Choking അഥവാ ശ്വാസനാള തടസ്സം - പ്രാഥമിക ശുശ്രൂഷകള്‍

Share the Knowledge

പത്രത്താളുകളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന വാര്‍ത്ത ആണ് ശ്വാസനാളത്തില്‍ വസ്തുക്കള്‍ കുടുങ്ങി ആളുകള്‍ മരണപ്പെടുന്നത്, പ്രത്യേകിച്ച് കുട്ടികള്‍! അല്പം കരുതല്‍ ഉണ്ടായാല്‍ വലിയൊരു പരിധി വരെ ഇത്തരം സംഭവങ്ങള്‍ തടയാനും അത് പോലെ  ഇത്തരം ഒരു അവസ്ഥ ഉണ്ടായാല്‍ ചെയ്യേണ്ട പ്രാഥമിക കാര്യങ്ങള്‍ അറിഞ്ഞിരുന്നാല്‍ സമചിത്തത യോടെ ഇടപെട്ട് വിലയേറിയ ഒരു ജീവന്‍ തന്നെ രക്ഷിക്കാനും കഴിഞ്ഞേക്കാം.

കുട്ടികള്‍ തൊണ്ടയില്‍ കുടുങ്ങാന്‍ സാധ്യത ഉള്ള ചെറിയ വസ്തുക്കള്‍ എടുത്തു കളിക്കുന്നത് തടയുകയും അവരെ സ്ഥിരം നിരീക്ഷിക്കുന്നതും ചെയ്യുന്നത് പോലുള്ള  കരുതല്‍ നടപടികളെ കുറിച്ച് അധികം പറയേണ്ടതില്ലെന്ന് കരുതുന്നു,എന്നാല്‍ പ്രാഥമിക ശുശ്രൂഷകളെ കുറിച്ച് നമ്മുടെ ജനതയുടെ അവബോധം വളരെ കുറവാണെന്ന് പലപ്പോളും തോന്നിയിട്ടുള്ളതിനാല്‍ അതിനെക്കുറിച്ച് വിപുലീകരിക്കാം.

തൊണ്ടയില്‍ /ശ്വാസനാളത്തില്‍ വസ്തുക്കള്‍ കുടുങ്ങുന്നത് കൊണ്ട് ഉണ്ടാവുന്ന ശ്വാസ തടസ്സത്തിന്റെ ലക്ഷണങ്ങള്‍ 

ശ്വാസതടസ്സം നീണ്ടു നിന്നാല്‍ തലച്ചോറിലേക്കും മറ്റു പ്രധാന അവയവങ്ങളിലെക്കും ഉള്ള ഓക്സിജന്‍ വിതരണം തടസ്സപ്പെടുകയും രോഗി അബോധാവസ്ഥയില്‍ ആവുകയും വേണ്ട ഇടപെടലുകള്‍ നടത്താതെ ഇരുന്നാല്‍ മരണപ്പെടുകയും ചെയ്യുമെന്നതിനാല്‍ എത്രയും പെട്ടന്ന് വേണ്ടതു ചെയ്യേണ്ടതാണ്.

 • ഇത്തരത്തില്‍ ഉള്ള ഒരു വ്യക്തി കഴുത്തിനു താഴെ കൈകള്‍ അമര്‍ത്തി,പരിഭ്രാന്തനായി,വിവശനായി,വായില്‍ കൈ ഇട്ടു കൊണ്ട്  വസ്തു എടുക്കാന്‍ ശ്രമിക്കുന്ന അവസ്ഥയില്‍ ഒക്കെ  ആയിരിക്കും കാണപ്പെടുക.
 • ശ്വാസനാളം പൂര്‍ണ്ണമായി തടസ്സപ്പെട്ടിട്ടുണ്ട് എങ്കില്‍ സംസാരിക്കാന്‍ പറ്റാത്ത/ശ്വാസം വലിക്കാന്‍ /ശരിയായ രീതിയില്‍ ചുമയ്ക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ഒക്കെ ആയിരിക്കും.
 • ചുണ്ടുകള്‍,ചര്‍മ്മം,നഖത്തിന്റെ അടിയില്‍ ഒക്കെ നീല നിറം ആയി മാറാം രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതിന്റെ ലക്ഷണം ആണ് അത്.
 • ഇതിനൊക്കെ ശേഷം അബോധാവസ്ഥയിലായ രീതിയിലും രോഗി കാണപ്പെടാം.

ഭാഗികമായി ശ്വാസനാളം തടസ്സപ്പെടുമ്പോള്‍,

 • ശബ്ദത്തോടെ ഉള്ള ശ്വാസോച്ഛാസം,പ്രയാസപ്പെട്ടുള്ള ചുമ,ഓക്കാനം എന്നിവ ഒക്കെ ആയിരിക്കും കാണുക.

പ്രാഥമിക ശുശ്രുഷ എങ്ങനെ ?

അപകടത്തില്‍ പെട്ട ഒരു രോഗിക്ക് ശരിയായ വൈദ്യ സഹായം എത്തിക്കുന്നതിനു മുന്‍പുള്ള ഇടവേളയില്‍ പ്രാഥമികമായി ചെയ്യുന്ന ജീവന്‍രക്ഷാ ഉപാധികള്‍ ആണ് പ്രാഥമിക ശുശ്രൂഷ.

വസ്തുക്കള്‍ ശ്വാസനാളത്തില്‍ കുടുങ്ങിയ അവസരത്തില്‍ നല്‍കേണ്ട പ്രഥമ ശുശ്രൂഷയില്‍ പല രീതികളും ഉണ്ടെങ്കിലും “റെഡ്‌ ക്രോസ്” നിര്‍ദ്ദേശിക്കുന്ന “five-and-five” approach  അനുവര്‍ത്തിക്കുന്നത് ഉചിതം ആയിരിക്കും എന്ന് കരുതുന്നു.

5945076eb1a5074ad16132ffed25fb00

രോഗിയുടെ പുറകില്‍ നിന്ന് കൊണ്ട് ഉള്ള രണ്ടു പ്രക്രിയകള്‍  ആണ് ഇതില്‍ പ്രധാനം,

 1.  5 പ്രാവശ്യം രോഗിയുടെ തോളുകള്‍ക്ക് ഇടയില്‍ പുറത്തു  കയ്യുടെ പാത്തി (heel of your hand) കൊണ്ട് അത്യാവശ്യം ശക്തി ആയി മുന്‍പോട്ടു പ്രഹരം ഏല്‍പ്പിക്കുന്നതാണ് ആദ്യ നടപടി.(Give 5 back blows)
 2. Give 5 abdominal thrusts- 5 പ്രാവശ്യം  abdominal thrusts (Heimlich maneuver) അഥവാ രോഗിയുടെ വയറിനു മുകളില്‍ കൈകള്‍ ഉപയോഗിച്ച് മുകളിലേക്ക് ഉള്ള ദിശയില്‍ പ്രയോഗിക്കുന്ന മര്‍ദ്ദം.(ഇതെങ്ങനെയാണെന്ന് വിശദീകരിക്കുമ്പോള്‍ മനസ്സിലാവും.)

തടസ്സം ഉണ്ടാക്കുന്ന വസ്തു പുറത്തു വരുന്നത് വരെ/ശരിയായ വൈദ്യ സഹായം കിട്ടുന്നത് വരെ ഈ രണ്ടു പ്രക്രിയകളും ( 5 back blows – 5 abdominal thrusts)  ഒന്നിടവിട്ട് ആവര്‍ത്തിക്കുക ആണ് വേണ്ടത്.

പ്രധാനപ്പെട്ട നടപടി ആയ Heimlich maneuver ചെയ്യേണ്ടത് എങ്ങനെ ?

 • രോഗിയുടെ പുറകില്‍ നിന്ന് കൊണ്ട് മുന്പിലോട്ടു കൈകള്‍ ചുറ്റി പിടിക്കുക.നിങ്ങളുടെ കാലുകള്‍ അല്പം അകറ്റി നിന്ന് കൊണ്ട് സന്തുലനാവസ്ഥയില്‍ ആയിരിക്കണം നില്‍ക്കേണ്ടത്. രോഗിയെ അല്പം മുന്‍പോട്ടു കുനിച്ചു നിര്‍ത്തുക.
 • രണ്ടു കൈകളും വയറിനു/പുക്കിളിനു മുകളിലായി,വാരിയെല്ലിനു താഴെ ആയി  ചുറ്റി പിടിച്ചു കൊണ്ട് വേണം ഇത് ചെയ്യാന്‍.അതിനായി വശം ഉള്ള കൈ കൊണ്ട് (dominant hand ) കൊണ്ട് ഒരു മുഷ്ടി ഉണ്ടാക്കുക,തള്ള വിരല്‍ മുഷ്ട്ടിക്കു ഉള്ളില്‍ ആയി വേണം വരാന്‍,മറ്റേ കൈ ഇതിനു മുകളില്‍ ആയി പിടിച്ചു കൊണ്ട് ചുറ്റി പിടിക്കുക.

ഇതിനു ശേഷം ആണ് വയറിനു മുകളില്‍ Heimlich maneuver എന്ന് വിളിക്കപെടുന്ന പ്രക്രിയ ചെയ്യേണ്ടത്.

 

 • ചുറ്റി പിടിച്ച കൈകള്‍ അകത്തേക്കും മുകളിലേക്കും ഉള്ള ദിശയില്‍  ശക്തിയില്‍ ചലിപ്പിച്ചു Thrust കൊടുക്കുക ആണ് ചെയ്യേണ്ടത്.ഇംഗ്ലീഷ് അക്ഷരം  ” J ” യുടെ ആകൃതിയില്‍ ഉള്ള ദിശയില്‍,പിന്നെ മുകളിലോട്ടു ആയിരിക്കണം ഈ മര്‍ദ്ദം കൊടുക്കുന്ന പ്രക്രിയ.
 • രോഗിയെ പുറകില്‍ നിന്ന് മുകളിലേക്ക് പിടിച്ചു ഉയര്‍ത്തുന്നത് പോലെ ശക്തിയില്‍ വേണം ഈ പ്രക്രിയ ചെയ്യാന്‍.
 • അടുപ്പിച്ചു അടുപ്പിച്ചു അഞ്ചു പ്രാവശ്യം ഇത് ചെയ്യുക.അതിനു ശേഷം ഈ പ്രക്രിയ ഫലപ്രദം ആയാല്‍ രോഗി ചുമച്ചു കൊണ്ട് തടസ്സം ഉണ്ടാക്കുന്ന വസ്തു വെളിയില്‍ എടുക്കുന്നതായി കാണാം.

നിര്‍ണ്ണായക സമയത്ത് ഉള്ള ശരിയായ പ്രാഥമിക ശുശ്രൂഷ ഒരു വിലയേറിയ ജീവന്‍ തന്നെ രക്ഷിച്ചെക്കാം അത് കൊണ്ട് ഇത്തരം അറിവുകള്‍ ആവശ്യം വേണ്ടത് തന്നെ.

AppChokingAdult562x300

Image

ഒരു അഭിപ്രായം പറയൂ