വശ്യ മോഹിനിയാം പൂക്കോട് തടാകം...

Share the Knowledge

കൽപറ്റയിൽ നിന്നും കോഴിക്കോടെക്കുള്ള റോഡിലൂടെ സഞ്ചരിച്ചാൽ ഹൈവേയിൽ നിന്നും അൽപം ഉള്ളിലേക്ക് മാറി തിങ്ങി നിറഞ്ഞ കാടുകൾക്കും ഹരിത മലകൾക്കും നടുവിൽ കുഞ്ഞോളങ്ങളുമായി വയനാടിന്റ മണ്ണിൽ ഒളിച്ചിരിക്കുന്ന ഒരു തടാകമുണ്ട്.  ചുറ്റിനും നിറഞ്ഞു നിൽക്കുന്ന പച്ചില കാടുകൾക്ക് നടുവിലായി ഇളം കാറ്റിൽ കുഞ്ഞോളങ്ങളുമായി പൂക്കോട് തടാകം.  തടാകത്തിന് പുറകിലായി പച്ച പരവതാനി വിരിച്ചു നിൽകുന്ന കുന്നിൻ ചെരുവുകൾ. തടാകത്തിന് ചുറ്റിലും കാണുവാൻ മോഹിച്ച് നടക്കുവാൻ തുടങ്ങിയപോൾ കാടിന്റെ വൈവിധ്യങ്ങൾ നിറഞ്ഞ കാഴ്ച്ചകൾ മാത്രമായിരുന്നു എന്നെ കാത്തിരുന്നത്. കുന്നിൻ ചെരിവുകൾ താഴെ ഇടതൂർന്ന് നിൽക്കുന്ന പച്ചില കാടുകൾക്ക് നടുവിലായി ആരെയും മോഹിപ്പിക്കുന്ന തടാകം. കാട്ടുചോലകളും വളർന്ന് പന്തലിച്ച് നിൽക്കുന്ന വൻ മരങ്ങളുടെ ശിഖിരങ്ങളും താഴേക്ക് നീണ്ട് പോയ്കയിലെക്ക് മുഖം നോക്കി നിൽക്കുകയാണ്.

തടാകത്തിലെ തെളിഞ്ഞ വെള്ളത്തിൽ ചുറ്റിലുമുള്ളതെല്ലാം കണ്ണാടി പോലെ പ്രതിഫലിച്ച് നിൽക്കുന്നു. മുഖം മനസ്സിന്റെ കണ്ണാടിയെന്ന് പറയുന്നത് പോലെ ഇവിടെ തടാകത്തിന് ചുറ്റിലുമുള്ള കാടുകളെല്ലാം തടാകത്തെ സംരക്ഷിക്കുന്നു. താഴേക്ക് നോക്കിയാൽ ചുറ്റിലുമുള്ള പ്രകൃതി ഭംഗിയെല്ലാം തെളിഞ്ഞു കാണാനാകുന്നുണ്ട്. ചിലയിടങ്ങളിൽ ആമ്പൽ ചെടികളും പായലുകളും നിറഞ്ഞു നിൽക്കുന്നുണ്ട്.

മേഘാവൃതമായ നീലാകാശം തടാകത്തിൽ മുഖം കാണിച്ച് കണ്ണാടി പോൽ പ്രതിഫലിച്ച് നിൽക്കുന്നു. പെഡൽ ബോട്ടുകൾ സൃഷ്ടിക്കുന്ന ഓളങ്ങൾ നീലാകാശത്തിന്റെ പ്രതിഫലനം തടാകത്തിൽ നോക്കി ആസ്വതിക്കുന്നതിനു ചിലപ്പോൾ തടസങ്ങൾ സൃഷ്ടിക്കുകയാണ്. ചുറ്റിനും തിങ്ങിനിറഞ്ഞ കാടുകളിൽ നിന്നും പൊഴിഞ്ഞ കാട്ട് പൂക്കൾ പൊയ്കയിലെ ആമ്പൽ പൂക്കൾക്കിടയിൽ ഒഴുകി നടക്കുന്നത് കാണാം. കാടുകളുടെ ഇടയിലൂടെ നോക്കുമ്പോൾ അങ്ങ് ദൂരെ നീല മലകൾ മഞ്ഞ് പുതച്ച് നിൽക്കുന്നത് കാണാം. മഞ്ഞ് മൂടിയ മലനിരകൾ വയനാടുകാർക്ക് പുതുമയല്ലെങ്കിലും ചുരം കയറിയെത്തുന്ന സന്ദർശകരുടെ ക്യാമറക്കണ്ണുകൾക്ക് വയനാടിന്റെ മലനിരകളുടെ ഭംഗി എന്നും കൗതുകം നിറഞ്ഞതാണ്‌.  തടാകത്തിനു ചുറ്റുമായി കാഴ്ച്ചകൾ കണ്ടു നടക്കുവാൻ കാടിന് നടുവിലൂടെ വള്ളികളും മരങ്ങളും ഇടതൂർന്ന് തിങ്ങി നിറഞ്ഞ വഴികളുണ്ട്. ക്ഷീണം മാറ്റി വിശ്രമിക്കുവാനായി ഇടക്കിടെ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. തടാകത്തിനെയും കാടിനേയും വേർതിരിക്കുന്ന ഇരുൾ മൂടിയ കാട്ടു വഴികളിലൂടെ അൽപ നേരം ശുദ്ധവായുവും ശ്വസിച്ച് സ്വസ്ഥമായി നടക്കാം. കണ്ണുകൾക്ക് ഹരിത ഭംഗിയും ചെവികൾക്ക് കിളിനാദവും ശരീരത്തിന് കുളിരും മനസ്സിന് ആവേശവും അങ്ങനെ നാട്ടു വഴികളിലൂടെ നടക്കുന്ന എല്ലാ വികാരങ്ങളും ഈ വഴികൾ നമുക്ക് നൽകും.  

കാനന ചോലയിലൂടെ ഇഴഞ്ഞ് നീങ്ങികൊണ്ടുള്ള ബോട്ട് സവാരി ആരാണ് ഇഷ്ട്ടപെടാതിരിക്കുക. തടാകത്തിൽ ബോട്ട് സവാരി ഇഷ്ട്ടമുള്ളവർക്ക് അതിനും അവസരമുണ്ട്. നിശബ്ദമായ ഈ തടാകത്തിൽ യന്ത്രവൽകൃത ബോട്ടുകളില്ലാത്തതിനാൽ തടാകത്തിൽ വലിയ ഓളങ്ങളുടെ അലയടികളുമില്ല. രണ്ടും നാലും സീറ്റുകളുള്ള വള്ളങ്ങളാണ് തടാകത്തിൽ യാത്രക്കായി ഉപയോഗിക്കുന്നത്. ഇഷ്ട്ടാനുസരണം കാലുകൾകൊണ്ട് പതുക്കെ ചവിട്ടി കറക്കികൊണ്ട് തടാകത്തെ വേദനിപ്പിക്കാതെ തടാകം മുഴുവൻ ബോട്ടിൽ ചുറ്റി കറങ്ങി കണ്ട് തിരിച്ചു വരുമ്പോൾ കിട്ടുന്ന സംതൃപ്തി മറ്റൊരിടത്തും ലഭിക്കുകയില്ല.

ആമ്പൽ പൂക്കൾക്ക് പുറമേ തടാകത്തിന് ചുറ്റിലുമുള്ള മരങ്ങൾ പൂക്കൾകൊഴിച്ച് എന്റെ യാത്രക്ക് അനുഗ്രഹം ചൊരിഞ്ഞത് പോലെ തടാകത്തിൽ നിറയെ വീണ് കിടപ്പുണ്ട്. തടാകത്തിന് ചുറ്റുമുള്ള കാടിന് നടുവിലൂടെയുള്ള കാഴ്ച്ചകളും കാമറയിലാക്കി മതിവരാത്ത നടത്തം തന്നെയാണ് ബോട്ട് യാത്രയെക്കൾ രസകരം. 13 ഏക്കറോളം വിസ്തീർണമുള്ള ഈ തടാകത്തിന് ചിലയിടങ്ങളിൽ 6 മീറ്ററോളം ആഴവമുണ്ട്. പൂക്കോട് തടാകത്തിൽ മാത്രം കാണുവാൻ കഴിയുന്ന മത്സ്യങ്ങളായ പൂക്കോടൻ പരൽ വെള്ളത്തിൽ ഓടി നടക്കുന്നത് കാണാം.  പൂക്കോട് തടാകം സന്ദർശിച്ചവർക്ക് ഓർമയിൽ സൂക്ഷിക്കുവാൻ മറ്റൊരു സംഭവം കൂടെയുണ്ട്. പുഴ മത്സ്യങ്ങളെ നിറച്ചിട്ടുള്ള ടാങ്കിന് മുകളിൽ ഇരുന്നുകൊണ്ട് വെള്ളത്തിൽ കാൽ തൊടുമ്പോൾ ടാങ്കിനകത്തുള്ള പരൽ മീനുകളെല്ലാം കൂട്ടമായി വന്ന് കാലിനെ ഇക്കിളിപെടുത്തുന്നത് രസകരമായ അനുഭവമാണ്. ശുദ്ധ ജല മത്സ്യങ്ങളെ വളർത്തുന്ന അക്വറിയവും അതോടൊപ്പം ഒരു ഹരിത ഗൃഹവും ഇവിടെയുണ്ട്. 

സമ്പൽ സമൃദ്ധമായ ഈ കാടും പരിസരങ്ങളുമെല്ലാം ജൈവ വൈവിധ്യങ്ങളുടെ കലവറയാണ്. നമ്മൾ നമ്മുടെ മനസ്സിൽ ചില രഹസ്യങ്ങൾ സൂക്ഷിക്കുന്നത് പോലെ ഇവിടെയുള്ള കാടുകളും കാട്ടുചോലകളും മനുഷ്യർക്ക് മനസ്സിലാക്കുവാൻ കഴിയുന്നതിനും അപ്പുറം പ്രകൃതിയുടെത് മാത്രമായ ധാരാളം രഹസ്യങ്ങൾ സൂക്ഷിച്ച് പോരുന്നു. കാടിന്റെ രഹസ്യങ്ങൾ കാടിന് മാത്രമറിയുന്ന കാലങ്ങളായി സംരക്ഷിച്ച് പോരുന്ന പ്രകൃതിയുടെ നില നിൽപ്പിന് ആവശ്യമായ രഹസ്യങ്ങളാണ്.

കാടുകൾ തെളിച്ചും വനങ്ങൾ നശിപ്പിച്ചും കാട് കൈയേറിയുമെല്ലാം നമ്മൾ പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ ഒരു കാര്യം എന്നും ഓർക്കുന്നത് മനുഷ്യരാശിക്ക് ഗുണം ചെയ്യും. ഓരോ കാടും ആ പ്രദേശത്തിന്റെ കാലാവസ്ഥാ നിയന്ത്രണത്തിലും മഴയുടെ ലഭ്യതയിയും വലിയ സ്ഥാനം വഹിക്കുനുണ്ട്. എന്തെന്നാൽ ഒരു കാട് നശിപ്പിക്കുവാൻ നിമിഷങ്ങൾ മതിയാവും എന്നാൽ ഒരായിരം ചെടികൾ വളർന്ന് വലുതായി ഒരു കാട് പിറവിയെടുക്കുവാൻ മനുഷ്യായുസ്സിനെക്കാൾ കാലതാമസങ്ങൾ ഉണ്ടാവും.

ഒരു കാലത്ത് വയനാട്ടിലേക്ക് പോവുകയാണ് എന്നൊക്കെ പറയുമ്പോൾ ഊട്ടിയിലേക്ക് പോകുന്നത് പോലെയുള്ള സന്തോഷമായിരുന്നു. ഊട്ടിയിൽ പോയവർ പറയാറുള്ളത് ഭയങ്കര മഞ്ഞാണ് തണുപ്പാണ് എന്നൊക്കെയായിരുന്നു അങ്ങനെയെങ്കിൽ പാവങ്ങളുടെ ഊട്ടിയായ വയനാടിനും ഊട്ടിയുടെ എല്ലാ സൗന്ദര്യവുമുണ്ട്. ഏലവും കാപ്പിയും തേയിലയും ഓറഞ്ചും ഗ്രാമ്പൂവും ചോളവും അങ്ങനെ മണ്ണിൽ വിതക്കുന്നതെന്തും വിളയുന്ന മണ്ണാണ് വയനാടിന്റെത്.

എന്നാൽ വന നശീകരണവും അനധികൃത പാറ ഘനനവും അന്തരീക്ഷ മലിനീകരണവുമെല്ലാം കാരണം ഇന്ന് വയനാടിന്റെ സൗന്ദര്യവും നശിച്ച് കൊണ്ടിരിക്കുകയാണ്. എന്നും രാവിലെ മൂടികെട്ടിയ കോട മഞ്ഞും ഈർപ്പം നിറഞ്ഞ തണുത്ത കാലാവസ്ഥയും ഒക്കെയായി നില നിന്നിരുന്ന വയനാടിന്റെ പഴയ സൗന്ദര്യത്തിന് ഇന്ന് വല്ലാതെ കോട്ടം തട്ടി തുടങ്ങിയിരിക്കുന്നു.

വയലുകളുടെയും കർഷകരുടെയും നാടായ വയനാട്ടിൽ ഇന്ന് കർഷകരും നെൽ കൃഷിയും കുറഞ്ഞ് വന്നിരിക്കുകയാണ്. സുഗന്ധം വീശുന്ന കാറ്റും പ്രകൃതി ഭംഗിയൊക്കെയായി മറ്റു ജില്ലകൾക്കില്ലാത്ത ഒരുപാട് പ്രത്യേകതകൾ വയനാടിന്റെ മാത്രം സ്വന്തമാണ്. ചരിത്രങ്ങളുറങ്ങുന്ന വയനാടിന്റെ സൗന്ദര്യം പ്രകൃതി കനിഞ്ഞ് നൽകിയ വരദാനമാണ്.

കണ്ണെത്താ ദൂരത്തോളം വിരിഞ്ഞു നിൽക്കുന്ന കാപ്പി പൂക്കളുടെ സുഗന്ധവും ഇടക്കിടെയുള്ള ചാറ്റൽ മഴയും കാടുകളിൽ നിന്നും ഒഴുകിയെത്തുന്ന പാലരുവികളും പുള്ളിമാനുകൾ ഓടിച്ചാടി നടക്കുന്ന കാനന പാതകളും ആനകളുടെ ചിന്നം വിളികളും മലയണ്ണാൻ തുള്ളിച്ചാടി ശബ്ദ മുകരിതമാക്കുന്ന കാടുകളും ചുരങ്ങളിൽ തെന്നി നീങ്ങുന്ന കോടമഞ്ഞും ഏലക്കായ ചെടികൾ പൂവിട്ട് നിൽക്കുന്ന കവുങ്ങിൻ തോട്ടങ്ങളും കൊറ്റികൾ വിരുന്നെത്തുന്ന കൊയ്ത്ത് പാട്ടുകൾ നിലക്കാത്ത വയലുകളും കാപ്പി പൊടിയുടെ ഗന്ധവും നാവിൽ രുചി പകരുന്ന ചായ തോട്ടവുമെല്ലാം വയനാടിന് നശിക്കാതെ നിലനിൽക്കുന്ന കാലത്തോളം അങ്ങ് ഇറ്റലിയിലും ലണ്ടനിലും അമേരിക്കയിലുമുള്ള വിദേശികൾക്കും കേരളത്തിലെ അന്യ സംസ്ഥാനക്കാർക്കും വയനാട് എന്നും പ്രിയപ്പെട്ടതാണ്.

എന്തിനേറെ പറയണം വയനാടിന്റെ താഴ്വാരങ്ങളിലുള്ള ഞങ്ങളെ പോലെയുള്ളവർക്ക് പോലും ആന വണ്ടികളിൽ കയറി ചുരങ്ങളും കുന്നും മലയും താണ്ടി ചെന്ന് നൂറ് വട്ടം വയനാട് കണ്ടിട്ടും അടുത്ത തവണ വീണ്ടും വയനാട്ടിൽ കാല് കുത്തി തിരികെ ചുരമിറങ്ങുമ്പോൾ കുളിരുന്ന ഒരു പാട് പുതിയ ഓർമ്മകളുടെ അനുഭവങ്ങൾ പങ്ക് വെക്കുവാനുണ്ടാവും. വയനാടിന്റെ മണ്ണിൽ സ്വസ്ഥമായി വിരിയുന്ന പൂക്കൾ മറ്റൊരിടത്തും ഇത്രയധികം ഭംഗിയോടെ വിടർന്ന് നിൽക്കുന്നത് ഞാൻ കണ്ടിട്ടില്ല.

……..സുഗന്ധ ഗ്രാമം സുന്ദര ഗ്രാമം എന്ന പേര് ചരിത്രങ്ങളുറങ്ങുന്ന വയനാടിന് എന്നും നിലനിർത്തുവാൻ കഴിയട്ടെ…….

<

p class=”posted-by”>By Navas.k

http://navasperavoor.blogspot.ae

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ