ലഗൂണാ ചെപ്പേട്

Share the Knowledge

ലഗൂണാ ചെപ്പേട്

ഫിലിപ്പീൻസിൽ നിന്നു കിട്ടിയിട്ടുള്ളതിൽ ഏറ്റവും പഴക്കമുള്ള ലിഖിതരേഖയാണ് ലഗൂണാ ചെപ്പേട്. ക്രി.വ. 900-ആമാണ്ടിൽ എഴുതപ്പെട്ടതാണിത്. ഉത്തരഫിലിപ്പീൻസിൽ, ലുസോൺ ദ്വീപിലെ ലഗൂണാ പ്രവിശ്യയിൽ, ലുംബാങ്ങ് നദീമുഖത്ത് മണ്ണുവാരിയിരുന്ന ഒരു തൊഴിലാളിയ്ക്ക് 1989-ൽ കണ്ടുകിട്ടിയതാണിത്. ചെപ്പേടിലെ എഴുത്തു വായിച്ച് അതിന്റെ പ്രാധാന്യം ആദ്യം തിരിച്ചറിഞ്ഞത്, ഡച്ച് നരവംശശാസ്ത്രജ്ഞൻ അന്റൂൺ പോസ്റ്റ്മാ ആണ്.

ചെപ്പേടിന്റെ കണ്ടെത്തൽ, അതെഴുതിയ കാലത്ത് ഫിലിപ്പീൻസിലെ ടാഗലോഗ് ജനതയ്ക്ക് സമകാലീന ഏഷ്യയിലെ ഇതരജനവിഭാഗങ്ങളും സംസ്കാരങ്ങളുമായി ഉണ്ടായിരുന്ന സമ്പർക്കത്തിലേക്കും പാരസ്പര്യങ്ങളിലേക്കും വെളിച്ചം വീശി. ജാവയിലെ മെഡാങ്ങ് രാജ്യം, തെക്കുകിഴക്കേ ഏഷ്യയിലെ ശ്രീവിജയ സാമ്രാജ്യം, ഇന്ത്യയിലെ മദ്ധ്യകാലരാഷ്ട്രങ്ങൾ എന്നിവയുമായുള്ള ഫിലിപ്പീൻ ജനതയുടെ ബന്ധം ചെപ്പേടിൽ തെളിഞ്ഞുകാണാം. സ്പെയിനിന്റെ മൂന്നു നൂറ്റാണ്ടു ദീർഘിച്ച കൊളോണിവാഴ്ചക്കാലത്ത് തമസ്കരിക്കപ്പെട്ടതിനാൽ ഫിലിപ്പീൻ ചരിത്രത്തിൽ അതേവരെ അവ്യക്തമായിരിക്കുകയും അവഗണിക്കപ്പെടുകയും ചെയ്ത ഒരു ഘടകമായിരുന്നു ഈ ബന്ധം.

ചെപ്പേടിൽ കൊടുത്തിരിക്കുന്ന കാലസൂചന ശകവർഷത്തിലാണ്. സിയാക 822 വൈശാഖമാസം കൃഷ്ണപക്ഷത്തിലെ നാലാം ദിവസം എന്നാണത്; ഗ്രിഗോറിയൻ പഞ്ചാംഗം പിന്തുടർന്നാൽ എ.ഡി. 900-ആമാണ്ട് ഏപ്രിൽ 21-ആം തിയതി തിങ്കളാഴ്ചയാണത്.ചെപ്പേടിൽ ഉപയോഗിച്ചിരിക്കുന്ന എഴുത്തുവ്യവസ്ഥ, ജാവായിൽ ഉരുത്തിരിഞ്ഞ് തെക്കുകിഴക്കേ ഏഷ്യയൊട്ടാകെ പ്രചരിച്ചിരുന്ന പഴയ കാവി ലിപിയാണ്. പഴയ മലയഭാഷയുടെ ഒരു രൂപമാണ് എഴുത്തുഭാഷ. സംസ്കൃതത്തിൽ നിന്നു കടമെടുത്ത ഒട്ടേറെ വാക്കുകൾക്കു പുറമേ, തരംതിരിക്കാനാകത്ത കുറേ മലയേതര ശബ്ദങ്ങളും ചെപ്പേടിലുണ്ട്. അവ പഴയ ജാവൻ ഭാഷയിൽ നിന്നോ പഴയ ടാഗലോഗ് ഭാഷയിൽ നിന്നോ കടന്നു വന്നവയാകാം.

ചെപ്പേടിൽ പല സ്ഥലങ്ങളും പരാമർശിക്കപ്പെടുന്നുണ്ട്. അവയിൽ ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലയ്ക്ക് അടുത്തുള്ള ടോണ്ടോയും(ചെപ്പേടിലെ ‘ടുണ്ടൻ’‌) മനില സ്ഥിതിചെയ്യുന്ന ലുസോൺ ദ്വീപിലെ ലഗൂണായിലുള്ള ഇതരസ്ഥലങ്ങളും, ഇന്തോനേഷ്യയിൽ ജാവാദ്വീപിലെ മെദാങ്ങും മറ്റും തിരിച്ചറിയപ്പെട്ടിട്ടുണ്ടെങ്കിലും ചില സ്ഥലനാമങ്ങളിലെ സൂചന വ്യക്തമല്ല. ടോണ്ടോയിലെ മുഖ്യന്റെ പേരിലാണ് ഇതെഴുതപ്പെട്ടിരിക്കുന്നത്. അയാൾ, പായില, ബിന്വംഗാൻ, പുലിലാൻ എന്നിവടങ്ങളിലെ കീഴ്മുഖ്യന്മാരെ സാക്ഷിയാക്കി തന്റെ പരേതനായ ഒരു വിശ്വസ്ത ആശ്രിതന്റെ സന്തതികൾക്കു നൽകുന്ന ഋണമുക്തിയുടെ രേഖയാണ് ചെപ്പേട്. ‘നംവരാൻ’ എന്ന ആശ്രിതന്റെ മകൾ അങ്കടാൻ, മകൻ ബുക്കാ, എന്നിവരുൾപ്പെടെയുള്ള ജീവിച്ചിരിക്കുന്ന എല്ലാ അനന്തരാവകാശികൾക്കുമാണ് ഋണമുക്തി. അവർക്ക്, ഒരു കാട്ടി എട്ടു സുവർണം ( 926.4 ഗ്രാം) സ്വർണ്ണത്തിന്റെ കടബാദ്ധ്യതയിൽ നിന്നാണ് മോചനം ലഭിച്ചത്.

ചെപ്പേടിലെ പത്തുവരികൾ മാത്രമുള്ള എഴുത്ത്, ഒരു അപൂർണ്ണവാക്യത്തിലാണ് അവസാനിക്കുന്നത്. ഈ രേഖയുടെ തുടർച്ച അടങ്ങിയിരിക്കാവുന്ന ചെപ്പേടോ ഏടുകളോ കിട്ടിയിട്ടില്ല.

കണ്ടെത്തൽ

ലഗുണാ ഉൾക്കടലിൽ ലുംബാങ്ങ് നദീമുഖത്തിനടുത്ത്, കോൺക്രീറ്റ് നിർമ്മാണത്തിനായി മണ്ണുവാരുകയായിരുന്ന ഒരു തൊഴിലാളിക്കു 1989-ൽ കണ്ടുകിട്ടിയ ചേപ്പേട് അയാൾ, ഒരു പുരാവസ്തു വ്യാപാരിക്കു വിറ്റു. ചെപ്പേടു വിലകൊടുത്തു വാങ്ങാൻ ആരേയും കിട്ടാതിരുന്നപ്പോൾ വ്യാപാരി അതിനെ ഫിലിപ്പീൻസ് ദേശീയ മ്യൂസിയത്തിനു കൈമാറി. അവിടെ അത് മ്യൂസിയത്തിലെ നരവംശശാസ്ത്രവിഭാഗത്തിന്റെ തലവൻ ആഫ്രെഡോ ഇവാഞ്ചെലിസ്റ്റായുടെ കൈയ്യിലെത്തി.

ഒരു വർഷത്തിനു ശേഷം ദേശീയ മ്യൂസിയത്തിൽ അതു കാണാനിടയായ ഡച്ച് നരവംശശാസ്ത്രജ്ഞൻ അന്റൂൺ പോസ്റ്റ്മാ ആണ്, അതിലെ എഴുത്തിന് ഇന്തോനേഷ്യയിലെ പഴയ കാവി ലിപിയുമായുള്ള സാദൃശ്യം ശ്രദ്ധിച്ചത്. തുടർന്ന് ലിഖിതം പരിഭാഷപ്പെടുത്തിയ പോസ്റ്റ്മാ, അതിൽ സൂചിപ്പിച്ചിരിക്കുന്ന കാലം, ഗ്രിഗോരിയൻ പഞ്ചാംഗത്തിലെ 900-ആമാണ്ടാണെന്നു കണ്ടു. 1521-ൽ ഫെർഡിനാന്റ് മഗല്ലന്റെ വരവോടെ തുടങ്ങിയ ഫിലിപ്പീൻസിന്റെ ഹിസ്പാനിയ ബന്ധത്തിനു നൂറ്റാണ്ടുകൾക്കു മുൻപ് എഴുതപ്പെട്ടതാണെന്ന തിരിച്ചറിവ്, ഈ രേഖയുടെ പ്രാധാന്യം വർദ്ധിപ്പിച്ചു.

പ്രാധാന്യം

ലഗൂണാ ചെപ്പേട് കണ്ടുകിട്ടും വരെ, യൂറോപ്യൻ അധിനിവേശത്തിന്റെ തുടക്കത്തിനു മുൻപുള്ള കാലത്തെ ഫിലിപ്പീൻസിൽ നിന്നുള്ള ലിഖിതരേഖകൾ മിക്കവാറും ഇല്ല എന്ന അവസ്ഥയായിരുന്നു. അക്കാലത്തേതായി പേരിനു മാത്രം എടുത്തുകാട്ടാനുണ്ടായിരുന്ന രേഖകൾ വായിക്കാൻ കഴിയാത്തവയോ വ്യാജനിർമ്മിതികളെന്നു തെളിയിക്കപ്പെട്ടവയോ ആയിരുന്നു. അതിനാൽ ഫിലിപ്പീൻ ദ്വീപുകളുടെ ലിഖിതചരിത്രം 1521-ൽ ഫെർഡിനാന്റ് മഗല്ലനെ അനുഗമിച്ചെത്തിയ അന്തോണിയോ പിഗാഫെറ്റായുടെ കുറിപ്പുകളിൽ തുടങ്ങുന്നു എന്നു വിശ്വസിക്കപ്പെട്ടിരുന്നു. ലിഖിതചരിത്രത്തിന്റെ പഴക്കത്തെക്കുറിച്ചുള്ള ഈ ധാരണയെ ലഗൂണാ ചെപ്പേട് 621 വർഷം പിന്നോട്ടു കൊണ്ടുപോയി. ചെപ്പേടിൽ തെളിയിന്ന സമൂഹവ്യവസ്ഥയുടെ സങ്കീർണ്ണതയും കെട്ടുപാടുകളും, സ്പാനിഷ് വാഴ്ചക്കു മുൻപ്, ഫിലിപ്പീൻ ദ്വീപുകളിലെ സമൂഹം തീർത്തും അവികസിതവും ഒറ്റപ്പെട്ടതും ആയിരുന്നെന്ന വിശ്വാസത്തിനും പൊളിച്ചെഴുത്തു വേണമെന്നാക്കി.

Image

ഒരു അഭിപ്രായം പറയൂ