്നതെന്ന് തോന്നിപ്പിച്ച കല്ലാനക്ക് പോലും അഞ്ചടിയില്‍ കൂടുതല്‍ ഉയരം മതിക്കാനായില്ലെന്ന് സാലി പറഞ്ഞു.
വിദൂര കാഴ്ചയില്‍ ആനക്കുട്ടിയാണെന്ന് തോന്നിപ്പിക്കുമെങ്കിലും അടുത്തുകണ്ടാല്‍ ആ ധാരണ മാറും. ആനക്കുട്ടികളില്‍ പതിവായ മസ്തിഷ്ക ഭാഗത്തെ നീളമുള്ള ഇളംരോമങ്ങള്‍ ഇവയില്‍ കാണില്ല. ആനക്കുട്ടികളുടേത് മിനുസമാര്‍ന്ന ദേഹമാണെങ്കില്‍ കുള്ളനാനകളുടേത് മൂപ്പെത്തിയ സാധാരണ ആനകളുടേതായിരിക്കും. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരൊത്ത ആനയുടേതുപോലെ തന്നെ നല്ല ഉറപ്പും ആകൃതിയുമുണ്ടാകും നെറ്റിത്തടത്തിന്. പ്രായപൂര്‍ത്തിയെത്തിയ സാധാരണ ആനയുടെപോലെ തന്നെ മടക്കുകളും ഉറപ്പും ആകൃതിയുമുള്ള കുള്ളനാനകളുടെ ചെവികള്‍ക്ക് നല്ല വലിപ്പവുമുണ്ടാകും.
പാദങ്ങള്‍ വലിയൊരു ആനയുടേതുപോലെ ഉറച്ചതും മൂപ്പെത്തിയതുമാണെങ്കിലും പാഡ്മാര്‍ക്കിന്റെ പരമാവധി വലിപ്പം ഒരു പേനയുടെ നീളത്തോളമെ വരൂ. വാലിന് സാധാരണ ആനയുടേതിനെക്കാള്‍ നീളമുണ്ടാവും. ആദ്യതവണ ചരിഞ്ഞ നിലയില്‍ കണ്ട കല്ലാനയുടെ അകിട് പ്രസവിച്ച ആനയുടേതുപോലെയായിരുന്നു. കുട്ടിയെ പാലൂട്ടിയവിധം മുലഞ്ഞെട്ട് നീണ്ടിട്ടുണ്ടായിരുന്നു. ഇത്തരമൊരു ആനയെ ആനക്കുട്ടിയെന്ന് വിളിക്കുന്നതെങ്ങിനെ എന്ന് സാലിയും മല്ലനും ഒരേ സ്വരത്തില്‍ ചോദിക്കുന്നു. അതിന്റെ പാദങ്ങളുടെ ഉള്‍ഭാഗമാകട്ടെ മൂപ്പെത്തിയ ഒരു വലിയ ആനയുടേത് പോലെ വളര്‍ച്ചമുറ്റിയതും വരണ്ടതും വിണ്ടുകീറിയതുമായിരുന്നു.
ഒടുവില്‍ കണ്ട കുള്ളന്‍ കൊമ്പനാന പ്രായം ചെന്നതും വാരിയെല്ല് തെളിഞ്ഞ് തുടങ്ങിയതുമായിരുന്നു. കുള്ളനാനക്ക് ഇണങ്ങിയ കൊമ്പുമായി നിന്ന ആ കൊമ്പന്‍ ഒരു ആനക്കുട്ടിയാണെന്ന് പറയാന്‍ ആനവലിപ്പത്തോളം തന്നെ അജ്ഞത വേണമെന്ന് സാലി. രണ്ടു പതിറ്റാണ്ടിലേറെയായി പശ്ചിമഘട്ടത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പലതരം കാട്ടാനകളെ കണ്ടും കാമറയില്‍ പകര്‍ത്തിയും മനസില്‍ പതിഞ്ഞുകിടക്കുന്ന അറിവടയാളങ്ങള്‍ കൊണ്ടു തന്നെ ഒരു കുട്ടിക്കൊമ്പനെ കണ്ടാല്‍ തനിക്ക് നിഷ്പ്രയാസം തിരിച്ചറിയാനാവുമെന്നും സാലി. കുട്ടിക്കൊമ്പന്റെ കൊമ്പുകള്‍ വളരെ ചെറുതും അല്‍പം ഉയര്‍ന്ന് രണ്ട് ദിക്കിലേക്ക് തിരിഞ്ഞിരിക്കുന്നതുമായിരിക്കും. വളരുന്നതിനനുസരിച്ചാണ് കൊമ്പ് താഴേക്ക് നീണ്ട് ഭംഗിയുള്ളതാവുക. എന്നാല്‍ കൊമ്പന്‍ കല്ലാനയുടേത് താഴേക്ക് നീണ്ട് വളര്‍ച്ചയെത്തിയ നിലയിലുള്ള കൊമ്പുകളായിരുന്നു.
സാധാരണ ആനകള്‍ക്ക് എത്താന്‍ ബുദ്ധിമുട്ടുള്ള വളരെ ഉയര്‍ന്ന ഭാഗത്തെ ഒരു കുന്നിന്‍ചരുവില്‍വെച്ചാണ് സാലി ആദ്യമായി കല്ലാനയെ കണ്ടത്. വനത്തിനുള്ളില്‍ സ്ഥിരതാമസക്കാരായ ആദിവാസികള്‍ക്കുപോലും നന്നെ അപൂര്‍വ്വമായി മാത്രമേ ഇവയെ കാണാന്‍ കഴിയാറുള്ളൂവെന്ന് മല്ലന്‍കാണി. അതുകൊണ്ട് തന്നെ ‘കല്ലാന’കളെ കണ്ടെത്താന്‍ വനത്തിനുള്ളില്‍ ദിവസങ്ങളോളം താമസിക്കേണ്ടിവരും. കല്ലാന മിത്തോ യാഥാര്‍ഥ്യമൊ എന്ന് നെല്ലും പതിരും തിരിക്കാന്‍ ഭൌതിക തെളിവുകളുടെ ശേഖരണത്തിന് വനംവകുപ്പും ശാസ്ത്രലോകവും തുനിഞ്ഞിറങ്ങിയാല്‍ നടക്കാവുന്നതെയുള്ളൂ. അതിനായി കുറച്ചുദിവസം വനത്തിനുള്ളില്‍ തങ്ങണം. അങ്ങിനെ കുറച്ചു ബുദ്ധിമുട്ട് സഹിച്ചിട്ടുപോരെ നെല്ലിനെ പതിരാക്കാനെന്നാണ് സാലിയുടെ ചോദ്യം.

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ