അന്യഗ്രഹജീവന്റെ അടയാളങ്ങള്

Share the Knowledge

ഭൂമിയിലുള്ള ഒരുകൂട്ടം മനുഷ്യര് ഭൂമിക്കപ്പുറമുള്ള ജീവന്റെ തുടിപ്പുകള് കെത്തുന്നതിനുള്ള അന്വേഷണത്തിലാണ്.  അത്തരത്തിലുള്ള ഒരു കൂട്ടായ്മയാണ് സെറ്റി (Search for Extra-Terrestrial Intelligence- SETI).  ശാസ്ത്രീയ രീതികളാണ് ഇതിനുവേണ്ടി സെറ്റിയുടെ പ്രോജക്ടുകള് ഉപയോഗപ്പെടുത്തുന്നത്. അന്യലോക സംസ്കാരത്തിന്റെ ഏതെങ്കിലും തരത്തിലുള്ള അടയാളങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകള് നല്കാന് വൈദ്യുത കാന്തിക വികിരണങ്ങളാണ് സെറ്റി സംഘം ഉപയോഗിക്കുന്നത്. ഹാര്വാര്ഡ് യൂണിവേഴ്സിറ്റി, കാലിഫോര്ണിയ യൂണിവേഴ്സിറ്റി, ബെര്ക്ലെ, സെറ്റി ഇന്സ്റ്റിറ്റിയൂട്ട് എന്നിവയാണ് ഇത്തരത്തിലുള്ള പ്രോജക്ടുകള് നടപ്പിലാക്കുന്ന പ്രധാന സ്ഥാപനങ്ങള്. 1995ല് യു.എസ്. ഗവണ്മെന്റ് സെറ്റി പ്രോജക്ടുകള്ക്കുള്ള സാമ്പത്തിക സഹായം നിര്ത്തലാക്കിയത് മുതല് മറ്റ് മാര്ഗ ങ്ങളിലൂടെയാണ് ഇവര് സാമ്പത്തികം കണ്ടെത്തുന്നത്. പ്രപഞ്ചത്തിന്റെ കോണുകളിലെവിടെയെങ്കിലും ഒരുനാള് അന്യഗ്രഹജീവന്റെ അടയാളങ്ങള് കണ്ടെത്തുമെന്നു തന്നെയാണ് ഇവര് വിശ്വസിക്കുന്നത്.

റേഡിയോ പരീക്ഷണങ്ങള്

ഭൗമാന്തരീക്ഷത്തില് റേഡിയോ തരംഗങ്ങള് ഒഴുകിനടക്കുകയാണ്. റേഡിയോ ടെലസ്കോപ്പ് ഉപയോഗിച്ചുള്ള പ്രപഞ്ചപഠനം ആരംഭിക്കുന്നത് അതില്നിന്നാണ്. റേഡിയോ ആന്റിനകളാണ് ഇത്തരം ദൂരദര്ശിനികളുടെ പ്രധാന ഘടകം. റേഡിയോ സിഗ്നലുകള്ക്കു പുറമെ മനുഷ്യരുടെ ആശയവിനിമയ ഉപാധികളുടെ ഭാഗമായി വ്യത്യസ്തങ്ങളായ നിരവധി വൈദ്യുത കാന്തിക വികിരണങ്ങളും അന്തരീക്ഷത്തിലുണ്ട്. ഇത്തരം തരംഗങ്ങളുടെ ആവര്ത്തന സ്വഭാവവും ബാന്ഡ് വിഡ്ത്തും കൃത്രിമ തരംഗങ്ങളെ എളുപ്പം തിരിച്ചറിയാന് സഹായിക്കും. ഈ സങ്കേതം സവിശേഷമായി ഉപയോഗിച്ചാല് സൗരയൂഥത്തിന്റെ വെളിയില്നിന്നു വരുന്ന അസ്വാഭാവികമായ വികിരണങ്ങളെ പെട്ടെന്നു തന്നെ കണ്ടെത്താന് കഴിയും. സെറ്റി ശാസ്ത്രജ്ഞരും അതുതന്നെയാണ് ചെയ്യുന്നത്.

ആദ്യകാല പഠനങ്ങള്

1896ല് നിക്കോള ടെസ്ല അന്യഗ്രഹജീവന്റെ പഠനത്തിനായി റേഡിയോ ഉപയോഗിക്കാം എന്ന് അവകാശപ്പെട്ടു. 1899ല് അദ്ദേഹത്തിന്റെ നോബ് ഹീല് ലാബില് അന്തരീക്ഷ വൈദ്യുതിയുടെ പഠനത്തിനായി ടെസ്ല, കോയില് റിസീവര് ഉപയോഗിച്ചിരുന്നു. ഭൂമിയിലെ ശബ്ദങ്ങളില്നിന്നും പ്രകൃതിക്ഷോഭങ്ങളില്നിന്നും വ്യത്യസ്തമായ ചില ആവര്ത്തന സിഗ്നലുകള് അദ്ദേഹത്തിന്റെ ശ്രദ്ധയില്പെട്ടു. ഇതിന്റെ ഉറവിടം ഒരുപക്ഷേ അന്യഗ്രഹ നാഗരികതയാകാമെന്ന് അദ്ദേഹം സംശയിച്ചിരുന്നു. ഇവ വരുന്നത് ചൊവ്വയില് നിന്നാണെന്നായിരുന്നു ടെസ്ലയുടെ വാദം. എന്നാല്, പിന്നീടുള്ള പഠനങ്ങളില് ടെസ്ല ഒന്നുംതന്നെ കണ്ടെത്തിയില്ല. ഈ സിഗ്നലുകള് സ്വാഭാവികമായി ഉണ്ടാകാവുന്ന ‘ജോവിയന് പ്ലാസ്മ ടോറസ്’ സിഗ്നലുകളാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. 1900ത്തിന്റെ ആദ്യവര്ഷങ്ങളില് മാര്ക്കോണി, ലോര്ഡ് കെല്വിന്, ഡേവിഡ് പെക്ക് ടോര്ഡ് എന്നിവരും ചൊവ്വയിലുള്ളവരുമായി സംവദിക്കാന് റേഡിയോ ഉപയോഗിക്കാമെന്ന് പ്രസ്താവിച്ചിട്ടുണ്ട്.

ഇരുപതാം നൂറ്റാണ്ടില് ആദ്യമായി ഓഗസ്റ്റ് 21, 22, 23 തിയ്യതികളില് ചൊവ്വ ഭൂമിയുടെ വളരെയടുത്തു വന്നു. ആ ദിനങ്ങളില് യു.എസ്., ‘നാഷണല് റേഡിയോ സൈലന്സ് ഡേ’ ആയി പ്രഖ്യാപിച്ചു. 21 മുതല് 23 വരെ തിയ്യതികളിലെ 36 മണിക്കൂറുകള്, ഓരോ മണിക്കൂറും അഞ്ച് മിനിട്ട് അമേരിക്കയിലെങ്ങും റേഡിയോ നിശബ്ദമാക്കിവച്ചു. യു.എസ്. നാവിക നിരീക്ഷകര് അവരുടെ റേഡിയോ റിസീവര് മൂന്നു കിലോമീറ്റര് ഉയര്ത്തി 8 മുതല് 9 വരെ കിലോമീറ്റര് തരംഗദൈര്ഘ്യത്തില് ട്യൂണ് ചെയ്തുവച്ചു. അതുകൂടാതെ, റേഡിയോ ക്യാമറയും അവര് സജ്ജീകരിച്ചിരുന്നു. ചൊവ്വയില് നിന്നുമുള്ള ജീവന്റെ ഏതെങ്കിലുമൊരു അടയാളത്തിനായി നടത്തിയ ഈ പ്രോഗ്രാം നിയന്ത്രിച്ചത് യു.എസ്. നേവിയിലെയും ആര്മിയിലെയും ഉയര്ന്ന ഉദ്യോഗസ്ഥരായിരുന്നു. എന്നാല്, അവരുടെ പരിശ്രമം ഫലംകണ്ടില്ല. പിന്നീട് 1959ല് ഫിലിപ്പ് മോറിസണും ഗിസപ്പെ കൊക്കോണിയും മൈക്രോവേവ് സ്പെക്ട്രത്തിന്റെയും അതിന്റെ ആവൃത്തിയെയും കുറിച്ചുള്ള പഠനങ്ങളുടെ പ്രാരംഭനടപടികള് സ്വീകരിച്ചെങ്കിലും തുടര്ന്നുകൊണ്ടുപോയില്ല. 1960ല് ഫ്രാങ്ക് ഡ്രേക്ക് ആരംഭിച്ച ‘പ്രോജക്ട് ഓസ്മ’ (project ozma)യാണ് സെറ്റി മേഖലയിലുള്ള ആദ്യത്തെ ആധുനിക പരീക്ഷണം.

1961 നവംബറില് വെസ്റ്റ് വെര്ജിനിയയിലെ ഗ്രീന് ബാങ്കില്വച്ച് സെറ്റിയുടെ ആദ്യ കോണ്ഫറന്സ് നടന്നു. കാള് സാഗനെയും മെല്വിന് കാല്വിനെയും പോലെയുള്ള പത്തു മഹാരഥന്മാര് പങ്കെടുത്ത ഈ കോണ്ഫറന്സില് വച്ചാണ് മൂലകങ്ങളുടെ വര്ധനവിനെ സംബന്ധിച്ച ഡ്രേക്ക് സമവാക്യം (Drake equation) ഉരുത്തിരിഞ്ഞത്. ക്ഷീരപഥത്തിലെവിടെയെല്ലാം ജീവന് നിലനില്ക്കാന് സാധ്യതയുണ്ടെന്ന് കണക്കുകൂട്ടാനാണ് ഡ്രേക്ക് സമവാക്യം ഉപയോഗിക്കുന്നത്. 1960ല് ചില സോവിയറ്റ് ശാസ്ത്രജ്ഞര് അന്യഗ്രഹ ജീവനെത്തേടിയുള്ള പരീക്ഷണങ്ങള് നടത്തുകയുണ്ടായി. സോവിയറ്റ് ജ്യോതിശാസ്ത്രജ്ഞനായ ലിസിഫ് സ്കോല്വാസ്കി, ‘യുനിവേഴ്സ്, ലൈഫ്, ഇന്റലിജന്സ്’ എന്ന പേരില് പ്രസ്തുത വിഷയത്തില് മാര്ഗനിര്ദേശിയായ ഒരു പുസ്തകം രചിക്കുകയുണ്ടായി. 1962ലായിരുന്നു ഇത്. ഈ പുസ്തകം 1966ല് അമേരിക്കന് ജ്യോതിശാസ്ത്രജ്ഞനായ കാള് സാഗന് വിപുലീകരിക്കുകയും ‘ഇന്റലിജന്സ് ലൈഫ് ഇന് യൂണിവേഴ്സ്’ എന്ന പേരില് പ്രസിദ്ധീകരിക്കുകയും ചെയ്തു. ദശാബ്ദത്തിലെ ബെസ്റ്റ് സെല്ലറായിരുന്നു ഈ പുസ്തകം.

ആദ്യത്തെ ക്രാഷ്- സ്റ്റൈല് റേഡിയോ ദൂരദര്ശിനി 1963ല് സ്ഥാപിക്കപ്പെട്ടു. ഇതിന് 360 അടി (110 മീ.) വീതിയും 500 അടി (150 മീ.) നീളവും 70 അടി (21 മീ.) ഉയരവും ഉണ്ടായിരുന്നു. സ്വാഭാവിക റേഡിയോ തരംഗങ്ങളെ കെത്തുന്നതിന് ആകാശം സ്കാന് ചെയ്യാന് പരാബൊളിക് പ്രതിഫലകം ഉപയോഗിച്ചുള്ള ഫഌറ്റ്-പ്ലെയിന് റേഡിയോ ടെലസ്കോപ്പ് എന്ന ആശയം 1955ല് അമേരിക്കന് ശാസ്ത്രജ്ഞനായ ജോണ്. ഡി. ക്രാഷ് അവതരിപ്പിച്ചിരുന്നു. ഓഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഒരു വര്ഷത്തിനുള്ളില് അദ്ദേഹത്തിന്റെ ആശയത്തിന് അംഗീകാരം നല്കുകയുണ്ടായി. നാഷണല് സയന്സ് ഫൗേണ്ടഷനില്നിന്ന് 71,000 ഡോളര് ഈ ദൂരദര്ശിനിയുടെ നിര്മാണത്തിന് ധനസഹായവും ലഭിച്ചു. ക്രാഷിന്റെ സ്വപ്നപദ്ധതിയാണ് 1963ല് യാഥാര്ഥ്യമായത്. ഓഹിയോയിലെ ദലവാറില് 20 ഏക്കറില് വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതി പിന്നീട് ‘ബിഗ് ഇയര്’ (Big Ear) എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് ലോകത്തിലെ ആദ്യത്തെ അവിരാമമായ സെറ്റി പ്രോഗ്രാമായി ഇതു മാറ്റി. ഓഹ്യോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി സെറ്റി പ്രോഗ്രാം എന്ന് പിന്നീടിതിനെ നാമകരണം ചെയ്തു.

ഡ്രേക്കും, ബെര്നാഡ് ഒലിവറും ചേര്ന്ന് ആരംഭിച്ച സെറ്റി പഠനത്തിന് 1971ല് നാസ ധനസഹായവും വാഗ്ദാനം ചെയ്തു. ശാസ്ത്രജ്ഞര് തയ്യാറാക്കിയ റിപ്പോര്ട്ടില് 10 മില്യണ് യു.എസ്. ഡോളര് ചെലവുവരുന്ന ഒരു റേഡിയോ ടെലസ്കോപ്പിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചിരുന്നു. ‘പ്രോജക്ട് സൈക്ലോപ്സ്’ എന്നറിയപ്പെട്ട ഈ പദ്ധതി നടന്നില്ലെങ്കിലും തുടര്ന്നുള്ള സെറ്റി പഠനങ്ങള്ക്ക് ശാസ്ത്രജ്ഞരുടെ പഠന റിപ്പോര്ട്ട് പകര്ന്നുകൊടുത്ത ഊര്ജം വളരെ വലുതാണ്.

സെറ്റി പ്രോഗ്രാമിന് വളരെ കീര്ത്തി ലഭിച്ച ഒരു ദിനമായിരുന്നു 1977 ഓഗസ്റ്റ് 15. അന്നേദിവസം പ്രോജക്ട് പ്രവര്ത്തകനായ ജെറി ഇമാന് ടെലസ്കോപ്പില്നിന്ന് ഞെട്ടിപ്പിക്കുന്ന ഒരു സിഗ്നല് ലഭിച്ചു. സിഗ്നല് അപഗ്രഥിച്ച ഇമാന് അത് ‘വൗ’ (Wow!) ശബ്ദമാണെന്ന് തിരിച്ചറിയുകയും അതിന്റെ പ്രിന്റ് ഔട്ട് എടുക്കുകയും ചെയ്തു. ഭൂമിക്കു വെളിയില്നിന്നും ലഭിച്ച വളരെ വിചിത്രമായ ഒരു സിഗ്നല് ആയിരുന്നു അത്. പിന്നീടുായ അന്വേഷണങ്ങളിലൊന്നും ‘wow’ സിഗ്നലിനെക്കുറിച്ച് കൂടുതല് വിവരങ്ങളൊന്നും ലഭിച്ചില്ല.

1979ല് കാലിഫോര്ണിയ സര്വകലാശാല ‘സെറന്ഡിപ്’ (Search for Extraterrestrial Intelligent Populations_SERENDIP) എന്ന സെറ്റി പ്രോഗ്രാമിന് തുടക്കംകുറിച്ചു. 1986ല് ബെര്ക്കലെ അവരുടെ രാമത്തെ സെറ്റി സംരംഭമായി SERENDIP-II ഉം ആരംഭിച്ചു. 2009 ജൂണില് അറെസിബോ റേഡിയോ ടെലസ്കോപ്പ് ഉപയോഗിച്ച് തുടങ്ങിയ ആകാശ സര്വേ ആയ SERENDIP V ആണ് ഈ ശ്രേണിയിലെ ഏറ്റവും നൂതനമായ സംരംഭം.

സെന്റിനെല്, മെറ്റാ, ബീറ്റ

1980ല് കാള് സാഗന്, ബൂസ് മറെ, ലൂയിസ് ഫ്രീഡ്മാന് എന്നിവര് ചേര്ന്ന് ഒരു യു.എസ്. പ്ലാനറ്ററി സൊസൈറ്റിക്ക് രൂപംനല്കി. ഇത് ഭാഗികമായി സെറ്റി പഠനങ്ങള്ക്കു വേണ്ടിയായിരുന്നു. ഇക്കാലത്തു തന്നെ ഹാര്വാര്ഡ് യൂണിവേഴ്സിറ്റിയിലെ ഭൗതികശാസ്ത്രജ്ഞനായ പോള് ഹൊറേ വിറ്റ്സ് സെറ്റി പ്രോഗ്രാമുകളുടെ പ്രക്ഷേപണങ്ങള്ക്കായി ഒരു സ്പെക്ട്രം അനലൈസര് ഡിസൈന് ചെയ്തു. പഴഞ്ചന് മാതൃകയിലുള്ള ഈ ‘ഡെസ്ക്ടോപ്പ്’ സംവിധാനം സെറ്റി പഠനത്തിന് അനുയോജ്യമായിരുന്നില്ല. തുടര്ന്ന് ഈ പ്രവര്ത്തനങ്ങള് 1981ല്, 1,31,000 ചാനലുകളുള്ളതും വഹിച്ചുകൊണ്ടു നടക്കാന് കഴിയുന്നതുമായ ‘സ്പെക്ട്രം അനലൈസറി’ന്റെ നിര്മാണത്തിലേക്ക് നയിച്ചു. 1983 മുതല് ഇത് ഉപയോഗിക്കാന് ആരംഭിച്ചു. ‘സ്യൂട്ട്കേസ് സെറ്റി’ എന്നാണ് ഇത് അറിയപ്പെട്ടത്.

വിശദമായ ആകാശപഠനത്തിന് ‘സ്യൂട്ട്കേസ് സെറ്റി’ പര്യാപ്തമല്ലാതിരുന്നതിനാല് 1985ല് ‘മെറ്റാ’ (Mega Channel Extra-Terrestrial Assay) എന്ന പദ്ധതി ആരംഭിച്ചു. മെറ്റാ വര്ണരാജിക്ക് 8.4 മില്യണ് ചാനലുകളും 0.05 ഹെര്ട്സ് ചാനല് വിശ്ലേഷണവും ഉായിരുന്നു. ഭൗമികവും അഭൗമികവുമായ സന്ദേശങ്ങളെ വേര്തിരിച്ചറിയാന് കഴിയുന്ന ‘ഫ്രീക്വന്സി ഡോപഌ ഷിഫ്റ്റ്’ ന്റെ ഉപയോഗമായിരുന്നു ‘മെറ്റ’യുടെ പ്രധാന സവിശേഷത. പ്ലാനറ്ററി സൊസൈറ്റിയുടെയും ഹോളിവുഡ് സിനിമാ സംവിധായകന് സ്റ്റീവന് സ്പീല്ബെര്ഗിന്റെയും സഹായം ഈ പ്രോജക്ടിനുണ്ടായിരുന്നു. 1990ല് അര്ജന്റീനയില് ‘മെറ്റ’യുടെ രാമത്തെ സംരംഭം (META II) ആരംഭിച്ചു. 1996ല് നൂതന സങ്കേതങ്ങള് ഉപയോഗിച്ചുകൊണ്ട് മെറ്റാ II പ്രവര്ത്തനങ്ങള് തുടര്ന്നു.

ബീറ്റ (Billion channel Extra-Terrestrial Assay- BETA) എന്ന പേരിലാണ് ‘മെറ്റ’ തുടര്പ്രവര്ത്തനങ്ങള് ആരംഭിച്ചത്. 1995 ഒക്ടോബര് 30നാണ് ബീറ്റ നിരീക്ഷണപ്രവര്ത്തനങ്ങള് തുടങ്ങിയത്. ബീറ്റ പ്രക്രിയകള് നിയന്ത്രിച്ചിരുന്നത് 63 ഫാസ്റ്റ് ഫ്യൂറിയര് ട്രാന്സ്ഫോം എഞ്ചിനുകളും (FFT), ഡിജിറ്റല് സിഗ്നല് ബോര്ഡുകളോടുകൂടിയ 21 പേഴ്സണല് കംപ്യൂട്ടറുകളുമായിരുന്നു. 0.5 Hertz/Channel റെസല്യൂഷനുള്ള 250 മില്യണ് ചാനലുകള് ഒന്നിച്ച് കൈകാര്യം ചെയ്യാന് ബീറ്റയ്ക്കു കഴിയും. 1999 മാര്ച്ച് 23ന് മെറ്റ-ബീറ്റ പ്രൊജക്ടുകളുടെ അടിസ്ഥാനമായിരുന്ന 26 മീറ്റര് റേഡിയോ ടെലസ്കോപ്പ് ‘സെന്റിനെല്’ ശക്തമായ കാറ്റില് കത്തിപ്പോവുകയുണ്ടായി. ഇത് ബീറ്റ പ്രൊജക്ടിന്റെ തുടര്ന്നുള്ള പ്രവര്ത്തനങ്ങള്ക്ക് തടസ്സമാവുകയും ചെയ്തു.

SETI@home

1999 മെയ് മാസം കാലിഫോര്ണിയ യൂണിവേഴ്സിറ്റി ആരംഭിച്ച ഡിസ്ട്രിബ്യൂട്ടഡ് കംപ്യൂട്ടിംഗ് പ്രോജക്ടിന്റെ പ്രവര്ത്തകനായ ഡേവിഡ് ഗെയിയും ക്രേയ്ഗ് കാസ്നോഫും ചേര്ന്നാണ് SETI@home പ്രോജക്ട് തുടങ്ങിയത്. പ്ലാനറ്ററി സൊസൈറ്റിയും പാരാമൗണ്ട് പിക്ചേഴ്സും പിന്നീട് കാലിഫോര്ണിയ സ്റ്റേറ്റും ഇതിനെ സാമ്പത്തികമായി പിന്തുണച്ചു. BOINC (Berkeley Open Infrastructure for Network Computing) എന്ന സോഫ്റ്റ്വെയര് പ്രോഗ്രാം ഡൗണ്ലോഡ് ചെയ്താല് ആര്ക്കും സെറ്റി റിസര്ച്ചിന്റെ ഭാഗമാകാവുന്നതാണ്. SERENDIP IV എന്ന ഉപകരണത്തിന്റെ സഹായത്താല് SETI@home പ്രോഗ്രാമിന് സ്വതന്ത്രമായി സിഗ്നല് അനാലിസിസ് നടത്താന് കഴിയും. 2009 ജൂണ് 28ലെ കണക്കനുസരിച്ച് ക്രിയാത്മകമായി പ്രവര്ത്തിക്കുന്ന 1,80,000ല്പരം വ്യക്തികള് SETI@home പ്രോജക്ടിന്റെ ഭാഗമായി പ്രവര്ത്തിക്കുന്നു്.

SETI net
സെറ്റി നെറ്റ് ഒരു സ്വകാര്യ നിരീക്ഷണ സംവിധാനമാണ്. സെറ്റി ലീഗുമായി വളരെയടുത്ത ബന്ധം പുലര്ത്തുന്ന ഈ സംവിധാനത്തില് ആകാശത്തിന്റെ ഏതെങ്കിലുമൊരു ഭാഗം കേന്ദ്രീകരിച്ച് ആന്റിന വളരെക്കാലം ഉപയോഗിക്കുന്ന രീതിയില് സജ്ജീകരിക്കുകയാണ് ചെയ്യുന്നത്. അമേച്വര് സെറ്റി സമൂഹത്തിനുവേണ്ടി പലതരം സോഫ്റ്റ്വെയര് പ്രോഗ്രാമുകളും സെറ്റി നെറ്റ് നിര്മിക്കുന്നുണ്ട്. ആസ്ട്രോണമിക്കല് ക്ലോക്ക്, ഫയല് മാനേജര്, സ്പെക്ട്രം അനലൈസര്, ഇന്റര്നെറ്റുമായി ബന്ധപ്പെടാനുള്ള റിമോട്ട് കണ്ട്രോള് സൗകര്യം തുടങ്ങി നിരവധി പാക്കേജുകളും ഈ ടീം ചെയ്തുകൊടുക്കുന്നുണ്ട്.

അലന് ടെലസ്കോപ്പ് ശ്രേണി
മിനി സൈക്ലോപ്സ് കൂട്ടത്തെപ്പോലെയുള്ള പ്രത്യേക രീതിയിലുള്ള റേഡിയോ ദൂരദര്ശിനികളുടെ ഒരു കൂട്ടത്തെ സൃഷ്ടിച്ച് സെറ്റി പഠനത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിനായി സെറ്റി ഇന്സ്റ്റിറ്റിയൂട്ടും കാലിഫോര്ണിയ യൂണിവേഴ്സിറ്റിയിലെ റേഡിയോ ആസ്ട്രോണമി ലബോറട്ടറിയും ചേര്ന്ന് രൂപംകൊടുത്ത പ്രൊജക്ടാണിത്. പദ്ധതിയുടെ പ്രധാന സംഘാടകനായ പോള് അലന്റെ പേരാണ് ഈ ദൂരദര്ശിനി സംഘാതത്തിന് (Allen Telescope Array) നല്കിയിരിക്കുന്നത്. വടക്കന് കാലിഫോര്ണിയയിലെ ഗ്രാമത്തിലുള്ള ഹാറ്റ് ക്രീക്ക് ഒബ്സര്വേറ്ററിയുമായി ചേര്ന്നാണ് ഈ പ്രോജക്ട് സാക്ഷാത്കരിക്കപ്പെടുന്നത്. 25 മില്യണ് യു.എസ്. ഡോളര് ചെലവു പ്രതീക്ഷിക്കുന്ന ഈ പദ്ധതി 2007ല് പൂര്ത്തീകരിക്കുന്നതിനാണ് ആദ്യം തീരുമാനിച്ചത്. 42 ആന്റിനകളോടുകൂടി ഇതിന്റെ ആദ്യഘട്ടം 2007 ഒക്ടോബറില് പ്രവര്ത്തനമാരംഭിച്ചു. 2011 ഏപ്രില് മാസം ഫിന്റെ അഭാവം കാരണം നിര്ത്തിവച്ച പദ്ധതിയുടെ നിര്മാണ പ്രവര്ത്തനങ്ങള് 2011 ഡിസംബര് അഞ്ചിന് പുനരാരംഭിച്ചിട്ടുണ്ട്.
സെറ്റി ശാസ്ത്രജ്ഞര് ശുഭാപ്തിവിശ്വാസികളാണ്. ഈ വിശാലപ്രപഞ്ചത്തിന്റെ ഏതെങ്കിലുമൊരു കോണില്നിന്ന് എന്നെങ്കിലുമൊരിക്കല് ഭൂമിയെത്തേടി ഒരു സന്ദേശമെങ്കിലുമെത്തുമെന്ന് അവര് പ്രതീക്ഷിക്കുന്നു. അതിനിനി അധികം താമസമൊന്നുമില്ലെന്നാണ് അവര് കരുതുന്നത്.

Sabu Jose
Image

ഒരു അഭിപ്രായം പറയൂ