അവസാനത്തെ മോഹികൻ (The Last of the Mohicans)

Share the Knowledge

പത്തൊൻപതാം നൂറ്റാണ്ടിലെ അമേരിക്കൻ സാഹിത്യകാരൻമാരിൽ പ്രശസ്തനാണ് അമേരിക്കൻ വാൾട്ടർ സ്കോട്ട് എന്നറിയപ്പെടുന്ന ജെയിംസ് ഫെനിമോർ കൂപ്പർ. അമേരിക്കൻ സാഹിത്യത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നൊവലിസ്റ്റായും അദ്ദേഹം കരുതപ്പെടുന്നു. പതിനേഴാം നൂറ്റാണ്ടിൽ വടക്കേ അമേരിക്കയുടെ കിഴക്കൻ തീരങ്ങളിൽ കോളനികൾ സ്ഥാപിച്ച യൂറോപ്പുകാർ ക്രമേണ തങ്ങളുടെ സാമ്രാജ്യം പടിഞ്ഞാറോട്ട് വ്യാപിപ്പിക്കാൻ ശ്രമിച്ചു തുടങ്ങി. ഇത് തദ്ദേശ വാസികളായ അമേരിക്കൻ ഇന്ത്യാക്കാരുമായി (Red Indians) പലപ്പോഴും ഏറ്റുമുട്ടലിലേക്ക് നയിച്ചു. കൂടാതെ വ്യാപാരത്തിന്റെ മെൽക്കൊയ്മക്കും മണ്ണിന്റെ ആധിപത്യത്തിനുമായി ബ്രിട്ടീഷുകാരും ഫ്രെഞ്ചുകാരും മറ്റു യൂറോപ്പ്യൻ കൊളോണിയൽ ശക്തികളും പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു. ഈ അതിർത്തിയുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ ജെയിംസ് കൂപ്പർ എഴുതിയ ലെതർസ്റ്റോക്കിംഗ് പരമ്പരയിൽ (Leatherstocking tales) പെട്ട ചരിത്രനോവലുകൾ ആണ് അദ്ദേഹത്തെ ലോകപ്രശസ്തനാക്കിയത്. മുൻഗാമികൾ (The Pioneers, 1823), അവസാനത്തെ മോഹികൻ (The Last of the Mohicans, 1826), പുൽമേടുകൾ (The Prairie, 1827), മാർഗദർശകൻ (The Pathfinder, 1840), മൃഗഹന്താവ് (The Deerslayer, 1841) എന്നീ അഞ്ചു പുസ്തകങ്ങളുള്ള ഈ പരമ്പരയിലെ നായകൻ ഹോക്ക് ഐ (Hawkeye) എന്നറിയപ്പെടുന്ന ഉന്നം പിഴക്കാതെ തോക്കുപയോഗിക്കുന്ന നഥാനിയൽ “നാറ്റി” ബംപോ എന്ന സാഹസികൻ ആണ്. ബ്രിട്ടീഷ് പാരമ്പര്യമുള്ള ഇദ്ദേഹം വളർന്നത് ഡിലവെയർ ഇന്ത്യാക്കാരോടൊപ്പം ആണ്. ഇദ്ദേഹത്തിന്റെ സന്തതസഹചാരി മൊഹികൻ (Mohican) എന്ന അമേരിക്കൻ ഇന്ത്യൻ ഗോത്രത്തിലെ അവസാനത്തെ തലവനായ ചിൻഗാച് ഗൂക്ക് (Chingachgook) ആണ്.

ലതർസ്റ്റൊക്കിങ്ങ് പരമ്പരയിലെ ഏറ്റവും പ്രശസ്തമായ നോവൽ രണ്ടാമതായി പ്രസിദ്ധീകരിക്കപ്പെട്ട “അവസാനത്തെ മോഹികൻ” ആണ്. ബ്രിട്ടീഷ്-ഫ്രഞ്ച്- അമേരിക്കൻ ഇന്ത്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ധീരതയുടെയും സാഹസികതയുടെയും പ്രണയത്തിന്റെയും കഥയാണ് ഈ നോവൽ. ഈ നോവലിൽ നമ്മുടെ ശ്രദ്ധ കൂടുതൽ ആകർഷിക്കുന്നത് ചിൻഗാച് ഗൂക്കിന്റെ മകനും അവസാനത്തെ മൊഹികൻ എന്ന വിശേഷണം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നവനുമായ അങ്കസ് (Uncas) ആണ്.

കോളനികൾ വികസിപ്പിക്കാനും ഉള്ളവ നിലനിർത്താനുമായി ഇംഗ്ലണ്ടും ഫ്രാൻസും 1756 മുതൽ 1763 വരെ മൂന്നു ഭൂഖണ്ടങ്ങളിലായി (യൂറോപ്പ്, വടക്കേ അമേരിക്ക, ഇന്ത്യ) നടത്തിയ യുദ്ധമാണ് (The Seven Years War) ഈ നോവലിന്റെ പശ്ചാത്തലം. വടക്കേ അമേരിക്കയിൽ ഇന്നത്തെ കാനഡയുടെയും അമേരിക്കയുടെയും അതിർത്തിയിലായി ന്യൂയോർക്ക് എന്ന വടക്ക് കിഴക്കൻ സംസ്ഥാനമാണ് ഈ യുദ്ധം നടന്ന ഒരു പ്രധാന പ്രദേശം. ഇന്നത്തെ കാനഡയുടെ കിഴക്കുള്ള പ്രദേശങ്ങൾ പ്രധാനമായും ഫ്രഞ്ച് കോളനികളും അമേരിക്കയുടെ കിഴക്കൻ തീരത്ത് ബ്രിട്ടീഷ് കോളനികളും ആയിരുന്നു. ബ്രിട്ടീഷുകാർ അപ്പലേച്ചിയൻ മലകൾ കടന്ന് പടിഞ്ഞാറോട്ട് വ്യാപാരകേന്ദ്രങ്ങൾ സ്ഥാപിച്ചത് ഫ്രെഞ്ചുകാരെ ചൊടിപ്പിച്ചു. ആ പ്രദേശങ്ങൾ തങ്ങളുടെതായി കരുതിയ ഫ്രെഞ്ചുകാർ ഓഹിയോ നദിയുടെയും മിസിസിപ്പിയുടെയും തീരങ്ങളിൽ തങ്ങളുടെ സൈനികസാന്നിദ്ധ്യം വർദ്ധിപ്പിച്ചു. 1757-ൽ ഫ്രഞ്ച് ജനറൽ മാർക്വിസ് മോണ്ട്കാം അമേരിക്കൻ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ഒരു വൻ സേനയുമായി ന്യൂയോർക്ക് സംസ്ഥാനത്തെ ജോർജ് തടാകത്തിന്റെ തീരത്തുള്ള ഇംഗ്ലീഷുകാരുടെ വില്ല്യം ഹെൻറി കോട്ട ആക്രമിച്ചു. വില്ല്യം ഹെൻറി കോട്ടയുടെ ചുമതലയുള്ള കേണൽ മൺറോ സഹായം ആവശ്യപ്പെട്ടുകൊണ്ട് 22 കിലോമീറ്റർ അകലെയുള്ള മറ്റൊരു ബ്രിട്ടീഷ് കോട്ടയായ എഡ്വേർഡ് ഫോർട്ടിലേക്ക് സന്ദേശമയച്ചു. എഡ്വേർഡ് ഫൊർട്ടിന്റെ ചുമതലയുണ്ടായിരുന്ന കേണൽ വെബ്ബ് ഏതാനും പടയാളികളെ അയച്ചുവെങ്കിലും അത് ഫ്രെഞ്ചുകാരെ നേരിടാൻ പര്യാപ്തമായിരുന്നില്ല. വീണ്ടും കൂടുതൽ പടയാളികളെ ആവശ്യപ്പെട്ടുകൊണ്ടുള്ള കേണൽ മൺറോയുടെ സന്ദേശത്തിന് മറുപടിയായി ഇപ്പോൾ അതിനുള്ള പടയാളികൾ ഇല്ല എന്നും ഫ്രഞ്ചുകാരോട് സന്ധിസംഭാഷണം നടത്താനും ഉപദേശിച്ചുകൊണ്ടു കേണൽ വെബ്ബ് മറുപടി അയച്ചു. എന്നാൽ ഈ സന്ദേശം പിടിച്ചെടുത്ത ഫ്രെഞ്ചുകാർ ബ്രിട്ടീഷുകാരുടെ ദൌർബല്യം മനസ്സിലാക്കുകയും വില്ല്യം ഹെൻറി കോട്ടയ്ക്കു നേരെ കനത്ത ആക്രമണം നടത്തുകയും ചെയ്തു. മനസ്സില്ലാമനസ്സോടെ കേണൽ മൺറോ ഫ്രെഞ്ചുകാർക്കു കീഴടങ്ങി. ബ്രിട്ടീഷുകാരെ വില്ല്യം ഹെൻറി കോട്ട ഉപേക്ഷിച്ചു എഡ്വേർഡ് ഫൊർട്ടിലേക്കു പോകാൻ ഫ്രെഞ്ചുകാർ അനുവദിച്ചു. എന്നാൽ പാലായനം ചെയ്ത ബ്രിട്ടീഷുകാരെ ഫ്രെഞ്ചുകാരുടെ എതിർപ്പ് വകവെക്കാതെ ഫ്രെഞ്ചുകാരുടെ തന്നെ സഖ്യകക്ഷികളായ മൂവായിരത്തോളം വരുന്ന അമേരിക്കൻ ഇന്ത്യാക്കാർ ആക്രമിക്കുകയും സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന നൂറോളം പേരെ വധിക്കുകയും അഞ്ഞൂറോളം പേരെ തടവുകാരാക്കുകയും ചെയ്തു.

ഈ ചരിത്രസംഭവത്തെ കൂപ്പർ തന്റെ ഭാവനയിലൂടെ വികസിപ്പിക്കുന്നു. എഡ്വേർഡ് ഫോർട്ടിൽ ഉണ്ടായിരുന്ന കേണൽ മൺറോയുടെ പെൺമക്കളായ കോറയും ആലീസും പിതാവിനെ കാണാനായി വില്ല്യം ഹെൻറി ഫോർട്ടിലേക്ക് യാത്ര തിരിക്കുന്നു. മഗുവ എന്ന ഹ്യൂറോൺ വർഗക്കാരനായ റെഡ് ഇന്ത്യാക്കാരനാണ് വഴികാട്ടി. കേണൽ മൺറോയോടുള്ള വിരോധം കാരണം രഹസ്യമായി ഫ്രെഞ്ചുകാരുമായി ധാരണയുണ്ടാക്കിയ ഒരു ഫ്രെഞ്ച് ചാരൻ ആണ് ഈ നോവലിലെ വില്ലൻ കഥാപാത്രമായ മഗുവ. അയാൾ കോറയെയും ആലീസിനെയും വില്ല്യം ഹെൻറി ഫോർട്ടിലേക്കെന്നു പറഞ്ഞ തെറ്റായ വഴിയിലൂടെയാണ് നയിച്ചത്. എന്നാൽ ഈ സമയം അവിടെ എത്തിയ ഹോക്ക് ഐയും അങ്കസും ചിൻഗാച് ഗൂക്കും അവരെ രക്ഷപ്പെടുത്തി. പിടിക്കപ്പെട്ടു എന്നറിഞ്ഞ മഗുവ അവിടെ നിന്നും തന്ത്രപൂർവ്വം രക്ഷപ്പെട്ടു. തുടർന്ന് അവർ ആലീസിനെയും കോറയെയും കേണൽ മൺറോയുടെ അടുത്തെത്തിച്ചു. ഇത് ജെനറൽ മോണ്ട്കാമിന്റെ നേതൃത്വത്തിൽ ഫ്രെഞ്ചുകാർ വില്ല്യം ഹെൻറി ഫോർട്ട് ആക്രമിക്കുന്ന സമയമായിരുന്നു. കീഴടങ്ങിയ ബ്രിട്ടീഷുകാർ ഇവിടം ഉപേക്ഷിച്ചു എഡ്വേർഡ് ഫോർട്ടിലേക്ക് യാത്രയാരംഭിച്ചു. ഈ സമയം പ്രതികാരത്തിനു അവസരം കാത്തു നിന്ന മഗുവ നിരവധി ഹ്യൂറോണുകളോടൊപ്പം ബ്രിട്ടീഷുകാരെ ആക്രമിക്കുകയും കോറയെയും ആലീസിനെയും തട്ടിക്കൊണ്ടുപോവുകയും ചെയ്തു. തന്നെ വിവാഹം ചെയ്യാൻ പലതവണ മഗുവ കോറയോട് ആവശ്യപ്പെട്ടുവെങ്കിലും എല്ലാത്തവണയും അവർ നിരസിക്കുകയായിരുന്നു. മാത്രവുമല്ല കോറയും അങ്കസും പ്രണയത്തിലാവുകയും ചെയ്തു. ഇവരെ പിന്തുടർന്ന ഹോക്ക് ഐയും അങ്കസും ആലീസിനെ രക്ഷപ്പെടുത്തി. പക്ഷെ മഗുവ കോറയെയും കൊണ്ട് രക്ഷപ്പെട്ടു. പിന്തുടർന്ന ഹോക്ക് ഐയും അങ്കസും കീഴ്ക്കാംതൂക്കായ ഒരു മലഞ്ചെരിവിൽ വെച്ച് മഗുവയുമായി ഏറ്റുമുട്ടി. ഇവിടെ വെച്ച് അങ്കസും കോറയും മഗുവയും കൊല്ലപ്പെട്ടു.

lastofthemohicans_613x463

പ്രശസ്തിയോടൊപ്പം വിമർശനങ്ങളും ഈ നോവൽ നേരിട്ടു. അനാവശ്യമായ വലിച്ചുനീട്ടലും പരസ്പര വൈരുധ്യങ്ങൾ നിറഞ്ഞതും ആയ പുസ്തകമെന്നു പ്രശസ്ത സാഹിത്യകാരനായ മാർക്ക് ട്വൈൻ ഈ നോവലിനെ വിലയിരുത്തി. കൂപ്പർ യൂറോ- അമേരിക്കക്കൊരോടുള്ള തന്റെ ചായ്വ് വ്യക്തമാക്കി അവർ റെഡ് ഇന്ത്യാക്കാരുടെ ഭൂമി കൈവശപ്പെടുത്തിയതിനെ ന്യായീകരിക്കുകയാണെന്നും വിമർശനം ഉയർന്നു. എന്തൊക്കെയാണെങ്കിലും ഈ മനോഹരമായ ചരിത്രാഖ്യായിക പതിനെട്ടു പത്തൊൻപത് നൂറ്റാണ്ടുകളിലെ അമേരിക്കൻ അതിർത്തികളിൽ ഉണ്ടായ സംഭവബഹുലമായ ബ്രിട്ടീഷ്- ഫ്രഞ്ച്- റെഡ് ഇന്ത്യൻ സംഘർഷങ്ങളിലേക്ക് നമ്മുടെ ഭാവനയെ കൂട്ടിക്കൊണ്ടു പോവുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ അമേരിക്കക്കാർക്ക് റെഡ് ഇന്ത്യൻസ് എന്നാൽ രക്തദാഹികളായ അപരിഷ്കൃതർ ആയിരുന്നു. എന്നാൽ അങ്കസ് എന്ന കഥാപാത്രവും അങ്കസും വെളുത്ത വർഗക്കാരിയായ കോറയും തമ്മിലുള്ള നിശബ്ദപ്രണയവും വെളുത്തവരുടെ ഈ ചിന്താഗതിയിൽ കുറെയെങ്കിലും മാറ്റം വരുത്തി. കൂടാതെ വെള്ളക്കാരൻ എന്ന ഭാണ്ടക്കെട്ട് ഉപേക്ഷിച്ചു റെഡ് ഇന്ത്യാക്കരോടൊപ്പം ജീവിച്ചു പിന്നീട് ചിൻഗാച് ഗൂക്കിന്റെ വളർത്തുമകൻ സ്ഥാനം സ്വീകരിക്കുന്ന ഹോക്ക് ഐയും വംശവെറി നിറഞ്ഞുനിന്നിരുന്ന ഒരു കാലഘട്ടത്തിൽ വെളുത്തവരെ മാറിചിന്തിപ്പിക്കാൻ പ്രേരിപ്പിച്ച ഘടകം ആയിരുന്നു. നിരവധി തവണ ഈ നോവൽ മൂലകൃതിയിൽ നിന്നും വ്യത്യാസങ്ങളോടെ സിനിമയാക്കപ്പെട്ടു (1920, 1936, 1947, 1950, 1965, 1968, 1992). 1920-ലേത് നിശബ്ദ ചിത്രം ആയിരുന്നു. ഇതിൽ അങ്കസിനാണ് പ്രാധാന്യം എങ്കിൽ 1992-ൽ ഡാനിയൽ ഡേ ലൂയിസ് (Daniel Day-Lewis) നായകനായി വന്ന ചിത്രത്തിൽ ഹോക്ക് ഐക്കാണ് പ്രാധാന്യം.

BY Roy Jacob

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ