ഈസ്റ്റർ ദ്വീപ് ( Easter Island)

Share the Knowledge

പസഫിക് മഹാസമുദ്രത്തിലെ തികച്ചും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ് പോളിനേഷ്യൻ ദ്വീപസമൂഹത്തിലെ ഈസ്റ്റർ ദ്വീപ് . ഏറ്റവും അടുത്ത മനുഷ്യവാസമുള്ള പ്രദേശം 1300 മൈലുകൾ അകലെയുള്ള പിറ്റ് കെയ്ൻ (Pitcairn) ദ്വീപുകളാണ്. ഏറ്റവും അടുത്ത ഭൂഖണ്ഡം ആയ സൌത്ത് അമേരിക്ക 2200 മൈലുകൾ അകലെയും. റാപ്പാ നൂയി (Rapa Nui) എന്ന പേരിലും അറിയപ്പെടുന്ന ഈ ചെറിയ ദ്വീപിൽ വെറും ആറായിരത്തിൽ താഴെ ആളുകൾ മാത്രമേ അധിവസിക്കുന്നുള്ളൂ. ഈ ദ്വീപ് പ്രശസ്തമാവുന്നത് കുറെ കൽപ്രതിമകൾ കാരണമാണ്. മോവായ് (Moai) എന്ന പേരിൽ അറിയപ്പെടുന്ന നീണ്ട മുഖവും ചെറിയ ഉടലുമുള്ള മനുഷ്യപ്രതിമകൾ.

എന്തിനാണ് ദ്വീപനിവാസികൾ ഈ പ്രതിമകൾ ഉണ്ടാക്കി എന്നത് ഗവേഷകർക്ക് ഉത്തരം കിട്ടാത്ത ചോദ്യമാണ്. പ്രതിമകൾ ഉണ്ടാക്കാനുള്ള കാരണത്തെ പറ്റി അതുണ്ടാക്കിയവർ ഒരു രേഖയും അവശേഷിപ്പിച്ചിട്ടില്ല. തങ്ങളുടെ മരിച്ചു പോയ പൂർവികരുടെ ഓർമക്കായാണ് ഈ പ്രതിമകൾ നിർമിക്കപ്പെട്ടത് എന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. ഇത്തരം 887 പ്രതിമകളാണ് ഇവിടെ ആകെ ഉള്ളത്. ഇവയിൽ പകുതിയും ഇപ്പോഴും അവ നിർമിക്കപ്പെട്ട കരിങ്കൽ ക്വാറിയിൽ തന്നെ നിർമാണത്തിന്റെ പല ഭാഗങ്ങളിലായി കിടപ്പുണ്ട്. പകുതി പ്രതിമകൾ മാത്രമേ ക്വാറിക്ക് പുറത്തെത്തിച്ചു സ്ഥാപിച്ചുള്ളൂ. കല്ലുകളിൽ കല്ലുളി ഉപയോഗിച്ച് കൊത്തിയാണ് ഇവ ഉണ്ടാക്കിയത്. ക്വാറിയിൽ പൂർത്തിയാക്കിയ പ്രതിമകൾ ഉരുണ്ട തടികളുടെ മുകളിലൂടെ കയറുപയോഗിച്ചു വലിച്ചു പുറത്തെത്തിക്കുകയായിരുന്നുവന്നു ഗവേഷകർ കരുതുന്നു. ഏറ്റവും വലിയ പ്രതിമക്കു 70 അടി ഉയരം ഉണ്ട്. പ്രതിമകളുടെ ശരാശരി പൊക്കം 13 അടിയും ഭാരം പന്ത്രണ്ടര ടണ്ണുമാണ്. അതിനാൽ തന്നെ കോൺസ്പിരസി തിയറിക്കാർ ഇവിടെ ഒരു സാധ്യത കാണുന്നു. അവരുടെ അഭിപ്രായപ്രകാരം അന്നത്തെ മനുഷ്യന് ഇത്രയും ഭാരമുള്ള പ്രതിമകൾ നീക്കാനുള്ള സാങ്കേതികവിദ്യ ഇല്ലായിരുന്നതിനാൽ തീർച്ചയായും ഈ പ്രതിമകളെ ക്വാറിയിൽ നിന്നും പുറത്തെത്തിച്ചത് അന്യഗ്രഹ ജീവികളാണ്. മാത്രവുമല്ല ഈ പ്രതിമകളുടെ മുഖത്തിനു മനുഷ്യനോടുള്ളതിനേക്കാൾ സാദൃശ്യം അന്യഗ്രഹജീവികളോടാണെന്നും അവർ വാദിക്കുന്നു.

AD 1100-1700 കാലഘട്ടങ്ങളിലാണ് ഈ പ്രതിമകൾ നിർമിക്കപ്പെട്ടത്. ഈസ്റ്റർ ദ്വീപിൽ മനുഷ്യവാസം തുടങ്ങുന്നത് AD 700-നും 1100-നും ഇടയിലായി മറ്റു പോളിനേഷ്യൻ ദ്വീപുകളിൽ നിന്നും ആൾക്കാർ എത്തിച്ചേരുമ്പോഴാണ്. പതിനേഴാം നൂറ്റാണ്ടിൽ ഇവിടത്തെ ജനസംഖ്യ ഏകദേശം 15 000 ആയിരുന്നു. എന്നാൽ പതിനേഴാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും ഈ ഒറ്റപ്പെട്ട ചെറിയ ദ്വീപിൽ ഇത്രയും ആൾക്കാർക്ക് ജീവിക്കുന്നതിനുള്ള ഭക്ഷണം ലഭ്യമല്ലാതായിത്തുടങ്ങി. ക്രമേണ ഇത് ജനസംഖ്യ കുറച്ചു. ഈസ്റ്റർ ദ്വീപിൽ ആദ്യമായി എത്തിയ യൂറോപ്പുകാരൻ ജേക്കബ് റോഗവീൻ എന്ന ഡച്ച് പര്യവേക്ഷകനാണ്. 1722-ലെ ഈസ്റ്റർ ദിനത്തിൽ ഇവിടെ എത്തിയത് കാരണം അദ്ദേഹം ഈ ദ്വീപിനു ഈസ്റ്റർ ദ്വീപ് എന്ന പേരിട്ടു. അന്ന് ഇവിടത്തെ ജനസംഖ്യ 2000-3000 വരെയായി. ഭക്ഷണദൌർലഭ്യവും പട്ടിണിയുമാണ് പ്രതിമനിർമാണം ഉപേക്ഷിക്കാൻ ഈസ്റ്റർ ദ്വീപുകാരെ പ്രേരിപ്പിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു.

ദ്വീപുനിവാസികളുടെ കഷ്ടത വർദ്ധിപ്പിച്ചുകൊണ്ട് അടിമവ്യാപാരികളും ഇവിടെയെത്തി. 1862-ൽ പെറുവിൽ നിന്നുമുള്ള അടിമവ്യാപാരികൾ നിരവധി കപ്പലുകളിൽ ഇവിടെയെത്തി ആയിരത്തിൽ പരം ദ്വീപനിവാസികളെ അടിമകളായി കൊണ്ടുപോയി. ഇത് ദ്വീപിലെ ജനസംഖ്യയുടെ പകുതിയോളം വരുമായിരുന്നു. ഇവരെ പെറുവിലെ തോട്ടങ്ങളിൽ ജോലിക്കായി നിയോഗിച്ചു. എന്നാൽ പെറുവിൽ അടിമവ്യാപാരത്തിനെതിരെ ശക്തമായ ജനരോഷം ഉയർന്നത് ഗവണ്മെന്റിനെ ഈ വിഷയത്തിൽ ഇടപെടാൻ നിർബന്ധിപ്പിച്ചു. അടിമകളെ തിരികെ ഈസ്റ്റർ ദ്വീപിൽ കൊണ്ടുവിടാൻ പെറു ഗവണ്മെന്റ്റ് ഉത്തരവിട്ടു. തിരികെ ഈസ്റ്റർ ദ്വീപിലെത്തിയ അവർ തങ്ങൾക്കു പ്രതിരോധശേഷിയില്ലാത്ത വസൂരി എന്ന മാരകരോഗത്തെയും പെറുവിൽ നിന്നും കൊണ്ടുവന്നു. വസൂരിയും ക്ഷയവും വീണ്ടും ഈസ്റ്റർ ദ്വീപുകാരുടെ എണ്ണം കുറച്ചു. 1877-ൽ ഇവിടത്തെ ജനസംഖ്യ വെറും 111 ആയി. 1886-ൽ ചിലി ഈസ്റ്റർ ദ്വീപിനെ തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാക്കി. ഇന്നും ഈസ്റ്റർ ദ്വീപ് ചിലിയുടെ ഭാഗമായി തുടരുന്നു. 2012-ലെ സെൻസസ് പ്രകാരം ജനസംഖ്യ 5,761 ആണ്. ലോകത്തെമ്പാടുമുള്ള നിരവധി ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ഈസ്റ്റർ ദ്വീപുകൾ ഇന്ന് യുനെസ്കോയുടെ ലോകപൈതൃക കേന്ദ്രങ്ങളിൽ ഒന്നാണ്.

By  Roy Jacob

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ