ഓപറേഷൻ നെപ്ട്യൂൺ സ്പീയർ

Share the Knowledge

2010 ആഗസ്റ്റിലെ ഒരു ദിനം. പാകിസ്ഥാനിലെ ഇസ്ലാമാബാദിലുള്ള അമേരിയ്ക്കൻ എംബസിയിലേയ്ക്ക് അയാൾ കയറിച്ചെന്നു. മധ്യവയസ്കൻ. തനിയ്ക്ക് എംബസിയിലെ സ്റ്റേഷൻ ചീഫിനെ കാണമെന്നയാൾ ആവശ്യപ്പെട്ടു.
സ്റ്റേഷൻ ചീഫിന്റെ മുന്നിലെത്തിയ അയാൾ തനിയ്ക്ക് അതീവ രഹസ്യമായ ചില വിവരങ്ങൾ അറിയിയ്ക്കാനുണ്ടെന്നും മറ്റാരെയും അവിടെ നിർത്തരുതെന്നും അഭ്യർത്ഥിച്ചു. അതിൻ പ്രകാരം മറ്റെല്ലാവരും അവിടെ നിന്നും മാറി.

“ഇനി പറയൂ, എന്താണു നിങ്ങൾക്കറിയിയ്ക്കാനുള്ളത്? ആരാണു നിങ്ങൾ?”
“ഞാൻ പാകിസ്ഥാൻ ഇന്റലിജൻസ് ഏജൻസിയിൽ (ISI) നിന്നും പിരിഞ്ഞ ഒരാളാണ്. അമേരിയ്ക്കയ്ക്ക് അതീവ താല്പര്യമുള്ള ഒരു വിവരമാണു എനിയ്ക്ക് പറയാനുള്ളത്. ആ വിവരത്തിനു 25 മില്യൺ ഡോളർ നിങ്ങൾ വിലയിട്ടിട്ടുണ്ട്. അതെനിയ്ക്കു കിട്ടുമെങ്കിൽ മാത്രമേ ഇക്കാര്യം ഞാൻ പറയൂ..”
സ്റ്റേഷൻ ചീഫ് അയാളെ നോക്കി പരിഹാസത്തോടെ ഒന്നു ചിരിച്ചതേയുള്ളു.
“ആരെങ്കിലും കയറി വന്നു പറഞ്ഞാലുടൻ കൊടുക്കാവുന്നതല്ലല്ലോ ഇത്രയും വലിയൊരു തുക. നിങ്ങൾ പറയുന്നത് സത്യമാണെന്നു ബോധ്യപ്പെട്ടാൽ തീർച്ചയായും ഓഫർ തുക കിട്ടിയിരിയ്ക്കും. താല്പര്യമുണ്ടെങ്കിൽ പറയാം. അല്ലെങ്കിൽ പോകാം”
“ഒസാമ ബിൻ ലാദൻ എവിടെയുണ്ടെന്ന് എനിയ്ക്കറിയാം. പാകിസ്ഥാനിലൊരിടത്ത് അദ്ദേഹമുണ്ട്.”

സ്റ്റേഷൻ ചീഫ് അതത്ര കാര്യമായിട്ടെടുത്തില്ല. ഇത്തരം ഇൻഫോർമേഷനുകൾ പലവട്ടം കിട്ടിയിട്ടുണ്ട്. അവയൊക്കെ തെറ്റായിരുന്നു താനും.. എങ്കിലും ഇക്കാര്യത്തിൽ ഒരു ഇൻഫോർഷനും അവഗണിയ്ക്കാനാവില്ല. അതുകൊണ്ട് അയാൾ ഇക്കാര്യം എംബസിയിലെ ഇന്റലിജൻസ് ഓഫീസറെ അറിയിച്ചു.
ആദ്യപടിയായി, കയറി വന്നയാളെ പോളിഗ്രാഫ് ടെസ്റ്റിനു വിധേയനാക്കി. ഫലം അതിശയകരമായിരുന്നു. അയാൾ പറയുന്നത് സത്യമാണ്..!

2006 ൽ ISI എജന്റുകൾ ഒസാമയെ പാകിസ്ഥാനിൽ ലൊക്കേറ്റു ചെയ്തിരുന്നു. അദ്ദേഹത്തെ അറസ്റ്റ് ചെയ്ത്, അബോട്ടാബാദ് എന്നൊരിടത്ത്, പാകിസ്ഥാനി ഇന്റലിജൻസിന്റെയും മിലിട്ടറിയുടെയും സെന്ററുകൾക്ക് സമീപത്തായി വീട്ടു തടങ്കലിൽ പാർപ്പിച്ചിരിയ്ക്കുകയാണ്. ഇത്രയും വിവരങ്ങളാണു അയാളിൽ നിന്നും കിട്ടിയത്.
ഈ വിവരം ഉടൻ തന്നെ വാഷിംഗ്ടനിലെ CIA ആസ്ഥാനത്തെത്തി. അവർ ആകെ ആവേശത്തിലായി.
2001 മുതൽ അമേരിയ്ക്ക അന്വേഷിയ്ക്കുന്ന ലോകോത്തര ഭീകരരിൽ ഒന്നാമത്തെ ആളാണ് ഒസാമാ ബിൻ ലാദൻ. 25 മില്യൻ ഡോളറാണു തലയ്ക്കു വിലയിട്ടിരുന്നത്.

ഒസാമ ബിൻ ലാദനെ പറ്റി പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. സൌദിയിലെ അതീവ സമ്പന്ന കുടുംബത്തിൽ 1957 ലാണു ഇദ്ദേഹം ജനിച്ചത്. 1979 വരെ വിദ്യാഭ്യാസകാലം. അതിനെ തുടർന്ന് അഫ്ഗാനിസ്ഥാനിൽ സോവിയറ്റ് സൈന്യത്തിനെതിരെ മുജാഹിദീനുകളുടെ. കൂടെ പോരാടി. 1988 ൽ അൽ ക്വായ്ദ രൂപീകരിച്ചു. ഇക്കാലത്തൊക്കെ അമേരിയ്ക്കയുടെ പൂർണ സഹകരണം ഒസാമയ്ക്കുണ്ടായിരുന്നു. സൌദിയിൽ നിന്നു ബഹിഷ്കൃതനായതിനെ തുടർന്ന് താവളം സുഡാനിലേയ്ക്കു മാറ്റി. അക്കാലത്ത് അമേരിയ്ക്കയുമായി തെറ്റുകയും, അഫ്ഗാനിലേയ്ക്കു താവളം ഉറപ്പിയ്ക്കുകയും ചെയ്തു. പിന്നീട് ലാദൻ അമേരിയ്ക്കയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. അമേരിയ്ക്കൻ എംബസിയിൽ ബോംബാക്രമണം ഉണ്ടായതോടെ അമേരിയ്ക്ക ലാദന്റെ തലയ്ക്കു വിലയിട്ടു, പിൽക്കാലത്തെ വേൾഡ് ട്രേഡ് സെന്റർ ആക്രമണമൊക്കെ ലാദന്റെയും അൽ ക്വായിദയുടെ അക്കൌണ്ടിലാണു അമേരിയ്ക്ക എഴുതി ചേർത്തത്. എന്തായാലും അമേരിയ്ക്കയുടെ ഒന്നാം നമ്പർ ശത്രുവായി ലാദൻ മാറി. അദ്ദേഹത്തിന്റെ ഫോൺ ട്രാക്ക് ചെയ്ത് മിസൈൽ ആക്രമണം വരെ നടത്തിയെങ്കിലും അതിൽ നിന്നൊക്കെ ലാദൻ രക്ഷപെട്ടു. അഫ്ഗാനിൽ ഹിന്ദുക്കുഷ് പർവതനിരകൾക്കിടയിൽ എവിടെയോ അദ്ദേഹമുണ്ട് എന്ന വിവരം മാത്രമേ അമേരിയ്ക്കയ്ക്ക് ഉണ്ടായിരുന്നുള്ളു. ലോകത്തെ വലിയ ഇന്റലിജൻസ് നെറ്റുവർക്ക് ഉണ്ടായിട്ടു പോലും ലാദന്റെ ഒരു ഫോട്ടോ പോലും അവർക്ക് നേരിട്ട് സംഘടിപ്പിയ്ക്കാനായിരുന്നില്ല..! ബറാക്ക് ഒബാമയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഒസാമ ബിൻ ലാദനെ കണ്ടെത്തി വധിയ്ക്കുമെന്നത്. അങ്ങനെയൊരു സാഹചര്യത്തിലാണു, ഇസ്ലാമാബാദിൽ നിന്നും ഈ വിവരം ലഭിയ്ക്കുന്നത്. വിവരം ഉടനടി പ്രസിഡണ്ടിനു റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്തു നടപടിയാണ് സ്വീകരിയ്ക്കേണ്ടത് എന്നായിരുന്നു ഉത്തരവ് കിട്ടേണ്ടത്.

“നിങ്ങൾ പറയുന്ന സ്ഥലത്ത് ഉള്ളത് ഒസാമയാണെന്ന് ഉറപ്പാക്കിയ ശേഷം മാത്രം ഇക്കാര്യവുമായി എന്റെ മുന്നിൽ വരുക.” പ്രസിഡണ്ട് ഇത്രമാത്രം പറഞ്ഞു.

CIA ഉണർന്നു.
പാകിസ്ഥാന്ന്റെ വടക്കു കിഴക്കു ഭാഗത്ത്, അഫ്ഗാൻ അതിർത്തിയിൽ നിന്നും 160 കിലോമീറ്റർ അകലത്തിലും ഇന്ത്യൻ അതിർത്തിയിൽ നിന്നും 32 കിലോമീറ്റർ അകലത്തിലുമാണു അബോട്ടാബാദ് സിറ്റി. സിറ്റിയിൽ നിന്നും 4 കിലോമീറ്ററോളം മാറിയാണ്, ബിൻ ലാദൻ ഉണ്ട് എന്ന് സംശയിയ്ക്കപ്പെടുന്ന കെട്ടിടം.

വളരെ പ്രത്യേകതകളുള്ളതായിരുന്നു ഈ കെട്ടിടം. മൂന്നു നിലയുള്ള കോൺക്രീറ്റ് വീട്.. അടുത്തുള്ള മറ്റു കെട്ടിടങ്ങളുടെ ചുറ്റുവട്ടത്തേക്കാൾ എട്ടിരട്ടി വലുപ്പമുണ്ട് ഇതിന്റെ കോമ്പൌണ്ടിന്. ആ കോമ്പൌണ്ടിനെ മൊത്തമായി അതിരിട്ടു തിരിയ്ക്കുന്ന പടുകൂറ്റൻ കോൺക്രീറ്റ് മതിലുണ്ട്. ഏതാണ്ട് 18 അടി ഉയരമുണ്ട് മതിലിന്. മതിലിനു മുകളിൽ കനത്ത മുള്ളുവേലി. രണ്ടു ചെറിയ സെക്യൂരിറ്റി ഗേറ്റുകളുണ്ട് മതിലിന്.
മൂന്നാം നിലയിലെ ബാൽക്കണി മറച്ചു കൊണ്ട്, 7 അടി ഉയരമുള്ള ഒരു രഹസ്യമതിലുണ്ട്. ഈ കോമ്പൌണ്ടിലേയ്ക്ക് ലാൻഡ് ഫോൺ കണക്ഷനോ ഇന്റർനെറ്റൊ ഇല്ല. വീട്ടിൽ സ്ത്രീകളും കുട്ടികളും പുരുഷന്മാരുമായി താമസക്കാരുണ്ട്. അവർ ആരും തന്നെ അയൽവാസികളുമായി ബന്ധപ്പെട്ടിരുന്നില്ല. വീട്ടിൽ നിന്നുള്ള ചപ്പു ചവറുകൾ കോമ്പൌണ്ടിൽ തന്നെ കത്തിച്ചു കളയുകയാണു പതിവ്. അതിനു പോലും ആരും പുറത്തു വന്നു കണ്ടിട്ടില്ല.
വസീറിസ്ഥാനിൽ നിന്നുള്ള ഏതോ ഒരു പ്രഭുവിന്റെ വീടാണിതെന്നാണ് അബോട്ടാ ബാദിലുള്ള സംസാരം. വസീറിസ്ഥാൻ ഹവേലി (കൊട്ടാരം) എന്നാണു നാട്ടുകാർ ഇതിനെ വിളിച്ചിരുന്നത്.

ഇത്രയും വിവരങ്ങൾ CIA യ്ക്കു ലഭിച്ചെങ്കിലും, അവിടെ ലാദൻ ഉണ്ടോ ഇല്ലയോ എന്നു ഉറപ്പിയ്ക്കാവുന്ന തെളിവൊന്നും ലഭിച്ചില്ല. കൂടുതൽ അന്വേഷണത്തിനുള്ള ആദ്യ പടിയായി അബോട്ടാബാദിൽ ഒരു കെട്ടിടം വാടകയ്ക്കെടുത്തു. പ്രാദേശിക വാസികളെ ചിലരെ ജോലിയ്ക്കെടുത്ത് ഒരു “ഓഫീസ്” തട്ടിക്കൂട്ടി. അതിന്റെ മറവിൽ വസീറിസ്ഥാൻ പാലസ് നിരീക്ഷണം ആരംഭിച്ചു.

ആ കോമ്പൌണ്ടിൽ കയറിപ്പറ്റാൻ പല വഴികളും അവർ തേടി. പല പേരുകളിൽ പലയാളുകളെ അവിടേയ്ക്കു നിയോഗിച്ചു. അതൊന്നും വേണ്ടത്ര ഫലിയ്ക്കാതായപ്പോഴാണു “വാക്സിനേഷൻ” എന്ന തന്ത്രം പ്രയോഗിച്ചത്. കുട്ടികൾക്ക് പോളിയോ വാക്സിൻ എന്ന പേരിൽ അവിടുത്തെ എല്ലാ വീടുകളിലും “ആരോഗ്യ പ്രവർത്തകർ” കയറിയിറങ്ങി, കൂട്ടത്തിൽ പാലസിലും. ഇങ്ങനെ അല്പാല്പം വിവരങ്ങൾ ലഭിച്ചുവെങ്കിലും ലാദൻ അവിടെ ഉണ്ട് എന്നതിനു ഖണ്ഡിതമായ തെളിവുകൾ ലഭ്യമായില്ല.

വസീറിസ്ഥാൻ പാലസിൽ ഇടയ്ക്കിടെ വന്നു പോകാറുള്ള ഒരാൾ CIA യുടെ ശ്രദ്ധയിൽ പെട്ടു. അയാളെ പിന്തുടർന്നുള്ള നിരീക്ഷണം ഒരു കാര്യം ഉറപ്പിച്ചു. ഇയാൾ വരുന്നത് അഫ്ഗാനിസ്ഥാനിൽ എവിടെയോ നിന്നാണ്. കാഴ്ചയിൽ അറബ് വംശജനെന്നു തോന്നിയ്ക്കുന്ന അയാളെ പറ്റി CIA കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. അബു അഹ്മദ് അൽ കുവൈറ്റി എന്നയാളാണ് അയാളെന്നു മനസ്സിലായി. ഇയാളെക്കുറിച്ച്, ഗ്വാണ്ടനാമോ ജയിലിലുള്ള അൽ ക്വയ്ദാ തടവുകാരോട് അന്വേഷണം നടത്തിയതിൽ നിന്നും വിലപ്പെട്ട ചില വിവരങ്ങൾ ലഭ്യമായി. അൽ ക്വായ്ദയുടെ അകത്തളങ്ങളിൽ പിടിപാടുള്ള ആളാണു അൽ കുവൈറ്റി എന്നും ഇയാളെ ഇടയ്ക്കിടെ അഫ്ഗാനിൽ നിന്നും കാണാതാകാറുണ്ട് എന്നും ബോധ്യമായി.

വിവരങ്ങൾ കൂട്ടിയിണക്കുമ്പോൾ കിട്ടുന്ന ഉത്തരം, അബോട്ടാ ബാദിലെ ആ കെട്ടിടത്തിൽ ഉള്ളത് ഒസാമ ബിൻ ലാദനാകാനുള്ള് സാധ്യത വളരെ ഏറെയാണു എന്നതാണ്. ബാൽക്കണിയിലെ 7 അടി ഉയരമുള്ള രഹസ്യമതിൽ എന്തിനാണു എന്നതിനും ഒരു വിശദീകരണം ലഭിച്ചു. 6 അടി 4 ഇഞ്ച് ഉയരമുള്ള ദീർഘകായനാണു ഒസാമ ബിൻ ലാദൻ. അദ്ദേഹത്തിനെ കാഴ്ചയിൽ നിന്നു മറയ്ക്കാൻ 7 അടിയെങ്കിലും ഉയരമുള്ള മതിൽ വേണ്ടി വരും.

സാറ്റലൈറ്റ് വഴി അബോട്ടാബാദിലെ ആ കോമ്പൌണ്ടിന്റെ ചിത്രങ്ങൾ ശേഖരിച്ചു. കൂടാതെ ഡ്രോണുകൾ അതിന്റെ മുകളിൽ കൂടി പറത്തിയും വിവരങ്ങൾ ശേഖരിച്ചു.
ഇവയെല്ലാം ചേർത്ത് കമ്പ്യൂട്ടറിൽ ആ കെട്ടിടവും അവിടെ സംഭവിയ്ക്കാവുന്ന ചലനങ്ങൾ സഞ്ചാരങ്ങൾ ഇവയെല്ലാം 3D യിൽ റെൻഡർ ചെയ്ത് വിശകലനം ചെയ്തു.
അതിൽ നിന്നു കിട്ടുന്ന വിവരങ്ങളെല്ലാം അവർ സംശയിയ്ക്കുന്ന തരത്തിലുള്ള ഒരു ആളിനു ചേരുന്നതായിരുന്നു.

വസീറിസ്ഥാൻ പാലസിലുള്ളത് ഒസാമ തന്നെ. CIA ഉറപ്പിച്ചു.

CIA ഡയറക്ടർ ലിയോൺ പനേറ്റ പ്രസിഡണ്ട് ഒബാമയെ സന്ദർശിച്ചു.
“മി. പ്രസിഡണ്ട്, അബോട്ടാബാദ് കോമ്പൌണ്ടിലുള്ളത് ഒസാമ ബിൻ ലാദൻ തന്നെ എന്നു തീർത്തു പറയാം, കിട്ടിയ വിവരങ്ങൾ മറ്റാർക്കും യോജിയ്ക്കുന്നതല്ല.”

ജോയിന്റ് സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡർ വൈസ് അഡ്മിറൽ വില്യം മക് റാവൺ, CIA ചീഫ് പനേറ്റ, പ്രസിഡണ്ട് ഒബാമ എന്നിവരുടെ ഒരു കൂടിയാലോചന ഉണ്ടായി.

“ലാദനെ പിടികൂടുക, ജീവനോടെയോ അല്ലാതെയോ.” പ്രസിഡണ്ട് ഉത്തരവിട്ടു.

ഓപ്പറേഷൻ നെപ്ട്യൂൺ സ്പീയർ എന്ന് ആ ദൌത്യത്തിനു നാമകരണം ചെയ്യപ്പെട്ടു.

പ്രസിഡണ്ട് ഒബാമയും അദ്ദേഹത്തിന്റെ ദേശീയ സുരക്ഷാ ഉപദേശകരും തമ്മിൽ പലതവണ കൂടിയാലോചന നടത്തി. ലാദന്റെ താവളം ഏതു രീതിയിൽ ആക്രമിയ്ക്കണമെന്നതിന്റെ സാധ്യതകളാണു അവർ പരിഗണിച്ചത്.

ആദ്യ സാധ്യത സ്റ്റെൽത് യുദ്ധവിമാനം ഉപയോഗിച്ച് ബോംബിടുന്നതായിരുന്നു. ആ കെട്ടിടത്തിനു ഒരു ബങ്കർ ഉണ്ടെങ്കിൽ അതുൾപ്പെടെ തകർക്കാൻ 2000 പൌണ്ടിന്റെ 32 ബോംബുകൾ എങ്കിലും വേണ്ടി വരും എന്നാണു കണക്കാക്കിയത്. പക്ഷേ അങ്ങനെയൊരാക്രമണത്തിനു പല പ്രശ്നങ്ങളുമുണ്ടായിരുന്നു. ഒന്നാമതായി, ഇത്രയും ഭീമമായ ആക്രമണം നടത്തിയാൽ, ചുറ്റുപാടുമുള്ള ഒന്നോ രണ്ടോ വീടുകൾ കൂടി നാമാവശേഷമാകും. നിരപരാധികളായ പലരും മരണപ്പെടും. മറ്റൊന്നു ലാദന്റെ മരണം സ്ഥിരീകരിയ്ക്കാനാവില്ല എന്നതാണ്.
പ്രസിഡണ്ട് ഈ പ്ലാൻ കൈയോടെ തള്ളി.

ഹെലികോപ്ടർ ഉപയോഗിച്ചുള്ള ആക്രമണത്തിന്റെ സാധ്യത പരിഗണിയ്ക്കാൻ അദ്ദേഹം അഡ്മിറൽ മക് റാവണോടാവശ്യപ്പെട്ടു. ഒരു ഡ്രോൺ ഉപയോഗിച്ച്, ലാദനെ നേരിട്ട് ആക്രമിയ്ക്കാവുന്നതിന്റെ സാധ്യതയും അവർ അലോചിച്ചെങ്കിലും ഫലസാധ്യത കുറവായതിനാൽ ഉപേക്ഷിച്ചു.

അഫ്ഗാനിൽ സേവനമനുഷ്ഠിയ്ക്കുന്ന റെഡ് സ്ക്വാഡ്രണിൽ നിന്നും പരിചയ സമ്പന്നരായ ഒരു ടീമിനെ തിരഞ്ഞെടുത്തു മക് റാവൺ. അഫ്ഗാനിലെ പ്രാദേശികഭാഷാ ജ്ഞാനവും, അതിർത്തി കടന്നുള്ള ഓപ്പറേഷനുകളിൽ പരിചയമുള്ളവരുമായിരുന്നു ഇവർ.

നോർത്ത് കരോലിനയിലെ ഒരു മിലിട്ടറി പരിശീലന ബേസിലേയ്ക്ക് അവരെ അയച്ചു. അവിടെ, അബോട്ടാബാദിലെ ലാദന്റെ കോമ്പൌണ്ടിന്റെ ഒരു യഥാർത്ഥമാതൃക ഉണ്ടായിരുന്നു. എന്താണു മിഷൻ എന്നതിനെ പറ്റി യാതൊരു അറിവും നൽകാതെ, അവിടെ ചില പരിശീലനങ്ങൾ നടന്നു. ഹെലികോപ്ടറിൽ വന്നിറങ്ങി
ആക്രമിയ്ക്കുന്നതിന്റെ പരിശീലനമാണു നൽകിയത്. ആ മാതൃക കെട്ടിടത്തിന്റെ മതിലുകൾ പക്ഷേ ചെയിൻ ലിങ്കുകൾ കൊണ്ട് താൽകാലികമായി ഉണ്ടാക്കിയതായിരുന്നു. ആയതിനാൽ തന്നെ, വലിയ മതിൽകെട്ടുകൾക്കകത്ത് ഹെലികോപ്ടർ ഇറങ്ങുമ്പോഴുള്ള എഫക്ടുകളെകുറിച്ച് ടീമംഗങ്ങൾക്ക് വേണ്ടത്ര അറിവ് ലഭിച്ചില്ല.
റെഡ് സ്ക്വാഡ്രൺ അംഗങ്ങൾ , അമേരിയ്ക്കൻ നേവി SEAL എന്ന വിഭാഗത്തിൽ പെടുന്നവരായിരുന്നു. SEA, AIR, LAND ഇവയുടെ ചുരുക്ക രൂപമാണു SEAL. കടലിലും ആകാശത്തും കരയിലും ഒരേപോലെ പോരാടാൻ കഴിയുന്നവർ എന്നർത്ഥം. റോമൻ മിത്തോളജിയിലെ കടൽ ദേവനായ നെപ്ട്യൂണിന്റെ ആയുധമായ ത്രിശൂലമാണു അവരുടെ അടയാളം. കടലിനെയും കരയെയും ആകാശത്തെയും സൂചിപ്പിയ്ക്കുന്നു ത്രിശൂലം. ആ അടിസ്ഥാനത്തിലാണു ഈ മിഷന് “ഓപ്പറേഷൻ നെപ്ട്യൂൺ സ്പീയർ” എന്നു പേരിട്ടത്.
അബോട്ടാബാദിൽ ചെന്നിറങ്ങുമ്പോൾ സമീപമുള്ള പാകിസ്ഥാൻ മിലിട്ടറിയിൽ നിന്നും ആക്രമണമോ പ്രതിരോധമോ ഉണ്ടാകാൻ സാധ്യതയുണ്ട്. ആയതിനാൽ, അവരുടെ ശ്രദ്ധ ആകർഷിയ്ക്കാതിരിയ്ക്കാൻ, തീരെ ശബ്ദം കുറച്ച് പറക്കാൻ കഴിവുള്ളതും റഡാറിൽ പതിയില്ലാത്തതുമായ പ്രത്യേക ഹെലികോപ്ടറുകളാണു മിഷനു വേണ്ടി തെരെഞ്ഞെടുത്തത്.

പാകിസ്ഥാൻ പട്ടാളത്തിന്റെ കൈവശമുള്ള F-16 യുദ്ധ വിമാനങ്ങൾ അമേരിയ്ക്ക നൽകിയതാണു. അവ 24 മണിക്കൂറും അമേരിയ്ക്കൻ സൂപ്പർ വൈസർമാരുടെ നിരീക്ഷണത്തിലായിരിയ്ക്കും. അവരുടെ അനുമതിയില്ലാതെ, പറത്തില്ല എന്ന കരാറിലാണു അവ നൽകിയിരിയ്ക്കുന്നത്. അതുകൊണ്ട് തന്നെ യുദ്ധവിമാനങ്ങൾ ഉപയോഗിച്ചുള്ള തിരിച്ചടിയ്ക്കു സാധ്യത കുറവാണ്. പാകിസ്ഥാന്റെ ഡിഫൻസ് കഴിവുകളെക്കുറിച്ച് അമേരിയ്ക്കയ്ക്ക് നന്നായി അറിയാമെന്നതിനാൽ അക്കാര്യം പ്രശ്നമല്ല.

റെഡ്സ്ക്വാഡ്രണിലെ സീൽ അംഗങ്ങളെ ഉപയോഗിച്ച്, അബോട്ടാബാദിലെ ലാദന്റെ വസതിയിൽ നേരിട്ടൊരു ആക്ഷൻ അന്തിമമായി ഉറപ്പിയ്ക്കപ്പെട്ടു.

ലാദൻ കീഴടങ്ങുകയാണെങ്കിൽ, അഫ്ഗാനിലുള്ള ബഗ്രാം എയർബേസിലേയ്ക്കു കൊണ്ടു പോകും. ഈ ഉദ്യമത്തിനിടയിൽ പാകിസ്ഥാൻ പട്ടാളത്തിന്റെ ഇടപെടലുണ്ടായാൽ അമേരിയ്ക്കൻ സൈന്യാധിപൻ മൈക്ക് മുള്ളൻ അപ്പോൾ തന്നെ പാകിസ്ഥാൻ പട്ടാളമേധാവിയെ വിളിച്ച് സീലുകളെ വിട്ടയപ്പിയ്ക്കും.

2011 ഏപ്രിൽ 19 ന്റെ നാഷണൽ സെക്യൂരിറ്റി കൌൺസിൽ മീറ്റിംഗിൽ പ്രസിഡണ്ട് ഒബാമ ദൌത്യത്തിനു പ്രാഥമിക അനുമതി നൽകി. പാകിസ്ഥാനികളെ ദൌത്യത്തെ പറ്റി അറിയിയ്ക്കണമോ എന്ന കാര്യത്തിൽ അദ്ദേഹത്തിനു സന്ദേഹമുണ്ടായിരുന്നു. അറിയിച്ചാൽ അതു ചോർന്നു പോകാൻ സാധ്യത ഏറെയാണ്. സീലുകൾ സ്വന്തം നിലയിൽ ഈ ദൌത്യം നിർവഹിയ്ക്കട്ടെ എന്നാണ് പ്രസിഡണ്ട് അന്തിമമായി തീരുമാനമെടുത്തത്.

താമസിയാതെ, അഡ്മിറൽ മക് റാവണും സീലുകളും അഫ്ഗാനിലേയ്ക്കു പറന്നു. അവിടെ ബഗ്രാം എയർ ബേസിലെ, ക്യാമ്പ് ആൽഫയിൽ ലാദന്റെ കെട്ടിടത്തിന്റെ മറ്റൊരു യഥാർത്ഥ മാതൃക ഉണ്ടായിരുന്നു. വീണ്ടും ആക്രമണത്തിന്റെ വിവിധ റിഹേഴ്സലുകൾ.
ഏപ്രിൽ 27 നു സംഘം ജലാലാബാദിലെത്തി. അവിടെവെച്ച് അഡ്മിറൽ മക് റാവൻ മിഷനെക്കുറിച്ച് സീലുകളെ അറിയിച്ചു.
ഏപ്രിൽ 28 നു, അമേരിയ്ക്കൻ സൈന്യാധിപൻ അഡ്മിറൽ മൈക്ക് മുള്ളൻ ദൌത്യത്തിന്റെ അന്തിമ പ്ലാനിനെ പറ്റി നാഷണൽ സെക്യൂരിറ്റി യോഗത്തിൽ വിശദീകരിച്ചു. മിക്ക അംഗങ്ങളും ഹെലികോപ്ടർ ആക്രമണത്തെ അനുകൂലിച്ചെങ്കിലും, വൈസ് പ്രസിഡണ്ട് ബൈഡൻ അതിനെതിരായിരുന്നു. ഡ്രോൺ ആക്രമണത്തെയാണു അദ്ദേഹം അനുകൂലിച്ചത്.
പ്രസിഡണ്ട് ഒബാമ, തനിയ്ക്ക് അഫ്ഗാനിലുള്ള മക് റാവണുമായി സംസാരിയ്ക്കണമെന്നാവശ്യപ്പെട്ടു. അഫ്ഗാനിലെ പരിശീലനങ്ങൾക്കു ശേഷവും, ഈ ദൌത്യവുമായി മുന്നോട്ടു പോകണമെന്നു തന്നെയാണോ അദ്ദേഹത്തിന്റെ തീരുമാനമെന്ന് ഒബാമ അന്വേഷിച്ചു.

“തീർച്ചയായും”. തന്റെ ടീം ആക്രമണത്തിനു പരിപൂർണ സജ്ജമാണെന്ന് അദ്ദേഹം അറിയിച്ചു. അടുത്ത ഏതാനും ദിവസങ്ങൾ ആക്രമണത്തിനു പറ്റിയ രീതിയിൽ ചെറിയ നിലാവുള്ള രാത്രികൾ ഉള്ളവയാണെന്നും അദ്ദേഹം അറിയിച്ചു.

ഏപ്രിൽ 29 രാവിലെ 8.20 നു, ദൌത്യത്തിനുള്ള അന്തിമ അനുമതി പ്രസിഡണ്ട് ഒബാമ നൽകി. അന്നു രാത്രി തന്നെ ആക്രമണം നടക്കുമെന്ന് അദ്ദേഹത്തിനു മറുപടി ലഭിച്ചു. എന്നാൽ വൈകിട്ട് മറ്റൊരു സന്ദേശം ലഭിച്ചു, ആകാശം മേഘങ്ങളാൽ മൂടിയതിനാൽ ആക്രമണം അടുത്ത ദിവസത്തേയ്ക്കു മാറ്റിയിരിയ്ക്കുന്നു.
ഏപ്രിൽ 30 നു ഒബാമ വീണ്ടും മക് റാവണെ വിളിച്ചു. ദൌത്യത്തിനു ആശംസ നേർന്നു കൊണ്ട് പ്രസിഡണ്ട് ഫോൺ വച്ചു.

മേയ് 1 സമയം 1.22 PM.

CIA ഡയറക്ടർ പനേറ്റ, മക് റാവണു “മൂവ് ഫോർവേഡ്” ഓർഡർ നൽകി. 3.00 മണിയൊടെ പ്രസിഡണ്ട് ഒബാമയും നാഷണൽ സെക്യൂരിറ്റി കൌൺസിൽ അംഗങ്ങളും കൂടി വൈറ്റ് ഹൌസിലെ സിറ്റ്വേഷൻ റൂമിൽ ഒത്തുചേർന്നു. അവിടെ വലിയൊരു സ്ക്രീനിൽ, അബോട്ടാബാദ് കോമ്പൌണ്ടിനു മുകളിൽ കൂടി പറക്കുന്ന ഒരു ഡ്രോണിൽ നിന്നുള്ള രാത്രി കാഴ്ചാ ദൃശ്യങ്ങൾ കാണാമായിരുന്നു. സ്ക്രീനിന്റെ ഒരു സൈഡിൽ നിന്ന്, മി.പനേറ്റാ, എന്താണു ആ ദൃശ്യങ്ങൾ എന്നു വിശദീകരിച്ചു കൊണ്ടിരുന്നു. ഇതേ ദൃശ്യങ്ങൾ തന്നെ, ഇസ്ലാമാബാദിലെ അമേരിയ്ക്കൻ എംബസിയിലും പെന്റഗൺ ആസ്ഥാനത്തും രണ്ട് സ്ക്രീനുകളിൽ തെളിയുന്നുണ്ടായിരുന്നു.

ഇതേ സമയം അഫ്ഗാനിസ്ഥാനിലെ ജലാലാബാദ്. മെയ് 1 .സമയം അർദ്ധ രാത്രി.

അമേരിയ്ക്കയുടെ ബഗ്രാം എയർബേസിൽ നിന്നും രണ്ട് ബ്ലാക് ഹാക്ക് ഹെലികോപ്ടറുകൾ പറന്നുയർന്നു. രാത്രി ആക്രമണങ്ങൾക്കായി പ്രത്യേകം രൂപകല്പന ചെയ്തവയായിരുന്നു അവ. സ്റ്റെൽത് ഇനത്തിൽ പെട്ട അവ പറക്കുമ്പോൾ ഒട്ടും തന്നെ ശബ്ദം ഉണ്ടാകില്ല. റഡാറിൽ പെടാതെ വളരെ താഴ്ന്നു പറക്കാനും അവയ്ക്കു കഴിയും. രണ്ടിലുമായി 24 SEAL കമാൻഡോകളും “കെയ്റോ “ എന്നു പേരായ ഒരു നായയും ഉണ്ടായിരുന്നു. അതുകൂടാതെ, ഒരു പരിഭാഷകനും, രണ്ട് ടെക്നിക്കൽ വിദഗ്ദരും പൈലറ്റുകളൂം ഒപ്പമുണ്ട്. ബ്ലാക്ക് ഹാക്കുകൾക്ക് പിന്തുണയുമായി രണ്ട് “ചിനൂക് ഹെവി ലിഫ്റ്റ് “ ഹെലികോപ്ടറുകളും പുറപ്പെട്ടു. 7.62 MM മെഷീൻ ഗണ്ണുകൾ ഘടിപ്പിച്ചവയായിരുന്നു അവ. കൂടാതെ ബ്ലാക്ക് ഹോക്കുകൾക്ക് ആവശ്യമായ ഇന്ധനവും അവയിലുണ്ട്. അബോട്ടാബാദിനു കുറച്ചകലെ വെളിപ്രദേശത്ത് അവ കാത്തു നിന്നു. പാകിസ്ഥാൻ മിലിട്ടറിയിൽ നിന്നും അനാവശ്യ ഇടപെടലുണ്ടായാൽ ഇവയിലെ മെഷീൻ ഗണ്ണുകൾ ശബ്ദിയ്ക്കും.
25 സീലുകളുടെ മറ്റൊരു സംഘവുമായി രണ്ടു വേറെ ചിനൂക്കുകൾ പാക് അതിർത്തിയിലും റെഡിയായി നിന്നു, ആവശ്യം വന്നാൽ അവരും രംഗത്തെത്തും. അതു കൂടാതെ, യുദ്ധവിമാനങ്ങളുടെ മറ്റൊരു സംഘവും റെഡിയായിരുന്നു.

ജലാലാബാദിൽ നിന്നും 90 മിനിട്ടു നേരത്തെ പറക്കലിനൊടുവിൽ സീലുകളെയും വഹിച്ചുള്ള ബ്ലാക് ഹോക്കുകൾ അബോട്ടാ ബാദിലെത്തി.
ആദ്യ ഹെലികോപ്ടർ കോമ്പൌണ്ടിന്റെ മുറ്റത്തു ഒരു സംഘം സീലുകളെ ഡ്രോപ്പ് ചെയ്യും. അപ്പോൾ മറു ഭാഗത്ത് രണ്ടാമത്തെ ചോപ്പറിൽ നിന്നും കമാൻഡോകളും നായയും പരിഭാഷകനും ടെക്നിക്കൽ ടീമും ഇറങ്ങും. നാലു സീലുകൾ പുറത്ത് കാവൽ നിൽക്കുമ്പോൾ ബാക്കി സംഘം ഉള്ളിൽ കയറും. ഇതാണു റെയ്ഡിന്റെ പ്ലാൻ.

എന്നാൽ ആദ്യ ബ്ലാക്ക് ഹോക്ക് മതിലിനു സമീപത്തായി ഇറങ്ങാൻ ശ്രമിയ്ക്കുമ്പോൾ വായുവിന്റെ തള്ളൽ മൂലം നിയന്ത്രണം നഷ്ടപ്പെട്ട് അതിന്റെ വാൽ ഭാഗത്തെ റോട്ടോർ മതിലിൽ ഇടിച്ച് തകർന്നു. ആളപായം ഉണ്ടായില്ലാ എങ്കിലും അതിന്റെ പറക്കാനുള്ള കഴിവ് നഷ്ടപ്പെട്ടു. രണ്ടാമത്തേത് പ്ലാൻ പ്രകാരം തന്നെ ലാൻഡ് ചെയ്തു.

ആദ്യഘട്ടമായി വൈദ്യുതി ബന്ധം കട്ട്ചെയ്തു. മുൻഭാഗത്തെ വാതിൽ, സ്ഫോടക വസ്തു ഉപയോഗിച്ച് തകർത്ത് സീലുകൾ ഉള്ളിൽ കയറി. നൈറ്റ് വിഷൻ ഗ്ലാസുകളും അത്യാധുനിക ആയുധങ്ങളും ധരിച്ച അവർ ഒസാമ ബിൻ ലാദനെ തേടിയുള്ള റെയ്ഡ് ആരംഭിച്ചു.

നൈറ്റ് വിഷൻ ഗ്ലാസുകൾ ധരിച്ച സീലുകളുടെ ഒരു ടീം മുന്നോട്ട് നീട്ടിയ MARK -48 മെഷീൻ ഗണ്ണുകളുമായി ഗ്രൌണ്ട് ഫ്ലോറിലെ ഹാളിലേയ്ക്കു പ്രവേശിച്ചു. മിലിട്ടറി ഡോഗ്. കെയ്റോ അവർക്കൊപ്പം നീങ്ങി..
ഇതേ സമയം മറ്റൊരു സംഘം സീലുകൾ കോമ്പൌണ്ടിലെ ഗസ്റ്റ് ഹൌസിൽ റെയ്ഡ് നടത്തി.

ഉള്ളിലേയ്ക്കു പ്രവേശിച്ച സീലുകളെ എതിരേറ്റത് ഒരു AK 47 ൽ നിന്നുമുള്ള ബുള്ളറ്റുകളാണു. ഒരു സീലിനു നേരിയ പരിക്കുണ്ടായി. കതകിനു മറവിൽ നിന്നു വെടിവച്ചയാളെ ഉടൻ തന്നെ കമാൻഡോകൾ ലൊക്കേറ്റു ചെയ്തു. സെക്കൻഡുകൾക്കകം അയാൾ വെടിയേറ്റു വീണു. അബു മുഹമ്മദ് അൽ കുവൈറ്റിയായിരുന്നു അത്. അയാളുടെ ഒപ്പമുണ്ടായിരുന്ന ഭാര്യ മറിയത്തിന്റെ വലതു തോളിൽ ഒരു ബുള്ളറ്റു കയറി. രക്തത്തിന്റെ ഗന്ധവും നിലവിളിയും..

ഗസ്റ്റ് ഹൌസിലുണ്ടായിരുന്നവർ കീഴടങ്ങി. അവരെ ഹാൻഡ് കഫ് ചെയ്ത ശേഷം സീലുകൾ മെയിൻ ബിൽഡിംഗിലേയ്ക്കു നീങ്ങി
ഗ്രൌണ്ട് ഫ്ലോർ ഹാളിൽ പ്രതിരോധമൊന്നുമുണ്ടായില്ല. അവിടം ക്ലിയർ ചെയ്ത സംഘം സ്റ്റെയർ കേയ്സ് വഴി ഒന്നാം നിലയിലേയ്കു നീങ്ങി. കെയ്റോ അവർക്കു മുന്നിൽ നീങ്ങി. കനത്ത ഇരുട്ടിൽ മുകളിൽ നിന്നും പരിഭ്രാന്തമായ ശബ്ദങ്ങൾ കേൾക്കാം..ആരൊക്കെയോ പരക്കം പായുന്നു. കുട്ടികൾ ഉറക്കമുണർന്നു കരയുന്നു…

ഒന്നാം നിലയിൽ പ്രവേശിച്ച സീലുകൾക്കു നേരെ ഒരു തോക്ക് തീ തുപ്പി. ലക്ഷ്യമില്ലാതെ പാഞ്ഞ ബുള്ളറ്റുകൾ ഭിത്തിയിലാണു തറച്ചത്. നൈറ്റ് ഗോഗിൾസ ധരിച്ച സീലുകൾ വെടിവെച്ചയാളെ വ്യക്തമായി കണ്ടു. ഒരു ബുള്ളറ്റ് അയാളുടെ നെറ്റി തകർത്തു. അടുത്ത ബുള്ളറ്റ് അയാളുടെ പുറകിൽ ഭയന്നു നിന്നിരുന്ന ഒരു സ്ത്രീയുടെ തലയ്ക്കായിരുന്നു കൊണ്ടത്. അവളും നിലം പതിച്ചു. അൽ കുവൈറ്റിയുടെ ബന്ധുവായിരുന്ന അബ്രാറും ഭാര്യ ബുഷ്രയുമായിരുന്നു അത്.. അവരുടേതാകാം ഭയന്നു നിലവിളിയ്ക്കുന്ന കുറേ കൊച്ചു കുട്ടികളുണ്ടായിരുന്നു അവിടെ. സീലുകൾ അവരെ പ്ലാസ്റ്റിക് വിലങ്ങിട്ടു, ശബ്ദിയ്ക്ക്തിരിയ്ക്കാൻ വായ് സീൽ ചെയ്തു..

ഒന്നാം നില ക്ലീയർ ചെയ്യുമ്പോൾ അടുത്ത സംഘം രണ്ടാം നിലയിലേയ്ക്കു സ്റ്റെയർ കേയ്സു വഴി നീങ്ങി. അവിടെ ഒരു യുവാവ് അവരെ എതിരിട്ടു. നിമിഷങ്ങൾക്കകം അയാൾ വെടിയേറ്റു വീണു. ബിൻ ലാദന്റെ മൂത്ത പുത്രനായിരുന്നു അത്. രണ്ടാം നിലയിലും ധാരാളം സ്ത്രീകളും കുട്ടികളും ചില പുരുഷന്മാരും ഉണ്ടായിരുന്നു. കനത്ത ഇരുട്ടിൽ എന്താണു സംഭവിയ്ക്കുന്നതെന്നറിയാതെ അവരെല്ലാം ജീവഭയം കൊണ്ട് അലറിക്കരയുന്നുണ്ടായിരുന്നു. സീലുകൾ അവരെയും ബന്ധിച്ചു. ഈ സമയം അടുത്ത ടീം മൂന്നാം നിലയിലേയ്ക്കു കയറി. അവിടെയാണു തങ്ങളുടെ ടാർഗെറ്റ് ഉള്ളതെന്ന് അവർക്കു നിശ്ചയമായിരുന്നു..

വിശാലമായ ആ ബെഡ് റൂമിന്റെ വാതിൽ തകർത്ത് സീലുകൾ ഉള്ളിൽ കടന്നു. അവിടെ നേരിയ വെളിച്ചത്തിൽ ദീർഘകായനായ അയാൾ നിന്നിരുന്നു. കുർത്തയും പൈജാമയുമാണു വേഷം. നീണ്ട താടി. അയാളുടെ മുന്നിൽ ഒരു സ്ത്രീയും നില്പുണ്ടായിരുന്നു . ഏതാനും നിമിഷത്തെ നിശബ്ദത. ആ സ്ത്രീയെ മുന്നോട്ട് തള്ളിയ അയാൾ ആയുധമെടുക്കാനായി ആഞ്ഞു. റോബെർട്ട് ഒനീൽ എന്ന സീൽ കമാൻഡോയുടെ HK 416 OTM ഗണ്ണിൽ നിന്നും പാഞ്ഞ ആദ്യ ബുള്ളറ്റ്, ഉന്നം തെറ്റി പുറകിലെ ഭിത്തിയിലാണു കൊണ്ടത്. അടുത്ത ബുള്ളറ്റ് ആ ദീർഘകായന്റെ നെറ്റി തകർത്തു. രക്തം ചിതറിച്ചു കൊണ്ട് അയാൾ നിലം പതിച്ചു. അറബിക്കിൽ എന്തെല്ലാമോ പറഞ്ഞു നിലവിളിച്ചു കൊണ്ട് ആ സ്ത്രീ ഒനീലിന്റെ നേർക്ക് പാഞ്ഞു വന്നു. അവരുടെ കാലിനു ഒരു വെടി വെച്ച് നിലത്തു വീഴ്ത്തി ഒനീൽ.
നിലം പതിച്ച ആ ദീർഘകായന്റെ ശരീരത്ത് മറ്റു ചില സീലുകളും നിറയൊഴിച്ചു. അയാൾ ലാദൻ തന്നെയാണോ എന്നുറപ്പിയ്ക്കണമായിരുന്നു. അസാധാരണ ഉയരമുള്ള ആളായതിനാൽ പൊക്കമാണു ആദ്യം പരിശോധിയ്ക്കേണ്ടത്. സീലുകളുടെ കൈവശം മീറ്റർ ടേപ്പ് ഉണ്ടായിരുന്നില്ല. ആയതിനാൽ നല്ല ഉയരമുള്ള ഒരു സീൽ കമാൻഡോ, മരിച്ച ആളുടെ ബോഡീയുടെ ഒപ്പം നീളത്തിൽ കിടന്നു നോക്കി. കമാൻഡോയുടെ നീളവും കൂടുതലായി വന്ന പൊക്കവും നോക്കുമ്പോൾ ലാദന്റെ പൊക്കമായ 6 അടി 4 ഇഞ്ച് ഒത്തു വരുന്നുണ്ട്.. മരണപെട്ടത് ഒസാമ ബിൻ ലാദൻ തന്നെ…!

ലാദനോടൊപ്പം ഉണ്ടായിരുന്നത് അയാളുടെ ചെറുപ്പക്കാരിയായ ഭാര്യ അമൽ അഹ്മദ് അബ്ദുൾ ഫത്താ ആയിരുന്നു. അവരെ കൂടാതെ, മറ്റു രണ്ടു ഭാര്യമാരും കുട്ടികളും ആ നിലയിൽ ഉണ്ടായിരുന്നു.
സീലുകൾക്കു പിന്നാലെ വന്ന ടെക്നിയ്ക്കൽ വിദഗ്ധർ, ക്ലീയർ ചെയ്ത ഓരോ റൂമുകളിൽ നിന്നും ഡാറ്റകൾ ശേഖരിയ്ക്കുന്നുണ്ടായിരുന്നു. ലാദന്റെ റൂമിൽ നിന്നും അനേകം വസ്തുക്കൾ അവർ ശേഖരിച്ചു. ഡി വിഡികൾ, ഹാർഡ് ഡിസ്കുകൾ, സെൽ ഫോണുകൾ തുടങ്ങി ഇലക്ട്രോണിക്കും അല്ലാത്തതുമായ വിവിധ സാമഗ്രികൾ.

സ്ത്രീകളെയും കുട്ടികളെയും സീലുകൾ കെട്ടിടത്തിനു വെളിയിലെത്തിച്ചു. പാകിസ്ഥാൻ അധികൃതർ എത്തുമ്പോൾ അവരെ കണ്ടെത്താനും മറ്റു സഹായങ്ങൾ നൽകുന്നതിനും വേണ്ടിയായിരുന്നു അത്. വെടിയേറ്റു മരിച്ചവരിൽ ലാദന്റെ ഒഴികെ മറ്റു ബോഡികൾ അവിടെ തന്നെ കിടന്നു..

സീൽ ടീം ലീഡർ റേഡിയോ ഓൺ ചെയ്തു. ഇങ്ങനെ പറഞ്ഞു. “ദൈവത്തിന്റെയും രാജ്യത്തിന്റെയും പേരിൽ, ജെറോനിമോ … ജെറോനിമോ … ജെറോനിമോ …EKIA”

എഴുതിയത്  : Rahul Udayakumar

Palathully

Palathully

ഇന്റര്‍നെറ്റില്‍നിന്നുംശേഖരിക്കുന്നഇത്തരംപോസ്റ്റുകളുടെയഥാര്‍ത്ഥരചയിതാവിന്‍റെപേര്അവസാന ഭാഗത്ത്‌ഉണ്ടാവും . തെറ്റെങ്കില്‍ juliuskuthukallen@gmail.com എന്നവിലാസത്തില്‍അറിയിക്കുക .
Palathully
Image

ഒരു അഭിപ്രായം പറയൂ