ഓപ്പറേഷൻ പവൻ(Operation Pawan)

Share the Knowledge

1987-ല്‍ ശ്രീലങ്കയിലെ സിംഹളരും,തമിൾ വംശജരും(LTTE) തമ്മിലുള്ള കലാപങ്ങളും,ആക്രമണങ്ങളും കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം.ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയും ശ്രീലങ്കന്‍ പ്രസിഡണ്ട്‌ ജയവര്‍ദ്ധനെയും തമ്മില്‍ ഒരു കരാർ ഒപ്പുവച്ചു. ശ്രീലങ്കയിലെ സമാധാനാന്തരിക്ഷം നിലനിർത്തുന്നതിനായി ഇന്ത്യൻ സൈന്യത്തെ അയക്കാം എന്നതായിരുന്നു ഇതിലെ പ്രധാന വ്യവസ്ഥ.കരാറിലെ ധാരണപ്രകാരം തമിഴ് വംശജര്‍ തിങ്ങിപ്പാര്‍ക്കുന്ന വടക്കന്‍ പ്രവിശ്യകളുടെ ഭരണാവകാശം ഭാഗികമായി തമിഴ് സംഘടനകള്‍ക്ക് നല്കാന്‍ തീരുമാനമായി. കൂടാതെ തമിഴ് ഭാഷയ്ക്ക് ഔദ്യോഗികമായ അംഗീകാരം നല്കാനും ഇതിനോടൊപ്പം തീരുമാനമായി.1983 മുതൽ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം റോ (RAW ) ശ്രീലങ്കയിലെ തമിൾ സംഘടനകൾക്കും,LTTE-ക്കും നൽകിവന്നിരുന്ന സഹായവും സഹകരണവും ആയുധ പരിശീലനവും നിര്‍ത്തിവച്ചു.കൂടുതല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാനും ഒരു വെടിനിര്‍ത്തല്‍ കരാറിന്റെ ആവശ്യം മുന്നില്‍ കണ്ടുകൊണ്ടും ഇന്ത്യന്‍ പ്രതിരോധമന്ത്രിയായിരുന്ന വി.പി.സിംഗിന്റെ മേല്‍നോട്ടത്തില്‍ ഇന്ത്യയില്‍നിന്നും സമാധാനപരിപാലനസേനയെ (Indian Peace Keeping Force) ശ്രീലങ്കയുടെ വടക്ക്-കിഴക്കന്‍ മേഖലകളില്‍ വിന്യസിപ്പിക്കാനുള്ള കരാര്‍ നടപ്പിലാക്കി.ആ കാലത്ത് ശ്രീലങ്കയുടെ വടക്ക്,കിഴക്ക് ഭാഗങ്ങളിലെ നിർണ്ണായക മേഖലകൾ ജാഫ്ന ഉപദ്വീപ് ഉൾപ്പെടെ LTTE-യുടെ നിയന്ത്രണങ്ങളിലായിരുന്നു.തമിഴ് പുലികളെ കണ്ടെത്തി നിരായുധീകരണം നടത്തി,പ്രശ്നങ്ങള്‍ക്ക് സമാധാനപരമായ ഒത്തുതീര്‍പ്പുണ്ടാക്കുക എന്ന ലക്ഷ്യവുമായി ശ്രീലങ്കയില്‍ വന്നെത്തിയ ഇന്ത്യന്‍സേനയെ കാത്തിരുന്നത് 3 കൊല്ലം നീണ്ട പോരാട്ടങ്ങളും ദുരിതക്ലേശങ്ങളുമാണ്.ജാഫ്‌ന മുനമ്പ്‌ തമിഴ്‌പുലികളില്‍ നിന്ന്‌ പിടിച്ചെടുക്കാന്‍ ഹെലികോപ്‌റ്റര്‍ ഗണ്‍ഷിപ്പുകളും അത്യാധുനിക ആയുധങ്ങളുമായി പൊരുതിയ ഇന്ത്യന്‍ സൈന്യം ഒരു ചെറിയൊരു പാലം കടക്കാനെടുത്തത്‌ 3 മണിക്കൂര്‍.അത്രയ്‌ക്ക്‌ ശക്തമായിരുന്നു LTTE-യുടെ ചെറുത്തുനില്‌പ്‌ .

പാലത്തിനക്കരെയുണ്ടായിരുന്നത്‌ കാലില്‍ ചെരിപ്പു പോലുമില്ലാത്ത രണ്ടു പെണ്‍പുലികള്‍. ടി 72 ടാങ്കുകളും ബി.എം.പി 1 കവചിതവാഹനങ്ങളുമായി ഇന്ത്യന്‍ സൈന്യവും ശ്രീലങ്കന്‍ സൈന്യവും ഒത്തൊരുമിച്ച്‌ ശ്രമിച്ചിട്ടും ഓപ്പറേഷന്‍ പവന്‍ പുര്‍ണവിജയമായിരുന്നില്ല. മൈനുകളും സ്റ്റിങുകളും ചാവേര്‍ബോംബുകളുമായി ഒളിയാക്രമണം നടത്തിയ പുലികള്‍ ഡല്‍ഹിയെയും കൊളംബോയെയും ഒരു പോലെ വിറപ്പിച്ചു. കാര്‍ഗില്‍ യുദ്ധത്തെക്കാള്‍ ഇന്ത്യന്‍ സൈന്യത്തിന്‌ നാശനഷ്ടങ്ങളുണ്ടാക്കിയത്‌ 1987ലെ ഈ യുദ്ധമായിരുന്നു.ഏകദേശം16 ദിവസത്തിനുള്ളിൽ ഇന്ത്യൻ സമാധാന സേനക്ക് 15 ഉയർന്ന ഓഫീസർമാർ ഉൾപ്പെടെ 250-ഓളം പേരെ നഷ്ട്ടമായി.700-ലേറെ പേർക്ക് പരിക്ക് പറ്റി.35-ലേറെ പേരെ കാണാതായി. ഇന്ത്യന്‍ നേവിയും കരസേനയും വ്യോമസേനയും ഒത്തൊരുമിച്ച് ശ്രമിച്ചിട്ടും പുലികളെ തളർത്താൻ കഴിഞ്ഞില്ല എന്നത് ചരിത്രം. 3 വർഷത്തോളം ഇന്ത്യൻ സേന ശ്രീലങ്കയിൽ തുടർന്നു.ഒടുവിലത്തെ കണക്കുകള്‍പ്രകാരം ആയിരത്തി ഇരുനൂറിലധികം ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും മൂവായിരത്തിലധികം സൈനികര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. കൂടാതെ എണ്ണായിരത്തില്‍പ്പരം തമിഴ് പുലികള്‍ കൊല്ലപ്പെടുകയും അത്ര തന്നെ പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു.

ഈ സൈനീക നീക്കത്തിന്റെ ഭാഗമായി മേജർ രാമസ്വാമി പരമേശ്വരൻ(മുംബൈ സ്വദേശി) ഉൾപ്പെട്ടിരുന്ന മഹർ റെജിമെന്റ് ശ്രീലങ്കയിലെത്തി. 1987 നവംബർ 25നു രാത്രിയിൽ പതിവ് പെട്രോളിങ്ങ് നടത്തി തിരികെ വരികയായിരുന്ന പരമേശ്വരന്റേയും സംഘത്തിന്റേയും മുൻപിൽ ഒരു സംഘം സായുധ തീവ്രവാദികൾ ചാടി വീണു.അല്പം പോലും മനസാന്നിധ്യം കൈവിടാതെ പരമേശ്വരനും സംഘവും അക്രമികൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ടു. ഇതിനിടയിൽ അക്രമികളിൽ ഒരാൾ പരമേശ്വരന്റെ നെഞ്ചിലേക്ക് നിറയൊഴിച്ചു. ഉടൻ തന്നെ അദ്ദേഹം ആ അക്രമിയുടെ കയ്യിൽ നിന്നും തോക്ക് പിടിച്ച് വാങ്ങി തിരികെ നിറയൊഴിച്ചു. ഇതിനിടയിൽ മാരകമായി മുറിവേറ്റ അദ്ദേഹം വീണുപോയെങ്കിലും അവസാനശ്വാസം വരേയും തന്റെ സഹപവത്തകർക്ക് ധൈര്യവും നിർദ്ദേശങ്ങളും നൽകാൻ മറന്നില്ല. പോരാട്ടത്തിനൊടുവിൽ അവർ അക്രമികളെയെല്ലാം ഇന്ത്യൻ സൈന്യം കീഴടക്കി.അന്ന് മേജർ രാമസ്വാമിക്ക് 41 വയസ്സായിരുന്നു പ്രായം.മേജർ രാമസ്വാമി പരമേശ്വരന്റെ ഈ ധീരവും ത്യാഗോജ്വലവുമായ പ്രവർത്തിക്ക് രാജ്യം അദ്ദേഹത്തിന് പരമോന്നത ബഹുമതിയായ പരമവീര ചക്രം നൽകി ആദരിച്ചു.

അതേസമയം മനുഷ്യാവകാശലംഘനത്തിന്റെ പേരില്‍ ഇന്ത്യന്‍ സേനയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും പ്രക്ഷോഭങ്ങളും തമിഴ് വംശജര്‍ പ്രകടിപ്പിച്ചു.പ്രായപൂർത്തി ആയവരും,ആകാത്തവരുമായ പെണ്‍കുട്ടികൾ,സ്ത്രീകൾ ഉൾപ്പെടെ ഇന്ത്യൻ സമാധാന സേന ലൈംഗീകമായും,അല്ലാതെയും പീഡിപ്പിച്ചുവെന്നും  LTTE ആരോപിച്ചു.ഒരു രാജ്യത്ത് മറ്റൊരു രാജ്യത്തെ പട്ടാളം ഇറങ്ങിയാൽ എന്തൊക്കെ സംഭവിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നതെയുള്ളൂ. ഇന്ത്യക്കകത്തും അന്താരാഷ്ട്ര തലത്തിലും പ്രതിക്ഷേധങ്ങൾ ശക്തമായതിനെ തുടര്‍ന്ന് 1990 മാര്‍ച്ചില്‍ ശ്രീലങ്കന്‍ രാഷ്ട്രപതി പ്രേമദാസയുടെ അഭ്യര്‍ത്ഥനപ്രകാരം ഇന്ത്യന്‍ സേനയെ ശ്രീലങ്കയില്‍നിന്നും തിരിച്ചു വിളിക്കാന്‍ ഇന്ത്യ തീരുമാനിച്ചു.തുടര്‍ന്നുണ്ടായ സമാധാനചര്‍ച്ചകള്‍ ഒരു താല്ക്കാലിക വെടിനിര്‍ത്തല്‍ കരാറില്‍ കലാശിച്ചെങ്കിലും,ആദ്യകാലങ്ങളിൽ തമിഴ്‌ ദേശീയതയുടെ പേരില്‍ ഇന്ത്യയുടെ സുഹൃത്തായിരുന്ന പ്രഭാകരന്‍ ഇന്ത്യന്‍ സമാധാനസേനയുടെ ഇടപെടലോടെ സുഹൃത്ത്‌ അല്ലാതാവുകയും ഇതിന്റെ പ്രതികാരമായി ഇന്ത്യൻ പ്രധാന മന്ത്രി രാജീവ്‌ ഗാന്ധിയെ തന്നെ ഇല്ലാതാക്കുക എന്ന കടുത്ത തീരുമാനത്തിലേക്ക് LTTE എത്തുകയും ചെയ്തു.

1991-ഇൽ ശ്രീപെരുമ്പത്തൂരിൽ വെച്ച് ഒരു തിരഞ്ഞെടുപ്പ് പ്രചരണ സമ്മേളനത്തിൽ വെച്ച് ഇന്ത്യൻ പ്രധാന മന്ത്രി രാജീവ്‌ ഗാന്ധി ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.എൽ.ടി.ടി.ഇ അംഗമായ തേന്മൊഴി ഗായത്രി രാജരത്നം (തനു) എന്ന സ്ത്രീയാണ് ആത്മഹത്യാ ബോംബർ ആയി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത്.ശിവരശൻ എന്ന എൽ.ടി.ടി.ഇ. നേതാവ് ഈ കൊലപാതകത്തിന് സൂത്രധാരകനായിരുന്നു. പ്രസംഗ വേദിക്കരികിലുള്ള ഇന്ദിരാ ഗാന്ധിയുടെ പ്രതിമയിൽ മാല അണിയിച്ചശേഷം ചുവപ്പു പരവതാനിയിട്ട വഴിയിലൂടെ വേദിക്കരികിലേക്കു നടക്കുന്ന വഴിയിലാണ് തനുവും കൂട്ടാളികളും കാത്തുനിന്നിരുന്നത്.രാജീവ്‌ ഗാന്ധിയെ സ്വീകരിക്കാൻ സുരക്ഷാപരിശോധന കഴിഞ്ഞ ആളുകൾ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്.എന്നാൽ രാജീവ് ഗാന്ധി വരുന്ന തിക്കിലും തിരക്കിലും സുരക്ഷാ ഭടന്മാരുടെ കണ്ണുവെട്ടിച്ച്, തനു തന്റെ ശരീരത്തിൽ ചേർത്തു കെട്ടിയ ബോംബുമായി രാജീവ്‌ ഗാന്ധിയുടെ അരികിലേക്കെത്തുകയായിരുന്നു.തിരക്കിട്ട് രാജീവ്‌ ഗാന്ധിയുടെ അടുത്തേക്ക് വന്ന തനുവിനെ സുരക്ഷാ ഉദ്യോഗസ്ഥയായ അനസൂയ തള്ളിമാറ്റിയെങ്കിലും രാജീവ്‌ ഗാന്ധി കയ്യുയർത്തി അനസൂയയെ തടയുകയായിരുന്നു.സമയം ഏകദേശം രാത്രി 10.10-ന് രാജീവ്‌ ഗാന്ധിയുടെ കഴുത്തിൽ ഹാരം അണിയിച്ചശേഷം, കാലിൽ സ്പർശിക്കാനെന്ന വ്യാജേന കുമ്പിട്ട തനു തന്റെ ശരീരത്തിലുള്ള ബോംബിന്റെ ഡിറ്റോണെറ്ററിൽ വിരലമർത്തുകയായിരുന്നു എന്നു പറയപ്പെടുന്നു.ശക്തമായ സ്ഫോടനമായിരുന്നു പിന്നീട്. രാജീവ്‌ ഗാന്ധിയുടെ ചുറ്റും നിന്നിരുന്ന പതിനഞ്ചു പേർ മരിച്ചു. മാംസം കരിഞ്ഞമണവും പുകയുമായിരുന്നു അവിടെ കുറേ നേരത്തേക്ക്. രാജീവ്‌ ഗാന്ധി സ്ഥിരമായി ധരിക്കാറുള്ള ലോട്ടോ എന്ന ഷൂ ആണ് അദ്ദേഹത്തിന്റെ മൃതദേഹം പെട്ടെന്നു തന്നെ തിരിച്ചറിയാനായി സഹായിച്ചത്.

1991 ഏപ്രിൽ 7ന് ഒരു പ്രധാന തിരഞ്ഞെടുപ്പ് യോഗത്തിൽ തീവ്രവാദികൾ രാജീവ്‌ ഗാന്ധിയെ വധിക്കേണ്ട പദ്ധതിയുടെ ഒരു പരിശീലനം നടത്തിനോക്കിയിരുന്നു. ഇത് ചിത്രങ്ങളിലാക്കി ശേഖരിച്ചുവെക്കാനായി ഹരിബാബു എന്ന ഒരു ഫ്രീലാൻസ് ഫോട്ടോഗ്രാഫറേയും തീവ്രവാദികൾ വാടകക്കെടുത്തിട്ടുണ്ടായിരുന്നു. ശ്രീപെരുംപുത്തൂറിൽ ഹരിബാബുവിന്റെ ക്യാമറയിൽ നിന്നും കിട്ടിയ ചിത്രങ്ങളാണ് കൊലപാതകികളെ തിരിച്ചറിയാൻ സഹായിച്ചത്. ഹരിബാബു ഈ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നുവെങ്കിലും അയാളുടെ ക്യാമറക്കോ അതിനുള്ളിലെ ഫിലിമുകൾക്കോ യാതൊരു കേടും പറ്റിയിരുന്നില്ല.2006 വരെ LTTE രാജീവ്‌ ഗാന്ധിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തില്ല. 2006 ഇൽ ഒരു അഭിമുഖത്തിൽ തമിഴ് പുലികളുടെ വക്താവായ ആന്റൺ ബാലശിങ്കം എൽ.ടി.ടി.ഇ.യുടെ പങ്ക് പരോക്ഷമായി സമ്മതിച്ചു. രാജീവിന്റെ മരണത്തിന് ഉത്തരവാദിയായി ശ്രീലങ്കൻ വംശജരായ എൽ.ടി.ടി.ഇ. അംഗങ്ങളും തമിഴ്‌നാട്ടിൽ നിന്നുള്ള അവരുടെ സഹായികളും അടക്കം 26 പേരെ ഒരു ഇന്ത്യൻ കോടതി കുറ്റക്കാരായി വിധിച്ചു.

By Sahi GK

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ