തിരുവിതാംകൂറിലെ ഹിരണ്യ ഗർഭവും ,പൊന്നുതമ്പുരാനും.

                  സാധാരണ ജനങ്ങൾ ജീവിക്കുവാൻ കഷ്ടപ്പെടുമ്പോഴും, ആർഭാടത്തിൽ മുങ്ങിക്കളിക്കുന്ന അധികാരികൾ ലോകത്തെല്ലായിടങ്ങളിലുമുണ്ടായിരുന്നു. റോമാ സാമ്രാജ്യം കത്തിയെരിയുമ്പോഴും വീണ വായിക്കുന്ന നീറോ ചക്രവർത്തി എന്ന ചൊല്ല് തന്നെ ഇതിനുദാഹരണമാണ്.

ഇത്തരത്തിൽ തിരുവിതാംകൂറിൽ നടന്നിരുന്ന രണ്ട് ചടങ്ങുകളായിരുന്നു ഹിരണ്യഗർഭവും ,തുല പുരുഷ ദാനവും  .

                    ‘ഹിരണ്യ ഗര്‍ഭം’ എന്ന ചടങ്ങ് രാജാവിൻ്റെ  കിരീടധാരണത്തോടനുബന്ധിച്ചാണ് നടത്തിയിരുന്നത്.

‘ഹിരണ്യഗര്‍ഭം’ എന്ന വാക്കിന് ‘സ്വര്‍ണഗര്‍ഭം’ എന്നാണര്‍ഥം. താമരയുടെ ആകൃതിയില്‍ പത്തടി ഉയരവും എട്ടടി ചുറ്റളവുമുള്ള അടപ്പുള്ള ഒരു സ്വര്‍ണപ്പാത്രം നിര്‍മിക്കുന്നു. ഇതില്‍ പാല്, വെള്ളം കലര്‍ത്തിയ നെയ്യ് തുടങ്ങിയ പഞ്ചഗവ്യങ്ങള്‍ പകുതി ഭാഗത്ത് നിറയ്ക്കും. ഇതിനുമുമ്പ് പുരോഹിതന്മാര്‍ വേദ വിധിപ്രകാരമുള്ള സ്‌തോത്രപാരായണം നടത്തും. പൂജാകര്‍മങ്ങള്‍ക്കുശേഷം രാജാവ് ഏണിയിലൂടെ പാത്രത്തിലിറങ്ങുന്നു. അപ്പോള്‍ പുരോഹിതന്മാര്‍ അതിന്റെ മുകള്‍ഭാഗം അടയ്ക്കുന്നു. പത്ത് മിനിറ്റിനുശേഷം മഹാരാജാവ് പാത്രത്തില്‍നിന്നു പുറത്തുവരും. അദ്ദേഹം നേരേ പുരോഹിതന്മാരുടെ അകമ്പടിയോടെ ശ്രീപദ്മനാഭന്റെ മുമ്പിലെത്തി സാഷ്ടാംഗപ്രണാമം നടത്തും. അപ്പോള്‍ പുരോഹിതന്മാര്‍ കുലശേഖരപെരുമാള്‍ കിരീടം മഹാരാജാവിന്റെ തലയില്‍ ചാര്‍ത്തുന്നു. ഇതോടെയാണ് മഹാരാജാവ് ‘പൊന്നുതമ്പുരാന്‍’ ആകുന്നത്. കിരീടധാരണദിവസം മാത്രമേ രാജാവ് കിരീടം വെക്കൂ. കാരണം രാജ്യം ശ്രീപദ്മനാഭനായതിനാല്‍ രാജാവ് കിരീടം വെക്കാറില്ല. ചടങ്ങുകള്‍ക്കുശേഷം സ്വര്‍ണപ്പാത്രം നാണയങ്ങളാക്കി പുരോഹിതന്മാര്‍ക്ക് നല്‍കുകയായിരുന്നു പതിവ്. വളരെയധികം പണച്ചെലവുള്ള ഹിരണ്യഗര്‍ഭം മാര്‍ത്താണ്ഡവര്‍മ മുതല്‍ ശ്രീമൂലം തിരുനാള്‍ വരെയുള്ള മഹാരാജാക്കന്മാര്‍ നിര്‍വഹിച്ചിട്ടുണ്ട്. എന്നാല്‍ പണച്ചെലവ് കണക്കിലെടുത്ത് ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ ഈ ചടങ്ങ് ഉപേക്ഷിച്ചു.

1739 ല്‍ (കുളച്ചല്‍ യുദ്ധം നടക്കുന്നതിന് രണ്ടുവര്‍ഷംമുമ്പ്) അദ്ദേഹം കുരുമുളക് നല്കുന്നതിന് വിലയായി ഡച്ച് ഈസ്റ്റ് ഇന്ത്യാകമ്പനിയോട് 10,000 കഴഞ്ച് സ്വര്‍ണം ആവശ്യപ്പെട്ടത്.[

1 കഴഞ്ച് = ഒരു കഴഞ്ച് കുരുവിനു തുല്ല്യമായ തൂക്കം = 5 ഗ്രാം ]

 ഇത് ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ ‘ഹിരണ്യഗര്‍ഭം’ എന്ന ചടങ്ങ് നടത്താനായിരുന്നുവെന്ന് ഡച്ച് രേഖകള്‍ എഡിറ്റ്‌ചെയ്ത ഗാലറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. 

                  ഇത്തരത്തിൽ ഉള്ള മറ്റൊരു ആർഭാട ധൂർത്തായിരുന്നു തുലപുരുഷദാനം.

ത്രാസിന്റെ ഒരറ്റം രാജാവും മറുഭാഗത്ത് അത്രയും തൂക്കം സ്വര്‍ണവും തൂക്കി അതു നാണയങ്ങളാക്കി ബ്രാഹ്മണര്‍ക്കും മറ്റു പുരോഹിതര്‍ക്കും സംഭാവന ചെയ്യുന്ന ചടങ്ങായിരുന്നു തുലപുരുഷദാനം

. ഈ നാണയങ്ങളുടെ ഒരു ഭാഗത്ത് ‘ശ്രീപദ്മനാഭ’ എന്ന് ആലേഖനം ചെയ്തിരുന്നു.

Image

ഒരു അഭിപ്രായം പറയൂ