ബുള്ളറ്റ് എന്ന ഇരുചക്രവാഹനം ആരാധിക്കപ്പെടുന്ന ദേവാലയം

Share the Knowledge

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് എന്ന ഇരുചക്രവാഹനം ആരാധിക്കപ്പെടുന്ന ദേവാലയം ആണ് രാജസ്ഥാനിലെ പാലിക്കടുത്തുള്ള ഓം ബന്ന ക്ഷേത്രം.ബുള്ളറ്റ് ക്ഷേത്രത്തില്‍ ദിവസേന നൂറുകണക്കിന് ഭക്തന്‍മാരാണ് ആരാധനക്കായി എത്തുന്നത്.ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ബുള്ളറ്റ് ബൈക്ക് ആണെങ്കിലും ഇവിടുത്തെ ദൈവം ബുള്ളറ്റ് ബാബയാണ്. ജോധ്പൂരിനടുത്തുള്ള പാലിയിലെ രജപുത്രയുവാ –
വ് ഓം സിംഗ് മരിച്ചശേഷം ബുള്ളറ്റ് ബാബയായി ഉയര്‍റ്റ ചരിത്രത്തിന് കൂടുതല്‍ പഴക്കമില്ല. ബന്ന ഗ്രാമത്തിന്‍റെ അടുത്തുള്ള ചോട്ടില എന്ന ഗ്രാമത്തിന്‍റെ തലവനായ ജോഗ് സിംഗിന്‍റെ മകനായിരുന്നു ഓം സിംഗ്. 1988 ഡിസംബര്‍ മാസത്തില്‍,ബുള്ളറ്റ് പ്രേമിയായ ഓം സിംഗ് രാത്രി സമയത്ത് പാലിയില്‍ നിന്ന് ചോട്ടിലയിലേക്ക് തന്‍റെ ബൈക്കില്‍ ഒരു യാത്ര പോവുകയായിരുന്നു. ഓം സിംഗ് അല്‍പ്പം മദ്യപിച്ചിട്ടുണ്ടായിരുന്നു .
യാത്രക്കിടെ ബൈക്കിന്‍റെ നിയന്ത്രണം നഷ്ട്ടപ്പെട്ട് വാഹനം ഒരു മരത്തില്‍ ഇടിച്ചു തകര്‍ന്നു.ഓം സിംഗ് തല്‍ക്ഷണം മരിച്ചു.ബുള്ളറ്റ് ബൈക്ക് തൊട്ടടുത്തുള്ള ഒരു അഴുക്കുചാലിലേക്ക് വീണു.പിറ്റെദിവസം പോലീസ് എത്തി വാഹനം പോലീസ്സ്റ്റേഷനില്‍ എത്തിച്ചു.എന്നാല്‍ ആ രാത്രി ബൈക്ക് കാണാതായി. പിന്നീട് ഓം സിംഗ് മരിച്ചുകിടന്ന മരത്തിനടുത്തുനിന്ന് പോലീസ് വാഹനം കണ്ടെത്തി വാഹനത്തിലെ പെട്ട്രോള്‍ മുഴുവന്‍ ഊറ്റിക്കളഞ്ഞ ശേഷം വാഹനത്തെ ചങ്ങലയില്‍ ബന്ധിച്ച് പോലീസ്സ്റ്റേഷനില്‍ സൂക്ഷിച്ചു.പിന്നീടും അത്ഭുതം സംഭവിച്ചു.ഈ പ്രാവശ്യം ബൈക്ക് കിടന്നിരുന്നത് ,അപകടം നടന്ന സ്ഥലത്തിനടുത്തുള്ള അഴുക്കുചാലില്‍ ആയിരുന്നു.നിരവധി തവണ ഇത് ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ പോലീസ് ആകെ വലഞ്ഞു അവര്‍ ബൈക്ക് ഓം സിംഗിന്‍റെ വീട്ടുകാര്‍ക്ക് കൈമാറി വീട്ടുകാര്‍ ബൈക്ക് നാനൂറ് കിലോമീറ്റര്‍ അകലെയുള്ള ഒരാള്‍ക്ക്‌ വിറ്റു.പക്ഷെ ബുള്ളറ്റ് വീണ്ടും തിരിച്ചെത്തി അപകടസ്ഥലത്ത് വന്നുനിന്നു.അപ്പോഴേക്കും ജനങ്ങള്‍ ഓം സിംഗ് എന്ന ബുള്ളറ്റ് ബാബയെയും ബാബയുടെ ബുള്ളറ്റിനെയും ആരാധിക്കാന്‍ തുടങ്ങിയിരുന്നു. ഇതിനിടയില്‍ ഹൗറയില്‍ താമസിച്ചിരുന്ന അനുതോഷ് ബാനര്‍ജി എന്ന ആള്‍ ബുള്ളറ്റ് ബാബക്ക് ക്ഷേതം പണിതുകഴിഞ്ഞിരുന്നു. സുരക്ഷിതമായ യാത്രക്കും ,വാഹനം വാങ്ങല്‍, വില്‍പ്പന നടത്താനും,വിവാഹം കഴിഞ്ഞു പോകാന്‍ വേണ്ടിയും ഒക്കെയാണ് ഭക്തര്‍ ഇവിടെ എത്തുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ബൈക്ക് പ്രതിഷ്ഠയുടെ അടുത്ത് ഓം സിംഗ് ഓടിച്ചിരുന്ന ബുള്ളറ്റ് ചില്ലുകൂടിനകത്ത് സൂക്ഷിച്ചിട്ടുണ്ട്. ഈ ക്ഷേത്രത്തിന് മുന്നിലൂടെ പോവുന്ന വാഹനങ്ങള്‍ ഹോണ്‍ മുഴക്കാറുണ്ട്. സുരക്ഷ യാത്രക്കായി ബാബയുടെ അനുഗ്രഹം തെടാനാണിത്. ബുള്ളറ്റ് ബ്രാന്‍ഡ് ബിയര്‍ ആണ് ഇവിടുത്തെ പ്രധാന നിവേദ്യം.ഓം സിംഗിന്‍റെ പ്രേതത്തെ പലരും ഈ ക്ഷേത്രത്തിനടുത്ത് വെച്ച് കാണാറുണ്ടത്രെ. ഒരു ഗ്രാമം മുഴുവന്‍ ഇന്ന് ബുള്ളറ്റ് ബാബയില്‍ അടിയുറച്ച് വിശ്വസിക്കുന്നു. തങ്ങളുടെ കുലദൈവമായാണ്‌ ഇവിടത്തെ ആളുകള്‍ ബാബയെ കാണുന്നത്. എല്ലാ വര്‍ഷവും അഷ്ട്ടമി നാളില്‍ ബാബയുടെ ബുള്ളറ്റ് തനിയെ സ്റ്റാര്‍ട്ട് ആകും എന്നുള്ള അതിശയോക്തി കലര്‍ന്ന പല കഥകളും ഇവിടെ പ്രചരിച്ചിട്ടുണ്ട്.എന്തായാലും വിശ്വാസം അല്ലെ എല്ലാം.

Dinesh Mi
Image

ഒരു അഭിപ്രായം പറയൂ