പാമ്പാടും ചോല

Share the Knowledge

മുന്നാര്‍ വൈല്‍ഡ്‌ ലൈഫ് ഡിവിഷന്‍റെ കീഴിലുള്ളതാണ് പാമ്പാടും ചോല നാഷണല്‍ പാര്‍ക്ക്‌. കേരളത്തില്‍ അഞ്ചു നാഷണല്‍ പാര്‍ക്കുകളാണുള്ളത് സിംഹവാലന്‍ കുരങ്ങുകള്‍ ഉള്ള സൈലന്‍റെ വാലി, വരയാടുകളും നീല കുറിഞ്ഞിയുമുള്ള ഇരവികുളം പിന്നെ ആനമുടിച്ചോല, മതികെട്ടാന്‍ ചോല, പാമ്പാടും ചോല. വര എന്നതിന് പാറയില്‍ ഓടുന്നതു എന്നാണ് തമിഴില്‍ അര്‍ഥം അങ്ങനെയാണ് വരയാട് എന്ന നാമം വന്നത്. 2003 ല്‍ ആണ് അവസാനത്തെ മൂന്നു നാഷണല്‍ പാര്‍ക്ക്‌കളും നിലവില്‍ വന്നത്.  കേരളത്തിലെ ദേശീയോദ്യാനങ്ങളില്‍ ഏറ്റവും ചെറുതാണ് പാമ്പാടുംചോല ദേശീയോദ്യാനം. മൂന്നാര്‍ ടൗണില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയായാണ് ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. മൂന്നാറിലെ ടോപ്പ്സ്റ്റേഷന് സമീപത്തായി 1.318 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.  ഇവിടെയുള്ളത് ഷോല വനങ്ങളാണ്, വളരെയധികം പ്രാധാന്യം ഉള്ള ഇത്തരം വനങ്ങള്‍ക്ക് മുന്നൂറു മുതല്‍ നാനൂറു വര്ഷം വരെ പഴക്കം ഉണ്ട്. വട്ടവട ഗ്രാമത്തിന് വെള്ളം നല്‍കുന്നത് ഈ ഷോലയില്‍ നിന്നാണ്. സര്‍ക്കാരിന്റെ ജലനിധി പദ്ധതി പ്രകാരം വെള്ളം കൊണ്ടുപോകാനുള്ള പൈപ്പിന്‍റെ പണികള്‍ പുരോഗമിക്കുന്നു. 1970 വരെ ഇവിടെ ഷോലക്കാടുകളും പുല്‍മേടുകളും മാത്രമായിരുന്നു. തുകല്‍ ഊറയിടുന്നതിനുള്ള ടാരന്‍ നിര്‍മ്മിക്കുന്നതിനായി  വറ്റല്‍, യൂക്കാലിപ്സ് തുടങ്ങിയ മരങ്ങള്‍ ഇവിടെ വെച്ച് പിടിപ്പിച്ചു. പുല്‍മേടുകള്‍ വെട്ടി നശിപ്പിച്ചിട്ടാണ്  ഇത്തരം മരങ്ങള്‍ ഇവിടെ വെച്ച് പിടിപ്പിച്ചത്. ഇത്തരം മരങ്ങള്‍ അടിക്കാടുകളും പുല്‍മേടുകളും വളരാന്‍ അനുവദിക്കാറില്ല. അക്കാരണത്താല്‍ മൃഗങ്ങള്‍ ഇവിടെ നിന്നും അകന്നു തുടങ്ങി. മാത്രമല്ല ജലത്തിന്റെ അളവ് കുറയുകയും ചെയ്തു. ഇതിനൊരു പരിഹാരം എന്ന നിലയില്‍ വകുപ്പ് ഈ മരങ്ങളെ നശിപ്പിക്കാന്‍ തുടങ്ങി. തല്‍ഫലമായി പുല്‍മേടുകള്‍ ഉണ്ടായി, മൃഗങ്ങള്‍ വന്നു തുടങ്ങി.  പാമ്പാടും ചോലയുടെ ഭാഗമായുള്ള പട്ടിയാങ്കല്‍ എന്നയിടത് കഴിഞ്ഞ വര്ഷം ഉണ്ടായ കാട്ടുതീയില്‍ 39 ഹെക്ടര്‍ കാട് കത്തി നശിച്ചു, നശിച്ചവയെല്ലാം അക്വേഷ്യ (വറ്റല്‍ ) വിഭാഗത്തില്‍ പെട്ട മരങ്ങള്‍ ആയിരുന്നു. പക്ഷെ മരങ്ങള്‍ കത്തി നശിച്ച മൊട്ട കുന്നുകളിലെ മേല്‍ മണ്ണ് അടുത്ത മഴയില്‍ കുത്തി ഒലിച്ചു പോകാന്‍ സാധ്യതയുണ്ട്. അങ്ങനെ ഫലഭൂയിഷ്ടമായ മേല്‍മണ്ണ് നഷ്ടപെട്ടാല്‍ മൊട്ടകുന്നുകള്‍ മരുഭൂമിക്കു തുല്യമാകും. അത്തരം ഒരവസ്ഥ ഇല്ലാതിരിക്കാന്‍ വനം വകുപ്പ് പൊതുജനങ്ങളും, നേച്ചര്‍ ക്ലബ്‌കളും യാത്രാ കൂട്ടങ്ങളും, സ്കൂള്‍ കോളേജ് വിദ്യാര്‍ഥികളുമായും ചേര്‍ന്ന്  കത്തി നശിച്ച മരക്കഷണങ്ങള്‍ തടയണവെച്ച്  മണ്ണ്‍ ഒഴുകുന്നത്‌ തടയാനും, വളര്‍ന്നു വരുന്ന വറ്റല്‍ ചെടികളെ പിഴുതു കളയാനും തുടങ്ങിയിട്ടുണ്ട്.

പാമ്പാടും ചോലയില്‍  ഡോര്‍മിട്രി സൌകര്യമാണ് ഉള്ളത്. പത്തു മുപ്പതു പേര്‍ക്ക് താമസിക്കാം. ഒരാള്‍ക്ക് താമസവും ഭക്ഷണവും ഉള്‍പ്പടെ 300 രൂപയാണ്. അതല്ലാതെ കാടിനോട് ചേര്‍ന്ന് കുടിലുകളും ഉണ്ട്. കോടമൂടിയ കുളിരണിഞ്ഞ കാലാവസ്ഥയില്‍ രണ്ടു പേര്‍ക്ക് ഒരു രാത്രി താമസിക്കാന്‍ അവിടെ 3500 രൂപയാണ്. കാടിന് നടുവിലെ മലമുകളില്‍ രണ്ടു കുടിലുകള്‍. മൃഗങ്ങള്‍ കയറാതെ ഇരിക്കാന്‍  നാല് വശത്തും കിടങ്ങുകള്‍ തീര്‍ത്തിട്ടുണ്ട്. അതിനോട് ചേര്‍ന്ന് അവിടെ താമസിക്കുനവര്‍ക്ക് ഭക്ഷണം ഉണ്ടാക്കാനും കാവലിനും വരുന്നവര്‍ക്ക് വേണ്ടി മറ്റൊരു കുടില്‍. സ്കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് മുന്‍കൂട്ടി ബുക്ക്‌ ചെയ്താല്‍ ഡോര്‍മെട്രി ഫ്രീ ആണ്.

ഇക്കോടൂറിസം

വനംവകുപ്പും പ്രാദേശിക ആദിവാസി വിഭാഗങ്ങളുമായി ചേര്‍ന്ന് പാമ്പാടും ചോലയില്‍ എത്തിച്ചേരുന്ന സഞ്ചാരികള്‍ക്കായി ഇക്കോടൂറിസം ‌പരിപാടികള്‍ നടന്നുവരുന്നുണ്ട്. ട്രെക്കിംഗ്, ക്യാമ്പിംഗ് എന്നിവയാണ് ഈ പദ്ധതിയുടെ ഭാഗമായുള്ള പ്രധാന ആക്റ്റിവിറ്റികള്‍.

ട്രെക്കിംഗ്

മൂന്നാര്‍ – കൊടൈക്കനാല്‍ വന‌പാ‌തയിലൂടെ വണ്ടാരവിലെ വാ‌ച്ച് ടവര്‍ വരെയുള്ള ട്രെക്കിംഗ് ആണ് ഏറ്റവും ജനപ്രിയമായ ട്രെക്കിംഗ്. അധികാരികളുടെ അനുമതിയോ ഗൈഡുകളുടെ സഹയാമോ ഇല്ലാത്ത ട്രെക്കിംഗ് ഇവിടെ അനുവദനീയമല്ല. ചോല‌വനത്തി‌ലൂടെയും ട്രെക്ക് ചെയ്യാന്‍ അനുവാദമുണ്ട്.

ക്യാമ്പിംഗ്

പാമ്പാടും ചോല മലമുകളില്‍ വനംവകുപ്പിന്റെ ലോഗ്‌ഹൗസുകള്‍ ഉണ്ട് പാമ്പാടുംചോലയുടെ ഭാഗമായ കുറ്റിക്കാട്, നെടു‌വരപ്പ് എന്നീ സ്ഥലങ്ങളിലാണ് ലോഗ് ഹൗസുകള്‍ ഉള്ളത്. രണ്ട് പേര്‍ക്ക് താമസിക്കാവുന്ന ലോഗ് ഹൗസില്‍ താമസിക്കാന്‍ 3500 രൂപയാണ് ഭക്ഷണമുള്‍പ്പടെയുള്ള ചെലവ്.

അടികുറിപ്പ് : വനത്തിലേക്ക് യാത്ര പോകുന്നവര്‍, സഞ്ചാരികള്‍ പരിസ്ഥിതിയെകുറിച്ച് വാതോരാതെ സംസാരിക്കുന്നവര്‍, ഫോട്ടോ എടുക്കാന്‍ വേണ്ടി കാട് കയറുന്നവര്‍, നിങ്ങള്‍ക്കൊക്കെ ഒരവസരമാണിത്. വന പുനര്‍ നിര്‍മാണത്തില്‍ പങ്കെടുക്കാന്‍ ഒരവസരം. വര്‍ഷങ്ങള്‍ക്കു ശേഷം ഈ മൊട്ടകുന്നുകള്‍ പുല്‍മേടുകളായി മാറുമ്പോള്‍. കാട്ടുപോത്തും മാനും ആനയും മേയുമ്പോള്‍ അഭിമാനത്തോടെ നമുക്കും പറയാം ‘ഞാന്‍ കൂടി അദ്ധ്വാനിച്ചാണ് ഇവയുണ്ടായത്’ എന്ന്.

ബുക്കിംഗിനു വിളിക്കേണ്ട നമ്പര്‍: 8301024187, 04865231587

കടപ്പാട് :  ഫോട്ടോ  അജു ചിറക്കല്‍,  വിവരണം  : അജു ചിറക്കല്‍,  http://malayalam.nativeplanet.com

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ