ഉഗാണ്ടയുടെ റോസാപുഷ്പം :സി.റോസ് മേരി

Share the Knowledge

സിസ്റ്റർ റോസ്മേരി: ഉഗാണ്ടയുടെ റോസാപുഷ്പം

                  വെള്ളിത്തിരയുടെ അഭ്രപാളികളിൽ വെളുത്തു സുന്ദരരായ നായികാനായകൻമാരെ നാം വളരെയേറെ കണ്ടിട്ടുണ്ട്. എന്നാൽ യഥാർത്ഥ ജീവിതത്തിലെ നായകരുമായി [ Real life heroes] ഇവർക്ക് യാതൊരു സാമ്യതയുമവകാശപ്പെടാനാവില്ല എന്നതാണ് യാഥാർത്ഥ്യം.ഇത്തരമൊരു യഥാർത്ഥ  ജീവിതനായികയാണ് സി: റോസ്മേരി.

        Sister Rosemary Nyirumbe ഉഗാണ്ടയിലെ  ജോസഫ് കോണി (Joseph Kony ) എന്ന വിമത നേതാവ് നേതൃത്വം നൽകുന്ന Lord’s Resistance Army [LRA] തട്ടിക്കൊണ്ടു പോകുന്ന പെൺകുട്ടികളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകയായ ഒരു  കത്തോലിക്കാ കന്യാസ്ത്രീയാണ്. LRA തട്ടിക്കൊണ്ട് പോയി ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ച് ,തടവിലാക്കി ചിലപ്പോൾ അവരുടെ  സ്വന്തം വീട്ടുകാരെ തന്നെ കൊല്ലുവാൻ നിർബന്ധിക്കപ്പെടുകയും ചെയ്യപ്പെട്ട ഏകദേശം 2000 പെൺകുട്ടികളെ ഇതിനോടകം പുനരധിവസിപ്പിച്ചു കഴിഞ്ഞു .[ ആൺകുട്ടികളും ,പെൺ കുട്ടികളുമടക്കം ഏകദേശം 66,000 കുട്ടികളെ സൈനികാവശ്യങ്ങൾക്കായി LRA തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നാണ് കണക്ക് ]. ഇത്തരമവസ്ഥയിൽ നിന്ന് രക്ഷിക്കപ്പെടുന്ന കുട്ടികൾക്ക് അഭയ കേന്ദ്രവും ,ജീവനോപാധിക്കുള്ള തൊഴിൽ പരിശീലനവും നൽകി ജീവിക്കുവാൻ പ്രാപ്തരാക്കുക എന്നതാണ് സി.റോസ് മേരി പ്രധാനമായും ചെയ്യുന്നത്.

             മുൻ  അമേരിക്കൻ  പ്രസിഡൻ്റ് ബിൽ ക്ലിൻറൻ ,അമേരിക്കൻ സിനിമാനടനും, സംവിധായകനും ,നിർമാതാവുമായ Forest Whitaker തുടങ്ങി പ്രമുഖർ [ ഇദ്ദേഹമാണ് ഉഗാണ്ടൻ ഏകാധിപതി ഈദി അമീനായി”The last king of Scotland “എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചത് ] സിസ്റ്റർ റോസ് മേരിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയേകുന്നു.

            SEWING HOPE എന്ന പേരിൽ ഒരു പുസ്തകവും ,ഡോ ക്യൂമെൻ്ററിയും സിസ്റ്റർ റോസ് മേരിയുടെ പ്രവർത്തനങ്ങളെ ആസ്പദമായി പുറത്തിറങ്ങിയിട്ടുണ്ട്.[ ഈ പുസ്തകത്തിൽ നിന്നുള്ള വരുമാനം ഇത്തരം കുട്ടികളെ സംരക്ഷിക്കുവാനായുപയോഗിക്കുന്നു ] 2007  ലെ CNN Hero ആയി തെരെഞ്ഞെടുക്കപ്പെട്ട സിസ്റ്റർ റോസ് മേരി

2014 ലെ TIMEമാഗസിൻ്റെ  “100 Most Influential persons ” ലിസ്ററിൽ സ്ഥാനം പിടിച്ചിരുന്നു.

                      മനുഷ്യർ തങ്ങളുടെ സഹജീവികളുടെ മേൽ പ്രയോഗിക്കുന്ന നഗ്നമായ ക്രൂരതയുടെ നടുവിലും ഒരു റോസാ പുഷ്പത്തിൻ്റെ നിർമ്മലതയോടെ സിസ്റ്റർ റോസ് മേരി തൻ്റെ പ്രവർത്തനം തുടരുന്നു.

 

 ചിത്രം: Sister Rosemary Nyirumbe ലോകപ്രശസ്ത പത്രപ്രവർത്തകനും(NewYork times),രണ്ട് തവണ പുലിസ്റ്റ്സർ സമ്മാന ജേതാവുമായ Nicholas Kristofനോടൊപ്പം.

Image

ഒരു അഭിപ്രായം പറയൂ