ബുരിഡന്റെ കഴുത

Share the Knowledge

തീരുമാനങ്ങളെടുക്കാനുള്ള കഴിവില്ലായ്മയെ പ്രതീകാത്മകമായി ചിത്രീകരിക്കുന്ന തത്ത്വചിന്തയിലെ ഒരു സങ്കല്പമാണ് ബുരിഡന്റെ കഴുത. വിശന്നിരിക്കുന്ന ഒരു കഴുതയെ, ഒരേ വലിപ്പവും ഗുണവുമുള്ള രണ്ടു വൈക്കോൽ കെട്ടുകൾക്കു നടുവിൽ നിറുത്തിയാൽ, അതിൽ ഒന്നിനുപകരം മറ്റൊന്നിനെ തെരഞ്ഞെടുക്കാൻ യുക്തിബദ്ധമായ ന്യായമൊന്നും കാണാനാകാത്തതിനാൽ ഏതുകെട്ടിൽ നിന്ന് തിന്നണമെന്ന് തീരുമാനിക്കാനാകാതെ അത് വിശന്നുമരിക്കുമെന്നാണ് ഇവിടെ സങ്കല്പം. പതിനാലാം നൂറ്റാണ്ടിൽ ഫ്രാൻസിൽ ജീവിച്ചിരുന്ന ജീൻ ബുരിഡൻ എന്ന തത്ത്വചിന്തകന്റെ പേരാണ് ഈ വിരോധാഭാസത്തിന് നൽകിയിരിക്കുന്നത്.

ഈ ആശയം ബുരിഡന്റെ സങ്കല്പമല്ല. അത് ആദ്യമായി പ്രത്യക്ഷപ്പെടുന്നത് അരിസ്റ്റോട്ടിലിന്റെ, ആകാശങ്ങളെക്കുറിച്ച് (De Caelo) എന്ന കൃതിയിലാണ്.[2] വിശപ്പും ദാഹവും മൂലം ഒരുപോലെ വലയുന്ന ഒരാൾ ഭക്ഷണത്തിനും പാനീയത്തിനും ഒത്തനടുവിൽപെട്ടാൽ ഭക്ഷണത്തിലേക്കോ പാനീയത്തിലേക്കോ ആദ്യം തിരിയേണ്ടത് എന്നു തീരുമാനിക്കാനാകാതെ വലയുന്ന സ്ഥിതിയാണ് അരിസ്റ്റോട്ടിൽ സങ്കല്പിച്ചത്. ബുരിഡന്റെ ഇന്നു ലഭ്യമായ രചനകളിലൊന്നും ഈ പ്രശ്നം ചർച്ച ചെയ്തുകാണുന്നില്ല.

വ്യത്യസ്ത പ്രവൃത്തിപന്ഥാവുകൾ മുന്നിൽ കാണുന്ന സാഹചര്യങ്ങളിലൊക്കെ, അറിവുകേടിന്റേയോ അസാധ്യതയുടെയോ തടസ്സമില്ലാത്തപ്പോൾ, കൂടുതൽ മേന്മയുള്ളത് തെരഞ്ഞെടുക്കാൻ മനുഷ്യൻ ബാദ്ധ്യസ്ഥനാണെന്ന ബുരിഡന്റെ തത്ത്വചിന്തയിലെ നിലപാടിന്റെ ധാർമ്മികനിശ്ചിതത്ത്വവാദം (Moral determinism) മൂലമാണ് ഈ സങ്കല്പത്തിന് ബൂരിഡന്റെ പേരു കിട്ടിയത്. തീരുമാനത്തിന്റെ വരും‌വരായ്കകൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കാനാകും വരെ അത് താമസിപ്പിക്കുകയാണ് വേണ്ടതെന്നാണ് ബുരിഡൻ കരുതിയത്. പിൽക്കാലലേഖകന്മാർ ഈ നിലപാടിനെ, ഗുണതുല്യതയുള്ള രണ്ടു വൈക്കോൽ കൂനകൾക്കു നടുവിൽ തീരുമാനമെടുക്കാനാകാതെ വിശന്നുമരിക്കുന്ന കഴുതയുടെ മനോഭാവത്തോടുപമിച്ച് പരിഹസിച്ചു

കടുത്ത നിശ്ചിതത്ത്വവാദത്തിന്റെ പ്രോക്താക്കളിൽ ചിലർ ബുരിഡന്റെ കഴുതയുടെ അവസ്ഥ അസുഖകരമായതാണെന്ന് സമ്മതിച്ചെങ്കിലും അതിൽ വിരോധാഭാസമൊന്നും ഇല്ലെന്നു വാദിച്ചു. ഒരേ സാധ്യതകൾ പേറുന്ന രണ്ടു പ്രവൃത്തിമാർഗ്ഗങ്ങൾക്കിടയിൽ ഞെരുങ്ങി, ഒരുവൻ മരിച്ചേക്കാമെന്നു പറയുന്നതിൽ അവർ വൈരുദ്ധ്യമൊന്നും കണ്ടില്ല. ഉദാഹരണമായി, യഥാർഥ തുല്യതയുള്ള രണ്ടു സാധ്യതകളെ നേരിടുന്ന ഒരുവന്, തീർത്തും യുക്തിസഹമായ തീരുമാനമെടുക്കുക സാധ്യമല്ലെന്നാണ് പ്രഖ്യാത തത്ത്വചിന്തകൻ ബാറുക് സ്പിനോസ സന്മാർഗ്ഗശാസ്ത്രം എന്ന ഗ്രന്ഥത്തിൽ വാദിച്ചത്:

 

ബുരിഡന്റെ കഴുതയുടെ അവസ്ഥയിൽ അടിസ്ഥാനപരമായ ധർമ്മസങ്കടമൊന്നുമില്ലെന്ന് മറ്റുചിലർ വാദിക്കുന്നു. ഈ വാദമനുസരിച്ച്, വിഷയത്തിന്റെ പരിഗണനയിൽ പ്രസക്തമായ ബൃഹദ്‌വാദങ്ങളെ (Meta arguments) അവഗണിക്കുന്ന ബുരിഡന്റെ കഴുതയുടേത് യുക്തിയല്ല യുക്തിയുടെ പേക്കോലമാണ് (Straw man of reason). മറ്റൊരുവിധത്തിൽ പറഞ്ഞാൽ, രണ്ടു വൈക്കോൽ കെട്ടുകളും ഒരുപോലെ കാമ്യമെന്ന് സമ്മതിച്ചുകൊണ്ടുതന്നെ, വിശന്നുമരിക്കുന്നത് ഒഴിവാക്കാനായി, അതിലൊന്നിനെ ന്യായവാദങ്ങളൊന്നും നോക്കാതെ തെരഞ്ഞെടുക്കുന്നത് തീർത്തും യുക്തിപൂർമാണ്. ഈ വാദം ചിലപ്പോഴൊക്കെ വിശ്വാസത്തിന് ന്യായീകരണമായി അവതരിപ്പിക്കപ്പെടാറുണ്ട്. അന്തമില്ലാത്ത സംശയത്തിൽ ശീതീഭവിച്ചുപോകാവുന്ന അവസ്ഥയിൽ, മനുഷ്യൻ ബുരിഡന്റെ കഴുതയെ അനുകരിക്കാതെ ഏതെങ്കിലുമൊരു വിശ്വാസത്തെ തെരഞ്ഞെടുക്കണം എന്നാണ് അപ്പോൾ വാദിക്കപ്പെടുന്നത്.

Image

ഒരു അഭിപ്രായം പറയൂ